
ബോംഗീര്‍ എന്നറിയപ്പെടുന്ന ഭുവനഗിരിയിലെ സി.പി.എം. സ്ഥാനാര്‍ഥി മുഹമ്മദ് ജഹാംഗീറിനെ ജന്‍ഗാം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് കണ്ടത്. വിജയ പ്രതീക്ഷയെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു സംശയവുമില്ലെന്നായിരുന്നു മറുപടി. എന്നാല്‍ പിന്നീട് സംസാരിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.ഡി. അബ്ബാസ് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചില്ല. 'സംസ്ഥാനത്ത് പാര്‍ട്ടിയുടെ സാന്നിധ്യം അറിയിക്കുകയാണ് ലക്ഷ്യം. ആശയപ്രചാരണം നടത്താനുള്ള അവസരം കൂടിയാണിത്. അതില്‍ കൂടുതല്‍ പ്രധാന്യമില്ല- അബ്ബാസ് പറഞ്ഞു.
തെലങ്കാനയില്‍ സി.പി.എം. മത്സരിക്കുന്ന ഏക ലോക്‌സഭാ സീറ്റാണ് ഭുവനഗിരി. എന്നാല്‍ ഇവിടെ സി.പി.ഐയുടെ പോലും പിന്തുണയില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഭുവനഗിരിയില്‍ അവരെയാണ് സി.പി.ഐ. പിന്തുണച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.ഐ. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതും ചൂണ്ടിക്കാട്ടി. ഇതില്‍ പുതുമയില്ലെന്ന് സി.പി.എം. നേതാക്കള്‍ വിശദീകരിക്കുന്നു. വന്‍സമ്മേളനങ്ങളും റോഡ് ഷോകളുമായി മറ്റ് പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ കൊഴുപ്പിച്ചപ്പോള്‍ വീടുകള്‍ കയറിയിറങ്ങിയും ചെറു യോഗങ്ങള്‍ നടത്തിയുമായിരുന്നു സി.പി.എം. വോട്ടു തേടിയത്.
സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പങ്കെടുക്കുന്ന റോഡ് ഷോയുടെ തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴായിരുന്നു ജന്‍ഗാം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. 20-ല്‍ താഴെ മാത്രം പ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. ജില്ലാ നേതാക്കള്‍ ഇവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. കുറച്ചു കഴിഞ്ഞ് ഇവര്‍ പോയി. പിന്നീട് ആരവവും അകമ്പടിയുമില്ലാതെ തമ്മിനേനി വീരഭദ്രം എത്തി. രണ്ട് കിലോമീറ്റര്‍ അകലെയുള്ള പ്രചാരണ സ്ഥലത്തേക്ക് പോകുന്നതിന് മുമ്പ് അഭിമുഖത്തിന് തയ്യാറായി. റോഡ് ഷോയില്‍ നൂറോളം പേർ മാത്രം. ചുവപ്പണിഞ്ഞ് നീങ്ങുന്ന സംഘത്തെ കാണാന്‍ വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്ക് ഇറങ്ങി വരുന്നുണ്ട്. ഇത് കാണുമ്പോള്‍ സ്ഥാനാര്‍ഥി ജഹാംഗീറിന്റെമുഖം തെളിയുന്നുണ്ടായിരുന്നു.
കോണ്‍ഗ്രസുമായി സഖ്യത്തിന് ഒരുക്കമായിരുന്നുവെങ്കിലും സീറ്റ് കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ ചര്‍ച്ച പുരോഗമിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 16 സീറ്റുകളില്‍ മത്സരിച്ച സി.പി.എമ്മിന് ആകെ ലഭിച്ചത് 52000 പരം വോട്ടുകളായിരുന്നു. ഒരു നിയമസഭാ മണ്ഡലത്തില്‍ ജയിക്കാന്‍ പോലുമുള്ള വോട്ട് 16 മണ്ഡലങ്ങളില്‍ നിന്ന് കിട്ടാത്ത പാര്‍ട്ടിയ്ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇടക്കാലത്ത് ബി.ആര്‍.എസുമായി അടുത്തിരുന്നുവെങ്കിലും സഖ്യമുണ്ടാക്കാനായില്ല.
ബി.ആര്‍.എസുമായി പുലര്‍ത്തിയ അടുപ്പം മൂലം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല ജനകീയ വിഷയങ്ങളും ഏറ്റെടുക്കാന്‍ കഴിയാതെ വന്നത് വിനയായി എന്നാണ് വിലയിരുത്തല്‍. വലിയ മത്സരത്തിനുള്ള കരുത്തില്ലെങ്കിലും പാര്‍ട്ടി ആശയങ്ങള്‍ പരമാവധി ജനങ്ങളില്‍ എത്തിക്കാന്‍ പ്രചാരണം ഉപയോഗപ്പെടുത്തുകയായിരുന്നു. ദേശീയ നേതാക്കള്‍ ആരും തന്നെ പ്രചാരണത്തിന് എത്തിയില്ല. കോണ്‍ഗ്രസുമായി സൗഹൃദ മത്സരം മാത്രമാണിതെന്നും തെലങ്കാനയില്‍ നിന്ന് ചുവപ്പു മാഞ്ഞിട്ടില്ലെന്ന് കാണിക്കുന്നതിനാണ് ഈ പോരാട്ടമെന്നും നേതാക്കള്‍ പറയുന്നു.
മന്ത്രി കോമട്ടി റെഡ്ഡി വെങ്കിട്ടറെഡ്ഡി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഇവിടെ തെലങ്കാന പി.സി.സി. വൈസ് പ്രസിഡന്റ് ചാമല കിരണ്‍ കുമാര്‍ റെഡ്ഡിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. വെങ്കിട്ട റെഡ്ഡിയുടെ സഹോദരനും എം.എല്‍.എയുമായ രാജഗോപാല്‍ റെഡ്ഡിയുടെ ഭാര്യ ലക്ഷ്മിയെ തഴഞ്ഞിട്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ അടുപ്പക്കാരനായ കിരണ്‍കുമാര്‍ റെഡ്ഡിയെ സ്ഥാനാര്‍ഥിയാക്കിയത്. ബി.ആര്‍.എസ്. വിട്ടെത്തിയ നരസയ്യ ഗോഡാണ് ബി.ജെ.പി. സ്ഥാനാര്‍ഥി. ക്യാമ മല്ലേശമാണ് ബി.ആര്‍.എസ്. സ്ഥാനാര്‍ഥി.
'സംസ്ഥാന വിഭജനം തിരിച്ചടിയായി'
തെലങ്കാന സി.പി.എം. സംസ്ഥാന സെക്രട്ടറി തമ്മിനേനി വീരഭദ്രം പറയുന്നു...
ഒരു സീറ്റിലാണല്ലോ മത്സരിക്കുന്നത്. എന്താണ് പ്രതീക്ഷ ?
യാഥാര്‍ഥ്യ ബോധത്തോടെ തന്നെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതിനാല്‍ വലിയ പ്രതീക്ഷയുണ്ടെന്ന് പറയുന്നില്ല. രാഷ്ട്രീയ പോരാട്ടമാണിത്. പാര്‍ട്ടിയ്ക്കും പ്രവര്‍ത്തകര്‍ക്കും അനിവാര്യമായ മത്സരമാണ്.
പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാനുള്ള കാരണം ?
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുണ്ടായിരുന്ന മണ്ണായിരുന്നു ആന്ധ്രപ്രദേശ്. സംസ്ഥാനം രണ്ടായി വിഭജിക്കുന്നതിന് പാര്‍ട്ടി എതിരായിരുന്നു. തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. എന്നാല്‍ തെലങ്കാന സംസ്ഥാനം യാഥാര്‍ഥ്യമായോടെ അത് വലിയ തിരിച്ചടിയായി. ഇത് പാര്‍ട്ടിയെ ദുര്‍ബലമാക്കി.
ഒരു സീറ്റില്‍ കോണ്‍ഗ്രസിനോട് മത്സരിക്കുന്നു. മറ്റ് 16 സീറ്റുകളിലും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. എങ്ങനെ ഇതിനെ വിശദീകരിക്കുന്നു ?
വിശദീകരിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മത്സര രംഗത്ത് മാറി നിന്നുകൊണ്ട് പാര്‍ട്ടിയ്ക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. കോണ്‍ഗ്രസിന് ഒപ്പം നില്‍ക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്നതും യാഥാര്‍ഥ്യമാണ്. ബി.ജെ.പിയ്ക്ക് എതിരായ പോരാട്ടത്തില്‍ പിന്നോട്ടു പോകാന്‍ സാധിക്കാത്തതിനാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ആശയപരമായി ഒരിക്കലും കോണ്‍ഗ്രസുമായി യോജിക്കാന്‍ പറ്റില്ലെന്ന മനസിലാക്കി തന്നെയാണ് ഈ നിലപാട്.
സി.പി.ഐയുടെ പിന്തുണ സി.പി.എമ്മിനല്ല, കോണ്‍ഗ്രസിനാണ് ?
അതില്‍ അത്ഭുതമില്ല. നിയമസഭാ തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍ എല്ലാ പാര്‍ട്ടിയിലുമുള്ള ഇടതുപക്ഷ അനുകൂലികള്‍ സി.പി.എമ്മിന് വോട്ടുചെയ്യും.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിയാത്തത് നഷ്ടമായി കരുതുന്നില്ലേ ?
സീറ്റ് നല്‍കി സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസിന് അവരുടേതായ പരിമിതികളുണ്ട്. നിയമസഭയില്‍ വളരെ കുറച്ച് വോട്ടുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് നേടാനായത്. അതിനാല്‍ സീറ്റ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ക്കും സാധിക്കില്ല.
Content Highlights: cpm's only candidate from telangana mohammed jahangir in conversation with mathrubhumi correspondent
Published: 13 May 2024, 02:23 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented