രുണ്‍ ഗാന്ധിക്ക് മുന്നില്‍ വഴിയടയുകയാണോ ബിജെപിയില്‍. വര്‍ഗീയത ചൊരിഞ്ഞ് തീപ്പൊരി നേതാവായി രംഗപ്രവേശം ചെയ്ത് വളരെ വേഗം വളര്‍ന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പദം വരെ അലങ്കരിച്ച വരുണ്‍ പാര്‍ട്ടിക്കിപ്പോള്‍ പുകഞ്ഞ കൊള്ളിയാണ്. സിറ്റിങ് സീറ്റായ പിലിഭിത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബിജെപി സസ്‌പെന്‍സ് തുടരുമ്പോള്‍ വരുണിന്റെ സര്‍പ്രൈസ് എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെ വരുണിന് പിലിഭിത്ത് സീറ്റ് വാഗ്ദാനം ചെയ്ത് സുഹൃത്തും എസ്.പി അധ്യക്ഷനുമായ അഖിലേഷ് അദ്ദേഹത്തെ കൂടെക്കൂട്ടാന്‍ അണിയറചര്‍ച്ചകളിലാണ്. സ്വതന്ത്രനായോ എസ്.ടി ടിക്കറ്റിലോ മത്സരിച്ചേക്കാം. യുപിയില്‍ 54 സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി ബിജെപി ആദ്യ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ പിലിഭിത്തും വരുണിന്റെ അമ്മ മേനക ഗാന്ധിയുടെ സുല്‍ത്താന്‍പൂരും ഇടംപിടിച്ചില്ല. അതോടെയാണ് വരുണിന്റെ ബിജെപിയിലെ അധ്യായം അവസാനിക്കുകയാണോ എന്ന സംശയം ഉയര്‍ന്ന് തുടങ്ങിയത്.

To advertise here,

ലഖിംപൂര്‍ വിഷയത്തിലും കര്‍ഷകസമരത്തിലും യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും വരുണ്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ബിജെപിക്ക് തലവേദന സൃഷ്ടിച്ചു. അതോടെയാണ് നേതൃത്വത്തിന്റെ ഗുഡ്ബുക്കില്‍ നിന്ന് വരുണ്‍ പുറത്തായത്. 2004 ഫെബ്രുവരി 17നാണ് അമ്മ മേനകയ്ക്കൊപ്പം വരുണ്‍ ബിജെപിയിലെത്തിയത്. അതേവര്‍ഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വരുണിനെ ബിജെപി സജീവമായി കളത്തിലിറക്കി. 2009ലെ തിരഞ്ഞെടുപ്പില്‍ മേനക ഗാന്ധിയുടെ സിറ്റിങ് സീറ്റായ പിലിഭിത്തില്‍ വരുണിനെ നിര്‍ത്തി 2.8 ലക്ഷത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് വരുണ്‍ വിജയിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു വരുണ്‍ സ്വന്തമാക്കിയത്. എതിര്‍സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച തുകപോലും നഷ്ടപ്പെട്ടു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചെന്ന കേസില്‍ വരുണിന്റെ പേരില്‍ വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിട്ടും അതൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചില്ല.

ആദ്യ തിരഞ്ഞെടുപ്പ് വിജയത്തോടെ വരുണിന്റെ രാഷ്ട്രീയ രാശിയും തെളിഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ യുവമുഖമായി വരുണ്‍ വളരെ വേഗം വളര്‍ന്നു. താരതമ്യേനെ പുതുമുഖമായിരുന്നിട്ട് പോലും 2013 ല്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി വരുണ്‍ ഗാന്ധിക്ക് പാര്‍ട്ടി ബംഗാളിന്റെ ചുമതലയും നല്‍കി. വരുണിന് അന്ന് തുണയായത് പാര്‍ട്ടി അധ്യക്ഷനായ രാജ്നാഥ് സിങ്ങുമായുള്ള അടുപ്പമായിരുന്നു. ബിജെപിയില്‍ അതുവരെ ഉണ്ടായ ഏറ്റവും പ്രായം കുറഞ്ഞ ജനറല്‍ സെക്രട്ടറിയായിരുന്നു വരുണ്‍. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ അമ്മയ്ക്ക് പിലിഭിത്ത് നല്‍കി സുല്‍ത്താന്‍പുരിലേക്ക് വരുണ്‍ മാറി. പിതാവ് സഞ്ജയ് ഗാന്ധിയുടെ കര്‍മഭൂമിയാണ് സുല്‍ത്താന്‍പുരെന്ന ആവര്‍ത്തിച്ച് പറഞ്ഞ് വളരെ വൈകാരികമായിട്ടായിരുന്നു മണ്ഡലത്തിലെ വരുണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലം മാറിയിട്ടും വരുണ്‍ വീണ്ടും പാര്‍ലമെന്റിലെത്തി.

2014ല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വരുണ്‍ പുറത്താകുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദിയെ ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുന്ന സമയമായിരുന്നു അത്. വരുണിന്റെ നീക്കം പിഴച്ച് അവിടെയായിരുന്നു. ചില പ്രസംഗങ്ങളില്‍ രാജ്‌നാഥിനെ വാജ്‌പേയിയുമായി താരതമ്യം ചെയ്ത് രാജ്‌നാഥ് സിങ്ങ് അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് സംസാരിച്ചു. അതോടെ മോദി- അമിത് ഷാ ടീമിന്റെ നോട്ടപ്പുള്ളിയായി. അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായി ആദ്യ പുന:സംഘടനയില്‍ തന്നെ വരുണിന് ജനറല്‍ സെ്ക്രട്ടറി സ്ഥാനം പോയി. 2016 ലില്‍ പ്രയാഗ് രാജില്‍ നടന്ന ദേശീയ എക്‌സിക്യുട്ടീവില്‍ വരുണിനെ അനുയായികള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിക്കൊണ്ട് ശക്തിപ്രകടനത്തിനും മുതിര്‍ന്നു. യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഈ നീക്കം, അതോടെ ആര്‍എസ്എസ്സിനും അനഭിമതനായി. ജെ.പി നഡ്ഡ ബിജെപി അധ്യക്ഷ സ്ഥാനത്ത് വന്നതിന് പിന്നാലെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും വരുണും അമ്മയും പുറത്തായി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള താരപ്രചാരകരുടെ ആദ്യ പട്ടികയില്‍ പോലും വരുണിന് ഇടമുണ്ടായില്ല. വരുണ്‍ ഗാന്ധി ഹണി ട്രാപ്പിന്റെ ഇരയായെന്നും പ്രതിരോധരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നുമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വരുണിനെ ഒഴിവാക്കിയതെന്നുള്ള രാഷ്ട്രീയചര്‍ച്ചകള്‍ ഇതോടെ ഉയര്‍ന്നെങ്കിലും രണ്ടാമതിറങ്ങിയ സ്ഥാനാര്‍ഥി പട്ടികയില്‍ വരുണിന്റെ പേരുണ്ടായിരുന്നു. പിലിഭിത്തില്‍ നിന്ന് വരുണ്‍ രണ്ടരലക്ഷത്തില്‍പ്പരം വോട്ടിന് വീണ്ടും ജയിച്ചുകയറി. വരുണും ബിജെപി നേതൃത്വവുമായുള്ള ശീതയുദ്ധം രൂക്ഷമായിത്തുടങ്ങി. അമ്മയും ബിജെപി എംപിയുമായ മേനക ഗാന്ധിക്ക് രണ്ടാം മോദി മന്ത്രിസഭയില്‍ ഇടം നല്‍കാതിരുന്നത് വരുണിനെ ചൊടിപ്പിച്ചിരുന്നു. മൂന്ന് തവണ എംപിയായിട്ടുള്ള വരുണ്‍ ഗാന്ധിക്ക് അവസരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനയിലും വരുണിനെ തഴഞ്ഞു. ഒന്നാം മോദി സര്‍ക്കാരില്‍ മേനക മന്ത്രിയായിരുന്നു. യോഗിയെ യുപിയില്‍ അവരോധിച്ചപോടെ മുഖ്യമന്ത്രി മോഹവും പൊലിഞ്ഞു. പിന്നീട് ബിജെപി നേതൃത്വത്തെ വിമര്‍ശിക്കാനും ചോദ്യങ്ങളുന്നയിക്കാനും ലഭിച്ച ഒരവസരവും വരുണ്‍ പാഴാക്കിയില്ല. ദേശീയമാധ്യമങ്ങളിലടക്കം മോദി സര്‍ക്കാരിന്റെ ഭരണവീഴ്ചകളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ലേഖനങ്ങള്‍ എഴുതി. ലഖിംപുരിലെ കര്‍ഷകരുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയെ വെട്ടിലാക്കി വരുണ്‍ ഗാന്ധിയും അമ്മ മേനക ഗാന്ധിയും കടുത്തവിമര്‍ശനവുമായി രംഗത്തുവന്നു. ഇതിനുപിന്നാലെ ബിജെപിയുടെ ദേശീയനിര്‍വാഹകസമിതിയില്‍ നിന്ന് ഇരുവരേയും പുറത്താക്കി. ഉത്തര്‍പ്രദേശിലെ പ്രളയസമയത്തും യുവജനപ്രതിഷേധസമയത്തും യോഗി ആദിത്യനാഥ് സര്‍ക്കാരിനേതിരെ വരുണ്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചു.

2022ല്‍ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് വരുണിന് പാര്‍ട്ടി കാര്യമായ ഒരു റോളും നല്‍കിയില്ല. തിരഞ്ഞെടുപ്പ് കാലത്തെ താരപ്രചാരക പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ വരുണിന്റേയും മേനകയുടേയും പേരുണ്ടായിരുന്നില്ല. അതിനിടെയാണ് വരുണ്‍ ഗാന്ധി ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുന്നുവെന്നും ചര്‍ച്ചകള്‍ നടത്തിയെന്നും തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ബിജെപി നേതൃത്വത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് നിരന്തരം രംഗത്തുവരുന്നത് വരുണ്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നായിരുന്നു രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തിയത്. അതിനിടെ കേദാര്‍നാഥില്‍വെച്ച് വരുണും രാഹുലും കൂടിക്കാഴ്ച നടത്തിയതായും ക്ഷേത്രദര്‍ശനം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. ഇരുവരുടേയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വളരെ അപൂര്‍വമായി മാത്രം കണ്ടിരുന്ന സഹോദരങ്ങളുടെ ഈ കൂടിക്കാഴ്ച പലതരം ചര്‍ച്ചകള്‍ക്കും വഴിതുറന്നു. എന്നാല്‍ രാഷ്ട്രീയകൂടിക്കാഴ്ച ആയിരുന്നില്ല അതെന്നായിരുന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചത്. രാഹുല്‍ നയിച്ച ജോഡോ യാത്ര ഉത്തര്‍പ്രദേശില്‍ എത്തുമ്പോള്‍ വരുണിന്റെ കോണ്‍ഗ്രസ് പുനഃപ്രവേശം ഉണ്ടായേക്കാമെന്നുവരെ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഔദ്യോഗിക നീക്കങ്ങളൊന്നും ഉണ്ടായില്ല.

ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റില്‍ 51 സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. അഞ്ച് സീറ്റ് സഖ്യകക്ഷികള്‍ക്കുള്ളതാണ്. ബാക്കിയുള്ള 24 സീറ്റിലെ സര്‍പ്രൈസില്‍ വരുണ്‍ ഉണ്ടാകുമോ? ഇല്ലെങ്കില്‍ വരുണിന്റെ തിരഞ്ഞെടുപ്പ് നീക്കങ്ങളെ സംബന്ധിച്ച് പല സാധ്യതകളാണ് നിലവിലുള്ളത്. അതിലൊന്ന് സീറ്റ് ലഭിച്ചില്ലെങ്കില്‍ വരുണ്‍ ഗാന്ധിക്ക് വലിയ സ്വാധീനമുള്ള പിലിഭിത്തില്‍ സ്വാതന്ത്രനായി മത്സരിക്കാന്‍ ഒരുങ്ങിയേക്കുമെന്നതാണ്. ഇതുമുന്നില്‍ കണ്ട് കഴിഞ്ഞ ആറ് മാസമായി പിലിഭിത്ത് മണ്ഡലത്തില്‍ പ്രൈവറ്റ് പോള്‍ ആര്‍മികള്‍ വരുണ്‍ ഗാന്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍മാരെ നേരിട്ട് കണ്ടും ചര്‍ച്ച നടത്തിയും വരുണ്‍ ബ്രാന്‍ഡിനെ ഉയര്‍ത്തിക്കൊണ്ടുവരാനും ആവശ്യമെങ്കില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി രംഗത്തിറങ്ങി തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരുണിനെ സജ്ജമാക്കുകയാണ് ആര്‍മിയുടെ ലക്ഷ്യം. കര്‍ഷകര്‍ക്ക് സഹായം ഉറപ്പാക്കാന്‍ വേണ്ടിയും വിളകളുടെ താങ്ങുവിലയ്ക്ക് വേണ്ടിയും വരുണ്‍ നിരന്തരം സര്‍ക്കാരുകളുമായി കലഹിച്ചിരുന്നു. കാര്‍ഷിക മേഖലകളായ പിലിഭിത്തിലേയും സമീപപ്രദേശങ്ങളിലേയും കര്‍ഷകരുടെ വലിയ പിന്തുണ ഉറപ്പാക്കാന്‍ വരുണിനെ ഇത് സഹായിച്ചിരുന്നു. ഈ വോട്ടര്‍മാര്‍ തന്നെയാണ് വരുണിന്റെ ആത്മവിശ്വാസവും. അഖിലേഷ് യാദവുമായി അടുത്തബന്ധം സൂക്ഷിക്കുന്നതിനാല്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാണ്. ഇന്ത്യാസഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാമെന്നതാണ് മറ്റൊരു സാധ്യത. വരുണിന് ബിജെപി സീറ്റ് നിഷേധിച്ചാല്‍ സമാജ്‌വാദിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ താരമണ്ഡലമായ അമേഠിയില്‍ വരുണിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ വന്നു. ഇനി അതുമല്ലെങ്കില്‍ വൈകാതെ രാഹുലിന്റെ കൈപിടിച്ച് കോണ്‍ഗ്രസിലേക്ക്, ഗാന്ധികുടുംബത്തിന്റെ രാഷ്ട്രീയവേരുകളിലേക്ക് വരുണ്‍ തിരിച്ചെത്തുമോ എന്നാണ് കാത്തിരുന്ന് കാണാനുള്ളത്. സീറ്റ് നിഷേധിച്ചാല്‍ 20 വര്‍ഷമായുള്ള ബിജെപി ബന്ധം വരുണ്‍ അവസാനിപ്പിക്കും. ഒപ്പം മേനകയും പുറത്തേക്ക് വരുമോ അതോ അമ്മ അകത്തും പുകഞ്ഞ കൊള്ളിയായ മകന്‍ പുറത്തും എന്നാകുമോ ബിജെപി കാത്തുവച്ചിരിക്കുന്ന സസ്‌പെന്‍സ് !