പൊന്നാപുരം കോട്ടയിൽ ലീഗല്ലാതെ മറ്റാര്? ഹരിതക്കോട്ടയിൽ ചെങ്കൊടി പറത്താൻ ലീഗിൽ നിന്നടർത്തിമാറ്റി കെ.എസ്. ഹംസയെ സ്ഥാനാർഥിയാക്കിയ സി.പി.എമ്മിന്റെ പരീക്ഷണം ലക്ഷ്യം കണ്ടില്ല. പൊന്നാനിക്കോട്ട ലീഗിന്റെ കൈയിൽ ഭദ്രമെന്ന് അബ്ദുസമദ് സമദാനിയിൽ കൂടി ലീഗ് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിച്ചു. 1977 മുതൽ ജനം മാറിച്ചിന്തിക്കാതെ ഹരിതപതാകയ്ക്ക് കീഴിൽ അടിയുറച്ച മണ്ഡലത്തിൽ മറ്റൊരു മാറ്റം ചിന്തിക്കുന്നതിലുമപ്പുറമെന്ന് ജനം വീണ്ടും വിധിയെഴുതി. അടിയൊഴുക്കിന്റെ 2004 തിരഞ്ഞെടുപ്പിലും യു.ഡി.എഫിനെ ചേർത്തുപിടിച്ച മണ്ഡലത്തിൽ നിന്ന് ലീഗ് ശബ്ദം തുടർന്നും പാർലമെന്റിൽ മുഴങ്ങിക്കേൾക്കും.
ഏഴ് നിയമസഭാ മണ്ഡലങ്ങളടങ്ങുന്ന പൊന്നാനി ലോക്സഭാ മണ്ഡലം. ജി. എം. ബനാത്ത്വാല അടിത്തറ പാകി, ഇടി മുഹമ്മദ് ബഷീറിൽ കൂടി തുടർന്ന ജയം, ഇന്ന് അബ്ദുസമദ് സമദാനിയുടെ കൈയിൽ സുരക്ഷിതം.
തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങൾക്ക് പുറമെ പാലക്കാടിലെ തൃത്താല അടക്കം ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്സഭയിലുള്ളത്. നിലവിൽ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ്. ഭരണമാണ്. മൂന്നിടത്ത് മാത്രം ലീഗ്. ഇതിനുപുറമെ, രണ്ട് മന്ത്രിസ്ഥാനവും പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ നിന്നുണ്ട്.
13,49,908 വോട്ടർമാരായിരുന്നു 2019-ലെ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഉണ്ടായിരുന്നത്. ഇതിൽ 10,16,815 പേർ വോട്ട് രേഖപ്പെടുത്തി. മുസ്ലിം ലീഗ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് 5,21,824 (51.30%) വോട്ടായിരുന്നു ലഭിച്ചത്. എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിനാകട്ടെ 3,28,551 (32.30%) വോട്ടും. ബി.ജെ.പി. സ്ഥാനാർഥി വി.ടി. രമയ്ക്ക് 1,10,603 വോട്ടും (10.87%)ലഭിച്ചു. എസ്.ഡി.പി.ഐ. സ്ഥാനാർഥി അഡ്വ. കെ.സി. നസീറിന് 18.124 വോട്ടും, സ്വതന്ത്ര സ്ഥാനാർഥിയായ പി.എ. സമീറ 16,288 വോട്ടും നോട്ടയ്ക്ക് 6,231 വോട്ടും ലഭിച്ചിരുന്നു. 1,93,273 വോട്ടിനായിരുന്നു 2019-ൽ ഇ.ടി.യുടെ ജയം. 2014-ൽ ഇ.ടിയുടെ ജയം 25410 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. ഇത് 2019-ൽ രണ്ട് ലക്ഷത്തോട് അടുത്തുള്ള കൂറ്റൻ വിജയത്തിലേക്ക് ഇ.ടിയെ കൊണ്ടെത്തിച്ചു.
പതിവുതെറ്റിച്ചില്ല, ഭൂരിപക്ഷം ലക്ഷക്കണക്കിൽ തന്നെ... അബ്ദുസമദ് സമദാനിയും വാരിക്കൂട്ടി. രണ്ട് ലക്ഷത്തിന്റെ കൂറ്റൻ ഭൂരിപക്ഷത്തിന് മുമ്പിൽ സിപിഎം സ്ഥാനാർഥിക്ക് പകച്ചു നിൽക്കാനെ ആയുള്ളൂ.
| നിയമസഭാ മണ്ഡലം | പേര് | പാർട്ടി | ലഭിച്ച വോട്ടുകൾ | പേര് | പാർട്ടി | ലഭിച്ച വോട്ട് | പേര് | പാർട്ടി | ലഭിച്ച വോട്ട് |
| തിരുരങ്ങാടി | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 85,428 | പി.വി. അൻവർ | LDF | 38,444 | വി.ടി. രമ | BJP | 10,663 |
| താനൂർ | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 75,210 | പി.വി. അൻവർ | LDF | 43,044 | വി.ടി. രമ | BJP | 14,791 |
| തിരൂർ | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 90,734 | പി.വി. അൻവർ | LDF | 49,349 | വി.ടി. രമ | BJP | 11,365 |
| കോട്ടക്കൽ | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 87,795 | പി.വി. അൻവർ | LDF | 45,596 | വി.ടി. രമ | BJP | 13,506 |
| തവനൂർ | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 62,481 | പി.വി. അൻവർ | LDF | 50,128 | വി.ടി. രമ | BJP | 20,769 |
| പൊന്നാനി | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 61,294 | പി.വി. അൻവർ | LDF | 51,555 | വി.ടി. രമ | BJP | 17,498 |
| തൃത്താല | ഇ.ടി. മുഹമ്മദ് ബഷീർ | IUML | 58,496 | പി.വി. അൻവർ | LDF | 50,092 | വി.ടി. രമ | BJP | 21,838 |
തിരക്കിട്ട ചർച്ചകൾക്കൊടുവിലായായിരുന്നു കെ.എം. ഹസയിൽ സി.പി.എം.എത്തിച്ചേരുന്നത്. വി.എം. അബ്ദുറഹ്മാൻ, കെ.ടി. ജലീൽ, വസീഫ്... പല പേരുകള്‍ ഉയർന്നിരുന്നു. ഒടുവിൽ പച്ചക്കോട്ടയിൽ ചെങ്കൊടി പാറിക്കാൻ ലീഗിൽ നിന്ന് തന്നെ ഒരാൾ എന്ന ലക്ഷ്യത്തിൽ സിപിഎം ഹംസയിലെത്തിച്ചേർന്നു. അരിവാൾ ചുറ്റിക നക്ഷത്രത്തിൽ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി തന്നെ ഹംസ വോട്ടഭ്യർഥിച്ചു. എന്നാൽ, കണക്കു കൂട്ടലുകൾ പിഴച്ചു. പൊന്നാനിയുടെ മണ്ണിൽ ചുവപ്പിന് സ്ഥാനമില്ലെന്ന് ജനം വിധിച്ചു.
തൃത്താലയിൽ നിന്നുള്ള തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, താനൂരിൽ നിന്നുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍, തവനൂർ എം.എൽ.എ. കെ.ടി. ജലീൽ, പൊന്നാനിയില്‍ പി. നന്ദകുമാര്‍ എന്നിവരടങ്ങുന്ന വലിയൊരു നിരയാണ് മണ്ഡലത്തിൽ ഇടതുപക്ഷത്തിനുള്ളത്. 2006- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലൊളിയിൽ കൂടി സി.പി.എം. പിടിച്ചെടുക്കുകയും തുടർന്ന് മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെ മൂന്ന് തവണ ജയിപ്പിക്കുകയും ചെയ്ത മലപ്പുറത്തെ ഉറച്ച കോട്ടയാണ് പൊന്നാനി. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം മാത്രമാണ് നിലവിൽ ലീഗിന്റെ കൈയിലുള്ളത്. അട്ടിമറി ജയം പ്രതീക്ഷിച്ച് കാത്തിരുന്ന എൽ.ഡി.എഫ് ശ്രമം അത്ര കണ്ട് ഏശിയില്ല.
തുടക്കം മുതൽക്ക് തന്നെ വ്യക്തമായ ലീഡോടെ ആയിരുന്നു അബ്ദുസമദ് സമദാനിയുടെ മുന്നേറ്റം. ഒടുവിൽ 235760 എന്ന ഭൂരിപക്ഷത്തിൽ ഫിനിഷ് ചെയ്തു. 562516 വോട്ട് ആണ് സമദാനി നേടിയത്. കെ.എസ്. ഹംസ 326756 വോട്ട് നേടി. ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിത 124798 വോട്ടും നേടി.
ലക്ഷ്യം കാണാതെ ബി.ജെ.പി.
ജയം അനിവാര്യമെന്ന് അരക്കിട്ടുറപ്പിച്ച് പറയുമ്പോഴും പൊന്നാനി പോലൊരു മണ്ഡലത്തിൽ വോട്ട് വിഹിതം വർധിപ്പിക്കുക എന്ന ഉദ്ദേശ്യമായിരുന്നു ബി.ജെ.പിയുടേത്. ജയം എന്നതിലുപരി മണ്ഡലത്തിൽ നിലവിലുള്ള വോട്ടർമാരെ നിലനിർത്തിക്കൊണ്ട് കൂടുതൽ പേരെ പാർട്ടിയോട് അടുപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നിവേദിത സുബ്രമണ്യത്തിൽ കൂടി ബി.ജെ.പി. ലക്ഷ്യമിട്ടത്. മോദി ഗ്യാരണ്ടി തിരഞ്ഞെടുപ്പിലുടനീളം ചർച്ചയാക്കിയ ബിജെപി സ്ഥാനാർഥിയെ ഫലത്തിൽ നിലവിലുള്ള വോട്ടർമാർക്കപ്പുറം ചലനമുണ്ടാക്കാൻ സാധിച്ചില്ല.
ലീഗിന്റെ പൊന്നാപുരം കോട്ട
1977 മുതൽ പൊന്നാനിയിലെ മുസ്ലിം ലീഗിന്റെ കോട്ടകുലുക്കാൻ സി.പി.എം. നടത്തിയ പരീക്ഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല. 2004-ലെ ഇടതുതരംഗത്തിലും പൊന്നാനി ലീഗിനെ കൈവിട്ടില്ല. ഇത്തവണയും സിപിഎമ്മിനൊപ്പം നിൽക്കാതെ ലീഗിനെ ചേർത്തുപിടിച്ചു. 1977, 1980, 1984, 1996, 1998, 1999 തിരഞ്ഞെടുപ്പുകളിലായിരുന്നു മുംബൈയിൽ നിന്നെത്തിയ ബനാത്ത്വാല പൊന്നാനിയിൽ നിന്ന് ലോക്സഭയിൽ എത്തിയത്. 1991-ൽ ഇബ്രാഹിം സുലൈമാൻ സേട്ട് പൊന്നാനിയിൽ നിന്ന് ലോക്സഭയിലെത്തിയെങ്കിലും പിന്നീട് ബനാത്ത്വാല തന്നെ വീണ്ടും പൊന്നാനിയിൽ മത്സരിച്ചു, ജയിച്ചു. 2004-ൽ ഇ. അഹമ്മദ് രംഗത്തെത്തി. 2009 മുതൽ ഇ.ടിയുടെ കാലമായിരുന്നു. 2014, 2019 തിരഞ്ഞെടുപ്പിൽ പൊന്നാനിയുടെ ഹൃദയം ഇ.ടി.ക്കൊപ്പം നിന്നു. എന്നാൽ ഇത്തവണ സമദാനിയും ഇ.ടിയും തമ്മിൽ മണ്ഡലങ്ങൾ വെച്ചുമാറുകയായിരുന്നു.

1962 മുതൽ 1971 വരെ മൂന്ന് തവണ പൊന്നാനി ഇടതിനൊപ്പമായിരുന്നു. ഇമ്പിച്ചി ബാവയെയും സി.കെ. ചക്രപാണിയെയും എം.കെ. കൃഷ്ണനെയും പിന്തുണച്ച പൊന്നാനി വീണ്ടും ഇടതിന്റെ കൈയിലെത്തിക്കാൻ മുൻ മുസ്ലിം ലീഗ് നേതാവിനാകുമോ എന്ന് ഉറ്റുനോക്കിയെങ്കിലും അസാധ്യമാകും വിധത്തിലുള്ള മുന്നേറ്റത്തിലൂടെ ലീഗ് അതിന് മറുപടി നൽകി.
പൊന്നാനി ലോക്സഭയുടെ കീഴിലെ തവനൂർ, പൊന്നാനി നിയമസഭാ മണ്ഡലങ്ങൾ കാലങ്ങളായി ഇടതുപക്ഷത്തിന്റെ കൈയിലാണ്. 2011 മുതൽ, ലീഗിൽ നിന്ന് അടർന്ന് ഇടതുപാളയത്തിലെത്തിയ കെ.ടി. ജലീലാണ് തവനൂരിൽ നിന്ന് നിയമസഭയിലെത്തുന്നത്. പൊന്നാനി നിയമസഭയും കാലങ്ങളായി എൽ.ഡി.എഫിന്റെ സ്വാധീനത്തിലാണ്. കോൺഗ്രസിന്റെ കൈയിൽ നിന്ന് തൃത്താല നിയമസഭ എം.ബി. രാജേഷിലൂടെ തിരിച്ചുപിടിച്ചത് എൽ.ഡി.എഫ്. കോട്ടയിലെ ആഘോഷമായിരുന്നു. തൃത്താലയിൽ നിന്നൊരു മന്ത്രിയും ഉണ്ടായി.
ലീഗിന്റെ കോട്ടയായിരുന്ന താനൂരിൽ ചെങ്കൊടിപാറിച്ചത് 2016-ലാണ്. 2019-ലും അബ്ദുറഹ്മാൻ വിജയം ആവർത്തിച്ചു, മന്ത്രിസഭയിലും എത്തി. മണ്ഡലം ചുവന്നുതന്നെ നിന്നു. എല്ലാം കൊണ്ടും അനുകൂല സാഹചര്യമാണ് പൊന്നാനിയിൽ ചെങ്കൊടിപാറിപ്പിക്കാൻ എന്നുള്ള വിലയിരുത്തലിലായിരുന്നു സിപിഎം. എന്നാൽ അത്ഭുതങ്ങൾക്കൊന്നും വഴിനൽകാതെ ജനം ഒന്നടങ്കം സമദാനിയെ ചേർത്തുപിടിച്ചു.
Content Highlights: Ponnani lok sabha election 2024 abdussamad samadani won
Published: 04 Jun 2024, 06:49 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented