
ചെന്നൈ: കേന്ദ്രത്തില്‍ ഇന്ത്യസഖ്യം അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തില്‍ മന്ത്രിപദവികളെക്കുറിച്ച് ഡി.എം.കെ.യില്‍ ചര്‍ച്ചതുടങ്ങി. പുതിയ സര്‍ക്കാരില്‍ ഏതൊക്കെ വകുപ്പുകള്‍ ആവശ്യപ്പെടണമെന്നും ആര്‍ക്കൊക്കെ മന്ത്രിപദവി നല്‍കണമെന്നുമാണ് ആലോചനകള്‍ നടക്കുന്നത്. യു.പി.എ. ഒന്ന്, രണ്ട് സര്‍ക്കാരുകളില്‍ ലഭിച്ചതുപോലെ പ്രധാന വകുപ്പുകള്‍തന്നെയാണ് ലക്ഷ്യമിടുന്നത്.
മുന്‍കേന്ദ്രമന്ത്രിമാരായ ടി.ആര്. ബാലു, എ. രാജ, പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി എന്നിവര്‍ക്കൊപ്പം ചില പുതുമുഖ എം.പി.മാരെയും മന്ത്രിപദവിക്കായി പരിഗണിക്കുന്നു. ഇടക്കാലത്ത് അകറ്റിനിര്‍ത്തപ്പെട്ട സംസ്ഥാന ഐ.ടി. മന്ത്രി പളനിവേല്‍ ത്യാഗരാജനെ കേന്ദ്രത്തിലേക്ക് അയക്കുന്നതിനെക്കുറിച്ചും ആലോചനകള്‍ നടന്നതായി പറയപ്പെടുന്നു. സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ത്യാഗരാജനെ ധനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്താനാണ് ശ്രമം.
തമിഴ്നാട്ടില്‍ കഴിഞ്ഞതവണ നേടിയ വിജയം ഇത്തവണ ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസം ഡി.എം.കെ.ക്കില്ല. എന്നാല്‍, 30-നുമുകളില്‍ സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്രത്തില്‍ ഇന്ത്യസഖ്യത്തിന് ഭൂരിപക്ഷം ലഭിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. അതിനാലാണ് ഇപ്പോള്‍ മന്ത്രിപദവി സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിയത്.
കരുണാനിധിയുടെ ജന്മശതാബ്ദി ജൂണ്‍ മൂന്നിന് ഡല്‍ഹിയില്‍ ആഘോഷിക്കുന്നുണ്ട്. ഇതില്‍ ഇന്ത്യസഖ്യ നേതാക്കള്‍ പങ്കെടുക്കും. ഇതിനടുത്ത ദിവസമാണ് തിരഞ്ഞെടുപ്പുഫലം വരുന്നത്. അന്ന് അടുത്ത ആഘോഷത്തിന് ഒരുങ്ങാനാണ് പ്രവര്‍ത്തകരോട് നേതാക്കള്‍ പറഞ്ഞത്.
Content Highlights: dmk victory-election-discussion about ministerial positions has started
Published: 27 May 2024, 10:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented