കോട്ടയത്തെ തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. യു.ഡി.എഫ്. സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജ് കോട്ടയം പിടിക്കുമെന്നും തോല്‍ക്കുന്ന കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫിലേക്ക് മടങ്ങുമെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തങ്ങളുടെ സ്ഥാനാർഥി തോമസ് ചാഴിക്കാടന് ജയിച്ചാലും തോറ്റാലും യു.ഡി.എഫിലേക്ക് ഇല്ലേ ഇല്ലെന്ന് കേരള കോണ്‍ഗ്രസ് മാണി വിഭാഗം ആണയിടുകയും ചെയ്യുന്നു.
1964-ൽ കോൺഗ്രസിൽ നിന്ന് കേരളാ കോൺഗ്രസ് രൂപമെടുത്തത് കോട്ടയത്താണ്. അന്നു മുതല്‍ എക്കാലത്തും കേരള കോണ്‍ഗ്രസിന്റെ സ്വന്തം തട്ടകമായിരുന്നു കോട്ടയം. ഇതിനിടയ്ക്ക് പാര്‍ട്ടി പലവട്ടം പിളര്‍ന്നു. വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ രണ്ടു മുന്നണികളിലും മാറി മാറി നിലയുറപ്പിച്ച് ഭരണം കൈയാളി. ഏറ്റവുമൊടുവില്‍ കോട്ടയത്ത് രണ്ടു കേരള കോണ്‍ഗ്രസുകള്‍ തമ്മില്‍ നടന്ന തീപാറുന്ന പോരാട്ടം. ഒരു വശത്ത് ഇടതുപക്ഷ മുന്നണിയിലെ മാണി വിഭാഗം സ്ഥാനാർഥി തോമസ് ചാഴിക്കാടന്. മറുവശത്ത് ഐക്യജനാധിപത്യ മുന്നണിയിലെ ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ഫ്രാന്‍സിസ് ജോര്‍ജും. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ കോട്ടയം തിരഞ്ഞെടുപ്പിന് വളരെ പ്രാധാന്യമുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മാണി ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് യു.ഡി.എഫ്. വിട്ടത്. ഉടന്‍ തന്നെ സി.പി.എം. നേതൃത്വം രണ്ടു കൈയും നീട്ടി മാണി വിഭാഗത്തെ സ്വീകരിച്ച് ഇടതുമുന്നണിയിലേക്കാനയിച്ചു. 2021-ലെ തിരഞ്ഞെടുപ്പില്‍ 99 സീറ്റുമായി ഇടതു മുന്നണി വീണ്ടും അധികാരത്തില്‍. ഭരണത്തുടര്‍ച്ച നേടി പിണറായി വിജയന് രണ്ടാം തവണയും മുഖ്യമന്ത്രി. യു.ഡി.എഫ് പിന്നെയും പ്രതിപക്ഷത്ത്.
1980-നു ശേഷം കൃത്യമായ ഇടവേളകളില്‍ സംസ്ഥാന ഭരണം പിടിച്ചടക്കിയ യു.ഡി.എഫ്. അതിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ്. ശക്തമായൊരു മുന്നണിയുടെ ചേരുവകളെല്ലാമുണ്ടായിരുന്നു യു.ഡി.എഫിന്. കോണ്‍ഗ്രസിന്റെ ശക്തമായ നേതൃത്വം. ഒപ്പം ഒരു വശത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്. മറുവശത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം. എണ്‍പതുകളില്‍ കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്. 1995 മുതല്‍ ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയോടൊപ്പം പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.എം.മാണിയും. ഇവരായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടെ മൂന്നു നെടുംതൂണുകള്‍. മുന്നണിയുടെ ശക്തിയും ശബ്ദവും ഈ മൂന്നു നേതാക്കളായിരുന്നു.

കെ.എം. മാണിയുടെ നിര്യാണത്തോടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ നേതൃത്വം മകന് ജോസ് കെ. മാണി ഏറ്റെടുത്തു. മാണിയോളം വരില്ല ജോസ് കെ. മാണി എന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതി. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 2021 നിയമസഭാ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിന്റെ നടപ്പു രീതിയനുസരിച്ച് യു.ഡി.എഫിന്റെ വഴിയേ വരേണ്ടതാണ്. അപ്പോള്‍ മുഖ്യമന്ത്രിയാവുക രമേശ് ചെന്നിത്തല എന്നതിലും സംശയമുണ്ടായിരുന്നില്ല. പക്ഷേ ഒരു നിര്‍ണായക ഘട്ടത്തില്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ നിന്നു പുറത്താക്കാന്‍ മുന്നണി ചെയര്മാന് കൂടിയായിരുന്ന രമേശ് ചെന്നിത്തല ഒത്താശ ചെയ്തു. മുന്നണി കണ്‍വീനര്‍ ബെന്നി ബഹന്നാൻ ഒരു പത്രസമ്മേളനത്തില്‍ ആ പ്രഖ്യാപനം നടത്തി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം വഴിപിരിഞ്ഞു. രമേശ് ചെന്നിത്തലയ്ക്ക് അതിനു നല്‍കേണ്ടി വന്ന വില വളരെ വലുതായിരുന്നു.
കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലെന്ത് എന്ന ചോദ്യത്തിലേക്ക് നയിക്കുന്ന വലിയ ഘടകം തന്നെയാണ് അന്ന് രമേശ് ചെന്നിത്തല നല്കിയ വിലയുടെ പിന്നാമ്പുറം. കോണ്‍ഗ്രസിന്റെ ചരിത്രത്തിലൂടെ കടന്നുവരുന്നുണ്ട് ആ കഥയും അതിന്റെ വകഭേദങ്ങളും. 1960. കോണ്‍ഗ്രസ്, പി.എസ്.പി, മുസ്ലിം ലീഗ് എന്നീ കക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പ്പിച്ച് സര്‍ക്കാരുണ്ടാക്കിയ സമയം. മുഖ്യമന്ത്രി സ്ഥാനം പി.എസ്.പി.യിലെ പട്ടം താണുപിള്ളയ്ക്ക്. ആര്. ശങ്കര്‍ ഉപമുഖ്യമന്ത്രിയായി. 1957-ലെ ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന പി.ടി. ചാക്കോ ആഭ്യന്തരമന്ത്രി.
തൊട്ടുമുമ്പത്തെ നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയാക്കുക എന്ന പതിവാണ് ഇവിടെ തെറ്റിച്ചത്. ഏറ്റവും മുതിര്‍ന്ന നേതാവെന്ന പരിഗണനയില്‍ പട്ടത്തെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തന്നെ തീരുമാനിക്കുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ചാക്കോ തന്നെ ശങ്കറിന്റെ പേര് മുന്നോട്ട് വെച്ചു. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളില്‍ ശങ്കറാണ് മുന്നില്‍ നില്‍ക്കേണ്ടതെന്നായിരുന്നു ചാക്കോയുടെ ചിന്ത.
പട്ടത്തിന്റെ അധികാരഭ്രമവും മേല്‍ക്കോയ്മയും സഹിക്കാനാവാതെ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. ഹൈക്കമാണ്ടില്‍ സമ്മർദം ചെലുത്തി പട്ടത്തെ പഞ്ചാബ് ഗവര്‍ണറായി അയച്ചു. പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പി.ടി ചാക്കോയുടെ പേര് നിര്ദേശിക്കപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. പകരം ആര്. ശങ്കറിന്റെ പേര് ചാക്കോ തന്നെ മുന്നോട്ടു വെച്ചു. ശങ്കര്‍ മുഖ്യമന്ത്രിയായി. അധികനാള്‍ കഴിയുന്നതിനു മുമ്പു തന്നെ പ്രതിപക്ഷം ശങ്കറിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ അതേറ്റു പിടിച്ചു. ശങ്കറിനെതിരായ നീക്കത്തിനു നേതൃത്വം നല്‍കിയത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സി.കെ. ഗോവിന്ദന് നായര്‍ എന്ന സി.കെ.ജി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആരോപണം അപ്പാടെ തള്ളി.
ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ മുഖ്യമന്ത്രി ശങ്കറിനൊപ്പം ഉറച്ചുനിന്നു. നിയമസഭാ കക്ഷി ഇവര്‍ക്കൊപ്പം. സംഘടനയാവട്ടെ എതിരും. ഈ സമയത്ത് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നു. രണ്ടു വിഭാഗവും സ്ഥാനാർഥികളെ നിര്‍ത്തി. ശങ്കര്‍-ചാക്കോ അച്ചുതണ്ട് എം.സി. ചാക്കോയെ സ്ഥാനാർഥിയാക്കി. സി.കെ.ജി. വിഭാഗത്തിന്റെ സ്ഥാനാർഥി എ.ഐ.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി. മാധവന് നായര്‍. വാശിയേറിയ തിരഞ്ഞെടുപ്പില്‍ മാധവന് നായര്‍ ജയിച്ചു. കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ ഉണ്ടാവുകയായിരുന്നു. ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടവും. ആദ്യത്തെ ഗ്രൂപ്പ് പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പ്. 1963 നവംബര്‍ 30-ാം തീയതി കൊച്ചിയില്‍ നടന്ന കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ്. എല്ലാം തകര്‍ന്ന വേദനയോടെ ശങ്കറും ചാക്കോയും കൊച്ചിയില്‍ നിന്നു മടങ്ങി.
എട്ടു ദിവസത്തിനുശേഷം പി.ടി. ചാക്കോ ഓടിച്ചിരുന്ന കാര്‍ തൃശൂരിനടുത്തുവെച്ച് ഒരു പിടിവണ്ടിയിലിടിച്ചു. ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക കാര്‍ ചാക്കോ തന്നെയാണ് ഓടിച്ചിരുന്നത്. കാറില്‍ ഒരു വനിതാ കോണ്‍ഗ്രസ് നേതാവുണ്ടായിരുന്നത് വലിയ വിവാദമായി. കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചാക്കോയ്ക്കെതിരെ തിരിഞ്ഞു. മുഖ്യമന്ത്രി ആര്. ശങ്കറും ആ കൂട്ടത്തില്‍ ചേര്‍ന്നു. ചാക്കോയ്ക്കെതിരായ സമ്മർദം മുറുകി. ചാക്കോ അവസാനം ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചു. അനുയായികള്‍ രോഷാകുലരായി.

വീണ്ടും കെ.പി.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ചാക്കോയോട് മത്സരിക്കാന്‍ കാമരാജ് തന്നെ നിര്‍ബന്ധിച്ചു. ചാക്കോ സ്ഥാനാർഥിയായി. വിരുദ്ധ ചേരി ചാക്കോയ്ക്കെതിരേ പ്രചാരണം ശക്തമാക്കി. മുഖ്യമന്ത്രി ശങ്കറും ഈ വിരുദ്ധചേരിയോടൊപ്പം നിലയുറപ്പിച്ചു. 1964 ജൂണ്‍ 14-ന് നടന്ന തിരഞ്ഞെടുപ്പില്‍ ചാക്കോ പരാജയപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും മന്ത്രിസഭയിലും ഒറ്റപ്പെട്ട ചാക്കോ രാഷ്ട്രീയത്തില്‍ നിന്നകന്ന് വക്കീല്‍ പണിയിലേക്ക് തിരിഞ്ഞു. കോഴിക്കോടിനടുത്ത് കാവിലുമ്പാറ എന്ന സ്ഥലത്ത് ഒരു കൊലക്കേസ് സംബന്ധിച്ച് വിവരം ശേഖരിക്കാന്‍ പോയ ചാക്കോ അവിടെവെച്ച് ഹൃദയസ്തംഭനം വന്ന് മരിച്ചു.
1964 ആഗസ്ത് ഒന്നാം തീയതി. ചാക്കോയുടെ അനുയായികളായ 15 എം.എല്‍.എ.മാര്‍ ഒത്തുചേര്‍ന്നു. ഇവര്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചു. അവസരം മുതലാക്കാന്‍ പി.എസ്.പിയിലെ പി.കെ. കുഞ്ഞ്, ശങ്കര്‍ മന്ത്രിസഭയ്ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസിലെ ഈ വിഭാഗം പിന്തുണയുമായി മുന്നോട്ടുവന്നു. എന്‍.എസ്.എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്കി. ഇതിനിടയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സി.പി.എമ്മും സി.പി.ഐ.യും രൂപം കൊണ്ടിരുന്നു. രണ്ടു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുസ്ലിം ലീഗും പി.എസ്.പി.യുടെ അവിശ്വാസ പ്രമേയത്തിനു പിന്തുണ നല്കി.
പി.ടി. ചാക്കോയുടെ അനുയായികള്‍ മുന്‍കൈയെടുത്തു നടത്തിയ നീക്കങ്ങള്‍ക്ക് നേരിട്ടു നേതൃത്വം നല്കാന് എന്‍.എസ്.എസ്. സ്ഥാപകന്‍ മന്നത്ത് പത്മനാഭന് തിരുവനന്തപുരത്ത് തന്നെ ക്യാമ്പ് ചെയ്തു. അവസാനം ശങ്കര്‍ മന്ത്രിസഭ വീണു. മദ്ധ്യകേരളം ഇളകി മറിഞ്ഞു. കോണ്‍ഗ്രസ് വിട്ട എം.എല്‍.എ.മാര്‍ക്ക് നാട്ടിലെങ്ങും സ്വീകരണം നല്കി. എവിടെയും അത്യധികം ആവേശത്തോടെ ജനങ്ങള്‍ ഈ നേതാക്കളെ സ്വീകരിച്ചു.
1964 ഒക്ടോബര്‍ ഒമ്പതാം തീയതി വൈകീട്ട് കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ നടന്ന വമ്പിച്ച പൊതുയോഗത്തില്‍ മന്നത്ത് പത്മനാഭന് പുതിയ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചു. ആ പാര്‍ട്ടിക്ക് കേരള കോണ്‍ഗ്രസ് എന്ന് മന്നം തന്നെ പേരിട്ടു. പ്രവര്‍ത്തകര്‍ നേരത്തെ സമാഹരിച്ചിരുന്ന പി.ടി. ചാക്കോ കുടുംബ സഹായ ഫണ്ട് മന്നം ചാക്കോയുടെ ഭാര്യയ്ക്ക് കൈമാറി.
തലേന്ന് കോട്ടയം ലക്ഷ്മി വിലാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന എം.എല്‍.എ.മാരുടെ യോഗം പുതിയ പാര്‍ട്ടിയുടെ ചെയര്‍മാനായി കെ.എം. ജോര്‍ജിനെയും ജനറല്‍ സെക്രട്ടറിയായി ആര്. ബാലകൃഷ്ണപിള്ളയെയും തിരഞ്ഞെടുത്തിരുന്നു. ഇ ജോണ്‍ ജേക്കബ്, മാത്തച്ചന് കുരുവിനാക്കുന്നേല്‍, ടി. കൃഷ്ണന്, എം.എം. ജോസഫ്, മോഹന്‍ കുളത്തുങ്കല്‍, രാഘവമേനോന്‍, സി.എ. മാത്യു, ധര്‍മരാജ അയ്യര്‍, ഭാസ്കരന് നായര്‍ എന്നിങ്ങനെ അന്നത്തെ നിരവധി പ്രമുഖര്‍ ലക്ഷ്മി വിലാസ് ഓഡിറ്റോറിയത്തിലെ യോഗത്തില്‍ പങ്കെടുത്തു.
1965 മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. കേരളാ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് കൂട്ടിനുണ്ടായിരുന്നു. രണ്ടു കക്ഷികളും ഒരിടത്തും നേരിട്ടു മത്സരിച്ചില്ല. കോണ്‍ഗ്രസ്, സി.പി.എം, സി.പി.ഐ. എന്നീ കക്ഷികള്‍ ഒറ്റയ്ക്ക് മത്സരിച്ചു. പി.എസ്.പി.യും ഡോ. രാംമനോഹര്‍ ലോഹ്യയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്ന് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി (എസ്.എസ്.പി.) രൂപീകരിച്ചു. ഇന്ത്യ-ചൈന യുദ്ധത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ സി.പി.എമ്മിന്റെ മുന്‍നിര നേതാക്കളില്‍ പലരും തടവിലാക്കപ്പെട്ട സമയത്തായിരുന്നു തിരഞ്ഞെടുപ്പ്. ഇ.എം.എസ്. മാത്രമായിരുന്നു പുറത്ത്. പല പ്രമുഖ സി.പി.എം. നേതാക്കളും ജയിലില്‍ കിടന്നാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്നു കെ.എം. മാണി. പ്രസിഡന്റ് മാത്തച്ചന് കുരുവിനാക്കുന്നേലും. കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ തന്നെ ബാലകൃഷ്ണപിള്ളയോടൊപ്പം മാത്തച്ചന് കുരുവിനാക്കുന്നേലിന്റെ പേരും ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചെങ്കിലും ഡി.സി.സി. പ്രസിഡന്റായതിനാല്‍ പുറത്തറിയിച്ചില്ല. 1965 ല്‍ തിരഞ്ഞെടുപ്പായി.
മുതിര്‍ന്ന നേതാവായിരുന്ന മോഹന്‍ കുളത്തുങ്കല്‍ കെ.എം. മാണിയേയും കൂട്ടി കേരള കോണ്‍ഗ്രസ് ഓഫീസിലെത്തി. മാണിയെ പാലായില്‍ സ്ഥാനാർഥിയാക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസില്‍ കെ.എം. മാണി യുഗത്തിന്റെ തുടക്കം. അങ്ങനെ, 1965 ലെ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് 26 സീറ്റ് കിട്ടി. സി.പി.എം. ആയിരുന്നു ഏറ്റവും വലിയ കക്ഷി - 40 സീറ്റ്. കോണ്‍ഗ്രസിന് 36 സീറ്റും മുസ്ലിം ലീഗിന് ആറു സീറ്റും എസ്.എസ്.പി.ക്ക് 13 സീറ്റും ലഭിച്ചു. സി.പി.ഐ.യ്ക്ക് മൂന്നു സീറ്റ് മാത്രമേ കിട്ടിയുള്ളൂ. നിയമസഭയില്‍ ആകെയുണ്ടായിരുന്ന സീറ്റ് 133. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കിയാല്‍ പുറത്തുനിന്നു പിന്തുണ നല്‍കാമെന്ന് ഇ.എം.എസ്. നിര്‍ദേശം വെച്ചുവെങ്കിലും കെ.എം. ജോര്‍ജ് തയ്യാറായില്ല. ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ ആ നിയമസഭ ചേര്‍ന്നില്ല. സി.പി.എം. പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചിരുന്നുവെങ്കില്‍ കെ.എം. ജോര്‍ജ് മുഖ്യമന്ത്രിയാവുമായിരുന്നു. ആ നിയമസഭ രാഷ്ട്രപതി പിരിച്ചുവിട്ടു. രണ്ടു വര്‍ഷക്കാലത്തോളം നീണ്ടുനിന്നു ഗവര്‍ണര്‍ ഭരണം. പിന്നെ 1967 ലെ തിരഞ്ഞെടുപ്പ്. ഇ.എം.എസ്. നമ്പൂതിരിപ്പാട് സപ്തകക്ഷി മുന്നണിക്ക് രൂപം നല്കി.

മുന്നണി കെട്ടിപ്പടുക്കാനുള്ള കൂടിയാലോചനകളും കണക്കുക്കൂട്ടലുകളുമൊക്കെ ഇ.എം.എസ്. നമ്പൂതിരിപ്പാട് മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങി. 1966 ഓഗസ്റ്റ് മാസത്തിലെ ഒരു വൈകുന്നേരം അദ്ദേഹം അഴീക്കോടന്‍ രാഘവനും ചില മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെട്ട സംഘവുമായി കോഴിക്കോട്ടുള്ള ബി.വി. അബ്ദുള്ളക്കോയയുടെ 'കരിയാടന്‍ വില്ല'യിലെത്തി. ബാഫക്കി തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിങ്ങനെ ലീഗിന്റെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. പുതിയ മുന്നണിയുടെ മിനിമം പരിപാടി, മന്ത്രിസഭയുടെ ഘടന എന്നിത്യാദി വിഷയങ്ങള്‍ ചര്‍ച്ചചെയ്തശേഷം രാത്രി വൈകി. ആവി പറക്കുന്ന മീന്‍ ബിരിയാണിയും കഴിച്ചാണ് ഇ.എം.എസും കൂട്ടരും മടങ്ങിയത്.
1967 നിയമസഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റുമായി സി.പി.എം. ഏറ്റവും വലിയ കക്ഷിയായപ്പോള്‍ കോണ്‍ഗ്രസ് ഒമ്പതു സീറ്റിലേക്കൊതുങ്ങി. കേരള കോണ്‍ഗ്രസിനു കിട്ടിയത് വെറും അഞ്ച് സീറ്റ്. സി.പി.ഐ.ക്ക് 19 സീറ്റും മുസ്ലിം ലീഗിന് 14 സീറ്റും കിട്ടി. ലീഗിന് കിട്ടിയ വന്‍വിജയവും ഇ.എം.എസ്. മന്ത്രിസഭയില്‍ കിട്ടിയ ഉയര്‍ന്ന സ്ഥാനവും കോണ്‍ഗ്രസിനുള്ള രൂക്ഷമായ മറുപടി തന്നെയായിരുന്നു. 1967-69 കാലത്ത് ഒമ്പതംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ നേതാവായിരുന്നു കൊണ്ടാണ് കെ. കരുണാകരന് തന്റെ പാര്‍ട്ടിക്കു പുതിയൊരു വഴി വെട്ടിയൊരുക്കുന്നത്. സി.പി.ഐ.യെയും മുസ്ലിം ലീഗിനെയും ആര്.എസ്.പി.യെയുമെല്ലാം ഒരുമിപ്പിച്ചു കൂടെ കൂട്ടാനുള്ള തന്ത്രങ്ങള്‍ കരുണാകരന് ആവിഷ്കരിച്ചു.
1969 ഒക്ടോബര്‍ 24-ാം തീയതി ഇ.എം.എസ്. രാജിവെച്ചതോടെ സപ്തകക്ഷി മുന്നണി ചിന്നിച്ചിതറി. സി.പി.എം. ഇല്ലാത്ത ഒരു ഗവണ്മെന്റുണ്ടാക്കിയാല് കോണ്‍ഗ്രസ് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനില്‍ക്കുമെന്നു തീരുമാനിച്ചത് സി.പി.ഐയുടെയും മുസ്ലിം ലീഗിന്റെയും നേതാക്കള്‍ക്ക് ഊര്‍ജം പകര്‍ന്നു. മുസ്ലിം ലീഗ് കേരള കോണ്‍ഗ്രസിനെയും ക്ഷണിച്ചു. ലീഗ് നേതാവ് ബാഫക്കി തങ്ങളാണ് പുതിയൊരു മുന്നണിക്ക് രൂപം കൊടുത്തത്. ഡല്‍ഹിയിലായിരുന്ന സി.പി.ഐ. നേതാവ് സി. അച്യുതമേനോന് മുഖ്യമന്ത്രിയാവട്ടെ എന്നും അദ്ദേഹം നിർദേശിച്ചു. അങ്ങനെ സി.പി.ഐ.- മുസ്ലിം ലീഗ്-കേരളാ കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ പുതിയൊരു മുന്നണി. 1969 നവംബര്‍ ഒന്നാം തീയതി സി. അച്യുതമേനോന് മുഖ്യമന്ത്രിയായി മന്ത്രിസഭ അധികാരമേറ്റു. സി.പി.ഐയിലെ പി.രവീന്ദ്രന്, കെ.ടി. ജേക്കബ്, ഐ.എസ്.പി.യിലെ എന്‍,കെ. ശേഷന്, ഒ. കോരന്, മുസ്ലിം ലീഗിലെ സി.എച്ച്. മുഹമ്മദ് കോയ, കെ. അവുക്കാദര്‍ കുട്ടി നഹ, കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. ജോര്‍ജ് എന്നിവരായിരുന്നു മന്ത്രിമാര്‍. കേരള കോണ്‍ഗ്രസ് അങ്ങനെ ആദ്യമായി ഭരണത്തില്‍ പങ്കാളിയായി.
(തുടരും)
Content Highlights: kerala congress kottayam lok sabha election history
Published: 15 May 2024, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented