കുറ്റിപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജ് കാമ്പസിലെത്തിയ പൊന്നാനി മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയെ ഒരു സംഘം വിദ്യാർഥികൾ തടഞ്ഞു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്കാണ് സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ എൻ.ഡി.എ. നേതാക്കൾക്കൊപ്പം ലോ കോളേജിൽ എത്തിയത്. കോളേജ് അധികൃതരെ അറിയിച്ച് അനുമതി വാങ്ങിയിരുന്നു.

To advertise here,

എന്നാൽ സംഘടിച്ചെത്തിയ എസ്.എഫ്.ഐ.-എം.എസ്.എഫ്. പ്രവർത്തകർ സ്ഥാനാർഥിക്കുനേരെ പാഞ്ഞടുത്തുവെന്ന് എൻ.ഡി.എ. നേതാക്കൾ പറഞ്ഞു. പ്രതിഷേധം വകവെക്കാതെ മുന്നോട്ടുനീങ്ങിയപ്പോൾ വിദ്യാർഥികൾ അസഭ്യം പറഞ്ഞുവെന്ന് നിവേദിത പറഞ്ഞു. വിദ്യാർഥികൾ പ്രതിഷേധം തുടർന്നതോടെ സ്ഥാനാർഥിയും സംഘവും മടങ്ങി.

നിർഭാഗ്യകരം -പ്രിൻസിപ്പൽ

എൻ.ഡി.എ. സ്ഥാനാർഥി കാമ്പസിൽ വന്നത് മാനേജ്മെന്റിന്റെ അനുമതിയോടെയാണെന്ന് പ്രിൻസിപ്പൽ സി.എസ്. ഷീന അറിയിച്ചു. എല്ലാ സ്ഥാനാർഥികൾക്കും കാമ്പസിലേക്കു വരാമെന്നും ഒരുസംഘം വിദ്യാർഥികൾ എൻ.ഡി.എ. സ്ഥാനാർഥിയോടും ഒപ്പമുണ്ടായിരുന്ന നേതാക്കളോടും അപമര്യാദയായി പെരുമാറിയ സംഭവം നിർഭാഗ്യകരമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

പ്രതിഷേധം ജനാധിപത്യപരം -യൂണിയൻ ചെയർമാൻ

മറ്റു പാർട്ടികൾക്ക് ഇല്ലാത്ത സ്വാതന്ത്ര്യം ഒരു പാർട്ടിക്കു മാത്രം നൽകിയതിനെതിരേയുള്ള ജനാധിപത്യ വിശ്വാസികളായ വിദ്യാർഥികളുടെ പ്രതിഷേധമാണുണ്ടായതെന്ന് കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് യാസിൻ പറഞ്ഞു. കാമ്പസിൽ വോട്ട് ചോദിക്കണമെങ്കിൽ എല്ലാ പാർട്ടികൾക്കും ആ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യമെന്നും മുഹമ്മദ് യാസിൻ പറഞ്ഞു.