
മുഴുവന്നൂർ, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളടക്കം അഞ്ച് പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടിയായി വളർന്നുവെന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ആദ്യമായി ലോകസഭയിലേക്ക് മത്സരിക്കാനായി ട്വന്റി ട്വന്റി കളത്തിലിറങ്ങുന്നത്. 2015 -ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച് 19 സീറ്റുകളിൽ 17 എണ്ണം നേടി കിഴക്കമ്പലത്തിന്റെ ഭരണം പിടിച്ചതോടെയാണ്
ഇടത്-വലത് മുന്നണികൾക്ക് ട്വന്റി ട്വന്റി എതിരാളിയാകുന്നത്. 2020-ൽ നാല് പഞ്ചായത്തുകളിൽ കൂടി ട്വന്റി ട്വന്റി വ്യാപിച്ച് എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ വെല്ലുവളിയുയർത്തി. ചാലക്കുടിയിലും എറണാകുളത്തുമായി ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് ട്വന്റി ട്വന്റി പോരിനിറങ്ങുന്നത്. വോട്ട് ഷെയർ എന്നതിനപ്പുറം ചാലക്കുടിയിൽ അട്ടിമറി വിജയമാണ് ട്വന്റി ട്വന്റി ലക്ഷ്യമിടുന്നത്. ചാലക്കുടിയിലെ ട്വന്റി ട്വന്റി സ്ഥാനാർഥി ചാർളി പോൾ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
മണ്ഡലത്തിലെ സുപരിചിതൻ, ജനകീയ മുഖം
ജനസേവ ശിശുഭവന്‍ പ്രസിഡന്റ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ചാര്‍ളി പോളാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായി ഇത്തവണ ചാലക്കുടിയില്‍ കളത്തിലിറങ്ങുന്നത്. മണ്ഡലത്തിലെ ജനകീയ മുഖമെന്ന പ്രത്യേകതയാണ് ട്വന്റി ട്വന്റി ഉയര്‍ത്തിക്കാട്ടുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നായി 62,426 വോട്ടുകള്‍ സമാഹരിക്കാന്‍ ട്വന്റി ട്വന്റിക്ക് സാധിച്ചു. അതേസമയം, ട്വന്റി ട്വന്റി മത്സരിച്ച മണ്ഡലങ്ങളിലും ബി ജെ പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്. ഈ ആത്മവിശ്വാസം കൂടിയാണ് ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം കൊണ്ട് പാര്‍ട്ടി പ്രകടമാക്കുന്നത്.
പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ എന്ന നിലയില്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സീജവമായിരുന്നു ചാര്‍ലി പോള്‍. കേരളാ കോണ്‍ഗ്രസിനൊപ്പമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ത്ഥി ജീവിതത്തിന് ശേഷം രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ട്വന്റി ട്വന്റിയുടെ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം തോന്നിയാണ് പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. മണ്ഡലത്തിലെ 'ജനകീയ' മുഖമെന്ന പ്രത്യേകതയാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി പാര്‍ട്ടി മണ്ഡലത്തില്‍ സര്‍വേയും മറ്റും നടത്തുന്നുണ്ട്. അതില്‍ നിന്നുമാണ് ജനകീയരായവരെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനമുണ്ടായത്.
തിരുത്തൽ ശക്തിയാകും
'ജനങ്ങളോടൊപ്പം ജനക്ഷേമത്തിന് വേണ്ടിയെന്ന ആശയത്തോടെയാണ് ട്വന്റി ട്വന്റി ചാലക്കുടിയില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് തേടിയിറങ്ങുന്നത്. ട്വന്റി ട്വന്റി അധികാരത്തില്‍ വന്ന പഞ്ചായത്തുകളില്‍ ജനങ്ങളുടെ താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളും അവര്‍ അക്കമിട്ട് നിരത്തുന്നു. ട്വന്റി ട്വന്റിക്ക് ഇത്തരത്തില്‍ കേരളത്തിലാകമാനമുള്ള ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും സാധിക്കുമെന്ന വിശ്വാസമുണ്ട്. ആ വിശ്വാസവുമായാണ് തിരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകുന്നത്. മറ്റ് പാര്‍ട്ടികള്‍ ജനങ്ങളുടെ ക്ഷേമകാര്യത്തില്‍ ഇടപെടുന്നില്ലേയെന്ന് ചോദിച്ചാല്‍ അവരുടെ പ്രധാന താല്‍പര്യം ജനക്ഷേമം തന്നെയാണോയെന്ന് സംശയമുണ്ട്. ജനമാണ് രാജാവ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു ജനമുന്നേറ്റം വേണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇടത് വലത് മുന്നണികളെ ജനം പരീക്ഷിച്ച് പരാജയപ്പെട്ടപ്പോള്‍ ഡല്‍ഹയിലൊക്കെ സംഭവിച്ചപോലെ പുതിയ ഒരു തിരുത്തല്‍ ശക്തിയായി, പുതിയ പാത വെട്ടിത്തെളിച്ചുകൊണ്ടാണ് ട്വന്റി ട്വന്റി വരുന്നത്. നടപ്പാക്കാവുന്ന കാര്യങ്ങളേ ട്വന്റി ട്വന്റി പറയുന്നുള്ളൂ, പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുമെന്നും' അദ്ദേഹം പറയുന്നു
ചാലക്കുടിയിൽ പാർട്ടിക്ക് വലിയ പിന്തുണ
'ട്വന്റി ട്വന്റി മുന്നോട്ടുവെച്ച നയസമീപനങ്ങളും ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജനം അംഗീകരിക്കുന്നുണ്ട്. ചാലക്കുടിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണ പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ട്. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകളുണ്ട്, അതില്‍ അമ്പത് ശതമാനത്തില്‍ താഴെ വിലക്ക് ഭക്ഷണ സാധനങ്ങള്‍ വില കുറച്ച് കൊടുക്കാന്‍ സാധിക്കുന്നു. ഓരോ കുടുംബത്തിനും മൂവായിരം രൂപ മുതല്‍ അയ്യായിരം രൂപവരെ ഉണ്ടെങ്കില്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ സാധിക്കുന്ന സാഹചര്യമുണ്ട്. കൂടാതെ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും സ്വയം പര്യാപ്തത നേടുന്നതിനും നിരവധി പദ്ധതികളും പാര്‍ട്ടി നടത്തുന്നുണ്ട്. ട്വന്റി ട്വന്റി അധികാരത്തില്‍ വന്ന പഞ്ചായത്തുകളിലെ ജനങ്ങളെല്ലാം സംതൃപ്തരാണ്. ഇതോടെ അവിടുത്തെ ക്രൈം റേറ്റ് സീറോയിലേക്ക് പോയിട്ടുണ്ട്. 24 കോടിയോളം രൂപ പഞ്ചായത്തുകളില്‍ മിച്ചം വെക്കാന്‍ സാധിക്കും. ഈ തുക കൊണ്ട് റോഡുകളുടെ വികസനമടക്കം ചെയ്യാനായി സാധിക്കും. എന്നാല്‍ സര്‍ക്കാരിന്റെ കീഴിലാണ് പഞ്ചായത്തുകള്‍ വരുന്നത്. അതുകൊണ്ട് മാത്രമാണ് ഇത്തരം സൗകര്യങ്ങള്‍ ചെയ്യുന്നതിനായി സാധിക്കാതെ പോകുന്നത്. അതല്ലെങ്കില്‍ വൈദ്യുതി ഫ്രീ ആയിട്ട് കൊടുക്കുന്നതിനും ജനങ്ങള്‍ കരം അടക്കണ്ടെന്നും പറയാനായി സാധിക്കും'-അദ്ദേഹം പറയുന്നു
കേരളത്തിന്റെ എല്ലാ ഭാഗത്തും ട്വന്റി ട്വന്റി പ്രഭാവം
'തിരഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് വരുമ്പോഴാണ് ഒരു പാര്‍ട്ടിക്ക് പ്രാധാന്യം ഉണ്ടാകുന്നത്. രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്ത ശേഷം വലിയൊരു മുന്നേറ്റമാണ് പാര്‍ട്ടിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. കേരളത്തിന്റെ എല്ലാ ഭാഗത്തും ട്വന്റി ട്വന്റി പ്രഭാവം കാണാന്‍ സാധിക്കുന്നുണ്ട്. ആ മുന്നേറ്റം എത്രത്തോളം വോട്ടായി മാറുമെന്നും വിജയിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുള്ള പ്രദേശമാണ് ചാലക്കുടി മണ്ഡലം. ഇവിടെ പാര്‍ട്ടിക്ക് വ്യാപകമായ അടിത്തറയുണ്ട്. പാര്‍ട്ടിയുടെ ഈ അടിത്തറ വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ മത്സരിക്കുന്നത്
ട്വന്റി ട്വന്റിക്ക് ജനപക്ഷ രാഷ്ട്രീയമാണ് ഉള്ളത്. ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും പാര്‍ട്ടിക്കെതിരേ എതിര്‍പ്പുണ്ട്. എന്തിനാണ് അത്തരമൊരു എതിര്‍പ്പ് എന്നത് മനസിലാക്കണം. ട്വന്റിട്വന്റി ചെയ്യുന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളോടൊപ്പം ജനങ്ങള്‍ നില്‍ക്കുന്നു. ഇപ്പോള്‍ എതിര്‍ക്കുന്നവരുടെ കാലിനിടിയിലെ മണ്ണ് ഒലിച്ചു പോയി. എന്നിട്ടും അവര്‍ അവിടെ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയാണ്. ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തില്‍ ഒരു വ്യക്തി എന്തെങ്കിലും ആവശ്യവുമായി വന്നാല്‍ അത് അന്ന് നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിറ്റേന്ന് അതാത് വാര്‍ഡ് മെമ്പര്‍ ആ സേവനം അവരുടെ വീട്ടിലെത്തിക്കും. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പദ്ധതി ആവിഷ്‌കരിക്കാനും അത് നടപ്പാക്കാനും ഒരു ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്'-ചാര്‍ലി പോള്‍ പറയുന്നു
Content Highlights: chalakudy twenty20 charly paul interview
Published: 19 Mar 2024, 01:51 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented