2004ലെ ലോക്​സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിന്റെ കോട്ടയായ മഞ്ചേരി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ച നേതാവാണ്‌ ടി.കെ.ഹംസ. ഏവരെയും അമ്പരപ്പിച്ച വിജയമായിരുന്നു മുന്‍മന്ത്രി കൂടിയായ ടി.കെ.ഹംസയുടേത്. അന്ന് കേരളം മുഴുവന്‍ ആഞ്ഞടിച്ച ഇടതുതരംഗത്തില്‍ സി.പി.എം. സ്ഥാനാര്‍ഥിയായ ഹംസയിലൂടെ മഞ്ചേരിആദ്യമായി ചുവന്നു. വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ മഞ്ചേരി തിരഞ്ഞെടുപ്പുകാലവും എം.പിയായി പ്രവര്‍ത്തിച്ച അഞ്ചു വര്‍ഷങ്ങളും ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. ഒപ്പം നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളും ഇന്നത്തെ മലപ്പുറം അടക്കമുള്ള മണ്ഡലങ്ങളിലെ സാധ്യതകളും അദ്ദേഹം വിലയിരുത്തുന്നു.

To advertise here,

2004-ല്‍ മഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വം....

മുസ്ലീംലീഗ് മാത്രം ജയിച്ചുകയറിയ മഞ്ചേരി മണ്ഡലത്തില്‍ 2004-ല്‍ ടി.കെ.ഹംസയെ കളത്തിലിറക്കിയാണ് സി.പി.എം. കരുത്ത് കാട്ടിയത്. അന്നത്തെ ചില രാഷ്ട്രീയസാഹചര്യങ്ങളും ഇതിലേയ്ക്ക് വഴിതുറന്നെന്നായിരുന്നു ടി.കെ. ഹംസയുടെ പ്രതികരണം.

placeholder
''ഓരോ സന്ദര്‍ഭത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, പ്രാദേശിക സ്ഥിതിഗതികള്‍ ഇതെല്ലാമാണ് തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത്. 2004-ലെ തിരഞ്ഞെടുപ്പില്‍ ഈ രണ്ടു കാര്യങ്ങളും പ്രസക്തമായിരുന്നു. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിന് അനുകൂലമായിരുന്നു. എന്നെപ്പോലെ ഒരാള്‍ അതിന് മുന്‍പ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ഏറനാട്ടില്‍ മത്സരിച്ചിട്ടില്ല എന്നതായിരുന്നു മറ്റൊരു കാര്യം. ഏറനാട്ടില്‍ ജനിച്ചുവളര്‍ന്നവന്‍, രാഷ്ട്രീയം പോലെ കല, കായിക, സാഹിത്യരംഗങ്ങളിലും ബന്ധമുള്ളയാള്‍ എന്നതെല്ലാം അനുകൂലമായി. മേഖലയിലെ അറിയപ്പെടുന്ന ഫുട്‌ബോള്‍ കളിക്കാരെല്ലാം എന്റെ കൂട്ടുകാരും സഹകളിക്കാരുമായിരുന്നു. മാപ്പിളപ്പാട്ട് അടക്കമുള്ള സാഹിത്യമേഖലകളിലും ബന്ധങ്ങളുണ്ടായിരുന്നു.

എന്നെപ്പോലെ കുടുംബബന്ധമുള്ള സ്ഥാനാര്‍ഥി മുന്‍പുണ്ടായിരുന്നില്ല എന്നതായിരുന്നു മൂന്നാമത്തെ കാര്യം. എന്റെ കുടുംബവും ബന്ധുക്കളും വോട്ട് ചെയ്താല്‍തന്നെ നല്ലൊരു ശതമാനം വോട്ട് കിട്ടും. വണ്ടൂര്‍, കാളികാവ്, നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെല്ലാം കുടുംബബന്ധങ്ങളുണ്ട്. ഇതിനുപുറമേയാണ് രാഷ്ട്രീയബന്ധങ്ങളും. രാഷ്ട്രീയരംഗത്ത് ഒരു ദുഷ്‌പേരും വാങ്ങാത്ത എളിയ പ്രവര്‍ത്തകന്‍. കക്ഷിരഹിതമായി ജനങ്ങളോട് പെരുമാറുന്നയാള്‍. എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളും. ഇതെല്ലാം അനുകൂലമായഘടകങ്ങളായി.

നാലുപ്രാവശ്യം അസംബ്ലിയിലേക്ക് മത്സരിച്ചു. നാലുപ്രാവശ്യവും വിജയിച്ചു. നിലമ്പൂരില്‍ ഒരുതവണയും ബേപ്പൂരില്‍ മൂന്നുതവണയും ജയിച്ചു. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് പിന്നീട് നിയമസഭ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി. 2001 മുതലാണ് തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിന്നത്. പിന്നീട് രണ്ടുകൊല്ലം നാട്ടില്‍ സജീവമായി. ഈ സമയത്താണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരുന്നത്. അന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു അഭിപ്രായമുണ്ടായി.

placeholder
ടി.കെ.ഹംസ | ഫയല്‍ചിത്രം | ഫോട്ടോ: അജിത് ശങ്കരന്‍/ മാതൃഭൂമി

ജയിക്കും എന്നുറപ്പില്ലെങ്കിലും പരമാവധി മത്സരം കാഴ്ചവെക്കാനും വിജയസാധ്യത പരീക്ഷിക്കാനും പറ്റിയ ആളാണ് ടി.കെ.ഹംസ എന്ന അഭിപ്രായമാണ് ജില്ലാ കമ്മിറ്റിയിലുണ്ടായത്. ആ വെല്ലുവിളി ഏറ്റെടുക്കാമെന്ന് എനിക്കും തോന്നി. അങ്ങനെ മഞ്ചേരിയില്‍ മത്സരത്തിന് കളമൊരുങ്ങി. ഇതിനെല്ലാം പുറമേ അന്നത്തെ എതിര്‍സ്ഥാനാര്‍ഥിയും പലകാരണങ്ങളാല്‍ എനിക്ക് ഗുണകരമായിരുന്നു. പലകാരണത്താല്‍ മുസ്ലീംലീഗുകാരുടെ ഇടയില്‍തന്നെ അവരുടെ സ്ഥാനാര്‍ഥിക്കെതിരേ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ലീഗുകാരുടെ ഇടയില്‍തന്നെ ആ സ്ഥാനാര്‍ഥി വേണ്ട എന്ന്  അഭിപ്രായമുള്ളവരുണ്ടായിരുന്നു. ഈ സാഹചര്യങ്ങളെല്ലാം തിരഞ്ഞെടുപ്പില്‍ പരമാവധി ഉപയോഗപ്പെടുത്തി.''- ടി.കെ.ഹംസ പറഞ്ഞു.

പട്ടിക പ്രഖ്യാപിക്കും മുന്‍പേ പ്രചരണം, വോട്ടെണ്ണിയപ്പോള്‍ ചരിത്രവിജയം...

2004-ല്‍ സി.പി.എം. ലോക്​സഭാ സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും മുന്‍പേ തന്നെ ടി.കെ.ഹംസ മഞ്ചേരിയില്‍ തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ധാരണയായതോടെ അദ്ദേഹം തന്നെ പാര്‍ട്ടി നേതൃത്വത്തോട് അനുവാദം തേടിയാണ് ഒരുമുഴം മുന്‍പേ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഈ സമയത്ത് പഴയ സഹപാഠികളെയും ഒപ്പം ഫുട്ബോള്‍ കളിച്ചവരെയും ബന്ധുക്കളെയുമെല്ലാം നേരില്‍പോയി കണ്ടു. ഏകദേശം രണ്ടാഴ്ചയോളം കക്ഷിരഹിതമായി എല്ലാവരെയും നേരിട്ടെത്തി കണ്ട് സംസാരിച്ചു. അതില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തിയിരുന്നില്ലെന്നും ടി.കെ. ഹംസ പറയുന്നു.

''എല്ലാവരോടും കക്ഷിരഹിതമായി പെരുമാറുന്നയാളാണ് ഞാന്‍. അതെല്ലാം പരമാവധി ഉപയോഗപ്പെടുത്തി. നിങ്ങള്‍ എന്നെ സഹായിക്കണം, ഞാന്‍ പാറയില്‍ കിണര്‍ കുത്തുകയാണ്, ചിലപ്പോള്‍ വെള്ളം കാണും എന്നാണ് എല്ലാവരോടും പറഞ്ഞത്. ഞാന്‍ നിങ്ങളുടെ നാട്ടുകാരനാണ്. എന്തുനേട്ടമുണ്ടായാലും നിങ്ങള്‍ക്കാണെന്നും അവരെ ബോധ്യപ്പെടുത്തി. നല്ലരീതിയില്‍ സംഘടനാതലത്തിലും അല്ലാതെയും പ്രചരണം മുന്നോട്ടുപോയി. പ്രവര്‍ത്തനം പകുതിസമയമായപ്പോള്‍ ജയിക്കുമെന്ന് എനിക്കുറപ്പായി. ആ കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയുംചെയ്തു. അന്നത്തെ സെക്രട്ടറി പിണറായി വിജയനെ തന്നെ നേരിട്ടുവിളിച്ച് ഇക്കാര്യം പറഞ്ഞു. അദ്ദേഹം രണ്ടുതവണ മണ്ഡലത്തില്‍ വന്നു.

വോട്ടെണ്ണല്‍ ദിവസം ആദ്യമിനിറ്റുകളില്‍ വീട്ടില്‍ തന്നെയായിരുന്നു. ആദ്യറൗണ്ടില്‍ മാത്രം യുഡിഎഫ് മുന്നിട്ടുനിന്നു. രണ്ടാമത്തെ റൗണ്ടില്‍ ഞാന്‍ മുന്നിലേക്ക് വന്നു. പിന്നീട് പിന്നോട്ടുപോയില്ല. ലീഗിന് ശക്തിയുള്ള നിയമസഭ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പം നില്‍ക്കാനായി. മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിലൊക്കെ സമത്തിലായി. ജന്മാനാടായ വണ്ടൂരിലും നിലമ്പൂരിലും മുന്നേറ്റമുണ്ടായി. ബേപ്പൂരും കുന്ദമംഗലത്തും വന്‍ ലീഡ് നേടി. അങ്ങനെ 47743 വോട്ടിന്റെ ലീഡില്‍ വിജയിച്ചുകയറി.''

മഞ്ചേരിയിലേത് മൂന്നാമത്തെ പരീക്ഷണം....

തന്റെ രാഷ്ട്രീയജീവിതത്തില്‍ മൂന്നാമത്തെ പരീക്ഷണമാണ് മഞ്ചേരിയില്‍ നടന്നതെന്നാണ് ടി.കെ. ഹംസ പറയുന്നത്. അതിനുമുന്‍പ് നേരിട്ട രണ്ട് പരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം തന്നെ പറയുന്നു-

''എനിക്ക് ഇത് മൂന്നാമത്തെ പരീക്ഷണമായിരുന്നു. ഒന്നാമത്തെ പരീക്ഷണം 1982-ല്‍ നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിനെതിരേ മത്സരിച്ച് ജയിച്ചതാണ്. അതുവരെ 19,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ആര്യാടന്‍ മുഹമ്മദിനെ 2500-ഓളം വോട്ടുകള്‍ക്ക് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെടുത്തി.

പിന്നീട് പാര്‍ട്ടി ബേപ്പൂരിലെ ഉറച്ചസീറ്റ് നല്‍കി. ജയിച്ചുവന്നപ്പോള്‍ മന്ത്രിയുമാക്കി. മന്ത്രി എന്നനിലയില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ അടക്കം പലതും ചെയ്തു. നിരവധി പാലങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവയെല്ലാം നിര്‍മിച്ചു. ഇതൊന്നും ഇഷ്ടപ്പെടാത്തവര്‍ പലരമുണ്ടായിരുന്നു. അങ്ങനെയാണ് ടി.കെ. ഹംസയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് അവര്‍ കരുതിയത്. അങ്ങനെ 1991-ല്‍ രണ്ടാമത്തെ പരീക്ഷണവും നേരിട്ടു.

placeholder
ടി.കെ.ഹംസ | ഫയല്‍ചിത്രം | ഫോട്ടോ: അജിത് ശങ്കരന്‍/ മാതൃഭൂമി

1991-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് കോ-ലീ-ബി സഖ്യം ബേപ്പൂരിലുണ്ടായത്. എന്നെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് കരുതി മുസ്ലീം ലീഗ് സീറ്റ് ബി.ജെ.പിക്ക് കൊടുത്തു. ലീഗും കോണ്‍ഗ്രസും ബിജെപിയും അന്ന് ഒരുമിച്ചു. മെഡിക്കല്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. മാധവന്‍കുട്ടിയെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കി. ലീഗ് ബി.ജെ.പി. വിരോധിയല്ലെന്നതിന്റെ ആദ്യത്തെ തെളിവാണ് 91-ലെ ബേപ്പൂര്‍ തിരഞ്ഞെടുപ്പ്. മാധവന്‍കുട്ടിയെ സ്റ്റേജിലിരുത്തി ലീഗ് നേതാവ് ശിഹാബ് തങ്ങള്‍ വോട്ടഭ്യര്‍ഥിക്കുന്നത് അദ്ഭുതകരമായിരുന്നു. രാഷ്ട്രീയത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ കൊരമ്പയില്‍ അഹമ്മദ് ഹാജി, എം.പി.ഗംഗാധരന്‍, കരുണാകരന്‍ എന്നിവരെല്ലാം വന്ന് ആ സ്ഥാനാര്‍ഥിക്കായി വോട്ട് ചോദിച്ചു.

ഞാന്‍ പാര്‍ട്ടി വിട്ടതിന്റെ ദേഷ്യമായിരുന്നു കോണ്‍ഗ്രസിന് എന്നോടുണ്ടായിരുന്നത്. ലീഗിനാകട്ടെ ഞാന്‍ മുസ്ലീംലീഗില്‍ ചേരാത്തതിന്റെ ദേഷ്യവും. പക്ഷേ, പടച്ചോന്റെ സഹായം എനിക്കൊപ്പമായിരുന്നു. മൂന്നുകൂട്ടരും ഒരുമിച്ചുനിന്നിട്ടും വോട്ടെണ്ണിയപ്പോള്‍ 16,000-ത്തോളം വോട്ടിന് ഞാന്‍ ജയിച്ചു. അതിന്റെ തുടര്‍ച്ചയായി ഞാന്‍ നേരിട്ട മൂന്നാമത്തെ പരീക്ഷണമായിരുന്നു മഞ്ചേരിയിലെ ലോക്സഭ തിരഞ്ഞെടുപ്പ്.''

പാര്‍ലമെന്റ് കാലം, ഡല്‍ഹി ജീവിതം...

''എം.പി.യായ പ്രവര്‍ത്തിച്ച അഞ്ചുവര്‍ഷങ്ങള്‍ മണ്ഡലത്തിനായി ഒരുപാട് വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനായി. കോളേജ് കെട്ടിടങ്ങളും സ്‌കൂള്‍ കെട്ടിടങ്ങളുമെല്ലാം എം.പി. ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചു. 2004-ല്‍ ജയിച്ച് ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കേരളത്തില്‍നിന്നും ബംഗാളില്‍നിന്നുമായി 40 എം.പിമാരോളം സി.പി.എമ്മിനുണ്ടായിരുന്നു. പക്ഷേ, ആ അഞ്ചുകൊല്ലവും കോണ്‍ഗ്രസിന് വേണ്ടി കൈപൊക്കലായിരുന്നു പണി. യു.പി.എ. സര്‍ക്കാരിന് അനുകൂലമായി പ്രസംഗിക്കേണ്ടിവന്നു. ഒരുവിമര്‍ശനവും നടത്താനായില്ല. ഇതിനിടെ, ഹോംകമ്മിറ്റി, അലിഗഢ് സര്‍വകലാശാല കോര്‍ട്ട് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനായി. ഹോംകമ്മിറ്റി അംഗമായതിനാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ സഞ്ചരിക്കാനായി.

ഡല്‍ഹി ജീവിതം എനിക്കിഷ്ടമായിരുന്നു. ഞങ്ങള്‍ എം.പി.മാരുടെ ഒരു സെറ്റായിരുന്നു. എം.പി.വീരേന്ദ്രകുമാര്‍, പി.വി.അബ്ദുള്‍വഹാബ് തുടങ്ങിയവരെല്ലാം അടങ്ങിയതായിരുന്നു സുഹൃദ്സംഘം. സാഹിത്യചര്‍ച്ചകളും തമാശകളുമെല്ലാം പതിവായിരുന്നു. ഡല്‍ഹിയിലായിരുന്ന സമയത്താണ് സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസ് അവിടെനടന്നത്. അന്ന് ഡല്‍ഹിയിലും പഞ്ചാബിലുമായി പാര്‍ട്ടി കോണ്‍ഗ്രസിന് പ്രവര്‍ത്തിച്ചതും നല്ല ഓര്‍മകളാണ്''

മഞ്ചേരി മണ്ഡലം മലപ്പുറമായി, 2009-ല്‍ തോല്‍വി...

2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ മഞ്ചേരി ലോക്സഭ മണ്ഡലം ഇല്ലാതായി. പകരം മലപ്പുറം ലോക്സഭ മണ്ഡലം നിലവില്‍വന്നു. 2009-ല്‍ മലപ്പുറത്ത് ടി.കെ.ഹംസ തന്നെയായിരുന്നു എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥി. പക്ഷേ, ആ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ ഇ.അഹമ്മദിനോട് ഹംസ പരാജയപ്പെട്ടു. അതേസമയം, തന്നെ തോല്‍പ്പിക്കാനായി മുസ്ലീംലീഗും കോണ്‍ഗ്രസും കണ്ടെത്തിയ വഴിയാണ് മണ്ഡല പുനര്‍നിര്‍ണയമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''മണ്ഡല പുനര്‍നിര്‍ണയം നടത്തിയാണ് ഒടുവില്‍ അവര്‍ എന്നെ തോല്‍പ്പിച്ചത്. കേരളത്തിലും കേന്ദ്രത്തിലും കോണ്‍ഗ്രസിനും ലീഗിനുമുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് മണ്ഡലം പുനസംഘടിപ്പിച്ചു. മഞ്ചേരിയില്‍നിന്ന് എനിക്ക് വോട്ടുകിട്ടിയിരുന്ന എല്ലാ മണ്ഡലങ്ങളും മാറ്റി. ലീഗിന്റെ കോട്ടകള്‍ കൂട്ടി. അങ്ങനെ പൊന്നാനിയില്‍നിന്ന് അഹമ്മദ് ഇങ്ങോട്ടെത്തി. അഹമ്മദ് വരുന്നുണ്ടെന്ന് കരുതി പേടിച്ച് ഓടേണ്ടതില്ലല്ലോ എന്നുകരുതി ഞാന്‍ വീണ്ടും മത്സരിച്ചു.''

കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ എത്തിയ വഴി...

''രാഷ്ട്രീയത്തില്‍ എനിക്ക് സംഘടനാപരമായി മാറ്റങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഏത് പാര്‍ട്ടിയില്‍ പോയാലും എന്റെ ആദര്‍ശവും ആശയവും എല്ലാക്കാലവും ഞാന്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.

മതേതര സംവിധാനം ഈ രാജ്യത്ത് അനിവാര്യമാണെന്ന് കുട്ടിക്കാലത്ത് തന്നെ ചിന്തിച്ച വ്യക്തിയാണ് ഞാന്‍. അന്നത്തെ കോണ്‍ഗ്രസ് അങ്ങനെയായിരുന്നു. ജന്മി-മുതലാളിത്ത വ്യവസ്ഥ ശരിയല്ലെന്ന് വിശ്വസിച്ചിരുന്ന മുതലാളിത്ത കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. വീടിന് മുന്നില്‍ മുതലാളിത്തത്തിനെതിരേ സംഘടിപ്പിച്ച യോഗത്തില്‍ ഞാന്‍ പ്രസംഗിച്ചു. അന്നുമുതലേ മതേതര, സോഷ്യലിസ്റ്റ് ആശയമായിരുന്നു. എന്നാല്‍, കുടുംബപരമായ ആശയങ്ങളുടെ ഭാഗമായി കോണ്‍ഗ്രസായി.

25 കൊല്ലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. അന്നത്തെ കെ.എസ്.യു, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഐ.എന്‍.ടി.യു.സി, താലൂക്ക് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 18 കൊല്ലം കെ.പി.സി.സി. അംഗമായി. അന്ന് ആന്റണി വരെ കെ.പി.സി.സി.ക്ക് പുറത്താണ്. യുവജനവിഭാഗത്തില്‍നിന്ന് വയലാര്‍ രവി, ആര്യാടന്‍, കെ.പി. വിശ്വനാഥന്‍ പിന്നെ ഞാനുമാണ് ഉണ്ടായിരുന്നത്.

എന്നാല്‍, ഇങ്ങനെയായിട്ടും നേതൃത്വം എന്നോട് അകലംപാലിച്ചെന്ന വേദന എന്നിലുണ്ടായി. അതായിരുന്നു 1982-ലെ തിരഞ്ഞെടുപ്പ്. അന്ന് ഇന്ദിരാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റായിരുന്നു. 13 ജില്ലകളിലെയും പ്രസിഡന്റുമാര്‍ക്ക് നിയമസഭ ടിക്കറ്റ് കിട്ടി. സഹിക്കാന്‍വയ്യാതെ ഞാന്‍ കെ.പി.സി.സി. പ്രസിഡന്റായിരുന്ന കെ.എം. ചാണ്ടിയെ കാണാന്‍പോയി. താന്‍ നിസ്സഹായനാണെന്നായിരുന്നു ചാണ്ടിയുടെ മറുപടി. എന്നെയും കൂട്ടി അദ്ദേഹം കരുണാകരന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്റെ ചോദ്യങ്ങള്‍ക്കൊന്നും അന്ന് കരുണാകരന് മറുപടിയുണ്ടായില്ല. എനിക്ക് തരാന്‍ സീറ്റില്ലെന്ന് പറഞ്ഞപ്പോള്‍ ചില സീറ്റുകള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചു. മലപ്പുറത്ത് നിലമ്പൂരില്‍ ആര്യാടനുണ്ട്, അതിനാല്‍ പൊന്നാനി നല്‍കികൂടെയെന്ന് ചോദിച്ചപ്പോള്‍ ആ സീറ്റ് എം.പി. ഗംഗാധരന് കൊടുക്കാന്‍ തീരുമാനിച്ചെന്നായിരുന്നു കരുണാകരന്റെ മറുപടി. അന്ന് ഗംഗാധരന്‍ പട്ടാമ്പി എം.എല്‍.എ.യായിരുന്നു. അങ്ങനെയാണെങ്കില്‍ ഗംഗാധരന്‍ ഒഴിവാക്കുന്ന പട്ടാമ്പി തരാമോ എന്നുചോദിച്ചു. അതിന് കരുണാകരന്‍ നല്‍കിയ മറുപടി പുറത്ത് പറയാന്‍ കഴിയില്ല. പട്ടാമ്പിയിലെ സവര്‍ണ ഹിന്ദുക്കള്‍ ഹംസയ്ക്ക് വോട്ട് ചെയ്യില്ലെന്നായിരുന്നു ലീഡറുടെ മറുപടി. അതുകേട്ടതോടെ അവിടെനിന്ന് എഴുന്നേറ്റു. മലപ്പുറത്തിന്റെ ചരിത്രം ലീഡര്‍ക്കറിയാമോ എന്ന് ചോദിച്ച് വെളിയങ്കോട് ഉമര്‍ ഖാസി അടക്കമുള്ളവരുടെ ചരിത്രം പറഞ്ഞുനല്‍കി. പിന്നെ ഇറങ്ങട്ടെയെന്ന് പറഞ്ഞ് ഒരൊറ്റ ഇറക്കമായിരുന്നു. ഇതിനിടെ രണ്ടടി പിന്നോട്ട്വെച്ച് 'ലീഡറേ, നമുക്ക് നിയമസഭയില്‍നിന്ന് കാണാമെന്നും' പറഞ്ഞു. ആ വാക്കാണ് 1982-ല്‍ നിലമ്പൂരില്‍ പ്രാവര്‍ത്തികമായത്.

placeholder
പൊതുമരാമത്ത് മന്ത്രിയായിരിക്കെ ബേപ്പൂരിലെ പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ക്കൊപ്പം ടി.കെ.ഹംസ | ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

കമ്മ്യൂണിസ്റ്റുകാര്‍ എന്നെ പിടിച്ചതല്ല, ഞാന്‍ കമ്മ്യൂണിസ്റ്റുകാരെ പിടിച്ചതാണ്. അന്ന് രാത്രി തന്നെ നിലമ്പൂരിലെ സ്ഥാനാര്‍ഥിത്വം തീരുമാനമായി. ആര്യാടനായിരുന്നു ഞങ്ങള്‍ രണ്ടുപേരുടെയും എതിരാളി. ഈ രണ്ട് താത്പര്യങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ടി.കെ. ഹംസ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി. അതിന് മുന്‍കൈ എടുത്തത് ഞാന്‍ തന്നെയാണ്. അന്ന് തന്നെ പാര്‍ട്ടി കമ്മിറ്റികള്‍ തീരുമാനമെടുത്തു. ഹംസ തന്നെ അവിടെ നില്‍ക്കണമെന്ന് ഇ.എം.എസ്. പറഞ്ഞു. അദ്ദേഹം നേരിട്ടുവന്നാണ് തിരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനംചെയ്തത്.''

മതേതര ജനാധിപത്യത്തിനേ നിലനില്‍പ്പുള്ളൂ...

''ഇത്തവണ നടക്കാന്‍ പോകുന്നത് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ്. മതേതര ജനാധിപത്യത്തിനേ നിലനില്‍പ്പുള്ളൂ. എന്നാല്‍, കോണ്‍ഗ്രസുകാര്‍ വാചകമടിയല്ലാത ഭൂമിയില്‍ ഇല്ല. ലീഗിനും അതേ സ്വഭാവമാണ്. മതവികാരം ഉയര്‍ത്തി വോട്ട് നേടാനാണ് ബി.ജെ.പി.യുടെ ശ്രമം. അയോധ്യയില്‍ കണ്ടതെല്ലാം പ്രധാനമന്ത്രിയുടെ വണ്‍മാന്‍ഷോയായിരുന്നു.

പ്രതിപക്ഷ കക്ഷികള്‍ യോജിച്ചുനിന്നാല്‍ ബി.ജെ.പി.യെ തോല്‍പ്പിക്കാം. എന്നാല്‍, യോജിപ്പിക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസിനാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ മുക്കാല്‍ഭാഗവും അപ്പുറത്തേക്ക് പോയിക്കഴിഞ്ഞു. രാഹുല്‍ഗാന്ധിക്ക് പ്രായോഗിക രാഷ്ട്രീയം അറിയില്ല. ജാഥ നടത്തിയാല്‍ ജയിക്കുമെന്ന് ആരോ പറഞ്ഞുകൊടുത്തിട്ട് വീണ്ടും യാത്രനടത്തുകയാണ് രാഹുല്‍. പക്ഷേ, ജനങ്ങളുമായി ബന്ധം വേണ്ടേ?  

ഇന്ത്യ മുന്നണി താഴേത്തട്ടില്‍ നടപ്പാകില്ലെന്നാണ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ സി.പി.എമ്മിന് മുന്‍ഗണന നല്‍കേണ്ടേ. അതിന് ഇവിടെയുള്ള കോണ്‍ഗ്രസ് തയ്യാറാകുമോ? അപ്പോള്‍ അത്തരം മുന്നണി ഇവിടെ പരാജയമാകും''.

ഇടതുമുന്നണിക്ക് അനുകൂല സാഹചര്യം...

''വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍.ഡി.എഫിന്  അനുകൂലമായ സാഹചര്യമാണ്. ജനകീയരായ നേതാക്കളാണ് പാര്‍ട്ടിയിലുള്ളത്. ഗോവിന്ദന്‍ മാഷായാലും ആരായാലും ഏതൊരാള്‍ക്കും അവരെ നേരിട്ടുവന്ന് കാണാം. ഇതിനൊപ്പം പിണറായി സര്‍ക്കാരിന്റെ ഏഴരവര്‍ഷത്തെ ഭരണനേട്ടങ്ങളും തുണയ്ക്കും. കേന്ദ്രത്തിന്റെ കടുത്ത സാമ്പത്തിക ഉപരോധമുണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഒരുപാട് പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കി. പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു. അഞ്ചുലക്ഷത്തോളം പേര്‍ക്ക് പട്ടയംനല്‍കി. ലൈഫ് പദ്ധതിയില്‍ നിരവധി കുടുംബങ്ങള്‍ക്ക് വീടുകള്‍ നല്‍കി.

ഇവിടത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരിക്കലും ശരിയാകില്ലെന്ന അഭിപ്രായമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട സ്‌കൂളായിരുന്നു മഞ്ചേരി ഗവ.ബോയ്സ് സ്‌കൂള്‍. അധ്യാപകരില്ല, കുട്ടികളാരും അവിടെ ചേരുന്നില്ല എന്നതായിരുന്നു അവസ്ഥ. ഇന്ന് ആ സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നു. കെട്ടിടങ്ങളായി. അധ്യാപകരെ നിയമിച്ചു. ഇപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കും. പണ്ട് ആറുമാസം കഴിഞ്ഞാണ് പുസ്തകം വന്നിരുന്നത്.

ജി.എസ്.ടി. നടപ്പാക്കിയ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ നികുതിവരുമാനത്തെ തകര്‍ത്തു. എന്നാല്‍, ജി.എസ്.ടി. വിഹിതം കൃത്യമായി നല്‍കിയതുമില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാനം കിഫ്ബി വഴി വികസനങ്ങള്‍ക്കായി പണം കണ്ടെത്തിയത്. കേരളത്തില്‍ അഴിമതിരഹിത ഭരണമാണ്. കേരളത്തിലെ ഏതെങ്കിലും ഒരുമന്ത്രി കൈക്കൂലി വാങ്ങിയതായി ഇക്കാലയളവില്‍ ആരോപണമുണ്ടായോ? പല ആരോപണങ്ങളും ഇവിടെ കെട്ടിച്ചമയ്ക്കാന്‍ നോക്കി. സ്വര്‍ണക്കടത്തിലടക്കം മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴച്ചു. എന്നിട്ട് എന്തെങ്കിലും നടപടിയുണ്ടായോ?

placeholder
ടി.കെ.ഹംസ

സംസ്ഥാനത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ 'നവകേരള സദസ്സി'ലൂടെ ഈ മന്ത്രിസഭ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നു. ഈ ഭരണത്തെ ജനങ്ങള്‍ എന്തിന് മാറ്റണം? ഈ ഭരണത്തെ മാറ്റണമെങ്കില്‍ കോണ്‍ഗ്രസിനും ലീഗിനും സാധ്യമല്ല. അതാണ് അവര്‍ ബി.ജെ.പി.യുമായി സഹകരിക്കുന്നത്. കമ്മ്യൂണിസ്റ്റ് വിരോധം കൊണ്ടാണ് കോണ്‍ഗ്രസ് ബി.ജെ.പി.യോട് കൂട്ടുകൂടുന്നത്. അവര്‍ ബി.ജെ.പി.യെ അനുകൂലിക്കുന്നതും കേരളത്തിലെ ഭരണം തിരിച്ചുപിടിക്കാനാണ്.''

ലീഗ് സി.പി.എമ്മുമായി അടുക്കുമോ?

സി.പി.എമ്മും മുസ്ലീംലീഗും തമ്മിലുള്ള സഹകരണമൊന്നും ഇപ്പോഴില്ല. പരിപാടികള്‍ക്ക് ലീഗിനെയും കോണ്‍ഗ്രസിനെയും ക്ഷണിക്കും. അത് മുന്നണിയുണ്ടാക്കാനല്ല. പക്ഷേ, കോണ്‍ഗ്രസും ബിജെപിയും കൂടുതല്‍ അടുക്കുമ്പോള്‍ ലീഗിന് അവിടെ നില്‍ക്കാന്‍ കഴിയാതെവരും. ലീഗില്‍ വലിയപ്രശ്നങ്ങളുണ്ട്. അത് അവരെ ബാധിച്ചിട്ടുണ്ട്.

മലപ്പുറത്തെ മത്സരം...

മലപ്പുറം ജില്ലയില്‍ അന്ധമായ ലീഗ് കാലം കഴിഞ്ഞു. അങ്ങനെയുണ്ടെങ്കില്‍ അവര്‍ ആദ്യം ജയിക്കേണ്ടത് താനൂരിലെ അസംബ്ലി സീറ്റിലായിരുന്നു. പണ്ടുകാലത്ത് ലീഗ് നേതാക്കള്‍ ഉറച്ചസീറ്റ് തേടി വന്നിരുന്നത് താനൂരിലേക്കായിരുന്നു. അത് പോയില്ലേ, ഇനി തിരൂരങ്ങാടി അസംബ്ലി സീറ്റും പോകും.

മലപ്പുറം ലോക്സഭ മണ്ഡലത്തിലെ എം.പി.യായ അബ്ദുസമദ് സമദാനി ജനങ്ങള്‍ക്കിടയില്‍ ഇല്ല. ഏതെങ്കിലും യോഗത്തില്‍ വാചകമടിച്ച് പോവുകയല്ലാതെ എം.പി.യായിട്ട് ഒന്നുംചെയ്തിട്ടുമില്ല. അദ്ദേഹം എം.പി. ഫണ്ട് എങ്ങനെ വിനിയോഗിച്ചെന്നും അറിയില്ല. എവിടെയെങ്കിലും സമദാനിയുടെ ഫണ്ട് വിനിയോഗിച്ചതായി ബോര്‍ഡുകളുണ്ടോ? ഫണ്ട് എവിടെ നല്‍കിയെന്ന് ആര്‍ക്കും അറിയില്ല.

മലപ്പുറത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി....

ജനങ്ങളുമായി ബന്ധമുള്ള സ്ഥാനാര്‍ഥി വേണം. രാഷ്ട്രീയ ആവേശം മാത്രം പോര. വോട്ട് കിട്ടണമെങ്കില്‍ വ്യക്തിപരമായ ബന്ധങ്ങള്‍ വേണം. സ്ഥാനാര്‍ഥിയെക്കുറിച്ചെല്ലാം ആലോചന നടക്കുന്നല്ലേയുള്ളൂ. ജനകീയനായ ഒരു സ്ഥാനാര്‍ഥി വരണം.