മലപ്പുറം: നരേന്ദ്രമോദി സർക്കാരിന്റെ വികസനപദ്ധതികളും ആശയങ്ങളും ഉയർത്തിപ്പിടിച്ചാണ് പൊന്നാനി മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്റെ പ്രചാരണം. വികസനത്തിനൊപ്പം നിൽക്കുന്നവരും അതിനെതിരുനിൽക്കുന്നവരും തമ്മിലുള്ള ഒരു മത്സരമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പെന്ന് അവർ പറയുന്നു. മലപ്പുറത്ത് മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
എന്താണ് പൊന്നാനിക്കുവേണ്ടി ചെയ്യാനുദ്ദേശിക്കുന്നത്
എം.പി. ഫണ്ടുപോലും കൃത്യമായി വിനിയോഗിക്കാത്തവരാണ് ഇവിടെനിന്ന് ജയിച്ചവർ. വികസനം മുന്നിൽക്കണ്ട് പ്രവർത്തിച്ചിട്ടില്ല. നമ്മൾ ആഗ്രഹിക്കുന്ന പൊന്നാനിയുടെ വികസനമാണ് ഞാൻ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ പത്തുവർഷത്തെ മോദിയുടെ പ്രോഗ്രസ് റിപ്പോർട്ട് അടിസ്ഥാനമാക്കിത്തന്നെയാണ് പ്രചാരണം. പൊന്നാനി മണ്ഡലത്തിലുണ്ടാവേണ്ട വികസനം എന്തെല്ലാമാണെന്ന് വിദഗ്ധരുമായി സംസാരിച്ചിട്ടുണ്ട്. ഇ. ശ്രീധരനടക്കമുള്ളവരുടെ നിർദേശങ്ങൾ സ്വീകരിച്ചാണ് പ്രകടനപത്രിക തയ്യാറാക്കിയത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങളാണ് ഇതിലധികവും.
സി.എ.എ. പോലുള്ള ചർച്ചകൾ എത്രത്തോളം ബി.ജെ.പി.യെ ബാധിക്കും
മുഖ്യമന്ത്രി ഇക്കാര്യത്തിൽ നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ സ്പർധയുണ്ടാക്കുന്നതാണ്. സി.എ.എ. ഒരാളുടേയും പൗരത്വം കളയുന്നതല്ല എന്ന് ബില്ലവതരിപ്പിച്ച അമിത്ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് ഉൾക്കൊള്ളാനുള്ള നിയമമാണ്, പുറംതള്ളാനുള്ളതല്ല. വ്യാജപ്രചാരണത്തിന് കാരണം വോട്ടുബാങ്ക് രാഷ്ട്രീയമാണ്.
താങ്കൾ മുന്നോട്ടുവെക്കുന്ന പൈതൃക കോറിഡോർ എന്താണെന്ന് വ്യക്തമാക്കാമോ
പ്രകടനപത്രികയിലുള്ള ഈ വിഷയം ഇ. ശ്രീധരനുമായി ചർച്ച ചെയ്തിരുന്നു. തിരുനാവായമുതൽ തൃത്താലവരെ ആയുർവേദം, സംഗീതം, കലകൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ വേണ്ട പദ്ധതികളാണിത്. തീർഥാടനകേന്ദ്രങ്ങൾ, മാമാങ്കം നടക്കുന്ന ഇടം അങ്ങനെ പലതിനേയും ചേർക്കും. ഒരു ഭാഗം ഉല്ലാസകേന്ദ്രങ്ങളാക്കിയും മറ്റൊരു ഭാഗം തീർഥാടനകേന്ദ്രമാക്കിയും വികസിപ്പിക്കാം. പൊന്നാനി മസ്ജിദ് ഉൾപ്പെടെ ഇതിൽപ്പെടുത്താം. സ്പിരിച്വൽ ടൂറിസവും ഹെറിറ്റേജ് ടൂറിസവും ബന്ധിപ്പിക്കൽ സാധ്യമാണ്. ഇതുവഴി കച്ചവടങ്ങൾ വികസിപ്പിച്ച് സാധാരണക്കാരന്റെ ജീവിതത്തിൽ നിലവാരം ഉയർത്താം.
മണിപ്പുരിലെ സ്ത്രീകൾക്കു നേരേയുണ്ടായ അതിക്രമം തിരിച്ചടിയാവുമോ
മണിപ്പുർ വിഷയത്തെക്കുറിച്ച് സുപ്രീംകോടതി വിധിയുണ്ടായതല്ലേ. രണ്ടു വിഭാഗങ്ങൾതമ്മിലുള്ള പ്രശ്‌നമാണത്; ഒരിക്കലും അംഗീകരിക്കാനാവുന്നതുമല്ല. ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ബി.ജെ.പി. എം.പി അടുത്തിടെ കേരളത്തിൽവന്ന് അവിടത്തെ പ്രശ്‌നം എന്താണെന്ന് വിശദീകരിച്ചിരുന്നു. പൊന്നാനി പോലുള്ള സീറ്റുകളിൽപ്പോലും സ്ത്രീകളെ നിർത്തി വിജയിപ്പിക്കാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അഞ്ചുപേരാണ് കേരളത്തിലെ വനിതാ സ്ഥാനാർഥികൾ. സ്ത്രീ ശാക്തീകരണം പ്രസംഗത്തിലല്ല, പ്രവൃത്തിയിലാണ് എന്നു തെളിയിച്ച പ്രധാനമന്ത്രിയാണ് മോദി. ഹജ്ജ് തീർഥാടനത്തിലായാലും മുത്തലാക്ക് വിഷയത്തിലായാലും അവരുടെ പ്രശ്‌നം മനസ്സിലാക്കി ഇടപെട്ടയാൾ. അപ്പോൾ അത് മനസ്സിലാക്കി ഇവിടത്തെ വനിതകൾ വോട്ടുചെയ്യുകയാണ് വേണ്ടത്. അതുണ്ടാവും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
പെട്രോൾ -പാചകവാതക വിലവർധന തിരിച്ചടിയാവില്ലേ
നോക്കൂ, 2026 വരെയുള്ള കാലം നമുക്ക് ‘വെയ്റ്റിങ് പിരീഡ്’ ആണ്. യു.പി.എ. സർക്കാർ ഉണ്ടാക്കിവെച്ച ബാധ്യതകൾ അത്രത്തോളമുണ്ട്. എന്നാൽ 2026-നു മുമ്പുതന്നെ അതെല്ലാം പരിഹരിക്കപ്പെടും. ഇപ്പോൾ ഇന്ന് ബുക്ക് ചെയ്താൽ നാളെ ഗ്യാസ് സിലിൻഡർ വീട്ടിലെത്തുന്നില്ലേ. രണ്ടും മൂന്നുംമാസം പാചകവാതകത്തിനായി കാത്തിരുന്ന്, അതുകിട്ടുന്നതുവരെ മണ്ണെണ്ണയ്ക്കായി നെട്ടോട്ടമോടിയിരുന്ന അമ്മമാരുടെ കാലം കഴിഞ്ഞിരിക്കുന്നു. അമ്മമാർ അത് ഓർക്കും.
Content Highlights: advocate niveditha subramanian nda candidate in ponnani lok sabha
Published: 29 Mar 2024, 05:19 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented