
കൈപ്പത്തിയാണ് ചിഹ്നം ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്യണം.. ഈ രണ്ടേ രണ്ട് വാചകം പറഞ്ഞ് പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ കയറിയത് ഒന്നും രണ്ടുമല്ല 3000ത്തോളം വീടുകളാണ്. എടക്കരയിലെ വീടുകള്‍ തോറുമുള്ള ചാണ്ടി ഉമ്മന്റെ നടത്തം വെറുതെയായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം പറയുന്നത്. എടക്കരയില്‍ യുഡിഎഫ് ലീഡുയര്‍ത്തി.
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കര പഞ്ചായത്തിന്റെ പ്രചാരണ ചുമതലയാണ് പാര്‍ട്ടി ചാണ്ടിയുമ്മനെ ഏല്‍പ്പിച്ചത്. ജനങ്ങളോട്, അടിത്തട്ടിലുള്ള പാര്‍ട്ടി പ്രവര്‍ത്തകരോട് നേരിട്ട് സംവദിക്കാന്‍ ഗൃഹസന്ദര്‍ശനമാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുത്തത്. കോളിങ് ബെല്ലടി കേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ പല വീട്ടമ്മാരും ചാണ്ടി ഉമ്മനെ കണ്ട് ഞെട്ടി. ചിലര്‍ക്ക് ഉമ്മന്‍ ചാണ്ടിയുടെ മകനെ നേരിട്ട് കണ്ടതിന്റെ സന്തോഷം. മറ്റുചിലര്‍ക്ക് ചാനലില്‍ മാത്രം കണ്ടുപരിചയമുള്ളയാള്‍ നേരിട്ട് മുന്നിലെത്തിയതിന്റെ അത്ഭുതം. ഉമ്മന്‍ ചാണ്ടിയുടെ മകനാണെന്ന പരിചയപ്പെടുത്തല്‍ കൂടിയായതോടെ പ്രായം ചെന്ന പലരും ചാണ്ടിയുമ്മനെ കെട്ടിപ്പിടിക്കുന്നു, അനുഗ്രഹിക്കുന്നു. ചിലര്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നു. ഷൗക്കത്തിന്റെ ഈ വിജയത്തില്‍ ചാണ്ടിയുമ്മന്റെ ഹാര്‍ഡ് വര്‍ക്കിനും ചെറുതല്ലാത്തൊരു പങ്ക് അവകാശപ്പെടാനുണ്ട്.
എടക്കര ഗ്രാമപഞ്ചായത്തിന്റെ മുക്കും മൂലയും ചാണ്ടിയുമ്മന്‍ നടന്നുകയറി.പിതാവ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്നു ആര്യാടന്‍ മുഹമ്മദ്. പിതാവിന്റെ പ്രിയസുഹൃത്തിന്റെ മകന്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് ഇറങ്ങുന്നത് ഒരു കടം വീട്ടല്‍ കൂടിയാകാം. ഉമ്മന്‍ ചാണ്ടിയുടെ പ്രിയശിഷ്യന്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.പി പ്രകാശിന്റെ നാടാണ് എടക്കര എന്ന പ്രത്യേകതയും ഉണ്ട്.
ഗൃഹസന്ദര്‍ശനം ചാണ്ടിയുമ്മന്റെ പ്രവര്‍ത്തന ശൈലിയാണ്. പുതുപ്പള്ളി തിരഞ്ഞെടുപ്പിലും ചാണ്ടിയുമ്മന്‍ ഗൃഹസന്ദര്‍ശനത്തിനാണ് പ്രധാന്യം കൊടുത്തത്. ഭാരത് ജോഡോ യാത്രയില്‍ നടന്നതും ഗൃഹസന്ദര്‍ശനത്തിന്റെ വേഗതയെ സഹായിച്ചു. കൂടെയുള്ളവര്‍ പലപ്പോഴും ഒപ്പമെത്താന്‍ നന്നേ കഷ്ടപ്പെടുന്നതും കാണാമായിരുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച ഗൃഗസന്ദര്‍ശനം രാത്രി വൈകുവോളം നീണ്ടു. 15 ദിവസത്തോളമാണ് ചാണ്ടിയുമ്മന്‍ എടക്കര ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചത്. ഒരു ദിവസം 355 വീടുകള്‍ കയറിയതാണ് നിലമ്പൂര്‍ പ്രചാരണ വേളയിലെ ചാണ്ടി ഉമ്മന്റെ റെക്കോര്‍ഡ്. പ്രധാന ശ്രദ്ധാകേന്ദ്രം എടക്കര ആയിരുന്നെങ്കിലും എടകരയ്ക്ക് പുറമെ മൂത്തേടം, നിലമ്പൂര്‍, അമരമ്പലം തുടങ്ങിയ ഇടങ്ങളിലും ചാണ്ടി ഉമ്മന്‍ എത്തിയിരുന്നു. എടക്കരയുമായി ചാണ്ടി ഉമ്മന് വൈകാരിക അടുപ്പവുമുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ചാണ്ടി ഉമ്മനെ കര്‍ണ്ണാടകയിലേക്ക് യാത്രയാക്കാന്‍ അതിര്‍ത്തി ഗ്രാമമായ വഴിക്കടവ് വരെ ഉമ്മന്‍ചാണ്ടി വന്നിരുന്നു.
ചാണ്ടി ഉമ്മന്റെ ഹാര്‍ഡ് വര്‍ക്കിന് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്. ടി. സിദ്ധീഖ്, എ.പി അനില്‍കുമാര്‍, അഡ്വ.കെ ജയന്ത് തുടങ്ങി
നിരവധി പേര്‍ ചാണ്ടി ഉമ്മനെ അഭിനന്ദിച്ച് രംഗത്ത് എത്തി. എന്തുകൊണ്ട് ചാണ്ടി ഉമ്മന്റെ ഈ കഠിനാധ്വാനത്തിന് കയ്യടികിട്ടുന്നുവെന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസില്‍ ഇപ്പോള്‍ റീല്‍ വര്‍ക്കിന്റെ കാലമാണ്. റീലുകളിട്ട് കോണ്‍ഗ്രസിന്റെ ഒരു വിഭാഗം കയ്യടി നേടുമ്പോള്‍ ചാണ്ടി ഉമ്മന്റെ കഠിനാധ്വാനം ശ്രദ്ധിക്കപ്പെടുന്നത് സ്വഭാവികം മാത്രം. നടന്ന് വീടുകയറല്‍ ചാണ്ടി ഉമ്മന്‍ വാര്‍ത്തായാക്കാനും ശ്രമിച്ചില്ല.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചപ്പോള്‍ തനിക്ക് റോള്‍ ഒന്നും നല്‍കിയില്ലെന്ന് തുറന്ന് പറഞ്ഞ ഭിന്നത പരസ്യമാക്കിയ ചാണ്ടി ഉമ്മനെയല്ല നിലമ്പൂരില്‍ കണ്ടത്. യുവനിരയില്‍ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയുടെ ശിഷ്യരില്‍ എ ഗ്രൂപ്പായി തുടരുന്നവരും സതീശനൊപ്പം നില്‍ക്കുന്നവരുമായി രണ്ട് വിഭാഗമായി. കുടിയേറ്റക്കാര്‍ നിര്‍ണായക വോട്ടുബാങ്കാണ് നിലമ്പൂരില്‍. പ്രത്യേകിച്ച് കോട്ടയമടക്കം മധ്യകേരളത്തില്‍ നിന്ന് കുടിയേറിയ എണ്ണായിരത്തോളം വോട്ടുണ്ടെന്നാണ് കണക്ക്. ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ പരീക്ഷിക്കുക കൂടി ചെയ്തതോടെ ഉമ്മന്‍ ചാണ്ടി സ്മരണകള്‍ കൂടി ഉണര്‍ത്തി വോട്ടുറപ്പിക്കാനാണ് ചാണ്ടി ഉമ്മന് നിലമ്പൂരില്‍ നിര്‍ണായക റോള്‍ നല്‍കിയത്. ഷൗക്കത്തിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്‍കിയ പഞ്ചായത്തും എടക്കരയാണ്. റീല്‍സ് താരങ്ങളും സോഷ്യല്‍ മീഡിയ താരങ്ങളും നിറയുമ്പോള്‍ വേറിട്ട പാതയിലാണ് ചാണ്ടി. പിതാവ് ഉമ്മന്‍ ചാണ്ടിയെ പോലെ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്ന ശൈലി. അത് വോട്ടായി മാറ്റാനും കഴിയുന്നുവെന്ന് എടക്കര നല്‍കുന്നു സൂചന
നടന്നുനടന്ന് എടക്കരയുടെ ഹൃദയം കീഴടക്കിയാണ് ചാണ്ടി ഉമ്മന്‍ നിലമ്പൂരിനോട് ബൈ പറഞ്ഞത്. കൊട്ടിക്കലാശത്തില്‍ താരപ്രചാരകര്‍ ഒന്നാകെ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം അണിനിരന്നപ്പോള്‍ എടക്കരയില്‍ പ്രവര്‍ത്തകര്‍ക്ക് ഇടയിലായിരുന്നു ചാണ്ടി ഉമ്മന്‍. ഷാൗക്കത്തിന്റെ വിജയം വന്നപ്പോള്‍ ചാണ്ടി ഉമ്മനെ തോളിലേറ്റി ആഹ്ലാദം പങ്കുവെക്കുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ ആ വര്‍ക്കിന് നല്‍കിയ അംഗീകാരമായിരുന്നു
Content Highlights: Chandy Oommen's election campaign in Edakkara
Published: 23 Jun 2025, 12:51 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented