
കൊല്ലത്ത് സൂര്യന്റെ ചൂട് മാത്രമല്ല, തിരഞ്ഞെടുപ്പ് ചൂടും കനത്തുതുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്കൊടി പാറിക്കുന്ന, എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമടിയുമില്ലാതെ ഇടതുപക്ഷത്തെ തോല്‍പിക്കുകയാണ് കഴിഞ്ഞ പത്തുകൊല്ലമായി കൊല്ലം മണ്ഡലം. ഇക്കുറിയെങ്കിലും കൊല്ലം പിടിച്ചെടുത്തേ മതിയാകൂ എന്ന വാശിയിലാണ് ഇടതുപക്ഷം. എന്നാല്‍ വിട്ടുകൊടുക്കാന്‍ മനസ്സില്ലെന്ന നിലപാടിലാണ് യു.ഡി.എഫ്. ഏറെ ആകാംക്ഷയോടെയാണ് കൊല്ലത്തെ മത്സരത്തെ രാഷ്ട്രീയകേരളം നോക്കിക്കാണുന്നത്.
ഇടതിനും വലതിനുമൊപ്പംനിന്ന് കൊല്ലം പിടിച്ചിട്ടുള്ള എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെയാണ് യു.ഡി.എഫിന്റെ പോരാളി. കൊല്ലം എം.എല്‍.എയും നടനുമായ മുകേഷിനെയാണ് പാര്‍ട്ടി ദൗത്യം ഏല്‍പിച്ചിരിക്കുന്നത്.
സിപിഎമ്മിന് അത്രയും വേരോട്ടമുള്ള മണ്ണില്‍ ഇനിയൊരു തോല്‍വി പ്രേമചന്ദ്രന്റെ ഹാട്രിക് അത് ഇടതുപക്ഷത്തിന് ആലോചിക്കാനെ വയ്യാത്ത കാര്യമാണ്. സിറ്റിങ് എം.പിക്കെതിരെ സിറ്റിങ് എം.എല്‍.എ.യെ ഇറക്കിയുള്ള പരീക്ഷണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചതും പാര്‍ട്ടിക്കപ്പുറം സിനിമാ നടന്‍ എന്ന ഇമേജ് കൂടി വോട്ട് കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ്. കൊല്ലത്ത് പാര്‍ട്ടിക്കപ്പുറം ജനകീയരാണ് പ്രേമചന്ദ്രനും മുകേഷും. പ്രേമചന്ദ്രന് രാഷ്ട്രീയം മാത്രമാണ് തട്ടകമെങ്കില്‍ മുകേഷിന് രാഷ്ട്രീയത്തിനുമപ്പുറം കല എന്നൊരു തട്ടകം കൂടിയുണ്ട്.
കൊല്ലത്തിന്റെ രാഷ്ട്രീയചരിത്രം റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി അഥവാ ആര്‍.എസ്.പിയുടേത് കൂടിയാണ്. ആര്‍.എസ്.പിയുടെ എന്‍. ശ്രീകണ്ഠന്‍ നായര്‍ എന്ന അതികായനില്‍ തുടങ്ങി എന്‍.കെ. പ്രേമചന്ദ്രന്റെ രണ്ട് ടേമില്‍ എത്തിനില്‍ക്കുന്നു കൊല്ലം മണ്ഡലത്തിന്റെയും ആര്‍.എസ്.പിയുടെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്രം.
കൊല്ലം, ചെങ്കൊടി, ആര്‍.എസ്.പി.

സമ്പന്നമായ സാമൂഹിക സാംസ്‌കാരിക ചരിത്രമുള്ള നാടാണ് കൊല്ലം. കശുവണ്ടിമേഖലയും തീരദേശമേഖലയും അടക്കം സാധാരണക്കാരായ തൊഴിലാളിവര്‍ഗം ഏറെയുള്ള മണ്ഡലം. തൊഴിലാളി സംഘടനകളും സാമുദായിക സംഘടനകളും സ്വീകരിക്കുന്ന നിലപാടാണ് പ്രധാനമായും കൊല്ലത്തെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. കശുവണ്ടി തൊഴിലാളികളും കരിമണല്‍ തൊഴിലാളികളും മീന്‍പിടിത്തക്കാരും കക്കവാരലുകാരും ഉള്‍പ്പെടുന്ന അടിസ്ഥാനവര്‍ഗത്തെ എങ്ങനെ സ്വാധീനിക്കുന്നോ അതിന് അനുസരിച്ചായിരിക്കും പോളിങ് ബൂത്തില്‍ കൊല്ലത്തിന്റെ പ്രതികരണം. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് കൊല്ലം, എന്നിരുന്നാലും എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും ആര്‍.എസ്.പിയോടും ഒരുപോലെ കൂറുപുലര്‍ത്തുകയും ചെയ്യാറുണ്ട് മണ്ഡലം.
2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറ ഒഴികെ ആറ് മണ്ഡലത്തിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളെയാണ് കൊല്ലം വിജയിപ്പിച്ചത്. മുമ്പൊക്കെ ആര്‍.എസ്.പിയുടെ കാര്യം വരുമ്പോള്‍ ജില്ലയ്ക്ക് മിക്കപ്പോഴും ഒരൊറ്റ മനസ്സാണ്. ഇപ്പോള്‍ അതുംമാറി. ആര്‍.എസ്.പി കോട്ടകളായ ചവറയിലും ഇരവിപുരവുമൊക്കെ സിപിഎം വേരോട്ടമുണ്ടാക്കി
തിരിഞ്ഞുകുത്തിയ പരാമർശം
2014-ല്‍ ആര്‍.എസ്.പിയില്‍നിന്ന് സി.പി.എം. കൊല്ലം സീറ്റ് ഏകപക്ഷീയമായി മത്സരിക്കാനായി പിടിച്ചെടുക്കുകയായിരുന്നു. സീറ്റ് നിഷേധത്തെ തുടര്‍ന്ന് ആര്‍.എസ്.പി. ഇടതുമുന്നണിവിട്ട് യു.ഡി.എഫ്. പാളയത്തിലെത്തി. പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ എന്‍.കെ. പ്രേമചന്ദ്രനും എം.എ. ബേബിയും എതിരാളികളായി മത്സരിച്ചു. പ്രചാരണവേളയില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പ്രേമചന്ദ്രനെതിരേ നടത്തിയ അസഭ്യപരാമര്‍ശം സൃഷ്ടിച്ച ആഘാതം വളരെ വലുതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചുവക്കുന്ന കൊല്ലം പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയ്ക്കും യു.ഡി.എഫിനുമൊപ്പം തന്നെയാണ് നിലകൊള്ളുന്നത്. മുകേഷിലൂടെ ഈ കീഴ് വഴക്കത്തിന് മാറ്റം വരുമോ എന്നാണ് അറിയേണ്ടത്.
കൊല്ലം - രാഷ്ട്രീയ ചരിത്രം
ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കൊല്ലം ലോക്സഭാ മണ്ഡലം. കൊല്ലം, ചവറ, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ, പുനലൂര്‍, ചടയമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. കുന്നത്തൂര്‍, കരുനാഗപ്പള്ളി, ചവറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, കുണ്ടറ, പുനലൂര്‍, ചടയമംഗലം എന്നീ നിയമസഭാ മണ്ഡലങ്ങളായിരുന്നു മണ്ഡല പുനഃക്രമീകരണത്തിന് മുമ്പ് കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നത്. മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ 10 തവണയും കൊല്ലം ഇടതുപക്ഷത്തിനൊപ്പമാണ് നിന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണെങ്കിലും മുന്നണി ധാരണപ്രകാരം ആര്‍.എസ്.പിയാണ് കൊല്ലത്ത് സ്ഥിരമായി മത്സരിച്ചുപോന്നത്. എന്നാല്‍ 1999 മുതല്‍ 10 വര്‍ഷം പി. രാജേന്ദ്രനിലൂടെ സിപിഎമ്മിന്റെ കൈയിലായി മണ്ഡലം. 2009 ല്‍ പീതാംബരക്കുറിപ്പിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 2014 ലില്‍ ആര്‍എസ്പിയുടെ ആവശ്യം തള്ളി. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ആര്‍.എസ്.പി. ഇടതുബന്ധം ഉപേക്ഷിച്ചത്.

ആശ്രാമം മൈതാനത്ത് നിന്ന് പുറപ്പെടുന്നു. | ഫോട്ടോ: ഗിരീഷ് കുമാര്‍ സി.ആര്‍.
1952-ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കൊല്ലമല്ല, കൊല്ലം-മാവേലിക്കര മണ്ഡലമാണ്. ആര്‍.എസ്.പിയുടെ അതികായന്‍ എന്‍. ശ്രീകണ്ഠന്‍ നായരാണ് അന്നവിടെ മത്സരിച്ച് വിജയിച്ച് ഒന്നാം ലോക്‌സഭയിലെത്തിയത്. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവായിരുന്നു ശ്രീകണ്ഠന്‍ നായര്‍. കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്നീട് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി ലയിക്കുകയായിരുന്നു. എന്നാല്‍ കൊല്ലം മണ്ഡലമായ ശേഷം നടന്ന 1957-ലെ രണ്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്‍ നായര്‍ സി.പി.എമ്മിന്റെ പികെ കൊടിയനോട് പരാജയപ്പെട്ടു. മണ്ഡലത്തിന്റെ പുതുക്കിയ ഘടനയാണ് ശ്രീകണ്ഠന്‍ നായരുടെ തോല്‍വിക്ക് കാരണമായി പറയപ്പെട്ടിരുന്നത്. എന്നാല്‍ 1962-ലെ മൂന്നാം തിരഞ്ഞെടുപ്പില്‍ ശ്രീകണ്ഠന്‍ നായര്‍ ശക്തമായ തിരിച്ചുവരവുതന്നെ നടത്തി. തുടര്‍ന്നുള്ള മൂന്ന് തിരഞ്ഞെടുപ്പുകളിലും ശ്രീകണ്ഠന്‍ നായര്‍ തന്നെയായിരുന്നു കൊല്ലത്തുനിന്നും ലോക്‌സഭയിലേക്ക് ജയിച്ചുകയറിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന് ശേഷം 1967-ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ ശ്രീകണ്ഠന്‍ നായരെ തന്നെയായിരുന്നു പിന്തുണച്ചത്. 1971-ല്‍ സി.പി.എം. ഒഴികെയുള്ള ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന മുന്നണിയുടെ പിന്തുണയോടെയും ശ്രീകണ്ഠന്‍ നായര്‍ വിജയിച്ചു. 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ., ആര്‍.എസ്.പി. മുന്നണി മത്സരിച്ചപ്പോഴും വിജയം ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പമായിരുന്നു. ഒടുവില്‍, കേരള രാഷ്ട്രീയം എല്‍.ഡി.എഫും യു.ഡി.ഫുമായി മത്സരിച്ചുതുടങ്ങിയ 1980-ല്‍ സി.പി.എമ്മിനൊപ്പം മത്സരിച്ച ശ്രീകണ്ഠന്‍ നായര്‍ കോണ്‍ഗ്രസിന്റെ ബി.കെ. നായരോട് പരാജയപ്പെട്ടു. നാലു തവണ അടുപ്പിച്ചുള്ള വിജയമുള്‍പ്പെടെ അഞ്ച് തവണ കൊല്ലത്തുനിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീകണ്ഠന്‍ നായര്‍യുഗത്തിന് അങ്ങനെ അന്ത്യമായി. പിന്നീട് 1984-ലാണ് ഇത്തരത്തില്‍ ഒരു അട്ടിമറിക്കും മറ്റൊരു ഹാട്രിക് യുഗത്തിനും എസ്. കൃഷ്ണകുമാര്‍ കൊല്ലത്ത് തുടക്കം കുറിച്ചത്.
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നിര്‍ദേശപ്രകാരം ഐ.എ.എസ് പദവി രാജിവെച്ച് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്തിയ കൃഷ്ണകുമാര്‍ ആര്‍.എസ്.പി. നേതാവ് ആര്‍.എസ്. ഉണ്ണിയെ അട്ടിമറിച്ച് നേതൃത്വത്തെ ഞെട്ടിച്ചു. 1989-ല്‍ ബാബു ദിവാകരനെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചു. 1991-ലും വിജയിച്ച് ശ്രീകണ്ഠന്‍ നായര്‍ക്ക് ശേഷം കൊല്ലത്ത് ഹാട്രിക് തികയ്ക്കുന്ന വ്യക്തിയായി. ഒടുവില്‍ 1996-ല്‍ മറ്റൊരു ആര്‍.എസ്.പിക്കാരന്റെ അട്ടിമറി വിജയത്തിലൂടെ കൃഷ്ണകുമാര്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെ നിര്‍ത്തി. ആ അട്ടിമറിക്കാരന്‍ പിന്നെ കൊല്ലത്തിന്റെയും ആര്‍.എസ്.പിയുടെയും അവിഭാജ്യഘടകമായി മാറി, പേര് എന്‍.കെ. പ്രേമചന്ദ്രന്‍. അതിനുശേഷം കൊല്ലത്ത് നിന്നും മറ്റൊരു ഹാട്രിക് വിജയം ഉണ്ടായിട്ടില്ല. ഒരുപക്ഷേ 1999-ല്‍ ആര്‍.എസ്.പിയില്‍ നിന്നും സി.പി.എം. കൊല്ലം സീറ്റ് ഏറ്റെടുത്തില്ലായിരുന്നുവെങ്കില്‍ പ്രേമചന്ദ്രനും ഹാട്രിക് അടിച്ചേനെ.
കൊല്ലത്ത് ആദ്യമായി സി.പി.എം. സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങിയത് പി. രാജേന്ദ്രനായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.പി. ഗംഗാധരനെ പരാജയപ്പെടുത്തിയാണ് രാജേന്ദ്രന്‍ ലോക്‌സഭയിലെത്തിയത്. 2004-ല്‍ പി. രാജേന്ദ്രന്‍ വിജയം ആവര്‍ത്തിച്ചു. 2009-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം കഥ മാറി. പി. രാജേന്ദ്രനെ തോല്‍പിച്ച് എന്‍. പീതാംബര കുറുപ്പ് കോണ്‍ഗ്രസിന് വിജയം സമ്മാനിച്ചു. തുടര്‍ച്ചയായി സീറ്റ് നല്‍കാതായതോടെ എ.എ. അസീസ് സെക്രട്ടറിയായ ആര്‍.എസ്.പി. വിഭാഗം എല്‍.ഡി.എഫ്. വിട്ടു. ഈ അവസരം മുതലാക്കി യു.ഡി.എഫ്. കൊല്ലം സീറ്റ് പ്രേമചന്ദ്രന് വാഗ്ദാനം ചെയ്ത് ആര്‍.എസ്.പിയുമായി സഖ്യമുണ്ടാക്കി. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ കരുത്തരായ സ്ഥാനാര്‍ഥികളെ തറപറ്റിച്ച് പ്രേമചന്ദ്രന്‍ യു.ഡി.എഫിന്റെ വിശ്വാസം കാത്തു.
| വര്‍ഷം | സ്ഥാനാര്‍ഥി | പാര്‍ട്ടി | ഭൂരിപക്ഷം |
|---|---|---|---|
| 1952 | എന്‍. ശ്രീകണ്ഠന്‍ നായര്‍ | ആര്.എസ്.പി. | 26233 |
| 1957 | പി.കെ. കൊടിയന്‍ | സി.പി.ഐ | 26735 |
| 1962 | എന്‍. ശ്രീകണ്ഠന്‍ നായര്‍ | ആര്.എസ്.പി. | 64955 |
| 1967 | എന്‍. ശ്രീകണ്ഠന്‍ നായര്‍ | ആര്.എസ്.പി. | 79858 |
| 1971 | എന്‍. ശ്രീകണ്ഠന്‍ നായര്‍ | ആര്.എസ്.പി. | 112384 |
| 1977 | എന്‍. ശ്രീകണ്ഠന്‍ നായര്‍ | ആര്.എസ്.പി. | 113161 |
| 1980 | ബി.കെ. നായര്‍ | ഐ.എന്‍.സി. | 36586 |
| 1984 | എസ്. കൃഷ്ണകുമാര്‍ | ഐ.എന്‍.സി. | 20357 |
| 1989 | എസ്. കൃഷ്ണകുമാര്‍ | ഐ.എന്‍.സി. | 27462 |
| 1991 | എസ്. കൃഷ്ണകുമാര്‍ | ഐ.എന്‍.സി. | 27727 |
| 1996 | എന്‍.കെ. പ്രേമചന്ദ്രന് | ആര്.എസ്.പി. | 78370 |
| 1998 | എന്‍.കെ. പ്രേമചന്ദ്രന് | ആര്.എസ്.പി. | 71762 |
| 1999 | പി. രാജേന്ദ്രന്‍ | സി.പി.എം. | 19284 |
| 2004 | പി. രാജേന്ദ്രന്‍ | സി.പി.എം. | 111071 |
| 2009 | എന്‍. പീതാംബര കുറുപ് | ഐ.എന്‍.സി. | 17531 |
| 2014 | എന്‍.കെ. പ്രേമചന്ദ്രന് | ആര്.എസ്.പി. | 37649 |
| 2019 | എന്‍.കെ. പ്രേമചന്ദ്രന് | ആര്.എസ്.പി. | 148856 |
പ്രേമചന്ദ്രന്‍: ആക്ഷേപത്തെയും അവഹേളനത്തെയും കാറ്റില്‍പ്പറത്തിയ നേതാവ്

എന്‍.കെ. പ്രേമചന്ദ്രന്‍. ജെ. മേഴ്‌സിക്കുട്ടിയമ്മ, സുരേഷന് ഗോപി എന്നിവര്‍ സമീപം.
ഫോട്ടോ: ഗിരീഷ് കുമാര്‍ സി.ആര്‍.
കൊല്ലത്തുനിന്ന് നാലുവട്ടം ലോക്സഭാംഗവും ഒരുതവണ രാജ്യസഭാംഗവും ഒരു തവണ എം.എല്‍.എയും മന്ത്രിയുമായ നേതാവാണ് എന്‍.കെ. പ്രേമചന്ദ്രന്‍. ചവറ മുതല്‍ നീണ്ടകര വരെയുള്ള പാര്‍ട്ടിയെന്ന് പറഞ്ഞ് കളിയാക്കിയവര്‍ക്ക് മുന്നില്‍ പാർലമെന്റില്‍ വരെ റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ശബ്ദമെത്തിച്ച നേതാവ്. കൊല്ലംകാരുടെ എക്കാലത്തെയും ഏറ്റവും വലിയ ആവശ്യമായിരുന്നു, സ്വപ്‌നമായിരുന്ന കൊല്ലം ബൈപ്പാസ് യാഥാര്‍ഥ്യമായി. കഴിഞ്ഞ പത്തുവര്‍ഷമായി എന്‍.കെ. പ്രേമചന്ദ്രനാണ് കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇടതുപക്ഷത്തിനൊപ്പംനിന്നും വലതുപക്ഷത്തിനൊപ്പം നിന്നും കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ വിജയത്തിന്റെ മധുരം നുണഞ്ഞിട്ടുള്ളയാളാണ് പ്രേമചന്ദ്രന്‍. വികസന നേട്ടങ്ങള്‍ക്കൊപ്പം 2024-ലെ സത്കര്‍മ പുരസ്‌കാരവും നേടിയാണ് പ്രേമചന്ദ്രന്‍ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്.
2014, 2019 തിരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിന്റെ എം.എ. ബേബിയേയും കെ.എന്‍. ബാലഗോപാലിനേയും പരാജയപ്പെടുത്തിയാണ് പ്രേമചന്ദ്രന്‍ കൊല്ലം പിടിച്ചെടുത്തത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രങ്ങള്‍ സി.പി.എമ്മിന് അത്ര പെട്ടെന്ന് മറക്കാനാകില്ല. അതുവരെ ആര്‍.എസ്.പി. സ്ഥാനാര്‍ഥികളിലൂടെയും പിന്തുണയോടെയും സി.പി.എമ്മിന് ലഭിച്ചിരുന്ന സീറ്റ് മുന്നണിമാറ്റത്തിലൂടെ യു.ഡി.എഫിന്റെ കൈയിലെത്തുന്നത് അല്‍പം ഞെട്ടലോടെയാണ് പാര്‍ട്ടി കണ്ടുനിന്നത്. തൊട്ടുമുന്നത്തെ എല്‍.ഡി.എഫ്. മന്ത്രിസഭയില്‍ മന്ത്രി കൂടിയായിരുന്ന പ്രേമചന്ദ്രനാണ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി വിജയിച്ചു കയറിയതെന്നത് ആ വേദനയുടെ നീറ്റല്‍കൂട്ടി.
കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാന സെക്രട്ടറി ആവര്‍ത്തിച്ച് നടത്തിയ അസഭ്യപ്രയോഗം സംസ്ഥാനത്ത് മുഴുവന്‍ വലിയ ചര്‍ച്ചയായി. സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ശക്തികേന്ദ്രങ്ങളില്‍നിന്നുപോലും വോട്ടുകള്‍ ചേരാന്‍ ഇത് വഴിവെച്ചുവെന്നാണ് പിന്നീട് വിലയിരുത്തപ്പെട്ടത്. 2014-ല്‍ സി.പി.എമ്മിന്റെ കരുത്തനായ നേതാവ് എം.എ. ബേബിക്ക് ജില്ലയില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഇടതുതോല്‍വിക്ക് പ്രധാന കാരണമായി അന്ന് വിലയിരുത്തപ്പെട്ടത് പിണറായിയുടെ ആ അസഭ്യപ്രയോഗമായിരുന്നു.
തീര്‍ന്നില്ല, 2019-ല്‍ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലിനെയും പ്രേമചന്ദ്രന്‍ അടിയറവ് പറയിച്ചു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികളുടെയും വിജയത്തിന് ചുക്കാന്‍ പിടിച്ച കെ.എന്‍. ബാലഗോപാലിനെ സ്ഥാനാര്‍ഥിയാക്കുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും സി.പി.എം. പ്രതീക്ഷിച്ചിരുന്നില്ല. ജില്ലയിലെ എന്‍.എസ്.എസ്. അടക്കമുള്ള സമുദായ സംഘടനകളുടെ വോട്ട് ബാലഗോപാലിന് ലഭിക്കും എന്ന് ഉറപ്പായിരുന്നു. സംഭവിച്ചതോ, 2014-ല്‍ 37,649 ആയിരുന്ന ഭൂരിപക്ഷം 1,48,856 ആക്കി ഉയര്‍ത്തി പ്രേമചന്ദ്രന്‍ ജൈത്രയാത്ര തുടര്‍ന്നു.
സി.പി.എം. പ്രതീക്ഷ കാക്കുമോ മുകേഷ്

എം.എ. ബേബിക്കും കെ.എന്‍. ബാലഗോപാലിനും കഴിയാത്തത് എം. മുകേഷിന് സാധിക്കുമോ? മുകേഷിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ നടന്‍, ഒ. മാധവന്റെ മകന്‍ തുടങ്ങിയ വികാരങ്ങള്‍കൂടി വോട്ടാക്കി മാറ്റാനാകും എന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ക്യാമ്പ്. ഇടതുകോട്ടയാണ് കൊല്ലം. കൊല്ലത്തെ അങ്ങനെയാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച, നിയമസഭാ തിരഞ്ഞെടുപ്പില്‍ അടിമുടി ചുവക്കുന്ന കൊല്ലത്തിന്റെ ഇടതുരാഷ്ട്രീയം ജില്ലയില്‍ വേരൂന്നിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് കാളിദാസ കലാ കേന്ദ്രത്തിന്റെ സ്ഥാപകന്‍ കൂടിയായ ഒ. മാധവന്‍. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാള്‍. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അടക്കം എത്രയെത്ര നാടകങ്ങള്‍. അതിലൂടെ ജില്ലയിലെ അടിസ്ഥാന വര്‍ഗത്തിലേക്ക് കമ്മ്യൂണിസത്തിന്റെ വിത്ത് പാകിയതില്‍ മുഖ്യപങ്കുവഹിച്ചയാളാണ് ഒ. മാധവന്‍.
അദ്ദേഹത്തിന്റെ മകനെന്ന നിലയിലും മലയാള സിനിമയിലെ സുപ്രധാനമുഖവുമായ മുകേഷിന് ജില്ലയില്‍ മുഖവുരകളുടെ ആവശ്യമില്ല. ജനകീയനായ, സരസനായ ഇടതുപക്ഷക്കാരനായ മുകേഷിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ ചുവപ്പിക്കാനാകുമോ എന്ന് ചോദിച്ചാല്‍, ആ സാധ്യത അത്ര പെട്ടെന്ന് തള്ളിക്കളയാനാവില്ല. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രധാനിയായിരുന്നു ഒ. മാധവന്‍. പാര്‍ട്ടിയും നാടകപ്രവര്‍ത്തനവും അദ്ദേഹം ഒരുപോലെ മുന്നോട്ട് കൊണ്ടുപോയി. ജില്ലയിലെ പ്രധാന ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നുവെങ്കിലും മത്സരരംഗത്തേക്ക് വന്നിരുന്നില്ല ഒ. മാധവന്‍. അച്ഛന്റെ പാത പിന്തുടര്‍ന്ന മുകേഷ് കോളേജ് പഠനകാലത്ത് ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു. നാടകമെഴുത്തും അഭിനയവുമൊക്കെയായിരുന്നു മുകേഷിന്റെയും ഇഷ്ടമേഖലകള്‍. അതിനുശേഷം സിനിമാ പ്രവേശം. നായകനായും സഹനടനായും ഹാസ്യതാരമായുമൊക്കെ വെള്ളിത്തിരയില്‍ മുകേഷ് ജനങ്ങളെ രസിപ്പിച്ചു.
2016-ല്‍ അപ്രതീക്ഷിതമായിട്ടായിരുന്നു മുകേഷിന്റെ രാഷ്ട്രീയപ്രവേശം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് സിപിഎമ്മിനുവേണ്ടി മത്സരിച്ച മുകേഷ് വിജയം കൊയ്തു. 17,611 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുകേഷ് 2016-ല്‍ വിജയിച്ചത്. 2021-ല്‍ വീണ്ടും മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം 2072 ആയി ചുരുങ്ങി. രണ്ടുതവണ നിയമസഭാ സീറ്റ് പിടിച്ച ശേഷം ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരുകൈ നോക്കാന്‍ ഒരുങ്ങുന്ന മുകേഷിന് തികഞ്ഞ വിജയപ്രതീക്ഷയാണുളളത്. എം.എല്‍.എ. എന്ന നിലയിലുള്ള മുകേഷിന്റെ പ്രവര്‍ത്തനത്തില്‍ ജനങ്ങള്‍ എത്രത്തോളം തൃപ്തരാണ് എന്ന വസ്തുത കൂടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെളിയും.
ഈ പോരാട്ടം ഷിബു ബേബി ജോണിനും നിര്‍ണായകം

കൈകൊടുത്ത് അനുമോദിക്കുന്ന ഷിബു ബേബി ജോണ്‍- ചിത്രം മാതൃഭൂമി
ഷിബു ബേബി ജോണ്‍ സംസ്ഥാന സെക്രട്ടറിയായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ ആർ. എസ്.പിക്ക്. എന്തു വില കൊടുത്തും മണ്ഡലത്തില്‍ ആര്‍.എസ്.പിയുടെ കൊടിപാറിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിബു ബേബി ജോണ്‍. കൊല്ലത്ത് ആര് സ്ഥാനാര്‍ഥി എന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് പോലും ഇടകൊടുക്കാതെയാണ് പാര്‍ട്ടി പ്രേമചന്ദ്രന്റെ പേര് മുന്നോട്ടുവെച്ചത്. പ്രതിപക്ഷമെന്ന നിലയിലോ പാര്‍ട്ടിപരമായോ കൊല്ലത്തിന് യു.ഡി.എഫിനോടുള്ള പ്രിയം കുറവാണെങ്കിലും എംപിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ് എന്നാണ് യു.ഡി.എഫ്. കരുതുന്നത്.
രണ്ട് ടേമിലൂടെ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന പേരെടുക്കാന്‍ കഴിഞ്ഞ പ്രേമചന്ദ്രന്‍ ഇപ്പോള്‍ ലോക്സഭാ നടപടികൾ നിയന്ത്രിക്കുന്ന ചെയര്‍മാന്മാരുടെ പാനലില്‍ അംഗമാണ്. രാസവളം സ്റ്റാന്‍ഡിങ് കമ്മറ്റി, ലോക്സഭ ജനറല്‍ പര്‍പ്പസ് കമ്മറ്റി, വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി, ആഭ്യന്തര വകുപ്പ് കണ്‍സള്‍ട്ടേറ്റിവ് കമ്മറ്റി എന്നിവയിലും അംഗമാണ്.
അതേസമയം, ജില്ലയില്‍ ആര്‍.എസ്.പിക്ക് പഴയപ്രതാപം ഉണ്ടോ എന്ന് നോക്കിയാല്‍, ഇല്ല എന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രകടനം സൂചിപ്പിക്കുന്നത്. ആര്‍.എസ്.പിയുടെ അതികായനായ നേതാവ് ബേബി ജോണിന്റെ മകനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ സെക്രട്ടറിയുമായ ഷിബു ബേബി ജോണിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വികള്‍ അതിനുദാഹരണമാണ്. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.പിയും യു.ഡി.എഫും പിടിച്ചുനില്‍ക്കുന്നത്. അല്ലാതെ നോക്കിയാല്‍ ഇടതുപക്ഷത്തിന് തന്നെയാണ് ജില്ലയില്‍ മേല്‍ക്കൈ. പാര്‍ട്ടിക്കപ്പുറം ജനകീയനായ ഒരു സ്ഥാനാര്‍ഥിയെ ഇറക്കുന്നതിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. അതിന് പറ്റിയ സ്ഥാനാര്‍ഥി തന്നെയാണ് മുകേഷ്.
കൊല്ലവും ബി.ജെ.പിയും

കൊല്ലത്തെത്തിയ രാജ്‌നാഥ് സിങിനെ പൂമാലയിട്ട് സ്വീകരിക്കുന്നു.
ഫോട്ടോ: അജിത് പനച്ചിക്കല്‍- മാതൃഭൂമി
ബിജെപിക്ക് കൊല്ലത്ത് വോട്ട്ബാങ്ക് വര്‍ധിക്കുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്. 2009-ലെ തിരഞ്ഞെടുപ്പില്‍ 33,078 വോട്ടും, 2014-ല്‍ 58,671 വോട്ടും 2019-ല്‍ 1,03,339 വോട്ടുമാണ് ബിജെപി നേടിയത്. അത്ര പരിചിതനല്ലാത്ത സ്ഥാനാര്‍ഥിയായിട്ടുകൂടി 2019-ല്‍ അഡ്വ. കെ.വി. സാബു പിടിച്ചത് ഒരുലക്ഷത്തില്‍ പുറത്ത് വോട്ടാണ്. ബാലഗോപാല്‍ മൂന്നരലക്ഷം വോട്ടുപിടിച്ചപ്പോള്‍ പ്രേമചന്ദ്രന്‍ അഞ്ചുലക്ഷത്തിനടുത്ത് വോട്ടാണ് പിടിച്ചത്. കൊല്ലത്ത് കുമ്മനം രാജശേഖരൻ എത്തുകയും രണ്ടരലക്ഷത്തില്‍ പുറത്ത് വോട്ട് സമാഹരിക്കാന്‍ കഴിയുകയും ചെയ്താല്‍, കൊല്ലത്ത് കളിമാറും. പ്രേമചന്ദ്രന്റെ നിഷ്പക്ഷ വോട്ടുബാങ്ക് പൊളിക്കുക എന്നത് തന്നെയാവും സിപിഎമ്മും ബിജെപിയും ലക്ഷ്യമിടുന്നത്. വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ ദേശംഗനാട് ആരെ പിന്തുണയ്ക്കും എന്ന് കണ്ടുതന്നെ അറിയണം.
Content Highlights: mukesh cpm nk premachandran rsp kollam constituency lok sabha election 2024
Published: 06 Mar 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented