
1970 കാലം. തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരുണ്ടാക്കണമെന്ന ലക്ഷ്യത്തോടെ അച്യുതമേനോന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. അതായത്, 1970 ജൂണ്‍ 26 ന് ഗവര്‍ണര്‍ വി. വിശ്വനാഥന്‍ രാജി അംഗീകരിക്കുകയും രാഷ്ട്രപതി നിയമസഭ പിരിച്ചുവിടുകയും ചെയ്തു. രാഷ്ട്രീയമായി അനുകൂല കാലാവസ്ഥ നോക്കിയാണ് അച്യുതമേനോന്‍ ഈ നീക്കം നടത്തിയത്. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലീം ലീഗ്, പി.എസ്.പി, ആര്‍.എസ്.പി എന്നീ കക്ഷികള്‍ ഒന്നിച്ചപ്പോള്‍ സി.പി.എമ്മിനൊപ്പമുണ്ടായിരുന്നത് ഐ.എസ്.പി, കെ.ടി.പി, കെ.എസ്.പി, എസ്.എസ്.പി, എന്നീ ചെറിയ കക്ഷികള്‍ മാത്രം. ഐക്യമുന്നണിയില്‍ നിന്നു മാറി സംഘടനാ കോണ്‍ഗ്രസിനൊപ്പം കൂടി ജനാധിപത്യമുന്നണിയുണ്ടാക്കിയാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. കെ.എം. ജോർജിന്റെ കണക്കുകൂട്ടലുകൾ തെറ്റിയില്ല. കേരളാ കോൺഗ്രസിന് 13 സീറ്റ് കിട്ടി. ഐക്യമുന്നണി 82 സീറ്റുമായി അധികാരത്തിലെത്തി. 1970 ഒക്ടോബര്‍ ഒന്നിന് അച്യുതമേനോന്‍ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. കേരള രാഷ്ട്രീയത്തില്‍ വളരെ പ്രസിദ്ധവും സംഭവബഹുലവുമായ അച്യുതമേനോന്‍ കാലഘട്ടത്തിന് ഒരു പുതിയ തുടക്കം.
ആദ്യം കോണ്‍ഗ്രസ് പ്രാതിനിധ്യമില്ലാതെയാണ് മന്ത്രിസഭ രൂപീകരിച്ചത്. ഉടനെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുമായി.
1971- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് വളരെ പ്രധാനമായിരുന്നു. കേരളത്തിലും കോണ്‍ഗ്രസ് സജീവമായി. മാര്‍ച്ച് ആറ്, ഒമ്പത് തീയതികളിലായിരുന്നു തിരഞ്ഞെടുപ്പ്. 19 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കിട്ടിയത് ഒരു സീറ്റ് മാത്രം. ജയിച്ചത് എ.കെ. ഗോപാലന്‍. കാസര്‍കോട്ട് മത്സരിച്ച് ജയിച്ചുകൊണ്ടിരുന്ന എ.കെ.ജി. ഇത്തവണ പാലക്കാട്ടാണ് മത്സരിച്ചത്.
കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസുമായി അടുത്തിരുന്നു. മൂന്നു സീറ്റാണ് കോണ്‍ഗ്രസിനോട് ചോദിച്ചത്. മൂന്നും കിട്ടി. കോട്ടയം, പീരുമേട്, മാവേലിക്കര എന്നീ സീറ്റുകള്‍. എം.എം. ജോസഫ് (പീരുമേട്), വര്‍ക്കി ജോര്‍ജ് (കോട്ടയം) ആര്‍. ബാലകൃഷ്ണപിള്ള (മാവേലിക്കര) എന്നിവര്‍ ലോക്സഭയിലേയ്ക്ക്. ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേര്‍ന്നു. ആകെ സഭയിലുള്ളത് ഒമ്പതു കോണ്‍ഗ്രസ് അംഗങ്ങള്‍. അവരുടെ നേതാവ് കണ്ണോത്തു കരുണാകരന്‍ എന്ന കെ. കരുണാകരന്‍. കരുണാകരന്‍, കെ.ടി. ജോര്‍ജ്, വക്കം പുരുഷോത്തമന്‍, വെള്ള ഈച്ചരൻ എന്നിവരാണ് മന്ത്രിമാര്‍. ഐക്യമുന്നണിയുടെ നേതൃസ്ഥാനത്തേയ്ക്കുള്ള ആദ്യപടി ചവുട്ടിക്കയറുകയായിരുന്നു കരുണാകരന്‍. അതെ ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍.
അതിവേഗം ഇടതുപക്ഷത്തേയ്ക്കു തിരിയുന്ന കേരളാ കോണ്‍ഗ്രസിനെയാണ് പിന്നെ കേരളം കണ്ടത്. കോണ്‍ഗ്രസിന്റെ പല രാഷ്ട്രീയ നിലപാടുകളും അതിനു കാരണമായി. അതില്‍ ഏറ്റവും പ്രധാനം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയില്‍ കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയ വിദ്യാഭ്യാസ സമരമായിരുന്നു. വിദ്യാര്‍ഥികളുടെ ഫീസ് ഏകീകരിക്കുക, അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുനടത്തിയ സമരം പ്രമുഖ സ്വകാര്യ കോളേജ് ഉടമകളായ കത്തോലിക്കാ സഭയ്‌ക്കെതരേയായിരുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ ആശിര്‍വാദത്തോടെ വളര്‍ന്നു വരികയായിരുന്ന കേരളാ കോണ്‍ഗ്രസിന് സ്വാഭാവികമായും കോണ്‍ഗ്രസിനോട് എതിര്‍പ്പായി.
ഈ എതിര്‍പ്പ് മുതലാക്കിയായിരുന്നു സി.പി.എമ്മിന്റെ നീക്കങ്ങള്‍. ആദ്യവട്ട ചര്‍ച്ചകള്‍ക്കുശേഷം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള സീറ്റ് വിഭജനം വരെ അതു നീണ്ടു. 1975 ജൂണ്‍ ആയപ്പോഴേയ്ക്ക് കേരളാ കോണ്‍ഗ്രസിന് 30 സീറ്റ് വരെയാവാമെന്ന ധാരണയിലെത്തി രണ്ടു കക്ഷികളും. ഇരുകക്ഷികളും യോജിച്ച് സമരപരിപാടികളും തുടങ്ങി.
1975 ജൂണ്‍ 25-ാം തീയതി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഈ കണക്കുകൂട്ടലുകള്‍ അപ്പാടെ തള്ളി. സമരരംഗത്തായിരുന്ന സി.പി.എം. നേതാക്കളോടൊപ്പം കേരളാ കോണ്‍ഗ്രസ് നേതാക്കളും ജയിലിലായി. ഇ.എം.എസ്, എ.കെ. ഗോപാലന്‍, കെ. അനിരുദ്ധന്‍ എന്നിങ്ങനെ പ്രമുഖ സി.പി.എം. നേതാക്കളും കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം. ജോര്‍ജും ജനറല്‍ സെക്രട്ടറി ആര്‍. ബാലകൃഷ്ണപിള്ളയും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിക്ക് ശക്തി കിട്ടണമെങ്കില്‍ കേരളാ കോണ്‍ഗ്രസ് ഒപ്പം വേണമെന്ന അറിവ് ഹൈക്കമാന്റിനുണ്ടായി. ഇന്ദിരാഗാന്ധി തന്നെ കരുക്കള്‍ നീക്കി കേരളാ കോണ്‍ഗ്രസിലെ ചില പ്രബലരുമായി കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടു. പാര്‍ട്ടിയില്‍ രൂപംകൊണ്ടിരുന്ന ഒരു ഒമ്പതംഗ സംഘത്തില്‍പ്പെട്ട ജോര്‍ജ് ജെ. മാത്യു പൊട്ടങ്കുളം ആയിരുന്നു ഇതില്‍ പ്രമുഖന്‍. ഈ ഗ്രൂപ്പിലെ ഒരു പ്രധാനിയായി കെ.എം. മാണി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായുള്ള ചര്‍ച്ചകള്‍ കെ.എം. ജോര്‍ജും ജോര്‍ജ് ജെ. മാത്യുവും നേരിട്ടാണ് നടത്തിയത്. ഇതിലേക്ക് കെ.എം. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.
കെ.എം. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും മന്ത്രിയാക്കാമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവെച്ചു. ബാലകൃഷ്ണപിള്ള ഒന്നു മുരണ്ടപ്പോള്‍ ആഭ്യന്തരവകുപ്പ് സഹമന്ത്രിയായിരുന്ന കെ.സി. പന്ത് അദ്ദേഹത്തെ മാറ്റിനിര്‍ത്തി ജയിലില്‍ പോണോ അതോ മന്ത്രിയാകണോ എന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ജയിലില്‍ പൊയ്ക്കോളാമെന്നായിരുന്നു തന്റെ മറുപടി എന്ന് പിള്ള ആത്മകഥയില്‍ പറയുന്നുണ്ട്. (പ്രിസണര്‍ 5990).
രണ്ടുമന്ത്രി സ്ഥാനമെന്ന് കേട്ടപ്പോള്‍ ഒരു മന്ത്രി താനാവണമെന്ന വാദം കെ.എം. മാണി ഉന്നയിച്ചു. ഒരാള്‍, ഒരു പദവി എന്ന കാര്യം പണ്ടേ തീരുമാനിച്ചിട്ടുള്ളതാണെന്ന കാര്യം ഒമ്പതംഗ സംഘം ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ കെ.എം. ജോര്‍ജ് ആകെ പതറി. കെ.എം. ജോര്‍ജ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് മന്ത്രിയാവട്ടെ എന്നും ആസ്ഥാനത്ത് കെ.എം. മാണി ഇരിക്കട്ടെ എന്നും ഗ്രൂപ്പിലെ ചില പ്രധാനികള്‍ ഉന്നയിച്ചുവെങ്കിലും മാണി വഴങ്ങിയില്ല.
ഗ്രൂപ്പിലെ ഒരു പ്രധാനിയായി മാറിക്കഴിഞ്ഞിരുന്ന പി.ജെ. ജോസഫും കെ.എം. മാണിയും ഇടയുന്നത് ഈ വിഷയത്തെചൊല്ലിയാണ്. കെ.എം. ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും മന്ത്രിമാരാവണമെന്ന ഗ്രൂപ്പ് തീരുമാനത്തില്‍നിന്ന് ഗ്രൂപ്പംഗങ്ങളില്‍ പലരും പിന്‍മാറി. മാണിയോടൊപ്പം ചേരാന്‍ തയ്യാറായി. മാണി മന്ത്രിയാവണ്ട ചെയര്‍മാനാവട്ടെ എന്ന നിലപാടില്‍ ജോര്‍ജ് ജെ. മാത്യുവും പി.ജെ. ജോസഫും ഉറച്ചു നിന്നു.
ഗ്രൂപ്പിനുള്ളിലെ സംഭാഷണങ്ങള്‍ക്കിടയില്‍ മാണി മന്ത്രിയാവുന്നതിനോടു യോജിപ്പില്ലെന്നു വ്യക്തമാക്കിയ പി.ജെ. ജോസഫ് പറഞ്ഞ ഒരു വാചകം അന്നു തന്നെ മാണിയുടെ ചെവിയിലെത്തി. 'ഇല്ല, ഇല്ല, ഞാനതനുവദിക്കുകയില്ല എന്നായിരുന്നു പി.ജെയുടെ കടുത്ത വാക്കുകള്‍. ഇതറിഞ്ഞ മാണി ക്ഷുഭിതനായി. എല്ലാവരും കൂടിയിരുന്നപ്പോള്‍ മാണി ക്ഷോഭത്തോടെ പറഞ്ഞു. 'അനുവദിക്കുകയില്ലെന്ന് പറയാന്‍ അവനാരാണ്? അവന്റെ കുടുംബസ്വത്താണോ പാര്‍ട്ടി?' ആരും ഒന്നും പറഞ്ഞില്ല.

കെ.എം. മാണി പി.ജെ. ജോസഫിനെതിരെ യുദ്ധം പ്രഖ്യാപിച്ചു അന്ന്. പില്‍ക്കാലത്ത് കേരളാ കോണ്‍ഗ്രസില്‍ നടന്ന പിളര്‍പ്പുകളില്‍ പ്രധാന നായകര്‍ മാണിയും ജോസഫുമായിരുന്നു. മാണി ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ് എന്നീ രണ്ടു പ്രബല ഗ്രൂപ്പുകള്‍ രൂപം കൊള്ളുന്നത് ഇവിടെയാണ്. ജോര്‍ജ് ജെ. മാത്യു പൊട്ടങ്കുളം എഴുതിയ അനുഭവങ്ങള്‍ അടിയൊഴുക്കുകള്‍ എന്ന ആത്മകഥയില്‍ ഇക്കാര്യം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കെ.എം. ജോര്‍ജ് തന്നെയാണ് 1968- ല്‍ തൊടുപുഴ സ്വദേശി പി.ജെ. ജോസഫിനെ ക്ഷണിച്ച് കേരള കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്നത്. കെ.എം. ജോര്‍ജ് അപ്പോഴേയ്ക്ക് പൊതുവെ ബഹുമാനിക്കപ്പെടുന്ന ഒരു നേതാവായി വളര്‍ന്നിരുന്നു. തൊടുപുഴ വാരപ്പുഴയിലുള്ള പാലത്തിനാല്‍ ജോസഫിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ട് മകന്‍ പി.ജെ. ജോസഫിനെ കേരളാ കോണ്‍ഗ്രസിലേയ്ക്ക് വിടണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മകനെ സ്ഥാനാര്‍ഥിയാക്കി ജയിപ്പിച്ചുകൊള്ളാമെന്ന് കെ.എം. ജോര്‍ജ് ആ പിതാവിന് ഉറപ്പും നല്‍കി, 1970 ല്‍ പി.ജെ. ജോസഫ് തൊടുപുഴയില്‍ മത്സരിച്ച് നിയമസഭാംഗമാവുകയും ചെയ്തു. ഇന്നും യു.ഡി.എഫിലെ കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസ് തന്നെ. എണ്‍പതുകളില്‍ കരുണാകരന് വളരെ വിശ്വസ്തനായ സുഹൃത്തായിരുന്ന പി.ജെ. കുറെക്കാലം യു.ഡി.എഫ്. കണ്‍വീനറുമായിരുന്നു.
എല്ലാംകൊണ്ടും കേരളാ കോണ്‍ഗ്രസിനെ കരുപ്പിടിപ്പിച്ചു വളര്‍ത്തിയെടുത്തവരില്‍ പ്രധാനി കെ.എം. ജോര്‍ജ് തന്നെയായിരുന്നു. പക്ഷേ, കെ.എം. ജോര്‍ജും ആര്‍. ബാലകൃഷ്ണപിള്ളയും മന്ത്രിമാരാവണമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ യോഗത്തിലെടുത്ത തീരുമാനം അട്ടിമറിക്കപ്പെട്ടു. 1975 ഡിസംബര്‍ 25-ാം തീയതി കോട്ടയത്ത് ദീപിക ദിനപ്പത്രത്തിന്റെ ഓഫീസില്‍ കാത്തോലിക്ക സഭയിലെ ചില പുരോഹിതന്മാര്‍ യോഗം ചേര്‍ന്ന് ഒരാള്‍ ഒരു പദവി എന്ന സിദ്ധാന്തം നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചു. അതനുസരിച്ച് കെ.എം. ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായി തുടരണമെന്നും കെ.എം. മാണിയും ബാലകൃഷ്ണപിള്ളയും മന്ത്രിമാരാവണമെന്നുമായിരുന്നു ആ നിര്‍ദേശത്തിന്റെ അര്‍ഥം.
പിറ്റേന്ന് അതായത് ഡിസംബര്‍ 26-ാം തീയതി ആര്‍. ബാലകൃഷ്ണപിള്ളയും കെ.എം. മാണിയും മന്ത്രിമാരായി സ്ഥാനമേറ്റു. മാണി അങ്ങനെ മന്ത്രിയായി. വകുപ്പ് ധനകാര്യം. ബാലകൃഷ്ണപിള്ളയ്ക്ക് ട്രാന്‍സ്പോര്‍ട്ടും ലോക്സഭാംഗമായിരുന്നതിനാല് ബാലകൃഷ്ണപിള്ള ആറുമാസം തികയും മുമ്പ് രാജിവെച്ചു. പകരം കെ.എം. ജോര്‍ജ് ട്രാന്‍സ്പോര്‍ട്ട് മന്ത്രിയായി. 1976 ജൂണ്‍ 26-ന് ആറുമാസം തികയുന്നതിനുമുമ്പേ കെ.എം. ജോര്‍ജ് അന്തരിച്ചു. ഹൃദയസ്തംഭനം മൂലമായിരുന്നു മരണം. 1976 ഡിസംബര്‍ 11-ാം തീയതി 57-ാം വയസില്‍. കോണ്‍ഗ്രസില്‍ നിന്ന് പുതിയൊരു പാര്‍ട്ടി ഉണ്ടാക്കാനും ആ പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാനും ഏറെ അധ്വാനിച്ച വലിയ നേതാവായിരുന്നു കെ.എം. ജോര്‍ജ്.
പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ മനംനോന്ത് ഹൃദയം പൊട്ടിയാണ് കെ.എം. ജോര്‍ജ് മരിച്ചതെന്ന് ബാലകൃഷ്ണപിള്ള ആത്മകഥയില്‍ പറയുന്നു.
കോണ്‍ഗ്രസില്‍നിന്നു ജന്മമെടുത്ത കേരളാ കോണ്‍ഗ്രസിനോട് പൊതുവെ കോണ്‍ഗ്രസുകാര്‍ വലിയ മമതയൊന്നും കാണിച്ചിട്ടില്ല. പ്രത്യേകിച്ച് കോട്ടയം, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ കരുണാകരനും എ.കെ. ആന്റണിയും ഉമ്മന്‍ ചാണ്ടിയുമൊക്കെ മുന്നണി ബന്ധത്തിന്റെ പേരില്‍ എപ്പോഴും കേരളാ കോണ്‍ഗ്രസിനെ ചേര്‍ത്തുപിടിച്ചെങ്കില്‍ പോലും അണികളും ജില്ലാതല നേതാക്കളും അങ്ങനെയായിരുന്നില്ല. അവര്‍ക്കെല്ലാം എക്കാലത്തും കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു രൂപമെടുത്ത പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കോട്ടയത്ത് ഈ സംഘര്‍ഷം ഇപ്പോഴും പ്രകടമാണ്.

മധ്യകേരളത്തില്‍ കേരളാകോണ്‍ഗ്രസിന്റെ പ്രധാന ശത്രു കോണ്‍ഗ്രസ് തന്നെയായിരുന്നു. എപ്പോഴും. അതേസമയം ജനാധിപത്യ മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എക്കാലത്തും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും ചെയ്തു. 1980-ല്‍ ചുരുങ്ങിയ കാലത്തേയ്ക്ക് ആന്റണി പക്ഷത്തോടൊപ്പം കൂട്ടുകൂടി മാണി കേരളാ കോണ്‍ഗ്രസ് ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ചേര്‍ന്ന് ഭരിച്ചതൊഴിച്ചാല്‍.
ഐക്യജനാധിപത്യമുന്നണിയില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും ഒന്നിച്ച് നില്‍ക്കുകയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പുകളെ നേരിടുകയും ജയിച്ചപ്പോഴൊക്കെ മന്ത്രിസഭ രൂപീകരിച്ച് ഭരണം പങ്കിടുകയും ചെയ്തുവെങ്കിലും കോണ്‍ഗ്രസ് കേരളാ കോണ്‍ഗ്രസിനെയും കേരളാ കോണ്‍ഗ്രസ് കോണ്‍ഗ്രസിനെയും എപ്പോഴും സംശയത്തോടെയാണ് കണ്ടത്.
1965 മുതല്‍ മരണം വരെ 54 വര്‍ഷക്കാലം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.എം. മാണിയെ തോല്‍പിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നത് കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നു. കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമൊക്കെയായിരുന്ന പാലാ സ്വദേശി എം.എം. ജേക്കബ് അദ്ദേഹത്തിന്റെ മരണം വരെയും പാലാ മണ്ഡലത്തില്‍ കണ്ണുവെച്ചിരുന്നു.
പലപ്പോഴും മത്സരരംഗത്ത് എതിര്‍പക്ഷത്തെ മാത്രമല്ല സ്വന്തം പക്ഷത്തെ കോണ്‍ഗ്രസുകാര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും കെ.എം. മാണിക്ക് നേരിടേണ്ടിവന്നു. മാണിക്ക് അതിനുള്ള കരുത്തുണ്ടായിരുന്നുവെന്നത് മറ്റൊരു കാര്യം.
കേരളാ കോണ്‍ഗ്രസില്‍ മാണി കളികളേറെ കളിച്ചു. തന്ത്രങ്ങളും കുതന്ത്രങ്ങളും മാറി മാറി പ്രയോഗിച്ച് മുന്നേറി. തനിക്കെതിരെ തലപൊക്കിയവരെയൊക്കെ മാണി വെട്ടിവീഴ്ത്തി. പാര്‍ട്ടിയിലെ മേധാവിത്വം അദ്ദേഹം ഒരിക്കലും ആര്‍ക്കും വിട്ടുകൊടുത്തില്ല. സ്വന്തം മേധാവിത്വം നിലനിര്‍ത്താന്‍ പല തവണ പാര്‍ട്ടി പിളര്‍ത്തി. മേധാവിത്വത്തിന്റെ വ്യാപ്തി ഉറപ്പിക്കാന്‍ വേറിട്ട് നിന്ന കേരളാ കോണ്‍ഗ്രസുകളെ മാണി തന്നെ സംയോജിപ്പിക്കുകയും ചെയ്തു.
ഇതിനെല്ലാം പറ്റിയൊരു സിദ്ധാന്തവും കെ.എം. മാണി അവതരിപ്പിച്ചു. 'വളരുംതോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയാണു കേരളാ കോണ്‍ഗ്രസ്.'
(തുരുടം...)
Content Highlights: Kerala Congress (M): Split in Party and Relation with Congress
Published: 16 May 2024, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented