
ഇ.എം.എസ്സെ പൊന്നളിയാ നിന്നെ ഞങ്ങള് കണ്ടളിയാ. രാഷ്ട്രീയത്തെയും തിരഞ്ഞെടുപ്പിനേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ 80-ാം വയസ്സിലും പൊന്നാനിയിലെ വീട്ടിലിരുന്ന് ആ മുദ്രാവാക്യത്തെ കുറിച്ചോര്‍ത്ത് മുഷ്ടിചുരുട്ടും സി.ഹരിദാസ് എന്ന ആ പഴയ കോണ്‍ഗ്രസ് നേതാവ്. ആ മുദ്രാവാക്യത്തിന്റെ കഥ വഴിയെ പറയാം.
നിലമ്പൂര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ആവേശം പൊടിപൊടിച്ച് ജനം പോളിംഗ് ബൂത്തിലെത്തുമ്പോള്‍ സി.ഹരിദാസിനെ ഓര്‍ക്കാതെ രാഷ്ട്രീയത്തിലെ ഒരു വാചകവും പറയാനാവില്ല. കാരണം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായും പ്രത്യേകിച്ച് നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രവുമായി സി.ഹരിദാസിന് മാറ്റിനിര്‍ത്താന്‍ കഴിയാനാവാത്ത ബന്ധമുണ്ട്.
പത്ത് ദിവസം മാത്രം എം.എല്‍.എ ഒടുവില്‍ നിലമ്പൂരിന്റെ അധികായനായിരുന്ന ആര്യാടന്‍ മുഹമ്മദിന് മത്സരിക്കാന്‍ വേണ്ടി രാജി കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ അങ്ങനെയൊരു വലിയ ത്യാഗത്തിന് മുതിര്‍ന്നയാളായിരുന്നു സി.ഹരിദാസ്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ചൂടിനിടെ സി.ഹരിദാസിനെ കാണാന്‍ പോയപ്പോള്‍ പണ്ട് മഹാരാജാസ് കോളേജിലെ തന്റെ മുറിയില്‍ നിന്ന് കെ.എസ്.യുവിന്റെ പതാക ഡിസൈന്‍ ചെയ്തത് മുതലുള്ള കഥ ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു ഈ എണ്‍പത് കാരന്‍.
എ.കെ ആന്റണിക്കും വയലാര്‍ രവിക്കുമെല്ലാമൊപ്പം മഹാരാജാസ് കോളേജില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിച്ച ഹരിദാസ് ആ രാഷ്ട്രീയകാലത്തെ കുറിച്ചും തന്റെ പത്ത് ദിവസത്തെ എം.എല്‍.എ ജീവിതത്തെ കുറിച്ചുമൊക്കെ പറയുമ്പോള്‍ കണ്ണീര് പൊടിയുന്നു. ആ രാഷ്ട്രീയ ജീവിതത്തിലെ ഇന്നും മറക്കാത്ത ഓര്‍മയാണ് നിലമ്പൂരിലെ മത്സരവും പത്ത് ദിവസത്തെ രാജിയുമെല്ലാം.
ആര്യാടന്‍ പറഞ്ഞു: ഒന്നും പറയണ്ട, നീയാണ് സ്ഥാനാര്‍ഥി
1980-ല്‍ ആയിരുന്നു ആ രാഷ്ട്രീയ സംഭവത്തിന് അരങ്ങായി മാറിയ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥയുടെ കോളിളക്കം അവസാനിച്ച തൊട്ടടുത്ത വര്‍ഷങ്ങള്‍. സി.ഹാരിദാസും ആര്യാടനും ആന്റണിയുമെല്ലാം ഉള്‍പ്പെട്ട കോണ്‍ഗ്രസിലെ ചെറുപ്പക്കാര്‍ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് ഇന്ദിരാ കോണ്‍ഗ്രസുമായി വിട്ടുനിന്ന് ഇടതിന് ഒപ്പം നില്‍ക്കുന്ന കാലം. അന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റാണ് സി.ഹരിദാസ്.
ഒരു ദിവസം ആര്യാടന്‍ മുഹമ്മദ് എത്തി സി.ഹരിദാസിനോട് പറഞ്ഞു ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഒന്നും ഇങ്ങോട്ട് പറയണ്ട, നിലമ്പൂരില്‍ നീയാണ് സ്ഥാനാര്‍ഥി. നിലമ്പൂരില്‍ നിന്ന് ഞാനെന്ത് കാട്ടാനാണ് എന്ന് ചോദിച്ച് പിന്‍മാറാന്‍ നോക്കിയെങ്കിലും ആര്യാടന്റെ നിര്‍ബന്ധത്തിന് വഴങ്ങി മത്സരിച്ചു. അന്നുതന്നെ പൊന്നാനിയിലെ വീട്ടില്‍ പ്രവര്‍ത്തകര്‍ ജീപ്പുമായെത്തി തന്നെ ആര്യാടന്റെ വീട്ടിലേക്ക് പായ്ക്ക് ചെയ്തത് ഓര്‍ക്കുന്നു ഹരിദാസ്. ആര്യാടന്റെ വീട്ടില്‍ തന്നെയായിരുന്നു താമസം. എതിരാളിയായിട്ടുള്ളത് അന്ന് കോണ്‍ഗ്രസിലായിരുന്ന ടി.കെ ഹംസ. പക്ഷേ, ഫലം വന്നപ്പോള്‍ 6423 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം ഹരിദാസിനൊപ്പം നിന്നു. അങ്ങനെ നിയമസഭയിലുമെത്തി.
ആര്യാടന്‍ അന്ന് പൊന്നാനിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും തോറ്റു. എങ്കിലും ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ അംഗമായി. പക്ഷേ, വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കണമായിരുന്നു. അങ്ങനെ ആര്യാടന് നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു നിലമ്പൂര്‍ ഒഴിഞ്ഞുകൊടുക്കാന്‍ സി.ഹരിദാസ് തയ്യാറായത്. പത്ത് ദിവസം മാത്രം ആയുസ്സുള്ള എംഎല്‍എ ആയി ഹരിദാസ് മാറുകയും ചെയ്തു. ആ തീരുമാനത്തില്‍ തനിക്ക് ഇന്നും ഒരു സങ്കടവുമില്ലെന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കെഎസ്‌യു പതാക ഉണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച തനിക്ക് പാര്‍ട്ടി തീരുമാനം എന്നതിലപ്പുറം അതിനെ മറ്റൊരു തരത്തിലും കണ്ടിട്ടില്ലെന്നും ഹരിദാസ് പറയുന്നു. 1980-ല്‍ തന്നെ ഹരിദാസിനെ കേരളത്തില്‍ നിന്നുള്ള രാജ്യസഭാ എം.പിയുമാക്കി. 1980 മുതല്‍ 86 വരെ രാജ്യസഭാംഗമായി തുടര്‍ന്നു
എകെ ആന്റണി, വയലാല്‍ രവി, ഉമ്മന്‍ചാണ്ടി, പിസി ചാക്കോ എന്നിവരൊപ്പം ഒരുമിച്ചിരുന്നാണ് ആ തീരുമാനം കൈക്കൊണ്ടിരുന്നത്. അങ്ങനെ 1980-ല്‍ തന്നെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മത്സരിക്കുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്റെ എതിരാളി. ഫലം പുറത്തുവന്നപ്പോള്‍ 17841 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആര്യാടന്‍ ജയിക്കുകയും ചെയ്തു. അങ്ങനെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ആര്യാടന്‍ വനം, തൊഴില്‍ വകുപ്പ് മന്ത്രിയായി. ആന്റണിയും ആര്യാടനുമെല്ലാം ഉള്‍പ്പെട്ടിരുന്ന കോണ്‍ഗ്രസ് പിന്നീട് ഇടതുപക്ഷം വിടുകയും നായനാര്‍ മന്ത്രിസഭ വീഴുകയും ടി.കെ ഹംസ സി.പി.എമ്മിലെത്തുകയുമെല്ലാം ചെയ്തത് മറ്റൊരു ചരിത്രം.

അവതരിപ്പിച്ചത് ഇ.എം.എസ്
ഇഎംഎസ്സായിരുന്നു അന്ന് സി.ഹരിദാസിനെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇന്ത്യാ രാജ്യത്ത് ചരിത്രം കുറിക്കാന്‍ പോവുകയാണ്, പുതിയ പരീക്ഷണമാണ്. അതുകൊണ്ട് ഹരിദാസിനെ ജയിപ്പിക്കണം ഇതായിരുന്നു ജനങ്ങളോടുള്ള ഇംഎംഎസ്സിന്റെ അഭ്യര്‍ഥന. അതവര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇഎംഎസ്സിനെ പറ്റി ഓര്‍ക്കുമ്പോള്‍ ഒരിക്കല്‍ വിദ്യാര്‍ഥിയായിരിക്കെ ഇഎംഎസ് സര്‍ക്കാരിനെതിരേ ഒരണസമരവുമായി ബന്ധപ്പെട്ട് വിളിച്ച മുദ്രാവാക്യത്തെ കുറിച്ചും ഹരിദാസ് രസകരമായി ഓര്‍ക്കുന്നുണ്ട്. അന്ന് ദേവഗിരി കോളേജിൽ പഠിക്കുമ്പോള്‍ സുകുമാര്‍ അഴീക്കോടായിരുന്നു ഹരിദാസിന്റെ മലയാളം അധ്യാപകന്‍. വിദ്യാര്‍ഥികള്‍ക്ക് ബോട്ടില്‍ സഞ്ചരിക്കാനായുള്ള ഒരണ സമരം കത്തിനില്‍ക്കുന്ന കാലം. അഴീക്കോടിന്റെ ക്ലാസില്‍ നിന്ന് ഹരിദാസും കുട്ടികളും മുദ്രാവാക്യം വിളിച്ചു. ഇഎംഎസ്സെ പൊന്നളിയാ, നിന്നെ ഞങ്ങള് കണ്ടളിയാ. ഇത് കഴിഞ്ഞതോടെ സുകുമാര്‍ അഴീക്കോട് ചോദിച്ചു. ഇഎംഎസ്സിന്റെ പെങ്ങളെ നീ കെട്ടിയിട്ടുണ്ടോ, അതോ ഇഎംഎസ് നിന്റെ പെങ്ങളെ കെട്ടിയിട്ടുണ്ടോ, കടക്ക് പുറത്ത് - ഒടുവില്‍ ക്ലാസില്‍ നിന്ന് പുറത്ത്. പക്ഷേ, അഴീക്കോടുമായുള്ള ബന്ധം അദ്ദേഹത്തിന്റെ മരണംവരെ താന്‍ കാത്ത് സൂക്ഷിച്ചുവെന്നും വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും ഹരിദാസ് പറയുന്നു.
കമ്യൂണിസ്റ്റുകാരായിരുന്നു ഞങ്ങളുടെ മാതൃകയെന്ന് പറയുന്നുണ്ട് ഹരിദാസ്. അന്നവര്‍ ആദര്‍ശശാലികളായിരുന്നു. നെഹ്റുപോലും അംഗീകരിച്ചയാളാണ് എ.കെ.ജിയെന്നും ഹരിദാസ് പറയുന്നു. ആദര്‍ശത്തോടെ ജീവിക്കുന്നവരെ എതിരാളികളും അംഗീകരിക്കും. അത്തരക്കാര്‍ ഇല്ലാതെ പോയതാണ് ഇന്ന് കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും ഹരിദാസ് പറയുന്നു.
എ.കെ ആന്റണി ദു:ഖിതന്‍
തന്റെ രാഷ്ട്രീയ ജീവിതത്തില്‍ എ.കെ ആന്റണി ഏറ്റവും ദുഃഖിച്ചത് ഒരുപക്ഷേ, മകന്‍ ബിജെപിയില്‍ പോയപ്പോഴായിരിക്കുമെന്ന് പറയുന്നു പ്രിയ സുഹൃത്ത് കൂടിയായ സി.ഹരിദാസ്. ബിജെപിയില്‍ പോവുന്നതിനേക്കാള്‍ നല്ലത് അയാള്‍ക്ക് സി.പി.എമ്മില്‍ പോന്നതായിരുന്നു. ആന്റണിയുടെ മകനാണ് താനെന്ന് പോലും അവന്‍ ഓര്‍ത്തില്ലല്ലോയെന്നും ഹരിദാസ് ചോദിക്കുന്നു. 'ഗാന്ധിയെ കൊന്നവരുടെ ഫോട്ടോ ഇന്ന് രാജ്ഭവനില്‍ പോലും വെച്ചിരിക്കുന്നു. രാജ്യം അപകടത്തിലാവുമ്പോള്‍ കോണ്‍ഗ്രസിന് മാത്രമേ രക്ഷിക്കാന്‍ കഴിയൂ. അതുകൊണ്ട് കോണ്‍ഗ്രസില്‍ നിന്ന് പോയവരെല്ലാം തിരിച്ചുവരേണ്ട കാലമാണിത്. കടന്നപ്പള്ളിയും ശശീന്ദ്രനുമെല്ലാം ഇനി അവിടെ നില്‍ക്കാതെ കോണ്‍ഗ്രസിലേക്ക് വരണം. അവസാനകാലത്ത് അതെങ്കിലും അവര്‍ ചെയ്യണം. മന്ത്രിയും എംഎല്‍എയുമൊക്കെയായി കഴിഞ്ഞില്ലേ. ഇനി എല്ലാം മതിയാക്കി വരണം'- ഹരിദാസ് പറയുന്നു.
'ചുകന്ന ചുണ്ടാ ചുരുളന്‍മുടിയാ, ഗുണ്ടാത്തലവാ ഹരിദാസേ...നിന്നെ ഞങ്ങള്‍ കണ്ടോളാം...' തിരഞ്ഞെടുപ്പിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ സി. ഹരിദാസിന്റെ ഓര്‍മയില്‍ ഈ പാട്ടും മായതെ കിടപ്പുണ്ട്. 1967-ല്‍ തൃത്താലയില്‍ മത്സരിച്ച കെ. കുഞ്ഞമ്പു തോറ്റപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ മുഷ്ടിചുരുട്ടിപ്പാടിയ മുദ്രാവാക്യം. ഗാന്ധിയനായ തന്നെ ഗുണ്ടാത്തലവന്‍ എന്നുവിളിച്ചതില്‍ മാത്രമേ ഹരിദാസിനു ഇന്നും വിയോജിപ്പുള്ളൂ. അന്ന് തന്നെ തെറിവിളിച്ചവര്‍ ഇന്ന് തന്നെ കെട്ടിപ്പിടിക്കുന്നത് കാണുമ്പോള്‍ എല്ലാം രാഷ്ട്രീയത്തിലെ ഒരു അധ്യായമെന്ന് പറയുന്നു ഹരിദാസ്.

അന്‍വറിന് ഇതിന്റെ കാര്യമുണ്ടായിരുന്നോ?
നിലമ്പൂരില്‍ അന്‍വര്‍ വരുത്തിവെച്ച ഉപതിരഞ്ഞെടുപ്പിനെ പറ്റി ചോദിക്കുമ്പോഴും ഹരിദാസേട്ടന്റെ കണ്ണ് നിറയും. അത് മറ്റൊന്നും കൊണ്ടല്ല സ്വാതന്ത്ര സമര സേനാനിയും എഐഐസിസി അംഗവുമൊക്കെയായിരുന്ന പി.വി ഷൗക്കത്തലിയുടെ മകനാണ് അന്‍വര്‍ എന്നുള്ളത് കൊണ്ട് മാത്രമാണ്. അന്‍വറൊന്നും ഒരിക്കലും ഇടതുപക്ഷത്തോടൊപ്പം ചേരാന്‍ പാടില്ലായിരുന്നു. പക്ഷേ, ഇത്തവണ അന്‍വറിന് ഒന്നും ചെയ്യാനില്ലെന്നും ആര്യാടന്റെ മകനെന്ന പരിഗണന നിലമ്പൂരില്‍ ഷൗക്കത്തിന് നല്‍കുമെന്നതില്‍ സംശമില്ലെന്നും ഹരിദാസ് പറയുന്നുണ്ട്. ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും താന്‍ പോയിരുന്നു. ഇവിടെയുള്ള ജനങ്ങള്‍ക്ക് പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിന് കോണ്‍ഗ്രസിന് മാത്രമേ തങ്ങളെ രക്ഷിക്കാന്‍ കഴിയൂവെന്ന ബോധ്യമുണ്ടായിട്ടുണ്ട്. അത് വോട്ടായി മാറുമെന്നും പതിനായരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷൗക്കത്ത് വിജയിക്കുമെന്നും ഹരിദാസ് ചൂണ്ടിക്കാട്ടുന്നു.
പിടിച്ചുനില്‍ക്കുന്നത് അമ്മ തന്നെ സ്വത്തുക്കള്‍ വിറ്റ്
വലിയ സാമ്പത്തിക അടിത്തറയുള്ള കുടുംബത്തിലായിരുന്നു വളര്‍ന്നതെങ്കിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് പാര്‍ട്ടിക്ക് വേണ്ടി പലപ്പോഴായും ഹരിദാസ് വില്‍പ്പന നടത്തിയത്. ഇതില്‍ അപ്പോഴൊന്നും വലിയ പ്രശ്‌നം തോന്നിയിരുന്നില്ലെങ്കിലും ഇപ്പോള്‍ ചെറിയ തോതില്‍ കുറ്റബോധവും ഹരിദാസന് തോന്നുന്നുണ്ട്. അമ്മ തന്ന സ്വത്തുക്കള്‍ വിറ്റാണ് ഇതുവരെ പിടിച്ചു നിന്നത്. ഇനി അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. പണയം വെച്ചതും മറ്റുമെല്ലാം എടുക്കാനുണ്ട്. ഇനിയെങ്കിലും സ്വത്ത് വില്‍ക്കരുതെന്ന് മക്കള്‍ കരഞ്ഞ് പറയുന്നുണ്ട്. എങ്കിലും നഷ്ടപ്പെട്ടതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും സി.കെ ഗോവിന്ദനും ഇ.എം.എസ്സുമെല്ലാം തനിക്ക് മാതൃകയാണെന്നും ഹരിദാസ് ചൂണ്ടിക്കാട്ടുന്നു. പൊന്നാനി നഗരഹൃദയത്തിലെ വീട്ടില്‍ ഭാര്യ വാസന്തിയോടൊപ്പമാണ് ഓരോ രാഷ്ട്രീയ ചലനങ്ങളെയും നിരീക്ഷിച്ചുകൊണ്ട് ഹരിദാസേട്ടന്‍ താമസിക്കുന്നത്. പ്രായം 80 കഴിയാറായെങ്കിലും ഇപ്പോഴും പല ആവശ്യങ്ങള്‍ പറഞ്ഞെത്തുന്ന സന്ദര്‍ശകരുടെ എണ്ണവും കുറയുന്നില്ല. അവരെയെല്ലാം അനുഭാവപൂര്‍വം പരിഗണിക്കുന്നുമുണ്ട് വീര്യം ചോരാത്ത ഈ ഗാന്ധിയന്‍.
Content Highlights: The story of C. Haridas, a veteran Congress leader
Published: 19 Jun 2025, 10:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented