
യഥാര്‍ത്ഥ കേരളാ കോണ്‍ഗ്രസ് ആരാണെന്ന് വ്യക്തമാകുന്ന തിരഞ്ഞെടുപ്പാണിന്ന് പറഞ്ഞാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ് ഇക്കുറി അങ്കത്തട്ടിലിറങ്ങിയത്. അഭിമാനപ്പോരാട്ടത്തിനൊടുവില്‍ യുഡിഎഫിന്റെ പഴയ കോട്ട ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം. കേരളാകോണ്‍ഗ്രസുകാര്‍ ചരിത്രത്തിലാദ്യമായി നേര്‍ക്കുനേര്‍ നിന്ന് ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പാനലില്‍ മത്സരിച്ച കേരളാകോണ്‍ഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് മിന്നുന്ന ജയം. ഇത് വെറും വിജയം മാത്രമല്ല. നിലനില്‍പ്പിന്റെയും അസ്ഥിത്വത്തിന്റെയും കൂടെ വിജയമാണിത്. കാരണം ഒരു ഔദ്യോഗിക പാര്‍ട്ടിയായി അംഗീകരിക്കണമെങ്കിലും സ്വന്തമായി ചിഹ്നം അനുവദിക്കണമെങ്കിലും സ്വന്തമായി ഒരു എം.പി വേണമായിരുന്നു. കാത്തിരിപ്പിന്റെ കൂടി ഉത്തരമാണ് ഫ്രാന്‍സിസ് ജോര്‍ജ്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് ഇരട്ടി മധുരമുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജിന് ഈ വിജയം ഒരു ചരിത്ര നിയോഗം കൂടിയാവുകയാണ്.
എല്‍ഡിഎഫ് പാനലില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയും സിറ്റിങ്ങ് എം.പിയുമായ തോമസ് ചാഴിക്കാടനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ബിജെഡിഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയും. 87464 ല്‍പ്പരം വാട്ടിന്റെ ഭൂരിപക്ഷമാണ് ഫ്രാന്‍സിസ് ജോര്‍ജ് സ്വന്തമാക്കിയത്. അദ്ദേഹത്തിന് മൊത്തം ലഭിച്ച വോട്ടുകള്‍ 362348 വോട്ടുകള്‍. രണ്ടാമത് എത്തിയ തോമസ് ചാഴിക്കാടന്‍ 274884 വോട്ടുകളും മൂന്നാമത് എത്തിയ ബിജെഡിഎസ് സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി 163605 വോട്ടുകളും സ്വന്തമാക്കി.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണോ മാണി വിഭാഗത്തിനാണോ ജന്മനാടായ കോട്ടയത്ത് ശക്തര്‍ എന്നറിയാനുള്ള മാറ്റുരയ്ക്കലുകൂടിയായിരുന്നു ഈ തിരഞ്ഞെടുപ്പ്. അതിന്റെ ഉത്തരം യുഡിഎഫിനൊപ്പം ചേര്‍ന്ന ജോസഫ് വിഭാഗം തന്നെയാണെന്ന് കോട്ടയം വിധിയെഴുതി. ഇടുക്കിയില്‍ നിന്ന് ചുരമിറങ്ങിയ ഫ്രാന്‍സിസ് ജോര്‍ജിന് ഡല്‍ഹിയിലേക്ക് ടിക്കറ്റ് കിട്ടുകയും ചെയ്തു.
2019ല്‍ 1,06,259 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോമസ് ചാഴികാടന്‍ ഇപ്പോഴത്തെ മന്ത്രി വി.എന്‍.വാസവനെ തോല്‍പ്പിച്ചത്. യുഡിഎഫിലായിരുന്ന ചാഴികാടന് 4,21046 വോട്ടും വാസവന് 3,14787 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന പിസി തോമസിന് 1,55,135 വോട്ടും ലഭിച്ചു.
1996, 98, 99, 2004, 2009 വര്‍ഷങ്ങളില്‍ ജോസഫ് ഗ്രൂപ്പിനുവേണ്ടി ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കിയില്‍ മത്സരിച്ചു. 99-ലും 2004 ലും ജയിച്ചു. 2009-ല്‍ ജോസ് കെ. മാണി യു.ഡി.എഫിനുവേണ്ടി കോട്ടയം സീറ്റ് സുരേഷ് കുറുപ്പില്‍നിന്ന് പിടിച്ചെടുത്തു. 2014-ലും കോട്ടയം നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. പിന്നീട് രാജ്യസഭയിലേക്ക് ചുവടുമാറ്റി.
ചിഹ്നത്തില്‍ അനിശ്ചിതത്വം ഒടുവില്‍ ഓട്ടോ പിടിച്ച് ഡല്‍ഹിയിലേക്ക്
അവസാനം നിമിഷം വരെ കാത്തിരുന്ന ശേഷമാണ് ഫ്രാന്‍സിസ് ജോര്‍ജിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചത്.
കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ മത്സരിച്ച ട്രാക്ടര്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടി ഓട്ടോറിഷ ചിഹ്നത്തിനായി അനുമതി തേടുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകൃത പാര്‍ട്ടിയല്ലാത്തതിനാല്‍ സ്വതന്ത്രര്‍ക്ക് ചിഹ്നം അനുവദിക്കുന്ന ഘട്ടംവരെ കാത്തിരുന്ന ശേഷമാണ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നമായതു പോലും.
തുടര്‍ച്ചയായി ഒരേ ചിഹ്നത്തില്‍ എന്നുപറഞ്ഞാണ് തോമസ് ചാഴികാടനുവേണ്ടി രണ്ടില ചിഹ്നത്തില്‍ മുന്നണി വോട്ടുതേടിയത്. തോമസ് ചാഴികാടന്‍ ഏറ്റുമാനൂരില്‍നിന്ന് എം.എല്‍.എ. ആയതും കോട്ടയത്തുനിന്ന് എം.പി.യായതും രണ്ടിലയിലാണ് എന്നതായിരുന്നു പ്രചാരത്തില്‍ പ്രധാന ആയുധം. ചിഹ്നത്തില്‍ അല്ല കാര്യം സ്ഥാനാര്‍ത്ഥിയിലാണെന്നാണ് കോട്ടയം വിധിയെഴുതിയത്.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷം രണ്ടിലയ്ക്കായി ജോസ്, ജോസഫ് പക്ഷങ്ങള്‍ നടത്തിയ നിയമപോരാട്ടം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍വരെ എത്തിയിരുന്നു. വിജയം മാറിമറിഞ്ഞ പോരില്‍ അവസാന ചിരി ജോസിന്റേതായിരുന്നു. കേരള കോണ്‍ഗ്രസ് (എം) എന്ന അംഗീകാരവും രണ്ടിലയും സ്വന്തം. ഇതോടെ ജോസഫ് വിഭാഗം സ്വന്തം ചിഹ്നത്തിന് അന്വേഷണമായി. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ചെണ്ടയും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്രാക്ടറും ചിഹ്നമായി. പി.സി. തോമസിന്റെ പാര്‍ട്ടിയുമായി ലയിച്ച് കേരള കോണ്‍ഗ്രസ് രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയെങ്കിലും അംഗീകൃത പാര്‍ട്ടിയാകാനും സ്വന്തം ചിഹ്നം കിട്ടാനും ഒരു എം.പി. വേണം. ഈ രണ്ട് ലക്ഷ്യങ്ങളാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ വിജയത്തിലൂടെ പൂവണിഞ്ഞത്.
ആരാണ് ഫ്രാന്‍സിസ് ജോര്‍ജ്
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്ന കെ.എം.ജോര്‍ജിന്റെയും മാര്‍ത്തയുടേയും മകനായി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കില്‍ 1955 മെയ് 29ന് ആണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനനം. ബാംഗ്ലൂരിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമ ബിരുദവും നേടി.
കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം. കേരള കോണ്‍ഗ്രസ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചെയര്‍മാനാണ്.
ഫെഡറല്‍ ബാങ്ക് ജീവനക്കാരനായാണ് ഫ്രാന്‍സിസ് ജോര്‍ജ് തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെ 1987-ല്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) ഗ്രൂപ്പില്‍ ചേര്‍ന്നു. 1991-ല്‍ എറണാകുളം ജില്ലാ കൗണ്‍സില്‍ അംഗമായ ഫ്രാന്‍സിസ് ജോര്‍ജ് 1996, 1998 ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
1999, 2004 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് പാര്‍ട്ടി ടിക്കറ്റില്‍ ഇടുക്കിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റായ ഇടുക്കിയില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവായ പി.ടി.തോമസിനോട് പരാജയപ്പെട്ടു.
2010-ല്‍ ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് കാബിനറ്റ് വകുപ്പ് മന്ത്രി സ്ഥാനം രാജി വച്ച പി.ജെ.ജോസഫിനൊപ്പം ഐക്യ ജനാധിപത്യ മുന്നണിയില്‍ എത്തി മാണി ഗ്രൂപ്പില്‍ ലയിച്ചു.
2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തിനൊടുവില്‍ മാണി ഗ്രൂപ്പില്‍ നിന്ന് പിളര്‍ന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച് വീണ്ടും ഇടത് മുന്നണിക്കൊപ്പം ചേര്‍ന്നു.
2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് മത്സരിച്ചെങ്കിലും മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ത്ഥിയായ റോഷി അഗസ്റ്റിനോട് പരാജയപ്പെട്ടു.
2020-ല്‍ സ്വന്തം പാര്‍ട്ടി വിട്ട് വീണ്ടും യു.ഡി.എഫില്‍ തിരിച്ചെത്തിയപ്പോള്‍ മാണി ഗ്രൂപ്പ് യു.ഡി.എഫ് വിട്ട് ഇടത് മുന്നണിയിലെത്തി.
2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് വീണ്ടും മുന്നണി മാറി മത്സരിച്ചെങ്കിലും വീണ്ടും റോഷി അഗസ്റ്റിന്‍ തന്നെയാണ് ഇക്കുറിയും ജയിച്ചത്.
കൂറുമാറ്റം, അപരന്‍മാര്‍: വിടാതെ തുടര്‍ന്ന പ്രതിസന്ധികള്‍
അഭിമാനപ്പോരാട്ടത്തിന് ഇറങ്ങിത്തിരിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കാത്തിരുന്നത് വെല്ലുവിളികളായി പാര്‍ട്ടിയിലെ പ്രധാന നേതാക്കന്‍മാരുടെ കൂറുമാറ്റം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്റ് മഞ്ഞക്കടമ്പില്‍ രാജിവെച്ചു. പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് ഉരുളികുന്നം രാജി വെച്ചു. മോന്‍സ് ജോസഫുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇരുവരുടെയും രാജി. ഈ അപ്രതീക്ഷിത പ്രതിസന്ധിയിലും പാര്‍ട്ടി ഒരുമിച്ച് നിന്ന് പോരാടിയതിന്റെ വിജയമാണ് കോട്ടയത്ത് കണ്ടത്.
അപര്‍മാരെ ഇറക്കിയും ഫ്രാന്‍സിസ് ജോര്‍ജിന് തടയിടാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഒരു ഘട്ടത്തില്‍ ഇതിനെതിരെ പരസ്യപ്രതികരണവുമായി സ്ഥാനാര്‍ഥി തന്നെ രംഗത്തെത്തുകയും ചെയ്തു.
വിജയത്തെ നിര്‍ണയിച്ച ഘടകങ്ങള്‍
കേരളാ കോണ്‍ഗ്രസിന്റെ ജന്മഭൂമിയാണെങ്കിലും പൊതുവേ കോണ്‍ഗ്രസിന് വളക്കൂറുള്ള മണ്ണാണ് കോട്ടയം. മുന്നണിയിലെ ഒരു വിഭാഗം ഇടതുചേരിയില്‍ എത്തിയെങ്കിലും പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി പെട്ടിയിലാക്കാന്‍ യുഡിഎഫിനായി. സമുദായ വോട്ടുകളും ഫ്രാന്‍സിസ് ജോര്‍ജിന് അനുകൂല ഘടകമായി മാറി.
Content Highlights: Francis George, Francis George win kottayam
Published: 04 Jun 2024, 03:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented