
17 ലോക്‌സഭകള്‍ രാജ്യം കണ്ടു. അതില്‍ പതിനൊന്നിലും അംഗമായി റെക്കോഡിനുടമ. 10 തവണ ജയിച്ച് പാര്‍ലമെന്റിലെത്തിയ മൂന്നു പേര്‍. രാജ്യം വീണ്ടും ഒരു പൊതുതിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ ഒരിക്കലും തോല്‍ക്കാത്തവരും തോല്‍വിയോടെ രാഷ്ട്രീയം നിര്‍ത്തിയവരും തോറ്റിട്ടും തിരിച്ചുവന്നവരും... അങ്ങനെ ആ നിര നീളുന്നു. വിജയങ്ങളുടെ ആ റെക്കോഡ് പുസ്തകം ഒന്ന് പരിശോധിക്കാം
ഇന്ദ്രജിത്ത് ഗുപ്ത

ഏറ്റവു കൂടുതൽ തവണ ലോക്‌സഭയിലെത്തിയത് സി.പി.ഐ നേതാവായിരുന്ന ഇന്ദ്രജിത്ത് ഗുപ്തയാണ്. കൊൽക്കത്ത സൗത്ത് വെസ്റ്റ്, അലിപുർ, ബസിർഹത്, മിഡ്നാപുർ മണ്ഡലങ്ങളിൽ നിന്നായി 11 തവണയാണ് അദ്ദേഹം ലോക്സഭയിൽ ശബ്ദമായത്. നീണ്ട 37 വർഷം അദ്ദേഹം എംപിയായി തുടർന്നു.
1960-ൽ പശ്ചിമ ബംഗാളിലെ കൊൽക്കത്ത സൗത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെയായിരുന്നു ഗുപ്തയുടെ ആദ്യ ലോക്‌സഭാ പ്രവേശനം. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതൊഴിച്ചാൽ മരണം വരെ അദ്ദേഹം ലോക്‌സഭാഗമായി തുടർന്നു. രണ്ട് തവണ കേന്ദ്രമന്ത്രിയായി. 1996,1998, 1999 ൽ സഭയിലെ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിൽ പ്രോടേം സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മിഡ്നാപുരിൽ നിന്നുള്ള എംപിയായിരിക്കെയാണ് അദ്ദേഹം 2001 ഫെബ്രുവരി 20 ന് മരണപ്പെടുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗാന്ധിയൻ ലാളിത്യം, 1992-ൽ മികച്ച പാർലമെൻ്റേറിയൻ അവാർഡ് ഗുപ്തക്ക് ലഭിച്ചിട്ടുണ്ട്.
അടൽ ബിഹാരി വാജ്പേയി

ഇന്ത്യയുടെ 10-മത് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്‌പേയി 10 തവണ ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.1996 മെയ് 16ന് വാജ്പേയി പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998-ൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999-ൽ എ.ഐ.എ.ഡി.എം.കെ. പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കാൻ കഴിഞ്ഞില്ല. 1999-ൽ നടന്ന പൊതുതിരഞ്ഞടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ ഭൂരിപക്ഷം നേടിയപ്പോൾ വീണ്ടും അദ്ദേഹം പ്രധാനമന്ത്രിയായി. ഭരണകാലാവധി പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അദ്ദേഹത്തിന്റെയായിരുന്നു
പൊഖ്റാൻ ആണവ പരീക്ഷണവും(മേയ് 1998) കാർഗിൽ യുദ്ധവും 2001ലെ പാർലമെന്റ് ആക്രമണവും നടന്നത് വാജ്‌പേയിയുടെ ഭരണകാലത്തായിരുന്നു. വൃക്ക സംബന്ധമായ രോഗങ്ങൾ കാരണം ചികിത്സയിലായിരുന്ന അദ്ദേഹം 2018 ഓഗസ്റ്റ് 16-നാണ് മരിച്ചത്.
ഭാരതരത്ന, പത്മ വിഭൂഷൺ, ഏറ്റവും മികച്ച പാർലമെന്റേറിയൻ, ലോക മാന്യ തിലക് പുരസ്കാരം, കാൺപുർ സർവകലാശാലയുടെ ഡോക്ടറേറ്റ് അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സോമനാഥ് ചാറ്റർജി

സോമനാഥ് ചാറ്റർജി മതേതര രാഷ്ട്രീയത്തിൻ്റെ പ്രമുഖ വക്താവായിട്ടാണ് അറിയപ്പെടുന്നത്. 10 തവണ അദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1971 ലാണ് സി.പി.എം. സ്ഥാനാർഥിയായിരുന്ന സോമനാഥ് ചാറ്റർജി ആദ്യമായി ബർദ്വാൻ മണ്ഡലത്തിൽ നിന്ന് ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2004-ൽ ബോൽപുർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം പത്താം തവണയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1984-ൽ ജാദവ്പുർ ലോക്‌സഭാ മണ്ഡലത്തിൽ മമത ബാനർജിയോട് പരാജയപ്പെട്ടതൊഴിച്ചാൽ മറ്റൊരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. 2004 ൽ ലോക്‌സഭയിലെത്തിയപ്പോൾ പ്രോടേം സ്പീക്കറായും നിയമിക്കപ്പെട്ടു.
2008 ൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സിവിലിയൻ ആണവ കരാറിൻ്റെ വിഷയത്തിൽ യുപിഎ സഖ്യ സർക്കാരിനുള്ള പിന്തുണ സിപിഎം പിൻവലിച്ചപ്പോൾ ലോക്സഭാ സ്പീക്കർ സ്ഥാനം രാജിവെക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയെ സിപിഎം പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം പൊതു ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നു. 2018 ഓഗസ്റ്റിൽ മരിച്ചു.
പി.എം. സയീദ്

കോൺഗ്രസ് നേതാവായിരുന്ന പി.എം. സയീദും 10 തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി 10 തവണ ഒരെ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി എന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. 1967-ൽ 26-ആം വയസ്സിലാണ് ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് സയീദ് ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2004 വരെ തുടർച്ചയായി പത്ത് തവണയും പി.എം. സയീദിനെ തന്നെ മണ്ഡലം പിന്തുണച്ചു.
കേന്ദ്ര സഹമന്ത്രിയായും ലോക്സഭ ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചുിട്ടുണ്ട്. 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ ജനതാദളിൻ്റെ (യുണൈറ്റഡ്) ഡോ. പി. പൂക്കുഞ്ഞിക്കോയയോട് അദ്ദേഹം പരാജയപ്പെട്ടു. തുടർന്ന് ഡൽഹിയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായി. കേന്ദ്ര ഊർജമന്ത്രിയായും ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2005 ഡിസംബർ 18-ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണപ്പെട്ടു.
കമൽനാഥ്

മധ്യപ്രദേശിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായ കമൽനാഥ് ഒൻപത് തവണയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1980-ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ചിന്ദ്വാരൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കമൽനാഥിന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമാവുന്നത്. പിന്നീട് 1984, 1989, 1991, വർഷങ്ങളിൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിലും ചിന്ദ്വാര മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി. 1996-ൽ സിറ്റിംഗ് സീറ്റ് ഭാര്യ അൽക്ക നാഥിന് വിട്ട് കൊടുത്ത് മത്സരത്തിൽ നിന്ന് ഒഴിഞ്ഞു നിന്നു. 1997-ൽ അൽക്ക രാജിവച്ചതോടെ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ കമൽ നാഥ് ബി.ജെ.പി സ്ഥാനാർത്ഥിയായ സുന്ദർലാൽ പട്വയോട് പരാജയപ്പെട്ടു. പിന്നീട് 1998, 1999, 2004, 2009, 2014 കളിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ചിന്ദ്വാര മണ്ഡലത്തിൽ നിന്നുതന്നെ ലോക്സഭയിലെത്തി. ആറു തവണ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിട്ടും ഒരു തവണ പ്രോടേം സ്പീക്കറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2018 ൽ മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചതോടെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ ലോക്സഭാംഗത്വം രാജിവച്ച് 2019-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2020-ൽ കമൽനാഥുമായി ഭിന്നതയെ തുടർന്ന് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതോടെ മധ്യപ്രദേശിൽ കോൺഗ്രസിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇതോടെ കമൽനാഥിന് മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടി വന്നു.
ജോർജ് ഫെർണാണ്ടസ്

ജനതാദള്‍ നേതാവും സമതാ പാർട്ടിയുടെ സ്ഥാപകനുമായ ജോർജ് ഫെർണാണ്ടസ് ഒൻപത് തവണയാണ് ലോക്സഭയിലെത്തിയത്. 'ജോർജ് ദി ജയൻ്റ് കില്ലർ' എന്ന വിശേഷണത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിജയം. 1967-ൽ കോൺഗ്രസ് നേതാവായ എസ്.കെ. പാട്ടീലിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. 1977ൽ ബിഹാറിലെ മുസാഫർപുരിൽ ജനസംഘം സ്ഥാനാർഥിയായി ജയിലിൽ കിടന്ന് മത്സരിച്ച് വിജയിക്കുകയും ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാരിൽ മന്ത്രിയാവുകയും ചെയ്തു. 1979-ൽ അദ്ദേഹം ജനതാ പാർട്ടിയിൽ നിന്ന് രാജിവെച്ച് ചരൺ സിങ്ങിൻ്റെ ജനതാ പാർട്ടി (എസ്)-ൽ ചേരുകയും 1980-ൽ മുസാഫർപുരിൽ നിന്ന് വീണ്ടും വിജയിക്കുകയും ചെയ്തു.
1984-ൽ അദ്ദേഹം ജനതാ പാർട്ടിയുടെ ടിക്കറ്റിൽ ബാംഗ്ലൂരിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ ജാഫർ ഷെരീഫിനോട് പരാജയപ്പെട്ടു. 1989-ലും 1991-ലും ജനതാദൾ സ്ഥാനാർത്ഥിയായി മുസാഫർപുരിൽ നിന്ന് വിജയിച്ചു. 1994-ൽ ലാലു യാദവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ജനതാദൾ വിട്ട് ബിജെപിയുമായി സഖ്യമുണ്ടാക്കി സമതാ പാർട്ടി രൂപീകരിച്ചു. 1996, 1998 തിരഞ്ഞെടുപ്പുകളിൽ നളന്ദയിൽ നിന്ന് സമതാ പാർട്ടി സ്ഥാനാർത്ഥിയായി വിജയിച്ചു. സമതാ പാർട്ടി ജനതാദളിൽ (യുണൈറ്റഡ്) ലയിക്കുകയും 1999-ൽ നളന്ദയിൽ നിന്ന് വീണ്ടും വിജയിക്കുകയും ചെയ്തു. 2004-ൽ മുസാഫർപുരിൽ നിന്നും മത്സരിച്ച് വിജയിച്ച് അദ്ദേഹം ലോക്‌സഭയിലെത്തി. 2009-ൽ പാർട്ടി ടിക്കറ്റ് നിഷേധിച്ചതോടെ മുസാഫർപുരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2009-ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2010 ഓടെ അൽഷിമേഴ്‌സ് രോഗം ബാധിച്ചു. 2019 ജനുവരിയിൽ അദ്ദേഹം മരിച്ചു.
ഗിരിധർ ഗമാങ്

എട്ട് വർഷത്തിന് ശേഷം അടുത്തിടെ കോൺഗ്രസിലേക്ക് മടങ്ങിയെത്തി വാർത്തകളിൽ ഇടം നേടിയ ഒഡിഷ മുൻ മുഖ്യമന്ത്രി ഗിരിധർ ഗമാങ്ങും ഒൻപത് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോരാപുട്ട് മേഖലയിലെ പ്രമുഖ ആദിവാസി നേതാവായ ഗമാങ് ഒൻപത് തവണയും കോരാപുട്ട് മണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. 10 മാസത്തോളം ഒഡിഷ മുഖ്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അടൽ ബിഹാരി വാജ്പേയി സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കി മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കാരണഭൂതനായ അദ്ദേഹം ഏറെ വിമർശിക്കപ്പെട്ടിരുന്നു. 1999 ൽ വാജ്പേയി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഗമാങ് ചെയ്ത വോട്ട് വിവാദമായിരുന്നു. അവിശ്വാസ പ്രമേയത്തിന് രണ്ട് മാസം മുൻപായിരുന്നു ഗിരിധർ ഗമാങ് ഒഡിഷ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയായിരിക്കെ ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിന് വോട്ട് രേഖപ്പെടുത്തിയതായിരുന്നു വിവാദങ്ങൾക്ക് വഴി തുറന്നത്. ഒരു വോട്ടിന് വാജ്പേയി സർക്കാർ താഴെ വീണു. സർക്കാരിന്റെ പതനം 1999 മെയ് മാസത്തിൽ മറ്റൊരു പൊതു തിരഞ്ഞെടുപ്പിന് കാരണമായി.
ഖഗപതി പ്രധാനി
കോൺഗ്രസ് നേതാവായിരുന്ന ഖഗപതി പ്രധാനിയും ഒൻപത് തവണ ലോക്സഭയിലെത്തിയിട്ടുണ്ട്. ഒഡീഷയിലെ നൗരംഗ്പുർ മണ്ഡലത്തിൽ നിന്നാണ് ഒൻപത് തവണയും അദ്ദേഹം വിജയിച്ചത്. 1967 ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. പിന്നീട് 1998 വരെ നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും നൗരംഗ്പുർ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം ലോക്സഭയിലെത്തി.
എല്ലാവരെയും അത്ഭുതപ്പെടുത്തി 1999-ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്ന് സ്വമേധയാ വിരമിക്കൽ പ്രഖ്യാപിച്ചു. ആ വർഷം കോൺഗ്രസിന് നൗരംഗ്പുർ മണ്ഡലവും നഷ്ടപ്പെട്ടു. എംപിയായും പാർലമെൻ്റിൻ്റെ എസ്ടി കമ്മിറ്റി ചെയർമാനായും അദ്ദേഹം പട്ടികവർഗ സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ചു.
മാധവറാവു സിന്ധ്യ

ഒരിക്കൽ പോലും പരാജയത്തിന്റെ രുചിയറിയാതെ ഒൻപത് തവണയാണ് മാധവ്റാവു സിന്ധ്യ ലോക്സഭയിലെത്തിയത്. 1971-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനസംഘ് ടിക്കറ്റിൽ മധ്യപ്രദേശിലെ ഗുണയിൽ നിന്ന് മത്സരിച്ച് വിജയിച്ചാണ് ആദ്യമായി സിന്ധ്യ ലോക്സഭയിലെത്തുന്നത്. 1977-ൽ ജനസംഘം വിട്ട് ജനതാപാർട്ടി ടിക്കറ്റില്‍ ലോക്സഭയിലെത്തിയ മാധവ്റാവു 1980-ൽ കോൺഗ്രസിൽ ചേർന്നു. 1980-ൽ ഗുണയിൽ നിന്ന് മൂന്നാം തവണയും ലോക്സഭാംഗമായി. 1984-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗ്വാളിയോറില്‍ നിന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കെതിരെ മത്സരിച്ച് ജയിച്ചു.
കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1996-ൽ കോൺഗ്രസ് വിട്ട് മധ്യപ്രദേശ് വികാസ് കോൺഗ്രസ് എന്ന പാർട്ടി രൂപീകരിച്ചെങ്കിലും 1998-ൽ കോൺഗ്രസ് പാർട്ടിയിൽ തിരിച്ചെത്തി. രാജീവ് ഗാന്ധി സർക്കാരിൽ റെയിൽവേ മന്ത്രിയായും പി വി നരസിംഹറാവു സർക്കാരിൽ സിവില്‍ വ്യോമയാന, ടൂറിസം വകുപ്പുമന്ത്രിയായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങളാണ് രാജ്യത്ത് ശതാബ്ദി എക്സ്പ്രസ് തുടക്കം കുറിക്കാൻ കാരണമായത്.
2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ മെയിൻപുരിയിൽ വച്ചുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോഗാവ് തഹസിൽ മോട്ട ഗ്രാമത്തിനടുത്തുള്ള വയലിലേക്ക് മാധവ് റാവു സിന്ധ്യ യാത്ര ചെയ്തിരുന്ന സ്വകാര്യ വിമാനം തകർന്നുവീഴുകയായിരുന്നു. നാല് മാധ്യമപ്രവർത്തകരും സിന്ധ്യയുമടക്കം എട്ടുപേരാണ് അന്നത്തെ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച വിമാനം മോശം കാലവസ്ഥയെ തുടർന്ന് നെൽവയലിൽ തകർന്നുവീഴുകയായിരിന്നു.
രാം വിലാസ് പസ്വാൻ

ഒൻപത് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവും ഏഴ് തവണ കേന്ദ്ര മന്ത്രിയുമായിരുന്ന ലോക് ജനശക്തി പാർട്ടി (എൽജെപി) നേതാവ് രാം വിലാസ് പാസ്വാൻ ഇന്ത്യൻ രാഷ്ട്രീയത്തിലെ വെതർമാൻ എന്നാണ് അറിയപ്പെട്ടിരുന്നത്. ആരു ജയിക്കുമെന്ന് മുന്നേ അറിയാൻ കഴിയുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ശേഷിയായിരുന്നു വിശേഷണത്തിന്റെ കാരണം. 1989 മുതൽ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാനും ആറു പ്രധാനമന്ത്രിമാരുടെ കീഴിൽ സേവനമനുഷ്ഠിക്കാനും രാം വിലാസ് പാസ്വാന് കഴിഞ്ഞു. മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ശുപാർശ ചെയ്യുന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ അദ്ദേഹം പ്രേരണ ചെലുത്തിയിരുന്നു.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തസ്തിക നിരസിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയത്തിലേക്കുളള പാസ്വാന്റെ ചുവടുമാറ്റം. 77-ൽ ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയ പാസ്വാന്റെ രാഷ്ട്രീയ ജീവിതരേഖയിൽ ജയപരാജയങ്ങൾ അറിഞ്ഞുളള മൂന്നുദശകങ്ങളാണുള്ളത്. ഗുജറാത്ത് കലാപത്തെചൊല്ലി വാജ്പേയി സർക്കാരിൽ നിന്ന് രാജിവെച്ച് കോൺഗ്രസിനെ കൂട്ടുപിടിച്ച പസ്വാൻ 2009 ലെ പൊതുതിരഞ്ഞെടുപ്പ് സമയത്താണ്ആർജെഡിയുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഹാജിപുരിൽ നിന്ന് തോൽവിയായിരുന്നു ഫലം. 2014-ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എൻഡിഎ ക്യാമ്പിലേക്ക് പസ്വാൻ കൂടുമാറി.
പിഎ സാങ്മ

നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) സഹസ്ഥാപകനും മുൻ ലോക്‌സഭാ സ്പീക്കറും മേഘാലയ മുൻ മുഖ്യമന്ത്രിയുമായിരുന്ന പിഎ സാങ്മ ഒൻപത് തവണയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒൻപത് തവണയും മേഘാലയയിലെ ടുറ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്. 1977-ൽ കോൺഗ്രസ് എംപിയായി അദ്ദേഹം ആറാം ലോക്സഭയിലെത്തി. 1988 ൽ സംസ്ഥാന നേതൃത്വത്തിലേക്ക് തിരിഞ്ഞ സാങ്മ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി. 1991-ൽ അദ്ദേഹം വീണ്ടും ലോക്‌സഭയിലെത്തി. കേന്ദ്രമന്ത്രിസഭയിൽ കൽക്കരി വകുപ്പും തൊഴിൽ വകുപ്പിൽ അധിക ചുമതലയും അദ്ദേഹത്തിന് ലഭിച്ചു. 1996 ൽ അഞ്ചാം തവണ ലോക്സഭയിലെത്തിയ അദ്ദേഹം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.
1999 ൽ സോണിയ ഗാന്ധിയുടെ വിദേശ പൗരത്വം ചോദ്യം ചെയ്തതിന് ശരദ് പവാറിനും താരിഖ് അൻവറിനുമൊപ്പം അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയി. ഇതിന് പിന്നാലെ ഇരുവർക്കുമൊപ്പം സാങ്മ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) രൂപീകരിച്ചു. 2004 ൽ എൻസിപിയിൽ പിളർപ്പുണ്ടാക്കി തിരഞ്ഞെടുപ്പ് ചിഹ്നത്തിനായുള്ള പോരാട്ടത്തിൽ പരാജയപ്പെട്ട സാങ്മ പിന്നീട് തൻ്റെ വിഭാഗത്തെ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി ലയിപ്പിച്ച് നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ് എംപിയായി ലോക്‌സഭയിലെത്തിയെങ്കിലും ഒരു വർഷത്തിനുള്ളിൽ രാജി വച്ച് എൻസിപി സ്ഥാനാർത്ഥിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സാങ്‌മയുടെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി എൻസിപിയിൽ തർക്കം ഉണ്ടായതിനെ തുടർന്ന് അദ്ദേഹം എൻസിപിയിൽ നിന്നും രാജിവച്ചു. 2013ൽ നാഷണൽ പീപ്പിൾസ് പാർട്ടി രൂപവത്കരിച്ചു. 2014 ൽ ഒമ്പതാം തവണയും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാങ്മ 2016-ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഏഴ് തവണ ലോക്സഭയിലെത്തിയ കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, ഇബ്രാഹിം സുലൈമാൻ സേട്ട്, ഇ അഹമ്മദ് എന്നിവരാണ് കേരളത്തിൽ കൂടുതൽ തവണ എംപിമാരായവരുടെ പട്ടികയിൽ മുന്നിൽ. ഇത്തവണയും തിരഞ്ഞെടുപ്പ് പോർക്കളത്തിലേക്കിറങ്ങുന്ന കൊടിക്കുന്നില്‍ സുരേഷ് വിജയിക്കുകയാണെങ്കിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റിക്കോർഡ് അദ്ദേഹത്തിന് ലഭിക്കും.
Content Highlights: longest serving lok sabha members
Published: 26 Mar 2024, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented