‘‘നിനക്ക് ഇവരെ അറിയാമോ...’’ -ചുമരിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ചൂണ്ടി വയലാർ രവി ചോദിച്ചു. ഇന്ത്യാസന്ദർശനത്തിനിടെ സമ്മാനമായിക്കിട്ടിയ കഥകളിരൂപം നോക്കുന്ന ബ്രഷ്നേവ്, ഉപഹാരമായി കതിർക്കറ്റ നൽകുന്ന വയലാർ രവി, അരികിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്നിവരാണ് ചിത്രത്തിൽ.
‘‘അന്ന് ഞാൻ ഡൽഹിയിലാണ്. ഇന്ദിരാജിയുടെ കാലത്തെല്ലാം കോൺഗ്രസ് എന്നുപറഞ്ഞാൽ ഒരു വലിയ കരുത്തും ആവേശവുമായിരുന്നു...’’
പറഞ്ഞുപോകുമ്പോൾ ഒാർമ്മകൾ ഇടകലരുന്നു. അതിനിടയിലും ഹൃദയത്തോടുചേർന്നുണ്ട് മേഴ്സി രവിയുടെ ഓർമ്മ. കെ.എസ്.യു. സെക്രട്ടറി, സംസ്ഥാനമന്ത്രി, പലവട്ടം എം.എൽ.എ.യും പാർലമെന്റംഗവും കേന്ദ്രമന്ത്രി... എല്ലാത്തിന്റെയും തുടക്കം അൻപതുകളുടെ പകുതിയിലാണ്. ആദർശവുമായി ചെറുപ്പത്തിന്റെ കുതിപ്പിന്റെ കാലം. മുദ്രാവാക്യത്തിരകൾക്കുമേൽ നേതൃതാരങ്ങൾ ഉദിച്ചു. വയലാർ രവി, എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി... സമരവും സമ്മേളനവുമായി ഒഴകുന്ന ജീവിതം. എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ് കത്തോലിക്കാ കുടുംബത്തിൽനിന്നുള്ള മേഴ്സി വന്നത്. 2009-ലായിരുന്നു മേഴ്സിയുടെ വിയോഗം.
കാക്കനാട് വാഴക്കാലയിലെ എസ്.എഫ്.എസ്. ഗേറ്റഡ് കോളനിയിലെ എട്ടാം നമ്പർ വില്ലയിൽ സന്ദർശകരെ അനുവദിക്കുന്നത് അപൂർവമാണ്. രാവിലെ ആറരയ്ക്ക് എഴുന്നേൽക്കും. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞാൽ പത്രങ്ങൾ വായിക്കും. ടി.വി. കാണാറില്ല. സിനിമ കാണുന്നതിൽ സെലക്ടീവാണ്. മോഹൻലാലിന്റെ ചിത്രവും മമ്മൂട്ടിയുടെ സി.ബി.ഐ. ഡയറിക്കുറിപ്പുംപോലുള്ള സിനിമകളാണ് പ്രിയം.
‘‘വാർത്തകൾ വായിക്കുമ്പോൾ സങ്കടം വരും. ആ സിദ്ധാർഥനെക്കുറിച്ചോർക്കുമ്പോൾ... നല്ല പയ്യനായിരുന്നു. എന്തെല്ലാം പ്രതീക്ഷകളാണ് തകർന്നുപോയത്. പണ്ട് ഞങ്ങളുടെയൊക്കെ കാലത്ത് വിദ്യാർഥിരാഷ്ട്രീയം ഇങ്ങനെയല്ലായിരുന്നു’’ -ചുമരിലെ മേഴ്സിയുടെ ചിത്രത്തിലേക്കുനോക്കി രവി മൗനത്തിലായി.
‘‘അമ്മ പോയതോടെയാണ് അച്ഛൻ ഇത്ര തളർന്നത്. ഇൗയടുത്ത് എ.കെ. ആന്റണിയെ കാണാൻ ഞാൻ കുടുംബത്തോടൊപ്പം തിരുവനന്തപുരത്ത് പോയിരുന്നു. അപ്പോൾ അവിടുന്ന് അദ്ദേഹം അച്ഛനുമായി വീഡിയോകോളിൽ കുറെനേരം സംസാരിച്ചു’’ -വർത്തമാനത്തിൽ ഒപ്പംചേർന്ന മകൻ രവികൃഷ്ണ പറഞ്ഞു.
മുബൈയിൽ കഴിയുന്ന മകൻ രാവിലെ എത്തിയതേയുള്ളൂ. ലിസ(കുഞ്ചി) ദുബായിലാണ്. ലക്ഷ്മി(ചക്കി) ചെന്നൈയിലാണ്. മക്കൾ സ്ഥിരമായി കൊച്ചിയിൽ വന്നുപോകുന്നു. വീട്ടിൽ സഹായത്തിന് ആളുകളുണ്ട്. രവിയുടെ ഒപ്പം പഴയകാലത്ത് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചവരെല്ലാം വിശ്രമത്തിലാണ്. ‘‘രണ്ടു ദിവസംമുൻപല്ലേ മൻമോഹൻ സിങ് സജീവരാഷ്ട്രീയത്തിൽനിന്ന് വിരമിച്ചത്. അദ്ദേഹത്തിന് 91 വയസ്സാണ്. എനിക്ക് 87-ഉം. സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്ന യോഗത്തിൽ ഞാനുണ്ടായിരുന്നു.’’ സിങ്ങിന്റെ സർക്കാരിൽ പ്രവാസികാര്യ മന്ത്രിയായിരുന്നു രവി. 1971-ലാണ് വയലാർ രവി ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ചിറയൻകീഴ് അന്ന് ഇടതുകോട്ടയായിരുന്നു. പക്ഷേ, ജയിച്ചു. പിന്നെ പല തിരഞ്ഞെടുപ്പുകൾ. പാർട്ടിയുടെ ഉത്തരവാദിത്വങ്ങൾ... ‘‘നെഹ്റുവും ഇന്ദിരയും മറ്റും എന്തെല്ലാം കാര്യങ്ങൾ തുടങ്ങി. അതിലല്ലേ രാജ്യം പിച്ചവെച്ചത്. ഇപ്പോൾ ഭരിക്കുന്നവർ പഴയതെല്ലാം മായ്ക്കാനുള്ള തിരക്കിലാണ്’’ -അദ്ദേഹം തെല്ലുനിശ്ശബ്ദനായി.
ഇത്തവണയും വോട്ടുചെയ്യും; കാലങ്ങളായി മുടങ്ങാതെ പോകുന്ന വയലാറിലെ ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിലെ 44-ാം നമ്പർ ബൂത്തിൽ.
Content Highlights: congress veteran leader Vayalar Ravi election memories
Published: 10 Apr 2024, 09:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented