
മലപ്പുറം: പ്രതിസന്ധികള്‍ക്ക് ആഴവും വിമര്‍ശനങ്ങള്‍ക്ക് കടുപ്പവും കൂടുമ്പോഴെല്ലാം മുസ്ലിംലീഗില്‍ ഒരു പ്രതിഭാസമുണ്ടാകും; 'ചത്ത കുതിര' എന്ന് പണ്ട് നെഹ്രു പറഞ്ഞ പാര്‍ട്ടി സടകുടഞ്ഞ് എഴുന്നേല്‍ക്കും. ഉറങ്ങിക്കിടക്കുന്ന പ്രവര്‍ത്തകരെ വരെ വിളിച്ചുണര്‍ത്തി സംഘടനാസംവിധാനം ശക്തിപ്പെടുത്തും. ഇക്കുറി പൊന്നാനി മണ്ഡലത്തിലും അതാണ് കണ്ടത്. എം.പി. അബ്ദുസ്സമദ് സമദാനിയുടെ ചരിത്രവിജയത്തിനുപിന്നിലും ഇതേ കാരണമുണ്ട്.
സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരേ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ടായിരുന്നു. അത് ഭാവിയിലടക്കം തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ ലീഗ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. വോട്ടുചോര്‍ച്ച തടയാന്‍ കൂടുതല്‍ പണിയെടുത്തു. നഷ്ടപ്പെടുന്ന വോട്ടുകള്‍ക്ക് പകരം ഇരട്ടിവോട്ടുകള്‍ ഉറപ്പുവരുത്തി. അങ്ങനെ തിരിച്ചടിയാകുമായിരുന്ന വിഷയം അനുകൂലമാക്കി മാറ്റി. സമസ്തയിലെ ചെറിയൊരു വിഭാഗം എതിര്‍ത്തതോടെ മറ്റു സമുദായസംഘടനകളുടെ കൂടുതല്‍ പിന്തുണയും കിട്ടി. രണ്ട് മന്ത്രിമണ്ഡലങ്ങളടക്കം എല്‍.ഡി.എഫ്. ഭരിക്കുന്ന നാലിടത്തും ലീഡ് നേടിയാണ് സമദാനിയുടെ പടയോട്ടം.
കണക്കിനും മേലെ
പാര്‍ട്ടി കേന്ദ്രങ്ങളെപ്പോലും അമ്പരപ്പിച്ച റെക്കോഡ് ഭൂരിപക്ഷവുമായാണ് സമദാനി വീണ്ടും ലോക്സഭയിലേക്ക് പോകുന്നത്. ഒരു ലക്ഷം മുതല്‍ 1.30 ലക്ഷം വരെയാണ് ലീഗ് ജില്ലാ കമ്മിറ്റി കണക്കുകൂട്ടിയ ഭൂരിപക്ഷം. വോട്ടെടുപ്പിനുശേഷം ബൂത്ത് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ശേഖരിച്ചായിരുന്നു ആ വിലയിരുത്തല്‍. വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ സമദാനി വാരിക്കൂട്ടിയത് 2,35,760 വോട്ടിന്റെ ചരിത്രഭൂരിപക്ഷം. 2019-ല്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ നേടിയതിനേക്കാള്‍ 42,487 വോട്ടുകള്‍ സമദാനി സ്വന്തമാക്കി. 2021 മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ സ്വന്തം ഭൂരിപക്ഷത്തിനും (1,14,692) മുകളിലാണ് സമദാനിയുടെ ഈ വിജയം.
പൊതുവോട്ടുകളും പെട്ടിയില്‍
സ്വന്തം വ്യക്തിപ്രഭാവത്തിലൂടെ മുന്നണിക്ക് അകത്തും പുറത്തുമുള്ള കൂടുതല്‍ പൊതുവോട്ടുകളും സമദാനി പെട്ടിയിലാക്കി. മറ്റു സമുദായങ്ങളില്‍നിന്നുള്ള വോട്ടുകളും വന്നു. കഴിഞ്ഞ പല തിരഞ്ഞെടുപ്പുകളിലും പൊന്നാനിയില്‍ കുറെ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ന്നിരുന്നു. ഇത്തവണ അതുണ്ടായില്ലെന്നുവേണം കരുതാന്‍.
മണ്ഡലമാറ്റവും നേട്ടമായി
ഇ.ടി.യെയും സമദാനിയെയും പരസ്പരം മണ്ഡലം മാറ്റി മത്സരിപ്പിക്കാനുള്ള ലീഗ് തീരുമാനം ഇരുവര്‍ക്കും നേട്ടമായി. രണ്ടുപേരും സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു, ഭൂരിപക്ഷവും കൂട്ടി. സമസ്ത പ്രശ്നം കൂടി കണക്കിലെടുത്തായിരുന്നു മണ്ഡലമാറ്റം.
സി.പി.എമ്മിന് നാലാമതും പാളി
സി.പി.എം. പൊന്നാനിയില്‍ പയറ്റിയ തന്ത്രം നാലാം തവണയും ഫലം കണ്ടില്ല. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും പൊതുസ്വതന്ത്രരെ കളത്തിലിറക്കിയായിരുന്നു സി.പി.എമ്മിന്റെ പരീക്ഷണം. ഇത്തവണ കെ.എസ്. ഹംസയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ചെങ്കിലും സമദാനിക്കാണ് നേട്ടമുണ്ടായത്.
പൊന്നാനിയിലെ കരുനീക്കങ്ങള്‍ ഇടതിന് തിരിച്ചടിയായി
മലപ്പുറം: മുസ്ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നയാളാണ് പൊന്നാനിയില്‍ സി.പി.എം. സ്ഥാനാര്‍ഥിയായി അരിവാള്‍ ചുറ്റിക അടയാളത്തില്‍ മത്സരിച്ച കെ.എസ്. ഹംസ. സമസ്തയില്‍ വിള്ളലുണ്ടാക്കാന്‍ ചില കേന്ദ്രങ്ങളില്‍നിന്ന് മനഃപൂര്‍വമായ ശ്രമങ്ങളുണ്ടാകുന്നു എന്ന തിരിച്ചറിവും സി.പി.എം. ചിഹ്നത്തില്‍ മത്സരിച്ചതും ഹംസയ്ക്കു വിനയായി എന്നാണ് വിലയിരുത്തല്‍. ഹംസയെ മുന്‍നിര്‍ത്തി സി.പി.എം. നടത്തിയ കരുനീക്കങ്ങളെല്ലാം തിരിച്ചടിയാവുകയായിരുന്നു.
കെ.ടി. ജലീല്‍, ഹുസൈന്‍ രണ്ടത്താണി, വി. അബ്ദുറഹ്‌മാന്‍, പി.വി. അന്‍വര്‍ തുടങ്ങി യു.ഡി.എഫില്‍നിന്ന് കളംമാറി സി.പി.എമ്മിനോട് അടുക്കുന്ന നേതാക്കള്‍ക്ക് ഇടതുപക്ഷത്ത് കിട്ടാറുള്ള പ്രത്യേക പരിഗണനയോടെയാണ് ഹംസയും കളത്തിലിറങ്ങിയത്. ഊര്‍ജസ്വലമായ പ്രചാരണങ്ങളിലൂടെ അദ്ദേഹം മണ്ഡലത്തില്‍ നിറയുകയും ചെയ്തിരുന്നു.
ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് അദ്ദേഹം പുറത്തുപോയത്. അതേസമയം പാണക്കാട്ട് കുടുംബത്തോടും അന്തരിച്ച ഹൈദരലി ശിഹാബ് തങ്ങളോടുമുള്ള തന്റെ സ്‌നേഹവും ആദരവും പലപ്പോഴും തുറന്നുപ്രകടിപ്പിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ലീഗില്‍ ഉണ്ടായിരുന്നപ്പോള്‍ എം.കെ. മുനീര്‍, കെ.എം. ഷാജി തുടങ്ങിയ നേതാക്കളോട് വലിയ അടുപ്പമുള്ള നേതാവായാണ് ഹംസ അറിയപ്പെട്ടിരുന്നത്.
2004-ല്‍ ടി.കെ. ഹംസ മഞ്ചേരി മണ്ഡലത്തില്‍ നടത്തിയ അട്ടിമറി മറ്റൊരു ഹംസ പൊന്നാനിയില്‍ ആവര്‍ത്തിക്കും എന്നായിരുന്നു പ്രചാരണം. സമസ്തയില്‍ ഒരു വിഭാഗത്തിന് സി.പി.എമ്മിനോട് ആഭിമുഖ്യമുണ്ടെന്നും ആ വിയോജിപ്പ് വലിയ അടിയൊഴുക്കുണ്ടാക്കുമെന്നുമൊക്കെ വലിയ ശബ്ദഘോഷങ്ങളോടെ പ്രചാരണങ്ങളുമുണ്ടായി.
എന്നാല്‍, സമസ്തയുടെ പേരില്‍ പറഞ്ഞു പ്രചരിപ്പിച്ച ഒരു വിഘടിത നീക്കവും വോട്ടെടുപ്പില്‍ ഉണ്ടായില്ല. എന്നു മാത്രമല്ല, റെക്കോഡ് ഭൂരിപക്ഷം മുസ്ലിംലീഗ് സ്ഥാനാര്‍ഥി എം.പി. അബ്ദുസ്സമദ് സമദാനിക്കു ലഭിക്കുകയും ചെയ്തു.
Content Highlights: ponnani election results 2024 samadani performance
Published: 05 Jun 2024, 08:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented