
പല സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും രാവും പകലും പ്രയത്‌നിച്ചിട്ടുണ്ടെങ്കിലും സ്വയം സ്ഥാനാര്‍ഥിയാകുമ്പോഴുണ്ടാകുന്ന അനുഭവം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തതാണെന്ന് പറയുകയാണ് മാധ്യമ നിരൂപകനും മുന്‍ എം പിയുമായ ഡോ. സെബാസ്റ്റ്യന്‍പോള്‍. 'കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായിരുന്ന എറണാകുളത്ത് ആദ്യമായി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന സാഹചര്യമായിരുന്നു. പക്ഷേ സ്ഥാനാര്‍ഥിയാകുന്നത് ഒരു ത്രില്ലായിരുന്നു. മുന്‍പ് ഞാന്‍ ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഞാന്‍ 
എന്റെ ആദ്യത്തെ വോട്ട് 1971 ലെ തിരഞ്ഞെടുപ്പിലാണ് രേഖപ്പെടുത്തിയത്. ആദ്യം വോട്ട് ചെയ്തത് ഇപ്പോഴും നല്ല ഓര്‍മയാണ്. ആദ്യത്തെ വോട്ടിന് വേണ്ടി വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അന്ന് വോട്ടിംഗ് പ്രായം 21 ആയിരുന്നു. 21 വയസ് നേരത്തെ ആയിരുന്നെങ്കിലും 1971ലെ തിരഞ്ഞെടുപ്പിലാണ് വോട്ട് ചെയ്യാനായി സാധിച്ചത്. എന്നാല്‍ അതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. 1965 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കായി രംഗത്തിറങ്ങി പ്രവര്‍ത്തിച്ചിരുന്നു. വളരെ ചെറുപ്പകാലമായിരുന്നു അത്. തിരഞ്ഞെടുപ്പ് കോലാഹലങ്ങളെല്ലാം ഇഷ്ടമായിരുന്നു.
കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവപ്പെട്ടിക്ക് വോട്ടില്ല....
പഴയകാലത്ത് തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നത് പെട്ടികളിലാണ്. ഒരു ചതുരപ്പെട്ടിയാണത്. ഓരോ പാര്‍ട്ടിക്കും ഓരോ നിറത്തിലുള്ള അവരുടെ ചിഹ്നം പതിച്ച പെട്ടികളുണ്ട്. അതിലാണ് നമ്മുടെ വോട്ട് രേഖപ്പെടുത്തുക. കാളപ്പെട്ടി, ആനപ്പെട്ടി, മഞ്ഞപ്പെട്ടി എന്നിങ്ങനെയാണ് പെട്ടികള്‍. ഇപ്പോഴും അതൊക്കെ തിരഞ്ഞെടുപ്പിന്റെ നല്ല ഓര്‍മകളാണ്. അടൂര്‍ ഭാസിയുടെ സ്ഥാനാര്‍ഥി സാറാമ്മയിലെ ഒരു പാട്ട് തന്നെയുണ്ട്. കുരുവിപ്പെട്ടി നമ്മുടെ പെട്ടി കടുവപ്പെട്ടിക്ക് വോട്ടില്ല... എന്ന്. ഇപ്പോഴാണ് അതിനൊക്കെ മാറ്റം വന്ന് എല്ലാ വോട്ടും ഒരു മെഷീനില്‍ തന്നെ രേഖപ്പെടുത്താനുള്ള സംവിധാനങ്ങളെല്ലാം വന്നത്.

ഓരോ ജംഗ്ഷനിലും മാഷിന്റെ വക ഓരോ വ്യത്യസ്ത പ്രസംഗം
വോട്ട് ചെയ്യുക എന്നത് പോലെ തന്നെ പ്രധാനമായിരുന്നു അന്ന് വോട്ട് ചെയ്യിപ്പിക്കുക എന്നത്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള സ്ഥാനാര്‍ഥി
പ്രചരണമാണ് ആദ്യത്തേത്. ഇന്നത്തെ അത്രക്ക് ആഘോഷങ്ങളൊന്നുമില്ലെങ്കിലും സ്ഥാനാര്‍ഥിപര്യടനമെല്ലാം വലിയ ആവേശമായിരുന്നു. ഇന്നത്തെക്കാള്‍ ഉത്സാഹവും ജനങ്ങളുടെ വലിയ പങ്കാളിത്തവും ഉണ്ടായിരുന്ന കാലമായിരുന്നു അത്. 1987ല്‍ എറണാകുളത്ത് സാനു മാസ്റ്റര്‍ മത്സരിച്ചപ്പോള്‍ സ്ഥാനാര്‍ഥിപര്യടനമായി അദ്ദേഹം റോഡിലൂടെ നടക്കുകയായിരുന്നു. ഓരോ ജംഗ്ഷനിലും സ്വീകരണവും അവിടെയെല്ലാം സാനുമാസ്റ്ററുടെ പ്രസംഗവും ഉണ്ട്. ഓരോ ജംഗ്ഷനിലും വ്യത്യസ്തമായ പ്രസംഗമായിരുന്നു നടത്തുക. അതുകൊണ്ട് തന്നെ ആ പ്രസംഗം കേള്‍ക്കാനായി മാഷിന്റെ പുറകിലായി കുറേ പേര്‍ കൂടുമായിരുന്നു. രാഷ്ട്രീയം പറയുന്നത് കേള്‍ക്കാനും സ്വന്തമായി നിലപാട് രൂപീകരിക്കാനുമെല്ലാം ആള്‍ക്കാര്‍ക്ക് വലിയ താത്പര്യമുണ്ടായിരുന്നു.
വോട്ടിന് കാവല്‍, സ്ഥാനാര്‍ഥി ജയിച്ചാല്‍ വലിയ ആഘോഷം
എറണാകുളത്ത് വോട്ട് പെട്ടി സൂക്ഷിക്കുന്നത് മഹാരാജാസ് കോളേജിലാണ്. വോട്ടെടുപ്പ് കഴിഞ്ഞ് വോട്ട് പെട്ടി മഹാരാജാസില്‍ സൂക്ഷിക്കാനായി കൊണ്ടുപോയാല്‍ വോട്ട് പെട്ടിയില്‍ എതിര്‍ പാര്‍ട്ടിക്കാര്‍ തിരിമറി നടത്താതിരിക്കാനായി പിന്നെ അവിടെ കോളേജിന് പുറത്ത് കാവലിരിക്കും. പിന്നെ വോട്ടെണ്ണല്‍ ദിവസമായാല്‍ അതിന്റെ ഉത്സാഹവും ആകാംക്ഷയുമൊക്കെ വളരെ വലുതായിരുന്നു. അന്ന് ഇപ്പോഴത്തെ പോലെ ലൈവായിട്ട് ഒന്നും അറിയാന്‍ പറ്റില്ലല്ലോ. കൗണ്ടിംഗ് സ്റ്റേഷനില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെയാണ് ഉദ്യോഗസ്ഥര്‍ വോട്ടണ്ണലിന്റെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നത്. അല്ലെങ്കില്‍ കൗണ്ടിംഗ് ഏജന്റ്മാര്‍ പുറത്ത് വന്ന് വിശേഷങ്ങള്‍ പങ്കുവെക്കുമായിരുന്നു. ഫല പ്രഖ്യാപനം വന്ന് കഴിഞ്ഞാല്‍ വലിയ ആഘോഷമാണ്. നമ്മുടെ സ്വന്തം, നമ്മുടെ പ്രിയപ്പെട്ട സ്ഥാനാര്‍ഥിയുടെ വിജയമെല്ലാം വലിയ ആഘോഷമാണ്. എന്നാല്‍ എന്റെകാര്യത്തില്‍ കൂടുതലും ആഘോഷിക്കേണ്ടി വന്നിട്ടില്ല. കൂടെനില്‍ക്കുന്നവരെല്ലാം പരാജയപ്പെടുന്ന കാലമായിരുന്നു അത്. എറണാകുളം കോണ്‍ഗ്രസിന്റെ ഉറച്ച ഒരു മണ്ഡലമാണ്. ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധ ചേരിയിലായിരുന്നു.
എറണാകുളത്ത് ജയിക്കില്ലെന്ന് ഉറപ്പിച്ച് പറയാമായിരുന്നു
ആദ്യമായിട്ട് മത്സരിക്കുന്നത് 1997ലാണ്. അതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി നല്ല പരിചയമായിരുന്നു. തിരഞ്ഞെടുപ്പിനെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരുന്നു. മത്സരിക്കണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ എന്റെ രാഷ്ട്രീയ നിലപാട് വെച്ച് എറണാകുളത്ത് ജയിക്കില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുമായിരുന്നു. 1997ല്‍ ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് സാധ്യത വരുകയും മത്സരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. എല്‍ ഡി എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്. അതിന് മുമ്പ് പല തിരഞ്ഞെടുപ്പുകളുടേയും ഭാഗമായിരുന്നെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് നല്ലൊരു അനുഭവമായിരുന്നു. പല സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും രാവും പകലും പ്രയത്‌നിച്ചിട്ടുണ്ടെങ്കിലും സ്വയം സ്ഥാനാര്‍ഥിയാകുമ്പോഴുണ്ടാകുന്ന അനുഭവം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തതാണ്.
മുന്‍പ് ഞാന്‍ ചെയ്തിരുന്ന കാര്യങ്ങളെല്ലാം ഞാന്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ എനിക്ക് വേണ്ടി ചെയ്യുന്ന അവസ്ഥ. മുദ്രാവാക്യം വിളിക്കുകയും പോസ്റ്റര്‍ ഒട്ടിക്കുകയും ചുവരെഴുത്ത് നടത്തുകയുമെല്ലാം ചെയ്യുന്നു. ചുവരെഴുത്തിന് ഇപ്പോഴത്തെപ്പോലെ തന്നെ അന്നും പ്രാധാന്യം ഉണ്ടായിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞാല്‍ ഏറ്റവും ആദ്യം നമ്മുടെ സ്ഥാനാര്‍ഥിയുടെ പേര് കാണുക എന്നതാണ്. അത് വലിയ വാശിയായിരുന്നു. ചുമരുകളില്‍ നേരത്തെ തന്നെ ബി കെ ഡി ( ബുക്ക്ഡ്) എന്ന അക്ഷരം കാണുമായിരുന്നു. അതുപോലെ തന്നെ കൊടി കയറ്റുകയെന്നതും വലിയ വാശിയായിരുന്നു. അര്‍ത്ഥമില്ലാത്ത വാശിയാണെങ്കിലും എതിര്‍ സ്ഥാനാര്‍ഥിയുടെ കൊടിയെക്കാള്‍ ഉയരത്തില്‍ കയറ്റുക എന്നതായിരുന്നു. ജനാധിപത്യത്തിലെ ഏറ്റവും വലിയ ഉത്സവം. ഈ ഒരു ഉത്സവ പ്രതീതിയിലാണ് ഓരോ തിരഞ്ഞെടുപ്പും ആഘോഷമാക്കിയത്.
സ്ഥാനാര്‍ഥി പര്യടനം എന്നത് കുരിശിന്റെ വഴികൂടിയാണ്
മത്സരിക്കുമ്പോള്‍ ഒരു ത്രില്ലുണ്ടാകും. അത് ആദ്യത്തെ രണ്ടോ മൂന്നോ ദിവസം കൊണ്ട് ആ ത്രില്‍ തീരും. കാരണം അത്രക്കും ബുദ്ധിമുട്ട് പിടിച്ച പണിയാണ് ഒരു സ്ഥാനാര്‍ഥിയുടേത്. ഫിസിക്കലായി വളരെ സ്‌ട്രെയിന്‍ ചെയ്യേണ്ടി വരും. തളര്‍ന്നുപോകും. കാരണം പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥിയെ പരമാവധി സ്ഥലത്ത് കൊണ്ടുപോവുകയെന്നുള്ളതാണ് പ്രധാനം. അലങ്കരിച്ച വാഹനത്തില്‍ അനൗണ്‍സ്‌മെന്റ്, നമ്മളെക്കുറിച്ച് നല്ലത് മാത്രം പറയുന്നു എന്നതൊക്കെ നല്ല അനുഭവമാണ്. ഞാന്‍ ഇതിന് മുമ്പ് എവിടെയോ പറഞ്ഞിട്ടുണ്ട്, സ്ഥാനാര്‍ഥിപര്യടനം എന്നത് കുരിശിന്റെ വഴികൂടിയാണ്. ശാരീരികമായി നമ്മള്‍ തളര്‍ന്നുപോകും. എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതിയെന്നാകും. വെയിലും മഴയും കൊണ്ടുള്ള പര്യടനം, ഒരാളെപ്പോലും മിസ് ആകാതെ കൈ വീശികാണിക്കുക എന്നതെല്ലാം ആദ്യ ദിവസങ്ങളില്‍ ത്രില്ലാകും. പിന്നീട് അത് പതിയെ മാറുകയാണ് ചെയ്യുക.
Content Highlights: Sebastian paul, Lok sabha Election 2024, loksabha polls
Published: 15 Feb 2024, 02:13 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented