മലപ്പുറം: മൂലധനശക്തികളുടെ പിടിയിലാണ് ഇന്ന് മുസ്ലിംലീഗ് എന്ന പാർട്ടിയെന്ന് എൽ.ഡി.എഫ്. പൊന്നാനി മണ്ഡലം സ്ഥാനാർഥിയും മുൻ മുസ്ലിംലീഗ് നേതാവുമായ കെ.എസ്. ഹംസ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ലിൽ സംഘടിപ്പിച്ച ‘മീറ്റ് ദ കാൻഡിഡേറ്റ്’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം കൊണ്ട് പാർട്ടി വളർത്തിയവരായിരുന്നില്ല ലീഗിന്റെ മുൻനേതാക്കളെന്നുപറഞ്ഞ ഹംസ മുസ്ലിംലീഗ് നേതാക്കൾക്കെതിരേ ആഞ്ഞടിച്ചു.
താങ്കൾ പ്രചാരണത്തിൽ പ്രധാന ആരോപണമായി പറയുന്ന ബി.ജെ.പി.-യു.ഡി.എഫ്. അന്തർധാരയ്ക്ക് തെളിവുണ്ടോ?
രാഷ്ട്രീയ നിരീക്ഷകർക്കൊക്കെ ആ അഭിപ്രായമുണ്ട്. പണ്ട് ഇതുപോലൊരു കോ.ലീ.ബി. സഖ്യത്തെക്കുറിച്ച് ആരോപണമുണ്ടായിരുന്നപ്പോൾ എല്ലാവരും നിഷേധിച്ചിരുന്നു. പിന്നീട് കെ.ജി. മാരാരുടെ പുസ്തകത്തിൽ അത് തുറന്നുപറഞ്ഞു. ‘പാഴായിപ്പോയ പരീക്ഷണം’ എന്നായിരുന്നു ആ പ്രയോഗം. ഇത്തവണ അതിനേക്കാൾ ബലവത്തായ തെളിവുകൾ കിട്ടിയിട്ടുണ്ട്. മലപ്പുറത്തെ ബി.ജെ.പി. സ്ഥാനാർഥി ഡോ. അബ്ദുൾ സലാം മുസ്ലിംലീഗിന്റെ നോമിനിയായി കാലിക്കറ്റ് സർവകലാശാലയിൽ വി.സി. ആയിരുന്ന ആളാണ്. അദ്ദേഹം ബി.ജെ.പി. സ്ഥാനാർഥിയായി. കോഴിക്കോട് ലീഗ് ഹൗസിലെ ഓഫീസ് സെക്രട്ടറി ഹംസയുടെ ഭാര്യയാണ് ബി.ജെ.പി.യുടെ സ്ഥാനാർഥിയാകുമെന്ന് പറയപ്പെട്ടിരുന്ന നുസ്രത്ത് ജഹാൻ.
സി.ഐ.എ. വിരുദ്ധ പ്രചാരണം ആർക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്?
എന്താണ് സംശയം? പൗരത്വ നിയമത്തിന്റെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്, പാർലമെന്റിലെ ആരിഫ് എം.പി.യുടെ പ്രകടനം ഇതൊക്കെ മതി അതു മനസ്സിലാക്കാൻ. ഒരു ഗൃഹപാഠവും ചെയ്യാതെ കോടതിയിൽ പോയി നാണംകെട്ട ലീഗിന്റെ പ്രകടനമൊക്കെ ആളുകൾക്ക് മനസ്സിലാവില്ലേ ? രാജ്യത്തെ മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയാണ് അതിവിടെ നടപ്പാക്കില്ല എന്ന് പ്രസ്താവനയിറക്കിയത്. അപ്പോൾ എ.ഐ.സി.സി. പ്രസിഡന്റ് ഖാർഗെ പറഞ്ഞത് ‘അത് ഞങ്ങൾക്ക് ആലോചിക്കണം’ എന്നാണ്.
മുസ്ലിങ്ങൾക്ക് ജീവിക്കാനാവാത്ത ഇടമായി രാജ്യം മാറിയെന്ന അഭിപ്രായമുണ്ടോ?
ജീവിക്കാൻ സാധിക്കുമോ എന്ന കാര്യം അവിടെ നിൽക്കട്ടെ. അത്തരം പല സാഹചര്യങ്ങളും നമ്മൾ മറികടന്നിട്ടുണ്ട്. മറ്റു മതവിഭാഗങ്ങൾക്കെല്ലാം പൗരത്വം കൊടുക്കുമ്പോൾ മുസ്ലിങ്ങളെ മാറ്റിനിർത്തിയതിന്റെ അർഥം മുസ്ലിങ്ങളെ രണ്ടാംതരം പൗരൻമാരാക്കുകതന്നെയാണ്.
കെ.എസ്. ഹംസ അപ്രസക്തനാണ് എന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തെക്കുറിച്ച്?
അങ്ങനെയൊക്കെ പല കാലഘട്ടങ്ങളിലും പല അഹങ്കാരികളും പറഞ്ഞിട്ടുണ്ട്. കാത്തിരുന്ന് കാണാം. കെ.ടി. ജലീൽ അപ്രസക്തനാണ് എന്നു പറഞ്ഞതും അദ്ദേഹംതന്നെയാണ്. അതിന്റെ ഫലം കണ്ടല്ലോ.
മുസ്ലിംലീഗിന് പരിമിതികളുണ്ട് എന്ന് തോന്നുന്നുണ്ടോ?
മുസ്ലിംലീഗിനല്ല, അതിന്റെ ഇന്നത്തെ നേതാക്കൾക്കാണ് പരിമിതികൾ. പാവപ്പെട്ട ഒരു സമുദായത്തെ അവർ പണയം വെച്ചിരിക്കുകയാണ്. അപ്പുറത്ത് മോദി, മടിയിൽ കനം, ഇ.ഡി.യിൽ പേടി ഇതാണ് അവരുടെ അവസ്ഥ.
ഹൈദരലി ശിഹാബ് തങ്ങളെ ലീഗ് ബലിയാടാക്കുകയായിരുന്നോ?
എന്താണ് സംശയം. അദ്ദേഹത്തെ ഇ.ഡി.ക്ക് മുന്നിൽ ഇട്ടുകൊടുക്കുകയായിരുന്നു. നോട്ട് നിരോധന സമയത്ത് പാർട്ടിമുതലാളിയുടെ കൈയിലുണ്ടായിരുന്ന പത്തു കോടിയോളം രൂപ ഹൈദരലി ശിഹാബ് തങ്ങളുടെ മാനേജ്മെന്റിലുള്ള പത്രത്തിന്റെ രണ്ട് അക്കൗണ്ടുകളിലായി നിക്ഷേപിക്കുന്നു. ഇൻകം ടാക്സ് നോട്ടീസ് വന്നപ്പോൾ മൂന്നു കോടി രൂപ ഫൈൻ അടച്ചു. കള്ളപ്പണമായതുകൊണ്ടായിരുന്നില്ലേ പിഴ അടയ്ക്കേണ്ടിവന്നത്. കള്ളപ്പണമെന്തിന് തങ്ങളുടെ പേരിലിട്ടു. അങ്ങനെ ഇ.ഡി. തങ്ങളെ ചോദ്യംചെയ്തു. ഇക്കാര്യം ഞാൻ പാർട്ടി യോഗത്തിൽ സംസാരിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഇ.ഡി. വന്നിട്ടേയില്ല എന്നായിരുന്നു. പിന്നീട് അത് മാറ്റിപ്പറയുകയും ചെയ്തു.
ഹൈദരലി തങ്ങൾക്ക് അതിന്റെ പേരിൽ മനഃപ്രയാസമുണ്ടായിരുന്നോ?
തീർച്ചയായും. ഡൽഹിയിൽനിന്ന് ഡോക്ടർ പറഞ്ഞിരുന്നത് ഒരുതരത്തിലും മാനസികസമ്മർദമുണ്ടാക്കരുത് എന്നായിരുന്നു. ആ സമയത്താണ് ഇ.ഡി. അദ്ദേഹത്തെ ഒരു ദിവസം മുഴുവൻ ചോദ്യംചെയ്യുന്നത്. ഇതിന്റെ ആഘാതത്തിൽ കടുത്ത മാനസികസമ്മർദത്തിലായാണ് തങ്ങൾ രോഗഗ്രസ്തനായത്.
മുയീനലി തങ്ങളുടെ പിന്തുണ താങ്കൾക്കുണ്ടാകുമോ?
അദ്ദേഹത്തിന്റെ മാത്രമല്ല, ഒരുപാട് തങ്ങൾമാരുടെ പിന്തുണ എനിക്കുണ്ട്. വലിയൊരു വിഭാഗം ലീഗുകാരുടെയും പിന്തുണയുണ്ട്. തന്റെ പിതാവിന്റെ അവസ്ഥയിൽ മനം നൊന്താണ് അദ്ദേഹം ലീഗ് ഓഫീസിൽ പത്രസമ്മേളനത്തിൽ പൊട്ടിത്തെറിച്ചത്. അന്ന് അദ്ദേഹത്തെ നേരിടാൻ ഒരു തെരുവുഗുണ്ടയെയാണ് നിയോഗിച്ചത്. മുസ്ലിംലീഗിനെ സ്നേഹിക്കുന്ന യഥാർഥ ലീഗുകാർ ഇതിനെതിരേ പ്രതികരിക്കുകതന്നെ ചെയ്യും.
ലീഗിൽനിന്ന് താങ്കളെ പുറത്താക്കിയത് എന്തിനായിരുന്നു?
ആദ്യ പ്രശ്നം ഹൈദരലി ശിഹാബ് തങ്ങളുടെ വിഷയം ഉന്നയിച്ചതായിരുന്നു. ഉത്തരേന്ത്യയിലെ ബുൾഡൗസർ രാഷ്ട്രീയത്തിനിരയായവരെ ആശ്വസിപ്പിച്ചില്ല, ആർ.എസ്.എസുമായി ഒത്തുകളി തുടങ്ങിയ ആരോപണങ്ങൾ കൂടി ഉന്നയിച്ചതോടെ സ്ഥാനമാനങ്ങളിൽനിന്ന് ഒഴിവാക്കി. കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞത് നിരന്തരമായി പാർട്ടിയോഗങ്ങളിൽ നേതൃത്വത്തെ അവഹേളിക്കുന്നു എന്നായിരുന്നു.
പൊന്നാനിയിൽ ചെയ്യാൻ പോകുന്നത് എന്താണ്?
സാധാരണ ഏതെങ്കിലും ഏജൻസിയെ ഏൽപ്പിച്ച് അവരുണ്ടാക്കുന്ന വികസനപത്രിക അവതരിപ്പിക്കാൻ എനിക്ക് താത്പര്യമില്ല. തിരഞ്ഞെടുപ്പുപ്രഖ്യാപനത്തിനു മുൻപുതന്നെ ഞങ്ങൾ രണ്ടുവട്ടം മണ്ഡലത്തിൽ പര്യടനം നടത്തി. അവിടെ ജനങ്ങളോട് സംവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ പ്രകടനപത്രിക തയ്യാറാക്കുന്നത്.
തിരൂരിൽ തീവണ്ടികളുടെ സ്റ്റോപ്പ്, കുറ്റിപ്പുറം ലൈൻ, കോഴിക്കോട്-ബേപ്പൂർ ഹൗറ മാതൃകയിൽ പാലം, ഹാർബറുകളുടെ ആധുനികീകരണം, വിദ്യാഭ്യാസമേഖലയിലെ മാറ്റം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്.
Content Highlights: ponnani lok sabha candidate ks hamza at meet the candidate program
Published: 29 Mar 2024, 05:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented