ഹിന്ദുത്വ ശക്തികൾക്ക് ഇന്നും കടന്നുകയറാനാകാത്ത ദ്രാവി‍ഡക്കോട്ടയായി തന്നെ തമിഴകം തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ളവർ ഒരു കൈനോക്കാൻ രം​ഗത്തെത്തിയെങ്കിലും തമിഴ്നാട് കുലുങ്ങിയില്ല. ഡി.എം.കെ.യുടെ കരുത്തിൽ സംസ്ഥാനത്തെ 39 സീറ്റുകൾ പൂർണമായും ഇന്ത്യാ സഖ്യം തൂത്തുവാരി.

To advertise here,

സഖ്യനഷ്ടം

ലോക്​​സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ബി.ജെ.പി അണ്ണാ ഡി.എം.കെ.യുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകുന്നത്. അണ്ണാമലൈയെ സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ് അവർ പുറത്തിറങ്ങിയത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ദൗത്യത്തിന് കൂടെ ക്ഷീണമുണ്ടാക്കി. അന്ന് അത് പടക്കം പൊട്ടിച്ച് ആഘോഷിച്ചെങ്കിലും ഇന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഇരുപാർട്ടികളുടേയും ബാലറ്റിൽ നഷ്ടക്കണക്കുകൾ മാത്രം. 

ഇത് ആദ്യമായിരുന്നില്ല അണ്ണാ ഡി.എം.കെ.യുമായി ബി.ജെ.പി സഖ്യത്തിലാകുന്നത്. ജയലളിതയുടെ കാലത്ത് 1998-ൽ ഇരുപാർട്ടികളും ഒന്നിച്ചെങ്കിലും അതിന് ഒരു വർഷമേ ആയുസ്സുണ്ടായിരുന്നുള്ളൂ.  2004-ൽ വീണ്ടും യോജിച്ചെങ്കിലും വൈകാതെ പിരിഞ്ഞു. പിന്നീട് വർഷങ്ങൾക്കുശേഷം ജയലളിതയുടെ മരണശേഷം 2019-ലെ ലോക്​​സഭാ തിരഞ്ഞെടുപ്പിനുമുമ്പാണ് പുനഃസ്ഥാപിച്ച സഖ്യമാണ് 2023-ൽ ബി.ജെ.പി സംസ്ഥാന സഖ്യവുമായുള്ള ഭിന്നത രൂക്ഷമായതോടെ രണ്ട് വഴിക്ക് പിരിഞ്ഞത്.

ജയലളിതയുടെ മരണത്തോടെ ആടിയുലഞ്ഞ് നിൽക്കുന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം തുടർതോൽവികൾ ഇരട്ടപ്രഹരമാണ്. വ്യക്തമായൊരു മുന്നണിയുടെ ഭാ​ഗമാകാതെ പോയതാണ് അണ്ണാ ഡി.എം.കെയെ തിരിച്ചടിച്ചത്. ലോക്​​സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരാനാകുമെന്ന് കരുതിയ പാർട്ടിക്ക് ആകെയുണ്ടായിരുന്ന തേനിയും 2024-ൽ നഷ്ടമായി. പ്രധാന എതിരാളികളായ ഡി.എം.കെ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് സംസ്ഥാനം കീഴടക്കുമ്പോൾ നോക്കുകുത്തിയാകാനേ ഇന്നത്തെ അണ്ണാ ഡി.എം.കെയ്ക്ക് സാധിക്കുന്നുള്ളൂ. 

ഒരു കാലത്ത് സംസ്ഥാനത്തെ വൻ ശക്തിയായിരുന്ന പാർട്ടി ചിത്രത്തിൽ നിന്നും പുറത്തുപോകേണ്ട നിലയുണ്ടാകുമോ എന്ന ഭയവും അണ്ണാ ഡി.എം.കെ. നേതൃത്വത്തെ അലട്ടുന്നുണ്ട്. ഡി.എം.കെയുടെ മുന്നോട്ടുപോക്കിൽ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി ഉയർന്നുവരുന്ന സാഹചര്യമുണ്ടായാൽ അണ്ണാമലൈയെ തടയാനാകുമോ എന്നത് സംശയമാണ്. സ്റ്റാലിന് ശേഷം ഉദയനിധിയിലേക്ക് ഡി.എം.കെ.യും നേതൃമാറ്റം സംഭവിച്ചാൽ സ്വാഭാവികമായും പിന്നീടുള്ള രാഷ്ട്രീയപ്പോര് അണ്ണാമലൈയും ഉദയനിധിയും തമ്മിലാണന്നേ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കരുതാനാകൂ.

ഇടതിന്റെ തുരുത്ത്

രാജ്യത്തെങ്ങും ഇടതുകോട്ടകൾ തകർന്ന 2019-ൽ ഇടതിന്റെ ആശ്വാസത്തുരുത്തായിരുന്നു തമിഴ്നാട്. സംസ്ഥാനത്ത് നിന്നും മത്സരിച്ച നാല് മണ്ഡലങ്ങളും അന്ന് ചുവന്നു. ഡി.എം.കെയുടെ കരുത്തിൽ ഇത്തവണയും ചരിത്രം ആവർത്തിച്ചു. മത്സരിച്ച നാല് മണ്ഡലങ്ങളിൽനിന്നും ഇടതുസ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിന് പാർലമെന്റിലേക്ക് ജയിച്ചുകയറി. 

ശക്തമായ ത്രികോണ മത്സരത്തിനുള്ള സാധ്യത വിലയിരുത്തപ്പെട്ട മണ്ഡലമായിരുന്നു മധുര. സി.പി.എമ്മിന് ഏറ്റവും വേരോട്ടമുള്ള മണ്ഡലമായ മധുരയിൽ നിന്ന് സിറ്റിങ് എം.പി. എസ്. വെങ്കിടേശൻ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്കാണ് മണ്ഡലം പിടിച്ചെടുത്തത്. അണ്ണാ ഡി.എം.കെ.യുടെ പി. ശരവണൻ, ബി.ജെ.പി.യുടെ പ്രൊഫ. രാമശ്രീനിവാസൻ എന്നിവരെ ബഹുദൂരം പിന്നിലാക്കിയായിരുന്നു വെങ്കിടേശന്റെ തേരോട്ടം. 2019-ൽ അണ്ണാ ഡി.എം.കെ.യിലെ വി.വി.ആർ. രാജ് സത്യനെ 1,39,395 വോട്ടിനാണ് പരാജയപ്പെടുത്തിയ വെങ്കിടേശൻ മണ്ഡലത്തിൽ ഇത്തവണ സ്വന്തം ഭൂരിപക്ഷം ക്രമാതീതമായി വർധിപ്പിച്ചു. 

placeholder
സു വെങ്കിടേശന് വേണ്ടി പ്രചരണത്തിനെത്തിയ കമൽ ഹാസ്സൻ | Photo: PTI

കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിന് വിജയിച്ച കോയമ്പത്തൂർ പക്ഷേ ഇത്തവണ ഇടതിന് ലഭിച്ചില്ല. പകരം, ഏറ്റവും സുരക്ഷിതമായ ദിണ്ടിഗൽ തന്നെ ഡി.എം.കെ സി.പി.എമ്മിന് നൽകി. 2019-ൽ അഞ്ച് ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് ഡി.എം.കെ സ്ഥാനാർഥി ജയിച്ച മണ്ഡലത്തിൽ നിന്നും ഇത്തവണ 4,43,821 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഇടതുസ്ഥാനാർഥി ജയിച്ചുകയറി. സി.പി.എം. ജില്ലാ സെക്രട്ടറി ആർ. സച്ചിദാനന്ദമാണ് ഇത്തവണ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയത്. അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായ എസ്.ഡി.പി.ഐ.ക്കുവേണ്ടി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് മുബാറക്, എൻ.ഡി.എ. മുന്നണിക്കായി പാട്ടാളി മക്കൾ കക്ഷിയുടെ തിലകഭാമ എന്നിവരായിരുന്നു എതിരാളികൾ. 

സി.പി.ഐ.യുടെ ഉരുക്കുകോട്ടയാണ് തീരദേശ ജില്ലയായ നാഗപട്ടണം. മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ തിരുവാരൂർ ജില്ലാ സെക്രട്ടറി വി. ശെൽവരാജ് ഇത്തവണ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് മണ്ഡലം സ്വന്തമാക്കി. അണ്ണാ ഡി.എം.കെ.യിലെ ജി. സുർജിത്ത് ശങ്കറും ബി.ജെ.പി.യിലെ എസ്.ജി.എം. രമേഷും രംഗത്തിറങ്ങിയെങ്കിലും ശെൽവരാജിന് ഭദ്രമായിരുന്നു നാ​ഗപട്ടണം. ഏഴുതവണ നാ​ഗപട്ടണത്ത് നിന്നും വിജയിച്ചുകയറിയ ചരിത്രമുണ്ട് സി.പിഐക്ക് മണ്ഡലത്തിൽ. തിരുപ്പൂരാണ് ഇടതിനെ കാത്ത മറ്റൊരു മണ്ഡലം. സിറ്റിങ് എം.പി. കെ. സുബ്ബരായൻതന്നെ വീണ്ടും ജനവിധി തേടിയ മണ്ഡലത്തിൽ 1.25 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് കെ. സുബ്ബരായൻ ജയിച്ചു. 

2019-ൽ ഇടതുപാർട്ടികളുടെ മാനം കാത്ത ചരിത്രം ഇത്തവണയും തമിഴകം ആവർത്തിച്ചു. ലോക്​സഭയിൽ ഒരു എം.പിപോലും ഇല്ലാതെ തകർന്നേക്കാവുന്ന നിലയിൽ നിന്നും മത്സരിച്ച രണ്ടിടത്തും സി.പി.ഐ. സ്ഥാനാർഥികളെ 2019-ൽ തമിഴ് ജനത വിജയിപ്പിച്ചു. വ്യക്തമായ ആധിപത്യത്തോടെ രണ്ട് സീറ്റുകളും ഇത്തവണയും ഭദ്രം. സി.പി.എമ്മിന്റെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ഏറെ പ്രതീക്ഷയർപ്പിച്ച കേരളത്തിൽ മത്സരിച്ച 16 സീറ്റുകളിൽ ഒരെണ്ണം മാത്രം സി.പി.എമ്മിനൊപ്പം നിന്നപ്പോൾ തമിഴ്​നാട്ടിലെ ദിണ്ടിഗൽ, മധുര മണ്ഡലങ്ങളിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ തന്നെ സി.പി.എം സ്ഥാനാർഥികൾ ഡൽഹിയിലേക്ക് വണ്ടികയറി.

അണ്ണാമലൈ വെയ്റ്റിങ് ലിസ്റ്റിൽ

ഐ.പി.എസ് ഉപേക്ഷിച്ച് ബി.ജെ.പിയിലെത്തിയ കെ. അണ്ണാമലൈയുടെ വളർച്ച അതിവേഗമായിരുന്നു. വിജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യംവച്ചല്ലായിരുന്നു അരതല മുറുക്കി അണ്ണാമലൈ മത്സരരംഗത്തിറങ്ങിയത്. തമിഴ്നാടിനുപുറത്തും ബി.ജെ.പി പ്രവർത്തകർക്കിടയിൽ അണ്ണാമലൈ ജനപ്രിയനായി. തമിഴകത്തിന്റെ മനസ്സിലേക്ക് ബി.ജെ.പി പോലെയൊരു ഹിന്ദി ലേബലുളള പാർട്ടിയ്ക്ക് ഒരു കാരണവശാലും കടന്നുവരാനാകില്ലെന്ന ചിന്തയെ അണ്ണാമലൈ മാറ്റിമറച്ചു. സ്റ്റാലിനെതിരെ നിരന്തരം ആരോപണം ഉന്നയിച്ചു. ഡി.എം.കെയ്ക്കെതിരെ മുഖ്യപ്രതിപക്ഷമായി വളരാൻ പോലും കെൽപ്പുള്ള പാർട്ടിയായി ബി.ജെ.പി മാറിയെന്നുള്ള പ്രതീതി സൃഷ്ടിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

placeholder
പ്രധാനമന്ത്രി മോദിയോടൊപ്പം അണ്ണാമലൈ | Photo: ANI

അണ്ണാമലൈയുടെ സ്ഥാനാർഥിത്വത്തോടെയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം വരെ ഉറ്റുനോക്കുന്ന തലത്തിലേക്ക് കോയമ്പത്തൂർ മണ്ഡലം മാറുന്നത്. ഇതേ സ്ഥാനാർഥിത്വത്തിന്റെ പേരിൽ തന്നെയാണ് മണ്ഡലം എന്ത് വിലകൊടുത്തും സ്വന്തമാക്കണമെന്ന ലക്ഷ്യത്തിലേക്ക് ഡി.എം.കെ പ്രചാരണം ആരംഭിച്ചതും. 2019 തിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യകക്ഷിയായ സി.പി.എം. വിജയിച്ച ഇടമാണ് കോയമ്പത്തൂർ. എന്നാൽ, ഇത്തവണ സി.പി.എമ്മിന് ദിണ്ടിഗൽ സീറ്റുനൽകി ഗണപതി രാജ്​കുമാറിനെ ഡി.എം.കെ. കളത്തിലിറക്കിയതിന് പിന്നിലും ഇതേ വാശിയായിരുന്നു. 

എന്നാൽ, ഇതൊന്നും മതിയായിരുന്നില്ല കോയമ്പത്തൂരിൽ നിന്ന് ഡെൽഹിയിലെത്താൻ. ഡി.എം.കെയുടെ മുൻമേയർ ഗണപതി രാജ്​കുമാറിനോട് 1,18,068 വോട്ടുകൾക്കായിരുന്നു അണ്ണാമലൈയുടെ പരാജയം. പ്രധാനമന്ത്രിയെ നേരിട്ട് കളത്തിലിറക്കിയുള്ള പ്രചാരണത്തിലും യുവ വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചായിരുന്നു അണ്ണാമലൈ മുന്നോട്ട് പോയത്. 

2019-ൽ കോയമ്പത്തൂരിൽ അണ്ണാ ഡി.എം.കെയുമൊത്ത് മത്സരിച്ചപ്പോൾ 31.3 ശതമാനമായിരുന്നു മണ്ഡലത്തിൽ അവരുടെ വോട്ട് വിഹിതം. ഇത്തവണ അണ്ണാമലൈ രം​ഗത്തിറക്കി കൊടികുത്തിയുള്ള പ്രചാരണം നടത്തി ബി.ജെ.പി വഴിയൊരുക്കിയെങ്കിലും വോട്ടുവിഹിതം 32.7 ശതമാനത്തിലൊതുങ്ങി. 2014-ൽ ഇതേ മണ്ഡലത്തിൽ ഒറ്റയ്ക്ക് മത്സരിച്ച് ബി.ജെ.പിയ്ക്ക് 33.1 ശതമാനം വോട്ട് വിഹിതമുണ്ടെന്നതും നാം ഓർക്കേണ്ടതുണ്ട്. 

സഖ്യത്തിന് ബലമേകാൻ തമിഴ്നാട്ടിൽ നിന്നൊരു എം.പിയെ നൽകാൻ സാധിച്ചില്ലെങ്കിലും അങ്ങിനെ തള്ളിക്കളയാൻ സാധിക്കുന്നതല്ല ബി.ജെ.പിയുടെ സംസ്ഥാനത്തെ നേട്ടങ്ങളെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 23 മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടിയ എൻ.ഡി.എ സഖ്യത്തിന് 12 ഇടത്ത് രണ്ടാമതെത്താനായി എന്നത് നേതൃത്വത്തിന് മുന്നിൽ അണ്ണാമലൈയ്ക്ക് ഉയർത്തിക്കാണിക്കാനാകുന്നതാണ്. മുഖ്യധാര ദ്രാവിഡ പാർട്ടികളൊന്നും ഒപ്പമില്ലാതെ 11.24 ശതമാനം വോട്ടുവിഹിതം നേടിയതും നേട്ടമാണ്. ദേശീയ നേതാക്കൾ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകിയതിന്റെ ഫലമാണ് പി.എം.കെയുമായി ചേർന്ന് മത്സരിച്ച ബി.ജെ.പി.ക്ക് വോട്ടുവിഹിതം വർധിപ്പിക്കാനായത്. ഒമ്പത് സീറ്റുകളിൽ വിജയിച്ച കോൺ​ഗ്രസിന് സംസ്ഥാനത്ത് 10.67 ശതമാനം മാത്രം വോട്ട് വിഹിതമുള്ള സാഹചര്യത്തിലാണ് ബി.ജെ.പിയുടെ ഈ വളർച്ച നിർണായകമാകുന്നത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിലും 2029 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒഴിച്ചുകൂടാനാകാത്ത ശക്തിയായി തങ്ങൾ വളർന്നേക്കാമെന്നതിന്റെ സൂചനകൂടി നൽകുന്നുണ്ട് തിരിച്ചടികൾക്കിടയിലും ബി.ജെ.പി

തൂത്തുക്കുടിയിലെ വിജയ​ഗാഥ

അപ്രതീക്ഷതിമായതൊന്നും തൂത്തുക്കുടിയിൽ സംഭവിച്ചില്ല. മണ്ഡലത്തിൽ രണ്ടാം അങ്കത്തിനിറങ്ങിയ ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി 3,92,738 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം സ്വന്തമാക്കി. മുമ്പ് രണ്ടുതവണ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന കനിമൊഴി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്ന തമിഴിസൈ സൗന്ദർരാജനെ മൂന്നര ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചാണ് ആദ്യമായി കനിമൊഴി പാർലമെന്റിലെത്തുന്നത്. അണ്ണാ ഡി.എം.കെ.യുമായി സഖ്യത്തിലായിരുന്നു അന്ന് ബി.ജെ.പി മത്സരിച്ചതെന്നും നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. പിന്നീട്, പാർലമെന്റിലെ തീപ്പൊരി പ്രസംഗങ്ങൾകൊണ്ടും മണ്ഡലത്തിലെ പ്രവർത്തനങ്ങളാലും കനിമൊഴി ജനപ്രിയയായി.

തമിഴകത്തിന്റെ പാർലമെന്റിലെ ശബ്ദമായിക്കൂടെ കനിമൊഴിയെ ജനങ്ങൾ കണ്ടു. കേന്ദ്രസർക്കാർ പദ്ധതികൾക്ക് ഹിന്ദിയിൽ പേരിടുന്നതിനെ കണക്കിന് പരിഹസിക്കുന്ന കനിമൊഴി വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഭാഷയുടെ പേരിൽ അതിർവരമ്പുകൾ സൃഷ്ടിക്കുന്ന ഇന്നിന്റെ രാഷ്ട്രീയത്തിനെതിരായ ശബ്ദം കൂടിയായി മാറിയിരുന്നു അന്ന് കനിമൊഴി.

placeholder
കനിമൊഴി | Photo: PTI

മോദി നേരിട്ട് പ്രചാരണത്തിനിറങ്ങിയ കന്യാകുമാരി

കോയമ്പത്തൂരിന് ശേഷം ബി.ജെ.പി ഏറെ പ്രതീക്ഷ വച്ച മണ്ഡലങ്ങളിലൊന്നായിരുന്നു കന്യാകുമാരി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും മണ്ഡലത്തിൽ നേരിട്ട് പ്രചാരണത്തിനിറങ്ങി. 1999-ലും 2014-ലും കന്യാകുമാരിയിൽ നിന്ന് ബിജെപി ടിക്കറ്റിൽ ലോക്‌സഭയിലേക്കെത്തിയ പൊൻ രാധാകൃഷ്ണനെ തന്നെ ഇത്തവണയും പാർട്ടി രംഗത്തിറക്കി. എന്നാൽ, കണക്കുകൂട്ടലുകൾ പിഴച്ചു. മണ്ഡലത്തിൽ നിന്നും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പൊൻ രാധാകൃഷ്ണനെ പരാജയപ്പെടുത്തി കോൺ​ഗ്രസിന്റെ വിജയകുമാർ കന്യാകുമാരി സ്വന്തമാക്കി. 

തമിഴിസൈയുടെ തുടർതോൽവി

തെലങ്കാന മുൻ ഗവർണർ തമിഴിസൈ സൗന്ദർരാജനെയാണ് സൗത്ത് ചെന്നൈ മണ്ഡലത്തിൽ ബി.ജെ.പി രംഗത്തിറക്കിയത്. 2019-ൽ തൂത്തുക്കുടിയിൽ കനിമൊഴിക്കു മുന്നിൽ വൻപരാജയം ഏറ്റുവാങ്ങിയ തമിഴിസൈയ്ക്ക് ഇത്തവണയും രക്ഷയില്ല. ഡി.എം.കെ.യുടെ തമിഴച്ചി തങ്കപാണ്ഡ്യൻ തമിഴിസൈയെ 225945 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലത്തിൽ നിന്നും വിജയിച്ചുകയറി. 

കണക്കുകൾ പരിശോധിക്കുമ്പോഴും ബി.ജെ.പിയെ സംബന്ധിച്ച വലിയ സാധ്യതയൊന്നും ഇല്ലാത്ത മണ്ഡലം പക്ഷേ തമിഴിസൈ രംഗത്തെത്തിയതോടെയാണ് ഇരുപാർട്ടികളുടേയും അഭിമാനപ്പോരാട്ടമായി മാറുന്നത്. 1991 മുതൽ ബി.ജെ.പി സ്ഥിരമായി സ്ഥാനാർഥികളെ നിർത്തുന്നുണ്ടെങ്കിലും മണ്ഡലത്തിൽ 2014-ൽ നേടിയ 24.57 ശതമാനം വോട്ടുകൾ മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ള ഏക മുന്നേറ്റം.

തിരഞ്ഞെടുപ്പിന് മുമ്പ് ഏറെ ചർച്ചയായ മണ്ഡലമായിരുന്നു രാമനാഥപുരം. പ്രധാനമന്ത്രി വാരാണസിക്ക് പുറമെ ദക്ഷിണേന്ത്യയിൽ ഒരു മണ്ഡലത്തിൽകൂടെ ജനവിധി തേടിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജനങ്ങൾ രാമനാഥപുരത്തേക്ക് ഉറ്റുനോക്കി. എന്നാൽ, പ്രതീക്ഷിച്ച മാറ്റങ്ങളൊന്നും സംഭവിച്ചില്ല. മണ്ഡലത്തെ പ്രവർത്തകരുടെ ചൂട് ഒറ്റയടിക്ക് താഴ്ത്തിക്കൊണ്ട് ബി.ജെ.പി സ്വതന്ത്രൻ മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലത്തിലെ ഫലം പുറത്തുവരുമ്പോൾ രാമനാഥപുരത്തും ബി.ജെ.പിക്ക് കാലിടറി. ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് മുസ്ലിം ലീഗിന്റെ നവാസ് കനി വിജയിച്ചു. 

ഏശാതെ പോയ ചെങ്കോലും തമിഴകത്തെ തൊടാത്ത സനാതനവും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽകൂടി പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അധികാരരാഷ്ട്രീയത്തിൽ നിന്നും ഏറെക്കുറേ തൂത്തെറിയപ്പെട്ട നിലയിലായിരുന്നു ബി.ജെ.പി. ഇതോടെയാണ്, പൊതുതിരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങൾ മെനയാൻ ബി.ജെ.പി ആരംഭിക്കുന്നത്. കേരളത്തിൽ നിന്നും തമിഴ്​നാട്ടിൽ നിന്നും ലഭിക്കുന്നതെന്തും ബി.ജെ.പിയെ സംബന്ധിച്ച് ബോണസാണ്. ഈ അവസരത്തിലാണ് തമിഴകത്തെ മനസ്സിൽ വച്ചുകൊണ്ട് പുതിയ പാർലമെന്റ് മന്ദിരയിൽ ചെങ്കോൽ പ്രതിഷ്ഠിച്ച് ബി.ജെ.പി പുതിയ തന്ത്രം  ഇറക്കുന്നത്.

ചെങ്കോലിന് രാഷ്ട്രീയവുമായി ബന്ധമില്ലെന്നും സർക്കാർ നീതിയോടെയും ന്യായത്തോടെയും പ്രവർത്തിക്കണമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നുമായിരുന്നു ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്. എന്നാൽ, അത്ര നിസ്സാരമല്ലായിരുന്നു കാര്യങ്ങൾ. 20 അധീനങ്ങളുടെ മേധാവിമാരുമായി കൂടിയാലോചിച്ചുള്ള പദ്ധതി ഡി.എം.കെ. സർക്കാരിനെ ലക്ഷ്യംവച്ചുകൊണ്ടായിരുന്നുവെന്നാണ് വിലയിരുത്തൽ. ആചാരങ്ങൾക്ക് ഡി.എം.കെ സർക്കാർ തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് മുഖംതിരിച്ച് നിൽക്കുന്നവരാണ് ഈ അധീനങ്ങൾ. ഇവർക്ക് നേരിട്ട് നൽകുന്ന പിന്തുണ വഴി ഹിന്ദു വോട്ടുകളെ ബി.ജെ.പി ബാലറ്റിലാക്കാനാകുമെന്നായിരുന്നു ബി.ജെ.പി സ്വപ്നം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച വിഷയമായിരുന്നു ഡി.എം.കെ. നേതാവും തമിഴ്‌നാട്ടിലെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെക്കുറിച്ചുള്ള അഭിപ്രായ പ്രകടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യമന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ളവർ ഉദയനിധിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. മറുഭാഗത്ത്, വിവാദങ്ങളിൽ നിന്നും അദ്ദേഹത്തെ സംരക്ഷിക്കുന്നതിൽ പ്രതിപക്ഷ സഖ്യത്തിനായില്ല. ഇന്ത്യ സഖ്യത്തിലെ പ്രമുഖരിൽ പലരും ഉദയനിധി സ്റ്റാലിനെ കൈയ്യൊഴിഞ്ഞു.

സനാതന ധർമം കേവലം എതിർക്കപ്പെടേണ്ടതല്ല, പൂർണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്നായിരുന്നു ഉദയനിധിയുടെ അന്നത്തെ പരാമർശം. തമിഴ്നാട്ടിലും ദക്ഷിണേന്ത്യയിലും അങ്ങിങ്ങായി ചില പ്രതിഷേധപ്രകടനങ്ങളിൽ ഒതുങ്ങുമായിരുന്ന വിഷയം പക്ഷേ ഉത്തരേന്ത്യയിൽ തങ്ങൾക്ക് നേടിത്തന്നേക്കാവുന്ന മൈലേജിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു ബി.ജെ.പിക്ക്. മോദിയെ തന്നെ അവർ രംഗത്തിറക്കി. സനാതനത്തെ മഹാമാരികളായി അധിക്ഷേപിച്ചുവെന്ന് മോദി പറഞ്ഞു. കൂട്ടത്തിൽ അവരോടൊപ്പം സഖ്യം ചേർന്ന് നിൽക്കുന്ന താക്കറെ വിഭാഗം ശിവസേനയേയും മോദി ഒന്ന് കുത്തി. ബാലാസഹേബ് താക്കറെയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നുവരെ പറ‍ഞ്ഞ മോദി പ്രതിപക്ഷം ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നുവരെ അന്ന് പറഞ്ഞുവെച്ചു.

ഏറ്റവുമൊടുവിൽ കച്ചത്തീവായിരുന്നു ബി.ജെ.പി മുന്നോട്ട് വെച്ച മറ്റൊരു പ്രധാന വിഷയം. പ്രത്യേകിച്ച് തമിഴ്നാടിനെ പ്രത്യക്ഷത്തിൽ ബാധിക്കുന്ന വിഷയങ്ങളൊന്നും ഉന്നയിക്കാതെ പൊതുതിരഞ്ഞെടുപ്പ് പ്രചരണം മുന്നോട്ട് പോകുന്നതിനിടെയായിരുന്നു മോദി കച്ചത്തീവ് എടുത്ത് ചർച്ചയ്ക്കിടുന്നത്. തുടർന്ന്, വിഷയം സജീവമാക്കി നിർത്താനുള്ള സർവതന്ത്രവും ബി.ജെ.പി പയറ്റി. കച്ചത്തീവിനെ കോൺഗ്രസ് നിസ്സാരമായി വിട്ടുൽകിയെന്ന് ആരോപിച്ച മോദി പതുക്കെ വിഷയം ഡി.എം.കെ.ക്കെതിരേയും തിരിച്ചു. തമിഴ്‌നാട്ടിൽ പ്രതിപക്ഷവോട്ടുകളിൽ വൈകാരികവിഷയങ്ങളുന്നയിച്ച് ഭിന്നിപ്പുണ്ടാക്കാനുള്ള തന്ത്രപരമായ ശ്രമമായിരുന്നു നീക്കത്തിന് പിന്നിൽ.

ഒഴിച്ചുകൂടാനാകാത്ത നേതൃപാടവം

ദ്രാവിഡരാഷ്ട്രീയത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന ഒരു രാഷ്ട്രീയത്തിനും ഇടംനൽകുന്നതല്ല തമിഴകത്തിന്റെ ചരിത്രം. ഇതേ രാഷ്ട്രീയവും ഭരണഘടനയും ഉയർത്തിക്കാണിച്ച് രാജ്യത്തിന്റെ ഫെ‍ഡറൽ സംവിധാനം മോദിക്കുകീഴിൽ ഏതെല്ലാം രീതിയിലാണ് അപകടത്തിലാകുന്നതെന്ന് വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട് സ്റ്റാലിൻ. കേന്ദ്രസർക്കാർ എന്ന വാക്ക് പോലും അദ്ദേഹം ഉപയോഗിക്കാറില്ല. സംസ്ഥാനങ്ങളുടെ യൂണിയൻ എന്ന അർഥത്തിൽ യൂണിയൻ സർക്കാരെന്നാണ് സ്റ്റാലിൻ പതിവായി ഉപയോഗിക്കാറുള്ളത്.

placeholder
എം.കെ സ്റ്റാലിൻ | Photo: AFP

ബി.ജെ.പിയുടെ ഹിന്ദുത്വത്തേയും കേന്ദ്രസർക്കാരിന്റെ ഏകാധിപത്യ പ്രവണതകളേയും എതിർക്കേണ്ടിടത്തെല്ലാം വിട്ടുവീഴ്ചയില്ലാതെെ നിലപാട് സ്വീകരിക്കുന്നതിൽ പ്രധാനിയാണ് സ്റ്റാലിൻ. ഇന്ത്യ സഖ്യം രൂപീകൃതമാകുന്നതിന് മുമ്പേ ദേശീയ ഫെ‍റേഷൻ എന്ന ആശയം മുന്നോട്ട് വച്ച പ്രതിപക്ഷനിരയിലെ പ്രമുഖൻ. കേരള മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ പ്രതിപക്ഷത്തെ പ്രധാനികളെയെല്ലാം സഖ്യത്തിന്റെ ആവശ്യകത സ്റ്റാലിൻ ബോധിപ്പിച്ചു. ബി.ജെ.പിയുടെ മുന്നേറ്റത്തിന് മുന്നിൽ പകച്ചുനിന്ന് ഹിന്ദി ഹൃദയഭൂമിയിലെ ചില പ്രധാനികൾ ചേർന്ന് കാര്യങ്ങൾ തീരുമാനിക്കേണ്ടതല്ല ദേശീയരാഷ്ട്രീയമെന്ന കൃത്യമായ ബോധ്യമുണ്ട് സ്റ്റാലിന്. പ്രാദേശികരാഷ്ട്രീയത്തിനും ദക്ഷിണേന്ത്യയ്ക്കും രാജ്യത്തിന്റെ ഗതി നിർണയിക്കാനാകുമെന്നുകൂടെ വ്യക്തമാക്കുന്നുണ്ട് മുത്തുേവൽ കരുണാനിധി സ്റ്റാലിനും ഡി.എം.കെയുടെ രാഷ്ട്രീയവും.