
കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷവെച്ചുപുലർത്തുന്ന അവരുടെ എ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. 2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആൻ്റോ ആൻ്റണിക്കും വീണ ജോർജിനും പിന്നിലായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടാനായത് വലിയ നേട്ടമായിരുന്നു. ഇത്തവണ പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥിയായി പി.സി ജോർജ്, കുമ്മനം രാജശേഖരൻ, ഷോൺ ജോർജ് എന്നിവരുടെയൊക്കെ പേരുകൾ ഉയർന്നുകേട്ടെങ്കിലും ഒടുവിൽ നറുക്ക് വീണത് ബി.ജെ.പി. ദേശീയ സെക്രട്ടറി കൂടിയായ അനിൽ കെ. ആൻ്റണിക്കായിരുന്നു.
എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 15-ന് പത്തനംതിട്ടയിൽ എത്തിയത് അനിൽ ആൻ്റണിക്കും പ്രവർത്തകർക്കും ഊർജം പകർന്നിട്ടുമുണ്ട്. ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗം കൂടിയാണ് അനില്‍ ആന്റണി.
Also Read
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയുടെ മകനായ അനില്‍ കെ. ആന്റണി 2023 ഏപ്രില്‍ ആറിനാണ് ബി.ജെ.പി.യില്‍ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ദേശീയ കോ-ഓര്‍ഡിനേറ്ററായിരുന്ന അനില്‍ അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ചൂടേറുന്ന വേളയിൽ തന്റെ പ്രതീക്ഷകളും നിലപാടുകളും മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് അനിൽ ആൻ്റണി.
കേരളത്തിലെ ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു.
കേരളത്തിലെ ബി.ജെ.പി.ക്ക് വളരെയേറെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. എല്ലാ പ്രവർത്തകരും ബി.ജെ.പി.യുടെ വിജയമുറപ്പാക്കാൻ നന്നായി പ്രവർത്തിക്കുന്നുണ്ട്. 2014-ലും 2019-ലും മികച്ച ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി അധികാരത്തിലേയ്ക്ക് തിരിച്ചുവന്നത്. ദേശീയ തലത്തിൽ കഴിഞ്ഞ തവണത്തെപ്പോലെ തന്നെയാകും ഇക്കുറിയും ഫലം. കഴിഞ്ഞ തവണ കോൺഗ്രസ് ജയിച്ചേക്കാമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയേക്കാമെന്നുമൊക്കെയുള്ള സംസാരങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നു. പക്ഷേ ഇത്തവണ അങ്ങനെയൊന്നുമില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പിൻ്റെ ഫലത്തെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ട്. നരേന്ദ്ര മോദി നയിക്കുന്ന ഭാരതീയ ജനതാ പാർട്ടി കഴിഞ്ഞ രണ്ട് തവണത്തെക്കാൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഉറപ്പാണ്. പലകാരണങ്ങൾ കൊണ്ട് കേരളത്തിൽ ഇതുവരെ അക്കൗണ്ട് തുറക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടില്ല. പക്ഷേ ഇത്തവണ നിരവധി സീറ്റുകളിൽ ഞങ്ങൾ വിജയിക്കും. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ ബി.ജെ.പി. കേരളത്തിലെ നമ്പർ വൺ പാർട്ടിയാകുന്നതിനുള്ള തുടക്കമായിരിക്കും ഈ തിരഞ്ഞെടുപ്പ്.
കഴിഞ്ഞ തവണ കേരളത്തിലുടനീളം രാഹുൽ എഫക്ട് പ്രകടമായിരുന്നു. ഇത്തവണ കാര്യങ്ങൾ എങ്ങനെയാകുമെന്നാണ് പ്രതീക്ഷ.
രാഹുൽ എഫക്ട് ഇത്തവണ കേരളത്തിൽ പ്രതീക്ഷിക്കുകയേ വേണ്ട. കഴിഞ്ഞ തവണ ബി.ജെ.പി.ക്ക് 303 സീറ്റാണ് ലഭിച്ചത്. കോൺഗ്രസിന് 52-ഉം. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നരേന്ദ്ര മോദിയുടെ പ്രശസ്തി കൂടിയിട്ടേയുള്ളൂ. ലോകത്തിലെ തന്നെ ഏറ്റവും ജനസമ്മതനായ നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ പ്രശസ്തിയും വർധിച്ചിട്ടുണ്ട്. കോൺഗ്രസ് ഉണ്ടാക്കാൻ ശ്രമിക്കുന്ന സഖ്യകക്ഷികൾക്ക് ജനങ്ങളുടെ മുൻപിൽ ഒരു വിശ്വാസവുമില്ല. അവർക്ക് പൊതുവായ വീക്ഷണമോ കൃത്യമായ ലക്ഷ്യമോ ദിശയോ നേതാവോ പോലുമില്ല. അവർക്ക് ആകെയുള്ള അജണ്ട ലോകസമ്മതനായ നേതാവിനെ തോൽപ്പിക്കുക എന്നത് മാത്രമാണ്. ഇപ്രാവശ്യം രാഹുൽ ഗാന്ധി എഫക്ടോ, പ്രതിപക്ഷ എഫക്ടോ ഒന്നുമില്ല. ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു പ്രോ ഇൻകംബൻസി വേവ് ഇന്ത്യ മുഴുവൻ നടക്കുന്നത്. മോദിജിക്ക് അനുകൂലമായൊരു തരംഗം ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാമത്തേതിലേയ്ക്ക് കടക്കുമ്പോൾ ആദ്യമായി പ്രോ ഇൻകംബൻസി വേവ് നടക്കുകയാണ്. അതുകാരണം മറ്റൊരു എഫ്ക്ടും ഈ തിരഞ്ഞെടുപ്പിൽ ഇല്ല.
ഇത്തവണയും പത്തനംതിട്ടയിൽ ഒരു ശക്തമായ ത്രികോണ മത്സരത്തിന് സാധ്യതയുണ്ടോ.
എനിക്കെതിരെ മത്സരിക്കുന്ന രണ്ട് പേരും അനുഭവസമ്പത്തുള്ള സ്ഥാനാർഥികളാണ്. കഴിഞ്ഞ നാലാഴ്ചയായി പത്തനംതിട്ടയിലെ ജനങ്ങളുമായി സംവദിച്ചതിൽ നിന്ന് എനിക്ക് മനസിലാക്കാനായത് ഇവരൊക്കെ മാറ്റം ആഗ്രഹിക്കുന്നു എന്നാണ്. കഴിഞ്ഞ 15 വർഷമായി ഇവിടെയൊരു എം.പി.യുണ്ട്, ആൻ്റോ ആൻ്റണി. അതിൽ അഞ്ചു വർഷം കേന്ദ്രത്തിൽ മൻമോഹൻ സിങ് സർക്കാരും സംസ്ഥാനത്ത് ഉമ്മൻ ചാണ്ടി സർക്കാരും ഉണ്ടായിരുന്നു. എന്നിട്ടുപോലും പത്തനംതിട്ടയിൽ വികസനമുണ്ടായിട്ടില്ല. കേരളത്തിൽ ഏറ്റവും കുറവ് വികസനം ഉണ്ടായിട്ടുള്ള മണ്ഡലത്തിൽ ഒന്നാണ് പത്തനംതിട്ട. 15 വർഷം എം.പിയായിട്ട് പോലും ഇവിടെയൊരു ഐടി പാർക്ക് ഇല്ല, ഇൻഡസ്ട്രിയൽ പാർക്ക് ഇല്ല, കേന്ദ്ര പിന്തുണയുള്ള ഉന്നത വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ യൂണിറ്റ് ഇല്ല. കഴിഞ്ഞ 15 വർഷം അദ്ദേഹം എന്താണ് ചെയ്തതെന്നാണ് ഇവിടെ വരുമ്പോൾ എനിക്ക് തോന്നുന്നത്. വെയിറ്റിങ് ഷെഡ്ഡും വിളക്കുമരവും അല്ലാതെ വേറൊന്നും 10 വർഷമായി അദ്ദേഹം ചെയ്തിട്ടില്ലെന്നാണ് ജനങ്ങൾ എന്നോട് പറയുന്നത്. ബാക്കിയെല്ലാം കേന്ദ്ര സർക്കാരിന്റെ പദ്ധതികളാണ്.
ഒരുപാട് പ്രാവശ്യം എം.എൽ.എയും മന്ത്രിയുമൊക്കെ ആയിട്ടുള്ള വ്യക്തിയാണ് തോമസ് ഐസക്. പക്ഷേ സംസ്ഥാനത്തിൻ്റെ വലിയ കടക്കെണിയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദി അദ്ദേഹമാണെന്നാണ് ജനങ്ങൾ എന്നോട് പറയുന്നത്. ഇവിടെ അവസരങ്ങളും വികസനങ്ങളും വേണം. അതിന് കേന്ദ്ര പദ്ധതികളും പിന്തുണയും വേണം. ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന ഒരു സ്ഥാനാർഥിക്ക് മാത്രമേ വികസനങ്ങളും പദ്ധതികളും തൊഴിലവസരങ്ങളും ഒക്കെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂവെന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. അതുകൊണ്ടൊക്കെ തന്നെ ഈ തിരഞ്ഞെടുപ്പിൽ ഞാൻ തന്നെയായിരിക്കും വിജയിക്കുന്നത്.
ഒരുവശത്ത് സിറ്റിങ് എം.പി.യായ ആൻ്റോ ആൻ്റണിയും മറുവശത്ത് മുൻ മന്ത്രി തോമസ് ഐസക്കും. ഇവരിൽ ആരായിരിക്കും ബി.ജെ.പി.ക്ക് കടുത്ത വെല്ലുവിളി ഉയർത്തുക.
ആൻ്റോ ആൻ്റണിയും തോമസ് ഐസക്കും ഈ മണ്ഡലത്തിലെ അനുയോജ്യരായ സ്ഥാനാർഥികളല്ല. ഒരാൾ 15 വർഷം ഇവിടെനിന്ന് വിജയിച്ചിട്ട് ഒന്നും ചെയ്യാത്തയാൾ. കോൺഗ്രസ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. മാർക്സിസ്റ്റ് പാർട്ടി ആണെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ അപ്രസക്തമായിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ മൂന്നോ നാലോ ബാക്ക് ബെഞ്ച് എം.പിമാരല്ലാതെ വേറൊന്നും അവർക്ക് സംഭാവന ചെയ്യാനില്ല. ഇവരെ ജയിപ്പിച്ച് വിട്ടിട്ട് ജനങ്ങൾക്ക് ഒന്നും ലഭിക്കാനില്ല. പക്ഷേ മോദിയെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. ഇവർ രണ്ടുപേരിൽ ആരാണ് ഭേദമെന്ന് നോക്കുന്നതിൽ കാര്യമില്ല, രണ്ടുപേരും ഈ മണ്ഡലത്തിന് യോജിച്ചവരല്ല.
ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടമെന്നാണ് ഈ തിരഞ്ഞെടുപ്പിനെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്.
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ഇന്ത്യയിൽ ജനാധിപത്യം ശക്തമാവുകയാണ് ചെയ്യുന്നത്. ഇവിടെ കാലഹരണപ്പെട്ട ചില രാഷ്ട്രീയ പാർട്ടികളുണ്ട്. അവർക്ക് ജനങ്ങൾ വോട്ടുചെയ്യുന്നില്ല. ജനങ്ങൾ വോട്ട് ചെയ്യാത്തതുകൊണ്ടാണ് അവർ ജനാധിപത്യത്തെ കുറ്റം പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് ഏകദേശം 46% വോട്ടും 37 % ബി.ജെ.പി.ക്ക് വോട്ടും ലഭിച്ചു. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ വോട്ടുചെയ്ത് വിജയിപ്പിച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തീർത്തും ജനാധിപത്യപരമായ രീതിയിൽ തന്നെയാണ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചത്. പ്രതിപക്ഷത്തെ ജനങ്ങൾ തള്ളിക്കളയുന്നതിൽ ജനാധിപത്യത്തെ കുറ്റം പറയുന്നതിൽ കാര്യമില്ല.
പത്തനംതിട്ടയിൽ ബി.ജെ.പി.യുടെ വോട്ടുവിഹിതം കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും വർധിച്ചിരുന്നു. കഴിഞ്ഞതവണ കെ. സുരേന്ദ്രൻ നേടിയ വോട്ടുകൾ ഇത്തവണ ഒപ്പം നിർത്താനാകുമെന്ന് പൂർണപ്രതീക്ഷയുണ്ടോ? എന്താണ് പ്രചരണായുധം.
അക്കാര്യത്തിൽ സംശയമില്ല. പത്തനംതിട്ടയിൽ മാത്രമല്ല, പല മണ്ഡലങ്ങളിലും ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളിൽ വർധനവുണ്ട്. പ്രതിപക്ഷമല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, ജനങ്ങളാണ്. മോദിയുടേയും കേന്ദ്രസർക്കാരിന്റേയും പ്രതിഛായ കഴിഞ്ഞ അഞ്ചുവർഷത്തിൽ കൂടുകയാണ് ചെയ്തത്. പ്രശസ്തി കാലാകാലം വർധിക്കുകയാണ്. കേരളത്തിൽ ഒരു എം.പി. പോലും ഇല്ലാതിരുന്നിട്ടും മോദിജി ഒരു വേർതിരിവുമില്ലാതെ ഒരുപാട് പദ്ധതികൾ ഇവിടെ കൊണ്ടുവന്നു. ഇന്ന് ഈ സംസ്ഥാനത്ത് നടക്കുന്നതും അത് മാത്രമാണ്. ഈ തിരഞ്ഞെടുപ്പിൽ അതെല്ലാം പ്രതിഫലിക്കും. തീർച്ചയായും ജനങ്ങൾ വികസനവും കേന്ദ്ര പദ്ധതികളും ഒക്കെ നടത്താൻ പ്രാപ്തരായ ആളെയാകും തിരഞ്ഞെടുക്കുക.

വികസനം തന്നെയാണ് ഞങ്ങൾ പ്രധാന ചർച്ചാവിഷയമാക്കാൻ ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് അവസരങ്ങളും വികസനവും വേണം. യുവതീയുവാക്കൾക്ക് തൊഴിലവസരവും കർഷകർക്ക് കൂടുതൽ വേതനവും അടിസ്ഥാന സൗകര്യങ്ങളും വേണം. വളരെയധികം പൊട്ടൻഷ്യലുള്ള സ്ഥലമാണ് പത്തനംതിട്ട. ടൂറിസത്തിന് സാധ്യതയേറയുള്ള മണ്ഡലവുമാണ്. ശബരിമലയും മാരാമൺ കൺവെൻഷനും ആറന്മുള വള്ളംകളിയും പരുമല ദേവാലയവും ഒക്കെയുള്ള വലിയൊരു റിലീജ്യസ് കൾച്ചറൽ ഹബ്ബായി മാറ്റാൻ കഴിയുന്ന സ്ഥലമാണ് പത്തനംതിട്ട. അങ്ങനെയുള്ള സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ജില്ലയിൽ ആകെയുള്ളത് ഒരു റെയിൽവേ സ്റ്റേഷൻ മാത്രമാണ്. അവിടെയും സൗകര്യങ്ങൾ കുറവാണ്. ഒരുപാട് കാര്യങ്ങൾ ഇവിടെ ചെയ്യാനാകും. പത്തനംതിട്ടയിൽ ചെയ്യാവുന്ന സാധ്യതകളുടെ ഒരംശം പോലും ചെയ്തിട്ടില്ല ഇവിടെ. ഇത് തന്നെയാണ് എന്റെ പ്രചരണ വിഷയം.
പത്തനംതിട്ടയിൽ മത്സരിച്ചിരുന്നെങ്കിൽ ഒരു ലക്ഷത്തോളം വോട്ടുകൾക്ക് ജയിക്കുമായിരുന്നുവെന്നാണ് പി.സി. ജോർജ് പറഞ്ഞത്. താങ്കളുടെ സ്ഥാനാർഥിത്വം അപ്രതീക്ഷിതമായിരുന്നുവോ, വിജയപ്രതീക്ഷയെക്കുറിച്ച്.
മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് എന്റെ വിശ്വാസം. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത് പാർട്ടിയാണ്. പ്രധാനമന്ത്രി ഉൾപ്പെടുന്ന സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് സ്ഥാനാർഥികളെ തിരഞ്ഞെടുക്കുന്നത്. അല്ലാതെ മാധ്യമങ്ങളുടെ ഊഹമനുസരിച്ചല്ല ഈ പാർട്ടിയിൽ തീരുമാനം എടുക്കുന്നത്. പ്രഖ്യാപനം നടന്നതിന് ശേഷമാണ് ഞാൻ സ്ഥാനാർഥിയാണെന്ന് അറിഞ്ഞത്. ഇതെല്ലാം പാർട്ടി തീരുമാനമാണ്. പി.സി ജോർജും അദ്ദേഹത്തിൻ്റെ മകൻ ഷോൺ ജോർജും കേരള ജനപക്ഷത്തുള്ളവരുമെല്ലാം മറ്റുള്ളവരെപ്പോലെ പാർട്ടിക്ക് വേണ്ടിയും രാഷ്ട്രത്തിന് വേണ്ടിയും പ്രവർത്തിക്കാൻ ഒരു ഉപാധിയുമില്ലാതെ ഒപ്പം ചേർന്നവരാണ്. അവരെല്ലാവരും പാർട്ടിക്ക് വേണ്ടി പൂർണ പിന്തുണ നൽകുന്നുണ്ട്.
അനിൽ ആൻ്റണി പുതുമുഖമാണ്, പത്തനംതിട്ടയിൽ പരിചയപ്പെടുത്തേണ്ടി വരുമെന്ന പി.സി. ജോർജിൻ്റെ പ്രസ്താവനയെക്കുറിച്ച്.
ഞാൻ ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ പ്രായം കുറഞ്ഞ ദേശീയ സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് നരേന്ദ്ര മോദി ആദ്യം പത്തനംതിട്ടയിലാണ് വന്നത്. എനിക്ക് രാഷ്ട്രീയ പശ്ചാത്തലവുമുണ്ട്. അങ്ങനെയുള്ള എന്നെ ആരും പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല.

മോദിജിയുടെ പത്തനംതിട്ടയിലെ വരവ് ഞങ്ങൾക്കെല്ലാം ഊർജം പകർന്നിട്ടുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ തന്നെ ഇത്രയും വ്യക്തിപ്രഭാവമുള്ള മറ്റൊരു നേതാവില്ല. അദ്ദേഹം മണ്ഡലത്തിലെത്തിയത് ജനങ്ങൾക്കും അണികൾക്കും ഊർജമായിരിക്കുകയാണ്.
പത്തനംതിട്ടയിൽ മകനെതിരേ എ.കെ ആന്റണി പ്രചരണത്തിന് എത്തുമെന്ന് കരുതുന്നുണ്ടോ.
ഞാനും അച്ഛനും രണ്ട് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവരാണ്. ഇവിടുത്തെ സ്ഥാനാർഥിയായ ആൻ്റോ ആൻ്റണി ഏതാനും ദിവസങ്ങൾക്ക് മുൻപ് തീവ്രമനോഭാവമുള്ള ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടി ഇന്ത്യൻ സെെന്യത്തെ അവഹേളിച്ചുകൊണ്ട് പാകിസ്താൻ്റെ തീവ്രവാദ ശ്രമങ്ങളെ വെള്ളപൂശാൻ ശ്രമിച്ചൊരു വ്യക്തിയാണ്. അങ്ങനെയൊരു വ്യക്തിക്ക് വേണ്ടി രാജ്യ സ്നേഹിയും ദേശസ്നേഹിയുമായ ഒരു വ്യക്തിയും പ്രചരണത്തിന് വരുമെന്നോ വോട്ട് ചെയ്യുമെന്നോ എനിക്ക് വിശ്വാസമില്ല. ഈ മണ്ഡലത്തിൽ തന്നെ ആയിരക്കണക്കിന് മുൻ സെെനികരുണ്ട്. ആന്റോ ആന്റണിയുടെ പ്രസ്താവനയ്ക്ക് ശേഷം അവരിൽ ഒരുപാടുപേർ വിളിക്കുകയുണ്ടായി. പ്രചരണത്തിന് വരികയാണെങ്കിൽ രാജ്യവിരുദ്ധനായ ഈ സ്ഥാനാർഥിയെക്കുറിച്ചുള്ള മുൻ സെെനികരുടെ അഭിപ്രായങ്ങൾ അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമായി ഞാൻ കാണുന്നു.
തോമസ് ഐസക്കിനെ മുൻനിർത്തി പത്തനംതിട്ടയിൽ ഇടതുപക്ഷം നയിക്കുന്ന പോരാട്ടത്തെ എങ്ങനെ വിലയിരുത്തുന്നു.
ഇടത് പക്ഷത്തിന് ദേശീയ രാഷ്ട്രീയത്തിൽ എന്താണ് പ്രസക്തി. സംസ്ഥാനം ഇത്രയും കടക്കെണിയിൽ ആയതിൻ്റെ പങ്ക് തോമസ് ഐസക്കിനാണ്. ആലപ്പുഴ മത്സരിച്ച സമയത്ത് അവിടം വെനീസ് ആക്കും ലോകോത്തര നിലവാരമുള്ള പലകാര്യങ്ങളും ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതൽ മോശമാക്കുകയാണ് ചെയ്തത്. അങ്ങനെയുള്ളയാൾ പത്തനംതിട്ടയിൽ എന്തുചെയ്യാനാണ്.
ദേശീയ തലത്തിൽ ഒന്നിച്ചാണെങ്കിലും കേരളത്തിലെ ഇടത്- വലത് പോരാട്ടത്തെ എങ്ങനെ നോക്കിക്കാണുന്നു
ഇവർ രണ്ടുപേരും ഒരു മുന്നണിയുടെ ഭാഗമാണല്ലോ. ബംഗാളിൽ ആയാലും ത്രിപുരയിൽ ആയാലും രാജസ്ഥാനിൽ ആയാലും ഇവർ ഒരു മുന്നണിയാണ്. കേരളത്തിൽ മാത്രം ബിജെപിയെ അകറ്റി നിർത്താനായി ഇവർ ഒരു വ്യാജ ഗുസ്തി നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഇപ്രാവശ്യം പല മണ്ഡലങ്ങളിലും ബിജെപി അത്ഭുതകരമായ കുതിപ്പാണ് നടത്താൻ പോകുന്നത്. ഇത്തവണ ഡബിൾ ഡിജിറ്റ് സീറ്റുകളാണ് കേരളത്തിലെ ബി.ജെ.പി.യുടെ ലക്ഷ്യം.
പദ്മജ വേണുഗോപാലും ബി.ജെ.പി.യിലേയ്ക്കെത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പ്രമുഖ നേതാക്കളുടെ കൂടുമാറ്റത്തെക്കുറിച്ച്.
ഇന്ത്യയിൽ എല്ലാ സംസ്ഥാനത്തും കൂടുതൽ ആളുകൾ മോദിജിയുടെ നേതൃത്വത്തിൽ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് പാർട്ടിയിലേയ്ക്ക് എത്തുകയാണ്. ഇന്ത്യയിന്ന് ലോകരാഷ്ട്രങ്ങളുടെ ഇടയിൽ തന്നെ മുൻനിര രാജ്യമായി മാറിക്കഴിഞ്ഞു. ഇത് ഇന്ത്യയുടെ ദശാബ്ദമാണ്. ഇനിയും നമ്മൾ കൂടുതൽ കുതിക്കാൻ പോകുന്നതേയുള്ളൂ.

അടുത്ത അഞ്ചുവർഷം ഇന്ത്യയുടെ സുവർണകാലമായിരിക്കും. കഴിഞ്ഞ പത്തുവർഷത്തെക്കാൾ മികച്ചതായിരിക്കും അടുത്ത അഞ്ചുവർഷം. മോദിജിയുടെ മൂന്നാമത്തെ വരവിൽ ഇന്ത്യ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും. എല്ലാ രംഗത്തും ഇന്ത്യ കുതിക്കുകയാണ്. കൂടുതൽ യുവതീയുവാക്കൾ മോദിജിയുടെ പ്രഭാവവും നേതൃപാടവവും കണ്ട് പാർട്ടിയിൽ പ്രവേശിക്കുന്നത് സ്വാഭാവികമാണ്. അതുതന്നെയാണ് കേരളത്തിലും നടക്കുന്നത്.
പൗരത്വ ഭേദഗതി, ഇഡിയുടെ ഇടപെടൽ, കർഷക പ്രക്ഷോഭം തുടങ്ങിയവയൊക്കെ ബി.ജെ.പി.ക്കെതിരെ പ്രതിപക്ഷം പ്രചരണ ആയുധമാക്കുകയാണ്. എന്താണ് പാർട്ടിയുടെ പ്രതിരോധം.
ഇതെല്ലാം പ്രതിപക്ഷം ആരോപിക്കുന്ന, ഒരു പ്രസക്തിയുമില്ലാത്ത, വിഷയങ്ങളാണ്. പൗരത്വ ഭേദഗതി ഇന്ത്യയിലെ പൗരന്മാരെയും ബാധിക്കുന്ന പ്രശ്നമല്ല. മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം അനുവദിച്ചുകൊടുക്കുന്നതിൽ ഇവർക്കിത്ര വിഷമം എന്താണെന്ന് മനസ്സിലാകുന്നില്ല. കർഷക സമരം ചില ഇടത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണ്. പഞ്ചാബിലെ ചില മേഖലയ്ക്ക് പുറത്ത് അങ്ങനെയൊരു കാര്യം നടക്കുന്നത് പോലും നാട്ടുകാർക്ക് അറിയില്ല. ഇതെല്ലാം പൂർണപരാജയമാണ്. പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പ്രതിപക്ഷം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ജനങ്ങൾക്ക് താത്പര്യമുള്ള പ്രശ്നങ്ങളല്ല ഇതൊന്നും. അവർക്ക് അവസരങ്ങളും വികസനവുമാണ് വേണ്ടത്. ഇന്ന് വളരെ ശക്തമായ നേതൃത്വം ഇന്ത്യയ്ക്കുണ്ട്, മോദിയെന്ന ശക്തനായ നേതാവുമുണ്ട്. പ്രതിപക്ഷം കൊണ്ടുവരുന്ന ഒരു പ്രാധാന്യവുമില്ലാത്ത പ്രശ്നങ്ങളെല്ലാം ഇന്ത്യൻ ജനത തള്ളിക്കളഞ്ഞു.
പത്തനംതിട്ടയിലെ പ്രചരണം ഏതുവരെയായി
വലിയൊരു ലോക്സഭാ മണ്ഡലമാണ് പത്തനംതിട്ട. തിരഞ്ഞെടുപ്പ് പ്രചരണം ഇപ്പോൾ നാലാഴ്ച പൂർത്തിയാകുന്നു. ഇനി നാലാഴ്ച കൂടി ബാക്കിയുണ്ട്. പ്രചരണം നന്നായി പോവുകയാണ്. ഏഴ് നിയോജകമണ്ഡലവും പലതവണകളായി സന്ദർശിക്കുന്നുണ്ട്. സമൂഹത്തിലെ എല്ലാവിഭാഗങ്ങളിലുമുള്ള ആളുകളുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Content Highlights: nda pathanamthitta constituency candidate anil antony interview
Published: 06 Apr 2024, 05:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented