'എന്നെയിപ്പോള്‍ എല്ലാവരും ഹാജിയെന്ന് വിളിക്കുന്നു. ഇതില്‍പ്പരം എനിക്കൊന്നും കിട്ടാനില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. മക്കയില്‍ ഞാന്‍ പ്രാര്‍ഥിച്ചത് ഈ ദേശത്തിലെ എല്ലാവരുടേയും ശാന്തിക്കുവേണ്ടിയാണ്' 2004 ലെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങിനിടെ രാജസ്ഥാനിലെ ജയ്പൂരില്‍  ഹബീബ് മിയാന്‍ എന്ന  ആയുസ്സിന്റെ ഇതിഹാസത്തെക്കണ്ട അനുഭവം മാതൃഭൂമി സെപ്ഷ്യല്‍ കറസ്പോണ്ടന്റ് എസ്.എന്‍.ജയപ്രകാശ് എഴുതുന്നു

To advertise here,

2004 ലെ വേനല്‍ക്കാലം. രാജസ്ഥാനിലെ പൊതുതിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി രാജധാനി തീവണ്ടിയില്‍  കോട്ടയില്‍ ഇറങ്ങുമ്പോള്‍ ചൂട് 40-42 ഡിഗ്രി. ചമ്പല്‍ നദിയുടെ കരയിലെ കോട്ട എന്ന നഗരം അന്നേ പ്രവേശന പരീക്ഷകള്‍ക്ക് കുട്ടികളെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുടെ കോട്ടയായിക്കഴിഞ്ഞിരുന്നു. അവിടെനിന്നാണ് ജയ്പൂരിലേയ്ക്ക് പോയത്. കൈവള്ളയില്‍ മരുഭൂവുള്ള രാജസ്ഥാനില്‍ വെയിലിന്റെ ഉന്മാദത്തില്‍ കണിക്കൊന്നകള്‍ പൂത്തുലഞ്ഞുനിന്നിരുന്നു. നമ്മുടെ അതേ പൊന്‍കൊന്നപ്പൂക്കള്‍.  മനസ്സില്‍ കണിക്കൊന്നയുള്ള മലയാളിക്ക് നിനച്ചിരക്കാത്തൊരു കാഴ്ച. നമ്മുടെ വിഷുക്കാലമായിരുന്നു അത്. കണിക്കൊന്നയല്ലേ. എവിടെയാണെങ്കിലെന്ത്, പൂക്കാതിരിക്കാന്‍ അതിനാവതില്ലല്ലോ.

ആ തിരഞ്ഞടുപ്പുകാലത്താണ് ജയ്പൂരിന്റെ പ്രാന്തത്തില്‍ ഗാട്ട് കീ ദുനിയിലെ ശാന്തിനഗര്‍ കോളനിയിലെ പഴയ കുടുസ്സുവീട്ടില്‍ ഞാന്‍ ഹബീബ് മിയാനെ കണ്ടത്. അന്ന്  തിരഞ്ഞെടുപ്പ് നേരിട്ടത് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയി .നരേന്ദ്രമോദി ഗുജറാത്തിലെ മുഖ്യമന്ത്രി. 'മോദി കീ ഗ്യാരണ്ടി'  എന്നപോലെ '' ഇന്ത്യ ഷൈനിങ്'  എന്ന മുദ്രാവാക്യം തൂണിലും തുരുമ്പിലും കോറിവരച്ച കാലം. പക്ഷേ,  കോളനിയിലേയ്ക്കുള്ള  ഇടുങ്ങിയ ആ വഴികളില്‍ എനിക്കു മുന്നില്‍ തെളിഞ്ഞ കാഴ്ചകളില്‍ കണിക്കൊന്നപ്പൂക്കള്‍ക്ക് മാത്രമായിരുന്നു തിളക്കം.

ഹബീബ് മിയാന്‍ (വര്‍ത്തമാനത്തില്‍ ഹബീബ് മിയ)  സ്ഥാനാര്‍ഥിയായിരുന്നില്ല. ഏതെങ്കിലും പാര്‍ട്ടിയുടെ നേതാവുമായിരുന്നില്ല. രാജ്യത്തെ ഒരു വോട്ടര്‍ മാത്രമായിരുന്നു. ഇന്ത്യയില്‍ അന്ന് ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ആളായി കരുതപ്പെട്ടിരുന്ന മനുഷ്യന്‍. ഞാന്‍ കാണുമ്പോള്‍ അദ്ദേഹത്തിന് പ്രായം 133. ഒരു നൂറ്റാണ്ട് മുഴുവനായും രണ്ട് നൂറ്റാണ്ടുകളുടെ അരികിലൂടെയും സഞ്ചരിച്ച ആ മനുഷ്യന്‍ ആതിരഞ്ഞെടുപ്പിലും വോട്ടുചെയ്തിരുന്നു.  

രാജസ്ഥാനില്‍ അന്ന് 'ദ ഹിന്ദു' വിന്റെ ബ്യൂറോ ചീഫും മലയാളിയുമായി സണ്ണി സെബാസ്റ്റ്യൻ പറഞ്ഞാണ്  ജയ്പൂര്‍ അതിനകം ആഘോഷിച്ചുകഴിഞ്ഞ ആയുസ്സിന്റെ ആ ഇതിഹാസത്തെപ്പറ്റി അറിഞ്ഞത്.  (രാജസ്ഥാന്റെ രാഷ്ട്രീയ സ്പന്ദനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമൊക്കെ  ദേശീയ ശ്രദ്ധയില്‍ എത്തിച്ചിരുന്ന സണ്ണി സെബാസ്റ്റ്യന്‍ പിന്നീട് രാജ്യത്തെ ആദ്യത്തെ ജേര്‍ണലിസം സര്‍വകലാശാലയായ ജയ്പൂരിലെ ഹരിദേവ് ജോഷി യൂണിവേഴ്സിറ്റി ഓഫ് ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്റെ സ്ഥാപക വൈസ് ചാന്‍സലറായി).അങ്ങനെയെങ്കില്‍ അസാധാരണമായ ആ വോട്ടറെ ഒന്നു കാണാതെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് പൂര്‍ത്തിയാവുന്നതെങ്ങനെ?  അപൂര്‍വ സുന്ദരമായ ജീവിതപരിവേഷത്തിന്റെ വെളിച്ചത്തില്‍ , ആ ചെറിയ വീട്ടില്‍ പുഞ്ചിരി പൊഴിച്ച് ഹബീബ് മിയാന്‍ ഉണ്ടായിരുന്നു. കൂടെ കുറേ കുട്ടികളും. ആ അഭിമുഖത്തെപ്പറ്റി റിപ്പോര്‍ട്ട ചെയ്തപ്പോള്‍  ഈ വരികളാണ് വന്നത്-

'' ജയ്പൂര്‍: പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും നിറഞ്ഞ ജയ്പൂരില്‍ പുരാതനമായൊരു പുഞ്ചിരി കൂടിയുണ്ട്. അത് 133 വയസ്സുള്ള ഹബീബ് മിയ അഥവാ റഹീം ഖാന്റേതാണ്. ഒരു പക്ഷേ, ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള മനുഷ്യന്‍. ലോകത്തിലേയ്ക്കും പ്രായം കൂടിയവരില്‍ ഒരാള്‍. ഈ തിരഞ്ഞെടുപ്പിലും വോട്ടിടാന്‍ ഒരുങ്ങുകയാണ് അപ്പൂപ്പന്‍മാരുടെ അപ്പൂപ്പന്‍.''

പരിചയപ്പെടുത്തിയപ്പോള്‍ പുഞ്ചിരിച്ച് സ്വാഗതം ചെയ്തെങ്കിലും എന്നെ അദ്ദേഹം കണ്ടില്ലെന്നതാണ് വാസ്തവം.  അരനൂറ്റാണ്ടായിരുന്നു ആ കണ്ണുകള്‍ മങ്ങിയിട്ട്. പക്ഷേ, അദ്ദേഹത്തിന് കേള്‍ക്കാനാകുമായിരുന്നു. ഭാര്യ നേരത്തേ മരിച്ചു. അഞ്ചുമക്കളേയും നഷ്ടമായി. സഹോദരന്റെ മകന്റെ പേരക്കുട്ടികള്‍ക്കൊപ്പമായിരുന്നു താമസം. പഴയ ജയ്പൂര്‍ സംസ്ഥാനത്തിലെ രാജകീയ ബാന്‍ഡില്‍ ക്ലാരിനറ്റ് വായനക്കായിരുന്നു ഹബീബ് മിയാന്‍. 1938 ല്‍ വിരമിച്ചു. പെന്‍ഷന്‍ രേഖകള്‍ പ്രകാരം ജനനത്തീയതി 1878 മേയ് 20. പക്ഷേ തന്റെ പ്രായത്തെപ്പറ്റി ഓര്‍മകളുടെ മറ്റൊരു രേഖയുണ്ട് ഹബീബ് മിയാന്. ജയ്പൂര്‍ രാജാവ് ക്ഷണിച്ചുവരുത്തിയ അലിഗഢിലെ നവാബ് ഫയസ് അലി ജയ്പൂരില്‍വെച്ചാണ് മരിച്ചത്. അന്ന് ഹബീബ് മിയാന് പത്തുവയസ്സ്. അതുവെച്ചാണ് അദ്ദേഹം ആയുസ്സ് കണക്കാക്കിയിരുന്നത്.  ഞാന്‍ കാണുമ്പോള്‍ അദ്ദേഹം 133-ാം ജന്മദിനം ആഘോഷിച്ചു കഴിഞ്ഞിരുന്നു. കുടുംബത്തിന്റെ വംശാവലിയുടെ ചരിത്രം രേഖപ്പെടുത്തിയ രേഖയില്‍ 1869 ല്‍, ഗാന്ധിജി പിറന്ന അതേവര്‍ഷം,  ഹബീബ് മിയാന്‍ ജനിച്ചെന്ന് പറയുന്നു. വിരമിക്കുമ്പോള്‍ 1.96 രൂപയായിരുന്നു പെന്‍ഷന്‍. അത് പിന്നീട് 1900 രൂപയായി.

placeholder
ഹബീബ് മിയാനെ കുറിച്ച് 2004-ല്‍ മാതൃഭൂമിയില്‍ പ്രവസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌

മിയാന്‍ പെന്‍ഷന്‍ വാങ്ങിയിരുന്ന ജയ്പൂര്‍ ആന്‍ഡ് ബിക്കാനീര്‍ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ് ആ ജീവിതത്തിന്റെ വിസ്മയം തിരിച്ചറിഞ്ഞത്. 65 വര്‍ഷമായി പെന്‍ഷന്‍ വാങ്ങുന്ന അസാധാരണനായ പെന്‍ഷനറുടെ ജീവചരിത്രം അവര്‍ ചികഞ്ഞു. രേഖകളിലെ ജനനത്തീയതി ശ്രദ്ധിക്കപ്പെട്ടത് അപ്പോഴാണ്.  ആദ്യം അദ്ദേഹത്തെ ആദരിച്ചത് ബാങ്കുതന്നെ. പിന്നീട് രാജസ്ഥാന്‍ സര്‍ക്കാരും. ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സിന് ജനനത്തീയതി സംശയാതീതമായി ബോധ്യപ്പെട്ടില്ല. അതിനാല്‍, ഏറ്റവും നീണ്ടകാലമായി പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി എന്ന റെക്കോഡ് ഹബീബ് മിയാന്റെ പേരില്‍  രേഖപ്പെടുത്തി. മിയാന്റെ പ്രായത്തെപ്പറ്റി തര്‍ക്കങ്ങളുണ്ടായി.  നാല് ജയ്പൂര്‍ രാജാക്കന്‍മാരുടേയും ബ്രിട്ടീഷുകാരുടേയും ഇന്ത്യന്‍ സര്‍ക്കാരിന്റേയും കാലങ്ങള്‍ കണ്ട മിയാന്റെ സുദീര്‍ഘ ജീവിതത്തെ തര്‍ക്കങ്ങള്‍ക്കപ്പുറം എല്ലാവരും ആദരിക്കുകയായിരുന്നു. അങ്ങനെ ജയ്പൂര്‍ ആ ജീവിതത്തെ ആഘോഷിച്ചു. ഹജ്ജിന് പോകണമെന്നത് ആ ദരിദ്രന്റെ വലിയൊരു ആഗ്രഹമായിരുന്നു. സി.എന്‍.എന്‍ ചാനലില്‍ വന്ന മിയാന്റെ അഭിമുഖം കണ്ട ലണ്ടനിലെ ഇന്ത്യന്‍ വംശജനായ ഒരു വ്യവസായി ഹജ്ജിന് പോകാന്‍ രണ്ടുലക്ഷം രൂപ നല്‍കി. 2008 ഓഗസ്റ്റ്‌ 19ന് 138-ാം വയസ്സില്‍ ഹബീബ് മിയാന്‍ മരിച്ചപ്പോള്‍ ആ വേര്‍പാട് ലോകത്തിന് വാര്‍ത്തയായിരുന്നു.

ആയുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അപ്പൂപ്പന്‍ താടി തടവി മിയാന്‍ പറഞ്ഞു-'' ചുറ്റുമുള്ള എത്രയോപേര്‍ പോയിരിക്കുന്നു, എന്നെ ദൈവം മറന്നുകാണും.' ഓര്‍മയിലെ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം വോട്ടുചെയ്യാതിരുന്നിട്ടില്ല. തിരഞ്ഞെടുപ്പുകാലത്ത്  സ്ഥാനാര്‍ഥികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്നതും പതിവ്. '' തന്റെ വോട്ടു കിട്ടുന്നവര്‍ ഭാഗ്യവാന്‍മാര്‍'' - രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് അദ്ദേഹത്തിന് അത്രയേ പറയാനുണ്ടായിരുന്നുള്ളൂ.

യാത്ര ചോദിച്ചിറങ്ങുമ്പോള്‍  മിയാന്‍ പറഞ്ഞു- '' എന്നെയിപ്പോള്‍ എല്ലാവരും ഹാജിയെന്ന് വിളിക്കുന്നു. ഇതില്‍പ്പരം എനിക്കൊന്നും കിട്ടാനില്ല. എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളാണ്. മക്കയില്‍ ഞാന്‍ പ്രാര്‍ത്ഥിച്ചത് ഈ ദേശത്തിലെ എല്ലാവരുടേയും ശാന്തിക്കുവേണ്ടിയാണ്.''

ഇരുപത് വര്‍ഷത്തിനിപ്പുറം പൗരത്വനിയമ ഭേദഗതിയും മതപരമായ അന്യവത്കരണവും ചര്‍ച്ചയാകുന്ന ഈ തിരഞ്ഞെടുപ്പുകാലത്ത് പല നൂറ്റാണ്ടുകളില്‍ ഇന്ത്യയ്ക്കൊപ്പം ജീവിച്ച, ദേശത്തിനുവേണ്ടി പ്രാര്‍ഥിച്ച  ഹബീബ് മിയാനെ ഓര്‍ക്കാതിരിക്കുന്നതെങ്ങനെ?  

(2004 ലെ തിരഞ്ഞെടുപ്പില്‍  രാജസ്ഥാനിലെ 25 സീറ്റുകളില്‍ 21 ഉം ബി.ജെ.പി നേടി. 16 ല്‍ നിന്നായിരുന്നു ഈ വളര്‍ച്ച. കോണ്‍ഗ്രസ് ഒമ്പതില്‍ നിന്ന് നാലിലേയ്ക്ക് ക്ഷയിച്ചു.  അശോക് ഗഹ്ലോത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആവത് ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റ് ആദ്യമായി മത്സരിച്ചത് അന്നായിരുന്നു. ബി.ജെ.പിക്കുവേണ്ടി ധര്‍മേന്ദ്രയും വസുന്ധ രാജയുടെ മകന്‍ ദുഷ്യന്ത് സിങും ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങും അവിടെ ആദ്യമായി കളത്തിലിറങ്ങിയതും അപ്പോള്‍. അവരെല്ലാവരും ജയിച്ചു. പക്ഷേ വ്യത്യസ്തമായിരുന്നു രാജ്യത്തിന്റെ പ്രതികരണം. കേന്ദ്രത്തില്‍ ബി.ജെ.പി തളര്‍ന്നു. ഇന്ത്യ തിളങ്ങുന്നില്ലെന്ന് ജനം വിധിയെഴുതി. വാജ്പേയി സര്‍ക്കാര്‍ വീണു. എട്ടുവര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന്റെ നേൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തി. രാഹുല്‍ഗാന്ധി ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതും ജയിച്ചതും അന്നായിരുന്നു) .