
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ആറ് ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തില്‍ നാല് പേര്‍ ജയിച്ച തിരഞ്ഞെടുപ്പായിരുന്നു 2019-ലേത്. അഞ്ച് ലക്ഷത്തിന് മേല്‍ ഭൂരിപക്ഷത്തിന് 17 പേര്‍ കഴിഞ്ഞ തവണ ജയിച്ചു. എന്നാല്‍ ഭൂരിപക്ഷത്തിലെ റെക്കോഡ് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പ്രീതം മുണ്ഡെയുടെ പേരിലാണ്. ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ഡെ കാറപകടത്തില്‍ മരിച്ചതിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ ബീഡില്‍ നിന്ന് പ്രീതം മുണ്ഡെ ജയിച്ചത് 6.97 ലക്ഷം വോട്ടിന്റെ മഹാഭൂരിപക്ഷത്തിലായിരുന്നു. ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോഡ്. എന്നാല്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ കണക്കില്‍ ഏറ്റവും കൂടുതല്‍ വോട്ട് സ്വന്തം പെട്ടിയില്‍ വീണതിന്റെ റെക്കോഡ് പി.എല്‍ ഹണ്ഡുവിനാണ്. 1989-ല്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ പി.എല്‍. ഹണ്ഡു ജമ്മു കശ്മീരിലെ അനന്ത് നാഗില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ആകെ പോള്‍ ചെയ്തതിന്റെ 97.19 ശതമാനം വോട്ട് നേടിയാണ്.
അതേ വര്‍ഷം തന്നെ ബരാമുള്ളയില്‍ നിന്ന് സൈഫുദീന്‍ സോസും ജയിച്ചത് 91.87 ശതമാനം വോട്ട് നേടിയാണ്. മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു നന്ദ്യാലില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചത് 89.48 ശതമാനം വോട്ടുകളും നേടിയാണ്. രാജീവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് അലയടിച്ച സഹതാപ തരംഗത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ 1991-ല്‍ തികച്ചും അപ്രതീക്ഷിതമായാണ് നരസിംഹ റാവുവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേക്ക് വന്നത്. അന്ന് ലോക്‌സഭാംഗമായിരുന്നില്ല അദ്ദേഹം. ആന്ധ്രയിലെ നന്ദ്യാലില്‍ അദ്ദേഹം ഉപതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ റാവുവിന് 626,241 വോട്ട് കിട്ടിയപ്പോള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന ബംഗാരു ലക്ഷ്മണ്(ഇദ്ദേഹം പിന്നീട് ബി.ജെ.പി. അധ്യക്ഷനായി) ആകെ ലഭിച്ചത് 45,944 വോട്ട് മാത്രമായിരുന്നു. കേവലം 6.56 ശതമാനം വോട്ട്. റെക്കോഡ് ഭൂരിപക്ഷത്തിന്റെ റെക്കോഡ് പുസ്തകത്തിലെ പത്ത് പേര്‍ ഇവരാണ്

എതിര്‍ സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ അശോക്‌റാവു ശങ്കര്‍റാവു പാട്ടീലിനെ 6.96,321 ലക്ഷം വോട്ടുകള്‍ക്കാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായ പ്രീതം മുണ്ഡെ പരാജയപ്പെടുത്തിയത്. പ്രീതം മുണ്ഡെ 9,22,923 വോട്ടുകള്‍ നേടിയപ്പോള്‍ ശങ്കര്‍റാവു പാട്ടീലിന് നേടാനായത് 2,26,905 വോട്ടുകളാണ്. ഗോപിനാഥ് മുണ്ഡെയുടെ ഭൂരിപക്ഷം 1.36 ലക്ഷം ആയിരുന്നു. അതിനേക്കാള്‍ അഞ്ചിരട്ടിയിലേറെ ഭൂരിപക്ഷത്തിനാണ് മകള്‍ ജയിച്ചുകയറിയത്. 2019-ല്‍ നടന്ന തിരഞ്ഞെടുപ്പിലും പ്രീതം വിജയം ആവര്‍ത്തിച്ചെങ്കിലും ഭൂരിപക്ഷം 1.68 ലക്ഷം വോട്ടുകളായിരുന്നു.
സി.ആര്‍ പാട്ടീല്‍ (ബി.ജെ.പി.)
ഭൂരിപക്ഷം- 6.89 ലക്ഷം
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് സി.ആര്‍. പാട്ടീല്‍ വന്‍ വിജയം സ്വന്തമാക്കിയത്. ഗുജറാത്തിലെ നവ്‌സാരി മണ്ഡലത്തില്‍ നിന്ന് 6,89,668 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചാണ് അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. 2019- ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം കൂടിയായിരുന്നു അത്. സി.ആര്‍ പാട്ടീല്‍ 9,72,739 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ബിംഭായി പട്ടേലിന് 2,83,071 വോട്ടുകള്‍ ലഭിച്ചു.
74.37 % വോട്ടുകളാണ് സി.ആര്‍ പാട്ടീല്‍ സ്വന്തമാക്കിയത്. 2014-ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ലഭിച്ചത് 70.72% വോട്ടുകളാണ്. ആ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കിയ മോദിയ്ക്ക് തൊട്ടുപിന്നില്‍ തന്നെ സി.ആര്‍ പാട്ടീലുണ്ടായിരുന്നു. 5.58 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അന്ന് അദ്ദേഹം ലോക്‌സഭയിലെത്തിയത്.
സഞ്ജയ് ഭാട്ടിയ (ബി.ജെ.പി.)
ഭൂരിപക്ഷം- 6.56 ലക്ഷം
2019-ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമാണ് സഞ്ജയ് ഭാട്ടിയ സ്വന്തമാക്കിയത്. ഹരിയാനയിലെ കര്‍ണാല്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ അദ്ദേഹം എം.പിയായി തിരഞ്ഞെടുക്കപ്പെടുന്നത് ആറരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. കൃത്യമായി പറഞ്ഞാല്‍ 6,56,142 വോട്ടിന്റെ ഭൂരിപക്ഷത്തിന്. ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ച അദ്ദേഹം 9,11,594 വോട്ടുകളാണ് നേടിയത്. രണ്ടാമതെത്തിയ കോണ്‍ഗ്രസിന്റെ കുല്‍ദീപ് ശര്‍മയ്ക്ക് ലഭിച്ചതാകട്ടെ 2,55,452 വോട്ടുകള്‍ മാത്രം.
2014-ല്‍ അശ്വിനി കുമാര്‍ ചോപ്രയിലൂടെയാണ് മണ്ഡലം ബി.ജെ.പി. തിരിച്ചുപിടിക്കുന്നത്. അന്ന് 3.6 ലക്ഷം ഭൂരിപക്ഷത്തിന് വിജയിച്ച അശ്വിനി കുമാര്‍ ചോപ്ര 49.84% വോട്ടുകളും നേടി. എന്നാല്‍ 2019-ല്‍ അത് 70.08% വോട്ടാക്കി സഞ്ജയ് ഭാട്ടിയ ഉയര്‍ത്തി. ബി.ജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് സഞ്ജയ്.
കൃഷന്‍ പാല്‍(ബി.ജെ.പി)
ഭൂരിപക്ഷം- 6.38 ലക്ഷം
കര്‍ണാലിന് പിന്നാലെ ഹരിയാനയിലെ മറ്റൊരു ലോക്‌സഭാ മണ്ഡലമായ ഫരീദാബാദിലാണ് 2019-ല്‍ ബി.ജെ.പി. ഗംഭീര വിജയം സ്വന്തമാക്കിയത്. ബി.ജെ.പി. സ്ഥാനാര്‍ഥി കൃഷന്‍ പാല്‍ ഗുര്‍ജാര്‍ ആറ് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി. കൃഷന്‍ പാലിന് 9,13,222 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ അവ്താര്‍ സിങ്ങിന് 2,74,983 വോട്ടുകളാണ് കിട്ടിയത്. 6,38,239 വോട്ടുകളുടെ ഭൂരിപക്ഷത്തിന് അദ്ദേഹം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2014-ല്‍ മണ്ഡലം ബി.ജെ.പി തിരിച്ചുപിടിക്കുന്നതും കൃഷന്‍ പാലിലൂടെ തന്നെയാണ്. അന്നും എതിര്‍സ്ഥാനാര്‍ഥി അവ്താര്‍ സിങ്. 4.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന്റെ വിജയമാണ് കൃഷന്‍ പാല്‍ സ്വന്തമാക്കിയത്. 57.70% വോട്ടുകള്‍ നേടി. 2019-ല്‍ ഇത് 68.68% ആയി അദ്ദേഹം ഉയര്‍ത്തി.
സുഭാഷ് ചന്ദ്ര ബഹേരിയ(ബി.ജെ.പി.)
ഭൂരിപക്ഷം- 6.12 ലക്ഷം
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയ്ക്ക് ആറ് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുന്ന നാലാമത്തെ മണ്ഡലമാണ് രാജസ്ഥാനിലെ ഭില്‍വാര. ബി.ജെ.പി സ്ഥാനാര്‍ഥി സുഭാഷ് ചന്ദ്ര ബഹേരിയാണ് മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 6,12,000 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. കോണ്‍ഗ്രസിലെ റാം പാല്‍ ശര്‍മ 3,26,160, വോട്ടുകളോടെ രണ്ടാമതെത്തി. ബഹേരിയയ്ക്ക് ലഭിച്ചതാകട്ടെ 9,38,160 വോട്ടുകള്‍. 71.6% വോട്ടുകള്‍ അദ്ദേഹം കരസ്ഥമാക്കി.
2014-ലേതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം നേടിയാണ് അദ്ദേഹം മണ്ഡലം നിലനിര്‍ത്തുന്നത്. അന്ന് ആറ് ലക്ഷത്തിലധികം വോട്ടുകള്‍ നേടിയ ബഹേരിയ 2,46,264 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലെത്തി. എതിര്‍സ്ഥാനാര്‍ഥി അശോക് ചന്ദ്‌ന 3,84,053 വോട്ടുകള്‍ നേടി. 22.30% ആയിരുന്ന വോട്ട് മാര്‍ജിന്‍ 2019-ല്‍ 46.73%-ലേക്ക് ഉയര്‍ത്താനും അദ്ദേഹത്തിന് സാധിച്ചു.
അനില്‍ ബസു(സി.പി.എം.)
ഭൂരിപക്ഷം- 5.92 ലക്ഷം
2014-ല്‍ പ്രീതം മുണ്ഡെ ഏഴുലക്ഷത്തോളം ഭൂരിപക്ഷത്തിന് വിജയിക്കുന്നതുവരെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം സ്വന്തമാക്കിയത് സി.പി.എം നേതാവ് അനില്‍ ബസുവായിരുന്നു. ഇടതുപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച 2004-ലാണ് അനില്‍ ബസു ഈ ചരിത്ര വിജയം നേടിയത്. പശ്ചിമ ബംഗാളിലെ അരംഭാഘ് മണ്ഡലത്തില്‍ നിന്ന് 5,92,502 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അദ്ദേഹം ലോക്‌സഭയിലേക്കെത്തി.
അനില്‍ ബസു 7,44,464 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പി സ്ഥാനാര്‍ഥി സ്വാപാന്‍ കുമാര്‍ നന്ദിയ്ക്ക് 1,51,962 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. 77.5% വോട്ടുകളാണ് അന്ന് അനില്‍ ബസുവിന് ലഭിച്ചത്. അരംഭാഘ് മണ്ഡലത്തില്‍ നിന്ന് 1984-ലാണ് അനില്‍ ബസു ആദ്യമായി ലോക്‌സഭയിലേക്കെത്തുന്നത്. പിന്നീട് 1989, 1991, 1996, 1998, 1999, 2004 വര്‍ഷങ്ങളിലും അനില്‍ ബസു മണ്ഡലത്തില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.
രഞ്ജന്‍ബെന്‍ ഭട്ട് (ബി.ജെ.പി)
ഭൂരിപക്ഷം- 5.89 ലക്ഷം
2019-ല്‍ ഗുജറാത്തിലെ വഡോദര ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് രഞ്ജന്‍ബെന്‍ ഭട്ട് വന്‍ മാര്‍ജിനില്‍ വിജയിക്കുന്നത്. 5,89,177 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവര്‍ എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ പ്രശാന്ത് ചന്തുഭായ് പട്ടേലിനെ പരാജയപ്പെടുത്തി. രഞ്ജന്‍ബെന്‍ ഭട്ട് 8,83,719 വോട്ടുകള്‍ നേടിയപ്പോള്‍ പ്രശാന്ത് പട്ടേല്‍ 2,94,542 വോട്ടുകള്‍ നേടി.
2014-ല്‍ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അവര്‍ 3.29 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. നരേന്ദ്ര മോദി വഡോദരയിലും വാരാണസിയിലും വിജയിച്ചതോടെ വഡോദര മണ്ഡലത്തില്‍ നിന്ന് രാജിവെച്ചു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഉപതിരഞ്ഞെടുപ്പില്‍ 71.91% വോട്ടുകള്‍ രഞ്ജന്‍ബെന്‍ ഭട്ടിന് ലഭിച്ചു.
പി.വി. നരസിംഹ റാവു(കോണ്‍ഗ്രസ്)
ഭൂരിപക്ഷം- 5.8 ലക്ഷം
1991-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പ്രധാനമന്ത്രിയായ നരസിംഹറാവു വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം നടന്ന 1991-ലെ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യമെമ്പാടും കോണ്‍ഗ്രസിനനുകൂലമായി സഹതാപതരംഗം ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് ശേഷമാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. മറ്റ് പാര്‍ട്ടികളുടെ പിന്തുണയോടുകൂടി പി വി നരസിംഹറാവു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ഘട്ടത്തില്‍ നരസിംഹറാവു ലോക്‌സഭാംഗമായിരുന്നില്ല. പിന്നീട് ആന്ധ്രയിലെ നന്ദ്യാലില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹം വിജയിക്കുന്നത്.
ഉപതിരഞ്ഞെടുപ്പില്‍ 89.48% വോട്ടുകളാണ് നരസിംഹറാവു നേടിയത്. നരസിംഹറാവു 6,26,241 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയിലെ ബംഗാരു ലക്ഷ്മണ്‍ നേടിയതാകട്ടെ 45,944 വോട്ടുകള്‍ മാത്രം. 5.8 ലക്ഷം വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷമാണ് അദ്ദേഹം സ്വന്തമാക്കിയത്.
പര്‍വേഷ് സാഹിബ് സിങ് (ബി.ജെ.പി.)
ഭൂരിപക്ഷം- 5.78 ലക്ഷം
2019-ലെ തിരഞ്ഞെടുപ്പില്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ട മറ്റൊരു ലോക്‌സഭാ മണ്ഡലമാണ് വെസ്റ്റ് ഡല്‍ഹി. പര്‍വേഷ് സിങ്ങാണ് വന്‍ മാര്‍ജിനില്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചുകയറിയത്. 5,78,486 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. പര്‍വേഷ് 8,65,648 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ മഹാബാല്‍ മിശ്ര 2,87,162 വോട്ടുകള്‍ നേടി.
2014-ല്‍ പര്‍വേഷ് സിങ്ങിലൂടെ തന്നെയാണ് ബി.ജെ.പി കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കുന്നത്. അന്ന് 2,68,586 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എതിര്‍സ്ഥാനാര്‍ഥിയായ ആം ആദ്മിയിലെ ജര്‍നെയ്ല്‍ സിങ്ങിനെ അദ്ദേഹം പരാജയപ്പെടുത്തുന്നത്. 19.92% ആയിരുന്നു വോട്ട് മാര്‍ജിന്‍. എന്നാല്‍ 2019-ലെ വിജയം 40.13% വോട്ട് മാര്‍ജിനിലായിരുന്നു.
ചന്ദ്ര പ്രകാശ് ജോഷി (ബി.ജെ.പി.)
ഭൂരിപക്ഷം- 5.76 ലക്ഷം
2019-ലെ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ചിത്തോര്‍ഗഢ് മണ്ഡലത്തില്‍ നിന്നാണ് ചന്ദ്ര പ്രകാശ് ജോഷി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 5,76,247 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. ചന്ദ് പ്രകാശ് ജോഷിക്ക് 9,82,942 വോട്ടുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിലെ ഗോപാല്‍ സിങ് ശേഖാവത്തിന് 4,06,695 വോട്ടുകളാണ് ലഭിച്ചത്. 39.50% വോട്ട് മാര്‍ജിനില്‍ ജയിച്ച് അദ്ദേഹം ലോക്‌സഭയിലെത്തി.
2014-ല്‍ ജോഷിയ്ക്ക് ലഭിക്കുന്നത് 59.95% വോട്ടുകളാണ്. വോട്ട് മാര്‍ജിന്‍ 27.01% ആണ്. അഞ്ച് വര്‍ഷത്തിനിപ്പുറം ഭൂരിപക്ഷവും വോട്ട് ശതമാനവുമെല്ലാം വര്‍ധിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
Content Highlights: Top ten MPs who created record for highest victory margins in Lok Sabha polls
Published: 02 Apr 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented