ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയപ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ മുൻപന്തിയിലാണ് പത്തനംതിട്ട. തുടർച്ചയായി മൂന്നുതവണ ആൻ്റോ ആന്റണിക്ക്‌ മുന്നിൽ അടിതെറ്റിയെങ്കിലും വോട്ടുവിഹിതത്തിൽ കാര്യമായ കുറവില്ലാത്തത് ഊർജമാക്കിയാണ് ഇക്കുറി എൽഡിഎഫ് കളത്തിലിറങ്ങുന്നത്. ഇത്തവണ  സിപിഎം കേന്ദ്രകമ്മറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. തോമസ് ഐസക്കിനെയാണ് പാർട്ടി പത്തനംതിട്ട പിടിക്കാൻ രംഗത്തിറക്കിയിരിക്കുന്നത്.

To advertise here,

പത്തനംതിട്ടയുടെ മനസ്സറിയാനായി ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് തോമസ് ഐസക്. കൊടും ചൂടിലും ആവേശമൊട്ടും ചോരാതെ മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കുകയാണ് ഐസക്കും അണികളും. തിരഞ്ഞെടുപ്പ് ചൂടിനിടെ നിലപാടുകൾ മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് അദ്ദേഹം. 

തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയിട്ട് അഞ്ചാഴ്ചയാകുന്നു. എങ്ങനെയുണ്ട് ജനങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള പ്രതികരണം.

നല്ല പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. നട്ടുച്ചയ്ക്ക് രണ്ടുമണിക്കും ജനങ്ങൾ വന്ന് കാത്തുനിൽക്കുന്നു. ചൂടിനെ അവർ​ ​ഗൗനിക്കുന്നില്ല. അതിനെക്കാൾ ചൂടാണല്ലോ തിരഞ്ഞെടുപ്പിന്. പത്തനംതിട്ടയിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് വോട്ട് തേടുന്നത്. 'വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ' എന്ന പരിപാടി, ശബരിമലയെ ആസ്പദമാക്കിയിട്ടുള്ള വമ്പൻ ടൂറിസം പെെതൃക പദ്ധതി, പാവങ്ങൾക്കും ഭിന്നശേഷിക്കാർക്കും കിടപ്പുരോ​ഗികൾക്കും എല്ലാം പരിരക്ഷ, സ്ത്രീ ശാക്തീകരണം, പ്രകൃതി സന്തുലിതാവസ്ഥ, റബ്ബറിനെ സംരക്ഷിക്കാനുള്ള പാക്കേജ്. ഇങ്ങനെയൊരു പരിപാടി തയ്യാറാക്കിയിട്ടുണ്ട്. അത് ഇവിടുത്തെ എം.എൽ.എമാരും ഞാനും അടങ്ങുന്ന ടീം നടപ്പാക്കുമെന്നാണ് വാ​ഗ്ദാനം. ഞാൻ അതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. 

മുന്നിൽ നിൽക്കുന്ന ആളുകൾ അനുസരിച്ച് എന്റെ സംഭാഷണം മുഴുവനായിട്ട് മാറും. പുസ്തക പ്രകാശന വേളയിൽ സംസാരിക്കുന്നത് പോലെയല്ല മറ്റൊരിടത്ത് പോകുമ്പോൾ. പെട്ടെന്ന് മനസിലാക്കാൻ സാധിക്കുന്ന തരത്തിൽ ലളിതമായിട്ടായിരിക്കും സംസാരിക്കുക. 

ഇത്തവണത്തെ തിരഞ്ഞെടുപ്പിന് പ്രത്യേകതകളും പ്രാധാന്യവും ഏറെയാണല്ലോ.

ഈ തിരഞ്ഞെടുപ്പിൽ മോദി ജയിക്കുകയാണെങ്കിൽ ഇന്നത്തെ ഭരണഘടനയുണ്ടാകില്ല. ഇന്നത്തെ സംസ്ഥാനങ്ങൾ എത്രയെണ്ണം ബാക്കിയുണ്ടാകുമെന്ന് എനിക്കറിയില്ല. കശ്മീർ പോലെ ഏത് സംസ്ഥാനത്തെയും മുറിക്കാം. മതനിരപേക്ഷത എന്നുപറയുന്നത് തിരിച്ചുവരാനാകാത്തവിധം ഭാരതത്തിന് നഷ്ടമാകും. ഒരു മതരാഷ്ട്രമായി മാറും. അതുകൊണ്ട് മോദിയെ അധികാരത്തിൽ നിന്ന് മാറ്റിയേ പറ്റൂ, അതിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണിത്. 

തിരഞ്ഞെടുപ്പിലെ ജയപരാജയത്തിന് പുറമെ ഇന്ത്യ സഖ്യത്തിൻ്റെ പ്രാധാന്യവും ഇത്തവണ പരീക്ഷിക്കപ്പെടുമല്ലോ.

മോദി മാറിക്കഴിഞ്ഞാൽ ഒരു പാർട്ടിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടാകില്ല. പല പാർട്ടികളും ചേർന്നാൽ മാത്രമേ ഭൂരിപക്ഷമുണ്ടാകൂ. അതിനെയാണ് ഇന്ത്യ മുന്നണിയെന്ന് വിളിക്കുന്നത്. ഇന്ത്യ മുന്നണി എന്നുപറഞ്ഞാൽ ബിജെപി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന എല്ലാ മതനിരപേക്ഷ പാർട്ടികൾക്കും പങ്കാളിത്തമുണ്ട്. അങ്ങനെയൊരു മുന്നണിക്ക് തിരഞ്ഞെടുപ്പിന് ശേഷം നിശ്ചയമായും സർക്കാരുമുണ്ടാകും.

ഇന്ത്യ സഖ്യത്തിലെ പ്രധാന സാന്നിധ്യമായ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള കേരളത്തിലെ പോരാട്ടത്തെ ബിജെപി രൂക്ഷമായാണല്ലോ വിമർശിക്കുന്നത്.

കേരളത്തിൽ ഇന്ത്യ സഖ്യമൊന്നും ഇല്ല. ഇവിടെ ആദ്യമായിട്ടല്ലല്ലോ ഞങ്ങൾ പരസ്പരം മത്സരിക്കുന്നത്. കഴിഞ്ഞ അൻപത് വർഷക്കാലം ഇങ്ങനെയായിരുന്നില്ലേ. അന്നൊക്കെ ഒരു മാന്യതയുണ്ടായിരുന്നു. ജനകീയ ആസൂത്രണം നടപ്പാക്കിയപ്പോൾ രണ്ടുപേരും ഒരുമിച്ചായിരുന്നല്ലോ. ഇതുപോലെ നാടിൻ്റെ ആവശ്യത്തിന് ഒരുമിച്ച് നിൽക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഇപ്പോൾ അതില്ല. രണ്ടാം തവണ തോറ്റതോട് കൂടി ഭ്രാന്ത് പിടിച്ചിരിക്കുകയാണ്. മൂന്നാം തവണ കൂടി തോറ്റാൽ എന്ത് സംഭവിക്കുമെന്നാണ് അവരുടെ പേടി. ആ പേടികൊണ്ട് കോൺ​ഗ്രസ് രാഷ്ട്രീയ മാന്യതയൊക്കെ കളഞ്ഞുകുളിക്കുകയാണ്. 

കഴിഞ്ഞ തവണ ഭൂരിപക്ഷം ലഭിക്കുന്ന പാർട്ടിയെ വിളിക്കണം, കോൺ​ഗ്രസിനെ വിളിക്കണം എന്നൊക്കെയുള്ള ചർച്ചയും ചിന്തയുമൊക്കെ ആളുകൾക്കിടയിൽ ഉണ്ടായിരുന്നു. ഇത്തവണ അതൊന്നുമില്ല. 

പാനൂർ ബോംബ് സ്ഫോടനവും കാട്ടാന ആക്രമണവുമെല്ലാം ഇടതിനെതിരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺ​ഗ്രസും ബിജെപിയും ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് എന്താണ് പ്രതികരണം.

തിരഞ്ഞെടുപ്പ് സമയത്ത് ഇതെല്ലാം സ്വാഭാവികമാണല്ലോ. ഇങ്ങനെയുള്ള സംഭവങ്ങളുണ്ടാകുമ്പോൾ രാഷ്ട്രീയപരമായി അതിനെ ഉപയോ​ഗിക്കുന്നത് സ്വാഭാവികമാണ്. ആദ്യമായിട്ടല്ല ഇതെല്ലാം കേരളത്തിൽ നടക്കുന്നത്. രാഷ്ട്രീയ ഉദ്ദേശം വെച്ചുള്ള ബോംബ് നിർമാണമായിരുന്നില്ല അവിടെ നടന്നത്. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിരോധത്തിൻ്റെ ഭാ​ഗമായി നടന്നതാണെന്നാണ് സിപിഎം പറയുന്നത്. പോലീസ് അന്വേഷിക്കട്ടെ, കുറ്റക്കാരെ ശിക്ഷിക്കട്ടെ. പക്ഷേ, വന്യജീവി ആക്രമണത്തിലെ മൃതദേഹമൊക്കെ ചുമന്ന് വിലാപയാത്ര നടത്തുന്നത് ഒക്കെ റാഷണലായിട്ടുള്ള പ്രവർത്തനങ്ങളല്ല. ആളുകളുടെ അപ്പോഴത്തെ വെെകാരിക നിലയെ ചൂഷണം ചെയ്യുകയാണത്. ഈ കോൺ​ഗ്രസല്ലേ വന്യജീവി സംരക്ഷണ നിയമം ഉണ്ടാക്കിയത്. അതല്ലേ ആളുകൾക്ക് ഇങ്ങനെയുള്ളത് തടയുന്നതിനുള്ള അവകാശം ഇല്ലാതാക്കിയത്. എന്നിട്ട് ഈ കോപ്രായം കാണിക്കുന്നതിൽ എന്ത് അർഥമാണുള്ളത്. വന്യജീവി ശല്യം വളരെ ​ഗൗരവമായിട്ടുള്ള കാര്യമാണ്. അത് ഈ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിജയിക്കുന്നവർ നിശ്ചയമായിട്ടും ഇതിന് വേണ്ട നിയമഭേദ​ഗതിക്കും പ്രവർത്തനത്തിനും മുന്നിട്ടിറങ്ങണം.

പിസി ജോർജ് പത്തനംതിട്ടയിൽ മത്സരിച്ചെങ്കിൽ കുറച്ചുകൂടി ശക്തമായ മത്സരം കാണാനാകുമായിരുന്നോ.

അതെനിക്കറിയില്ല. ഞാൻ അതുപറയാൻ ആളല്ല. കഴി‍ഞ്ഞ തവണ കെ സുരേന്ദ്രൻ ശക്തനായ സ്ഥാനാർഥിയായിരുന്നു. അനിൽ ദുർബലനാണ്. കഴിഞ്ഞ തവണ ലഭിച്ച വോട്ടുകൾ കിട്ടുമെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. ഏറിയാൽ 16 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള വോട്ടുലഭിക്കും. അതിനെ ത്രികോണ മത്സരമെന്ന് പറയാനാവില്ലല്ലോ. പിസി ജോർജിന് കോട്ടയത്ത്, പ്രത്യേകിച്ച് പൂഞ്ഞാറിൽ അനുയായികളുണ്ട്. പക്ഷേ അതിന് പുറത്ത് എത്രമാത്രമുണ്ടെന്നത് ചോദിക്കേണ്ട ചോദ്യമാണ്. അങ്ങനെയൊരു സ്ഥാനാർഥിക്ക് ബിജെപിയുടെ പരമ്പരാ​ഗത വോട്ടുകൾ കിട്ടുമോയെന്നതും സംശയാസ്പദമായ കാര്യമാണ്. 

കാലാവസ്ഥ പ്രതികൂലമാകുന്നുണ്ടോ,

തീർച്ചയായും. പെട്ടെന്ന് ക്ഷീണിതരാവുകയാണ്. പിന്നെ ജനങ്ങളോട് സംസാരിക്കുമ്പോൾ ഇതെല്ലാം മറക്കും. അണികളൊക്കെ ആവേശത്തിലാണ്. 

ദേശീയ പാർട്ടി പദവി സംരക്ഷിക്കുക എന്ന ലക്ഷ്യവും ഇടതിന് ഈ തിരഞ്ഞെടുപ്പിലുണ്ടല്ലോ. 

11 സീറ്റുകളുണ്ടെങ്കിൽ ദേശീയ പാർട്ടി പദവി നിലനിർത്താനാകും. ഉറപ്പായും ഇടതിന് 11 ലേറെ സീറ്റുകൾ ലഭിക്കും. 

400 സീറ്റുകളെന്ന് അവകാശവാദം ലക്ഷ്യത്തിലെത്താൻ ബിജെപിക്ക് തെന്നിന്ത്യ പിടിക്കണമല്ലോ, എന്താണ് നിരീക്ഷണം.

എന്തായാലും ഡിഎംകെയിൽ നിന്ന് കിട്ടില്ലല്ലോ. തമിഴ്നാട്ടിൽ ചുമ്മാ വർത്തമാനം മാത്രമേ നടക്കുള്ളൂ. പിന്നെ എന്തെങ്കിലും സീറ്റ് കിട്ടാൻ സാധ്യതയുള്ളത് തെലങ്കാനയിലും കർണാടകയിലുമാണ്. കോൺ​ഗ്രസ് കർണാടകയിൽ നല്ല പോരാട്ടം കാഴ്ചവെക്കുന്നുണ്ട്. തെലങ്കാനയിലും കോൺ​ഗ്രസ് ഇപ്പോൾ ജയിച്ചതേയുള്ളൂ, അതിൻ്റെ ആരവത്തിലാണ്. അതുകൊണ്ട് തന്നെ തെന്നിന്ത്യയിൽ നിന്ന് വലിയ സീറ്റുകളൊന്നും ബിജെപിക്ക് കിട്ടാൻ പോകുന്നില്ല. കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കിട്ടില്ല, ആന്ധ്രയിൽ നിന്നും ഉണ്ടാവില്ല. തെലങ്കാനയിൽ നിന്നും കർണാടകയിൽ നിന്നും ഏറിയാൽ മൂന്ന് സീറ്റുകൾ ലഭിച്ചേക്കും. 

ഇഡിയുടെ സ്വാധീനം വളരെയധികം പ്രകടമാകുന്ന തിരഞ്ഞെടുപ്പാണല്ലോ ഇത്തവണത്തേത്, താങ്കൾക്ക് പിന്നാലെയുമുണ്ടല്ലോ അവർ.

കിഫ്ബിയെക്കുറിച്ച് ഇഡിയുടെ അന്വേഷണം തുടങ്ങിയിട്ട് രണ്ടുവർഷമായി. ഒരുതരി അഴിമതി അവർക്ക് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല. കള്ളപ്പണം വെളുപ്പിക്കൽ ഇതൊന്നും നടക്കുന്നില്ല. ഇന്ന് എല്ലാം ഓൺലെെനായിട്ടാണ് നടക്കുന്നത്, അതിനാൽ തന്നെ കൃത്രിമം ഒന്നും നടക്കില്ല. അവസാനം അവർ കേസെടുത്തിരിക്കുന്നത് ഫെമ നിയമം ചട്ടം ലംഘിച്ചു എന്നുപറഞ്ഞിട്ടാണ്. എന്ത് ചട്ടമാണ് ലംഘിച്ചതെന്ന് ഒരുവർഷമായി ചോദിക്കുന്നു, അവർ പറയുന്നില്ല. എന്ത് കുറ്റം ചെയ്തുവെന്ന് പറയാതെ എന്നെ എന്തിന് വിളിപ്പിക്കണം, എന്റെ സ്വകാര്യ വിവരങ്ങൾ ഇവർ എന്തിനാണ് അന്വേഷിക്കുന്നത്. പൗരൻ എന്ന നിലയിൽ എനിക്ക് അവകാശങ്ങൾ ഇല്ലേ. കോടതി ഇത് ശരിവെച്ചിട്ടുണ്ട്. തന്ന സമൻസ് ഒക്കെ പിൻവലിച്ചു. ഇപ്പോൾ വീണ്ടും സമൻസ് അയച്ചപ്പോൾ ഞാൻ കോടതിയിൽ പോയി. എന്നോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്, വ്യക്തത വരുത്താനുണ്ടെന്നാണ് അവർ ഇപ്പോൾ പറയുന്നത്. വ്യക്തത വരുത്തേണ്ട കാര്യത്തെക്കുറിച്ച് ഇപ്പോൾ മനസ്സിലാക്കുന്നത്, മസാല ബോണ്ടിൻ്റെ പണം റിയൽ എസ്റ്റേറ്റ് ബിസിനസിന് ഉപയോ​ഗിക്കാൻ പാടില്ല. റോഡിനും മറ്റുമായി ഭൂമി ഏറ്റെടുക്കേണ്ടി വന്നത് റിയൽ എസ്റ്റേറ്റ് ബിസിനസ് ആണെന്നാണ് ഇവർ പറയുന്നത്. ഇതെന്തൊരു വ്യാഖ്യാനമാണ്, സർക്കാർ ഭൂമി ഏറ്റെടുക്കുന്നതിനെ റിയൽ എസ്റ്റേറ്റ് ബിസിനസ് ആയികണ്ടിട്ട് അതിൽ വ്യക്തത വരുത്താൻ എന്നോട് ചോദിക്കുകയാണ്. 

കിഫ്ബിയുടെ സി.ഇ.ഒ പറഞ്ഞു, ''മന്ത്രിമാർക്കോ ​ഗവേണിങ് ബോഡി അം​ഗങ്ങൾക്കോ ഇതുമായി ഒരു ബന്ധവും ഇല്ല. അവർ പ്രോജകട് തീരുമാനിച്ച് കഴിഞ്ഞാൽ ഉദ്യോ​ഗസ്ഥൻമാരാണ് കാര്യങ്ങൾ ചെയ്യുന്നത്. മന്ത്രിമാർക്ക് ഒന്നും അതിൽ ഒരു ഏർപ്പാടുമില്ല. മന്ത്രിക്കൊക്കെ ബന്ധമുണ്ടെന്ന് പറയുന്നത് ഞങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. കിഫ്ബിക്കെതിരെ മാനഹാനി വരുത്തുന്ന ഏർപ്പാടാണിത്'''. പിന്നെന്തിനാണ് ഞാൻ പോകുന്നത്. അവർ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയല്ലേ. അപ്പോൾ കാര്യങ്ങൾ അവരോട് ചോദിച്ചാൽ പോരേ. ഇതാണ് തർക്കം. ഇത് കോടതി മെയ് 22-ന് പരി​ഗണിക്കും. അതിനിടയ്ക്ക് എന്നെ ശല്യപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ ഇഡിക്ക് എന്നെ ശല്യപ്പെടുത്തിയേ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ എറണാകുളത്ത് പോയി അവർക്ക് മൊഴികൊടുക്കണം. ഇതെന്തൊരു ഏർപ്പാടാണ്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ എന്നെ ചോദ്യം ചെയ്യാൻ അവർ ഡിവിഷൻ ബെഞ്ചിന് അപ്പീലും കൊടുത്തു. ഇന്ത്യ രാജ്യത്ത് ഇഡിയെ കണ്ടാൽ എല്ലാവരും ഓടുകയാണ്, ആ ഇഡിയെ ഞാൻ ഓടിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഹെെക്കോടതിയിൽ പോയി, ഇനി സുപ്രീം കോടതിയിൽ പോകുമായിരിക്കും. കിഫ്ബിയുടെ ഇടപാടിൽ ഒരുതെറ്റുമില്ല, അതുകൊണ്ട് പേടിയുമില്ല.

തിരഞ്ഞെടുപ്പിൽ എനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ് ലക്ഷ്യം. ഇഡി വന്നില്ലേ, കെജ്രിവാളിനെപ്പോലെ അറസ്റ്റ് ചെയ്യുമെന്നൊക്കെ ചില ബിജെപിക്കാർ പ്രസം​ഗിക്കുന്നുണ്ട്. അതിന് വേണ്ടിയുള്ള ഏർപ്പാടാണിത്. അല്ലാതെ ഒരു കാര്യവുമില്ല. 

മറ്റ് സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നോ.

അനിൽ ആൻ്റണിയെ കണ്ടില്ല. കക്ഷി അങ്ങനെയൊന്നും വരില്ല. പ്രസ് ക്ലബ്ബ് മൂന്ന് സ്ഥാനാർഥികളേയും വെച്ച് സംവാദം വെച്ചിരുന്നു. പത്തനംതിട്ടയിൽ ഉണ്ടായിരുന്നിട്ടും അനിൽ വന്നില്ല. ആൻ്റോ വന്നു. അദ്ദേഹവുമായി നല്ല സംവാദം നടന്നു.

placeholder
Thomas Isaac and Anto Antony | Photo: Mathrubhumi
തോമസ് ഐസക്, ആന്റോ ആന്റണി | File Photo - Mathrubhumi archives

സംസ്ഥാനം കടക്കെണിയിലാതിന് പിന്നിൽ തോമസ് ഐസക് എന്ന മുൻ ധനകാര്യ മന്ത്രിയാണെന്നാണ് ബിജെപി ആവർത്തിക്കുന്നത്. സാധാരണക്കാർക്ക് കാര്യങ്ങൾ മനസിലാക്കികൊടുക്കേണ്ടതുണ്ടല്ലോ. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രചരണങ്ങളെ എങ്ങനെയാണ് പ്രതിരോധിക്കുന്നത്.

വളരെ എളുപ്പമാണ്. പത്തനംതിട്ട മണ്ഡലത്തിൽ ഏഴായിരം കോടി രൂപയുടെ പാലവും കെട്ടിടവും ഒക്കെയാണ് പണിയുന്നത്. ഈ പാലം വേണ്ടിയിരുന്നോ, റോഡ് വേണ്ടിയിരുന്നോ, ധൃതി കൂടിപ്പോയോ, 25 വർഷം കഴിഞ്ഞ് മതിയായിരുന്നോ എന്ന് ‍ഞാൻ നിന്നങ്ങ് ചോദിക്കും. മതിയെങ്കിൽ ഞാൻ ചെയ്തത് തെറ്റ്. ഇപ്പോൾ തന്നെ വേണമെങ്കിൽ എങ്ങനെയിത് ചെയ്യാമെന്ന് യുഡിഎഫ് പറയട്ടെ. ഏഴായിരം കോടി എവിടെനിന്ന് കണ്ടെത്തുമെന്ന് അവർ പറയട്ടെ. അപ്പോൾ ഇതൊന്നും വേണ്ടെന്നാണ് അവർ പറയുന്നത്. പിന്നെ വാദത്തിന് വേണ്ടി പറയാം, കിഫ്ബി വായ്പയെടുക്കുന്നുണ്ട് ഇതൊക്കെ ചെയ്യാൻ. അതെങ്ങനെയാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നത്. സംസ്ഥാനത്തിന് കിഫ്ബി വഴിയുണ്ടാകുന്ന ബാധ്യത എന്നുപറയുന്നത് മോട്ടോർ വാഹന നികുതിയുടെ പകുതി നൽകണം. അത് മാത്രമേയുള്ളൂ. ആറ് വർഷം കൊടുത്തു. ഒരു പ്രതിസന്ധിയും ഉണ്ടായില്ലല്ലോ. വലിയ ഭീമൻ തുകയൊന്നുമല്ല. മോട്ടോർ വാഹന നികുതിയുടെ പകുതി. കഴിഞ്ഞ ആറുവർഷം ഇല്ലാതിരുന്ന പ്രതിസന്ധിയെങ്ങനെയാണ് ഏഴാം വർഷം വന്നത്. കേന്ദ്രസർക്കാർ പാലം വലിക്കുകയാണ്, മനഃപൂർവം. കിഫ്ബി എടുത്ത വായ്പ നമ്മളെടുത്ത വായ്പയിൽ നിന്ന് വെട്ടിക്കുറച്ചതിന് ശേഷം അതിൽ കുറഞ്ഞ വായ്പ എടുക്കാനേ അനുവദിക്കൂവെന്ന് അവർ പറയുന്നു. കേന്ദ്രമാണ് നിലപാട് എടുത്തിരിക്കുന്നത്, കിഫ്ബിയല്ല. കേന്ദ്രം ഇങ്ങനെ വായ്പ എടുക്കുന്നത് കേന്ദ്രത്തിൻ്റെ കടത്തിൽ പെടുത്തുമോ, ഇല്ല. 

ഞങ്ങൾ സംസ്ഥാനത്തിനുള്ള ചട്ടം മാറ്റിയെന്നാണ് കേന്ദ്രം പറയുന്നതെങ്കിൽ എങ്ങനെ അതിന് മുൻകാല പ്രാബല്യം കൊടുക്കും. ഇനി കിഫ്ബി വായ്പ എടുത്താൽ കുറയ്ക്കുമെന്ന് കേന്ദ്രം പറയുകയാണെങ്കിൽ മനസിലാക്കാം. നാടിൻ്റെ വികസന പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കുന്നതിന് വേണ്ടിയുള്ള കേന്ദ്രത്തിൻ്റെ ഇടപെടലാണിത്. ഏതായാലും സുപ്രീം കോടതിയിൽ കേസ് നടക്കുകയല്ലേ, അത് കഴിയുമ്പോൾ അറിയാം.