
കൊല്ലം: ദിവസവും രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ പേടിയാണെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. പൗരത്വനിയമം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുക എന്ന ബി.ജെ.പി.യുടെ തന്ത്രത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മുഖാമുഖം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.
ആര്‍.എസ്.എസിനെതിരേ പോരാടുമെന്ന് വീമ്പുപറയുകയും അവര്‍ക്കുമുന്നില്‍ വിധേയരായി നില്‍ക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് റിയാസ് മൗലവി കേസിലെ പോലീസ് അന്വേഷണം. ഈ കേസില്‍ നിലവാരമില്ലാത്ത അന്വേഷണമാണ് പോലീസ് നടത്തിയത്. കോടിയേരിക്കുനേരേ ബോംബെറിഞ്ഞ കേസിലെയും കെ. സുരേന്ദ്രന്‍ പ്രതിയായ കള്ളപ്പണക്കേസിലെയും അന്വേഷണവും സംശയത്തിന്റെ നിഴലിലാണ് - ഷിബു ബേബി ജോണ്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയം ആവശ്യപ്പെടുന്ന വിധിയെഴുത്താണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്. 370-ഉം 400-ഉം സീറ്റ് നേടുമെന്ന് വീമ്പുപറഞ്ഞ ബി.ജെ.പി. ഇപ്പോള്‍ ആകെ ആശങ്കയിലാണ്. പൗരത്വനിയമം പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കുക എന്ന ബി.ജെ.പി.യുടെ തന്ത്രത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വീഴുകയാണ്. പൗരത്വ സംരക്ഷണസദസ്സ് നടത്തിയ സ്ഥലങ്ങള്‍ നോക്കിയാല്‍ ഇതിനുപിന്നിലെ സി.പി.എം. തന്ത്രം മനസ്സിലാകും. തൃശ്ശൂരും കോട്ടയത്തും പൗരത്വനിയമം പ്രശ്‌നമല്ലേയെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വൈകിപ്പിച്ച്, പൗരത്വനിയമ ചട്ടങ്ങള്‍ കൊണ്ടുവന്നതും കെജ്രിവാളിനെ അടക്കം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതുമെല്ലാം ആശങ്കകൊണ്ടാണ്. 101 സിറ്റിങ് എം.പി.മാര്‍ക്ക് സീറ്റ് നിഷേധിച്ച ബി.ജെ.പി. നടപടിയിലും അവരുടെ അങ്കലാപ്പാണ് പ്രതിഫലിക്കുന്നത്. മോദിയെ തോല്‍പ്പിക്കുക എന്ന പൊതുതാത്പര്യത്തിനു പകരം നാലോ അഞ്ചോ സീറ്റു നേടുക എന്ന ലക്ഷ്യത്തിലാണ് സി.പി.എം. പ്രവര്‍ത്തിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ കുറ്റപ്പെടുത്തി.
സി.പി.എമ്മുകാര്‍ അല്ലാത്ത ആളുകള്‍ പ്രധാനമന്ത്രിയെ കണ്ടാല്‍ അത് വലിയ കുഴപ്പമാണെന്ന് പ്രചരിപ്പിക്കും. പിണറായി വിജയന്‍ മോദിക്ക് നാല് ആറന്മുളക്കണ്ണാടി കൊടുത്തപ്പോള്‍ കുഴപ്പമൊന്നും ഉണ്ടായില്ല. ഞാന്‍ ഒരു കണ്ണാടി കൊടുത്തപ്പോള്‍ അത് വലിയ അപരാധമായി പ്രചരിപ്പിച്ചു - ഷിബു ബേബിജോണ്‍ പറഞ്ഞു. ആര്‍.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാലും പരിപാടിയില്‍ പങ്കെടുത്തു.
Content Highlights: pinarayi vijayan is scared of narendra modi says shibu baby john
Published: 03 Apr 2024, 11:07 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented