നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുവന്നുതുടുക്കുമെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലത്തേക്ക് ചായുന്ന പതിവ് കൊല്ലം ഇത്തവണയും തെറ്റിച്ചില്ല. കൊല്ലം വീണ്ടും പ്രേമചന്ദ്രന്റെ കൈകളില്‍ വെച്ചുകൊടുത്തിരിക്കുകയാണ് ദേശിംഗനാട്ടിലെ ജനങ്ങള്‍. പാര്‍ലമെന്റില്‍ കൊല്ലത്തിന്റെ ശബ്ദമായി ഇനിയും അഞ്ചുവര്‍ഷം പ്രേമചന്ദ്രന്‍ തന്നെയുണ്ടാവും. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതുമുതല്‍ കൊല്ലത്ത് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല ആര്‍.എസ്.പിയും യു.ഡി.എഫും. അവിടെ എടുത്ത് പറയേണ്ട ഘടകം പ്രേമചന്ദ്രന്റെ ജനകീയത തന്നെയാണ്.

To advertise here,

68.09 ശതമാനം പോളിങ്ങാണ് കൊല്ലത്ത് നടന്നത്. 2019-ല്‍ 74.66 ശതമാനവും 2014-ല്‍ 72.08 ശതമാനവുമായിരുന്നു വോട്ടിങ് നില. പോളിങ് ആറുശതമാനത്തോളം കുറഞ്ഞപ്പോഴും ഭൂരിപക്ഷം കുറഞ്ഞേക്കും എന്നുമാത്രമാണ് സ്ഥാനാര്‍ഥിയടക്കം പറഞ്ഞത്. വിജയിക്കുമെന്ന് അപ്പോഴും പ്രേമചന്ദ്രന് ഉറപ്പായിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമായി. 2019-ല്‍ 148856 ആയിരുന്ന ഭൂരിപക്ഷം 2024-ല്‍ 150302 ആയി ഉയര്‍ന്നു. പ്രേമചന്ദ്രന് ആകെ ലഭിച്ച വോട്ട് 443628 ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിന് ആകെ ലഭിച്ചത് 293326 വോട്ടാണ്. എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് ലഭിച്ചത് 163210 വോട്ടാണ്. 2019-ല്‍ അത്ര പരിചിതനല്ലാത്ത സ്ഥാനാര്‍ഥിയായിട്ടുകൂടി അഡ്വ. കെ.വി. സാബു ഒരുലക്ഷത്തില്‍ പുറത്ത് വോട്ട് പിടിച്ചിരുന്നു. ഇതില്‍നിന്നും വോട്ട് ഉയര്‍ത്താനായി എന്നത് കൃഷ്ണകുമാറിന്റെയും ബിജെപിയുടെയും നേട്ടമാണ്.

മണ്ഡലത്തില്‍ ഒരുവിധത്തിലുള്ള എതിര്‍വികാരവും പ്രേമചന്ദ്രന്‍ നേരിട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ആര്‍എസ്പിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന ഇരവിപുരം, ചവറ മണ്ഡങ്ങളില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞിരുന്നു. സംഘടനാപരമായി ദുര്‍ബലമായെങ്കിലും ഇതിനെ തന്റെ ജനകീയത കൊണ്ട് മറികടക്കാന്‍ പ്രേമചന്ദ്രനായി എന്നതാണ് വസ്തുത. മികച്ച പാര്‍ലമെന്റേറിയന്‍ എന്നതും മറ്റൊരു അനുകൂല ഘടകമായിരുന്നു. കേരളത്തിന്റെ ശബ്ദം പ്രേമചന്ദ്രനിലൂടെ കേള്‍ക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടൊക്കെത്തന്നെ സിറ്റിങ് എംപിയോട് ജനങ്ങള്‍ക്ക് പൊതുവില്‍ എതിര്‍വികാരം ഉണ്ടായിരുന്നില്ല.

2014 മുതല്‍ യു.ഡി.എഫിനുവേണ്ടി കൊല്ലം പിടിക്കുന്ന പ്രേമചന്ദ്രന്‍ ഭൂരിപക്ഷം കൂട്ടുകയല്ലാതെ കുറച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്കൊപ്പം ചായ കുടിച്ച വിഷയം എല്‍ഡിഎഫ് പ്രചാരണത്തിന് എടുത്തിട്ടെങ്കിലും അത് വേണ്ട വിധത്തില്‍ ഏശിയില്ല. മാത്രമല്ല, പ്രേമചന്ദ്രന് പ്രധാനമന്ത്രിയുമായുള്ള അടുപ്പം കൊല്ലത്തിന്റെ വികസനത്തിന് പ്രയോജനപ്പെടും എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കൊണ്ടുവരാന്‍ യു.ഡി.എഫിന് കഴിയുകയും ചെയ്തു. പ്രേമചന്ദ്രന്റെ ജനകീയത് മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫും ബിജെപിയും ജനകീയരായ സ്ഥാനാര്‍ഥികളെ തന്നെ കൊല്ലത്തേക്ക് കൊണ്ടുവരാന്‍ തയ്യാറായത്. എന്നാല്‍ ഇത് അമ്പേ പാളിപ്പോയി എന്നാണ് പ്രേമചന്ദ്രന്റെ വിജയം തെളിയിക്കുന്നത്.

ആര്‍.എസ്.പിക്കൊപ്പം നഷ്ടപ്പെട്ടുപോയ മണ്ഡലത്തെ തിരിച്ചുപിടിക്കാനുള്ള ദൃഡനിശ്ചയത്തിലായിരുന്നു സി.പി.എം. 2004-ല്‍ പി. രാജേന്ദ്രനുശേഷം കൊല്ലത്ത് സി.പി.എമ്മിന് ഒരു വിജയം ഉണ്ടായിട്ടില്ല. സിനിമാ താരം, കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബം, കൊല്ലം സ്വദേശി, സിറ്റിങ് എംഎല്‍എ തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് എല്‍ഡിഎഫ് മുകേഷിനെ ഇറക്കിയത്. എന്നാല്‍, പ്രേമചന്ദ്രന് വെല്ലുവിളി ഉയര്‍ത്താന്‍പോന്ന എതിര്‍കക്ഷിയല്ല മുകേഷ് എന്ന ചര്‍ച്ചകള്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. എംഎല്‍എ എന്ന നിലയില്‍ മുകേഷ് മണ്ഡലത്തില്‍ അത്ര സ്വീകാര്യനായിരുന്നില്ല. നിയമസഭയിലെ തരംഗത്തില്‍ ജയിച്ചയാളാണ് മുകേഷ് എന്നായിരുന്നു പൊതുവായ വിലയിരുത്തല്‍.

പാര്‍ലമെന്റിലെ താരത്തിനും സിനിമാ താരത്തിനും ബദലായാണ് ബി.ജെ.പി. മറ്റൊരു താരമായ കൃഷ്ണകുമാറിനെ കൊല്ലത്തിറക്കിയത്. മൊത്തത്തില്‍ താരമണ്ഡലം എന്ന് പ്രതീതി കൊണ്ടുവരാനാണ് മൂന്നുമുന്നണികളും ശ്രമിച്ചത്. സിനിമാ-സീരിയല്‍ താരം, നല്ല പ്രാസംഗികന്‍ എന്നിവയ്‌ക്കൊപ്പം മോദി ഗ്യാരണ്ടി എന്ന മുദ്രാവാക്യവും കൃഷ്ണകുമാറിന് മണ്ഡലത്തില്‍ ഉണ്ടായിരുന്നു. ഇതൊക്കെ ബിജെപിക്ക് വോട്ട് കൂടാന്‍ കാരണമായി. പ്രേമചന്ദ്രന് ലഭിക്കാവുന്ന ഹിന്ദു വോട്ടുകളും നിഷ്പക്ഷ വോട്ടുകളും അട്ടിമറിക്കുക എന്ന ദൗത്യവും കൃഷ്ണകുമാറിനെ ഇറക്കിയതിലൂടെ ബി.ജെ.പി. കണക്കുകൂട്ടി. ആദ്യ ദിവസങ്ങളില്‍ വലിയ തിരയിളക്കം സൃഷ്ടിച്ചുവെങ്കിലും ജില്ലാതെ നേതൃത്വവുമായി ഉണ്ടായ അസ്വാരസ്യങ്ങള്‍ കൃഷ്ണകുമാറിന്റെ പ്രകടനത്തെ സാരമായി ബാധിച്ചു.

സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം കൊല്ലത്തെ ചന്ദനത്തോപ്പ് ഐടിഐയില്‍ എത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഇതിനെ രാഷ്ട്രീയ ആയുധമാക്കാനും മണ്ഡലത്തിലേക്കുള്ള തന്റെ വരവറിയിക്കാനും ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നു. എന്നാല്‍ കൃഷ്ണകുമാറും ബി.ജെ.പി. ജില്ലാ നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആദ്യംമുതല്‍ തന്നെ കല്ലുകടിയായിരുന്നു. തനിക്ക് പ്രചാരണം നടത്താന്‍ ആവശ്യത്തിന് പോസ്റ്ററുകള്‍ പോലും ലഭിക്കുന്നില്ലെന്ന് കൃഷ്ണകുമാര്‍ പരസ്യമായി പറഞ്ഞിരുന്നു. അതേസമയം, കൃഷ്ണകുമാര്‍ ജില്ലാ കമ്മിറ്റിയെ വകവയ്ക്കാതെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു ജില്ലാ നേതൃത്വം തിരിച്ചടിച്ചത്.

placeholder
nk premachandran | image: sudheer mohan, mathrubhumi
കൊല്ലം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രനെ പ്രവര്‍ത്തകര്‍ പൂമാലയിട്ട് സ്വീകരിക്കുന്നു. | ചിത്രം: സുധീര്‍ മോഹന്‍, മാതൃഭൂമി

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത്തോട്ടും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലത്തോട്ടും ചായുന്ന പ്രവണതയാണ് കൊല്ലത്തിന്. ഇടതിനൊപ്പവും വലതിനൊപ്പവും സ്ഥാനാര്‍ഥിയായി നിന്നിട്ടുള്ളപ്പോഴൊന്നും പ്രേമചന്ദ്രനെ കൈവിട്ടിട്ടില്ല കൊല്ലം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും അട്ടിമറിസാധ്യതകള്‍ മുന്നില്‍ കാണാനും അവ കൃത്യമായി മുളയിലേ നുള്ളാനും ആര്‍എസ്പിയും യുഡിഎഫും ജാഗരൂകരായി. ആര്‍എസ്പി പിളര്‍പ്പുകള്‍ക്കും ഭിന്നതകള്‍ക്കുമൊടുവില്‍ ഷിബു ബേബി ജോണിലേക്ക് തന്നെ തിരിച്ചെത്തിയ ശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഷിബു ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. വിജയത്തില്‍ കുറഞ്ഞതൊന്നും സ്വീകരിക്കാന്‍ ഷിബുവും പാര്‍ട്ടിയും തയ്യാറല്ലായിരുന്നു.

മണ്ഡലത്തില്‍ പോളിങ് കുറഞ്ഞതോടെ ഭൂരിപക്ഷം കുറയും എന്നല്ലാതെ തന്റെ വിജയത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ല എന്ന ദൃഢനിശ്ചയത്തില്‍ തന്നെയായിരുന്നു പ്രേമചന്ദ്രന്‍. എല്ലാ സാഹചര്യങ്ങളും അനുകൂലമായിരുന്നു. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കള്ളപ്രചാരണങ്ങള്‍ ജനം തള്ളി. പോളിങ് ശതമാനം കുറഞ്ഞതിനാല്‍ 2019-ലെ വോട്ടുശതമാനം ലഭിക്കുമോ എന്ന് പറയാനാകില്ല. എന്നാല്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം യുഡിഎഫിന് അനുകൂലമായി ഉണ്ടാകുമെന്നാണ് കരുതുന്നത്, എന്നാണ് വോട്ടെടുപ്പ് കഴിഞ്ഞശേഷം പ്രേമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പോളിങ് ബൂത്തുകളില്‍ സമ്മതിദായകരുടെ നീണ്ട നിര ഉണ്ടായിരുന്നിട്ടും പോളിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാകാത്തത് സി.പി.എമ്മിനെയാണ് സമ്മര്‍ദത്തിലാക്കിയത്.

കഴിഞ്ഞ തവണത്തേക്കാള്‍ 6.51 ശതമാനം പോളിങ്ങാണ് ഇത്തവണ കൊല്ലത്ത് കുറഞ്ഞത്. പോളിങ് കുറയാന്‍ പ്രധാനമായും പറയപ്പെടുന്ന കാരണങ്ങള്‍ ഇവയാണ്- കൊല്ലത്തെ കടുത്ത ചൂട്. വലിയൊരു ശതമാനം സമ്മതിദായകരെയും വോട്ടിടാന്‍ ബൂത്തില്‍ എത്തുന്നതില്‍നിന്നും പിന്തിരിപ്പിച്ചത് ജില്ലയിലെ കനത്ത ചൂടാണ്. പോളിങ് മന്ദഗതിയില്‍ ആയതാണ് മറ്റൊരു കാരണം. സമ്മതിദായകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവല്ല, മറിച്ച് വോട്ടിങ് മന്ദഗതിയിലായതാണ് പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിരകള്‍ രൂപപ്പെടാന്‍ കാരണം. കനത്ത ചൂടില്‍ വരിനിന്ന് മടുത്തവര്‍ വോട്ട് ചെയ്യാതെ മടങ്ങിപ്പോകുന്ന സാഹചര്യവും ഉണ്ടായി. അതേസമയം, വലിയൊരു വിഭാഗം യുവജനങ്ങളും വോട്ടവകാശം വിനിയോഗിക്കാതെ മാറിനിന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ കക്ഷിയോടുള്ള താല്‍പര്യക്കുറവ് യുവജനങ്ങളെ ബൂത്തുകളില്‍ നിന്നും അകറ്റി എന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം, എതിര്‍കക്ഷിക്ക് വോട്ട് ചെയ്യാന്‍ അവര്‍ തയ്യാറായതുമില്ല. അതുപോലെതന്നെ ഉപരിപഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോയവരും വോട്ട് രേഖപ്പെടുത്തിയില്ല. മരിച്ചവരും നാട്ടില്‍ ഇല്ലാത്തവരുമായ വലിയ ഒരു വിഭാഗം വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്നു. മാത്രമല്ല, മൂന്ന് മുന്നണികളുടെയും സ്‌ക്വാഡ് പ്രവര്‍ത്തനം ഇക്കുറി വേണ്ടവണ്ണം നടന്നില്ല എന്ന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍തന്നെ സംശയവും പ്രകടിപ്പിച്ചിരുന്നു. ഇവയെല്ലാം മണ്ഡലത്തിലെ പോളിങ് ശതമാനം കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ പോളിങ് കുറഞ്ഞതൊന്നും പ്രശ്‌നമല്ലെന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും തന്നെയായിരുന്നു യു.ഡി.എഫിന്റെ പ്രതീക്ഷ. കൊല്ലം, ചവറ, ഇരവിപുരം, ചാത്തന്നൂര്‍, ചടയമംഗലം, കുണ്ടറ, പുനലൂര്‍ എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍. പ്രതീക്ഷിച്ചതുപോലെ ആര്‍.എസ്.പിയുടെ ശക്തികേന്ദ്രമായ ചവറയില്‍നിന്നാണ് പ്രേമചന്ദ്രന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. ഇരവിപുരം, കൊല്ലം, കുണ്ടറ മണ്ഡലങ്ങളില്‍നിന്നും വലിയ ഭൂരിപക്ഷം ലഭിച്ചു. മറ്റ് മണ്ഡലങ്ങളിലും അയ്യായിരത്തിനുമുകളില്‍ ഭൂരിപക്ഷം ഉണ്ടാകും എന്ന യു.ഡി.എഫിന്റെ കണക്കുകൂട്ടലുകളും സത്യമായി. മൊത്തത്തില്‍ വിചാരിച്ച പോലെ തന്നെ ഏഴ് മണ്ഡലങ്ങളിലും യു.ഡി.എഫിന് മേല്‍ക്കൈ ലഭിച്ചു.

 

വര്‍ഷംസ്ഥാനാര്‍ഥിപാര്‍ട്ടിഭൂരിപക്ഷം
1952എന്‍. ശ്രീകണ്ഠന്‍ നായര്‍ആര്‍.എസ്.പി.26233
1957പി.കെ. കൊടിയന്‍സി.പി.ഐ26735
1962എന്‍. ശ്രീകണ്ഠന്‍ നായര്‍ആര്‍.എസ്.പി.64955
1967എന്‍. ശ്രീകണ്ഠന്‍ നായര്‍ആര്‍.എസ്.പി.79858
1971എന്‍. ശ്രീകണ്ഠന്‍ നായര്‍ആര്‍.എസ്.പി.112384
1977എന്‍. ശ്രീകണ്ഠന്‍ നായര്‍ആര്‍.എസ്.പി.113161
1980ബി.കെ. നായര്‍ഐ.എന്‍.സി.36586
1984എസ്. കൃഷ്ണകുമാര്‍ഐ.എന്‍.സി.20357
1989എസ്. കൃഷ്ണകുമാര്‍ഐ.എന്‍.സി.27462
1991എസ്. കൃഷ്ണകുമാര്‍ഐ.എന്‍.സി.27727
1996എന്‍.കെ. പ്രേമചന്ദ്രന്‍ആര്‍.എസ്.പി.78370
1998എന്‍.കെ. പ്രേമചന്ദ്രന്‍ആര്‍.എസ്.പി.71762
1999പി. രാജേന്ദ്രന്‍സി.പി.എം.19284
2004പി. രാജേന്ദ്രന്‍സി.പി.എം.111071
2009എന്‍. പീതാംബര കുറുപ്ഐ.എന്‍.സി.17531
2014എന്‍.കെ. പ്രേമചന്ദ്രന്‍ആര്‍.എസ്.പി.37649
2019എന്‍.കെ. പ്രേമചന്ദ്രന്‍ആര്‍.എസ്.പി.148856

മണ്ഡലത്തില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്. ദക്ഷിണകേരളത്തില്‍ മുസ്ലിംവോട്ടുകള്‍ നിര്‍ണായകമായ മണ്ഡലം എന്ന പ്രത്യേകതയും കൊല്ലത്തിനുണ്ട്. പിഡിപി, എസ്ഡിപിഐ കക്ഷികള്‍ക്ക് വേരോട്ടമുള്ള മണ്ഡലമാണ് കൊല്ലം. ഇരവിപുരം, ചവറ, ചടയമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളിലെ മുസ്ലിംവോട്ടുകള്‍ നിര്‍ണായകമായിരുന്നു. എസ്.ഡി.പി.ഐ. പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിനെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം എതിര്‍ത്തിരുന്നുവെങ്കിലും പ്രേമചന്ദ്രന്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എസ്.ഡി.പി.ഐയുടെ പിന്തുണയില്‍ ആപത്കരമായി ഒന്നുമില്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ അവര്‍ പിന്തുണ പ്രഖ്യാപിച്ചതില്‍ തെറ്റില്ലെന്നും പ്രേമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പുനലൂര്‍, ചവറ, കൊല്ലം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളും നിര്‍ണായകശക്തികളാണ്.

പാര്‍ട്ടിക്കപ്പുറം ജനകീയനായ പ്രേമചന്ദ്രന് മേല്‍പറഞ്ഞ എല്ലാ വിഭാഗങ്ങളുമായും സുദൃഢമായ ബന്ധമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അല്‍പം വര്‍ഗീയതയും മണ്ഡലത്തില്‍ തലപൊക്കിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തതിന് എല്‍ഡിഎഫ് പ്രേമചന്ദ്രന് വര്‍ഗീയ പരിവേഷം നല്‍കിയിരുന്നു. ഇതിന്, സ്ഥാനാര്‍ഥിയുടെ സാമുദായിക പശ്ചാത്തലം ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം വോട്ട് അഭ്യര്‍ഥിച്ചതെന്ന് പ്രേമചന്ദ്രന്‍ അതേ നാണയത്തില്‍ മറുപടി നല്‍കി. 34 വര്‍ഷത്തിനുശേഷം ഒരു പ്രത്യേക സമുദായത്തില്‍ നിന്നുള്ള വ്യക്തി സ്ഥാനാര്‍ഥിയാകുന്നു എന്ന് പറഞ്ഞാണ് എല്‍.ഡി.എഫ്. വോട്ട് തേടിയത് എന്ന് പ്രേമചന്ദ്രന്‍ തുറന്നടിച്ചു. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പ്രേമചന്ദ്രന്‍ പങ്കെടുത്തത് തുടക്കം മുതലേ ഇടതുമുന്നണി ആയുധമാക്കിയിരുന്നു.

പൗരത്വഭേദഗതിയെച്ചൊല്ലി പരസ്പരം പഴിചാരിയുള്ള വാഗ്വാദങ്ങളും ഇടതു-വലതു മുന്നണികള്‍ മണ്ഡലത്തില്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത അഞ്ച് പൊതുയോഗങ്ങളിലും ഈ വിഷയത്തിന് ഊന്നല്‍ നല്‍കിയാണ് സംസാരിച്ചത്. പ്രേമചന്ദ്രന്റെ പൂജാമുറിയില്‍ മോദിയുടെ ചിത്രമാണ് എന്ന മന്ത്രി ഗണേഷ് കുമാറിന്റെ പരാമര്‍ശവും വിവാദമായിരുന്നു. അതിന്, കിടപ്പുമുറിയില്‍ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയത് നല്ലതാണെന്നായിരുന്നു ഷിബു ബേബി ജോണ്‍ തിരിച്ചടിച്ചത്. 90% സ്വകാര്യ കശുവണ്ടി ഫാക്ടറികളും അടഞ്ഞുകിടക്കുന്ന സാഹചര്യം യുഡിഎഫ് പ്രചാരണങ്ങളില്‍ ഉന്നയിച്ചിരുന്നു. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവവും കിഴക്കന്‍ മേഖലയിലെ വന്യജീവി ആക്രമണങ്ങളും യു.ഡി.എഫ്. പ്രചാരണവിഷയങ്ങളാക്കി. കടലേറ്റം, പാളിയ പുനരധിവാസം തുടങ്ങി തീരദേശത്തെ പൊള്ളുന്ന വിഷയങ്ങളും യു.ഡി.എഫ്. പ്രചാരണവിഷയമാക്കിയിരുന്നു.

എന്ത് പ്രതിസന്ധി ഉണ്ടായാലും 4.20 മുതല്‍ 4.50 ലക്ഷം വരെ വോട്ട് തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. ആകെ പോള്‍ ചെയ്ത 9.4 ലക്ഷം വോട്ടില്‍ തങ്ങള്‍ക്ക് ചെയ്യേണ്ട വോട്ടുകളെല്ലാം കൃത്യമായി ചെയ്യിപ്പിച്ചു എന്നതായിരുന്നു സി.പി.എമ്മിന്റെ ആത്മവിശ്വാസം. ബി.ജെപി. 1.4 ലക്ഷം വോട്ട് പിടിച്ചാല്‍ തന്നെയും വിജയം തങ്ങള്‍ക്കുതന്നെയാണ് എന്ന് ഇടതുമുന്നണി ഉറപ്പിച്ചിരുന്നു. ചവറ, കൊല്ലം, ഇരവിപുരം, കുണ്ടറ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ലഭിക്കുന്ന നേരിയ മേല്‍ക്കൈ പുനലൂരിലും ചടയമംഗലത്തും കിട്ടുന്ന വലിയ ഭൂരിപക്ഷം കൊണ്ട്ടമറികടക്കാനാകും എന്നായിരുന്നു ഇടതിന്റെ കണക്കുകൂട്ടല്‍. ചാത്തന്നൂരിലും ഇടതുമുന്നണി മികച്ച ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. അതേസമയം, താഴേത്തട്ടില്‍ പഴയമട്ടിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല എന്ന് വിമര്‍ശനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു. ഇടതുമുന്നണിക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു വിഭാഗം വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെന്നും പറയപ്പെട്ടിരുന്നു. ഇതൊക്കെ വോട്ട് ശതമാനം കുറയാന്‍ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കാല്‍ലക്ഷത്തിലേറെ വോട്ട് ലഭിക്കുമെന്ന് കണക്ക് കൂട്ടിയിരുന്ന ബി.ജെ.പി. കൊല്ലത്തും രണ്ടുലക്ഷത്തിലേറെ വോട്ട് ലഭിക്കും എന്ന് പ്രതീക്ഷിച്ചിരുന്നു. മോദി തരംഗവും സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയും ആയിരുന്നു അവരുടെ പ്രതീക്ഷയുടെ കാതല്‍. പരമ്പരാഗതമായി തങ്ങള്‍ക്ക് ലഭിക്കാത്ത കശുവണ്ടി, കടലോര മേഖലകളില്‍ ചലനമുണ്ടാക്കാനായി എന്നും ബി.ജെ.പി. വിലയിരുത്തുന്നു. എന്നാല്‍ താഴെത്തട്ടില്‍ കാര്യമായ പ്രവര്‍ത്തനങ്ങല്‍ നടത്താതിരുന്നത് തിരിച്ചടിയാകും എന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്. സ്ഥാനാര്‍ഥിയും ബി.ജെ.പി. ജില്ലാ നേതൃത്വവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രവര്‍ത്തനത്തെ ബാധിച്ചതായി വിമര്‍ശനമുയര്‍ന്നിരുന്നു. ബി.ജെ.പിയുടെ ജില്ലാ നേതൃത്വം പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ചതായി സ്ഥാനാര്‍ഥിക്കൊപ്പമുള്ളവരും, സ്ഥാനാര്‍ഥി കൃഷ്ണകുമാര്‍ ജില്ലാ കമ്മിറ്റിയെ വകവയ്ക്കാതെ പ്രവര്‍ത്തിച്ചെന്ന് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറിനൊപ്പമുള്ളവരും പരാതിപ്പെട്ടിരുന്നു. എന്നിരുന്നാലും കഴിഞ്ഞ തവണ ലഭിച്ച വോട്ടില്‍നിന്നും താഴേക്ക് പോയില്ല എന്നത് ബിജെപിക്ക് ആശ്വാസം നല്‍കുന്ന ഘടകമാണ്.