
തുടർച്ചയായി മൂന്നുവട്ടം ഒപ്പംനിന്ന, കോൺഗ്രസിൻ്റെ കോട്ടയായ ലോക്‌സഭാ മണ്ഡലം- പത്തനംതിട്ട. ഇക്കുറിയും വിജയപ്രതീക്ഷയുമായാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇറങ്ങുന്നതെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാൾ കാര്യങ്ങൾ കുറച്ചധികം കടുപ്പമാകുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ സാഹചര്യം തന്നെയാണ് പ്രധാന ഘടകം. കഴിഞ്ഞ തവണ ഇടതിനും പിന്നിലായി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്ന ബി.ജെ.പി. ഇക്കുറി രണ്ടും കൽപ്പിച്ചുതന്നെയാണ് മുന്നോട്ടിറങ്ങിയിരിക്കുന്നത്. കേരളത്തിൽ തന്നെ ബി.ജെ.പിക്ക് പ്രതീക്ഷയുള്ള ലോക്‌സഭാ മണ്ഡലങ്ങളിൽ മുന്‍പന്തിയിലാണ് പത്തനംതിട്ടയുടെ സ്ഥാനം. എൽ.ഡി.എഫ് ആകട്ടെ എന്തുവിലകൊടുത്തും മണ്ഡലം പിടിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. എന്തായാലും ഒന്നുറപ്പ്, പോരാട്ടം ഇത്തവണയും കനക്കും.
2019-ന് ശേഷം, കൃത്യമായി പറഞ്ഞാല്‍ ശബരിമല വിഷയത്തോടെ മൂന്ന് മുന്നണികള്‍ക്കും വിജയസാധ്യത കല്‍പിക്കപ്പെടുന്ന മണ്ഡലമാണ് പത്തനംതിട്ട. 2008-ലാണ് മണ്ഡലം രൂപീകൃതമായത്. അതിന് ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ആൻ്റോ ആൻ്റണി ലോക്‌സഭയിലെത്തി.
തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ, കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിങ്ങനെ ഏഴ് നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുള്ളത്. ഈ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടതിനൊപ്പമാണ്. എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോൾ അടിസ്ഥാനപരമായി കോൺഗ്രസ് അനുഭാവമാണ് പത്തനംതിട്ടയിലെ വോട്ടർമാർ പ്രകടിപ്പിക്കാറുള്ളത്.
നിയമസഭാ മണ്ഡലങ്ങള്‍ - എം.എല്‍.എമാര്‍
- കാഞ്ഞിരപ്പള്ളി - എൻ ജയരാജ് - കേരള കോൺഗ്രസ് (എം)
- പൂഞ്ഞാർ - സെബാസ്റ്റ്യൻ കുളത്തുങ്കൽ - കേരള കോൺഗ്രസ് (എം)
- തിരുവല്ല - മാത്യു ടി തോമസ് - ജെ.ഡി.എസ്
- റാന്നി - പ്രമോദ് നാരായണൻ - കേരള കോൺഗ്രസ് (എം)
- ആറന്മുള - വീണാ ജോർജ് - സി.പി.എം
- കോന്നി- കെ. യു ജെനീഷ് കുമാർ - സി.പി.എം
- അടൂർ - ചിറ്റയം ഗോപകുമാർ - സി.പി.ഐ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയം നേടിയതും കാണാം. ഒരു ലക്ഷത്തിന് മുകളിൽ വരെ ഭൂരിപക്ഷം കോൺഗ്രസ് നേടിയിട്ടുമുണ്ട്. എന്നാൽ സമീപകാലങ്ങളിൽ മാറി വീശിത്തുടങ്ങിയ രാഷ്ട്രീയ സാഹചര്യം കോൺഗ്രസ് ഭയപ്പെടേണ്ടതുമുണ്ട്. ബിജെപിക്ക് കാലാകാലങ്ങളിൽ സ്വാധീനം ഇവിടെ ഏറിവരുന്നതായും കാണാം. പരിശോധിക്കാം, ഇക്കുറി പത്തനംതിട്ടയിൽ ആര് വാഴുമെന്നും ആരൊക്കെ വീഴുമെന്നും
ഉറപ്പായ ശക്തമായ ത്രികോണ മത്സരം, നോട്ടങ്ങൾ പത്തനംതിട്ടയിലേയ്ക്ക്
സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ജാതിവോട്ടുകൾക്ക് കൃത്യമായ സ്ഥാനമുള്ളത് നിർണായകമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
നിലവിൽ ശക്തരായ സ്ഥാനാർഥികളുടെ പേരുകൾ ഉയർന്നുകേൾക്കുന്നുണ്ട്. യു.ഡി.എഫ് സീറ്റിൽ ഇക്കുറിയും ആന്റോ ആന്റണി തന്നെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഉറപ്പായ സ്ഥിതിക്ക് ആൻ്റോയെ പത്തനംതിട്ടയിൽ തന്നെ പ്രതീക്ഷിക്കാം. സിപിഎം പുറത്തിറക്കിയ സാധ്യത പട്ടിക പ്രകാരം പത്തനംതിട്ടയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി തോമസ് ഐസക്ക് എത്തും. തിരഞ്ഞെടുപ്പിന് മുൻപ് ബി.ജെ.പിയിൽ ചേർന്ന പി.സി ജോർജ് സ്ഥാനാർഥിത്വം ഉറപ്പിച്ച മട്ടിലാണ്.
പത്തനംതിട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്നത് 2014-ലാണ്. 17 പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ അൻപതിനായിരത്തിലധം ഭൂരിപക്ഷത്തോടെയാണ് ആന്റോ ആൻ്റണി വിജയയിച്ചത്. 2014-ൽ നോട്ടയ്ക്ക് കുത്തിയവർ 16,538 ആണ്. 2019-ലാണ് ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരത്തിനിറങ്ങിയത്, ഒൻപത് പേർ. അൻപതിനായിരത്തിൽ താഴെയായിരുന്നു ആൻ്റോയുടെ ഭൂരിപക്ഷം. 3,352 പേരാണ് 2019-ൽ ഒരു സ്ഥാനാർഥികൾക്കും വോട്ട് കൊടുക്കാതെ നോട്ട തിരഞ്ഞെടുത്തത്.
കോൺഗ്രസ് ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴുമോ, വോട്ടർമാരെത്ര, പത്തനംതിട്ട കണക്കുകളിലൂടെ
തുടർച്ചയായ മൂന്ന് തവണ പത്തനംതിട്ടയിൽ നിന്ന് കോൺഗ്രസ് സീറ്റിൽ മത്സരിച്ച് ഉശിരുകാട്ടിയ ആന്റോ ആന്റണി ഇക്കുറിയും പ്രതീക്ഷയിലാണ്. സി.പി.എമ്മിന്റെ വീണ ജോർജിനെ 44,243 വോട്ടുകൾക്കാണ് 2019-ൽ ആന്റോ ആന്റണി പരാജയപ്പെടുത്തിയത്. 3,80,927 വോട്ടുകൾ ആന്റോ ആന്റണി സ്വന്തമാക്കി. 3,36,684 വോട്ടുകൾ വീണ ജോർജ് നേടിയപ്പോൾ 2,97,396 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ മുന്നാമതെത്തി.

2023-ലേക്ക് വരുമ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വർധനവുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കിയ വോട്ടർപട്ടിക പ്രകാരം ജില്ലയിൽ ആകെ 10,39,099 വോട്ടർമാരുണ്ട്. 4,91,955 പുരുഷന്മാരും 5,47,137 സ്ത്രീകളും ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സും ഉണ്ട്. 2021-ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2611 വോട്ടർമാരുടെ വർധനവാണുണ്ടായിരിക്കുന്നത്. 7669 പേർ കന്നിവോട്ടർമാരാണ്. അതിൽ 3885 പേർ പുരുഷന്മാരും 3784 പേർ സ്ത്രീകളുമാണ്. 20-നും 60-നും ഇടയ്ക്ക് പ്രായപരിധിയിൽ വരുന്ന ഏഴ് ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്. 40-നും 49-നും ഇടയ്ക്ക് പ്രായപരിധിയിലുള്ളവരാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 2,06,679 പേർ ഈ പ്രായപരിധിയിലുള്ളവരാണ്. 80 വയസ്സ് കഴിഞ്ഞ 41,333 വോട്ടർമാരും ജില്ലയിലുണ്ട്.
| ക്രമ നമ്പർ | സ്ഥാനാർഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | വോട്ട് വിഹിതം |
| 1 | ആൻ്റോ ആൻ്റണി | കോൺഗ്രസ് | 3,80,927 | 37.08% |
| 2 | വീണ ജോർജ് | സി.പി.എം | 3,36,684 | 32.77% |
| 3 | കെ. സുരേന്ദ്രൻ | ബി.ജെ.പി | 2,97,396 | 28.95% |
| 4 | ഷിബു പാറക്കടവൻ | ബി.എസ്.പി | 3,814 | 0.37% |
| ക്രമ നമ്പർ | സ്ഥാനാർഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | വോട്ട് വിഹിതം |
| 1 | ആൻ്റോ ആൻ്റണി | കോൺഗ്രസ് | 3,58,842 | 41.27% |
| 2 | അഡ്വ. പീലിപ്പോസ് തോമസ് | എൽ.ഡി.എഫ് സ്വതന്ത്രൻ | 3,02,651 | 34.80% |
| 3 | എം.ടി രമേശ് | ബി.ജെ.പി | 1,38,954 | 15.98% |
| 4 | നോട്ട | നോട്ട | 16,538 | 1.90% |
| ക്രമ നമ്പർ | സ്ഥാനാർഥി | പാർട്ടി | ലഭിച്ച വോട്ടുകൾ | വോട്ട് വിഹിതം |
| 1 | ആൻ്റോ ആൻ്റണി | കോൺഗ്രസ് | 4,08,232 | 51.21% |
| 2 | അഡ്വ. കെ. അനന്തഗോപൻ | സി.പി.എം | 2,97,026 | 37.26% |
| 3 | ബി. രാധാകൃഷ്ണ മേനോൻ | ബി.ജെ.പി | 56,294 | 7.06% |
| 4 | കെ. കെ നായർ | ബി.എസ്.പി | 22,424 | 2.81% |
ഓരോ തവണയും ബിജെപിയുടെ ശക്തി ഏറിവരുന്നതായി കണക്കുകളിൽ നിന്ന് വ്യക്തമാണ്. ഇടത് വോട്ടുകൾക്ക് കാര്യമായ വ്യതിചലനം ഉണ്ടാകുന്നില്ലെങ്കിലും കോൺഗ്രസ് വോട്ടുകൾ ചോരുന്നുണ്ട്. 2009-ൽ നാലുലക്ഷത്തിലധികം വോട്ടുകളാണ് ആൻ്റോ ആൻ്റണി നേടിയതെങ്കിൽ 2014-ലേയ്ക്ക് എത്തിയപ്പോൾ അത് മൂന്നര ലക്ഷമായി. 2019-ൽ എത്തുമ്പോൾ 20,000 ത്തിലധികം വോട്ടുകളുടെ വർധനവ് കോൺഗ്രസിന് ആശ്വാസമാണ്. എങ്കിലും 2009-ൽ ഉണ്ടായിരുന്ന 51.21% ശതമാനം വോട്ട് വിഹിതം 2019-ൽ 37.08% ശതമാനമായി കുറഞ്ഞു. 37.26% ശതമാനത്തിൽ നിന്ന് ഇടതുപക്ഷം 32.77% ലേക്ക് എത്തി. എന്നാൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2009-ൽ വെറും 7.06% ശതമാനം വോട്ടുകൾ സ്വന്തമാക്കിയ ബിജെപി 2014-ൽ അത് 15.98% മായി ഉയർത്തി. 2019-ൽ 28.95% വോട്ടുകളോടെയാണ് മൂന്നാം സ്ഥാനത്ത് ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ എത്തിയത്. ഈ കണക്കുകൾ കോൺഗ്രസിനുണ്ടാക്കുന്ന ആശങ്ക ചെറുതല്ല.

നേരത്തെ അടൂർ ലോക്‌സഭാ മണ്ഡലം നിലവിലുണ്ടായിരുന്നപ്പോൾ ഇടതുപക്ഷത്തിനായിരുന്നു നേരിയ മുൻകെെ. സംവരണ മണ്ഡലമായിരുന്ന അടൂരിൽ 11 തിരഞ്ഞെടുപ്പുകളിൽ ആറ് പ്രാവശ്യം ഇടതുപക്ഷവും അഞ്ച് തവണ വലതുപക്ഷവും വിജയം സ്വന്തമാക്കിയിരുന്നു.
1960-കളില്‍ സി.പി.ഐയുടെ ഉറച്ച മണ്ഡലമായിരുന്നു അടൂർ. തുടർച്ചയായി നാലുപ്രാവശ്യം ഇടതിനൊപ്പം നിന്ന മണ്ഡലം കെ.കെ കുഞ്ഞമ്പുവിലൂടെ കോണ്‍ഗ്രസിലേക്ക് ചാഞ്ഞു. കൊടിക്കുന്നില്‍ സുരേഷാണ് അവിടെ കോൺഗ്രസിൻ്റെ അടിത്തട്ട് ഉറപ്പിച്ചത്.
| വർഷം | സ്ഥാനാർഥി | പാർട്ടി |
| 1967 | പി.സി ആദിച്ചൻ | സി.പി.ഐ |
| 1971 | ഭാർഗവി തങ്കപ്പൻ | സി.പി.എം |
| 1977 | പി.കെ കൊടിയൻ | സി.പി.ഐ |
| 1980 | പി.കെ കൊടിയൻ | സി.പി.ഐ |
| 1984 | കെ.കെ കുഞ്ഞമ്പു | കോൺഗ്രസ് |
| 1989 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
| 1991 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
| 1996 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
| 1998 | ചെങ്ങറ സുരേന്ദ്രൻ | സി.പി.ഐ |
| 1999 | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
| 2004 | ചെങ്ങറ സുരേന്ദ്രൻ | സി.പി.ഐ |
അടൂരില്‍ ആറ് തവണ മത്സരിച്ച കൊടിക്കുന്നില്‍ സുരേഷ് നാല് തവണ ജയിച്ചപ്പോള്‍ 1998 ലും 2004 ലും തോറ്റു. രണ്ട് തവണയും ചെങ്ങറ സുരേന്ദ്രനോടായിരുന്നു തോൽവി. തുടർച്ചയായി മൂന്ന് തവണ വിജയിച്ച ചരിത്രവും കൊടിക്കുന്നിലിനുണ്ട്.
കോട്ട കാക്കാൻ കോൺഗ്രസ്, ആൻ്റോ ആൻ്റണി വാഴുമോ വീഴുമോ?
പത്തനംതിട്ട കോട്ടയാണെന്ന് പറയുമ്പോഴും ഓരോ തവണയും കോൺഗ്രസിൻ്റെ വോട്ടുബാങ്കിൽ കാര്യമായ വിള്ളൽ വീഴുന്നത് പ്രകടമാണ്. ഒരുലക്ഷത്തിന് മുകളിലുണ്ടായിരുന്ന ഭൂരിപക്ഷം അൻപതിനായിരത്തിൽ താഴെയായിട്ടുണ്ട്.

ആന്റോ ആന്റണിയുടെ പേര് സജീവമായി മുഴങ്ങികേൾക്കുന്നുണ്ടെങ്കിലും അവസാന നിമിഷം കോൺഗ്രസ് മാറിച്ചിന്തിച്ചാൽ അത്ഭുതപ്പെടാനില്ല. ഇത്തവണ ആൻ്റോ മത്സരിക്കുമെന്ന് ഉറപ്പാണെങ്കിലും അദ്ദേഹം മറ്റേതെങ്കിലും മണ്ഡലം ലഭിക്കുമോയെന്ന് ആരായുന്നുണ്ട്. എന്തായാലും കഴിഞ്ഞ തവണത്തെക്കാളും മത്സരം ഇത്തവണ കടുക്കുമെന്ന കൃത്യമായ ധാരണ കോൺഗ്രസിനുണ്ട്.

കേന്ദ്രത്തിൽ കോൺഗ്രസ് ക്ഷയിക്കുന്നതും 'ഇന്ത്യ' സഖ്യം പ്രതീക്ഷിച്ച പ്രഭാവം കാണിക്കാത്തതും കേരളത്തിലും തിരിച്ചടിയാകുമോയെന്ന ഭയം നേതൃത്വത്തിനുണ്ട്. അതിനാൽ തന്നെ വോട്ടുചോർച്ച തടയുന്നതിലാകും കോൺഗ്രസ് പ്രധാന ശ്രദ്ധ കൊടുക്കുക. വലിയൊരു ഭൂരിപക്ഷം പാർട്ടി സ്വപ്നം കാണുന്നുണ്ടോയെന്നതും സംശയമാണ്.ആന്റോ അല്ലെങ്കിൽ മറ്റാരെന്ന ചോദ്യം പാർട്ടിപ്രവർത്തകർക്കിടയിൽ തന്നെ സജീവമാണ്.
വരും മുൻമന്ത്രി തോമസ് ഐസക്, പിടിച്ചടക്കാൻ എൽ.ഡി.എഫ്
പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നും പത്തനംതിട്ട അത്ര മോശം സ്ഥലമല്ല എന്നൊക്കെയുള്ള പ്രസ്താവനകളിലൂടെ സ്ഥാനാർഥിയാകാനുള്ള സന്നദ്ധത തോമസ് ഐസക് നേരത്തെ തന്നെ അറിയിച്ചിരുന്നു. പത്തനംതിട്ട ഏറെക്കുറെ ഉറപ്പിച്ച മട്ടിലുള്ള പി സി ജോർജിനെ ചെറുതായൊന്ന് കൊട്ടാനും തോമസ് ഐസക് അന്ന് മറന്നില്ല. പത്തനംതിട്ടയിൽ ജയിക്കുമെന്ന പി സി ജോർജിൻ്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നായിരുന്നു തോമസ് ഐസക്കിൻ്റെ വാക്കുകൾ. എല്ലാ സീറ്റിലും ജയിക്കാൻ പറ്റുന്ന സ്ഥാനാർഥികൾ ഇടത് മുന്നണിക്ക് ഉണ്ടാകുമെന്നും പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണെന്നും പറഞ്ഞുകൊണ്ട് തന്റെ ആത്മവിശ്വാസം അദ്ദേഹം സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ പ്രകടിപ്പിച്ചിരുന്നു. സാധ്യത പട്ടികയിൽ അവസാന നിമിഷം മാറ്റമൊന്നും വന്നില്ലെങ്കിൽ പത്തനംതിട്ടയിൽ തോമസ് ഐസക് തന്നെ മത്സരിക്കും.

മുൻ ധനകാര്യവകുപ്പ് മന്ത്രി കൂടിയായ തോമസ് ഐസക്കിന് പകരം ആരെന്ന ചോദ്യത്തിന് ചില ഉത്തരങ്ങൾ നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ തവണ വീണ ജോർജിന് പകരം ഉയർന്നുകേട്ട റാന്നി എം.എൽ.എ രാജു ഏബ്രഹാമിൻ്റെ പേര് ഇത്തവണയും സജീവമായിരുന്നു.

രാജു ഏബ്രഹാമിനെ മറികടന്ന് ഒടുവിൽ തോമസ് ഐസക് തന്നെ എത്തിയതോടെ പത്തനംതിട്ടയുടെ ഇടത് മുഖം തെളിഞ്ഞിരിക്കുകയാണ്. കോൺഗ്രസിനും ബിജെപിക്കും ഇക്കുറി കടുത്ത മത്സരം തന്നെ മുൻ ധനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കാം.
ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ശബരിമലയും വിമാനത്താവളവും, കരുത്ത് കാട്ടാൻ പിസി
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് ശേഷം മാറിയ പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. കഴിഞ്ഞ തവണ മൂന്നാമതെത്തിയെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ടുകൾ സ്വന്തമാക്കാൻ പാർട്ടിക്ക് സാധിച്ചു. ഇക്കുറി ഈ വോട്ടുകൾ സംരക്ഷിക്കുകയെന്നതാണ് ബിജെപിയുടെ പ്രധാന വെല്ലുവിളി. ഈ കടമ്പ കടന്നാൽ മത്സരം പാതി ജയിച്ചെന്ന ചിന്തയിലാകും നേതൃത്വം. പക്ഷേ കഴിഞ്ഞ തവണ തുണച്ച ശബരിമല ഇത്തവണ ബിജെപിക്ക് ഗുണം ചെയ്യാനുള്ള സാധ്യത നന്നേ കുറവാണ്. രാജ്യത്തൊട്ടാകെ ബിജെപി ഉയർത്താൻ സാധ്യതയുള്ള അയോധ്യയും കേരളത്തിൽ ഗുണം ചെയ്യാൻ സാധ്യത കുറവാണ്. മോദി എഫക്ടും വികസനങ്ങളുമാകും കേരളത്തിൽ ബിജെപിയുടെ പ്രധാന പ്രചരണായുധം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇത്തവണ അങ്കത്തിനിറങ്ങില്ലെന്ന് ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്. ആറന്മുള വിമാനത്താവളത്തിനെതിരായ പ്രക്ഷോഭത്തിൽ സജീവമായിരുന്ന കുമ്മനം രാജശേഖരനും നറുക്ക് വീഴാം. മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ സ്വാധീനമുള്ള നേതാവ് കൂടിയാണ് കുമ്മനം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ളയും പരിഗണനയിലുണ്ട്. അൽഫോൺസ് കണ്ണന്താനം മത്സരത്തിനെത്തിയാലും അത്ഭുതപ്പെടാനില്ല. എന്നിരുന്നാലും തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിക്കൊപ്പം ചേർന്ന പി.സി ജോർജിൻ്റെ പേരുതന്നെയാണ് പ്രധാനമായും മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നത്. സ്ഥാനാർഥിയായി പി.സി. ജോര്‍ജിന്റെ മകന്‍ ഷോണിനെ പാർട്ടി പരിഗണിക്കുന്നുവെന്നും വിവരങ്ങളുണ്ട്.

ജനപക്ഷം സെക്കുലർ നേതാവായിരുന്ന പി.സി. ജോർജ് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ ബിജെപിയിലേക്ക് ലയിച്ചത് കൃത്യമായ ലക്ഷ്യങ്ങളോടെ തന്നെയാണ്. തനിക്ക് സ്വാധീനമുള്ള പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയല്ലാതെ മറ്റൊരു മണ്ഡലം പി.സി. ജോർജിന്റെ ചിന്തയിൽപ്പോലുമുണ്ടാകില്ല. ഇവിടെയുള്ള കുടുംബവോട്ടുകളിൽ പി.സി. ജോർജ് പ്രതീക്ഷ വെക്കുന്നുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം വന്നില്ലെങ്കിലും പിസി ജോർജ് മണ്ഡലത്തിൽ സജീവമാണ്.
കെ സുരേന്ദ്രൻ കഴിഞ്ഞ തവണ പിടിച്ച വോട്ടുകൾക്കൊപ്പം സഭയുടെ പിന്തുണകൂടിയുണ്ടെങ്കിൽ വിജയം സുനിശ്ചിതമാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. നായർ വോട്ടുകളും ഓർത്തഡോക്സ് സഭയിലെ ഒരു വിഭാഗത്തിൻ്റെ വോട്ടുകളും ബിജെപിക്ക് അനുകൂലമായി വരുന്നൊരു ട്രെന്റും പത്തനംതിട്ട മണ്ഡലത്തിൻ്റെ പ്രത്യേകതയാണ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ അടൂർ, കോന്നി, ആറന്മുള എന്നീ നിയമസഭ മണ്ഡലങ്ങളിൽ ബിജെപിക്ക് കൃത്യമായ മുന്നേറ്റം നേടാൻ സാധിച്ചിട്ടുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ആന്റോ ആന്റണിയും മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ലക്ഷത്തിൽ താഴെയായിരുന്നു എന്ന് ഓർക്കേണ്ടതാണ്. ബിജെപി സ്ഥാനാർഥി നേടുന്ന വോട്ട് ശതമാനവും ക്രമാതീതമായി വർധിക്കുന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
2019-ൽ തൊട്ടുമുൻപത്തെ തവണത്തെക്കാൾ ഇരട്ടിയോളം വോട്ടുകളാണ് ബിജെപി സ്വന്തമാക്കിയത്. ഇതിൽ ശബരിമല സ്ത്രീപ്രവേശനം ഉൾപ്പടെയുള്ള ഘടകങ്ങൾ നിർണായകമായി എന്നതിൽ തർക്കമില്ല.
പ്രാധാന്യമുള്ള ജാതി വോട്ടുകൾ, ആയുധമാകുന്ന വികസനം
ക്രെെസ്തവ വോട്ടുകളിൽ വിള്ളലുണ്ടാകാതിരിക്കാൻ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പാർട്ടികൾ ഇത്തവണ ഊന്നൽ കൊടുക്കും. കഴിഞ്ഞ തവണ കെ. സുരേന്ദ്രൻ നേടിയെടുത്ത വോട്ടുകൾ ഇക്കുറി നിർണായകമാവും. തുടർഭരണം ഉറപ്പാണ് എന്ന മട്ടിലുള്ള പ്രചരണമാവും ബിജെപി പത്തനംതിട്ടയിൽ നടത്തുക. പി.സി ജോർജിനെ ജയിപ്പിച്ചാൽ സഭയുടെ സാന്നിധ്യം ഭരണത്തിൽ കാണാം എന്നത് മുൻനിർത്തിയാകും പ്രചരണം. കഴിഞ്ഞ തവണ സുരേന്ദ്രൻ പിടിച്ച ഈഴവ വോട്ടുകൾ പിസി ജോർജ് വരുമ്പോൾ എങ്ങോട്ട് മറിയുമെന്നതാകും കാണേണ്ടത്.
ആൻ്റോ ആൻ്റണി പിടിച്ച കത്തോലിക്ക വോട്ടുകൾ പി.സി ജോർജ് വരുമ്പോൾ പിളരുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അടൂർ പോലെയുള്ള തങ്ങൾക്ക് അനുകൂലമായ വോട്ടുബാങ്കുകൾ ഇക്കുറിയും കാത്തുസൂക്ഷിക്കാനാകും ബിജെപിയുടെ ശ്രമം.
ബിജെപിക്ക് സ്വാധീനമുള്ള പഞ്ചായത്തുകൾ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം ഇത്തവണ പ്രാധാന്യം അർഹിക്കുന്നുണ്ട്. കോൺഗ്രസ് അനുകൂല വോട്ടുകൾ ബിജെപിയിലേയ്ക്ക് പോയാൽ അത് തങ്ങൾക്ക് അനുകൂലമാകുമെന്നാകും എൽ.ഡി.എഫ് പ്രതീക്ഷ. കടുത്ത ത്രികോണ മത്സരം വരികയാണെങ്കിൽ മുസ്ലീം വോട്ടുകൾക്കും പ്രാധാന്യം വരും.
ആയോധ്യ, രാജ്യത്തെ വികസനം, മോദി ഇഫക്ട് എന്നിങ്ങനെയുള്ള ഘടകങ്ങളാകും ബിജെപി ഉയർത്തിക്കാട്ടുക. ശബരിമല സ്ത്രീപ്രവേശനം ഗുണം ചെയ്യില്ലെന്ന ബോധ്യവും ബിജെപിക്കുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയിലെ വികസന പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് മെല്ലെപ്പോക്കാണെന്നാകും ബിജെപി പ്രചരണ ആയുധമാക്കുക.
കേന്ദ്രത്തിൽ കോൺഗ്രസ് പരാജയമാണെന്നും ‘ഇന്ത്യ' സഖ്യത്തെ ദുർബലമാക്കുന്നത് കോൺഗ്രസ് ആണെന്നും ഇടതും ബിജെപിയും ഒരുപോലെ ഉന്നയിക്കാൻ സാധ്യതയേറെയാണ്. 2019-ൽ പത്തനംതിട്ടയിൽ തുണച്ച രാഹുൽ ഇഫക്ട് ഇത്തവണ തുണയ്ക്കെത്തില്ലെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കമാകും പ്രധാനമായും കോൺഗ്രസ് ആയുധമാക്കുക. റബ്ബർ കാർഷിക മേഖലയിലെ പ്രതിസന്ധി സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് പ്രയോഗിക്കും. റബ്ബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് സംസ്ഥാന സർക്കാർ നിരന്തരമായി ആരോപിക്കുന്നുണ്ട്. ഈ സാഹചര്യം മുതലാക്കുകയാകും കോൺഗ്രസ് ലക്ഷ്യം.
ഇലക്ഷൻ ചൂടിലേയ്ക്ക് ഓരോ പാർട്ടികളും അണികളും എത്തിക്കഴിഞ്ഞു. സ്ഥാനാർഥികളാകുമെന്ന് പ്രതീക്ഷിക്കുന്നവർ എന്തുവിലകൊടുത്തും വിജയിക്കണം എന്ന ലക്ഷ്യത്തോടെ ജില്ലകളിൽ സജീവമായിത്തുടങ്ങി. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും ഒരുപോലെ വിജയം പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിൽ പ്രവചനങ്ങൾക്ക് സ്ഥാനം കുറവാണ്. കടുത്ത ത്രികോണ മത്സരം ഉറപ്പായ സ്ഥിതിക്ക് എതിരാളിയെക്കാൾ മേൽക്കെെ നേടാനുള്ള പ്രയത്നം ഓരോരുത്തരും ആരംഭിച്ചുംകഴിഞ്ഞു. ഇനി പത്തനംതിട്ട തിരഞ്ഞെടുപ്പിന്റെ ആവേശച്ചൂടിലേയ്ക്ക്...
Content Highlights: pathanamthitta lok sabha constituency history ldf udf bjp
Published: 25 Feb 2024, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented