രാജ്യം പൊതു തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് കടന്നിരിക്കുന്നു. പ്രചാരണച്ചൂടിൽ രാഷ്ട്രീയ പാർട്ടികളും വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളും അവസാനവട്ട ഓട്ടത്തിലാണ്. എന്നാൽ പ്രചാരണത്തിന് ഇറങ്ങാതെ, വോട്ടർമാരെ നേരിൽ കാണാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർ ഉണ്ടോ. അതും ജയിലിൽ കിടന്ന്. ഇന്ത്യയിൽ അത്തരത്തിൽ നിരവധിപേരുണ്ട് എന്നതാണ് വാസ്തവം. ജയിൽപുള്ളികളായ സ്ഥാനാർഥികൾ. അവരിൽ സാധാരണ രാഷ്ട്രീയക്കാരും കൊടും ക്രിമിനലുകളായ രാഷ്രീയക്കാരുമുണ്ട്. വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ട്. രാജ്യത്ത് വിവിധ തിരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ മത്സരിച്ച ചിലരെ പരിചയപ്പെടാം. 

To advertise here,

1. കെ. കുഞ്ഞാലി എന്ന സഖാവ് കുഞ്ഞാലി 

ഭൂപ്രമാണിമാർക്കും ചൂഷകർക്കുമെതിരെ ഏറനാട് മേഖലയിൽ പട്ടിണിപ്പാവങ്ങൾ നടത്തിയ പോരാട്ടങ്ങളിലെല്ലാം സഖാവ് കുഞ്ഞാലിയുടെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അവകാശസമരങ്ങളിൽ നെഞ്ചുവിരിച്ച് മുന്നേറിയ കുഞ്ഞാലിയുടെ നേതൃത്വത്തിലാണ് ഏറനാടിന്റെ മണ്ണിലും മനസ്സിലും കമ്മ്യൂണിസത്തിന്റെ വിത്ത് വിതച്ചത്. കരിക്കാടൻ കുഞ്ഞിക്കമ്മദിന്റെയും ഇത്തിൾവിൽപ്പനക്കാരിയായ അമ്പലൻ ആയിഷുമ്മയുടെയും മകനായി ജനിച്ച കുഞ്ഞാലി ചെറുപ്പം മുതൽ പൊതുകാര്യങ്ങളിൽ ഇടപെട്ടുതുടങ്ങി. 

ഹൈസ്കൂൾ പഠനത്തിനുശേഷം 1942-ൽ സൈന്യത്തിൽ ചേർന്നു. വ്യോമസേനയിലെ മൂന്നുവർഷത്തെ സേവനത്തിനുശേഷം കുഞ്ഞാലിയെ കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച് പുറത്താക്കി. നാട്ടിൽ തിരിച്ചെത്തിയ കുഞ്ഞാലി സൈനികജീവിതത്തിൽനിന്ന് വിരമിച്ചവരുടെ കൂട്ടായ്മയ്ക്ക് തുടക്കമിട്ട് പൊതുപ്രവർത്തനം ആരംഭിച്ചു. മഞ്ചേരിയിൽ നടന്ന വിരമിച്ച സൈനികരുടെ സമ്മേളനം വൻവിജയമായി. കൊണ്ടോട്ടി വില്ലേജ് കമ്മിറ്റി അംഗമായി കുഞ്ഞാലി കമ്യൂണിസ്റ്റ് പാർട്ടിയിൽ സജീവമായി. 

തോട്ടം തൊഴിലാളികൾക്കുവേണ്ടി ഭൂവുടമകൾക്കെതിരേ ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം നൽകി. പ്രക്ഷോഭങ്ങളും സമരങ്ങളും കുഞ്ഞാലിയെ ജനപ്രിയനാക്കി. ഇതിനിടെ ബീഡിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി കുറച്ചുകാലം മൈസൂരുവിൽ പ്രവർത്തിച്ചു. 1964-ൽ കാളികാവ് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി കുഞ്ഞാലിയെ തിരഞ്ഞെടുത്തു. ഇതിനിടെ പല കേസുകളിലായി കുഞ്ഞാലി ജയിൽവാസമനുഷ്ഠിച്ചു. 1965-ലും 1967-ലും നിലമ്പൂരിൽനിന്ന് മത്സരിച്ച് നിയമസഭാംഗമായി. കോൺ​ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദായിരുന്നു എതിർസ്ഥാനാർഥി. 1965-ലെ തിരഞ്ഞെടുപ്പിൽ ജയിലിൽ കിടന്ന് മത്സരിച്ചാണ് അദ്ദേഹം വിജയിച്ചത്. നേരിട്ട് വോട്ടഭ്യർഥിക്കുകയോ പ്രചാരണത്തിൽ പങ്കെടുക്കുകയോ ചെയ്തില്ലെങ്കിലും 7161 വോട്ടുകൾക്കാണ് ആര്യാടനെ പരാജയപ്പെടുത്തിയത്. 1967-ൽ 9789 വോട്ടുകൾക്ക് ആര്യാടനെ വീണ്ടും അദ്ദേഹം മലർത്തിയടിച്ചു.

1969 ജൂലായ് 26-ന് അർധരാത്രി ചുള്ളിയോട്ടുവെച്ച് വെടിയേറ്റ ആ ധീരനേതാവ് തന്റെ 45-ാം വയസ്സിൽ രക്തസാക്ഷിയായി. കെ. കുഞ്ഞാലി എം.എൽ.എ.യെ വെടിവെച്ച സംഭവത്തിൽ അന്നത്തെ മലപ്പുറം ഡി.സി.സി.പ്രസിഡന്റായിരുന്ന ആര്യാടൻമുഹമ്മദ് ആയിരുന്നു ഒന്നാംപ്രതി. വെടിവെച്ചത് ആര്യാടനാണെന്ന് കോൺസ്റ്റബിൾ കുഞ്ഞമ്പുനായർക്ക് കുഞ്ഞാലി മരണമൊഴി നൽകിയിരുന്നു. 

കൈനാറിപ്പുറം ചന്ദ്രൻ, മാട്ടുമ്മൽ മുഹമ്മദ്, ചേലേക്കാട്ട് അബ്ദുൽസലാം, പൈക്കാടൻ അബു, പാലയ്ക്കത്തൊടി അവറാൻകുട്ടി, കൊടിയാടൻ ഗോവിന്ദൻ, കല്ലംകുന്നൻ മൊയ്തു, തെയ്യംവീട്ടിൽ വേലായുധൻ ചെട്ട്യാർ, ടി. മുഹമ്മദ്, പെരുമ്പള്ളി ഹംസ, വടക്കെത്തൊടി യൂസഫ്, വടക്കത്ത് തങ്കമണി, എൽ.കെ. അബു, എൻ.കെ. യൂസഫ്, പുലിക്കോട്ട് കുമാരൻ, നീലമ്പ്ര മുഹമ്മദ്, കളത്തിങ്കൽത്തൊടി അബ്ദു, വഴുതിനങ്ങാപറമ്പൻ ഗോപാലൻ, ചുരപ്പിലാൻമുഹമ്മദ്, പാലക്കൽ സെയ്തലവി, കെ. മുഹമ്മദ്, നെടുമ്പള്ളി അയ്യപ്പൻ, പാലേരിക്കണ്ടിയിൽ കമ്മു, പുലിക്കോട്ടിൽ കുമാരൻ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികൾ. ഒമ്പതുമാസത്തോളം വിചാരണത്തടവുകാരനായി ആര്യാടനും മറ്റ് 24 പേരും കോഴിക്കോട് സബ് ജയിലിൽ കിടന്നു. ഇതിൽ നാലാം പ്രതി ചേലേക്കാട്ട് അബ്ദുൾസലാം ജാമ്യത്തിലിറങ്ങിയശേഷം ഒളിവിൽ പോയി. മറ്റ് 24 പേരെയും കോടതി വെറുതെവിട്ടു.

2. സി.വാസുദേവ മേനോൻ

1965-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലപര്യടനത്തിന് ഇറങ്ങാനാകാതെ ജയിലിൽക്കിടന്ന് മത്സരിച്ച വ്യക്തിയാണ് സി.വാസുദേവ മേനോൻ. 1965-ൽ ആണ് പാലക്കാട്ടെ കൊല്ലങ്കോട് നിയമസഭാ മണ്ഡലം രൂപീകൃതമാകുന്നത്. ആ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി നിയോഗിച്ചത് അന്ന് രാജ്യരക്ഷാ നിയമപ്രകാരം അറസ്റ്റുചെയ്ത് ജയിലിൽ കഴിഞ്ഞിരുന്ന വാസുദേവമേനോനെ ആയിരുന്നു. എഐസിസി അംഗവും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കോൺഗ്രസിലെ പി.എൻ. കൃഷ്ണനായിരുന്നു എതിരാളി. 

വോട്ടുചെയ്യാൻ കൂട്ടിക്കൊണ്ടുവരുമ്പോൾ നമ്മുടെ ചിഹ്നം അവരെ ഓർമിപ്പിക്കുകയും കാണിച്ചുകൊടുക്കുകയും വേണം. കാളവണ്ടിയും അത്യാവശ്യം കാറും എല്ലാ സ്ഥലങ്ങളിലും ഏർപ്പാട് ചെയ്തിരിക്കുമല്ലോ. തിരഞ്ഞെടുപ്പുദിവസം ആരും പട്ടിണി കിടക്കാതിരിക്കാൻ ശ്രദ്ധിക്കണം. പാർട്ടി പ്രവർത്തകനായ മോക്കാർ എന്ന അബ്ദുൾഖാദറിന് ജയിലിലായിരിക്കെ വാസുദേവ മേനോൻ അയച്ച കത്തിലെ വാക്കുകളാണിത്. 

ഭാര്യ ഇന്ദിരാവാസുദേവ മേനോന് അദ്ദേഹം അയച്ച കത്തുകളിലും തിരഞ്ഞടുപ്പ് സമയത്ത് പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വോട്ടെണ്ണുന്ന സമയത്ത് കണ്ണിൽ എണ്ണയൊഴിച്ചിരിക്കണം. എന്തെങ്കിലും കാരണം പറഞ്ഞ് വോട്ട് അസാധുവാക്കുന്നത് അനുവദിക്കരുത്. കാളവണ്ടിയിൽ വോട്ടർമാരെ കൊണ്ടുവരുന്നതിനും പ്രവർത്തകർ പട്ടിണിയാകാതിരിക്കാനും ശ്രദ്ധിക്കണം- അദ്ദേഹം എഴുതി.

ഒടുവിൽ ഫലം പ്രഖ്യാപിച്ചു. ജയിൽവാസത്തിലിരിക്കെ തിരഞ്ഞെടുപ്പിനെ നേരിട്ട വാസുദേവമേനോൻ 9475 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 1967, 70, 77, 80, 82 വർഷങ്ങളിലും കൊല്ലങ്കോടിന്റെ പ്രതിനിധിയായി വാസുദേവമേനോൻ തിരഞ്ഞെടുക്കപ്പെട്ടു. സിപിഎം സംസ്ഥാന കമ്മറ്റി അംഗമായിരിക്കെ പിന്നീട് എംവി രാഘവനൊപ്പം പാർട്ടി വിട്ട അദ്ദേഹം സിഎംപിയുടെ രൂപീകരണത്തിലും പങ്കാളിയായി.

3. ജോർജ് ഫെർണാണ്ടസ്

മുൻപ്രതിരോധ മന്ത്രിയും 1970-കളിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്നു ജോർജ് ഫെർണാണ്ടസ്. 1930 ജൂൺ മൂന്നിന് മം​ഗലാപുരത്തായിരുന്നു ജനനം. പാതിരിയാകാൻ പഠിക്കുന്നതിനിടെ മം​ഗലാപുരത്തെ സെമിനാരിയിൽ നിന്ന് 1948-ൽ അദ്ദേഹം ഒളിച്ചോടി. മുംബൈയിലെ തെരുവോരങ്ങളിൽ കുടന്നുറങ്ങി ഹോട്ടലുകളിൽ പണിയെടുത്ത് ജിവിതം നയിച്ചു. തൊഴിലാളികളെ സംഘടിപ്പിച്ചപ്പോൾ ജോലി നഷ്ടമായി. പിന്നീട് പത്രത്തിൽ പ്രൂഫ് റീഡറായി. ഇതിനിടെ അദ്ദേഹം ട്രേഡ് യൂണിയനുകൾ ഉണ്ടാക്കി. സോഷ്യലിസ്റ്റ് നേതാവ് റാം മനോഹർ ലോഹ്യയുടെ ആശയങ്ങൾ ജോർജിനെ മുന്നോട്ടുനയിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയം ആരംഭിച്ചത്. 

മുംബൈ മുൻസിപ്പൽ കൗൺസിൽ അം​ഗമായി 1961-ൽ തിരഞ്ഞെടുപ്പ് ലോകത്തേക്ക് ചുവടുവെച്ചു. 1967-ൽ കോൺ​ഗ്രസിലെ എസ്. പട്ടീലിനെ മൂന്നുലക്ഷത്തിലേറെ വോട്ടുകൾക്ക് അട്ടിമറിച്ച് മുംബൈ സൗത്ത് മണ്ഡലത്തിൽനിന്നും ആദ്യമായി ലോക്സഭയിൽ എത്തി. 17 ലക്ഷം പേർ പങ്കെടുത്ത 1974-ലെ ഐതിഹാസികമായ റെയിൽവേ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. സമരത്തിൽ 30000 പേരാണ് അന്ന് അറസ്റ്റിലായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായിരുന്ന സമരമായിരുന്നു അത്. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ​ഒഡിഷയിലെ ഗോപാൽപുരിലെ കടലോര ​ഗ്രാമത്തിൽ ഒളിവിലായിരുന്നു അദ്ദേഹം. താടിയും മുടിയും വളർത്തി സിഖുകാരനും സന്യാസിയുമായി ​ഗ്രാമങ്ങളിലും ന​ഗരങ്ങളിലും നടന്ന് അടിയന്തരാവസ്ഥക്കെതിരേ പ്രചാരണം നടത്തി. എന്നാൽ 1976 ജൂണിൽ കൊൽക്കത്തിൽ നിന്ന് അറസ്റ്റിലായി. ബറോഡ ഡയനാമൈറ്റ് കേസിലായിരുന്നു അറസ്റ്റ്. 

1977-ൽ ലോക്സഭാ തിരഞ്ഞെടുപ്പ്. ജയിൽ തടവുകാരനായ അദ്ദേഹം മുസാഫർപുരിലെ സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ടു. അറസ്റ്റിലായ ജോർജിന്റെ ചിത്രമായിരുന്നു പ്രചാരണ പോസ്റ്ററുകളിൽ. ഫലം വന്നപ്പോൾ 78 ശതമാനം വോട്ടും നേടി 334000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോൺ​ഗ്രസിലെ നിതീശ്വർ പ്രകാശ് സിങിനെ ജോർജ് തറപറ്റിച്ചു. ഒമ്പത് തവണയാണ് അദ്ദേഹം ലോക്സഭയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടത്.

4. അഖിൽ ഗൊ​ഗോയ് 

പൗരത്വപ്രക്ഷോഭ പ്രവർത്തകനായ അഖിൽ ഗോഗോയ്, പ്രചാരണ പരിപാടികളിൽ പങ്കെടുക്കാതെ തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ അസംകാരനാണ്. 2021-ൽ സിബ്സാഗർ മണ്ഡലത്തിൽനിന്നും എതിരാളിയായ ബിജെപി സ്ഥാനാർഥി സുരഭി രാജ്കോൺവാരിയെ 11875 വോട്ടിന് തോൽപ്പിച്ചുകൊണ്ടായിരുന്നു കർഷക നേതാവും അക്ടിവിസ്റ്റുംകൂടിയായ അദ്ദേഹത്തിന്റെ വിജയം. അഖിൽ രൂപീകരിച്ച റായ്ജോർ ദൾ എന്ന സംഘടനയുടെ ടിക്കറ്റിലായിരുന്നു മത്സരം. 

പൗരത്വ ഭേതഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് 2019 ഡിസംബറിലാണ് അഖിലിനെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്തത്. ജയിലിൽക്കിടന്നു മത്സരിച്ച് അസം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ എൻഐഎ പ്രത്യേക കോടതി പിന്നീട് കുറ്റവിമുക്തനാക്കി.

ജയിലിൽ കഴിയവെ, ദേശീയ അന്വേഷണ ഏജൻസി തനിക്ക് 20 കോടി രൂപ വാഗ്ദാനം ചെയ്തതായി അഖിൽ ഗോഗോയ് ആരോപിച്ചിരുന്നു. ജാമ്യം നൽകുന്നതിന് പകരമായി ആർഎസ്എസിലോ ബി.ജെ.പിയിലോ ചേരണമെന്ന് ആവശ്യപ്പെട്ടതായും അഖിൽ പറഞ്ഞു. കത്തിലൂടെയായിരുന്നു അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. ഈ കത്ത് അദ്ദേഹത്തിന്റെ പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയുംചെയ്തു.

എൻ.ഐ.എ. ഉദ്യോഗസ്ഥർ തനിക്ക് രാഷ്ട്രീയ ക്ലാസുകൾ നൽകിയിരുന്നതായും കത്തിൽ പരാമർശമുണ്ടായിരുന്നു. 'ആദ്യം എന്നോട് ഹിന്ദുത്വയെ കുറിച്ച് പറഞ്ഞു. പിന്നീട് അവർ പ്രേരണ നൽകി. ഞാൻ ആർഎസ്എസിൽ ചേരുകയാണെങ്കിൽ എനിക്ക് വേഗത്തിൽ ജാമ്യം ലഭിക്കുമെന്ന് പറഞ്ഞു. ഈ വാഗ്ദാനം നിരസിച്ചപ്പോൾ ബിജെപിയിൽ ചേരാനുളള അവസരം നൽകി. അസമിലെ ഒഴിഞ്ഞുകിടക്കുന്ന നിയോജക മണ്ഡലത്തിൽനിന്ന് മത്സരിച്ച് എനിക്ക് മന്ത്രിയാകാമെന്ന് അവർ പറഞ്ഞു'-  അഖിലിന്റെ അന്നത്തെ ആരോപണം ഇതായിരുന്നു.

എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം നിരസിച്ചതിനാൽ തന്റെ മേൽ നിരവധി കേസുകൾ കെട്ടിവെച്ചതായും സുപ്രീംകോടതിയിൽ നിന്നുപോലും തനിക്ക് ജാമ്യം ലഭിച്ചില്ലെന്നും അഖിൽ ആരോപിച്ചു. എന്നാൽ അഖിലിന്റെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് തന്ത്രമെന്നായിരുന്നു ബിജെപി അന്ന് വിശേഷിപ്പിച്ചത്. പേരുവെളിപ്പെടുത്താൻ തയ്യാറാകാത്ത ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനും അഖിലിന്റെ വാദങ്ങളെ നിഷേധിച്ചിരുന്നു.

5.ബിശ്വേശ്വർ സിങ് 

ചില അനുയായികൾക്ക് ബിശ്വേശ്വർ ഗുരുവാണ്. ചിലർക്ക് നേതാവാണ്. മറ്റുചിലർക്ക് അദ്ദേഹം ദൈവമായിരുന്നു. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) സ്ഥാപകൻ ബിശ്വേശ്വർ സിങ് ഇംഫാൽ ജയിലിൽ കിടന്നാണ് 1984-ലെ മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഘടനവാദി നേതാവായ അദ്ദേഹം 1981-ൽ ആയിരുന്നു സൈന്യത്തിന്റെ പിടിയിലായത്. 

അദ്ദേഹത്തിന്റെ ഒരു പുതിയ ചിത്രം പോലും അന്ന് തിരഞ്ഞെടുപ്പ്  പ്രചാരണത്തിന് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. സ്വതന്ത്രസ്ഥാനാർഥിയായി തൊങ്ജു നിയോജക മണ്ഡലത്തിൽനിന്നും മണിപ്പുർ നിയമസഭയിലേക്കായിരുന്നു മത്സരം. നാമനിർദേശപത്രിക സമർപ്പിക്കാൻ അദ്ദേഹത്തെ അധികൃതർ അനുവദിച്ചയുടൻ മത്സരരംഗത്തുണ്ടായിരുന്ന തൊങ്ജുവിലെ സിറ്റിങ് എം.എൽ.എ തന്റെ സ്ഥാനാർഥിത്വം പിൻവലിച്ചു. ഇതുമാത്രം മതിയായിരുന്നു ബിശ്വേശ്വർ എന്ന വിപ്ലവകാരി ആരാണെന്ന് ബോധ്യമാകാൻ.  

നാമനിർദേശ പത്രികയിൽ ഒപ്പുവെക്കാൻ ജയിൽ അധികൃതർ അദ്ദേഹത്തെ അനുവദിച്ചു. ഇതോടെ ബിശ്വേശ്വറിന്റെ അനുയായികൾ ജയിലിലെത്തി പത്രിക ഒപ്പിടുവിക്കുകയായിരുന്നു. പക്ഷെ ബിശ്വേശ്വറിന്റെ ഒരു പടം എടുക്കാൻ പോലും ജയിൽ അധികൃതർ സമ്മതിച്ചില്ല. അദ്ദേഹത്തിന്റെ വരച്ച ചിത്രങ്ങളാണ് അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. വിപ്ലനേതാവായിരുന്ന അദ്ദേഹത്തിന്റെ വീട് തീവെച്ചുനശിപ്പിച്ചിരുന്നെങ്കിലും അതാണ് അനുയായികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചത്. ബിശ്വേശ്വറിന്റെ വലിയ ഫോട്ടോയും സ്ഥാപിച്ചു. 

16000 വോട്ടർമാർ മാത്രമായിരുന്നു തൊങ്ജു മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 24000 വനിതാ പ്രവർത്തകർ അം​ഗങ്ങായി ഉള്ള ഇംഫാലിലെ ശക്തമായ സംഘടന എൻയുപിഐയുടെ പിന്തുണയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഒടുവിൽ ഫലം പ്രഖ്യാപിച്ചപ്പോൾ 2105 വോട്ടുകൾക്ക് മണിപ്പുർ പീപ്പിൾസ് പാർട്ടി സ്ഥാനാർഥി വൈകോം ടോളനെ ബിശ്വേശ്വർ പരാജയപ്പെടുത്തി. പ്രഖ്യാപനം വന്നതോടെ ബിശ്വേശ്വറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആയിരങ്ങൾ തെരുവുകളിൽ പ്രതിഷേധിക്കുകയും ഇംഫാലിലെ ജയിയിലേക്ക് പ്രകടനം നടത്തുകയും ചെയ്തു. മൂന്നരവർഷത്തെ ജയിൽവാസത്തിനുശേഷം 1985 ജനുവരിയിൽ അദ്ദേഹം മോചിതനായി.

6.പപ്പു കലാനി
സുരേഷ് ബുദ്രമൽ കലാനി എന്ന പേര് മനസ്സിലായില്ലെങ്കിലും പപ്പു കലാനി എന്ന പേര് ഏറെകുറേ സുപരിചിതമാണ്. രാഷട്രീയത്തിൽ കുപ്രസിദ്ധികൊണ്ട് പ്രസിദ്ധനാണ് പപ്പു കലാനി. മഹാരാഷ്ട്രയിലെ ഉൽഹാസ് ​ന​ഗറിലെ സമ്പന്ന കുടുംബത്തിലാണ് പപ്പു കലാനി ജനിച്ചത്. മദ്യവ്യാപാരമായിരുന്നു കുടുംബത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. കൂടാതെ നിരവധി ഡിസ്റ്റിലറികളും ഹോട്ടലുകളും സ്വന്തമായി ഉണ്ടായിരുന്നു. പപ്പുവിന്റെ അമ്മാവൻ ദുനിചന്ദ് കലാനി കോൺ​ഗ്രസിന്റെ പ്രാദേശിക ഘടകത്തിൻ്റെ പ്രസിഡൻ്റായിരുന്നു.

1970-കളിൽ വലിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിരുന്ന പ്രദേശമായിരുന്നു ഉൽഹാസ് ​ന​ഗർ. നിരവധി അനധികൃത വ്യവസായ യൂണിറ്റുകളും ഇവിടെ ഉണ്ടായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണയിൽ നിരവധി ക്രിമിനൽ സംഘങ്ങൾ താമസിയാതെ ഇവിടെ പ്രവർത്തിച്ചുത്തുടങ്ങി. കോൺഗ്രസുമായി ബന്ധമുള്ള പപ്പു കലാനിയുടെ അമ്മാവൻ കീമത്ത് കലാനി, ചിമൻ തേജ്വാനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ആയിരുന്നു നയിച്ചത്. എതിർ കക്ഷികളും സംഘങ്ങൾ ഉണ്ടാക്കി. രാഷ്ട്രീയക്കാരനായ ഗോപ് ബെഹ്‌റാനിയുടെ കീഴിൽ, ഗോവിന്ദ് വചാനിയുടെയും ഗോപാൽ രാജ്‌വാനിയുടെയും നേതൃത്വത്തിലുള്ള സംഘവും നിലയുറപ്പിച്ചു. ഇരു സംഘങ്ങൾക്കും ദാവൂദ് ഇബ്രാഹിം സംഘവുമായി ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. 

1983-ൽ ഗോപാൽ രാജ്വാനി കുറച്ചുകാലം പപ്പു കലാനിയുമായി യോജിച്ചു പ്രവർത്തിച്ചിരുന്നു. ഇരുവരും ചേർന്ന് ബ്ലിറ്റ്സ് മാസികയുടെ എഡിറ്റർ എ.വി. നാരായനെ കൊലപ്പെടുത്തി. കേസിൽ രാജ്വാനിയെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും സാക്ഷികളുടെ അഭാവത്താൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

1986-ൽ ഉൽഹാസ് ​ന​ഗർ മുനിസിപ്പൽ കൗൺസിലിൻ്റെ പ്രസിഡൻ്റായി പപ്പു കലാനി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം ഉൽഹാസ് ​ന​ഗറിൽനിന്നും സംസ്ഥാന നിയമസഭയിലേക്കുള്ള സ്ഥാനാർഥിയായി കോൺഗ്രസ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. അനായാസം ആ തിരഞ്ഞെടുപ്പിൽ പപ്പു വിജയിച്ചു. 1990-ലെ തിരഞ്ഞെടുപ്പിലും വിജയം അദ്ദേഹത്തോടൊപ്പമായിരുന്നു. 1995ലും 1999ലും സ്വതന്ത്രനായി മത്സരിച്ച് നിയമസഭാം​ഗമായി. എന്നാൽ കൊലപാതകക്കേസിൽ ജയിലിൽ ആയിരിക്കെയാണ് 1992- 2001 കാലയളവിൽ നടന്ന രണ്ടുതിരഞ്ഞെടുപ്പുകളിൽ പപ്പു മത്സരിച്ചത്. പ്രചാരണത്തിന് ഇറങ്ങാനാകാതെ തടവിൽ ആയിരുന്നെങ്കിലും അപ്പോഴും പപ്പുവിനെ തോൽപ്പിക്കാൻ ആർക്കും സാധിച്ചില്ല. 

7.ബ്രിജേഷ് സിങ് 

ഉത്തർപ്രദേശിലെ കൊടും ക്രിമിനലും അധോലോക നായകനുമായിരുന്നു ബ്രിജേഷ് സിങ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള കൗൺസിൽ തിരഞ്ഞെടുപ്പിൽ 2016-ൽ സഹരൻപുർ ജയിലിലായിരിക്കവെ ആയിരുന്നു അദ്ദേഹം മത്സരിച്ചത്. വാരണസിയിലെ ചണ്ഡൗലിയിൽ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു ബ്രിജേഷ്. പ്രചാരണത്തിനായി ജയിലിനു പുറത്ത് ഇറങ്ങിയില്ലെങ്കിലും സമാജ്​വാദി പാർട്ടി സ്ഥാനാർഥി മിണാസിങിനെ 1954 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വിജയത്തിനുശേഷം വൻസുരക്ഷയിൽ സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്ത ബ്രിജേഷ് പിന്നീട് ജയിലിലേക്ക് മടങ്ങി. മുൻപ് ബ്രിജേഷിന്റെ ഭാര്യ അന്നപൂർണ ഇതേ മണ്ഡലത്തിൽനിന്നും ബിഎസ്​പി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. 

രണ്ടുപതിറ്റാണ്ടോളം പിടികിട്ടാപുള്ളിയായിരുന്ന ബ്രിജേഷ് 2008-ൽ ആണ് പോലീസിന്റെ പിടിയിലായത്. മൗവിൽ നിന്നുള്ള എം.എൽ.എയായിരുന്ന മുഖ്താർ അൻസാരിയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം നടത്തി അദ്ദേഹത്തെ കൊലപ്പെടുത്തിയ കേസിലാണ് ബ്രിജേഷ് ജയിലിലായത്. 2001 ജൂലൈ 15-ന് ലഖ്‌നോവിലെ മുഹമ്മദാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉസർ ചാട്ടിയിലായിരുന്നു സംഭവം.

പിന്നീട് 2008-ൽ ഭുവനേശ്വറിൽനിന്ന് ഡൽഹി സ്‌പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തു. ശേഷം ബ്രിജേഷിനെ യുപിയിലേക്ക് കൊണ്ടുവന്നു.  2009 മുതൽ ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു. 12 വർഷമായി ജയിലിൽ കഴിഞ്ഞിരുന്ന ബ്രിജേഷ് സിങിന് 2022 ഓ​ഗസ്റ്റിൽ  അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

8.സൂരജ് ഭാൻ സിങ്

ബിഹാറിലെ ബെവൂർ സെൻട്രൽ ജയിലിൽ തടവിലായിരിക്കെയാണ് കൊടുംക്രിമിനലായ സൂരജ് ഭാൻ സിങ് ജനവിധി തേടിയത്. 2000-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാറ്റ്ന ജില്ലയിലെ മൊക്കാമ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥി ആയിട്ടായിരുന്നു മത്സരം. മൊക്കാമയിലെ പേടിസ്വപ്‌നമായിരുന്ന സൂരജ്, പത്രിക സമർപ്പിക്കാൻ പുറത്തുവന്നപ്പോൾ ആയിരക്കണക്കിന് അനുയായികളാണ് കാത്തുനിന്നത്. കുറ്റമുക്തമായ മൊകാമ എന്ന വാഗ്ദാനമായിരുന്നു ഇയാൾ ജനങ്ങൾക്കു നൽകിയത്. ഫലപ്രഖ്യാപനം വന്നപ്പോൾ ബിഹാറിലെ സിറ്റിങ് എംഎൽഎയും ക്രിമിനൽ രാഷ്ട്രീയക്കാരനുമായ അനന്ത് കുമാർ സിങിന്റെ ജ്യേഷ്ഠൻ ദിലീപ് സിങിനെ 50,000 വോട്ടിന് സൂരജ് തോൽപ്പിച്ചു.

ഇതായിരുന്നു സൂരജ് ഭാൻ സിങിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം. മത്സരിക്കുമ്പോൾ ബിഹാറിലും ഉത്തർപ്രദേശിലുമായി 26 ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിരുന്നു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങീ നിരവധി കേസുകളും സൂരജിനെതിരെ ഉണ്ടായിരുന്നു. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ബല്ലിയ ലോക്‌സഭാ സീറ്റിൽ ലോക് ജനശക്തി പാർട്ടി (എൽജെപി) ടിക്കറ്റിൽ മത്സരിച്ചാണ് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

9.പ്രേംപ്രകാശ് സിങ് എന്ന മുന്ന ബജ് രംഗി 

ഉത്തർപ്രദേശുകാരനായ ഇയാൾ അറിയപ്പെടുന്ന വാടകക്കൊലയാളിയും ഗുണ്ടാനേതാവുമായിരുന്നു. കൊലപാതകം അടക്കം 40-ൽ അധികം കേസുകളിൽ പ്രതിയാണ്. മുലായം സിങ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയെ വർഷങ്ങളോളം മുന്ന പിന്തുണച്ചിരുന്നു. എന്നാൽ 2000-ത്തിന്റെ മധ്യത്തിൽ മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലേക്ക് മാറി. 

​ഗസിപുർ ജില്ലയിലെ ബി.ജെ.പി എം.എൽ.എ കൃഷ്ണാനന്ദ് റായിയെ 2005-ൽ കൊലപ്പെടുത്തിയ കേസിൽ ജയിലിലായി. വിചാരണ നടപടികൾ നടക്കുന്നതിനിടെ, 2012-ൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ തിഹാർ ജയിലിൽ തടവിലായിരിക്കെ മത്സരിച്ചു. അപ്നാ ദളിൻ്റെയും പീസ് പാർട്ടി ഓഫ് ഇന്ത്യയുടെയും സംയുക്ത സ്ഥാനാർഥിയായിരുന്നു. എന്നാൽ, സമാജ്‌വാദി പാർട്ടിയിലെ ശ്രദ്ധ യാദവിനോട് പരാജയപ്പെട്ട അദ്ദേഹത്തിന് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 

2018 ജൂലൈ ഒമ്പതിന് ഉത്തർപ്രദേശിലെ ബാഗ്പട്ടിലെ ജില്ലാ ജയിലിൽവെച്ച് മുന്ന പിന്നീട് വെടിയേറ്റു മരിച്ചു. ജയിൽ വളപ്പിനുള്ളിൽവെച്ച് മറ്റൊരു തടവുകാരനും ഗുണ്ടാനേതാവുമായ സുനിൽ റാത്തി, മുന്നയുടെ തലയിലേക്ക് പത്തുതവണ വെടിയുതിർക്കുകയായിരുന്നു.

10.അതിഖ് അഹമ്മദ്

വീട്ടിലെ ദാരിദ്ര്യത്തിൽനിന്ന് രക്ഷതേടാൻ ചെറിയ മോഷണങ്ങളുമായി തുടക്കം. 17-ാം വയസ്സിൽ കൊലക്കേസിൽ പ്രതി. കൗമാരം പിന്നിട്ടതിന് പിന്നാലെ ഗുണ്ടാസംഘങ്ങൾക്കൊപ്പം. പിന്നീടങ്ങോട്ട് എതിരാളികളില്ലാത്ത ഗുണ്ടാത്തലവനായി വളർച്ച. ഒപ്പം എം.എൽ.എ.യായും എം.പി.യായും രാഷ്ട്രീയത്തിലും സജീവം. ചുരുക്കത്തിൽ ഇതെല്ലാമായിരുന്നു അതിഖ് അഹമ്മദിന്റെ ജീവിതം. ഉത്തർപ്രദേശിൽ ഗുണ്ടാനിയമപ്രകാരം പോലീസ് കേസെടുത്ത ആദ്യത്തെയാളാണ് അതിഖ് അഹമ്മദ്.

27-ാം വയസ്സിലായിരുന്നു അതിഖിന്റെ രാഷ്ട്രീയപ്രവേശം. 1989-ൽ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽനിന്ന് കന്നിമത്സരത്തിൽ തന്നെ സ്വതന്ത്ര എം.എൽ.എ.യായി ജയിച്ചുകയറി. 1996 വരെ വീണ്ടും രണ്ടുതവണ ഇതേ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി വിജയിച്ചു. 1996-ൽ സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥിയായി അലഹാബാദ് വെസ്റ്റിൽ വിജയം ആവർത്തിച്ചു. എന്നാൽ 1998-ൽ സമാജ് വാദി പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെ അതിഖ് അപ്നാദളിലെത്തി. ഇതിനിടെ അപ്നാദൾ സ്ഥാനാർഥിയായി പ്രതാപ്ഘട്ടിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ 2002-ലെ തിരഞ്ഞെടുപ്പിൽ അലഹാബാദ് വെസ്റ്റിൽനിന്ന് അപ്നാദൾ സ്ഥാനാർഥിയായി മത്സരിക്കുകയും വിജയം നേടുകയും ചെയ്തു. 2003-ൽ വീണ്ടും സമാജ് വാദി പാർട്ടിയിലെത്തി. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫുൽപുർ മണ്ഡലത്തിൽ സമാജ് വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 

2012-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭസ്തി ജയിലിൽ കിടന്നാണ് അതിഖ് തന്റെ നാമനിർദേശ പത്രിക സമർപ്പിച്ചത്. അലഹബാദ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും പത്ത് ജഡ്ജിമാർ അദ്ദേഹത്തിൻ്റെ വാദം കേൾക്കുന്നതിൽ നിന്ന് പിന്മാറി.  
അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ അപ്നാ ദൾ ബാനറിലായിരുന്നു മത്സരം. സിറ്റിങ് ബിഎസ്​പി എംഎൽഎ പൂജ പൽ ആയിരുന്നു എതിർസ്ഥാനാർഥി. പൂജയുടെ ഭർത്താവിനെ കൊന്ന കേസിലെ പ്രതിയായിരുന്നു അതിഖ്. ഫലം വന്നതോടെ 8885 വോട്ടുകൾക്ക് അതിഖ്  പരാജയപ്പെട്ടു. 

2014-ൽ വീണ്ടും ലോക്സഭയിലേക്ക് ജനവിധി തേടിയെങ്കിലും തോൽവി ഏറ്റുവാങ്ങി. 2018-ലെ ഉപതിരഞ്ഞെടുപ്പിൽ ഫുൽപുർ മണ്ഡലത്തിൽനിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏറ്റവുമൊടുവിൽ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിഖ് മത്സരിച്ചു. വാരണാസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേയായിരുന്നു ഇത്തവണ അങ്കം. അന്നും അതീഖ് ജയിലിലായിരുന്നു. പക്ഷേ, വെറും 855 വോട്ടുകൾ മാത്രമാണ് അതിഖിന് നേടാനായത്. 

2023 ഫെബ്രുവരി 24, ബി.എസ്.പി. എം.എൽ.എ രാജുപാൽ കൊലക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാൽ വെടിയേറ്റ് മരിച്ചതോടെയാണ്  അതിഖ് അഹമ്മദ് എന്ന പേര് വീണ്ടും വാർത്തകളിലിടം നേടി. ഉമേഷ് പാലിനെ കൊലപ്പെടുത്തിയതിന് പിന്നിലും അതിഖ് അഹമ്മദാണെന്നായിരുന്നു യു.പി. പോലീസിന്റെ കണ്ടെത്തൽ. ജയിലിലിരുന്ന് കൊലപാതകം ആസൂത്രണം ചെയ്ത അതിഖിനെ കേസിലെ പ്രതിയാക്കി. ഒപ്പം അതിഖിന്റെ മക്കളായ ആസാദ്, ഉമർ, അലി, ഭാര്യ ഷെയ്സ്ത പർവീൺ, സഹോദരൻ അഷ്റഫ് തുടങ്ങിയവരും കേസിലെ പ്രതികളായിരുന്നു. ഇതിനിടെ, 2006-ൽ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ അതിഖ് അഹമ്മദിനെ കോടതി ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു. 

ഉമേഷ് പാൽ കൊലക്കേസിൽ പ്രതികളായ ആറുപേരാണ് 50 ദിവസത്തിനുള്ളിൽ യു.പി.യിൽ കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ അർബാസാണ് ആദ്യം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പിന്നാലെ മാർച്ചിൽ മറ്റൊരു പ്രതിയായ ഉസ്മാനും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഇതിനുപിന്നാലെയാണ് അതിഖിന്റെ മകൻ ആസാദ് അഹമ്മദും കൂട്ടാളിയായ ഗുലാമും പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടത്. ഈ സംഭവത്തിൽ വിവാദങ്ങൾ കത്തിനിൽക്കെയായിരുന്നു അതിഖിന്റെയും സഹോദരന്റെയും കൊലപാതകം. 

പോലീസ് ഏറ്റുമുട്ടലിലായിരുന്നില്ല അതിഖിന്റെ കൊലപാതകം. പോലീസ് കസ്റ്റഡിയിലിരിക്കെ, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ചാനൽ ക്യാമറകൾക്ക് മുന്നിൽവെച്ചാണ് അക്രമികൾ അതിഖിനെതിരേ വെടിയുതിർത്തത്. പിന്നാലെ സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റ് വീണു. 22 സെക്കൻഡുകൾക്കിടെ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ 14 റൗണ്ട് വെടിവെച്ചെന്നാണ് റിപ്പോർട്ട്.