
ചാലക്കുടിയുടെ ചങ്കിടിപ്പ് ഏറിക്കൊണ്ടിരിക്കുകയാണ്. പത്മജ വേണുഗോപാൽ താമരചിഹ്നത്തിൽ മത്സരിക്കാൻ എത്തിയാൽ മണ്ഡലത്തിന്റെ പോരാട്ടചിത്രം മറ്റൊന്നാകും. കേരളത്തിലെ ക്ലാസിക് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാകും. ദേശീയശ്രദ്ധയിലേയ്ക്ക് വരികയും ചെയ്യും. പത്മജയുടെ വരവിനായി ഉറ്റുനോക്കുകയാണ് അടിയുറച്ച കോൺഗ്രസ് പാരമ്പര്യമുള്ള മണ്ഡലം. ബി.ജെ.പിയിൽ ചേരുന്ന പത്മജയ്ക്ക് ബി.ജെ.പി ചാലക്കുടി മണ്ഡലം നൽകിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. പത്മജ തന്നെ മുൻപ് മത്സരിച്ച് പരാജയപ്പെട്ട ചരിത്രമുണ്ട് മണ്ഡലത്തിന്. പഴയ മുകുന്ദപുരമായിരുന്ന കാലത്ത്. അച്ഛൻ കെ.കരുണാകരൻ ഉജ്വലവിജയം സ്വന്തമാക്കിയ ചരിത്രവുമുണ്ട്. ഇതിനെല്ലാം പുറമെ ട്വന്റി ട്വന്റിയുടെ വരവ് കൂടി ആയതോടെ ചതുഷ്ക്കോണ പോരാട്ടത്തിനാണ് മണ്ഡലം ഒരുങ്ങുന്നത്.
ചില ഘട്ടങ്ങളില്‍ മാത്രം പിന്തുണച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസിന് ഏറെ പ്രതീക്ഷയുള്ള മണ്ഡലം.തിരു കൊച്ചിയുടെ ഭാഗമായിരുന്ന 1952 ൽ കൊടുങ്ങല്ലൂരായിരുന്നു. 1957 മുതല്‍ മുകുന്ദപുരമായി. 2004-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷമാണ് ശക്തമായ കോണ്‍ഗ്രസ് ആധിപത്യമുണ്ടായിരുന്ന മുകുന്ദപുരം ചാലക്കുടി മണ്ഡലമായി മാറിയത്.
1952-മുതൽ ഇങ്ങോട്ട് മണ്ഡലത്തില്‍ നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ 12 തവണയാണ് ഇവിടെ കോണ്‍ഗ്രസ് വിജയിച്ച് കയറിയത്. രണ്ട് തവണ ഇടതുപക്ഷവും ഒരു തവണ കേരള കോണ്‍ഗ്രസും രണ്ട് തവണ ഇടതുസ്വതന്ത്രരും വിജയിച്ചു കയറി.
തൃശ്ശൂര്‍ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നാല് നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. കോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രമാണ് ചാലക്കുടിയെങ്കിലും ചില ഘട്ടങ്ങളില്‍ ജനവിധി മാറി മറിഞ്ഞിട്ടുമുണ്ട്. മണ്ഡലത്തിലെ കയ്പമംഗലമൊഴികെ ബാക്കിയുള്ള നിയമസഭാ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് ആധിപത്യവുമാണ്.
| വർഷം | വിജയി | പാർട്ടി | ഭൂരിപക്ഷം |
| 1952 | കെ.ടി.അച്ച്യുതൻ | കോൺ. (തിരു കൊച്ചി) | |
| മുകുന്ദപുരം | |||
| 1957 | നാരായണൻകുട്ടി മേനോൻ | സി.പി.ഐ | 5653 |
| 1962 | പനമ്പിള്ളി ഗോവിന്ദ മേനോൻ | കോൺ. | 38462 |
| 1967 | പനമ്പിള്ളി ഗോവിന്ദ മേനോൻ | കോൺ. | 5334 |
| 1971 | എ.സി.ജോർജ് | കോൺ. | 72623 |
| 1977 | എ.സി.ജോർജ് | കോൺ. | 4221 |
| 1980 | ഇ.ബാലാനന്ദൻ | സി.പി.എം | 65125 |
| 1984 | എം.മോഹൻദാസ് | കേരള കോൺ. | 44398 |
| 1989 | സാവിത്രി ലക്ഷ്മൺ | കോൺ. | 18786 |
| 1991 | സാവിത്രി ലക്ഷ്മൺ | കോൺ. | 12361 |
| 1996 | പി.സി.ചാക്കോ | കോൺ. | 24730 |
| 1998 | എ.സി.ജോസ് | കോൺ. | 8939 |
| 1999 | കെ.കരുണാകരൻ | കോൺ. | 52476 |
| 2004 | ലോനപ്പൻ നമ്പാടൻ | സി.പി.എം | 117127 |
| ചാലക്കുടി | |||
| 2009 | കെ.ധനപാലൻ | കോൺ. | 71666 |
| 2014 | ഇന്നസെന്റ് | എൽ.ഡി. എഫ് (സ്വത.) | 13879 |
| 2019 | ബെന്നി ബെഹനാൻ | കോൺ. | 132274 |
മണ്ഡല പുഃനക്രമീകരണത്തിന് ശേഷം മൂന്ന് ലോക്‌സഭ തിരഞ്ഞെടുപ്പുകളെയാണ് ചാലക്കുടി നേരിട്ടത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് പുതുതായി രൂപവത്കരിക്കപ്പെട്ട ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. ആ വര്‍ഷം കോണ്‍ഗ്രസ്സിലെ കെ.പി. ധനപാലന്‍ വിജയിച്ചു. സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന യു.പി ജോസഫിനെ 71666 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി അഡ്വ.കെ വി സാബുവാണ് മത്സര രംഗത്തുണ്ടായിരുന്നത്. 45367 വോട്ടുകളാണ് ബി.ജെ.പി നേടിയത്.
2014-ലെ തിരഞ്ഞെടുപ്പില്‍ നടന്‍ ഇന്നസെന്റ് ഇടതു സ്വതന്ത്രനായി മത്സരിക്കാനെത്തിയതോടെ കഥയാകെ മാറി മറിയുകയായിരുന്നു. അങ്ങനെ സംസ്ഥാനമൊട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലമായി ചാലക്കുടി മാറുകയും ചെയ്തു. അവസാന നിമിഷമുണ്ടായ സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നു ഇന്നസെന്റിന്റേത്. പാര്‍ട്ടിക്ക് ശക്തമായ മേൽക്കൈയില്ലാത്ത മണ്ഡലമെന്ന നിലയ്ക്ക് ഇന്നസെന്റിനെ പോലൊരു സെലിബ്രറ്റിയെ കളത്തിലിറക്കി ചാലക്കുടി പിടിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്. അങ്ങനെ കോണ്‍ഗ്രസിന് ചാലക്കുടിയില്‍ അടിതെറ്റുകയും ചെയ്തു. മറുഭാഗത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.സി ചാക്കോയായിരുന്നു.

തൃശൂരില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ പി.സി ചാക്കോ സേഫ് സീറ്റായി ചാലക്കുടി മോഹിച്ചു. സിറ്റിങ് എം.പി കെ.പി ധനപാലനെ തൃശൂരിലേക്കും. ചാക്കോയെ പിണക്കാതിരിക്കാനായി കോണ്‍ഗ്രസ് അവസാന നിമിഷമാണ് അദ്ദേഹത്തെ ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. അതോടെയുണ്ടായ പി.സി വിരുദ്ധതയും ഇന്നസെന്റിന് വോട്ടായി മാറുകയായിരുന്നു. പി.സി. ചാക്കോയ്‌ക്കെതിരേ 13,879 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇന്നസെന്റ് ജയിച്ചത്. ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച അഡ്വ.ബി ഗോപാലകൃഷ്ണന് 92848 വോട്ടും നേടാനായി.
2019-ലെ പൊതു തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് ഇന്നസെന്റിനെ പരീക്ഷിച്ചെങ്കിലും യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന ബെന്നി ബെഹനാന് മുന്നില്‍ മുട്ടുമടക്കേണ്ടിയും വന്നു. 1,32,274 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് ഇന്നസെന്റിനെ ബെന്നി ബെഹനാന്‍ തോല്‍പ്പിച്ചത്. സ്ഥാനാര്‍ഥി പര്യടനം പുരോഗമിക്കവേയാണ് ബെന്നി ബെഹനാന്‍ രോഗബാധിതനായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്വന്റി 20-യെയും കിഴക്കമ്പലം പഞ്ചായത്തിനെയും പരസ്യമായി അവഹേളിച്ചെന്നാരോപിച്ച് ബെന്നി ബഹന്നാനെതിരേ കിഴക്കമ്പലത്ത് പ്രതിഷേധ റാലിയും നടന്നിരുന്നു.
മാത്രമല്ല ട്വന്റി-20 പ്രസ്ഥാനം തിരഞ്ഞെടുപ്പില്‍ ബെന്നി ബഹന്നാന് വോട്ട് നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ട്വന്റി 20 നടത്തിയ കുടുംബയോഗങ്ങളില്‍ പ്രതിഷേധം ശക്തമാക്കുകയും ചെയ്തു. പക്ഷെ മണ്ഡലത്തിലെ കോണ്‍ഗ്രസ് മനസ് ബെന്നി ബഹനാനൊപ്പം നിന്നു. ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍മുന്നേറ്റമാണ് മണ്ഡലത്തില്‍ നേടാന്‍ സാധിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച എ.എന്‍ രാധാകൃഷ്ണന് 154159 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ ബെന്നി ബെഹനാന്‍ വീണ്ടും മത്സരത്തിനെത്തുമ്പോള്‍ മത്സരം കടുക്കുമെന്നതില്‍ സംശയമില്ല. ആറ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ചാലക്കുടിയില്‍ കയ്പമംഗലവും കൊടുങ്ങല്ലൂരുമാണ് ശക്തമായ സി.പി.എം സ്വാധീനമുള്ളത്.

നിയമസഭയില്‍ ഇങ്ങനെ
കയ്പമംഗലം
2008 ലെ നിയമസഭാ പുനര്‍നിര്‍ണയത്തോടെയാണ് സി.പി.ഐ ആധിപത്യ മണ്ഡലമായ കയ്പമംഗലം നിലവില്‍ വന്നത്. തൃശ്ശൂര്‍ ജില്ലയിലെ എടവിലങ്ങ്, എടത്തിരുത്തി, എറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലവുമാണ്. 2016 മുതല്‍ സി.പി.ഐയിലെ ഇ.ടി. ടൈസണ്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011-ല്‍ വി എസ് സുനില്‍ കുമാറായിരുന്നു ഇവിടെ നിന്നും ജയിച്ചത്.
കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂര്‍ നഗരസഭയും പൊയ്യ, മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂര്‍, മാള, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലം. 1957-ലെ ആദ്യ തിരഞ്ഞെടുപ്പിന് ശേഷം കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും നാല് തവണ മാത്രമാണ് ഒരു കോണ്‍ഗ്രസ് ജനപ്രതിനിധി നിയമസഭയിലേക്കെത്തിയത്. 2016 മുതല്‍ സി.പി.ഐയുടെ വി ആര്‍ സുനില്‍ കുമാറാണ് മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
ചാലക്കുടി
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി നഗരസഭയും മുകുന്ദപുരം താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂര്‍, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്ന നിയമസഭാ മണ്ഡലമാണ് ചാലക്കുടി. 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ ചാലക്കുടി മണ്ഡലത്തില്‍ ജനറല്‍ വിഭാഗത്ത് നിന്ന് ഒരു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു. പന്ത്രണ്ടും പതിമൂന്നും പതിനാലും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സി.പി.എം സ്ഥാനാര്‍ഥി ബി.ഡി ദേവസ്സിയാണ് നിയമസഭയിലെത്തിയത്. ഇതൊഴിച്ചാല്‍ യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ചാലക്കുടി.

ആലുവ
എറണാകുളം ജില്ലയിലുള്ള നിയമസഭാ മണ്ഡലമാണ് ആലുവ. ആലുവ മുനിസിപ്പാലിറ്റി, ആലുവ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, എടത്തല, കാഞ്ഞൂര്‍, കീഴ്മാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകള്‍ അടങ്ങിയതാണ് ആലുവ നിയമസഭാ മണ്ഡലം. 2011 മുതല്‍ കോണ്‍ഗ്രസ് നേതാവ് അന്‍വര്‍ സാദത്താണ് ആലുവ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുള്ള മണ്ഡലമാണ് ആലുവയും.
അങ്കമാലി
എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന നിയമസഭാ മണ്ഡലമാണ് അങ്കമാലി. ആലുവ താലൂക്കില്‍ ഉള്‍പ്പെടുന്ന അങ്കമാലി നഗരസഭ, അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂര്‍, നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂര്‍, പാറക്കടവ്, തുറവൂര്‍ എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് അങ്കമാലി നിയമസഭാ മണ്ഡലം. 2016 മുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോജി എം ജോണ്‍ ആണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
പെരുമ്പാവൂര്‍
കുന്നത്തുനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും, അശമന്നൂര്‍, കൂവപ്പടി, മുടക്കുഴ, ഒക്കല്‍, രായമംഗലം, വെങ്ങോല, വേങ്ങൂര്‍ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലം. എല്‍.ഡി. എഫ് സ്ഥാനാര്‍ഥികളേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളേയും മാറി മാറി വിജയിപ്പിച്ച മണ്ഡലമാണ് പെരുമ്പാവൂര്‍. 2016 മുതല്‍ കോണ്‍ഗ്രസിന്റെ എല്‍ദോസ് കുന്നപ്പള്ളിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
കുന്നത്തുനാട്
കുന്നത്തുനാട് താലൂക്കിലെ ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട് പുത്തന്‍കുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് കുന്നത്തുനാട് നിയമസഭാ മണ്ഡലം. 2021 മുതല്‍ സി.പി.എമ്മിന്റെ പി.വി ശ്രീനിജനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ശക്തരായ രാഷ്ട്രീയ പാര്‍ട്ടിയായി ഉയര്‍ന്നുവരുന്ന ട്വന്റി ട്വന്റിയുടെ ശക്തി കേന്ദ്രം കൂടിയാണ് കുന്നത്തുനാട് മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവരുടെ ശക്തമായ സാന്നിധ്യം പ്രകടമായിരുന്നു. ബി.ജെ.പിയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് ട്വന്റി ട്വന്റി സ്ഥാനാര്‍ഥി സുജിത്ത് സുരേന്ദ്രന്‍ ഇവിടെ 42701 വോട്ടുകള്‍ നേടിയിരുന്നു. വിജയിച്ച വി.പി ശ്രീനിജനുമായി ഏകദേശം പതിനായിരത്തില്‍ താഴെ വോട്ടിന്റെ വ്യത്യാസമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്.

ജനകീയ മുഖമായി സി രവീന്ദ്രനാഥ്
ചാലക്കുടി മണ്ഡലത്തിലെ വോട്ടറല്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ ജനകീയ മുഖവും ആസൂത്രണ മികവും സാധാരണക്കാരനെന്ന ലേബലുമാണ് മുന്‍ വിദ്യാഭ്യാസമന്ത്രികൂടിയായ സി. രവീന്ദ്രനാഥിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കളത്തിലിറക്കാന്‍ അവരെ പ്രേരിപ്പിച്ചത്. തൃശ്ശൂര്‍ നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടിപ്പോകുന്ന രവീന്ദ്രനാഥ് എന്നും ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ്. ചാലക്കുടി ലോക്സഭാ മണ്ഡലത്തോട് ചേര്‍ന്നുകിടക്കുന്ന കൊടകര, പുതുക്കാട് മണ്ഡലങ്ങളില്‍ നിന്നായി മൂന്നുതവണ രവീന്ദ്രനാഥ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
2006-ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പ് കൊടകരയില്‍ നിന്ന് മുന്‍മന്ത്രിയും സിറ്റിങ് എം.എല്‍.എ.യുമായ കെ.പി. വിശ്വനാഥനെ 19000-ത്തില്‍പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ആദ്യമായി അദ്ദേഹം നിയമസഭയിലെത്തുന്നത്. 2011-ല്‍ ഭൂരിപക്ഷം ഇരുപത്താറായിരമാക്കിയിരുന്നു. സ്ഥാനാര്‍ഥി ചര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളിലൊന്നും ഉയര്‍ന്നുവരാതിരുന്ന പേരാണ് രവീന്ദ്രനാഥിന്റേത്. വിജയസാധ്യത കണക്കിലെടുക്കുമ്പോള്‍ പാര്‍ട്ടിക്ക് ശക്തമായ അടിയൊഴുക്കില്ലാത്ത മണ്ഡലമെന്ന നിലക്ക് സെലിബ്രിറ്റികളുടേ പേരുകളടക്കം ഉയര്‍ന്ന് കേള്‍ക്കുകയും ചെയ്തിരുന്നു. പക്ഷേ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടതിനൊപ്പം നില്‍ക്കുമെന്ന വിശ്വാസത്തിലാണ് സി രവീന്ദ്രനാഥ് പോരാട്ടത്തിനിറങ്ങുന്നത്.
വീണ്ടും പോരിനിറങ്ങി ബെന്നി ബെഹ്നാന്‍
യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഏക പേര് സിറ്റിങ് എം.പി ബെന്നി ബഹനാന്റേതാണ്. 1982 ല്‍ ആദ്യമായി പിറവം നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നുമാണ് ബെന്നി ബഹ്നാന്‍ കേരള നിയമസഭയിലെക്കേത്തുന്നത്. 2004 ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെടുകയും 2019 ല്‍ ഇന്നസെന്റിനെതിരേ മത്സരിച്ച് ചാലക്കുടിയില്‍ നിന്ന് ലോക്സഭയിലേക്കെത്തുകയും ചെയ്തു. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ ഉയര്‍ത്തിക്കാട്ടിയാണ് യു.ഡി.എഫ് ഇത്തവണ വോട്ട് തേടുന്നത്. ജനസമ്മതനായ നേതാവാണ് ചാലക്കുടിക്കാര്‍ക്ക് ബെന്നി ബഹ്നാന്‍ എന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
വോട്ട് പിടിക്കാനൊരുങ്ങി ട്വന്റി ട്വന്റിയുടെ ചാര്‍ളി പോള്‍
മുഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാടു പഞ്ചായത്തുകളടക്കം അഞ്ച് പഞ്ചായത്തുകള്‍ ഭരിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നുവെന്ന ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കാനായി ട്വന്റി ട്വന്റി കളത്തിലിറങ്ങുന്നത്. 2015 -ലെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് 19 സീറ്റുകളില്‍ 17 എണ്ണം നേടി കിഴക്കമ്പലത്തിന്റെ ഭരണം ഏറ്റെടുത്തതോടെയാണ് ഇടത് വലത് മുന്നണികള്‍ക്ക് ട്വന്റി ട്വന്റി മുഖ്യ എതിരാളിയായി മാറുന്നത്. പിന്നീട് 2020 ല്‍ ഇവരുടെ പ്രാതിനിധ്യം നാല് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കുകയും ചെയ്തു. എല്‍.ഡി.എഫിനും യു. .ഡി.എഫിനും ഒരുപോലെ എതിര്‍ കക്ഷിയാവുകയാണ് ട്വന്റി ട്വന്റി. 2021-ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിക്കുകയും 145664 വോട്ടുകള്‍ സമാഹരിക്കുകയും ചെയ്തിരുന്നു. അതേസമയം തന്നെ ട്വന്റി ട്വന്റി മത്സരിച്ച ഈ എട്ട് മണ്ഡലങ്ങളിലും ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതും ശ്രദ്ധേയമാണ്.
ജനസേവ ശിശുഭവന്‍ പ്രസിഡന്റ്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന ചാര്‍ളി പോളാണ് ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങുന്നത്. മണ്ഡലത്തിലെ ജനകീയ മുഖമെന്ന പ്രത്യേകതയാണ് ട്വന്റി ട്വന്റി ഉയര്‍ത്തിക്കാട്ടുന്നത്. 2021 ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലുള്‍പ്പെട്ട കുന്നത്തുനാട്, പെരുമ്പാവൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നായി 62426 വോട്ടുകള്‍ സമാഹരിക്കാന്‍ ട്വന്റി ട്വന്റിക്ക് സാധിച്ചു. ഈ ആത്മവിശ്വാസം കൂടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പ്രകടമാക്കുന്നത്.

മോദിപ്രഭാവം ബി.ജെ.പിക്ക് കൂട്ടാകുമോ
തൃശ്ശൂരില്‍ ഇത്തവണ മോദി എത്തിയത് വലിയ പ്രതീക്ഷയോടെയാണ് മണ്ഡലത്തിലെ ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും മണ്ഡലത്തില്‍ ബി.ജെ.പി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പദ്മജയെ ബിജെപിയിലെത്തിക്കുന്നതോടെ വന്‍ ട്വിസ്റ്റാണ് ബിജെപി ചാലക്കുടിയില്‍ ഒരുക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുന്നതിന് മുമ്പ് തന്നെ രണ്ട് തവണയാണ് മോദി തൃശ്ശൂരില്‍ വന്ന് പോയത്. മോദിയെത്തിയത് തൃശ്ശൂരിലേയും ചാലക്കുടിയിലേയും പ്രവര്‍ത്തകര്‍ക്ക് ഒരുപോലെ ആവേശമായിട്ടുണ്ട്. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഓരോന്നിലും വോട്ടുകള്‍ ഇരട്ടിയിലധികമാക്കാന്‍ സാധിച്ചുവെന്നതും ഈ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. 2019-ലെ തിരഞ്ഞെടുപ്പില്‍ എ.എന്‍ രാധാകൃഷ്ണന് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടാന്‍ സാധിച്ചത് ആവര്‍ത്തിക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്.
Content Highlights: Chalakkudi Lok sabha election 2024
Published: 07 Mar 2024, 10:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented