1996-ലെ ഇതുപോലൊരു വിഷുക്കാലം. അന്നും അതൊരു തെരഞ്ഞെടുപ്പിന്റെ കാലമായിരുന്നു. പാര്‍ലമെന്റിലേക്കും നിയമസഭയിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. അതിന്റെ ഒരുക്കങ്ങളിലായിരുന്നു എല്ലാ പാര്‍ട്ടികളും. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും ജനവിധി തേടുന്നു. എതിരാളി ഇന്നത്തെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. 

To advertise here,

യു.ഡി.എഫിന്റെ ഉറച്ച സീറ്റായ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ആരായിരിക്കും എന്ന കാര്യത്തില്‍ അപ്പോഴും വ്യക്തത വന്നിരുന്നില്ല. കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റാണ്. കെ. കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍മന്ത്രിയായിരുന്ന എന്‍. രാമകൃഷ്ണനാണ് സിറ്റിങ് എം.എല്‍.എ. അപ്പോഴേക്കും കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം പിടിച്ചെടുത്ത കെ. സുധാകരനും ആ സീറ്റില്‍ നോട്ടമിട്ടിരുന്നു. ആര്‍ക്ക് നറുക്ക് വീഴും എന്ന് എല്ലാവരും ഉറ്റുനോക്കുന്ന ദിവസങ്ങള്‍. കെ.കരുണാകരന്റെതായിരിക്കും അവസാന വാക്ക് എന്നതായിരുന്നു ആ ദിവസങ്ങളിലെ അന്തരീക്ഷം. 

ഉദ്വേഗം നിറഞ്ഞുനില്‍ക്കുന്ന ദിവസങ്ങളില്‍ ഒന്നില്‍ അതിരാവിലെ ഒരു ഫോണ്‍. കോണ്‍ഗ്രസ് നേതാവ് എന്‍. രാമകൃഷ്ണനാണ്. 'എവിടെയാണ്? ഒന്ന് ഇവിടെ വീട് വരെ വരാമോ?'ധൃതിയിലുള്ള ചോദ്യങ്ങള്‍. എന്തുപറ്റിയെന്ന ചോദ്യത്തിന് വന്നിട്ട് പറയാം എന്ന് മാത്രം മറുപടി. ചാനലുകളോ സോഷ്യല്‍ മീഡിയയോ ഇല്ലാത്ത കാലം. എന്തോ ഗൗരവമുള്ള കാര്യമില്ലെങ്കില്‍ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ എന്‍.ആര്‍. എന്ന എന്‍.രാമകൃഷ്ണന്‍ ഇത്തരത്തില്‍ വിളിക്കാനിടയില്ലെന്ന് മനസ്സ് പറഞ്ഞു. പെട്ടെന്ന് തന്നെ വേഷം മാറി കണ്ണൂര്‍ തളാപ്പിലെ വീട്ടിലേക്ക് സ്‌കൂട്ടര്‍ പറത്തി. 

ഇനി അല്‍പ്പം ഫ്ളാഷ് ബാക്ക് - ഇന്നത്തെ പുതുതലമുറക്ക് എന്‍. രാമകൃഷ്ണനെ വലിയ പരിചയമുണ്ടാവണമെന്നില്ല. പക്ഷെ ഒരു കാലത്ത് കണ്ണൂരില്‍ ലീഡര്‍ കെ. കരുണാകരന്റെ വലം കൈയായിരുന്നു അദ്ദേഹം. കിരീടം വെക്കാത്ത രാജാവ് എന്ന് പറഞ്ഞാല്‍ പോലും കാര്യം വ്യക്തം. അടിയന്തരാവസ്ഥക്കാലത്ത് ഉത്തരമലബാറില്‍ എന്‍. ആറായിരുന്നു താരം. 

ഒരു ബീഡിത്തൊഴിലാളിയായി ജീവിതം ആരംഭിച്ച എന്‍. രാമകൃഷ്ണന്‍ അതിവേഗം മികച്ച ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനും കോണ്‍ഗ്രസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനുമായി. 1967-ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും 1971-ല്‍ ഇന്നത്തെ കാസര്‍കോട് ജില്ലയും    വയനാട്ടിലെ മാനന്തവാടിയും ഉള്‍പ്പെടുന്ന അവിഭക്ത കണ്ണൂര്‍ ജില്ലയുടെ കോണ്‍ഗ്രസ് അധ്യക്ഷനുമായി. 

കണ്ണൂരില്‍ കൊണ്ടും കൊടുത്തും കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ മുഖാമുഖം നില്‍ക്കുന്ന കാലം. സാക്ഷാല്‍ എം.വി. രാഘവനായിരുന്നു സി.പി.എമ്മിന്റെ നേതാവ്. കോണ്‍ഗ്രസിനെ നയിക്കാന്‍ എന്‍. രാമകൃഷ്ണനും. പലപ്പോഴും വെട്ടിയും കുത്തിയും കൃഷി നശിപ്പിച്ചുമൊക്കെ രാഷ്ട്രീയത്തില്‍ പ്രതികാരാഗ്‌നി പടര്‍ന്ന കാലം. എം.വി.രാഘവനെ മാടായി മാടന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. 18 വര്‍ഷം എന്‍.രാമകൃഷ്ണന്‍ ഡി.സി.സി.പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 

എന്നാല്‍  തൊണ്ണൂറുകളുടെ ആദ്യം രാമകൃഷ്ണനെ അപ്രസക്തനാക്കുന്ന വിധം കോണ്‍ഗ്രസില്‍ മറ്റൊരു നേതാവ് എത്തി- ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. അതുവരെ ഐ വിഭാഗത്തിന്റെ നേതാവായി എന്‍. രാമകൃഷ്ണനും എ വിഭാഗം നേതാവായി കെ.പി. നൂറുദ്ദീനും കണ്ണൂരിലെ  കോണ്‍ഗ്രസ് രാഷ്ട്രീയത്തെ കൈവള്ളയില്‍ കൊണ്ടുനടന്ന കാലത്തായിരുന്നു സംഘടനാ കോണ്‍ഗ്രസിലൂടെ പൊതു ജീവിതം ആരംഭിച്ച കെ. സുധാകരന്റെ കോണ്‍ഗ്രസിലേക്കുള്ള കടന്നുവരവ്. 

സംഘടനാ കോണ്‍ഗ്രസ് പലതായി മാറിയപ്പോള്‍ കമലം ജനതയിലൂടെയായിരുന്നു സുധാകരനും കോണ്‍ഗ്രസിലെത്തിയത്. സി.പി.എമ്മിനെ കടന്നാക്രമിച്ചുകൊണ്ടുള്ള ഉശിരന്‍ പ്രസംഗത്തിലൂടെ സുധാകരന്‍ കോണ്‍ഗ്രസില്‍ പെട്ടെന്ന് തന്നെ യുവാക്കളുടെ ഹരമായി മാറി. ഇതിനിടയില്‍ കോണ്‍ഗ്രസില്‍ ഏറെക്കാലത്തിന് ശേഷം സംഘടനാ തെരഞ്ഞുടുപ്പുമെത്തി. 

കേരളത്തില്‍ പൊതുവെ എ- ഐ വിഭാഗങ്ങള്‍ തമ്മിലായിരുന്നു പ്രധാനമത്സരം. അല്‍പ്പം ഊര്‍ജം പകരാന്‍ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലൂള്ള മൂന്നാം ചേരിയും രംഗത്തെത്തിയപ്പോള്‍ ആവേശം കൂടി. എന്നാല്‍ കണ്ണൂരില്‍ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള മറ്റൊരു വിഭാഗം കൂടി മത്സര രംഗത്തുണ്ടായിരുന്നു. വയലാര്‍ രവിയുടെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു അക്കാലത്ത് സുധാകരന്റെ നീക്കങ്ങള്‍. കെ. കരുണാകരന്റെ തലോടല്‍ ഐ ഗ്രൂപ്പിനെന്ന പോലെ സുധാകരനും രഹസ്യമായി ഉണ്ടായിരുന്നു. 

ഒടുവില്‍ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ദിവസമായി. കെ. സുധാകരനും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തി. പൊതുശത്രുവെന്ന നിലയില്‍ സുധാകരനെ വെട്ടാന്‍ ഐ ഗ്രൂപ്പും എ ഗ്രൂപ്പും ഒന്നിക്കുന്ന അപൂര്‍വകാഴ്ചയ്ക്കും കണ്ണൂര്‍ വേദിയായി. സജീവരാഷ്ട്രീയമൊക്കെ അവസാനിപ്പിച്ച മുന്‍ ഡി.സി.സി പ്രസിഡന്റ് മാതമംഗലം കുഞ്ഞികൃഷ്ണനെ സമവായ സ്ഥാനാര്‍ഥിയായി ഇരു ഗ്രൂപ്പുകളും ചേര്‍ന്ന് രംഗത്തിറക്കി. അതോടെ ഡി.സി.സി അംഗങ്ങളുടെ കാര്യത്തില്‍ ഇരുപക്ഷവും ഏതാണ്ട് തുല്യനിലയിലെന്നതായി സ്ഥിതി. 

ഇതിനിടയില്‍ ഇന്നത്തെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള മൂന്നാം ചേരിയുടെ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്ന ആകാംക്ഷയിലായിരുന്നു എല്ലാവരും. കണ്ണൂര്‍ ടൗണ്‍ഹാളിന്റെ താഴിട്ട് പൂട്ടിയ ഗേറ്റിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആകാംക്ഷയും ആവേശവും പങ്കുവെക്കാന്‍ തടിച്ചുകൂടി. ഒടുവില്‍ നിര്‍ണ്ണായക നിമിഷത്തില്‍ വേണുഗോപാലും സംഘവും കെ.സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. പുറത്ത് സുധാകരന്റെ ആരാധകരുടെ ആവേശം ആകാശത്തോളം ഉയര്‍ന്നു. ഒന്നിച്ചുനിന്നിട്ടും സുധാകരനെ പൂട്ടാനാകാത്തതിലെ നിരാശ ഐ പക്ഷത്തും എ പക്ഷത്തും പ്രകടമായിരുന്നു. എന്‍.രാമകൃഷ്ണന്‍ 18 വര്‍ഷവും പിന്നീട് അദ്ദേഹത്തിന്റെ നിഴലായി നിന്ന വിശ്വസ്ത അനുയായി എസ്.ആര്‍ ആന്റണിയും നയിച്ച ഡി.സി.സിയുടെ കടിഞ്ഞാണ്‍ കെ.സുധാകരനിലെത്തി. പിന്നീട് കണ്ണൂരിലെ കോണ്‍ഗ്രസില്‍ സുധാകരനായി അവസാനവാക്ക്. 

ദീര്‍ഘകാലത്തെ സംഘടനാ പ്രവര്‍ത്തനത്തിന് ശേഷം 1991 ലെ തെരഞ്ഞെടുപ്പിലാണ് എന്‍. രാമകൃഷ്ണന്‍ കണ്ണൂരില്‍നിന്ന് നിയമസഭയിലെത്തുന്നത്. അദ്ദേഹം കരുണാകരന്‍ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി പേരെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിലെ പ്രതിച്ഛായാ ചര്‍ച്ചയെ തുടര്‍ന്ന് കെ.കരുണാകരന്‍ മുഖ്യമന്ത്രി പദം രാജിവെക്കുകയും എ.കെ.ആന്റണി മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോള്‍ മന്ത്രിസഭാ പുനസംഘടനയില്‍ എന്‍.രാമകൃഷ്ണനും മന്ത്രി പദം നഷ്ടമായി. കണ്ണൂരിലാണെങ്കില്‍ എ- ഐ ഗ്രൂപ്പുകാര്‍ ഡി.സി.സി ഓഫീസില്‍ പോലും കയറാനാകാത്ത വിധത്തില്‍ അപ്രസക്തരാക്കപ്പെടുകയോ അവര്‍ വിട്ടുനില്‍ക്കുകയോ ചെയ്യുന്ന നാളുകളായിരുന്നു അത്. എങ്കിലും കണ്ണൂരില്‍ 1996 ലെ തിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലായിരുന്നു എന്‍. രാമകൃഷ്ണന്‍. അപ്പോഴും ലീഡര്‍ കെ.കരുണാകരനിലായിരുന്നു രാമകൃഷ്ണന്റെ പ്രതീക്ഷയത്രയും. 

വീണ്ടും എന്‍.ആറിന്റെ വീട്ടിലേക്ക് - എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുന്ന തളാപ്പിലെ ആ വീട് ചെന്നുകയറുമ്പോള്‍ മൂകമായിരുന്നു. മുതിര്‍ന്ന  കോണ്‍ഗ്രസ് നേതാവ് എ.പി.ജയശീലന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് കെ.ജെ. തോമസ് ഉള്‍പ്പെടെ കൂടെ നാലഞ്ച് പേര്‍ മാത്രം. പത്രപ്രവര്‍ത്തകരായി ആരുമില്ല. ആരുടെ മുഖത്തും ചിരിയോ പ്രസാദമോ ഇല്ല. 'വരൂ, ഇരിക്കൂ..' എന്‍.രാമകൃഷ്ണന്‍ സോഫയില്‍ ഇരുന്നുകൊണ്ടു തന്നെ ക്ഷണിച്ചു. കറുത്ത കട്ടിമീശക്ക് കീഴില്‍ പതിവ് ചിരിയില്ല. മുഖം വലിഞ്ഞുമുറുകിയതുപോലെ. 'ഞാന്‍ നിയമസഭയിലേക്ക് മല്‍സരിക്കുന്നു, സ്വതന്ത്രനായിട്ട്. ഇടതുപക്ഷം സഹായിക്കാമെന്ന് വാക്ക് പറഞ്ഞിട്ടുണ്ട്. നിങ്ങളെ അറിയിക്കണമെന്ന് തോന്നി. അതിനാലാണ് വിളിച്ചത്. പത്ത് മണിക്ക് ഞാന്‍ പത്രക്കാരെ കാണും'- അളന്നുമുറിച്ച വാക്കുകള്‍.

കണ്ണുകളില്‍ നനവ് പടര്‍ന്ന പോലെ. ആരും മിണ്ടുന്നില്ല. 'എന്‍.ആര്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളൊക്കെ ഒരു സീറ്റിന്റെ പേരില്‍ ഇല്ലാതാവുമല്ലോ. ശരിക്കും ആലോചിച്ചുതന്നെയാണോ ഈ തീരുമാനം?' അത്രയും പറയാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. 'എനിക്ക് വേറെ വഴിയില്ല. ഇതൊരു സീറ്റിന്റെ കാര്യമല്ല. സുധാകരനായിരിക്കും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. എന്നോട് മാറിനില്‍ക്കണമെന്ന് ലീഡര്‍ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ എനിക്ക് മനസ്സിലാക്കാമായിരുന്നു. എത്രകാലത്തെ ബന്ധം അദ്ദേഹത്തിന് എന്നോടുണ്ട്? അത് അദ്ദേഹം മറന്നുപോയി. സുധാകരന് സീറ്റ് കൊടുത്തതിലല്ല, എന്നെ പാടേ അവഗണിച്ചതിലാണ് എനിക്ക് പ്രയാസം. ആ വേദന മറ്റാര്‍ക്കും മനസ്സിലാവില്ല'.. അത്രയും പറഞ്ഞ് അദ്ദേഹം മൗനത്തിലേക്ക് വീണു. ആര്‍ക്കും ഒന്നും പറയാനില്ലാത്തത് പോലെ. നേരത്തെ ആ തീരുമാനം തിരുത്തിക്കാന്‍ അവര്‍ ശ്രമിച്ച് പരാജയപ്പെട്ടതായിരിക്കാം. 

പെട്ടെന്ന് പുറത്തൊരു കാര്‍ വന്നുനിന്നു. ലോക്‌സഭയിലേക്ക് വീണ്ടും മല്‍സരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഇരുവരും കെട്ടിപ്പിടിച്ച് സങ്കടം പങ്കിടുന്നു. മുല്ലപ്പള്ളി അന്ന് കാലത്ത് തന്നെ തൊട്ടടുത്ത ശ്രീ സുന്ദരേശ്വര ക്ഷേത്രപരിസരത്ത് നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങേണ്ടതാണ്. സാധാരണഗതിയില്‍ മുന്നില്‍ നില്‍ക്കേണ്ട ആളാണ് എന്‍. രാമകൃഷ്ണന്‍. മുറിയില്‍ മാറി നിന്ന് ഇരുവരും അല്‍പ്പം സ്വകാര്യസംഭാഷണം. വൈകാതെ മുല്ലപ്പള്ളി ഇറങ്ങി. 'എന്റെ മാറ്റം മുല്ലപ്പള്ളിയെ ബാധിക്കില്ല. ഇത് എന്റെ മാത്രം വിഷയമാണ്. കൂടെയുള്ളവരെ സമാധാനിപ്പിക്കാനെന്ന വണ്ണം എന്‍.ആര്‍ പറഞ്ഞു.

ഇതിനിടയില്‍ വാര്‍ത്ത പ്രചരിച്ചുതുടങ്ങിയിരുന്നു. ഏതാനും പ്രവര്‍ത്തകര്‍ മുറ്റത്ത് ചുറ്റിപ്പറ്റി നിന്നു. പത്ത് മണിയോടെ മറ്റ് പത്രപ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. എന്‍. രാമകൃഷ്ണന്‍ ഔദ്യോഗികമായി ഇടതുമുന്നണി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവുന്ന പ്രഖ്യാപനമാണ്. എ.പി. ജയശീലന്‍ ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെല്ലാം പ്രിയ നേതാവിനോട് യാത്രപറഞ്ഞ് അതിനകം വീട്ടില്‍ നിന്നിറങ്ങിയിരുന്നു. തന്റെ ചുവടുമാറ്റത്തിന് കാരണങ്ങള്‍ നിരത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പഴയ പടക്കുതിരയുടെ കണ്ണീര്‍ പടര്‍ന്ന വാക്കുകള്‍. അങ്ങിനെ തന്റെ സിറ്റിങ് സീറ്റില്‍ എന്‍. രാമകൃഷ്ണന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ കെ.സുധാകരന് എതിരെ മല്‍സരത്തിനിറങ്ങി. ലോകസഭയിലേക്ക് മുല്ലപ്പള്ളിക്ക് എതിരാളി കടന്നപ്പള്ളി രാമചന്ദ്രന്‍. രണ്ട് സീറ്റുകളും കോണ്‍ഗ്രസ് തന്നെ നേടി. സുധാകരനോട് എന്‍.രാമകൃഷ്ണന്‍ തോറ്റത് 7862 വോട്ടിന്. മുല്ലപ്പള്ളിയുടെ വിജയം 39,302 വോട്ടിനായിരുന്നു. എന്‍.രാമകൃഷ്ണന് വേണ്ടി സി.പി.എം പഴയതെല്ലാം മറന്ന് വിയര്‍ത്ത് പണിയെടുത്തിരുന്നു. എന്‍.രാമകൃഷ്ണനും സംഘവും അവര്‍ക്കൊപ്പം സജീവമായി തന്നെ നിന്നു. പക്ഷെ വിജയം കനിഞ്ഞില്ല.

ഇനി വര്‍ത്തമാന കാലം

സീറ്റ് നിഷേധിക്കപ്പെട്ടതും ചേരിമാറ്റവും പരാജയവുമെല്ലാം എന്‍.രാമകൃഷ്ണനെ മാനസികമായി ഏറെ തളര്‍ത്തിയിരുന്നു. അല്‍പ്പകാലം കൂടി അദ്ദേഹം ഇടതുചേരിയില്‍ നിന്നു. അധികം വൈകാതെ കോണ്‍ഗ്രസിലേക്ക് അദ്ദേഹം തിരിച്ചെത്തി. പക്ഷെ അപ്പോഴേക്കും ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലും സ്ഥലം എം.എല്‍.എ എന്ന നിലയിലും കെ.സുധാകരന്‍ കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായി വളര്‍ന്നിരുന്നു. നേരത്തെ സി.പി.എമ്മിനെതിരെ എന്‍. രാമകൃഷ്ണന്‍ നടത്തിവന്ന പോരാട്ടത്തിന്റെ നേതൃത്വം കെ. സുധാകരന്‍ ഏറ്റെടുത്തു. അതാകട്ടെ ഏറെ രക്തം ചിന്തിയ വിധത്തിലുമായിരുന്നു. കോണ്‍ഗ്രസില്‍ തന്നെ ഇതിനെതിരെ സുധാകരന് നേരെ വിമര്‍ശനം ഉയര്‍ന്നു. അനേകം രക്തസാക്ഷികളാണ് ഇരുപക്ഷത്തുമായി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കണ്ണൂരിലുണ്ടായത്. സി.പി.എമ്മിന്റെ പ്രചാരണങ്ങളാകട്ടെ സംസ്ഥാന തലത്തിലേക്ക് വളരാന്‍ സുധാകരന് ഫലത്തില്‍ ഇന്ധനമായി മാറുകയായിരുന്നു. കണ്ണൂരിലെ എ-ഐ വിഭാഗങ്ങളിലും ഇതിനകം വലിയ ഇളക്കങ്ങളുണ്ടായി കുറെപ്പേര്‍ ചേരികള്‍ മാറി. കുറേപ്പേര്‍ നിര്‍ജീവമായി. സുധാകരന് ചുറ്റുമുള്ള അനുയായി വൃന്ദങ്ങള്‍ മാറിമാറി വന്നുകൊണ്ടിരുന്നു, 2012 ഒക്ടോബര്‍ ഒന്നിന് എന്‍.രാമകൃഷ്ണന്‍ അന്തരിച്ചു. അസുഖബാധിതനായിരുന്ന അദ്ദേഹം മംഗളൂരുവിലെ ആസ്പത്രിയില്‍ വെച്ചായിരുന്നു മരണമടഞ്ഞത്. 

കാലം മാറിയതോടെ കോണ്‍ഗ്രസിലെ പഴയ വൈരങ്ങളും മാറി. എന്‍.രാമകൃഷ്ണന്റെ ഭാര്യ കണ്ണൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൗണ്‍സിലറായി വിജയിച്ചു. പിന്നീട് അദ്ദേഹത്തിന്റെ മകള്‍ അമൃതയും കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന്റെ കൗണ്‍സിലറായി. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കെ.സുധാകരന് വേണ്ടി സജീവമായി ഓടി നടക്കുന്നു. കെ.സുധാകരനും ഇതിനകം ഏറെ മാറി- പ്രവര്‍ത്തന ശൈലിയിലും മാറ്റം വന്നു. കണ്ണൂര്‍ എന്ന തട്ടകത്തില്‍ നിന്ന് കേരളം എന്ന വലിയ ക്യാന്‍വാസിലേക്ക് പടര്‍ന്നപ്പോള്‍ ഈ മാറ്റങ്ങള്‍ അനിവാര്യവുമായിരുന്നു.

(മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍)