പൊതുവേ മൂന്നു 'ടീമുകള്‍' ഉണ്ടാവാറുള്ള ടൂര്‍ണമെന്റില്‍ നാലാമതൊരു ടീമെന്നപോലെയാണ് ചാലക്കുടിയില്‍ ട്വന്റി-ട്വന്റി. വിജയത്തിലേക്ക് എത്തുമോ എന്നു പറയാനാവില്ലെങ്കിലും മറ്റു 'ടീമുകളുടെ' വിജയ, പരാജയങ്ങളെ സ്വാധീനിക്കാന്‍ പോന്ന കറുത്തകുതിരയാകുമോ ട്വന്റി-ട്വന്റി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ചാലക്കുടിയില്‍ ഇക്കുറി അങ്കത്തട്ടിലേക്ക് ആദ്യം കയറിയത് ട്വന്റി-ട്വന്റിയാണ്. മുന്നണികളുടെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ടായിരുന്നു അവരുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം. കിഴക്കമ്പലത്തു നടന്ന മഹാസമ്മേളനത്തില്‍ ട്വന്റി-ട്വന്റി ചാലക്കുടിയിലെയും എറണാകുളത്തെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിറ്റേന്നുമുതല്‍ സ്ഥാനാര്‍ഥികള്‍ രംഗത്തിറങ്ങുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റിക്ക് ഒന്നുംചെയ്യാന്‍ കഴിയില്ലെന്നു പരസ്യമായി പറയുമ്പോഴും മുന്നണികള്‍ അവരുടെ ഇടപെടലിനെ ഉള്‍ക്കിടിലത്തോടെയാണ് കാണുന്നത്. അവര്‍ വാരുന്ന വോട്ട് ഏതു കുട്ടയില്നിന്നായിരിക്കും എന്നതിനെച്ചൊല്ലി എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം ചൂണ്ടി സമാധാനിച്ചുകൊണ്ടിരിക്കുകയാണ്.
രണ്ടുജില്ലകളിലായി കിടക്കുന്ന മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കും ജയിച്ച പാരമ്പര്യം പറയാനുണ്ട്. സ്ഥാനാര്‍ഥി പാര്‍ട്ടിക്കുള്ളില്‍നിന്നുതന്നെ എന്ന് ഉറപ്പിച്ചതോടെ സി.പി.എം. മുന്‍മന്ത്രി സി. രവീന്ദ്രനാഥില്‍ എത്തി. അദ്ദേഹം ആദ്യം താത്പര്യക്കുറവ് അറിയിച്ചിരുന്നെങ്കിലും അതൊരു പാര്‍ട്ടി തീരുമാനമായപ്പോള്‍, ആവേശത്തോടെ ഏറ്റെടുത്തു.
സിറ്റിങ് എം.പി.മാര്‍ക്ക് സീറ്റുറപ്പുള്ളതിനാല് ബെന്നി ബെഹനാന് വളരെ നേരത്തേതന്നെ അണിയറപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.
എന്‍.ഡി.എ.യില്‍ ചാലക്കുടി സീറ്റ് ബി.ഡി.ജെ.എസിനാണ്. സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍നിന്നുള്ള എസ്.എന്‍.ഡി.പി. യോഗം നേതാവ് കെ.എ. ഉണ്ണിക്കൃഷ്ണനെയാണ് ബി.ഡി.ജെ.എസ്. രംഗത്തിറക്കിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന ജനറല്‍സെക്രട്ടറി, റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്മാന്, എസ്.എന്‍.ഡി.പി. യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചുവന്നിട്ടുള്ള ഉണ്ണിക്കൃഷ്ണന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചാലക്കുടിയില്‍നിന്ന് ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
ട്വന്റി-ട്വന്റിക്ക് നല്ല വേരോട്ടമുള്ള സ്ഥലങ്ങളാണ് കുന്നത്തുനാട്, പെരുമ്പാവൂര്‍ നിയമസഭാ മണ്ഡലങ്ങള്‍. മദ്യവിരുദ്ധ സമിതികളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഭിഭാഷകനായ ചാര്‍ളി പോളിനെയാണ് പാര്‍ട്ടി ശക്തി തെളിയിക്കാന്‍ ഇറക്കിയിട്ടുള്ളത്.
പഴയ മുകുന്ദപുരം മണ്ഡലമായിരുന്ന ചാലക്കുടി കൂടുതല്‍ക്കാലം യു.ഡി.എഫിനൊപ്പമാണ് നിന്നിട്ടുള്ളതെങ്കിലും മണ്ഡലത്തിന്റെ മനസ്സ് ഇടയ്ക്ക് ഇടതുപക്ഷത്തേക്കും ചാഞ്ഞിട്ടുണ്ട്. 1957 മുതല്‍ മുകുന്ദപുരമായിരുന്നപ്പോള് നടന്ന പതിമ്മൂന്ന് തിരഞ്ഞെടുപ്പില്‍ പത്തും ചാലക്കുടിയായപ്പോള്‍ നടന്ന മൂന്നില്‍ രണ്ടും യു.ഡി.എഫിനൊപ്പമാണ് മണ്ഡലം നിന്നിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇവിടത്തെ മണ്ഡലങ്ങളില്‍ മുന്നേറാന്‍ പലപ്പോഴും ഇടതുമുന്നണിക്ക് സാധിച്ചിട്ടുമുണ്ട്.
Content Highlights: chalakkudi constituency analysis
Published: 22 Mar 2024, 12:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented