ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 19ന് നടക്കുമ്പോള്‍ രാജ്യത്തെ 102 മണ്ഡലങ്ങളാണ് വിധിയെഴുതുക. 21 സംസ്ഥാനങ്ങള്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നുണ്ടെങ്കിലും തമിഴ്നാട് ഒന്നടങ്കമാണ് അന്നേദിവസം ബൂത്തിലെത്തുന്നത്. സംസ്ഥാനത്തെ 39 മണ്ഡലങ്ങളും 102-ല്‍ ഉള്‍പ്പെടുന്നു. റോഡ്‌ഷോയും റാലികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഹുല്‍ ഗാന്ധിയും ഇളക്കിമറിച്ച തമിഴകത്തിന്റെ ട്രാക്കില്‍ ആര് ഒന്നാമതെത്തുമെന്ന് ചിന്തിച്ച് തലപുകയ്‌ക്കേണ്ടി വരില്ല. എന്നാല്‍ ഒന്നാമന്റെ നിലവിലെ ട്രാക്ക് റെക്കോഡില്‍ എത്ര ഇടിവ് വരുമെന്നും രണ്ടാമന്‍ ആരാകുമെന്നുമാണ് കണ്ടറിയേണ്ടത്.

To advertise here,

ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ തവണ 39-ല്‍ കൈവിട്ട ഏകസീറ്റുംകൂടി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ മുന്നണിയുള്ളത്. 2019-ല്‍ ഒന്നിച്ച് മത്സരിച്ച മുഖ്യപ്രതിപക്ഷമായ എഐഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിച്ച് കരുത്ത് കാണിക്കാനിറങ്ങിയതോടെ ഇത്തവണ ത്രികോണ മത്സരമാണ് തമിഴകത്ത്. തേനി സീറ്റില്‍ മാത്രമാണ് 2019-ല്‍ എഐഎഡിഎംകെയ്ക്ക് വിജയിക്കാനായത്.

ജയലളിതയുടെ വിയോഗത്തോടെ ചിന്നിച്ചിതറിയ എഐഎഡിഎകെ ഇത്തവണ കാര്യമായ സഖ്യങ്ങളില്ലാതെയാണ് ഇറങ്ങുന്നത്. പാര്‍ട്ടിയുടെയും ഇപ്പോള്‍ അതിനെ നയിക്കുന്ന മുന്‍മുഖ്യമന്ത്രി പളനിസാമിക്കും അതിജീവന പോരാട്ടമാണ്. മറുഭാഗത്ത്‌ എഐഎഡിഎംകഎയുമായുള്ള സഖ്യം വിട്ട് ജീവന്മരണ പോരാട്ടത്തിലാണ് ബി.ജെ.പി.യും പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈയും.

സനാതനധര്‍മം മുതല്‍ കച്ചത്തീവ് ദ്വീപ് വിഷയംവരെ ഉയര്‍ത്തിക്കാട്ടി പ്രധാനപ്രതിപക്ഷത്തിന്റെ റോളില്‍ പ്രചാരണത്തിനിറങ്ങിയ ബിജെപിക്ക് ദ്രാവിഡ മണ്ണില്‍ കാലുറയ്ക്കുമോ എന്നതിന്റെ ജനവിധികൂടിയാണ് ഇത്തവണത്തേത്.

എഐഎഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിക്കുന്നത് പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുകയും അതിലൂടെ തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂറേക്കൂടി എളുപ്പമാകുമെന്നും ഡിഎംകെ കരുതുന്നു. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം അണ്ണാമലൈ തരംഗത്തിലൂടെ വന്‍നേട്ടം ഉണ്ടാക്കുമെന്നും ബിജെപി പ്രതീക്ഷപുലര്‍ത്തുന്നുണ്ട്.


സഖ്യങ്ങള്‍

ഇന്ത്യ മുന്നണി: ഡിഎംകെ നയിക്കുന്ന മുന്നണിയില്‍ എട്ട് പാര്‍ട്ടികളാണ് ഉള്ളത്. ഡിഎംകെ-22, കോണ്‍ഗ്രസ്-9, സിപിഎം-2, സിപിഐ-2, മുസ്ലിം ലീഗ്-1, വിടുതലൈ ചിരുതൈകള്‍ കച്ചി-2,
മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം-1, കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചി-1 എന്നീ പാര്‍ട്ടികളാണ് ആകെയുള്ള 39 സീറ്റുകളില്‍ മത്സരിക്കുന്നത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകവും കൊങ്ങുനാട് മക്കള്‍ ദേശീയ കച്ചിയും ഡിഎംകെ ചിഹ്നത്തിലാണ് മത്സരിക്കുക.

എഐഎഡിഎംകെ സഖ്യം: നാല് പാര്‍ട്ടികളാണ് എഐഎഡിഎംകെ സഖ്യത്തിലുള്ളത്. 34 സീറ്റുകളിലും എഐഎഡിഎംകെ മത്സരിക്കും. അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്ന മുര്‍പ്പോക്ക് ദ്രാവിഡ കഴകമാണ് സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷി. പുതിയ തമിഴകം പാര്‍ട്ടിയും എസ്ഡിപിഐയും സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഇരുപാര്‍ട്ടികളും എഐഎഡിഎംകെ ചിഹ്നത്തില്‍ ഓരോ സീറ്റില്‍ മത്സരിക്കും.

എന്‍ഡിഎ: 23 സീറ്റുകളില്‍ ബിജെപി മത്സരിക്കും. ബിജെപിയെ കൂടാതെ ഒമ്പത് മറ്റുപാര്‍ട്ടികള്‍ എന്‍ഡിഎയിലുണ്ട്. പട്ടാളി മക്കള്‍ കച്ചി-10, തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍)-3, ഒ.പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിലെ വിമത വിഭാഗം ഒരു സീറ്റില്‍ മത്സരിക്കും, ടിടിവി ദിനകരന്റെ നേതൃത്വത്തിലുള്ള അമ്മ മക്കള്‍ മുന്നേറ്റ കഴകം-2, ഇന്‍ഡ്യ ജനനായക കച്ചി-1, പുതിയ നീതി കച്ചി-1, തമിഴക മക്കള്‍ മുന്നേറ്റ കഴകം-1 എന്നിങ്ങനെയാണ് എന്‍ഡിഎയിലെ സീറ്റുവിഭജനം. എന്നാല്‍ ഒ.പനീര്‍ശെല്‍വം സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ ഓരോ സീറ്റില്‍ മത്സരിക്കുന്ന കക്ഷികളെല്ലാം ബിജെപിയുടെ താമര ചിഹ്നത്തിലാണ് ജനവിധി തേടുന്നത്.

തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായ വിഷയങ്ങള്‍

കേന്ദ്രംഭരിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഫെഡറലിസത്തിന് വെല്ലുവിളിയാണെന്ന് വാദം ഉയര്‍ത്തിക്കൊണ്ടായിരുന്നു തമിഴ്നാട്ടില്‍ ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണം. ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കെതിരാണ് ബിജെപി, തമിഴ് ജനതയെ മാംസാഹാരം കഴിക്കാന്‍ അനുവദിക്കാത്ത സവര്‍ണ്ണ പാര്‍ട്ടിയാണ് ബിജെപി, തമിഴ്‌നാട് പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് കുറച്ചു. തമിഴ്ഭാഷയെ ബിജെപി ഇല്ലാതാക്കും തുടങ്ങിയ വിഷയങ്ങളാണ് ഇന്ത്യ മുന്നണി പ്രധാനമായും തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയത്.

placeholder
പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച ചെങ്കോലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:ANI

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ ഉയര്‍ത്തിയ സനാതന ധര്‍മം മുതല്‍ കച്ചത്തീവ് ദ്വീപ് വിഷയം അടക്കമുള്ള അടവുകള്‍ പലതും ബിജെപി തമിഴ്നാട്ടില്‍ പയറ്റിയിട്ടുണ്ട്‌. ഡി.എം.കെ. ഫയല്‍സ് എന്നപേരില്‍ ഭരണപക്ഷത്തെ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ തമിഴകരാഷ്ട്രീയത്തില്‍ ചര്‍ച്ചാ വിഷയമായി. തമിഴ് ജനതയുടെ വിശ്വാസംനേടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പല ഘട്ടങ്ങളിലായി നീക്കങ്ങള്‍ നടത്തുകയുണ്ടായി.

പുതിയ പാര്‍ലമെന്റില്‍ സ്ഥാപിച്ച സ്വര്‍ണ ചെങ്കോല്‍ തമിഴകത്തെ ഒരു വിഭാഗത്തിന്റെ മനസിലേക്ക് കുടിയേറാനുള്ള താക്കോലാണെന്ന് നിരീക്ഷണമുണ്ടായിരുന്നു. പിന്നാലെ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മം സംബന്ധിച്ച പരാമര്‍ശത്തില്‍ തൂങ്ങിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഏറ്റവും ഒടുവിലായിട്ടാണ് പ്രധാനമന്ത്രി തന്നെ കച്ചത്തീവ് വിഷയം എടുത്തിട്ടത്. ഇതിനിടെ എഐ ഉപയോഗിച്ച്ഹിന്ദിയിലെ പ്രസംഗം തമിഴിലേക്ക് മാറ്റി പ്രചരിപ്പിക്കുകയും തമിഴ് ചാനലുകള്‍ക്ക് പ്രത്യേക അഭിമുഖം നല്‍കിയതും പ്രധാനമന്ത്രിക്ക് തമിഴ് മണ്ണിനോടുള്ള താത്പര്യം പ്രകടമാക്കുന്നു.


അണ്ണമലൈ ബിജെപിക്ക് സര്‍പ്രൈസ് നല്‍കുമോ

വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഇതിനിടയിലാണ് സുവര്‍ണാവസരമായി ജയലളിതയുടെ വിയോഗമുണ്ടായത്. ആദ്യം സൂപ്പര്‍ താരം രജനീകാന്തിനെ കളത്തിലിറക്കാന്‍ ശ്രമം നടത്തി,പക്ഷേ പാളി. പിന്നീട് ജയലളിതയുടെ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പ് അവസരമാക്കാന്‍ നോക്കി. എന്നാല്‍ അതിലൂടെ കാര്യമായി നേട്ടമുണ്ടാക്കാനായില്ല.

ഇതിനിടയിലാണ് കര്‍ണാടക പോലീസിലെ സിങ്കം എന്നപേരില്‍ പേരെടുത്ത ഐപിഎസുകാരന്‍ തമിഴ് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. 2019-ല്‍ ജോലി ഉപേക്ഷിച്ച് അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നു.ഇതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

placeholder
അണ്ണാമലൈ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, സമീപം ധനമന്ത്രി നിര്‍മലാ സീതാരാമന്‍ |ഫോട്ടോ:ANI

പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ത്തന്നെ അണ്ണാമലൈക്ക് വൈസ് പ്രസിഡന്റ് പദവി ലഭിച്ചു, എല്‍. മുരുകന്‍ കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷപദവി തേടിയെത്തി. അണ്ണാമലൈയിലെ ക്ഷുഭിതയൗവനം അതിവേഗം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ശ്രദ്ധപിടിച്ചുപറ്റി. സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെ.യെ പ്രകോപിപ്പിച്ചുകൊണ്ടായിരുന്നു തുടക്കംമുതല്‍ പ്രവര്‍ത്തനം. അണ്ണാ ഡി.എം.കെ.യുടെ തണലില്‍നിന്നുകൊണ്ട് പാര്‍ട്ടിക്കു വളരാന്‍ സാധിക്കില്ലെന്ന് ദേശീയനേതൃത്വത്തെ വിശ്വസിപ്പിക്കാന്‍ അണ്ണാമലൈക്കു സാധിച്ചു.

ഡി.എം.കെ. സര്‍ക്കാരിനെതിരേ തുടര്‍ച്ചയായ അഴിമതിയാരോപണങ്ങളിലൂടെ തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷം ബി.ജെ.പി.യാണെന്നു സ്ഥാപിക്കാനുള്ള അണ്ണാമലൈയുടെ നീക്കങ്ങളുടെ അപകടം എടപ്പാടി പളനിസ്വാമിയും കൂട്ടരും തിരിച്ചറിഞ്ഞു. അണ്ണാദുരൈയെയും ജയലളിതയെയും കുറിച്ചുള്ള അണ്ണാമലൈയുടെ പരാമര്‍ശങ്ങളുടെപേരില്‍ ബി.ജെ.പി.യുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പളനിസ്വാമി തീരുമാനിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയാകുകയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥനാര്‍ഥിയാകുന്നതില്‍ നിന്ന് മാറിനില്‍ക്കാന്‍ അണ്ണാമലൈ ശ്രമം നടത്തിയിരുന്നെങ്കിലും ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന്റെ സമര്‍ദ്ദത്തില്‍ കോയമ്പത്തൂരില്‍ പോരിനിറങ്ങിയിരിക്കുകയാണ് അദ്ദേഹം.

തമിഴ്‌നാട്ടില്‍ തീപാറും പോരാട്ടങ്ങള്‍

കോയമ്പത്തൂര്‍

അണ്ണമലൈയുടെ സ്ഥാനാര്‍ഥിത്വത്തോടെ ബി.ജെ.പി.ക്കും ഡിഎംകെയ്ക്കും ഒരുപോലെ അഭിമാനപ്പോരാട്ടമാറിയിട്ടുണ്ട് കോയമ്പത്തൂര്‍.  2019 തിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യകക്ഷിയായ സി.പി.എം. വിജയിച്ച ഇടമാണ് കോയമ്പത്തൂര്‍. എന്നാല്‍, ഇത്തവണ സി.പി.എമ്മിന് ദിണ്ടിഗല്‍ സീറ്റുനല്‍കി ഡി.എം.കെ. കോയമ്പത്തൂരില്‍ മുന്‍മേയര്‍ ഗണപതി രാജ്കുമാറിനെ കളത്തിലിറക്കിയിരിക്കുകയാണ്. അണ്ണാമലൈ സ്ഥാനാര്‍ഥിയായി എത്തുമെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ഡിഎംകെ സീറ്റ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 1.79 ലക്ഷം വോട്ടുകള്‍ക്കായിരുന്നു 2019-ല്‍ സിപിഎമ്മിന്റെ പി.ആര്‍.നടരാജന്‍ ഇവിടെ നിന്ന് വിജയിച്ചുകയറിയത്. എഐഡിഎംകെയുമായി സഖ്യമുണ്ടായിരുന്ന ബിജെപിക്കായി അന്ന് സി.പി.രാധാകൃഷ്ണനാണ് മത്സരിച്ചിരുന്നത്. ഇത്തവണ സഖ്യംവിട്ട് മത്സിക്കുമ്പോള്‍ അണ്ണാമലൈക്ക് വിജയിച്ചുകയറാനാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

placeholder
കോയമ്പത്തൂരില്‍ പ്രചാരണത്തിനിടെ എംകെ സ്റ്റാലിനും രാഹുല്‍ ഗാന്ധിയും |ഫോട്ടോ:AFP

യുവജനങ്ങളുടെ വോട്ടുകളിലാണ് അണ്ണാമലൈ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ പ്രമുഖനേതാക്കള്‍ സജീവമായി പ്രചാരണത്തിനിറങ്ങിയതും തുണയാകുമെന്ന് അണ്ണാമലൈ പ്രതീക്ഷിക്കുന്നു. ബിജെപിക്ക് ബാലികേറാമലയല്ല കോയമ്പത്തൂരെന്ന് ചരിത്രം പറയുന്നുണ്ട്.

1998ല്‍ എല്‍.കെ. അദ്വാനിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സ്ഫോടനങ്ങള്‍ക്കു പിന്നാലെ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോയമ്പത്തൂര്‍ ബി.ജെ.പി.ക്ക് അനുകൂല തരംഗമുണ്ടാക്കിയിരുന്നു. 1998-ലും 1999-ലും ബി.ജെ.പി.യുടെ സി.പി. രാധാകൃഷ്ണന്‍ കോയമ്പത്തൂരില്‍നിന്ന് വിജയിച്ചു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ വാനതി ശ്രീനിവാസന്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെ പരാജയപ്പെടുത്തിയതും കോയമ്പത്തൂരില്‍ ബി.ജെ.പി.യുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി സിങ്കൈ രാമചന്ദ്രനും ജനകീയനാണ്. പാര്‍ട്ടിയുടെ ഐ.ടി. വിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം.

കന്യാകുമാരി

തമിഴ്‌നാട്ടില്‍ കനത്ത പോരാട്ടം നടക്കന്ന മറ്റൊരു മണ്ഡലമാണ് കന്യാകുമാരി. സംസ്ഥാനത്ത് ബിജെപി ഏറ്റവുംകൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലംകൂടിയാണിത്. പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെയും നിറസാന്നിധ്യം മണ്ഡലത്തിലുണ്ടായിരുന്നു. രാജ്യത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന മണ്ഡലത്തില്‍ മതസാമുദായിക സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാണ്. 

placeholder
കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണനൊപ്പം പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി  |ഫോട്ടോ:PTI

കോണ്‍ഗ്രസിനായി സിറ്റിങ് എംപി വിജയ് വസന്താണ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാനത്തെ അവരുടെ മുതിര്‍ന്ന നേതാവായ പൊന്‍ രാധകൃഷ്ണനെ ഇത്തവണയും കളത്തിലിറക്കിയിരിക്കുന്നു. ബേസ്‌ലിയന്‍ നസ്രത്താണ് എഐഡിഎംകെ പ്രതിനിധി. മണ്ഡലത്തില്‍ 51 ശതമാനത്തോളം ക്രിസ്ത്യന്‍-മുസ്ലിം വോട്ടര്‍മാര്‍രാണ്. നാടാര്‍, നായര്‍, വെള്ളാളര്‍ സമുദായങ്ങളും മണ്ഡലത്തില്‍ നിര്‍ണായക ഘടകമാണ്. 1980-ലെ കലാപത്തിന് ശേഷം മണ്ഡലത്തില്‍ വര്‍ഗീയ ധ്രുവീകരണം പ്രകടമാണ്. മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ മൂന്നിടത്ത് കോണ്‍ഗ്രസും ഒരോ മണ്ഡലത്തില്‍ ബിജെപിയും എഐഡിഎംകെയും ഡിഎംകെയുമായിരുന്നു. എന്നാല്‍ വിളവന്‍കോട് മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു എസ്.വിജയധരണി അടുത്തിടെ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഈ നിയമസഭാ മണ്ഡത്തില്‍ ഉപതിരഞ്ഞെടുപ്പ് കൂടി നടക്കുന്നുണ്ട്.

പൊന്‍ രാധാകൃഷ്ണന്‍ 1999-ലും 2014-ലും കന്യാകുമാരിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടുതവണയും അദ്ദേഹം രണ്ടാം സ്ഥാനത്തായി. ഇത്തവണ കാര്യമായ സഖ്യമില്ലാതെ മത്സരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടിയാകും ലഭിക്കുക എന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. എന്നാല്‍ 2014 എഐഎഡിഎംകെ സഖ്യമില്ലാതെയാണ് പൊന്‍രാധാകൃഷ്ണന്‍ ഇവിടെ വിജയിച്ചത് എന്നതും ശ്രദ്ധേയമാണ്.

തേനി

2019-ല്‍ ഡിഎംകെ മുന്നണിക്ക് നഷ്ടമായ സംസ്ഥാനത്തെ ഏക സീറ്റായിരുന്നു തേനി. കോണ്‍ഗ്രസിലെ ഇവികെഎസ് ഇളങ്കോവന്‍ എഐഎഡിഎംകെയുടെ പി.രവീന്ദ്രനാഥിനോടാണ് പരാജയപ്പെട്ടത്. ഇത്തവണ കോണ്‍ഗ്രസില്‍ നിന്ന് തേനി ഡിഎംകെ ഏറ്റെടുത്തിട്ടുണ്ട്. മണ്ഡലം പിടിക്കാന്‍ ആണ്ടിപ്പട്ടി എംഎല്‍എ തങ്കതമിഴ് സെല്‍വനെയാണ് ഡിഎംകെ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ബിജെപി ആശീര്‍വാദത്തോടെ ടി.ടി.വി.ദിനകരനും എഐഎഡിഎംകെ വി.ടി.നാരായണസ്വാമിയേയും ഇറക്കിയതോടെ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ദിനകരനൊപ്പം എഐഎഡിഎംകെയിലായിരുന്നു തങ്കതമിഴ് സെല്‍വനും. പിന്നീട് ദിനകരന്റെ എഎംഎംകെയില്‍ ചേര്‍ന്ന സെല്‍വന്‍ 2019-ലാണ് ഡിഎംകെയില്‍ എത്തിയത്. 

placeholder
തേനിയില്‍ തങ്കതമിഴ് സെല്‍വനായി ഉദയനിധി സ്റ്റാലിന്‍ പ്രചാരണത്തിനിറങ്ങിയപ്പോള്‍  |ഫോട്ടോ:PTI

സിറ്റിങ് എംപിയായ പി.രവീന്ദ്രനാഥ് എഐഎഡിഎംകെ വിമതനായ ഒ.പനീര്‍ ശെല്‍വത്തിന്റെ മകനാണ്. രവീന്ദ്രനാഥിനെ മാറ്റിയാണ് തങ്ങളുടെ പ്രധാന ശക്തികേന്ദ്രമായ മണ്ഡലത്തില്‍ എഐഎഡിഎംകെ വി.ടി.നാരായണസ്വാമിയെ കളത്തിലിറക്കിയിരിക്കുന്നത്.

രാമനാഥപുരം

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ശ്രദ്ധപിടിച്ചു പറ്റിയ മണ്ഡലമാണ് രാമനാഥപുരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മണ്ഡലത്തില്‍ മത്സരിക്കുമെന്ന അഭ്യൂഹമാണ് അത്തരമൊരു ശ്രദ്ധനേടലിന് പിന്നില്‍. തിരഞ്ഞെടുപ്പിനുമുമ്പ് ഏറ്റവുമധികം ശ്രദ്ധിച്ചിരുന്ന മണ്ഡലത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അത്ര ആവേശമില്ല. അപ്രതീക്ഷിതമായി മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം (ഒ.പി.എസ്.) സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിച്ചതോടെ എന്‍ഡിഎ ഈ സീറ്റില്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.

placeholder
സ്വതന്ത്രനായി മത്സരിക്കുന്ന ഒ.പനീശെല്‍വത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടുന്ന ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ |ഫോട്ടോ:ANI

സിറ്റിങ് എം.പി. മുസ്ലിം ലീഗിന്റെ നവാസ് കനിയാണ് ഇന്ത്യസഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഡി.എം.കെ. വിട്ടെത്തിയ ജയപെരുമാളാണ് അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി. രാമനാഥപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ സീറ്റുകളും ഇന്ത്യസഖ്യത്തിന്റെ കൈവശമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കണക്കുകള്‍ അനുകൂലമാണെന്നതും നവാസ് കനിക്ക് ആത്മവിശ്വാസം നല്‍കുന്നു.

സ്വതന്ത്രനായി ചക്ക ചിഹ്നത്തില്‍ മത്സരിക്കുന്ന പനീര്‍ശെല്‍വത്തിന് അഞ്ച് അപരന്മാരെ നേരിടേണ്ടി വരുന്നവെന്നതും മറ്റൊരു പ്രധാനവെല്ലുവിളിയാണ്. നാല് ഒ. പനീര്‍ശല്‍വന്മാരും ഒരു എം. പനീര്‍ശെല്‍വവുമാണ് സാക്ഷാല്‍ ഒ.പി.എസിന് ഭീഷണി.