കൊല്ലം:കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ എം.മുകേഷ് എം.എൽ.എ.യെ സ്ഥാനാർഥിയാക്കിയത് തിരിച്ചടിയായെന്ന് സി.പി.എമ്മിൽ വിമർശനം. പാർട്ടി നേതൃത്വത്തിലുള്ള ആരെയെങ്കിലും മത്സരിപ്പിച്ചിരുന്നെങ്കിൽ കനത്ത തോൽവിയും വലിയ വോട്ടുചോർച്ചയും ഒഴിവാക്കാമായിരുന്നെന്നാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുമായും സംസ്ഥാന നേതൃത്വവുമായി ബന്ധമുള്ള നേതാവ് പാർട്ടി സെൻറർ വഴി നടത്തിയ നീക്കമാണ് മുകേഷിന്‍റെ സ്ഥാനാർഥിത്വത്തിലേക്ക് നയിച്ചതെന്നാണ് ഇവരുടെ വിമർശനം.

To advertise here,

ജില്ലയിലെ ഒട്ടേറെ നേതാക്കൾക്ക് മുകേഷിനെ സ്ഥാനാർഥിയായാക്കുന്നതിൽ എതിർപ്പുണ്ടായിരുന്നെന്നാണ് വിവരം. പാർട്ടി സെൻററിന് താത്പര്യമുള്ള സ്ഥാനാർഥിയെ പരസ്യമായി എതിർക്കാൻ ഇവർ തയ്യാറായില്ലെന്നുമാത്രം.

സ്ഥാനാർഥിയെ ഒന്നോ രണ്ടോ നേതാക്കൾ ഹൈജാക്ക് ചെയ്തെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പുചുമതല വഹിച്ച സി.പി.ഐ. നേതാക്കൾ ഇക്കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു സി.പി.എം. നേതാവ് ഏകപക്ഷീയമായി ഇടതുമുന്നണിയുടെ പേരിൽ പ്രസ്താവനയിറക്കുന്നതിൽ സി.പി.ഐ. നേതാക്കൾക്ക് അമർഷമുണ്ടായിരുന്നു.

സ്ഥാനാർഥി സ്വീകരണം, സ്ഥാനാർഥിയുടെ യാത്ര എന്നിവ ആസൂത്രണം ചെയ്യുന്നതിൽ വീഴ്ചയുണ്ടായി. സ്വീകരണപരിപാടികൾ രാവിലെ വൈകിത്തുടങ്ങുകയും രാത്രി നേരത്തെ നിർത്തുകയും ചെയ്തതായി അടിത്തട്ടിൽനിന്ന് പരാതി വന്നു. ചില സ്വീകരണകേന്ദ്രങ്ങൾ ഒഴിവാക്കിയെന്നുപോലും പാർട്ടി പ്രവർത്തകർ പരാതിപ്പെട്ടു.

ഈ സമയത്ത് തിരുത്തൽ ശക്തിയാകാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. തിരഞ്ഞെടുപ്പുചുമതലയുള്ള നേതാവ് ധാർഷ്ട്യത്തോടെ പെരുമാറിയെന്നു കാട്ടി അടുത്ത ദിവസം ചവറയിൽനിന്ന്‌ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടുമുണ്ട്.

ജില്ലാ നേതൃത്വത്തിന് വീഴ്ച

സംസ്ഥാനത്തുതന്നെ സി.പി.എം. കോട്ടയെന്ന് അറിയപ്പെടുന്ന കൊല്ലം ജില്ലയില്‍ എം.കെ. പ്രേമചന്ദ്രനെതിരെ മത്സരിപ്പിക്കാന്‍ പാര്‍ട്ടിയില്‍ നിന്നൊരു നേതാവിനെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെന്നുള്ളത് ജില്ലാ നേതൃത്വത്തിന്റെ വീഴ്ചയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറര്‍ എസ്.ആര്‍. അരുണ്‍ബാബു എന്നിവരുടെ പേരുകള്‍ ആദ്യഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നു. കെ.കെ. ശൈലജയടക്കം ജില്ലയ്ക്ക് പുറത്തുനിന്നുള്ള നേതാക്കള്‍ വരുമെന്നും പറഞ്ഞിരുന്നു. 
പി.കെ. ഗോപന്‍, അരുണ്‍ബാബു എന്നിവരില്‍ ആരെയെങ്കിലും മത്സരിപ്പിച്ചിരുന്നെങ്കില്‍ വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും വരുംകാല തിരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിക്കാനുള്ള നേതാവിനെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞേനെയെന്നുള്ള അഭിപ്രായം ശക്തമാണ്.