
പത്തനംതിട്ടയില്‍ ഒരുകൈനോക്കാന്‍ പി.സി ജോര്‍ജ് ഇറങ്ങും എന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ പോലും പ്രതീക്ഷിച്ചിരുന്നിടത്താണ് കോണ്‍ഗ്രസ് വിട്ടെത്തിയ അനില്‍ ആന്റണി അവിടെ സ്ഥാനാര്‍ഥിയായി ലാന്‍ഡ് ചെയ്തത്. ഇത് മണ്ഡലത്തില്‍ ബിജെപിയിലും ചില പൊട്ടിത്തെറികള്‍ക്ക് കാരണമായി. പി.സി.ജോര്‍ജും ആ തീരുമാനത്തില്‍ അസന്തുഷ്ടി പറയാതെ പറയുകയും ചെയ്തു. പരാമര്‍ശം പരാതിയായി കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ എത്തുകയും തുഷാറും അതൃപ്തി അറിയിച്ചതോടെ പി.സിയെ താക്കീത് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഈ ഘട്ടത്തില്‍ പത്തനംതിട്ടയില്‍ ബിജെപിയുടെ സാധ്യതകള്‍ കൂടിയോ കുറഞ്ഞോ അനില്‍ ആന്റണിക്ക് മികച്ച പോരാട്ടം കാഴ്ചവെക്കാനാകുമോ വീണ്ടും മോദി ഭരണം വരുമോ ?പി.സി ജോര്‍ജ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
സീറ്റ് നൽകാത്തതിൽ കേന്ദ്രത്തെ കുറ്റപ്പെടുത്താനാകില്ല, നമ്മുടെ ആളുകളുടെ മനസ്സിലെ വിഷമം എന്നെ വേദനിപ്പിക്കുന്നു
പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ കഴിയാത്തതിൽ എനിക്ക് അസ്വസ്തതയൊന്നും ഇല്ല. പക്ഷേ നമ്മുടെ ആളുകളുടെ മനസ്സിലെ വിഷമം എന്നെ വേദനിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചല്ലോ ദെെവമേ എന്നൊരു ദുഃഖം എനിക്കുണ്ട്. പക്ഷേ അതിൽ കാര്യമില്ലെന്ന് ഞാൻ അവരെപ്പറഞ്ഞ് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണ്. കാരണം ഞാൻ സീറ്റ് ചോദിച്ചിട്ടില്ല, അതുകൊണ്ട് തന്നെ എനിക്ക് സീറ്റ് കിട്ടിയില്ലെന്ന് പറയുന്നതിൽ അർഥമില്ലല്ലോ. ആ നിലയ്ക്ക് കേന്ദ്ര നേതൃത്വത്തെ കുറ്റം പറയാൻ പറ്റില്ല എന്ന അഭിപ്രായം ഞാൻ എന്റെ ആളുകളെ മുഴുവൻ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ടെൻഷനുമില്ലാതെ ധെെര്യമായി മുന്നോട്ട് പോകണം എന്നുപറഞ്ഞ് അവരിൽ വീര്യം ഉണ്ടാക്കിയെടുത്തുകൊണ്ടിരിക്കുകയാണ് ഞാൻ ഇപ്പോൾ.
ഷോൺ ഒരു കണക്കെടുപ്പ് നടത്തി, പപ്പ തന്നെ നിൽക്കണമെന്ന് പറഞ്ഞു
ഞാൻ ഷോണിനോട് സ്ഥാനാർഥിയാകാൻ അങ്ങോട്ട് പറഞ്ഞതാണ്. എന്റെ പേര് പറയാതെ ഷോൺ സ്ഥാനാർഥിയാകുന്നത് നമുക്ക് നല്ലതാണെന്ന് ഞാൻ പറഞ്ഞു. പക്ഷേ അവൻ ഒരു കണക്കെടുപ്പ് നടത്തി. അതിൽ എനിക്ക് നൂറ് വോട്ട് കിട്ടിയാൽ അവന് 60 വോട്ടേ കിട്ടുകയുള്ളൂ. അതുകൊണ്ട് പപ്പ തന്നെ നിൽക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അവൻ മാറിനിന്നത്.
എ.കെ ആന്റണി അഞ്ചെട്ട് കൊല്ലം കേന്ദ്രമന്ത്രിയായിരുന്നുകൊണ്ട് ഇന്ത്യ ഭരിച്ചയാളാണ്. കേന്ദ്ര മന്ത്രിയെന്ന നിലയിലും കേരളത്തിൻ്റെ മുഖ്യമന്ത്രി എന്ന നിലയിലും ഭരണപരിചയമുള്ള എ.കെ ആൻ്റണിയുടെ മകനായ അനിൽ ആന്റണിയും ഇതൊക്കെ കണ്ടുപഠിച്ചിട്ടുണ്ടാകുമെന്നാണ് എൻ്റെ വിശ്വാസം. അത് രാഷ്ട്രീയത്തിൽ മുതലാക്കാൻ കഴിയട്ടെയെന്നാണ് എൻ്റെ പ്രാർഥന.
'ശബരിമല' ഇക്കുറിയില്ല, ആത്മാർഥമായി പ്രവർത്തിച്ചാൽ ജയിക്കാം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയമുണ്ടായിരുന്നു. ഇത്തവണ ശബരിമല വിഷയമില്ല. അതുമാത്രമല്ല ഇത്തവണ നിൽക്കുന്ന മൂന്ന് സ്ഥാനാർഥികളും ശബരിമലയുമായി ബന്ധപ്പെട്ടവരല്ല. ആ നിലയ്ക്ക് കഴിഞ്ഞ തവണ സുരേന്ദ്രൻ പിടിച്ച വോട്ടും ഇപ്പോഴത്തെ വോട്ടുമായി താരതമ്യം ചെയ്യാനാകില്ല. ഇത്തവണത്തെ പ്രവർത്തനം പോലെയായിരിക്കും കാര്യങ്ങൾ. ആത്മാർഥമായി പ്രവർത്തിച്ചാൽ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ വോട്ടുകൾ നേടാനുമാകും, ജയിക്കാനുമാകും.
ഞാൻ നിന്നിരുന്നെങ്കിൽ ഒരുലക്ഷത്തിൽപ്പരം ഭൂരിപക്ഷത്തിൻ്റെ വിജയം
ബി.ജെ.പി നേതൃത്വം പറയുന്നതെന്തോ അതാണ് എൻ്റെ പിന്തുണ. ക്രിസ്ത്യൻ വോട്ടുകൾ ഒരു പാർട്ടിയുടേയും അടിമകൾ അല്ലല്ലോ. അവർക്ക് വ്യക്തിപരമായി തീരുമാനമെടുക്കാൻ അവകാശമുണ്ട്. അവരുടെ തീരുമാനവും അഭിപ്രായവും എന്താണെന്ന് എനിക്ക് ഇപ്പോൾ അറിയില്ല. ആദ്യം അത് എനിക്ക് അനുകൂലമായിരുന്നു. ഞാൻ മാറിയപ്പോൾ അത് അനുകൂലം ആകണമെന്നില്ല. കാരണം എ.കെ ആന്റണി ക്രെെസ്തവ സഭയുമായി അകൽച്ചയുള്ള ആളാണ്. അനിൽ ആൻ്റണിക്കും ക്രെെസ്തവ സഭയുമായി ഒരു ബന്ധവുമില്ല. അങ്ങനെയൊരു ഗതികേടുണ്ട്. അതുകൊണ്ട് അവരുടെ അഭിപ്രായം എന്താണെന്ന് പറയാൻ കഴിയില്ല.
ഞാൻ പത്തനംതിട്ടയിൽ നിന്നിരുന്നെങ്കിൽ ആന്റോ ആൻ്റണിയും തോമസ് ഐസക്കും നിഷ്പ്രഭമാകുമായിരുന്നു. ഒരുലക്ഷത്തിൽപ്പരം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഞാൻ ജയിക്കുമായിരുന്നു. അതിലൊരു സംശയവും വേണ്ട. രണ്ടാം സ്ഥാനത്ത് തോമസ് ഐസക് വരുമായിരുന്നു. ആന്റോ ആന്റണി മൂന്നാം സ്ഥാനത്തായേനേ.
അനിൽ എന്നെ വിളിച്ചിരുന്നു, കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു. വരട്ടെ കാണാം. എന്താണ് കാര്യമെന്ന് അറിയില്ല. ഞാൻ നേരത്തെ അനിലിനെ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തെ മോദിജിയുടെ പരിപാടിയിൽ അദ്ദേഹവുമുണ്ടായിരുന്നു. എന്റെയടുത്താണ് ഇരുന്നത്.
വെള്ളാപ്പള്ളി എന്തുപറഞ്ഞാലും വിലകൊടുക്കുന്നില്ല, തുഷാർ ആരോട് വേണോ പരാതിപ്പെടട്ടെ
വെള്ളാപ്പിള്ളി നടേശന് എന്തും പറയാമല്ലോ. അയാളിപ്പോൾ എൽ.ഡി.എഫ്, പിണറായിയുടെ ആളാണ്. മകൻ ബി.ജെ.പിയുടെ ആൾ. നമ്മൾ എന്തിനാണ് അതിൽ ഇടപെടുന്നത്. വെള്ളാപ്പള്ളി എന്തുപറഞ്ഞാലും ഞാൻ വിലകൽപ്പിക്കുന്നില്ല, എനിക്ക് വില കൽപ്പിക്കാൻ പറ്റുകയുമില്ല. അയാൾ സൗകര്യമുള്ളത് പറഞ്ഞോട്ടെ, ഞാൻ കാര്യമാക്കുന്നില്ല.
ഞാനും തുഷാറുമായി യാതൊരു ബന്ധവുമില്ല. അയാൾ എന്തെങ്കിലും പറയട്ടെ, ഞാൻ അതിലൊന്നും ഇടപെടുന്നില്ല. ഈ സ്വഭാവവും വെച്ചുകൊണ്ട് എന്ത് വിജയസാധ്യതയാണ് ഇവർക്കുള്ളതെന്ന് എനിക്ക് അറിയില്ല. അയാൾ വിവരക്കേട് പറയുന്നെന്ന് കരുതി എനിക്ക് കിടന്ന് തുള്ളാനാകുമോ. എന്നെപ്പറ്റി പരാതിയുണ്ടെങ്കിൽ ആരുടെ അടുത്തോ പോയി പറയട്ടെ. അയാൾ പറയുന്നതിനൊക്കെ മറുപടി പറയേണ്ടത് ഞാനല്ല, ബി.ജെ.പി നേതൃത്വമാണ്. അവർ എന്താണെങ്കിലും പറയട്ടെ, ഞാൻ അതിൽ ഇടപെടുന്നില്ല.
അയാൾ പരാതിയും കൊണ്ട് വന്നപ്പോൾ കടലിൽ പോയി ചാടാനായില്ലല്ലോ എന്ന് വിഷമിച്ചിരിക്കുകയാണ് ഞാൻ. ഇവരോടൊക്കെ പോകാൻ പറയണം. ഞാൻ ആരുടേയും പാട്ടപ്പുറത്തല്ല കിടക്കുന്നത് എനിക്ക് താക്കീത് നൽകാൻ. ഒരുത്തരും എനിക്ക് താക്കീത് നൽകിയിട്ടില്ല. എന്തിനാണ് താക്കീത് തരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാനെന്താ മോഷ്ടിക്കുകയോ കെെക്കൂലി മേടിക്കുകയോ ചെയ്തോ.
ഇത്രയും നാൾ കാര്യങ്ങൾ തുറന്നുപറഞ്ഞ് തന്നെയാണ് ഞാൻ ജീവിച്ചത്. കള്ളത്തരം കാണിക്കാൻ എനിക്ക് പറ്റില്ല. തുറന്ന് പറയാനേ എനിക്ക് അറിയൂ. കൂടുതൽ സംസാരിക്കാതിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മുതുകത്ത് കയറി നിരങ്ങാൻ തുടങ്ങിയാൽ വർത്തമാനം പറയും, അത്രേയുള്ളൂ. മര്യാദയ്ക്കിരുന്നാൽ അന്തസ്സായിട്ട് പോകാം.
വേറെ എവിടെയും മത്സരിക്കാനില്ല, പണ്ടും അതായിരുന്നു തീരുമാനം
എനിക്ക് വേറെ എവിടെയും മത്സരിക്കേണ്ട ആവശ്യമില്ല. 1991 ൽ തൊടുപുഴ നിൽക്കാൻ പി.ജെ ജോസഫ് നിർബന്ധിച്ചെങ്കിലും നിൽക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു. പൂഞ്ഞാറില്ലെങ്കിൽ എനിക്ക് വേണ്ടെന്ന് അറിയിച്ചു. അങ്ങനെ മാറിനിന്നയാളാണ് ഞാൻ. പത്തനംതിട്ട മണ്ഡലത്തിൻ്റെ ഭാഗമാണ് പൂഞ്ഞാർ. പത്തനംതിട്ടയല്ലാതെ ഒരിടത്തും നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്നെ സംബന്ധിച്ച് പത്തനംതിട്ട സീറ്റൊന്നും വലിയ കാര്യമല്ല. പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ജനങ്ങളുടെ അഭിപ്രായം മാനിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. പ്രത്യേകിച്ച് ഭാരതത്തിൻ്റെ മഹത്വത്തിന് അഹോരാത്രം പണിയെടുക്കുന്ന, ഒരുദിവസം മൂന്ന് മണിക്കൂർ മാത്രം ഉറങ്ങി ബാക്കി മുഴുവൻ സമയം രാജ്യത്തിന് വേണ്ടി ചിലവഴിക്കുന്നൊരു പ്രധാനമന്ത്രിയുണ്ട്. അദ്ദേഹം നേതൃത്വം നൽകുന്ന പാർട്ടിയാണ് ബി.ജെ.പി. അതുകൊണ്ടാണ് ആ പാർട്ടിയിൽ ചേർന്നത്. ഒരു കള്ളനേയും കൊള്ളക്കാരനേയും ഞാൻ കൊണ്ട് നടക്കുകയുമില്ല. അതിൽ സംശയമൊന്നും വേണ്ട.
ബി.ജെ.പിയുടെ ആയുധം 'മോദി ഗ്യാരൻ്റി' , മൂന്ന് മണിക്കൂർ മാത്രം ഉറങ്ങുന്ന, ഇന്ത്യയെ രക്ഷിക്കുന്ന മഹാൻ
മോദി തന്നെ ഭരണത്തിൽ വരുമെന്നതിൽ യാതൊരു സംശയവും വേണ്ട. താമസിക്കാതെ രാജ്യസഭയിലും ബി.ജെ.പി ഒറ്റയ്ക്ക് ഭൂരിപക്ഷം വരും. 'മോദി ഗ്യാരൻ്റി' തന്നെയാകും ബി.ജെ.പി ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെക്കുന്നത്. അതുമാത്രം മതിയല്ലോ, അതാണല്ലോ പ്രധാനപ്പെട്ടത്. ലോകത്തിൻ്റെ നെറുകയിലേയ്ക്ക് കുതിച്ച് പായുകയല്ലേ ഇന്ത്യ. ആരാ കാരണം, നരേന്ദ്ര മോദി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക രംഗത്തിൽ അതിപുരാതന കാര്യങ്ങളെ കളഞ്ഞ് നൂതനമായ ആശയങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെടുത്തുകൊണ്ടിരിക്കുകയാണ്. പത്ത് വർഷത്തിന് ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലാകും ഒന്നാം സ്ഥാനത്തിന് വേണ്ടി മത്സരം. ആ നിലയിലേയ്ക്ക് ഇന്ത്യയെ രക്ഷിച്ചുകൊണ്ടിരിക്കുകയാണ് മോദിജി എന്ന മഹാനായ മനുഷ്യൻ. ആ മനുഷ്യന് പിന്തുണ നൽകേണ്ട ബാധ്യതയാണ് നമുക്കെല്ലാം ഉള്ളതെന്നതാണ് സാധാരണ മനുഷ്യരുടെ ചിന്താഗതി. അതിന് മാറ്റം വരാൻ പോകുന്നുമില്ലെന്നാണ് എന്റെ അഭിപ്രായം.
പിണറായിയിൽ നിന്നും രക്ഷിച്ചത് ആർ.എസ്.എസ്സ്, അവരോട് ഭയങ്കര സ്നേഹം
എല്ലാ ആളുകളും എന്നെ വിളിച്ച് പി.സി ജോർജ് സ്ഥാനാർഥിയാകുമോ എന്ന് ചോദിച്ചപ്പോഴും ഞാൻ അത് ആഗ്രഹിക്കുന്നില്ലെന്നും ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് എല്ലാവരോടും പറഞ്ഞത്. ഒരാളോട് പോലും എൻ്റെ പേര് പറയാൻ പറഞ്ഞിട്ടില്ല. പറയരുതേ എന്നാണ് ഉപദേശിച്ചത്. എനിക്ക് നിൽക്കണമെന്ന് ആഗ്രഹമില്ല എന്നുതന്നെയാണ് പറഞ്ഞത്. പക്ഷേ 95 ശതമാനം ആളുകളും ഞാൻ തന്നെ സ്ഥാനാർഥിയാകണം എന്നുപറഞ്ഞു. അതുപറഞ്ഞതൊക്കെ ബി,.ജെ.പിയുടേയും ആർ.എസ്.എസിന്റേയും നേതാക്കന്മാരാണ്. അവർ ആ സ്നേഹം കാണിക്കുമ്പോൾ ഞാൻ തിരിച്ച് മാന്യത കാണിക്കണ്ടേ.
എനിക്ക് അവരോട് ഭയങ്കരമായ സ്നേഹമുണ്ട്. എന്നെ പിണറായി വിജയൻ പിടിച്ചുകൊണ്ട് പോയപ്പോൾ രക്ഷിക്കാൻ വന്നത് ആർ.എസ്.എസ്സുകാരാണ്. പാലാ പിതാവിന്റെ മുന്നിൽ വെച്ച് എന്നെ പോപ്പുലർ ഫ്രണ്ടുകാർ ആക്രമിക്കാൻ വന്നപ്പോൾ രക്ഷിച്ചത് ആർ.എസ്.എസ്സുകാരാണ്. അവരോട് നന്ദി വേണ്ടേ എനിക്ക്. അവരെല്ലാം സ്ഥാനാർഥിയാകാൻ ആവശ്യപ്പെട്ടപ്പോൾ മനസ്സുകൊണ്ട് ഞാൻ മിണ്ടാതിരുന്നു. 'നിൽക്കാൻ പറഞ്ഞാൽ വേറെ രക്ഷയില്ലല്ലോ' എന്ന് മനസ്സിൽ ചിന്തിച്ചു. പക്ഷേ പാർട്ടി തീരുമാനം എടുത്തപ്പോൾ ആ പ്രശ്നം തീർന്നു. പാർട്ടി പറയുന്നത് അനുസരിക്കുക എന്നതാണ് എന്റെ ചുമതല.
അനിൽ ആൻ്റണി സ്ഥാനാർഥിയാകുന്നെങ്കിൽ അയാൾക്ക് വോട്ട് ചെയ്യുക. ജയിക്കാൻ വേണ്ടി പ്രാർഥിക്കുക എന്നതാണ് എനിക്ക് ചെയ്യാനാകുന്നത്. അനിൽ ആന്റണി മണ്ഡലത്തിൽ എത്തി പ്രവർത്തനം തുടങ്ങട്ടെ, എന്നിട്ട് അദ്ദേഹത്തിൻ്റെ വിജയസാധ്യതയെക്കുറിച്ച് ഞാൻ അഭിപ്രായം പറയാം. തോമസ് ഐസക് ഒരുവശത്തുണ്ട്. കേരളത്തിലെ ജനങ്ങളെ നാലരലക്ഷം കോടി രൂപ കടമാക്കിയ ധനമന്ത്രിയാണെന്ന് നമുക്കറിയാം. മറുവശത്ത് നിൽക്കുന്നത് കോൺഗ്രസിൽ ആൻ്റോ ആന്റണി. 15 കൊല്ലം എം.പിയായി നിന്നിട്ട് നാടിനോട് സ്നേഹമില്ലാത്തയാളാണ് ആന്റോ. അയാൾക്ക് എങ്ങനെ ജനങ്ങൾ വോട്ട് ചെയ്യും. ആ നിലയ്ക്ക് ഒരു ശല്യവുമില്ലാത്ത, ഇതുവരെ കണ്ടിട്ടില്ലാത്ത അനിൽ ആൻ്റണിക്ക് വോട്ട് ചെയ്യാമെന്ന് ജനങ്ങൾ കരുതിയാൽ അദ്ദേഹത്തിന് ഭാഗ്യമുണ്ടാകും. അദ്ദേഹത്തിൻ്റെ സമയം പോലെയിരിക്കും.
തൃശ്ശൂരിൽ ജയിക്കുമെന്ന് സുരേഷ് ഗോപിക്ക് ഉറപ്പുണ്ട്
തൃശ്ശൂരിൽ താൻ ജയിക്കുമെന്ന് തന്നെയാണ് സുരേഷ് ഗോപി ഉറപ്പിച്ച് പറയുന്നത്. സുരേഷ് ഗോപിയുമായി ഞാൻ സംസാരിച്ചിരുന്നു. ഒരു പ്രശ്നവുമില്ല, വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
മോദി ശക്തമായി തിരിച്ചുവരും, കോൺഗ്രസിന് 30 സീറ്റുകൾ പോലും കിട്ടില്ല
കഴിഞ്ഞ തവണത്തെക്കാൾ വളരെയധികം ഗതികേടിലാണ് പ്രതിപക്ഷം. കഴിഞ്ഞ തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനെക്കാൾ സീറ്റ് കുറയാൻ പോകുകയാണ് കോൺഗ്രസിനും കമ്യൂണിസ്റ്റിനും ഒക്കെ. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ മുന്നേറ്റമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസ് ആകട്ടെ തകരുകയും ചെയ്തു. അതുകൊണ്ട് മോദി വീണ്ടും അതിശക്തമായി തിരിച്ചുവരുമെന്ന് തന്നെയാണ് ഞാൻ മനസ്സിലാക്കുന്നത്.
ബി.ജെ.പി രാജ്യത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും. 370 സീറ്റുകൾ ബി.ജെ.പി നേടുമെന്നാണ് കണക്കുകൂട്ടലുകൾ. കോൺഗ്രസ് 30-ൽ താഴെ പോകും. കേരളത്തിലെ അവസ്ഥ പ്രവചിക്കാനാകില്ല. ഇവിടെ സ്ഥാനാർഥിയുടെ മഹത്വത്തിന് വോട്ടുണ്ട്. ഇവിടെ എന്താകും നടക്കുകയെന്ന് ഇപ്പോൾ പറയാനാകില്ല. സ്ഥാനാർഥികളുടെ എല്ലാം പട്ടിക പുറത്തുവന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാകൂ. കഴിഞ്ഞ തവണ കേരളത്തിൽ 19 സീറ്റ് കോൺഗ്രസിന് കിട്ടിയിരുന്നല്ലോ. ഇക്കുറി അതുപോലും കിട്ടില്ല. കേരളത്തിൽ എൽ.ഡി.എഫിന് സാധ്യത കാണുന്നുണ്ട്. കാരണം അവരുടെ പക്കലേ പണമുള്ളൂ, കോൺഗ്രസിന്റെ കെെയിൽ പണമില്ല.
Content Highlights: pc george about pathanamthitta loksabha constituency and bjp canditate list
Published: 04 Mar 2024, 04:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented