കരുനാഗപ്പള്ളി: 69-ാം വയസ്സിൽ ആദ്യ വോട്ട് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് പാവുമ്പ നെല്ലൂർ വീട്ടിൽ വിജയൻപിള്ള. 24-ാമത്തെ വയസ്സിലാണ് വിജയൻപിള്ള ജോലി അന്വേഷിച്ച് പഞ്ചാബിലേക്ക് പോയത്. അവിടെ വിവിധ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തു. നാൽപ്പതാമത്തെ വയസ്സിൽ സൗദിയിലേക്ക് പോകാൻ വിസ ലഭിച്ചു.

To advertise here,

അങ്ങനെ സൗദിയിൽ ജോലി ലഭിച്ച വിജയൻപിള്ള വർഷങ്ങളോളം അവിടെ തുടർന്നു. ഇതിനിടെ അവധിക്ക് നാട്ടിൽ എത്തുമ്പോഴൊക്കെ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് സൗദിയിലെ ജോലി മതിയാക്കി 2020-ൽ നാട്ടിലെത്തി.

തുടർന്നും വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കാൻ ശ്രമം തുടങ്ങി. വിവിധ തിരഞ്ഞെടുപ്പ് കാലത്തൊക്കെ അതിനായി വീണ്ടും ശ്രമിച്ചു. എന്നാൽ ഇപ്പോഴാണ് വോട്ട് ചെയ്യാൻ അവസരം ലഭിക്കുന്നത്. തഴവ ആറാം വാർഡിലെ എസ്.എൻ. എൽ,.പി. സ്‌കൂളിലാണ് ആദ്യമായി വോട്ട് ചെയ്യുന്നത്.

പ്രായം 69 ആയെങ്കിലും ആദ്യവോട്ടു കാരന്റെ കൗതുകത്തോടെയാണ് വിജയൻപിള്ളയും ബൂത്തിലേക്ക് പോകുന്നത്. ശാന്തമ്മയാണ് ഭാര്യ. സന്തോഷ് കുമാർ, വിനോദ് വിജയൻ എന്നിവർ മക്കളാണ്.