മണ്ഡലം 2009-ൽ രൂപീകൃതമായതിനുശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും പത്തനംതിട്ടയിൽ തോൽവിയറിയാത്ത ആൻ്റോ ആൻ്റണി നാലാം അങ്കത്തിലാണ്‌. ശബരിമല വിഷയം കത്തിനിന്ന 2019-ൽ ബിജെപി നേട്ടമുണ്ടാക്കിയപ്പോഴും സിപിഎം ശക്തമായ പോരാട്ടം കാഴ്ചവെച്ചപ്പോഴും വിജയം ആന്റോയ്ക്കൊപ്പം നിന്നു. ഇക്കുറി മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണിയുമാണ് ആന്റോയുടെ എതിരാളികൾ. 

To advertise here,

ഒരു ലക്ഷത്തിന് മുകളിൽ വരെ ഭൂരിപക്ഷം കോൺ​ഗ്രസ് പത്തനംതിട്ട മണ്ഡലത്തിൽ നേടിയിട്ടുണ്ട്. എന്നാൽ, മാറി വീശിത്തുടങ്ങിയ രാഷ്ട്രീയ സാഹചര്യം ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയാക്കി. എങ്കിലും ഇത്തവണയും കോൺഗ്രസും ആൻ്റോ ആൻ്റണിയും ആത്മവിശ്വാസത്തിലാണ്. ഇടതിനേയും ബിജെപിയേയും കടന്നാക്രമിച്ചും ചൂടിനെ വകവെയ്ക്കാതെ ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്നും പ്രചാരണം കൊഴുപ്പിക്കുകയാണ് കോൺ​ഗ്രസും ആൻ്റോയും. ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുകയാണ് ആൻ്റോ ആൻ്റണി. 

രാജ്യം ഉറ്റുനോക്കുന്നൊരു തിരഞ്ഞെടുപ്പാണ് വരുന്നത്. ഈ തിരഞ്ഞെടുപ്പിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നാണ് കരുതുന്നത്.

ഇനിയൊരു തിരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകുമോയെന്ന ആശങ്കയാണ് എല്ലാവർക്കും. ജനാധിപത്യത്തിൽ തരിമ്പും വിശ്വാസമില്ലാത്ത ഒരു പ്രധാനമന്ത്രിയാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നത്. ഏകാധിപത്യമാണ് അദ്ദേഹത്തിനിഷ്ടം. പാർലമെന്റിൽ വരുന്നതോ, അവിടെ ചർച്ചകൾ നടക്കുന്നതോ ഒന്നും ഇഷ്ടമുള്ളയാളല്ല അദ്ദേഹം. ഈ രാജ്യത്തെ ഏകാധിപത്യത്തിലേയ്ക്ക് കൊണ്ടുപോവുക, ഭരണഘടന ഭേദ​ഗതി ചെയ്തുകൊണ്ട് എല്ലാവർക്കും ലഭിക്കുന്ന തുല്യമായ അവകാശം, സമത്വം, നീതി, സ്വാതന്ത്ര്യം ഇതെല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേ​ഹം. അതുകൊണ്ട് ജനാധിപത്യം സംരക്ഷിക്കാനും മതേതരത്വം സംരക്ഷിക്കാനും നാട്ടിലെ എല്ലാവർക്കും തുല്യമായ നീതിയും അവസരങ്ങളും നൽകുന്ന ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. ഏതൊരു കാലത്തെക്കാളും പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണിതെന്ന് വിശ്വസിക്കുന്നു.

കഴിഞ്ഞ തവണ രാഹുൽ ​ഗാന്ധി എഫക്ട് കേരളത്തിൽ പ്രകടമായിരുന്നു. ഇത്തവണ എങ്ങനെയായിരിക്കും സ്ഥിതിയെന്നാണ് വിലയിരുത്തൽ.

ഇത്തവണ അതിനെക്കാളും ശക്തമാണ് കാര്യങ്ങൾ. കഴിഞ്ഞ തവണ ഒരു സീറ്റ് നഷ്ടപ്പെട്ടു. ആ സീറ്റും ഇത്തവണ തിരിച്ചുപിടിക്കാൻ പോവുകയാണ്. ഇരുപതിൽ ഇരുപത് സീറ്റും കോൺ​ഗ്രസ് പിടിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 

ഇടത് ഇവിടെ ബിജെപിയുടെ ബി ടീമാണല്ലോ. കോൺ​ഗ്രസ് മുക്ത ഭാരതവും കോൺ​ഗ്രസ് മുക്ത കേരളവും, രണ്ടു പേരുടേയും മുദ്രാവാക്യം ഒന്നുതന്നെയാണല്ലോ. സ്വാഭാവികമായും ഇടതിന് ആശങ്കയുണ്ടാകും. ഞങ്ങൾക്ക് ആശങ്കയില്ല, ആവേശമാണ്. ഞാൻ മത്സരിച്ച് ജയിച്ച മൂന്ന് തിരഞ്ഞെടുപ്പിനെക്കാളും വലിയ പിന്തുണ എനിക്ക് ഇത്തവണ ലഭിക്കുന്നുണ്ട്. അനിലും ഐസക്കും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട്. ആര് അങ്ങോട്ടുമിങ്ങോട്ടും വോട്ടുകച്ചവടം നടത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അവർ തമ്മിലുള്ള വ്യത്യാസം. ഞങ്ങൾ ഉറച്ച ആത്മവിശ്വാസത്തിലാണ്. വലിയ പിന്തുണയാണ് ജനങ്ങളിൽ നിന്നും ലഭിക്കുന്നത്. ബാക്കി കാര്യങ്ങളിൽ അവർ തമ്മിൽ മത്സരിക്കട്ടെ. 

ഇത്തവണയും പത്തനംതിട്ടയിൽ ഒരു ത്രികോണ മത്സരത്തിന് സാധ്യതയുണ്ടോ, പിസി ജോർജ് മത്സരിച്ചിരുന്നെങ്കിൽ കുറച്ചുകൂടി ശക്തമായ മത്സരം പ്രതീക്ഷിക്കാമായിരുന്നോ.

നിലവിലില്ലാത്ത സാഹചര്യത്തെക്കുറിച്ച് സംസാരിക്കേണ്ടതില്ലല്ലോ. പിന്നെ പിസിയോട് കാണിച്ചത് വഞ്ചനയാണ്. അദ്ദേഹത്തിന്റെ പാർട്ടിയും പിരിച്ച് വിടീപ്പിച്ച്, സ്ഥാനാർഥി ആക്കാമെന്ന് വാക്കും കൊടുത്തിട്ട് നടുവഴിയിൽ ഒരു മാന്യതയും കാണിക്കാതെ വിട്ടു. ഒരു രാഷ്ട്രീയ നേതാവിനോടും കാണിക്കാൻ പാടില്ലാത്തതാണ് അദ്ദേഹത്തോട് ചെയ്തതെന്ന വിശ്വാസം എനിക്കുണ്ട്. 

placeholder
ആൻ്റോ ആൻ്റണി

കഴിഞ്ഞ തവണ ബിജെപിയുടെ വലിയ നേതാവായ കെ. സുരേന്ദ്രൻ ശക്തമായ മത്സരം നടത്തി. ഏതാണ്ട് ത്രികോണ മത്സരമായിരുന്നുവെന്ന് പറയാം. 30 ശതമാനം വോട്ടുപിടിച്ചു. പക്ഷേ ഇത്തവണ ത്രികോണം ഒന്നുമില്ല. അനിൽ ആണ് സ്ഥാനാർഥി, അദ്ദേഹം കഴിവുള്ള ആളായിരിക്കാം. പക്ഷേ കഴിഞ്ഞ തവണ സുരേന്ദ്രന് ലഭിച്ച വോട്ട് അനിലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് സുരേന്ദ്രനെ അപമാനിക്കലായിരിക്കും. കാരണം, സുരേന്ദ്രൻ തന്നെ പിന്നീട് നിയമസഭയിൽ കോന്നിയിൽ മത്സരിച്ചു, അപ്പോൾ അദ്ദേഹത്തിന് 30 ശതമാനം ലഭിച്ചില്ല. 23 ശതമാനം മാത്രമാണ് ലഭിച്ചത്. ശരാശരിയെടുത്താൽ 16 ശതമാനം മാത്രമാണ് ബിജെപിയുടെ ഈ മണ്ഡലത്തിലെ വോട്ടുകൾ. പലരും സർവേ ഒക്കെ നടത്തി പറയുന്നത് 2021-ൽ സുരേന്ദ്രന് കിട്ടിയതിനെക്കാൾ 12 ശതമാനം വോട്ടുകൾ കൂടുതൽ കിട്ടുമെന്നാണ്. എന്ത് സർവെ നടത്തിയാലും സാമാന്യ യുക്തിക്ക് നിരക്കണം. 

ഓരോ തവണയും കോൺ​ഗ്രസിന്റെ വോട്ടുവിഹിതം കുറയുകയും ബിജെപിക്ക് വർധിക്കുകയും ചെയ്യുന്നുണ്ടല്ലോ പത്തനംതിട്ടയിൽ. ഇത്തവണ എങ്ങനെയാണ് ഇതിനെ മറികടക്കാൻ പ്രചാരണത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. 

അതിൽ കൃത്യമായ ഒരു അഭിപ്രായം ഞാൻ പറയുന്നില്ല. ദുർബലനായ ഒരു സ്ഥാനാർഥിയെ ഇടുന്നത് എപ്പോഴും വോട്ടുകച്ചവടത്തിന് വേണ്ടിയാണ്. അവർ തമ്മിൽ ഒരു വോട്ടുകച്ചവടം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

കഴിഞ്ഞ തവണയൊക്കെ അവരുടെ സംസ്ഥാന പ്രസിഡന്റ് മത്സരിച്ച് വോട്ടുപിടിച്ച മണ്ഡലമാണ്. ഇത്തവണയും അദ്ദേഹം മത്സരിക്കാൻ ആ​ഗ്രഹിച്ചത് ഇവിടെയായിരുന്നു. അദ്ദേഹത്തിന് സീറ്റ് കൊടുക്കാത്തതിൽ കള്ളക്കളിയുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. 

 ഇന്ത്യ സഖ്യത്തിൻ്റെ സാധ്യതകളെക്കുറിച്ച്.

ഇന്ത്യ സഖ്യത്തെ മോദി എത്രമാത്രം ഭയപ്പെടുന്നുവെന്ന് കാണാമല്ലോ. ആദ്യം 400 സീറ്റുകൾ ലഭിക്കുമെന്ന് പറഞ്ഞു. യഥാർഥത്തിൽ പുറത്തുവരുന്ന കണക്കുകൾ എത്രയാണ്. 175 സീറ്റുകളിൽ കൂടുതൽ കിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. അദ്ദേഹത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പിടിച്ച് അകത്തിടുകയാണ്. രണ്ട് മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ഇതുകൊണ്ടൊന്നും ഇന്ത്യയിലെ ജനങ്ങളുടെ സ്വാതന്ത്ര്യ ബോധത്തെയോ ജനാധിപത്യ ബോധത്തെയോ തച്ചുതകർക്കാൻ സാധിക്കില്ല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മോദി-അമിത് ഷാ കൂട്ടുകെട്ട് വീട്ടിലിരിക്കും. ഇന്ത്യ മുന്നണി രാജ്യം ഭരിക്കും. 

ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടുന്നതിനെ എങ്ങനെ വീക്ഷിക്കുന്നു.

ആറ് മാസക്കാലം കെജ്രിവാൾ മന്ത്രിസഭയിലെ രണ്ടാമനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. ചെറിയ തെറ്റുപോലും ചൂണ്ടിക്കാണിക്കാൻ സാധിക്കാതെ ആറ് മാസം ഒരാളെ ജയിലിൽ ഇട്ടല്ലോ എന്ന് സുപ്രീം കോടതി ചോദിച്ചില്ലേ. അത് തികഞ്ഞ തെറ്റാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ട് മോദിക്കും അമിത് ഷായ്ക്കും എന്തെങ്കിലും കുലുക്കമുണ്ടോ. ഇഷ്ടമില്ലാത്തവരെ എല്ലാം ജയിലിൽ അടച്ച് രാജ്യം സു​ഗമമായി കൊണ്ടുപോകാം എന്ന് കരുതുന്നുണ്ടെങ്കിൽ അവർക്ക് ഈ രാജ്യത്തിൻ്റെ ചരിത്രം അറിയാത്തതുകൊണ്ടാണ്.

നൂറ്റാണ്ടുകളോളം ഈ രാജ്യത്തെ അടിമത്തത്തിലാഴ്ത്തി അടക്കിഭരിച്ച ആയുധ ശക്തിയെ ധാർമിക ശക്തികൊണ്ട് തോൽപ്പിച്ച പാർട്ടിയാണ് കോൺ​ഗ്രസ്. പതിനായിരക്കണക്കിന് ധീര ദേശാഭിമാനികൾ അവരുടെ ജീവൻ നൽകിയ പ്രസ്ഥാനമാണ്. അതുകൊണ്ട് ആ പ്രസ്ഥാനത്തെ ഇങ്ങനെയുള്ള അറസ്റ്റും ജയിലും കാണിച്ച് ഭീഷണിപ്പെടുത്തരുത് എന്നതാണ് എൻ്റെ അഭിപ്രായം. 

പുൽവാമ വിഷയത്തിൽ ഉൾപ്പടെയുള്ള പ്രതികരണങ്ങൾ തിരഞ്ഞെടുപ്പ് ആയുധമാക്കി എതിർസ്ഥാനാർഥി മാറ്റിയിരുന്നല്ലോ.

ഞാനായിട്ട് പ്രത്യേകിച്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ബിജെപിയുടെ അഖിലേന്ത്യ വെെസ് പ്രസിഡൻ്റായിരുന്ന, നാല് സംസ്ഥാനങ്ങളിൽ ​ഗവർണറായിരുന്ന സത്യപാൽ മാലിക് പറഞ്ഞ അഭിപ്രായം ഇന്നതാണെന്ന് പറഞ്ഞതേയുള്ളൂ. ആ അഭിപ്രായത്തോട് വിയോജിപ്പുണ്ടെങ്കിൽ, അയാൾ പറഞ്ഞത് രാജ്യദ്രോഹമാണെങ്കിൽ അയാൾക്കെതിരെ കേസെടുക്കണ്ടേ. ഇന്നുവരെ കേസെടുത്തില്ലല്ലോ. എന്തിനെയൊക്കെയോ ഇവർ ഭയപ്പെടുന്നുണ്ട്. സത്യം പറയുന്നവരുടെ വായ മൂടിക്കെട്ടാൻ ശ്രമിക്കുകയാണ്. അല്ലാതെ ഞാൻ സ്വന്തമായി ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. ​ഗവർണറും ബിജെപി നേതാവുമായ വ്യക്തിയുടെ അഭിപ്രായം ആവർത്തിക്കുക മാത്രമാണ് ചെയ്തത്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിർണായകമായ ശബരിമല ഇത്തവണ മണ്ഡലത്തിൽ എത്തരത്തിൽ സ്വാധീനം ചെലുത്തുമെന്ന് കരുതുന്നു.

ശബരിമലയിൽ പോയ ഒരു ഭക്തനും ഇവർക്ക് വോട്ട് ചെയ്യില്ലല്ലോ. കാരണം ശബരിമലയ്ക്കുവേണ്ടി സർക്കാർ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. ഇത്തവണ ശബരിമല തീർഥാടനത്തിന് പോയവർ 22 മണിക്കൂറൊക്കെയാണ് ക്യൂ നിന്നത്. ആളുകൾ തളർന്ന് വീഴുന്നതും ദർശനം നടത്താതെ തിരിച്ചുപോകുന്നതുമായ സംഭവങ്ങളല്ലേ ഉണ്ടായത്. പന്തളം കൊട്ടാരത്തിൽ ആ ക്ഷേത്രത്തിലെ ചടങ്ങിന് എന്നെ വിളിച്ചു. അവിടെ ചെല്ലുമ്പോൾ വലിയ ആഴി കത്തുകയാണ്. പന്തളത്ത് ഇതുവരെ ആഴി കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ ചോദിച്ചു. ശബരിമലയിൽ തീർഥാടനം നടത്താൻ കഴിയാതെ വരുന്ന അയ്യപ്പന്മാർ മാലയൂരി നാളികേരം ഉടച്ചിട്ട് കത്തിക്കുന്ന ആഴിയാണെന്ന് അവർ പറയുകയുണ്ടായി. ശബരിമല തീർഥാടനത്തെ ഇത്രയും മോശമായിട്ടും അവ​ഗണനയോടെയും കണ്ട സർക്കാർ ഉണ്ടായിട്ടില്ല. അതിലും പ്രധാനം, നൂറ്റാണ്ടുകളായി നിൽക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും അട്ടിമറിക്കാൻ ശ്രമിച്ചു. വനിതകളെ പോലീസ് അകമ്പടിയിൽ അവിടെ കയറ്റാൻ ശ്രമിച്ചു. അതിൽ പരാജയമായപ്പെട്ടപ്പോൾ സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കികൊണ്ട് വന്ന വിശ്വാസികളെ തീർഥാടനം നടത്താതിരിക്കാനുള്ള സാഹചര്യമാണ് സർക്കാർ ഉണ്ടാക്കിയത്. 

സർക്കാർ സംവിധാനം തോമസ് ഐസക്ക് ദുരുപയോ​ഗം ചെയ്തുവെന്നാണല്ലോ താങ്കളുടെ ആരോപണം, അതിലുറച്ച് നിൽക്കുന്നുണ്ടോ.

നൂറ് ശതമാനം. തോമസ് ഐസക്ക് കേന്ദ്രസഹായത്തോടെ പ്രവർത്തിക്കുന്ന കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഹരിത സേന ഒക്കെ ദുരുപയോ​ഗം ചെയ്യുന്നു. കെ ഡിസ്ക് എന്ന സംസ്ഥാന സർക്കാർ സ്ഥാപനത്തിലെ 45 ജീവനക്കാർ മൂന്ന് മാസമായി ഇവിടെയാണ്. സർക്കാർ സ്കൂളിലെ അധ്യാപകരുടെ സമ്മേളനം തിരഞ്ഞെടുപ്പ് സമയത്ത് വിളിച്ചുചേർത്ത് അവിടെ ആരോ​ഗ്യമന്ത്രിയുടെ സാന്നിധ്യത്തിൽ വോട്ടുപിടിക്കുകയാണ്. ഇതെല്ലാം നിയമവിരുദ്ധമാണ്. സർക്കാർ സംവിധാനം ദുരുപയോ​ഗം ചെയ്തുകൊണ്ടുള്ള ഏറ്റവും ഹീനമായ തിരഞ്ഞെടുപ്പ് പ്രചരണമാണ് നടത്തുന്നത്. ജനാധിപത്യത്തിൽ ഇത് ഒരിക്കലും അം​ഗീകരിക്കാനാകില്ല. 

പത്തനംതിട്ടയിൽ 15 കൊല്ലമായി വികസന പ്രവർത്തനമൊന്നും നടന്നിട്ടില്ലെന്നാണ് അനിൽ ആൻ്റണി പറയുന്നത്.

പത്തനംതിട്ടയിൽ ഇല്ലാതിരുന്നതുകൊണ്ട് പുള്ളിക്ക് അങ്ങനെ തോന്നിയതാണ്. പത്തനംതിട്ടയിലെ ജനങ്ങൾക്ക് ആ പരാതിയില്ല. ഞാൻ നടത്തിയ വികസനപ്രവർത്തനങ്ങൾ 72 പേജുള്ള പുസ്തകമാക്കിയാണ് വിതരണം ചെയ്തിരിക്കുന്നത്. മത്സരിക്കാൻ വേണ്ടി മാത്രം പത്തനംതിട്ടയിൽ വന്ന വ്യക്തി എന്ന നിലയിൽ ഇത് കണ്ട് മനസിലാക്കാനുള്ള സമയം ലഭിച്ചുകാണില്ല. 

കോൺ​ഗ്രസിൽ നിന്ന് മുതിർന്ന നേതാക്കളുടെ മക്കളുൾപ്പടെ ബിജെപിയിലേയ്ക്ക് ചേക്കേറുന്നു. പത്തനംതിട്ടയിലെ എതിർ സ്ഥാനാർഥി അനിൽ ആൻ്റണിയും അക്കൂട്ടത്തിലുള്ള ആളാണല്ലോ. 

കോൺ​ഗ്രസ് എന്നുപറയുന്നത് ഒരു ആശയമാണ്. അത് ഇന്ത്യ എങ്ങനെ രൂപം കൊണ്ടോ, ആ ആശയത്തിൻ്റെ സാക്ഷാത്കാരമാണ് കോൺ​ഗ്രസ്. മഹാത്മ ​ഗാന്ധിജിയുടേയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റേയും ഒക്കെ ആശയങ്ങളും ആദർശങ്ങളും ഉൾപ്പെടുന്ന പാർട്ടി. അത് ഒരിക്കലും ബിജെപിയുടെ വർ​ഗീയ ഫാസിസവുമായി സന്ധിചേരാൻ സാധിക്കില്ല. അല്ലാതെ പോകുന്നവർ വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ട് പോകുന്നവരാണ്. ഞങ്ങളാരും അതിനെ ​ഗൗനിക്കുന്നില്ല.

വന്യജീവി ആക്രമണത്തിൽ കുത്തിയിരുപ്പ് സമരം ഉൾപ്പടെയുള്ള മാർ​ഗങ്ങളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചതിനെക്കുറിച്ച്.

മലയോര ജനങ്ങളോട് ഒരു കരുണയും കാണിക്കാത്ത സർക്കാരല്ലേ ഇത്. 724 ആളുകൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. വനംവകുപ്പ് മന്ത്രി ഒരാളുടെ എങ്കിലും വീട്ടിൽ പോയോ, ഒരു കുടുംബത്തെയെങ്കിലും സന്ദർശിച്ച് ആശ്വസിപ്പിച്ചോ, എന്തെങ്കിലും കാര്യം ചെയ്തോ.

placeholder
പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടതിനെ തുടർന്ന്‌ ആന്റോ ആന്റണി എം.പി. കണമല വനം വകുപ്പ് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു | ഫോട്ടോ: അഭിലാഷ്‌ സി. / മാതൃഭൂമി

ഒന്നും ചെയ്യാത്ത, ഒരു കാര്യപ്രാപ്തിയും ഇല്ലാത്തൊരു മന്ത്രിയാണിത്. അദ്ദേഹം മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവായതിനാൽ കാറും ബം​ഗ്ലാവും സൗകര്യമൊക്കെ കൊടുത്തിരിക്കുന്നു എന്നതൊഴിച്ചാൽ ആ ദുരന്തം മുഴുവൻ ഈ പാവപ്പെട്ട ആളുകളല്ലേ പേറുന്നത്. 

തിരഞ്ഞെടുപ്പ് പ്രചാരണം ഏതുവരെയായി, എങ്ങനെയുണ്ട് ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണം.

ഞാൻ മത്സരിച്ച ഒരു തിരഞ്ഞെടുപ്പിലും ഇതുപോലെ ജനങ്ങൾ തിരഞ്ഞെടുപ്പ് ഏറ്റെടുത്തതായി കണ്ടിട്ടില്ല. സാധാരണക്കാരായ ‍ജനങ്ങളാണ് നാട്ടിൻപുറങ്ങളിൽ തിരഞ്ഞെടുപ്പ് ഏറ്റെടുത്തിരിക്കുന്നത്. രണ്ട് സർക്കാരുകളാണ് ഇവിടെ മത്സരിക്കുന്നത്. അവർ പണക്കൊഴുപ്പും ആർഭാടവും കൊണ്ട് തിരഞ്ഞെടുപ്പ് ആഘോഷമാക്കുമ്പോൾ സാധാരണക്കാരും കൃഷിക്കാരും തൊഴിലാളികളും പാവപ്പെട്ടവരും ചേർന്ന് എന്റെ തിരഞ്ഞെടുപ്പ് എടുത്ത് നടത്തുകയാണ്. ഇതുപോലെ ജനങ്ങൾ തിരഞ്ഞെടുപ്പ് രം​ഗത്ത് സജീവമായി ഇറങ്ങി പ്രവർത്തിക്കുന്ന ഒരു തിരഞ്ഞെടുപ്പ് എനിക്ക് ഇതിന് മുൻപ് ഉണ്ടായിട്ടില്ല എന്ന് പറയേണ്ടി വരും. 

ഇവിടെയൊക്കെ കർഷകരാണ്, സാധാരണ ജനങ്ങളാണുള്ളത്. അവരുടെയൊക്കെ എല്ലാ വിഷയങ്ങളും പാർലമെന്റിൽ ഞാൻ ഉന്നയിച്ചിട്ടുണ്ട്. അവരോടൊപ്പം നിന്നിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി നിലനിന്നൊരു ജനപ്രതിനിധിയാണെന്ന ഉറച്ച വിശ്വാസമുണ്ട്. ഈ കടുത്ത ചൂടത്തും അവരെല്ലാം ആവേശത്തോടെയാണ് നിൽക്കുന്നത്. 

എന്തുപറഞ്ഞാണ് ഇത്തവണ ജനങ്ങളുടെ മുന്നിൽ വോട്ടുതേടിയിറങ്ങുന്നത്

ഒന്നാമതായി കഴിഞ്ഞ നാളുകളിലായി ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവരോടൊപ്പം നിന്നിട്ടുണ്ട്. പാർലമെന്റിൽ അവരുടെ വിഷയങ്ങൾ‍ അവതരിപ്പിച്ചിട്ടുണ്ട്. പാർലമെന്റിൽ ഞാൻ ഉന്നയിക്കാത്തതായ നാടിന്റെ വിഷയങ്ങളില്ല. കഴിവിന്റെ പരമാവധി വികസന പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. ഈ പാർലമെന്റ് മണ്ഡലത്തിൻ്റെ എല്ലാ എല്ലാ പഞ്ചായത്തുകളും കേന്ദ്ര സർക്കാർ പദ്ധതിയിൽ ബന്ധിപ്പിച്ച്  252 കിലോമീറ്റർ റോഡുകൾ പൂർത്തീകരിച്ചു. രണ്ട് നാഷണൽ ഹെെവേകൾ കൊണ്ടുവന്നു. മൂന്ന് കേന്ദ്രീയ വിദ്യാലയങ്ങൾ, പത്തനംതിട്ടയ്ക്ക് പാസ്പോർട്ട് സേവാ കേന്ദ്രം, സ്വന്തമായി എഫ്എം സ്റ്റേഷൻ എന്നിവ കൊണ്ടുവന്നു. അതുപോലെ ​ഗ്രാമീണ മേഖലയിൽ പാലിയേറ്റീവ് കെയർ പോലുള്ള സഹായത്തിനായി 29 ആംബുലൻസുകളാണ് ഞാൻ നൽകിയിട്ടുള്ളത്. നിരവധി വികസനപ​ദ്ധതികളാണ് കൊണ്ടുവന്നത്. അതിലുപരി ഈ രണ്ട് സർക്കാരുകളും പുലർത്തുന്ന ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള ജനങ്ങളുടെ വികാരമാണ് ഏറ്റവും പ്രാധാന്യമായുള്ളത്. 

രണ്ട് സർക്കാരുകൾ ഇവിടുത്തെ കർഷകരോട് ചെയ്യുന്ന ചെയ്യുന്ന ദ്രോഹം എത്ര വലുതാണ്. ഇന്നിപ്പോൾ റബ്ബറിന് 300 രൂപ ന്യായവില ലഭിക്കേണ്ടതാണ്. അന്താരാഷ്ട്ര വിപണിയിൽ തന്നെ ഒരുകിലോ റബ്ബറിന് 230 രൂപ വിലയായി. സ്വാഭാവികമായി 300 രൂപ ലഭിക്കേണ്ടതാണ്. എന്തുകൊണ്ട് ലഭിക്കുന്നില്ല എന്ന് ചോദിച്ചാൽ, കേന്ദ്ര വാണിജ്യ മന്ത്രാലയം വൻകിട വ്യവസായികളുമായി ചേർന്ന് റബ്ബറിൻ്റെ വില തല്ലിത്തകർക്കുകയാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ പാവപ്പെട്ട കൃഷിക്കാരൻ അനുഭവിക്കുന്ന ദുരന്തമാണ് വില തകർച്ച. അവന്റെ ജീവിതത്തിന് യാതൊരു സംരക്ഷണവുമില്ല. ഇത് കൃഷിക്കാരുടെ നാടാണ്. അവരുടെ ഒപ്പം നിന്ന് ഈ സർക്കാർ കർഷകവിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ പോരാട്ടമാണ് നടത്തേണ്ടത്. കോൺ​ഗ്രസ് ഭരിച്ചപ്പോൾ മാത്രമേ റബ്ബറിന് വില ലഭിച്ചുള്ളൂ. മൻമോഹൻ സിങ് ഭരിച്ച 10 വർഷവും റബ്ബറിന് നല്ല വില ലഭിച്ചു. ഇന്ന് റബ്ബറിന്റെ വിലയിടിയുമ്പോൾ സഹായിക്കാൻ ആരുമില്ല. ഈ നാട് പട്ടിണിയിലൂടെ കടന്നുപോകുന്നു എന്നുള്ളതാണ് യാഥാർഥ്യം.

സോഷ്യൽ മീഡിയയെ ഇത്തവണ തിരഞ്ഞെടുപ്പിൽ എങ്ങനെ ഫലപ്രദമായി ഉപയോ​ഗിക്കുന്നു

നമ്മുടെ വോട്ടർമാരിൽ ഭൂരിപക്ഷവും ന്യൂജനറേഷൻ ചെറുപ്പക്കാരാണല്ലോ. അവരുടെ എല്ലാകാര്യങ്ങളും സോഷ്യൽമീഡിയ വഴിയാണ്. അപ്പോൾ അതിന് ശ്ര​ദ്ധ കൊടുക്കേണ്ടി വരും. ഞങ്ങളുടെ കൂടെയുള്ള ചെറുപ്പക്കാർ വളരെ സജീവമായി സോഷ്യൽ മീഡിയയിൽ ഇടപെടുന്നുണ്ട്. സോഷ്യൽ മീഡിയ ക്യാംപെയ്ൻ വളരെ ​ഗംഭീരമായാണ് മുന്നോട്ട് പോകുന്നത്.