ഹൈദരാബാദ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വയോധികയുടെ മുഖത്തടിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവാദത്തില്‍. തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ടി. ജീവന്‍ റെഡ്ഡിയാണ് വയോധികയുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

To advertise here,

അര്‍മുര്‍ നിയോജകമണ്ഡലത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. മറ്റ് നേതാക്കള്‍ക്കൊപ്പം പ്രചാരണം നടത്തുകയായിരുന്നു ജീവന്‍ റെഡ്ഡി. ഇതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധികയോട് ഇയാള്‍ സംസാരിച്ചത്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തതെന്നും തനിക്കിതുവരെ പെന്‍ഷന്‍ കിട്ടിയില്ലെന്നും വയോധിക റെഡ്ഡിയോട് പറഞ്ഞു. മേയ് 13-ന് ലോക്‌സഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ 'പൂവിന്' വോട്ട് ചെയ്യുമെന്ന് വയോധിക പറഞ്ഞതാണ് റെഡ്ഡിയെ പ്രകോപിപ്പിച്ചത്. ഉടന്‍ ഇയാള്‍ വയോധികയുടെ മുഖത്തടിക്കുകയായിരുന്നു. 

കേന്ദ്രത്തില്‍ ഇന്ത്യ സഖ്യം അധികാരത്തില്‍ വന്നാല്‍ ജീവന്‍ റെഡ്ഡിയെ കേന്ദ്ര കൃഷി മന്ത്രിയാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു രേവന്ത് റെഡ്ഡി ഇക്കാര്യം പറഞ്ഞത്. 

ജീവന്‍ റെഡ്ഡി വയോധികയുടെ മുഖത്തടിക്കുന്ന വീഡിയോ ഇതിനകം ബി.ജെ.പി. പ്രചാരണായുധമാക്കിയിട്ടുണ്ട്. നിരവധി ബി.ജെ.പി. നേതാക്കളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. ബി.ജെ.പിയിലെ ഡി. അരവിന്ദാണ് നിസാമാബാദില്‍ ജീവന്‍ റെഡ്ഡിയുടെ എതിര്‍സ്ഥാനാര്‍ഥി.