
ത്രിലോക് പുരിയിലെ 32-ാം ബ്ലോക്കിലെ ചെറിയ മുറിയില്‍ താമസിച്ചുവരികയായിരുന്ന ഗുര്‍ദീപ് കൗര്‍ എന്ന നാല്‍പത്തിയഞ്ചുകാരിക്ക് 1984 നവംബര്‍ ഒന്നിന്റെ വൈകുന്നേരത്തെ ഒരിക്കലും മറക്കാനാവില്ല. ഇന്ദിരാഗാന്ധിയുടെ മരണത്തില്‍ നടുങ്ങി വിറച്ചിരിക്കുന്ന ആ കുടുംബം അന്ന് ഭക്ഷണം പോലും പാകം ചെയ്തിരുന്നില്ല. വിശന്ന് കരഞ്ഞ കുട്ടികളോട് ഇന്ന് അങ്ങനെ പോവട്ടെ എന്നു പറഞ്ഞ് വിശപ്പടക്കാന്‍ വെള്ളം കൊടുത്ത് അവര്‍ ആ മരണവാര്‍ത്ത കേള്‍ക്കുകയായിരുന്നു. അപ്രതീക്ഷിതമായാണ് ഒരു സംഘം ചെറുപ്പക്കാര്‍ ആയുധങ്ങളുമായി വീട്ടിനുള്ളിലേക്ക് കടന്ന് കയറിയത്.
ഇരുപത് വയസ്സില്‍ താഴേയുള്ള ചെറുപ്പക്കാരായിരുന്നു അവര്‍. അവരെ കണ്ടതോടെ മൂന്നു കുട്ടികളില്‍ ഒരാള്‍ അകത്തേക്ക് ഓടി രക്ഷപ്പെട്ടു. മുടിവെട്ടി രക്ഷപ്പെടാന്‍. മറ്റുരണ്ടുപേര്‍ ഗുര്‍ദീപിന് പുറകില്‍ ഒളിച്ചു. അടുത്ത നിമിഷം ഗുര്‍ദീപിനെ ക്രൂരമായി മര്‍ദിച്ച ശേഷം അക്രമികള്‍ ആ സ്ത്രീയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. പൂര്‍ണ നഗ്നയാക്കി കുട്ടികളുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്തു. എട്ടും പത്തും വയസ്സായ രണ്ട് കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു അത്. അമ്മയെ അക്രമിക്കുന്നത് കണ്ട കുട്ടികള്‍ അക്രമികള്‍ക്കെതിരേ തിരിഞ്ഞു. ഇതോടെ മറ്റൊരു സംഘം എത്തി കുട്ടികളെ പുറത്തേക്ക് വലിച്ചഴിച്ചു കൊണ്ടുപോയി. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ടിന്നുകളില്‍ നിന്ന് മണ്ണെണ്ണ അവരുടെ തലയില്‍ കൂടെ ഒഴിച്ച് തീക്കൊളുത്തി.

തന്റെ മുന്നില്‍ നിന്നും കത്തുന്ന കുട്ടികളെ രക്ഷിക്കാന്‍ സഹായം തേടി ഗുര്‍ദീപ് കൗര്‍ നഗ്നയായി തെരുവിലൂടെ നടന്നു. ആരും രക്ഷയ്‌ക്കെത്തിയില്ല. ഒടുവില്‍ അവരുടെ മുന്നില്‍വെച്ചുതന്നെ ആ കുട്ടികള്‍ ഒരുപിടി ചാരമായി മാറി. എല്ലാം കഴിയുമ്പോഴേക്കും അവര്‍ക്ക് ഭര്‍ത്താവും മൂന്ന് മക്കളുമടക്കം നാല് പേരെ നഷ്ടപ്പെട്ടിരുന്നു. ഗുര്‍ദീപ് കൗര്‍ മാത്രം ബാക്കിയായി. 1984 ഒക്ടോര്‍ 31 ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ തുടര്‍ച്ചയായി ഡല്‍ഹിയില്‍ നടന്ന സിഖ് വിരുദ്ധ കലാപത്തിന്റെ നേര്‍ക്കാഴ്ച്ചയെ കുറിച്ച് ഗുര്‍ദീപ് കൗര്‍ വിവിധ കമ്മീഷനുകള്‍ക്ക് മുന്നിലും മാധ്യമങ്ങള്‍ക്കും മുന്നിലും പറഞ്ഞ വാക്കുകളായിരുന്നു അത്.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ വംശീയ കലാപത്തിന് നേര്‍ക്കാഴ്ച്ചയായ ഒരു മാധ്യമപ്രവര്‍ത്തകന്റെ വാക്കുകള്‍ ഇങ്ങനെ. വീട്ടിലേക്ക് പാഞ്ഞുകയറിയ അക്രമികള്‍ ആ വീട്ടിലെ പുരുഷനെ കൊന്നു. രണ്ട് ചെറിയ കുട്ടികളും അമ്മയും മാത്രമായിരുന്നു പിന്നെ ബാക്കിയുണ്ടായിരുന്നത്. അമ്മയ്ക്ക് മുന്നില്‍ വെച്ച് ആ കുട്ടികളുടെ നീളമുള്ള മുടികള്‍ തമ്മില്‍ പരസ്പരം പിടിച്ചു കെട്ടി. ദേഹമാസകലം മണ്ണെണ്ണയൊഴിച്ച ശേഷം തീക്കൊളുത്തി. തീയില്‍ പരസ്പരം കെട്ടിപ്പിടിച്ച് ആളിപ്പടരുന്ന തന്റെ കുട്ടികളുടെ രംഗം കാണാനാവാതെ ആ അമ്മ നിലവിളിച്ച് ബോധമറ്റ് നിലത്തു വീണു. അവരെ അക്രമി സംഘം വലിച്ചഴിച്ച് മുറിയില്‍ കൊണ്ടുപോയി, കൂട്ടബലാത്സംഗം ചെയ്തു.
ഗുജറാത്ത് വംശഹത്യയ്ക്ക് മുന്നെ രാജ്യം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയായിരുന്നു ഇന്ദിരാഗാന്ധി വധത്തിന് ശേഷം നടന്നത്. കൊല്ലപ്പെട്ടത് 5000 ത്തോളം ആളുകള്‍. ഡല്‍ഹിയില്‍ മാത്രം 2700 ലധികം ആളുകള്‍. സിഖ് കലാപം അങ്ങനെ ജനാധിപത്യ രാജ്യമെന്ന് ഊറ്റം കൊള്ളുന്ന ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കേണ്ടി വന്ന ഒന്നായി മാറി. പക്ഷെ സിഖ് കൂട്ടക്കൊലയില്‍ കൃത്യമായ പങ്കുണ്ടെന്ന് പല അന്വേഷണ റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയ കോണ്‍ഗ്രസിന് പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ചരിത്ര വിജയം തുടരാനായി.

രാജീവിന്റെ വരവ്; കോണ്‍ഗ്രസിന്റെ മാസ്മരിക വിജയം
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം അപ്രതീക്ഷിതമായിട്ടായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിയാവുന്നത്. ഇതിന് ശേഷമാണ് തിരഞ്ഞെടുപ്പ് പോലും നടക്കുന്നത്. ഒരു വന്‍മരം വീഴുമ്പോള്‍ ഭൂമികുലുക്കമുണ്ടാവുന്നത് സ്വാഭാവികമെന്നായിരുന്നു സിഖ് കലാപത്തെ കുറിച്ച് പ്രധാനമന്ത്രിയായ ശേഷം രാജീവ് ഗാന്ധിയുടെ പ്രസ്താവന. ഇത് കലാപത്തെ പൂര്‍ണമായും ന്യായീകരിക്കുന്നതായിരുന്നു. അതുകൊണ്ടു തന്നെ തുടര്‍ന്നുവന്ന ലോക്സഭാ തിരഞ്ഞെടുപ്പുകളിലൊന്നും സിഖ് കലാപം പ്രചാരണ വിഷയമേ ആയിരുന്നില്ല.
1984 General Election In India

1985 General Election In Punjab

കേരളത്തില്‍ ഇരുപത് സീറ്റിലേക്ക് നടന്ന മത്സരത്തില്‍ 13 സീറ്റാണ് കോണ്‍ഗ്രസിന് മാത്രം ലഭിച്ചത്. സി.പി.എം ഒരു സീറ്റില്‍ ഒതുങ്ങി. കോട്ടയത്ത് അഡ്വ.സുരേഷ് കുറുപ്പായിരുന്നു ജയിച്ച് കയറിയ ഒരേയൊരു സിപിഎം സ്ഥാനാര്‍ഥി. രണ്ട് സീറ്റ് ലീഗിനും രണ്ട് സീറ്റ് കേരള കോണ്‍ഗ്രസിനും ലഭിച്ചു. പൊന്നാനിയില്‍ ജി.എം ബനാത്ത് വാല, മഞ്ചേരിയില്‍ ഇബ്രാഹിം സുലൈമാന്‍ സേഠ് എന്നിവരായിരുന്നു ലീഗിന്റെ വിജയ ശില്‍പികള്‍. മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് കെ.മോഹന്‍ദാസ്, മൂവാറ്റുപുഴ സീറ്റില്‍ ജോര്‍ജ് ജോസഫ് മുണ്ടക്കല്‍ എന്നിവരായിരുന്നു കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി ജയിച്ചത്. മാവേലിക്കരയില്‍ നിന്ന് ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി തമ്പാന്‍ തോമസും ഇന്ത്യന്‍ കോണ്‍ഗ്രസ്(സോഷ്യലിസറ്റ്) സ്ഥാനാര്‍ഥിയായിരുന്ന കെ.പി ഉണ്ണികൃഷ്ണന് വടകരയിലും ജയിച്ചു.

1984-ല്‍ നിന്നും 1989 ലെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും മറ്റൊരു സഖ്യസര്‍ക്കാര്‍ ഭരണത്തിലായി രാജ്യം. ആകെയുള്ള 531 സീറ്റുകളിലേക്ക് നടന്ന മത്സരത്തില്‍ 197 സീറ്റായിരുന്നു കോണ്‍ഗ്രസിന്റെ സമ്പാദ്യം. പക്ഷെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ 143 സീറ്റ് നേടിയ ജനതാദളിന്റെ നേതൃത്വത്തില്‍ സഖ്യ സര്‍ക്കാര്‍ രൂപം കൊള്ളുകയും ചെയ്തു. 85 സീറ്റ് ലഭിച്ച ബി.ജെ.പി, 33 സീറ്റ് ലഭിച്ച സി.പി.എം, 12 സീറ്റ് ലഭിച്ച സി.പി.ഐ എന്നിവര്‍ സഖ്യ സര്‍ക്കാരിനെ പിന്തുണച്ചു. വി.പി സിങ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.
കലാപം അന്വേഷിക്കുന്നതിന്റെ ഭാഗമായി നിരവധി കമ്മീഷനുകള്‍ രൂപം കൊണ്ടു. ഇവരൊക്കെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനമായിരുന്നു ജി.ടി നാനാവതി കമ്മീഷന്‍. 185 പേജുള്ള റിപ്പോര്‍ട്ട് അന്നത്തെ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് സമര്‍പ്പിച്ചു. മാര്‍വാക കമ്മീഷന്‍ റിപ്പോര്‍ട്ട്, മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്, കപൂര്‍ മിത്തല്‍ കമ്മീഷന്‍, ജയിന്‍ ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട്, പോറ്റി റോഷോ കമ്മിറ്റി, ജെയിന്‍ അഗര്‍വാല്‍ കമ്മിറ്റി, അഹൂജാ കമ്മിറ്റി, ധില്ലന്‍ കമ്മിറ്റി, നാറൂലാ കമ്മിറ്റി എന്നീ കമ്മിറ്റികള്‍ കലാപത്തെ വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കി. ചില കേസില്‍ 2009-ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പറഞ്ഞപ്പോള്‍ ജഡ്ജി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ തലസ്ഥാനത്താണ് ഇത്തരം സംഭവം ഉണ്ടായത്. അതില്‍ ഡല്‍ഹി പോലീസിന്റേയും ഭരണകൂടത്തിന്റേയും പങ്കും കൂടിയായതോടെ ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് തലതാഴ്‌ത്തേണ്ടി വന്നിരിക്കുകയാണ്.

ഖലിസ്താന്‍ വാദം ; നയിച്ചത് സിഖ് കൂട്ടക്കൊലയിലേക്ക്
1980 കളുടെ തുടക്കത്തിലാണ് പഞ്ചാബില്‍ ഖലിസ്താന്‍ വാദം ശക്തിപ്രാപിച്ചത്. ലണ്ടന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജംഗത് സിങ് ചൗഹാന്‍ എന്ന വ്യക്തിയായിരുന്നു സ്വതന്ത്ര ഖലിസ്താന്‍ വാദം ഉയര്‍ത്തിയിരുന്നത്. ഹിന്ദു ഭൂരിപക്ഷ ഇന്ത്യയില്‍ സിഖ് മതക്കാര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് പഞ്ചാബ് കേന്ദ്രീകരിച്ച് സിഖുകാര്‍ക്ക് ഒരു സ്വതന്ത്യ രാജ്യം വേണമെന്നുമായിരുന്നു ജഗത്‌സിങ് ചൗഹാന്റെ വാദം. അദ്ദേഹത്തിന് പാകിസ്താന്‍ എല്ലാവിധ സഹായവും നല്‍കുകയും ചെയ്തു. സ്വതന്ത്ര ഖലിസ്താന്‍ വാദം പഞ്ചാബിനെ സംഘര്‍ഷ ഭരിതമാക്കി. ഭീകരര്‍ പാകിസ്താനിലെ ഐ.എസ്.ഐ നല്‍കുന്ന ആയുധങ്ങളുമായി ഇറങ്ങി. രാജ്യത്ത് സിഖ്-ഹിന്ദു വിഭജനം ലക്ഷ്യമിടുന്നതിന്റെ ഭാഗമായി കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചാബില്‍ പല സ്ഥലത്തും ഹിന്ദുക്കളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തി. സമാധാനവാദികളായ സിഖ് വിഭാഗക്കാരും കൊല്ലപ്പെട്ടു. അങ്ങനെ അഞ്ചു വര്‍ഷത്തോളം പഞ്ചാബില്‍ രക്തപ്പുഴയൊഴുകി. നിരപരാധികളായ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. ഇതിന് ശേഷമാണ് സുവര്‍ണക്ഷേത്രം കേന്ദ്രമാക്കി ജേര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാല എന്നയാള്‍ ഭീകരപ്രവര്‍ത്തനം തുടങ്ങിയത്.
1984 ജനുവരി 26 ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയ്ക്ക് പകരമായി ഖലിസ്താന്റെ പതാകയുയര്‍ന്നു. സര്‍ക്കാരും അകാലി നേതാക്കളും നിസ്സഹായരായി നോക്കി നിന്നതേയുള്ളു. ഹിന്ദു വിരുദ്ധ മുദ്രവാക്യങ്ങളുയര്‍ന്നതോടെ അമൃത്സറിലെ ഹിന്ദുക്കളായ കച്ചവടക്കാര്‍ ജീവനും കൊണ്ട് സ്ഥലം വിട്ടു. പഞ്ചാബിലെ ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടു. ബസുകള്‍ തടഞ്ഞ് നിര്‍ത്തി ഹിന്ദുക്കളെ തിരഞ്ഞുപിടിച്ച് വെടിവെച്ച് കൊന്നു. ഹിന്ദുക്കള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയതോടെ, അവരെല്ലാം ജീവനില്‍ കൊതി കാരണം സ്ഥലം വിട്ടു. ചോദ്യം ചെയ്യുകയോ, എതിര്‍ക്കുകയോ ചെയ്തവരെല്ലാം അപ്രത്യക്ഷരായി.

സുവര്‍ണക്ഷേത്രത്തിന് പുറത്ത് ഓടകളില്‍ മൃതശരീരങ്ങള്‍ അടിക്കടി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇന്ത്യന്‍ ഭരണകൂടത്തിന് തലവേദനയായി തീവ്രവാദം കൊടുമ്പിരിക്കൊണ്ട പഞ്ചാബില്‍ ഭീകരരെ നിയന്ത്രിക്കാനാവാതെ ഇന്ദിരാഗാന്ധിയും ഭരണകൂടവും നിസ്സഹായരായി നോക്കി നിന്നു. അകാലി നേതൃത്വം ഭിന്ദ്രനെ എതിര്‍ക്കാന്‍ ശേഷിയില്ലാതെ മൗനത്തിലായി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അകാലികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനായി പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു തുടര്‍ന്നാണ് 1984 ജൂണ്‍ മാസം അഞ്ചും ആറും തീയതികളില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുവര്‍ണക്ഷേത്രത്തില്‍ നിന്ന് ഖലിസ്താന്‍ ഭീകരരെ തുരത്താന്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ പ്രഖ്യാപിച്ചത്. സൈനിക നടപടിയിലും സുവര്‍ണക്ഷേത്രത്തില്‍ താവളമടിച്ച പ്രക്ഷോഭകാരികളുടെ പ്രത്യാക്രമണത്തിലും പെട്ട് ക്ഷേത്രത്തില്‍ തീര്‍ഥാടകരായി എത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടു.
അമൃത്സര്‍ നഗരത്തെ തികച്ചും ബാഹ്യലോകവുമായി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു ഓപ്പറേഷന്‍ തുടക്കം. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും തീവണ്ടി വിമാന സര്‍വീസുകളും റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. ജൂണ്‍ അഞ്ചിന് വൈകീട്ട് ഏഴ് മണിക്ക് സൈന്യത്തിലെ 16-ാം റെജിമെന്റിന്റെ ടാങ്കുകള്‍ സുവര്‍ണ ക്ഷേത്രസമുച്ചയത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ അന്ന് അഞ്ചാമത്തെ സിഖ് ഗുരുവായ അര്‍ജ്ജുന്‍ സിംഗിന്റെ രക്തസാക്ഷി ദിനമായിരുന്നു. സിഖുകാര്‍ക്ക് മതപരമായ പ്രധാനപ്പെട്ട ദിനം. ഇത് പ്രമാണിച്ച് പതിനായിരക്കണക്കിന് സാധാരണക്കാരായ സിഖ് ഭക്തന്മാര്‍, ഗ്രാമീണര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി തിങ്ങിക്കൂടിയിരുന്നു. സൈനിക മേധാവികള്‍ ഉച്ചഭാഷിണിയില്‍ ഇവരോട് ക്ഷേത്രത്തിനു പുറത്തേക്ക് വരാന്‍ അഭ്യര്‍ഥിച്ചു. പക്ഷെ, അവര്‍ക്കതിനു കഴിഞ്ഞില്ല. ഭീകരര്‍ അവരെ രക്ഷാകവചമായി ഉപയോഗിച്ചു. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം അകത്ത് പെട്ടു പോയി. പിന്നീട് കനത്ത ഷെല്ലാക്രമണത്തിലും വെടിവെപ്പിലും ഇവര്‍ ബലിയാടുകളായി.സിഖുകാരുടെ പുണ്യ ഗേഹമായ അകാല്‍ തഖ്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ പാരാകമാന്‍ഡോകളെ എതിരേറ്റത് ഭീകരരുടെ മെഷീന്‍ ഗണ്ണില്‍ നിന്നുള്ള വെടിയുണ്ടകളായിരുന്നു.
അപ്രതീക്ഷിതമായ ഈ തിരിച്ചടിയില്‍ ഒട്ടെറെ കമാന്‍ഡോകള്‍ കൊല്ലപ്പെട്ടു. അതോടെ സൈന്യത്തിന്റെ ടാങ്കുകള്‍ ഇരച്ചുകയറി ഷെല്ലാക്രമണമാരംഭിച്ചു. തീവ്രവാദികള്‍ മോര്‍ട്ടോറുകളും മെഷീന്‍ ഗണ്ണുകളുകളുമുപയോഗിച്ച് തിരിച്ചടിച്ചു. ഒടുവില്‍ രണ്ട് ദിവസത്തെ, കനത്ത പോരാട്ടത്തിനു ശേഷം സൈന്യം ക്ഷേത്ര സമുച്ചയത്തില്‍ ആധിപത്യം സ്ഥാപിച്ചു. ഒടുവില്‍ ഭിന്ദ്രന്‍ വാലയുടേയും, ഓള്‍ ഇന്ത്യാ സിഖ് സ്റ്റുഡന്റ് ഫെഡറേഷന്‍ പ്രസിഡന്റ് അമറിക്ക് സിംഗ് എന്നിവരുടെയും മൃതശരീരം വെട്ടിയുണ്ട തുളഞ്ഞു കയറിയ നിലയില്‍ സുവര്‍ണക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കണ്ടെടുത്തു. 250 തീവ്രവാദികള്‍ കീഴടങ്ങി. കീഴടങ്ങിയ കുറെ പേരെ അവിടെ വെച്ചു തന്നെ കൂട്ടക്കൊല ചെയ്തുവെന്നും പിന്നീട് ആരോപണമുയര്‍ന്നിരുന്നു. വിദേശ മുദ്രയിലുള്ള ആയുധങ്ങള്‍ വന്‍ തോതില്‍ പിടിച്ചെടുത്തു. ലക്ഷക്കണക്കിന് വിലയുള്ള സ്വര്‍ണവും കോടിക്കണക്കിന് കറന്‍സിയും പിടിച്ചെടുത്തു. സര്‍ക്കാര്‍ പുറത്ത് വിട്ട ധവളപത്രമനുസരിച്ച് 493 തീവ്രവാദികളും നാല് ഓഫീസറുമുള്‍പ്പടെ 83 സൈനികര്‍ കൊല്ലപ്പെട്ടു. 249 പേര്‍ക്ക് പരിക്കേറ്റു.
സുവര്‍ണ ക്ഷേത്രം ഒഴിപ്പിക്കലിന്റെ പ്രതികാരമെന്നോണമാണ് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരായ സത്‌വന്ത് സിങ്ങും ബിയാന്ത് സിങ്ങും അവരെ വെടിവെച്ച് കൊല്ലുന്നത്. അത് പിന്നീട് സിഖുകാര്‍ക്ക് നേരേയുള്ള വംശീയ കലാപത്തിലേക്കും നയിച്ചു.

നിയമവും സര്‍ക്കാരും കൂട്ടുനിന്ന കലാപം
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷം ജനരോഷം പുകയുന്നതിന്റെ ആദ്യ ഉദാഹരണമായിരുന്നു അന്നത്തെ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍ സിങ്ങിന്റെ കാറിന് നേരേയുണ്ടായ ആക്രമണം. പക്ഷെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാഷ്ട്രപതിയെ ആക്രമിച്ചവര്‍ സാധാരണക്കാര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുമെന്ന് ചിന്തിക്കാനുള്ള രഹാസ്യാന്വേഷണ ബുദ്ധിയൊന്നും അന്നത്തെ പട്ടാളത്തിനുണ്ടായില്ലെന്ന് പിന്നീട് ആരോപണവുമയര്‍ന്നു. കലാപം ആരംഭിച്ച നവംബര്‍ ഒന്നിന് ഉച്ചയോടെ തന്നെ പട്ടാളം ഇറങ്ങാന്‍ സജ്ജരായിരുന്നു. പക്ഷെ ഇറങ്ങിയത് വൈകീട്ടാണ്. അതും കലാപം അധികം ബാധിക്കാത്ത സ്ഥലങ്ങളില്‍. മാത്രമല്ല സ്വതന്ത്ര ഇന്ത്യ കണ്ട, 5000 ല്‍ അധികം പേര്‍ കൊലചെയ്യപ്പെട്ട വലിയ വംശീയ കലാപത്തില്‍ ശിക്ഷിക്കപ്പെട്ടത് വളരെ കുറച്ചുപേരാണ്. ഡല്‍ഹി കലാപത്തില്‍ അക്രമികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് മണ്ണെണ്ണയാണ്. ഇതിനായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ ഡിപ്പോയില്‍ നിന്ന് പോലും മണ്ണെണ്ണകള്‍ വ്യാപകമായി എത്തിച്ചുവെന്ന് കണ്ടെത്തിയിരുന്നു. മാത്രമല്ല പല മണ്ണെണഡിപ്പോകളില്‍ നിന്നായി ആക്രമികള്‍ ചെയിന്‍ സര്‍വീസ് കണക്കെ മണ്ണെണ്ണകള്‍ എത്തിച്ചുകൊണ്ടേയിരിക്കുകയും ചെയ്തു. ആകെ 442 പേരെയാണ് കുറ്റവാളികളായി കണ്ടെത്തിയത്. ഇതില്‍ 49 പേര്‍ക്ക് മാത്രമാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. മൂന്നുപേര്‍ക്ക് പത്ത് വര്‍ഷം തടവും ലഭിച്ചു.
വോട്ടര്‍പട്ടിക ഉപയോഗിച്ച് വീടുകള്‍ സിഖുകാരുടേതാണെന്ന് ഉറപ്പിച്ച് മാര്‍ക്ക് ചെയ്തായിരുന്നു അക്രമികള്‍ക്ക് വഴിയൊരുക്കിയത്. അക്രമികള്‍ വീടിന് തീവെക്കുന്നതും സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതും ആളുകളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നതും പോലീസ് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് പിന്നീട് ദൃക്‌സാക്ഷികളുടെ മൊഴിയെ ഉദ്ദേശിച്ച് പല മാധ്യമങ്ങളും അന്ന് റിപ്പോര്‍ട്ട് ചെയ്തു. കലാപത്തില്‍ ഡല്‍ഹിയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടായിരുന്നുവെന്ന് മിക്ക അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു. പക്ഷെ നേതൃത്വം കൊടുത്ത പലരും ഉന്നത നേതാക്കളായിരുന്നു. ഇരകളില്‍ രക്ഷപ്പെട്ടവരില്‍ പലരും ഇവരെ തിരിച്ചറിഞ്ഞു. പക്ഷെ ഭൂരിഭാഗം പേരും ശിക്ഷിക്കപ്പെട്ടിരുന്നില്ല എന്നതാണ് സത്യം.
സിഖ് വിരുദ്ധ കലാപം പല സിഖ് തീവ്രവാദ ഗ്രൂപ്പുകളുടേയും ഉദയത്തിലേക്കും നയിച്ചു. ഡല്‍ഹിയിലും പഞ്ചാബിലും മാത്രമല്ല കാനഡയില്‍ പോലും അത് വ്യാപകമായി. സിഖ് വിരുദ്ധ കലാപത്തിന് ശേഷമാണ് കാനഡയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന ബോയിംഗ് 747 കനിഷ്‌കാ വിമാനം സിഖ് തീവ്രവാദ ഗ്രൂപ്പുകള്‍ ബോംബിട്ട് തകര്‍ത്തത്. 329 പേരാണ് അന്ന് മരിച്ചത്. ഡല്‍ഹിയില്‍ ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്‌സ്, ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് തുടങ്ങിയ സംഘടനകള്‍ ശക്തിപ്രാപിച്ചു. കലാപത്തിന് ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാവ് ലളിത് മാക്കനേയും ഭാര്യ ഗീതാഞ്ജലി മാക്കന്‍ എന്നിവരെ വെടിവെച്ച് കൊന്നതും സിഖ് ഗ്രൂപ്പുകളായിരുന്നു.
Content Highlights: Sikh Riots and Election India
Published: 06 Feb 2024, 11:20 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented