ആദ്യ വോട്ട് ഓര്‍മ.....

To advertise here,

ആദ്യത്തെ വോട്ട് വല്ലാത്ത ഒരു അനുഭൂതിയാണ്. 1967-ല്‍ ലീഗിന്റെ കോണിയ്ക്കായിരുന്നു എന്റെ ആദ്യത്തെ വോട്ട്. ഇന്നത്തെ പോലെയല്ല, അന്ന് 21 വയസിലാണ് വോട്ട്. ജനാധിപത്യത്തില്‍ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അവകാശമാണ് വോട്ടവകാശം, അതിനുവേണ്ടിയുള്ള കാത്തിരിപ്പിന് അന്ന് അത്രത്തോളം വിലയുണ്ടായിരുന്നു. 21 വയസ് പൂര്‍ത്തിയായി വോട്ടര്‍ ലിസ്റ്റില്‍ പേര് വന്ന് നമ്മള്‍ ആദ്യമായി വോട്ട് ചെയ്യാന്‍ പോകുന്നു, വിരലില്‍ അവര്‍ അടയാളം വയ്ക്കുന്നു.. അതൊക്കെ പറഞ്ഞറിയിക്കാനാവാത്ത ഒരനുഭൂതിയാണ്. കക്കാട് കോര്‍ജന്‍ യു.പി. സ്‌കൂളിലെ ബൂത്തിലാണ് ഞാന്‍ എന്റെ സമ്മതിദാന അവകാശം ആദ്യമായി ഉപയോഗപ്പെടുത്തിയത്. സപ്തകക്ഷി മുന്നണിയായിരുന്നു അന്ന് കേരളത്തില്‍ മത്സരിച്ചത്. ആ മുന്നണിയുടെ ഭാഗമായി ലീഗിന്റെ സ്ഥാനാര്‍ഥിയായിരുന്നു കണ്ണൂരില്‍ മത്സരിച്ചത്. മുസ്ലിം ലീഗിന്റെ ഇ. അഹമ്മദായിരുന്നു ഞങ്ങളുടെ സ്ഥാനാര്‍ഥി. എന്റെ കന്നിവോട്ട് പാഴായില്ല, അദ്ദേഹം വിജയിച്ചു.

അന്ന് ബാലറ്റ് പേപ്പറില്‍ നമ്മള്‍ സ്വയം അച്ച് കുത്തിയാണ് വോട്ട് ചെയ്യുക. ഇന്നത്തെപ്പോലെ യന്ത്രത്തില്‍ വോട്ട് കുത്തുന്നതിനെക്കാളും സുഖമുള്ള പരിപാടിയായിരുന്നു അത്. ആദ്യത്തെ വോട്ട് കുത്താനായി എന്റെ അവസരം എത്തുന്നതും കാത്ത് സ്‌കൂളിന് മുന്നിലെ വരിയില്‍ നില്‍ക്കുമ്പോള്‍... നമ്മള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം, അത് ഉള്‍പ്പെടുന്ന മുന്നണി, ആ മുന്നണി വിജയിച്ചേ മതിയാകൂ എന്ന മനസിന്റെ ദൃഢനിശ്ചയം.. ഇതെല്ലാം ചേര്‍ന്ന ഒരു വല്ലാത്ത അനുഭവമാണ് അപ്പോള്‍ മനസില്‍ ഉണ്ടായിരുന്നത്. സി.പി.ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു ഞാന്‍, അതുകൊണ്ടുതന്നെ ആര്‍ക്ക് വോട്ട് ചെയ്യണം എന്നതുസംബന്ധിച്ച് ഒരുതരത്തിലുള്ള ആശയക്കുഴപ്പവും എനിക്കുണ്ടായിരുന്നില്ല.

നമ്മുടെ പാര്‍ട്ടി നിശ്ചയിച്ച മുന്നണി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുക എന്നതായിരുന്നു എന്റെ ആദ്യത്തെ കടമ, അയാള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് പിന്നത്തെ കാര്യമാണ്. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ശങ്കയുടെയോ ആശങ്കയുടെയോ ആവശ്യമില്ലായിരുന്നു. ആദ്യമായി വോട്ട് ചെയ്തതിനേക്കാള്‍ വലിയ അനുഭവം ആദ്യമായി ഒരു തിരഞ്ഞെടുപ്പിനു വേണ്ടി ഗ്രൗണ്ടിലിറങ്ങി പ്രവര്‍ത്തിച്ച അനുഭവമായിരുന്നു. 1965-ലെ തിരഞ്ഞെടുപ്പായിരുന്ന അത്. അന്ന് എനിക്ക് വോട്ടില്ല, പക്ഷേ പോളിങ് ഏജന്റായിരുന്നു. കെ.പി. ഗോപാലനായിരുന്നു കണ്ണൂരില്‍ അന്ന് പാര്‍ട്ടിയ്ക്കായി മത്സരിച്ചത്. അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ ഗംഭീരമായി പ്രവര്‍ത്തിച്ചു. കെ.പി. ഗോപാലന്‍ ആയതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു.

1957-ലെ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ വ്യവസായ മന്ത്രിയായിരുന്നു കെ.പി. ഗോപാലന്‍. വിജയിച്ചപ്പോള്‍ അദ്ദേഹം സി.പി.ഐയുടെ ഭാഗത്തായിരുന്നു. പക്ഷേ, പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ട് കെ.പി. ഗോപാലന്‍ പരാജയപ്പെട്ടു. 3300 വോട്ട് മാത്രമാണ് നമുക്ക് ആകെ ലഭിച്ചത്. കെട്ടിവെച്ച പണവും പോയി, വോട്ടുകളും പോയി, നാണംകെട്ടു തിരിച്ചുവന്നു. അതാണ് ആദ്യത്തെ തിരഞ്ഞെടുപ്പ് അനുഭവം.

ആദ്യമായി മത്സരിച്ചത്......

എന്റെ നാട്ടില്‍നിന്ന് ഞാന്‍ ഇതുവരെ മത്സരിച്ചിട്ടില്ല. ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ട ജില്ലാ കൗണ്‍സില്‍ മത്സരത്തിലും അതേ, പാര്‍ലമെന്റ് മത്സരത്തിലും അതേ. അഴീക്കോട് ജില്ലാ കൗണ്‍സില്‍ മണ്ഡലത്തിലാണ് ഞാന്‍ ആദ്യമായി മത്സരിച്ചത്. എന്റെ സ്ഥലത്തുനിന്നും 10 കിലോമീറ്ററെങ്കിലും ദൂരെയുള്ള സ്ഥലമാണ് അഴീക്കോട്. അഴീക്കോട് പഞ്ചായത്തും വളുവണ്ണ പഞ്ചായത്തും ചേര്‍ന്ന മണ്ഡലമാണ് അന്ന് അഴീക്കോട് ജില്ലാ കൗണ്‍സില്‍. ആ മണ്ഡലത്തില്‍ നേരത്തേ വിജയിച്ചത് എം.വി. രാഘവനായിരുന്നു. പാര്‍ട്ടി തീരുമാനിച്ചാല്‍ അത് നടപ്പാക്കാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും ബാധ്യസ്ഥനാണ്. പാര്‍ട്ടിയുടെ ചട്ടക്കൂട് അങ്ങനെയാണ്. അതനുസരിച്ച് പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമാണ് ജില്ലാ കൗണ്‍സിലില്‍ മത്സരിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നതൊന്നും അന്നും ഇന്നും എനിക്ക് ആഗ്രഹമുള്ള കാര്യമല്ല.

തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെയെല്ലാം പോയി നേരില്‍ കാണുക എന്നതായിരുന്നു എന്റെ രീതി. അത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. ആ തിരഞ്ഞെടുപ്പില്‍ അത് പരമാവധി നിറവേറ്റാന്‍ എനിക്കായി. അത് എടുത്ത് പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ആ തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും മനസില്‍ വരുന്ന ഒരു മനുഷ്യനുണ്ട്. എഴുത്തുകാരനും കവിയുമൊക്കെയായ ആ മനുഷ്യന്‍ അതുവരെയും വോട്ട് ചെയ്തിരുന്നില്ല. വീടുകയറിയുള്ള വോട്ടുപിടിക്കലിന്റെ ഭാഗമായി അദ്ദേഹത്തെയും ഞങ്ങള്‍ വീട്ടില്‍ ചെന്ന് കണ്ടു, ഒരുപാടുനേരം, ഒരുപാട് വിഷയങ്ങളെപ്പറ്റി സംസാരിച്ചു. അന്ന് അവിടെനിന്നും ഇറങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞത്, 'ഞാന്‍ ഇതുവരെയും വോട്ട് ചെയ്തിട്ടില്ല, പക്ഷേ ഇത്തവണ വോട്ട് ചെയ്യാം,' എന്നായിരുന്നു. അത് മറക്കാനാനാത്ത ഒരനുഭവമായിരുന്നു. ആദ്യ തിരഞ്ഞെടുപ്പില്‍ ഞാന്‍ വിജയിച്ചത് അങ്ങനെ ചില വോട്ടുകളുടെയും കൂടി ബലത്തിലാണ്.

വോട്ടര്‍മാരെ നേരിട്ട് കണ്ട് സംസാരിച്ചാല്‍, വഴിതിരിഞ്ഞുപോകാന്‍ സാധ്യതയുള്ള വോട്ടുകളും അനുകൂലമാക്കാം എന്ന വലിയ പാഠമാണ് അന്നെനിക്ക് ലഭിച്ചത്. ആ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിലാണ് ഞാന്‍ വിജയിച്ചത്. ജയിക്കുക മാത്രമല്ല, കണ്ണൂര്‍ ജില്ലാ കൗണ്‍സിലില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായി. പി.കെ. ശ്രീമതി ടീച്ചറായിരുന്നു മറ്റൊരു ചെയര്‍മാന്‍. ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലമല്ലേ, ജില്ലാ കൗണ്‍സിലിനൊക്കെ വലിയ അധികാരമുണ്ടായിരുന്നു ആ കാലത്ത്. വോട്ടര്‍മാരും സ്ഥാനാര്‍ഥിയും തമ്മിലുള്ള ബന്ധമാണ് തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുക എന്നതില്‍ തന്നെയാണ് ഞാന്‍ അന്നും ഇന്നും വിശ്വസിക്കുന്നത്. വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയില്‍ വിശ്വാസം വേണം, അല്ലാതെ അവരുടെ മുന്നില്‍പോയി ഒച്ചവയ്ക്കുകയും അഭിനയിക്കുകയും ചെയ്തിട്ടൊന്നും കാര്യമില്ല. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ആത്മാര്‍ഥമായിട്ടാണ്, പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ തയ്യാറാണെന്ന ബോധം വോട്ടര്‍മാരില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പില്‍ അനുകൂലമായ വോട്ട് കിട്ടും എന്നുതന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ മത്സരിച്ചപ്പോഴൊക്കെ എനിക്കുണ്ടായ അനുഭവം അങ്ങനെയാണ്.

ഉദാഹരണത്തിന്, ഞാന്‍ ആദ്യമായി ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് 2005-ല്‍ തിരുവനന്തപുരത്താണ്. അതൊരു ഉപതിരഞ്ഞെടുപ്പായിരുന്നു. 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ. വാസുദേവന്‍ നായര്‍ മരണപ്പെട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനായി വി.എസ്. ശിവകുമാറാണ് മത്സരിച്ചത്. ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയത് സി.കെ. പത്മനാഭനായിരുന്നു. അന്നവിടെ മത്സരിച്ചപ്പോള്‍ ഏറ്റവും വലിയ ചര്‍ച്ചാവിഷയം എന്റെ മുടിയായിരുന്നു. അന്നെന്നോട് എല്ലാവരും പറഞ്ഞു, 'മുടിമുറിക്കണം'. ആ സമയത്താണ് 'അന്യന്‍' എന്ന ഒരു തമിഴ് സിനിമ ഇറങ്ങിയത്. അതില്‍ അന്യന്‍ എന്ന കഥാപാത്രമുണ്ട്. 'അത് അന്യനും, ഞാന്‍ പന്ന്യനും' - അന്നൊരു വല്യ ചര്‍ച്ചയായിരുന്നു അത്.

തിരഞ്ഞെടുപ്പ് പരിപാടികള്‍ രാത്രി വൈകുവോളം നീളും. അങ്ങനെയൊരു ദിവസം പ്രചാരണ പരിപാടികള്‍ നടക്കുന്നതിനിടയില്‍ ഒരു കന്യാസ്ത്രീ വന്ന് എനിക്കൊരു കത്ത് തന്നു. സാധാരണഗതിയില്‍ സ്ഥാനാര്‍ഥിക്ക് ആളുകള്‍ ആവശ്യങ്ങളും നിവേദനങ്ങളുമൊക്കെ നല്‍കാറുണ്ട്. എന്നാല്‍ ആ കന്യാസ്ത്രീ നല്‍കിയ കത്തിന് മുകളില്‍ 'പേഴ്‌സണല്‍' എന്ന് എഴുതിയിരുന്നു, അതുകൊണ്ടുതന്നെ മറ്റുള്ളവയ്‌ക്കൊപ്പം വയ്ക്കാതെ ഞാനത് എന്റെ പോക്കറ്റില്‍വെച്ചു. വീട്ടിലെത്തി കത്ത് പരിശോധിച്ചു. അതില്‍ പറഞ്ഞിരുന്നത് ഇപ്രകാരമാണ്, ' സര്‍, ഈ തിരഞ്ഞെടുപ്പിലെ ചര്‍ച്ച സാറിന്റെ മുടിയാണ്. മുടി മുറിക്കണം എന്ന് ഭൂരിഭാഗം ആളുകളും താങ്കളോട് പറയുന്നുണ്ടാവും. അത് സാര്‍ അനുവദിക്കരുത്. മുടി മുറിക്കരുത്. ഈ മുടിയാണ് സാറിന്റെ ശക്തി. ബൈബിളില്‍ ഒരു കഥാപാത്രമുണ്ട്, സാംസണ്‍. സാംസണിന്റെ ശക്തി അയാളുടെ മുടിയായിരുന്നു. അതുകൊണ്ട് താങ്കള്‍ ഈ മുടി മുറിക്കരുത് എന്നാണ് എന്റെ അപേക്ഷ. എന്റെ അപേക്ഷ സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.'

ആ വാക്കുകള്‍ എനിക്ക് വളരെ വിലപ്പെട്ടതായിരുന്നു. കാരണം എനിക്കവരെ അറിയില്ല. അവര്‍ക്ക് എന്നെയും കണ്ടുപരിചയമേ ഉണ്ടാവുള്ളൂ, പരിചയമുള്ളവരൊക്കെയും മുടി മുറിക്കണം എന്ന് പറഞ്ഞപ്പോള്‍, അങ്ങനെ ചെയ്യരുത്, താങ്കളുടെ ഐഡന്റിറ്റി നിലനിര്‍ത്തണം എന്ന വലിയ ഒരു കാര്യമാണ് അവര്‍ എനിക്ക് പറഞ്ഞുതന്നത്. ഫലമെന്താ, ഞാന്‍ മുടി മുറിച്ചില്ല. തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. അന്ന് എനിക്കെതിരായ പ്രചരണങ്ങളില്‍ പ്രധാനപ്പെട്ട മറ്റൊന്ന്, 'ഇയാള്‍ വരത്തനാണ്' എന്ന വാദമായിരുന്നു, അതായത് പുറത്തുനിന്ന് വന്ന് മത്സരിക്കുന്നയാള്‍ എന്ന്. ആ വാദത്തിന് എന്റെ മറുപടി ഇതായിരുന്നു,'ഞാന്‍ ജനിച്ചത് കണ്ണൂരാണ്, പക്ഷേ പ്രവര്‍ത്തിക്കുന്നത് തിരുവനന്തപുരത്താണ്. അതായത്, എന്റെ ജന്മഭൂമി കണ്ണൂരാണെങ്കിലും കര്‍മഭൂമി തിരുവനന്തപുരമാണ്. അതുകൊണ്ട് കര്‍മഭൂമിയില്‍ നിങ്ങളെന്നെ തിരഞ്ഞെടുത്താല്‍ നിങ്ങളുടെ കൂടെ ഞാനുണ്ടാവും.' ജനങ്ങള്‍ എന്നെ വിശ്വസിച്ചു, തിരഞ്ഞെടുത്തു.

1979 മുതല്‍ 1982 വരെ പല കാര്യങ്ങളുമായി ഞാന്‍ തിരുവനന്തപുരത്ത് താമസിച്ചിരുന്നു. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 1986 മുതലാണ് തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയത്. കണ്ണൂര്‍ ജനിച്ച് തിരുവനന്തപുരത്ത് താമസമാക്കിയ ആളാണ് ഞാന്‍. ജനങ്ങളോട് സത്യസന്ധമായി സംസാരിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായാല്‍ തിരഞ്ഞെടുപ്പിലെ പല പ്രയാസങ്ങളും അനായാസേന മറികടക്കാനാകും എന്നതായിരുന്നു ആ തിരഞ്ഞെടുപ്പില്‍ എന്റെ അനുഭവം. കൃത്രിമത്വം കൊണ്ട് തിരഞ്ഞെടുപ്പില്‍ ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ല, അത് എളുപ്പവുമല്ല. ജനങ്ങളോട് നേരായി കാര്യങ്ങള്‍ പറയണം. അത് എളുപ്പവുമല്ല. അതില്‍ പ്രസ്ഥാനം പ്രധാനമാണ്, മുന്നണി പ്രധാനമാണ്, കൂടെ വ്യക്തിപരമായ നമ്മുടെ കോണ്‍ട്രിബ്യൂഷനും ഒരുമിച്ച് ചേര്‍ത്തുകൊണ്ട് നമുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കുക. ജനങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്യുക, അതായിരിക്കണം നമ്മുടെ പൊതുഉദ്ദേശം.
 
ഒരു പൊതുപ്രവര്‍ത്തകന്‍ ജനസേവനമാണ് ഉദ്ദേശിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സ്ഥാനമാനങ്ങളും അധികാരവും ഒന്നും വേണമെന്ന് ഞാന്‍ ധരിക്കുന്നില്ല. പാവപ്പെട്ട മനുഷ്യരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അധികാര കേന്ദ്രങ്ങളില്‍ ചെല്ലാനും അവരുടെ കൂടെനിന്ന് അവരുടെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ സഹായിക്കാനും വേണം നമ്മള്‍ പരിശ്രമിക്കാന്‍. അല്ലാതെ, പാര്‍ലമെന്ററി ജനാധിപത്യ രീതിയില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ അധികാരിയായി പ്രവര്‍ത്തിക്കണം എന്ന മോഹമൊന്നും എനിക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ വളരെ പാടുപെട്ടാണ് 2005-ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എന്നെ തിരുവനന്തപുരത്ത് മത്സരിപ്പിച്ചത്.

പാര്‍ട്ടി എന്നെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുന്നതിന് മുമ്പുതന്നെ ഞാന്‍ പാര്‍ട്ടിക്കാരോട് പറഞ്ഞിരുന്നു, 'എന്നെ മത്സരിപ്പിക്കരുത്, പാര്‍ലമെന്ററി രംഗത്തേക്ക് ഞാനില്ല,' എന്ന്. ഒ.എന്‍.വി. കുറുപ്പ്, ചെമ്മനം ചാക്കോ, സുകുമാര്‍ അഴീക്കോട് അങ്ങനെ ഒരുപാട് പ്രധാനപ്പെട്ട ആളുകള്‍ എന്നോട് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവാന്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ജനാധിപത്യ ദൃശ്യങ്ങളില്‍ അവര്‍ക്കുള്ള താല്‍പര്യം കൊണ്ടാണ് അവരെന്നോട് സ്ഥാനാര്‍ഥിയാകാന്‍ പറഞ്ഞത്. അവരോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ ഒരുപാട് ആലോചിച്ചു. പാര്‍ട്ടി തീരുമാനം വരുന്നതിനും ഏറെ മുമ്പുതന്നെ നാട്ടിലൊക്കെ ഇക്കാര്യം ചര്‍ച്ചയായിരുന്നു. എന്നാല്‍ മത്സരത്തിനൊന്നും ഞാനില്ല എന്നുതന്നെയാണ് ആദ്യം മുതല്‍ ഞാന്‍ പറഞ്ഞത്. മറ്റൊരാള്‍ക്ക് അവസരം ലഭിച്ചോട്ടെ എന്നതായിരുന്നു എന്റെ ചിന്ത.

ഞാന്‍ അടുക്കുന്നില്ല എന്നു കണ്ടതോടെ സഖാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയ നേതാക്കള്‍ എന്നോട് സംസാരിച്ചു, ഒരുപാട് നിര്‍ബന്ധിച്ചു. ഒടുവില്‍, രാഷ്ട്രീയത്തില്‍ ഞാന്‍ ഗുരുതുല്യനായി കാണുന്ന വെളിയം ഭാര്‍ഗവന്‍, കമ്മിറ്റിയുടെ തലേദിവസം എന്നെ വിളിച്ചു. 'മത്സരിക്കുകയേ മാര്‍ഗമുള്ളൂ, അതല്ലാതെ വേറെ വഴിയില്ല,' അദ്ദേഹം തീര്‍ത്തുപറഞ്ഞു. അങ്ങനെ എല്ലാവരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഒരു പാര്‍ലമെന്റ് ഇലക്ഷനില്‍ ഞാന്‍ ആദ്യമായി മത്സരിക്കുന്നത്. ഒടുവില്‍, 2005-ലെ ഉപതിരഞ്ഞെടുപ്പില്‍ ഞാന്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായി, പാര്‍ട്ടി ആഗ്രഹിച്ചതുപോലെ വിജയിച്ചു.