തിരുവനന്തപുരം: യുവമോർച്ച സംസ്ഥാന വൈസ്‌ പ്രസിഡന്റായിരുന്ന കാലത്താണ് ജോർജ് കുര്യന് പാർട്ടി ദേശീയനേതൃത്വത്തിൽ നിന്ന് ഒരു വിളിയെത്തുന്നത്. കേന്ദ്രമന്ത്രി ഒ.രാജഗോപാലിന്റെ ഓഫീസിന്റെ പ്രവർത്തനം കൈകാര്യം ചെയ്യണമെന്നതായിരുന്നു ഉത്തരവാദിത്വം. 1999-2004 കാലയളവിൽ വാജ്‌പേയ് മന്ത്രിസഭയിൽ രാജഗോപാൽ സഹമന്ത്രിയായിരുന്ന കാലത്താണ് ജോർജ് കുര്യൻ ഓഫീസിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നത്. അദ്ദേഹത്തിന്റെ പ്രവർത്തനം മികച്ചതെന്ന് പലയിടത്തും രാജഗോപാൽ പറഞ്ഞിട്ടുണ്ട്.

To advertise here,

വിവിധ ആവശ്യങ്ങൾക്ക് തലസ്ഥാനത്ത് എത്തുന്നവർക്ക് ഓരോ മന്ത്രാലയത്തിലെയും ഉന്നത ഉദ്യോഗസ്ഥരുമായി അപ്പോയ്ൻമെന്റ് എടുത്ത് നൽകുന്നതും സർക്കാർ ഉദ്യോഗസ്ഥരെ മന്ത്രാലയത്തിലെത്തിക്കുന്നതും ജോർജ് കുര്യനായിരുന്നു. റെസിെഡൻസ് ഓഫീസിന്റെ പ്രവർത്തനമേൽനോട്ടമാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.

ഞായറാഴ്ച ഡൽഹിയിലേക്ക് വേഗം വരാൻ ക്ഷണം ലഭിച്ചപ്പോൾ ജോർജ് കുര്യൻ ആദ്യം വിളിച്ചവരിൽ ഒ.രാജഗോപാലുണ്ട്. ഉച്ചയ്ക്കാണ് കാര്യം പറയാൻ വിളിച്ചത്. എന്നാൽ, ആ സമയം അദ്ദേഹം ഉറക്കമായിരുന്നു.രാജഗോപാലിനൊപ്പം എപ്പോഴും കൂടെയുള്ള രാമചന്ദ്രനാണ് ഫോണെടുത്തത്. രാജേട്ടൻ ഉറങ്ങിക്കോട്ടെ, കാര്യം പറഞ്ഞാൽ മതി എന്ന് പറഞ്ഞ് ജോർജേട്ടൻ ഫോൺ വെച്ചതായി രാമചന്ദ്രൻ ഓർത്തെടുത്തു.

നാലരയോടെ വീണ്ടും പഴയ ശിഷ്യന്റെ ഫോണെത്തി. ഞാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻപോകുകയാണെന്നും അനുഗ്രഹമുണ്ടാകണമെന്നും ഏഴേകാലിനാണ് ചടങ്ങെന്നും ടി.വി.യിൽ കാണണമെന്നും അദ്ദേഹം രാജേട്ടനോട് പറഞ്ഞു.പണ്ട് ഒരു പരിപാടിക്കായി അമേരിക്കയിൽ ജോർജ് കുര്യനെ വിട്ട കാര്യമൊക്കെ രാജഗോപാൽ, സംഭാഷണത്തിനിടെ പറഞ്ഞു.കഴിവുള്ളയാളാണെന്നും എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന ജോർജിന്റെ മികവും രാജഗോപാൽ ഫോൺ വിളിക്കിടെ എടുത്തു പറഞ്ഞു.