
ഇത്തവണയും പത്തനംതിട്ട പതിവ് തെറ്റിച്ചില്ല, തുടർച്ചയായ നാലാം തവണയും മണ്ഡലത്തിൽ ആന്റോ ആൻ്റണി തന്നെ വിജയക്കൊടി നാട്ടി. ഹാട്രിക് വിജയത്തിൻ്റെ പൊലിമയോടെയാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് സീറ്റിൽ ആൻ്റോ ആൻ്റണി ഇറങ്ങിയത്. ത്രികോണ മത്സരം പ്രവചിച്ചിരുന്ന മണ്ഡലത്തിൽ നിന്ന് വിജയത്തോടൊപ്പം കഴിഞ്ഞ തവണത്തെക്കാൾ ഭൂരിപക്ഷം മെച്ചപ്പെടുത്താനും ആൻ്റോയ്ക്ക് സാധിച്ചു. 66,131 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ് ആൻ്റോ ആൻ്റണി പത്തനംതിട്ട പിടിച്ചടക്കിയത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽക്കേ കണ്ണുകളൊക്കെയും പത്തനംതിട്ടയിൽ പതിഞ്ഞിരുന്നു. പക്ഷേ ഏവരും ഉറ്റുനോക്കിയിരുന്ന വാശിയേറിയ പോരാട്ടം നടന്നില്ലെന്ന് മാത്രം.
മാറിമാറിക്കേട്ട പേരുകൾ, ഒടുവിൽ പത്തനംതിട്ട പിടിക്കാൻ എത്തിയവർ
Also Read
ശബരിമല സ്ത്രീപ്രവേശനം നിർണായകമായ 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പ് തെല്ലൊന്നുമല്ല അവരുടെ അണികളെ ആവേശത്തിലാഴ്ത്തിയത്. ഇക്കുറി സ്ഥാനാർഥി പ്രഖ്യാപനം വരുന്നതിന് മുൻപേ ശ്രദ്ധയാകർഷിച്ച മണ്ഡലത്തിലൊന്നായി പത്തനംതിട്ട മാറുകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നെ ബിജെപിയിലേയ്ക്ക് കൂറുമാറിയ ജനപക്ഷം സെക്കുലർ നേതാവ് പി.സി ജോർജിൻ്റെ സ്ഥാനാർഥി സാധ്യത തന്നെയായിരുന്നു പ്രധാന ആകർഷണം. കുമ്മനം രാജശേഖരൻ, ഷോൺ ജോർജ് എന്നിവരുടെ പേരുകൾ ചർച്ചയായെങ്കിലും സ്ഥാനാർഥിയായി ശക്തമായി ഉയർന്നത് പിസിയുടെ പേര് തന്നെ. എന്നാൽ ഒടുവിൽ ആ വമ്പൻ ട്വിസ്റ്റ് സംഭവിച്ചു. ആൻ്റണിയുടെ മകനും ബി.ജെ.പി. ദേശീയ സെക്രട്ടറി കൂടിയായ അനിൽ കെ. ആൻ്റണി രംഗപ്രവേശനം ചെയ്തു. കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷവെച്ചുപുലർത്തുന്ന അവരുടെ എ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയിൽ ഇതോടെ മത്സരം മുറുകി. ഒപ്പം മുൻ ധനമന്ത്രിയായ തോമസ് ഐസക്കിനെ എൽ.ഡി.എഫ് കൂടി രംഗത്തിറക്കിയതോടെ മണ്ഡലം ത്രികോണ മത്സരത്തിലേയ്ക്ക് തെന്നിനീങ്ങി.
എന്നാൽ കഴിഞ്ഞതവണത്തേത് പോലെ ഇക്കുറിയും ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും ഫലം മറിച്ചായിരുന്നു. പോരാട്ടം ആൻ്റോയും ഐസക്കും തമ്മിൽ മാത്രമായെന്ന് പറയാം. 2019-ൽ ബിജെപിക്കായി സുരേന്ദ്രൻ നേടിയ വോട്ടുപോലും പിടിക്കാൻ അനിൽ ആൻ്റണിക്ക് സാധിച്ചില്ല. കഴിഞ്ഞ തവണ മൂന്നുലക്ഷത്തോളം വോട്ടുകൾ സ്വന്തമാക്കിയ ബിജെപിക്ക് ഇത്തവണ 60,000 ത്തോളം വോട്ടുകൾ കുറഞ്ഞു. എന്നാൽ ശബരിമല വിഷയമുൾപ്പടെ ഇത്തവണ ഗുണം ചെയ്യാതിരുന്നിട്ടും രണ്ടരലക്ഷത്തോളം വോട്ടുകൾ നേടാനായതിൽ അനിലിന് ആശ്വസിക്കാം.
ആകെ 13,821 പോസ്റ്റല്‍ വോട്ടുകളാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. പോസ്റ്റൽ എണ്ണിക്കഴിഞ്ഞപ്പോൾ നേട്ടം ആൻ്റോയ്ക്ക് തന്നെ. 6,666 വോട്ടുകൾ ആൻ്റോ നേടി. ഐസക്കിന് 3,616 പോസ്റ്റൽ വോട്ടുകളും അനിലിന് 3,234 പോസ്റ്റൽ വോട്ടുകളും നേടാനായി.
തുടക്കത്തിൽ തോമസ് ഐസക്കും ആൻ്റോ ആൻ്റണിയും ഒപ്പത്തിനൊപ്പം നിന്നെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കുംതോറും സിറ്റിങ് എംപി കൂടിയായ ആൻ്റോ വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു. ഒടുവിൽ വിജയം ആൻ്റോ ആൻ്റണി സ്വന്തം പേരിൽ കുറിച്ചു. 3,67,623 വോട്ടുകളാണ് ആൻ്റോ ആൻ്റണി ആകെ നേടിയത്. രണ്ടാമതെത്തിയ തോമസ് ഐസക് 3,01,504 വോട്ടുകൾ നേടിയപ്പോൾ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അനിൽ ആൻ്റണിക്ക് 2,34,406 വോട്ടുകളാണ് ലഭിച്ചത്. പോസ്റ്റൽ ഉൾപ്പടെ 9,19,569 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.
പത്തനംതിട്ടയിൽ വേരുറപ്പിക്കുന്ന താമര, നിലയുറയ്ക്കാതെ ഇടത്, കെെ വിടാതെ ജനങ്ങൾ
2008-ൽ പത്തനംതിട്ട മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ആൻ്റോ ആൻ്റണി മികച്ച ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭയിലെത്തിയത്. 2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ആൻ്റോ ആൻ്റണിക്കും വീണ ജോർജിനും പിന്നിലായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നുവെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടാനായത് വലിയ നേട്ടമായിരുന്നു. ഓരോ തിരഞ്ഞെടുപ്പിലും വോട്ടുവിഹിതം ഉയർത്തിക്കൊണ്ടുവരാൻ ബിജെപിക്ക് സാധിച്ചു. പക്ഷേ ഇത്തവണ ആ പതിവ് തെറ്റി.
ഓരോ തവണയും വിജപ്രതീക്ഷയുമായി എത്തിയപ്പോഴും നിരാശയായിരുന്നു ഇടതിന് ഫലം. ബിജെപി ഓരോ തവണയും വോട്ടുകൾ വർധിച്ചപ്പോഴും ഇടതിൻ്റെ വോട്ടുകൾക്ക് കാര്യമായ ഇളക്കം സംഭവിച്ചില്ലെന്നത് മാത്രമായിരുന്നു അവർക്ക് ആശ്വാസമായത്.
സി.പി.എമ്മിന്റെ വീണ ജോർജിനെ 44,243 വോട്ടുകൾക്കാണ് 2019-ൽ ആന്റോ ആന്റണി പരാജയപ്പെടുത്തിയത്. 3,80,927 വോട്ടുകൾ ആന്റോ ആന്റണി സ്വന്തമാക്കി. 3,36,684 വോട്ടുകൾ വീണ ജോർജ് നേടിയപ്പോൾ 2,97,396 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ മുന്നാമതെത്തി.

തിരഞ്ഞെടുപ്പിന് മുൻപ് കണക്കുകൾ കോൺഗ്രസിനെ ഭയപ്പെടുത്തിയിരുന്നു എന്നത് വാസ്തമായിരുന്നു. ഓരോ തവണയും ബിജെപിയുടെ ശക്തി ഏറിവന്നത് കോൺഗ്രസിനെ അലട്ടി. ഇടത് വോട്ടുകൾക്ക് കാര്യമായ വ്യതിചലനം ഉണ്ടാകുന്നില്ലെങ്കിലും കോൺഗ്രസ് വോട്ടുകൾ ചോരുന്നുണ്ടായിരുന്നു. 2009-ൽ നാലുലക്ഷത്തിലധികം വോട്ടുകളാണ് ആൻ്റോ ആൻ്റണി നേടിയതെങ്കിൽ 2014-ലേയ്ക്ക് എത്തിയപ്പോൾ അത് മൂന്നര ലക്ഷമായി. 2019-ൽ എത്തുമ്പോൾ 20,000 ത്തിലധികം വോട്ടുകളുടെ വർധനവ് കോൺഗ്രസിന് ആശ്വാസമാണ്. എങ്കിലും 2009-ൽ ഉണ്ടായിരുന്ന 51.21% ശതമാനം വോട്ട് വിഹിതം 2019-ൽ 37.08% ശതമാനമായി കുറഞ്ഞു. 37.26% ശതമാനത്തിൽ നിന്ന് ഇടതുപക്ഷം 32.77% ലേക്ക് എത്തി. എന്നാൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2009-ൽ വെറും 7.06% ശതമാനം വോട്ടുകൾ സ്വന്തമാക്കിയ ബിജെപി 2014-ൽ അത് 15.98% മായി ഉയർത്തി. 2019-ൽ 28.95% വോട്ടുകളോടെയാണ് മൂന്നാം സ്ഥാനത്ത് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ എത്തിയത്. ഇത്തവണ പക്ഷേ ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി. മുൻവർഷത്തെ കണക്കുകൾ കോൺഗ്രസിനുണ്ടാക്കിയ ആശങ്ക ചെറുതായിരുന്നില്ല. എന്നാൽ ഇത്തവണ വിരുദ്ധവികാരങ്ങൾ മണ്ഡലത്തിലുണ്ടായിരുന്നിട്ടും ഭൂരിപക്ഷം വർധിപ്പിക്കാൻ സാധിച്ചതിൽ ആൻ്റോ ആൻ്റണിക്ക് അഭിമാനിക്കാം.
വോട്ടർമാർ കൂടിയത് തുണച്ചതാരെ, പോളിങ് ഏറ്റവും കുറവ്
2023-ൽ വോട്ടർമാരുടെ എണ്ണത്തിൽ പത്തനംതിട്ട മണ്ഡലത്തിൽ വർധനവുണ്ടായിരുന്നു. എന്നാൽ പോളിങ്ങിൽ ഇത് പ്രകടമായില്ല. ഇക്കുറി കേരളത്തിൽ പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിങ് നടന്നത്. 63.37 ശതമാനം മാത്രമായിരുന്നു പോളിങ്ങ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനമായിരുന്നു പോളിങ് എന്നത് ഓർക്കേണ്ടതാണ്.
14,29,700 വോട്ടര്‍മാരില്‍ 9,06051 വോട്ടര്‍മാര്‍ മാത്രമാണ് പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളെക്കാൾ പോളിങ് ശതനമാനത്തിൽ 10.89 ശതമാനത്തിന്റെ കുറവ്. മണ്ഡലം രൂപവത്കരിച്ചതിനുശേഷത്തെ ഏറ്റവും കുറവ് പോളിങ്ങാണ് ഇത്തവണ നടന്നത്. 2019-ൽ 74.24, 2014-ൽ 65.70, 2009-ൽ 65.73 എന്നിങ്ങനെയായിരുന്ന പോളിങ്ങാണ് ഇത്തവണ 63.3 ആയി കുറഞ്ഞത്. കഴിഞ്ഞ തവണത്തേതിനെക്കാൾ വോട്ടുവിഹിതത്തിൽ ഗണ്യമായ കുറവുണ്ടായിരിക്കുന്നത് ബി.ജെ.പിക്കാണ്. പോളിങ് കുറഞ്ഞത് മൂന്ന് പാർട്ടിയുടെ വോട്ടുകൾ ചോർത്തിയെങ്കിലും കൂടുതൽ തിരിച്ചടിയായത് ബി.ജെ.പിയെയാണെന്ന് അനുമാനിക്കാം.
ഉശിരുള്ള വോട്ടുപിടിത്തം, ഒപ്പത്തിനൊപ്പം മൂവരും
പത്തനംതിട്ടയിലെ പ്രചരണത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഒപ്പത്തിനൊപ്പമായിരുന്നു മൂന്ന് സ്ഥാനാർഥികളും. ഉശിരോടെ മൂവരും ജനങ്ങളിലേയ്ക്ക് ഇറങ്ങി. വികസനം പറഞ്ഞുകൊണ്ട് ആൻ്റോ വോട്ടുപിടിച്ചപ്പോൾ മണ്ഡലത്തിലെ വികസനം പോരെന്നായിരുന്നു അനിലും ഐസക്കും വാദിച്ചത്. ബിജെപിയെ കടന്നാക്രമിച്ച് ഐസക് മുന്നേറിയപ്പോൾ സംസ്ഥാന സർക്കാരിനേയും കേന്ദ്രസർക്കാരിനേയും ആൻ്റോ ഒരേപോലെ ചൂണ്ടുവിരലിൽ നിർത്തി. കേരളത്തിൽ ബിജെപിക്ക് ഇക്കുറി തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് തിരിച്ചറിവ് അനിലിന്റെ ഓരോ ചുവടിലും പ്രകടമായിരുന്നു.
എൻ.ഡി.എ.യുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 15-ന് പത്തനംതിട്ടയിൽ എത്തിയത് അനിൽ ആൻ്റണിക്കും പ്രവർത്തകർക്കും ഊർജം പകർന്ന ഒന്നായിരുന്നു. ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗം കൂടിയാണ് അനില്‍ ആന്റണി എന്നതും അണികൾ ഉയർത്തിക്കാട്ടി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് ശേഷം മാറിയ പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമായിരുന്നു ബിജെപി തുടക്കംമുതലേ നടത്തിയത്. കഴിഞ്ഞ തവണ നേടിയ മൂന്ന് ലക്ഷത്തോളം വോട്ടുകൾ സംരക്ഷിക്കുകയെന്നതായിരുന്നു ബിജെപിയുടെ പ്രധാന വെല്ലുവിളി.പക്ഷേ കഴിഞ്ഞ തവണ തുണച്ച ശബരിമല ഇത്തവണ ഗുണം ചെയ്യാനുള്ള സാധ്യത നന്നേ കുറവാണെന്ന ബോധ്യവും അവർക്കുണ്ടായിരുന്നു. അതുകൊണ്ട് മോദി എഫക്ടും വികസനവും പറഞ്ഞാണ് പ്രധാനമായും കേരളത്തിൽ ബിജെപി വോട്ടുതേടിയത്.
മണ്ഡലത്തിലെ പ്രധാന്യമുള്ള ക്രെെസ്തവ വോട്ടുകൾ ഒപ്പം നിർത്താനായതാണ് എല്ലാത്തവണയും ആൻ്റോയെ തുണച്ചത്. ഇത്തവണയും സഭകൾ ആൻ്റോയ്ക്കൊപ്പം നിന്നു. അനിൽ ആൻ്റണിയുടെ വരവ് വോട്ട് ഭിന്നിപ്പ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും കാര്യമായ അടിയൊഴുക്ക് സംഭവിച്ചില്ലെന്ന് ഫലം സൂചിപ്പിക്കുന്നു.
നിയമസഭ ഇടതിനൊപ്പം, ലോക്സഭയിൽ വലത് കുലുങ്ങില്ല
തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുള്ളത്. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇപ്പോൾ ഇടതിനൊപ്പമാണ്. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അടിസ്ഥാനപരമായി കോൺഗ്രസ് അനുഭാവമാണ് പത്തനംതിട്ടയിലെ വോട്ടർമാർ ഇത്രയും കാലം പ്രകടിപ്പിച്ചിട്ടുള്ളത്, അത് തുടരുകയുമാണ്.
നിയമസഭാ മണ്ഡലങ്ങള്‍ - എം.എല്‍.എമാര്‍
- കാഞ്ഞിരപ്പള്ളി - എൻ ജയരാജ് - കേരള കോൺഗ്രസ് (എം)
- പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ - കേരള കോൺഗ്രസ് (എം)
- തിരുവല്ല - മാത്യു ടി തോമസ് - ജെ.ഡി.എസ്
- റാന്നി - പ്രമോദ് നാരായണൻ - കേരള കോൺഗ്രസ് (എം)
- ആറന്മുള - വീണാ ജോർജ് - സി.പി.എം
- കോന്നി- കെ. യു ജെനീഷ് കുമാർ - സി.പി.എം
- അടൂർ - ചിറ്റയം ഗോപകുമാർ - സി.പി.ഐ
നേരത്തെ അടൂർ ലോക്‌സഭാ മണ്ഡലം നിലവിലുണ്ടായിരുന്നപ്പോൾ ഇടതുപക്ഷത്തിനായിരുന്നു നേരിയ മുൻകെെ. സംവരണ മണ്ഡലമായിരുന്ന അടൂരിൽ 11 തിരഞ്ഞെടുപ്പുകളിൽ ആറ് പ്രാവശ്യം ഇടതുപക്ഷവും അഞ്ച് തവണ വലതുപക്ഷവും വിജയം സ്വന്തമാക്കിയിരുന്നു.
1960-കളില്‍ സി.പി.ഐയുടെ ഉറച്ച മണ്ഡലമായിരുന്നു അടൂർ. തുടർച്ചയായി നാലുപ്രാവശ്യം ഇടതിനൊപ്പം നിന്ന മണ്ഡലം കെ.കെ കുഞ്ഞമ്പുവിലൂടെ കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. കൊടിക്കുന്നില്‍ സുരേഷാണ് അവിടെ കോൺഗ്രസിൻ്റെ അടിത്തട്ട് ഉറപ്പിച്ചത്. അടൂരില്‍ ആറ് തവണ മത്സരിച്ച കൊടിക്കുന്നില്‍ സുരേഷ് നാല് തവണ ജയിച്ചപ്പോള്‍ 1998 ലും 2004 ലും തോറ്റു. രണ്ട് തവണയും ചെങ്ങറ സുരേന്ദ്രനോടായിരുന്നു തോൽവി. തുടർച്ചയായി മൂന്ന് തവണ വിജയിച്ച ചരിത്രവും കൊടിക്കുന്നിലിനുണ്ട്.
കഴിഞ്ഞ തവണ ‘കെെ’വിട്ടത് അടൂർ
പത്തനംതിട്ടയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ 2019-ൽ ആൻ്റോയ്ക്ക് ഭൂരിപക്ഷം ലഭിക്കാതെ പോയത് അടൂർ മാത്രമാണ്. ബാക്കി ആറിടത്തും യുഡിഎഫ് മികച്ച ലീഡ് നേടിയപ്പോൾ 1956 വോട്ടുകൾക്ക് അടൂർ ഇടതിനൊപ്പം നിന്നു. പൂഞ്ഞാറിലാണ് ആൻ്റോ ആൻ്റണി ഏറ്റവുമധികം ഭൂരിപക്ഷം നേടിയത്. 17,929 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഇവിടെനിന്ന് സ്വന്തമാക്കിയത്. കടുത്ത പോരാട്ടം നടന്ന കോന്നിയിൽ 2721 ആയിരുന്നു ഭൂരിപക്ഷം. കാഞ്ഞിരപ്പള്ളി - 9743, തിരുവല്ല - 3739, റാന്നി- 7824, ആറന്മുള- 6593 എന്നിങ്ങനെയായിരുന്നു നിയമസഭ മണ്ഡലങ്ങളിലെ ആൻ്റോയുടെ ലീഡ് നില.
2019-ലെ നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ടുവിഹിതം
| നിയമസഭ മണ്ഡലം | യു.ഡി.എഫ് | എൽ.ഡി.എഫ് | എൻ.ഡി.എ |
| കാഞ്ഞിരപ്പള്ളി | 55330 | 45587 | 36628 |
| പൂഞ്ഞാർ | 61530 | 43601 | 30990 |
| തിരുവല്ല | 54250 | 50511 | 40186 |
| റാന്നി | 50755 | 42931 | 39560 |
| ആറന്മുള | 59277 | 52684 | 50497 |
| കോന്നി | 49667 | 46946 | 46506 |
| അടൂർ | 51260 | 53216 | 49280 |
ഈ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാൻ ആൻ്റോ ആൻ്റണിക്കായി. ഇത്തവണയും തിരുവല്ല പതിവ് തെറ്റിക്കാതെ ആന്റോയ്ക്കൊപ്പം തന്നെ നിന്നു. റാന്നിയിൽ ഇക്കുറി കഴിഞ്ഞ തവണത്തേക്കാളും ഭൂരിപക്ഷവും നേടാനായി. 11,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് റാന്നിയിൽ ആൻ്റോ നേടിയത്. കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്ന അടൂര്‍ മണ്ഡലം തിരിച്ചുപിടിച്ചതും ആൻ്റോയ്ക്ക് നേട്ടമായി ഉയർത്തിക്കാട്ടാം. കാഞ്ഞിരപ്പള്ളി - 9,800, പൂഞ്ഞാർ - 12,610, തിരുവല്ല - 11,530, റാന്നി- 9,597, ആറന്മുള- 12,610, കോന്നി - 2,579, അടൂർ- 2,266.
2024-ലെ നിയമസഭ മണ്ഡലം തിരിച്ചുള്ള വോട്ടുവിഹിതം
| നിയമസഭ മണ്ഡലം | യു.ഡി.എഫ് | എൽ.ഡി.എഫ് | എൻ.ഡി.എ |
| കാഞ്ഞിരപ്പള്ളി | 50705 | 40905 | 30013 |
| പൂഞ്ഞാർ | 51932 | 39322 | 27053 |
| തിരുവല്ല | 53299 | 41769 | 31444 |
| റാന്നി | 46594 | 36997 | 30758 |
| ആറന്മുള | 59626 | 44939 | 38545 |
| കോന്നി | 47488 | 44909 | 34619 |
| അടൂർ | 51313 | 49047 | 38740 |
പത്തനംതിട്ടയിൽ ഇനിയും ആൻ്റോയുടെ നാളുകളാണ്. ആൻ്റോ ആൻ്റണിയെ ഇപ്രാവശ്യം മാറ്റിനിർത്തണം എന്നുൾപ്പടെയുള്ള ചർച്ചകൾ വന്നെങ്കിലും തന്നിൽ വിശ്വാസമർപ്പിച്ച പാർട്ടിയുടെ മുഖം രക്ഷിക്കാൻ അദ്ദേഹത്തിനായി. കഴിഞ്ഞ തവണത്തേതിനെക്കാൾ ഭൂരിപക്ഷം വർധിപ്പിച്ചതും വോട്ട് ചോർച്ച തടയാൻ സാധിച്ചതും നേട്ടമായി ആൻ്റോയ്ക്ക് ഉയർത്തിക്കാട്ടാനുമാകും.
Content Highlights: lok sabha election results 2024 pathanamthitta constituency result, anto antony, Thomas Isaac, Anil
Published: 05 Jun 2024, 03:50 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented