
തുടര്‍ച്ചയായി മൂന്നാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയനേതാവായിരുന്നില്ല അന്ന് നരേന്ദ്ര ദാമോദര്‍ ദാസ് മോദി. എന്നാല്‍, 182-ല്‍ 115 സീറ്റുമായി ഗുജറാത്ത് മുഖ്യമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2012 ഡിസംബര്‍ 12-ന് അഹമ്മദാബാദിലെ ജെ.പി. ചൗക്കില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗത്തിന് പ്രത്യേകതകള്‍ ഏറെയായിരുന്നു. മുന്‍കാലങ്ങളില്‍ താനെന്തെങ്കിലും തെറ്റായി ചെയ്തിട്ടുണ്ടെങ്കില്‍, ആറു കോടി ഗുജറാത്തികളോടും മാപ്പു ചോദിക്കുന്നുവെന്ന് മോദി ആ പ്രസംഗത്തില്‍ പറഞ്ഞു. ഈ വിജയം നരേന്ദ്ര മോദിയുടേതല്ല, ആറു കോടി ഗുജറാത്തികളുടേയും വികസനവും അഭിവൃദ്ധിയും ആഗ്രഹിക്കുന്ന രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞുവെച്ചു. എല്ലാത്തിനും ഉപരിയായി ആ പ്രസംഗം, പതിവ് ഗുജറാത്തി വിട്ട് ഹിന്ദിയിലായിരുന്നു എന്നതും പ്രത്യേകതയായിരുന്നു.
മുഖ്യമന്ത്രി പദത്തില്‍ മൂന്നാം തവണയുമെത്തിയ നരേന്ദ്ര മോദി ആ യാത്ര പാതിയില്‍നിര്‍ത്തി ഡല്‍ഹിയിലേക്ക് വണ്ടി കയറി. രാഷ്ട്രീയയാത്രയില്‍ സ്വായത്തമാക്കിയ പാഠങ്ങളും തന്ത്രങ്ങളും കൈമുതലാക്കി, ഇന്ത്യയില്‍ ഒരു രാഷ്ട്രീയനേതാവിന് എത്തിച്ചേരാവുന്ന ഏറ്റവും വലിയ അധികാരപദവിയിലേക്ക് ലക്ഷ്യമുറപ്പിച്ചു. പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ വഴിത്തിരിവായ തിരഞ്ഞെടുപ്പ് ഫലം കുറിച്ച് 2014 മേയ് 16-ന് ഇന്ത്യയുടെ 14-ാം പ്രധാനമന്ത്രിയായി. 31 ശതമാനത്തോളം വോട്ടും 282 സീറ്റും നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയുള്ള കോണ്‍ഗ്രസ് ഇതരപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നു. 2014-ല്‍ ഡല്‍ഹിയിലേക്കുള്ള യാത്ര, മോദി 2012-ലോ അതിനുമുമ്പോ തുടങ്ങിയിരുന്നു. കോണ്‍ഗ്രസോ? തുടര്‍ച്ചയായി രണ്ടുതവണ യു.പി.എ. സഖ്യത്തില്‍ ഭരണത്തിലിരുന്നിട്ടും അതിന്റെ നന്മകളെല്ലാം മറന്നുകളയും വിധമുള്ള തകര്‍ച്ച, ഇതിനിടയില്‍ എവിടെയോ സ്വയം തുടങ്ങിവെക്കുകയും ചെയ്തു.
ഒമ്പതാം നിയമസഭയില്‍ കേശുഭായ് പട്ടേല്‍ കാലാവധി പൂര്‍ത്തിയാക്കുംമുമ്പ് ലാറ്ററല്‍ എന്‍ട്രിയായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി കസേരയിലേക്ക് മോദിയുടേത്. എന്നാല്‍, 2002-ലും 2007-ലും 2012-ലും തിരഞ്ഞെടുപ്പ് നേരിട്ട മോദി, മൂന്ന് തവണയും ബി.ജെ.പിയെ അധികാരത്തിലെത്തിച്ചു. 1998-ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. 117 സീറ്റുകളായിരുന്നു നേടിയതെങ്കില്‍, 2002-ല്‍ മോദിയുടെ നേതൃത്വത്തില്‍ അത് 127 സീറ്റുകളായി. എന്നാല്‍, പിന്നീടുള്ള രണ്ടു തിരഞ്ഞെടുപ്പിലും ഭരണം ഉറപ്പിച്ചെങ്കിലും സീറ്റുകളുടെ എണ്ണം കുറഞ്ഞുവരുന്നതായി കണ്ടു. മൂന്നാമതും മോദി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തന്റെ തന്നെ കാലയളവിലെ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ്. അന്ന് ദേശീയ രാഷ്ട്രീയമോഹവുമായി ഇറങ്ങിയ മോദി, ഇന്ന് കേന്ദ്രത്തില്‍ ഒരു മൂന്നാമൂഴത്തിന് അനുവാദം ചോദിച്ച് വീണ്ടും ഇറങ്ങുകയാണ്. പക്ഷേ, ഗുജറാത്തില്‍നിന്ന് വ്യത്യസ്തമായി ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിക്കുകയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതത്തില്‍നിന്ന് ഒരുപടികൂടി കടന്ന്, പ്രതിപക്ഷ മുക്ത പാര്‍ലമെന്റ് സാധ്യമാക്കുന്ന 400-ലേറെ സീറ്റുകളാണ് ഇത്തവണ എന്‍.ഡി.എ. ലക്ഷ്യമിടുന്നത്. അനായാസമാവും മോദിക്ക് മറ്റൊരൂഴമെന്ന് ഒരുവിഭാഗം കണക്കുകൂട്ടുമ്പോള്‍, ഇടര്‍ച്ചകള്‍ക്കിടയിലും ഒന്നിക്കുമെന്ന് തോന്നിക്കുന്ന പ്രതിപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു വിഭാഗവും ഇവിടെയുണ്ട്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മോദി
2001 ഒക്ടോബറിലാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നത്. ആര്‍.എസ്.എസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഴവന്‍ സമയ പ്രചാരക് മുഖ്യമന്ത്രിയാവുന്നു, ഒരു മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പോലും മുമ്പ് മത്സരിക്കാതെ. ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന ഗഞ്ചി സമുദായത്തില്‍നിന്ന് വരുന്ന, ചായക്കടക്കാരന്റെ മകന് അത് അത്രയെളുപ്പമുള്ള വഴികളായിരുന്നില്ല. എട്ടാം വയസ്സില്‍ ആര്‍.എസ്.എസിന്റെ ഭാഗമായ മോദി, 60-കളില്‍ അന്നത്തെ ഗുജറാത്ത്- മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ പ്രാന്ത പ്രചാരകായ ലക്ഷ്മണ്‍ റാവു ഇമാന്താറിന്റെ മാനസപുത്രനായി തീരുന്നു. 72-ല്‍ പ്രചാരകായ മോദി ഗുജറാത്തിലെ നവനിര്‍മാണ്‍ പ്രസ്ഥാനത്തിന്റെ ഭാഗമായി. പിന്നീട് വിഭാഗ് പ്രചാരകായും സംഭാഗ് പ്രചാരകായും പ്രാന്ത പ്രചാരകായും ആര്‍.എസ്.എസില്‍ വളര്‍ച്ച. പ്രാന്ത പ്രചാരകായി പ്രവര്‍ത്തിക്കുമ്പോഴാണ് മോദി, ഗുജറാത്തില്‍ 'ന്യായ് യാത്ര' നടത്തുന്നത്. 1985-ലെ ഗുജറാത്ത് കലാപത്തിലെ ഹിന്ദു ഇരകള്‍ക്ക് നീതിവേണമെന്നായിരുന്നു ആവശ്യം.
1987-ലാണ് മോദി ബി.ജെ.പിയിലേക്ക് എത്തുന്നത്. അന്ന് ദേശീയ പ്രസിഡന്റായിരുന്ന എല്‍.കെ. അദ്വാനി മോദിയെ ഗുജറാത്തിലെ സംഘടനാ സെക്രട്ടറിയായി നിയമിച്ചു. പിന്നാലെ അദ്വാനി നടത്തിയ രഥയാത്രയുടെ ഗുജറാത്തിലെ ചുമതലക്കാരനായി. അന്നേ മൈക്രോ മാനേജ്മെന്റില്‍ വിദഗ്ധനാണെന്ന് തെളിയിച്ച മോദി, പിന്നീട് അതേ വഴിയിലാണ് ഇന്ത്യയിലെ ഓരോ തിരഞ്ഞെടുപ്പും 'മാനേജ്' ചെയ്തത്.

1995-ലെ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലെത്തി. വിജയത്തിന്റെ ക്രെഡിറ്റ് മോദിക്ക് നല്‍കപ്പെട്ടു. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയായി, മോദി സൂപ്പര്‍ മുഖ്യമന്ത്രിയും. അന്നുവരെയുണ്ടായിരുന്ന എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ച് ഒരു പ്രചാരക് സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും നേരിട്ട് ഇടപെടാന്‍ ആരംഭിച്ചു. പക്ഷേ, മാര്‍ച്ചില്‍ അധികാരമേറ്റ കേശുഭായ് പട്ടേലിന് ഒക്ടോബര്‍ വരെയേ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുള്ളൂ. ശങ്കര്‍ സിങ് വഗേലയുടെ നേതൃത്വത്തില്‍ നടന്ന ഉള്‍പ്പോരിനൊടുവില്‍ സുരേഷ് മേത്തയെ മുഖ്യമന്ത്രിയായി നിയമിക്കുകയും മോദിയെ ഹരിയാണയുടേയും ഹിമാചല്‍ പ്രദേശിന്റേയും ചുമതലയുള്ള ദേശീയ സെക്രട്ടറിയായി ഡല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു.
മോദിയെ സംബന്ധിച്ച് ഒരുതരത്തില്‍ അത് രാഷ്ട്രീയവനവാസമായിരുന്നു. അതേസമയം, സമകാലീനരായ പ്രമോദ് മഹാജനും സുഷമ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും ഭാവി നേതാക്കളായി വാഴ്ത്തപ്പെട്ടു. അന്ന് നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍, ഭാവി നേതാക്കളുടെ സാധ്യതാപ്പട്ടികയില്‍പ്പോലും മോദിയുടെ പേരുണ്ടായിരുന്നില്ല. ഇതേസമയത്ത് ഗുജറാത്തില്‍ മൂന്ന് വര്‍ഷത്തിനിടെ നാലു മുഖ്യമന്ത്രിമാര്‍ മാറിവന്നു. പിന്നീട് 1998-ല്‍ വന്ന കേശുഭായ് പട്ടേലിന്റെ മന്ത്രിസഭയുടെ മോശം പ്രകടനം കൂടെയായതോടെ മുഖം മിനുക്കലിന് കേന്ദ്ര ബി.ജെ.പി. നേതൃത്വം തയ്യാറായി. ആര്‍.എസ്.എസ്. പിന്തുണയോടെ അദ്വാനി- വാജ്പേയി സഖ്യം നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി. കേശുഭായ് പട്ടേലിന്റെ സ്ഥാനം തെറിക്കുന്നതിന് കാരണമായ ആഭ്യന്തരകലഹങ്ങളുടെ ഒരറ്റത്ത് നരേന്ദ്രമോദിക്കെതിരേയും ആരോപണങ്ങളുണ്ടായിരുന്നു. പട്ടേലിനെതിരെ ചില രേഖകളുമായെത്തിയ മോദി അത് പ്രസിദ്ധീകരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് മേത്ത പിന്നീട് വെളിപ്പെടുത്തി.
നരേന്ദ്ര മോദിയുടെ രാഷ്ട്രീയജീവിതത്തിലുടനീളം കരിനിഴലാവുന്ന ഗുജറാത്ത് കലാപമുണ്ടാവുന്നത്, ആദ്യമായി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് അഞ്ചു മാസത്തോട് അടുക്കുമ്പോഴാണ്. കലാപം അവസാനിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമായിരുന്നു അന്ന് വിമര്‍ശിക്കപ്പെട്ടത്. ന്യൂട്ടന്റെ മൂന്നാം നിയമത്തെ ഉദ്ധരിച്ച് മോദിയുടെ പേരില്‍വന്ന പ്രതികരണവും വിവാദമായി. അതിലേറെ പിന്നീട് മോദിക്ക് വിനയായത് ഗുജറാത്ത് സന്ദര്‍ശിക്കവെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ 'രാജധര്‍മ' പരാമര്‍ശമായിരുന്നു. എന്നാല്‍, ഗുജറാത്ത് കലാപം തന്നെ പിന്നീട് മോദിയുടേയും ബി.ജെ.പിയുടേയും ഇരിപ്പുറപ്പിക്കുന്ന തിരഞ്ഞെടുപ്പ് വിഷയമായിത്തീരുന്നതും രാഷ്ട്രീയചരിത്രത്തില്‍ കണ്ടു.

ഒരുപക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ മോദിയുടെ പ്രസക്തി തീരുമാനിക്കുന്ന വലിയൊരു സംഭവം പിന്നീട് നടക്കുന്നത് ഗുജറാത്തിലോ, മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഒന്നുമല്ല. ഗോവ പനജിയിലെ മാരിയറ്റ് ഹോട്ടലിലാണ്. 2002 ഏപ്രിലില്‍ ബി.ജെ.പി. ദേശീയ എക്സിക്യൂട്ടിവില്‍. ഗുജറാത്ത് കലാപം നിയന്ത്രിക്കുന്നതില്‍ മോദി പരാജയപ്പെട്ടുവെന്ന് പാര്‍ട്ടിക്കുള്ളില്‍ പൊതുവിലയിരുത്തല്‍. രാജിക്ക് തയ്യാറായി മോദിയെത്തുന്നു. കലാപം കേന്ദ്രത്തില്‍ ഭരണത്തിലുള്ള ദേശീയ ജനാധിപത്യസഖ്യത്തിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയെന്ന് വാജ്‌പേയിയുടെ വാദം. അവിടെ മോദിയുടെ രക്ഷയ്ക്കെത്തുന്നത് എല്‍.കെ. അദ്വാനിയാണ്. മോദി രാജിവെച്ചാല്‍ പാര്‍ട്ടിക്ക് ഗുജറാത്തില്‍ വീണ്ടും അധികാരത്തില്‍ വരാന്‍ കഴിയില്ലെന്ന് അദ്വാനി വാദിച്ചു. ആര്‍.എസ്.എസിന്റെ പിന്തുണയും അന്ന് അദ്വാനിക്കുണ്ടായിരുന്നു. വാജ്പേയിക്ക് അതിനൊപ്പം നില്‍ക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, 2004-ലെ പൊതുതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. പരാജയപ്പെട്ടതോടെ, മോദിയെ അന്ന് മാറ്റിനിര്‍ത്താതിരുന്നത് വലിയ തെറ്റായിരുന്നുവെന്ന് വാജ്പേയി തന്നെ കുറ്റസമ്മതം നടത്തി. അദ്വാനി തെളിച്ച രഥങ്ങളുടെയെല്ലാം ഗുണഭോക്താവ് മോദിയായിത്തീരുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് മാത്രമായിരുന്നു അത്, 2014-ലെ പ്രധാനമന്ത്രി പദംപോലെ.
ഹിന്ദി ഹൃദയസാമ്രാട്ട് ആവുന്നതിന് മുമ്പ് ഗുജറാത്തിന്റെ ഷേര്‍(സിംഹം) ആയിരുന്നു മോദി. 2002-ല്‍ തിരഞ്ഞെടുപ്പ് നേരത്തേയാക്കി, ഗൗരവ് യാത്ര നടത്തി അധികാരത്തില്‍ തിരിച്ചെത്തി. പിന്നീട് അങ്ങോട്ട് ഗുജറാത്തി അഭിമാനബോധത്തിന്റെ മറുപേരായി മോദി സ്വയം പ്രതിഷ്ഠിച്ചു. കലാപത്തിന്റെ പേരില്‍ ഗുജറാത്തികളെമൊത്തം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തനിക്കെതിരെയുള്ള ആരോപണങ്ങളെ വഴിതിരിച്ചുവിട്ടു. സംസ്ഥാനത്തെ പാര്‍ട്ടിയിലും സംഘപരിവാറിലും മോദിക്ക് വെല്ലുവിളിയായിത്തീരുമായിരുന്ന പ്രവീണ്‍ തൊഗാഡിയ അടക്കം പിന്നീട് അപ്രസക്തരായി. കേശുഭായ് പട്ടേലിന്റെ മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യംചെയ്തിരുന്ന ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ടു. ഹ്രസ്വകാലയളവില്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയും വിദൂരഭാവിയില്‍ തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുകയുംചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി ബി.ജെ.പി. സര്‍ക്കാര്‍ വികസനത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന തോന്നല്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സഹായത്തോടെ ഉണ്ടാക്കിയെടുത്തു. മോദി വികാസ് പുരുഷനായി മാറി. വികസനത്തിന്റെ പര്യായമായി ഗുജറാത്ത് മോഡല്‍ അവതരിപ്പിക്കപ്പെട്ടു.
വൈബ്രന്റ് ഗുജറാത്ത് മുന്‍നിര്‍ത്തി മോദി തന്റെ പ്രതിച്ഛായ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. 2009-ലെ പൊതുതിരഞ്ഞെടുപ്പില്‍ എല്‍.കെ. അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി മത്സരിച്ച ബി.ജെ.പി. തോറ്റു. മന്‍മോഹന്‍സിങ്ങിന് രണ്ടാമൂഴം. അദ്വാനി- വാജ്‌പേയി യുഗത്തിന്റെ അവസാനം. ഭാവിയില്‍ ബി.ജെ.പി. ശക്തമായൊരു നേതൃത്വ പ്രതിസന്ധി നേരിട്ടേക്കുമെന്ന തോന്നല്‍. പ്രമോദ് മഹാജന്‍ ഈ സമയത്തിനകം സഹോദരന്റെ വെടിയേറ്റ് മരിച്ചിരുന്നു. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിങ് എന്നിവര്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കാലം. 2009-ല്‍ പാര്‍ട്ടി പരാജയപ്പെടുമ്പോള്‍ അധ്യക്ഷനായിരുന്നുവെന്നത് രാജ്നാഥ് സിങ്ങിനെ സംബന്ധിച്ച് രാഷ്ട്രീയത്തില്‍ ഒരു പോരായ്മയായിരുന്നു. സദ്ഭാവന യാത്രയും വിവേകാനന്ദ വികാസ് യാത്രയും നടത്തിയ മോദി ഗുജറാത്തില്‍ മൂന്നാം ഊഴത്തില്‍ മുഖ്യമന്ത്രി. പ്രധാനമന്ത്രി പദം സ്വപ്നത്തിലെങ്കിലുമുണ്ടോയെന്ന ചോദ്യത്തോടെല്ലാം, ഒരു പ്രചാരകിന്റെ സ്ഥാനമോഹങ്ങളോടുള്ള നിര്‍മമതയോടെയുള്ള മറുപടി, താന്‍ ഗുജറാത്തിന് വേണ്ടി നിലകൊള്ളാന്‍ ആഗ്രഹിക്കുന്നുവെന്ന്. പക്ഷേ, വാക്കായിരുന്നില്ല സത്യം.
മോദിയല്ലാതാര്?
തുടര്‍ച്ചയായ ആരോപണശരങ്ങളേറ്റ് രണ്ടാം യു.പി.എ. സര്‍ക്കാര്‍ പ്രതിച്ഛായ നഷ്ടത്തിന് നടുവില്‍ നില്‍ക്കുമ്പോഴാണ് മോദി പ്രധാനമന്ത്രി മോഹവുമായി ഡല്‍ഹിക്ക് വണ്ടികയറുന്നത്. ഗുജറാത്ത് മോഡലിന്റെ നിറം പിടിപ്പിച്ച കഥകളും നിരാശരായ ജനതയുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുമായി മാധ്യമങ്ങളുടേയും രാജ്യത്തെ ഉപരിവര്‍ഗങ്ങത്തിന്റേയും ശ്രദ്ധപിടിച്ചുപറ്റി. യു.പി.എ. സംവിധാനത്തേയും ഗാന്ധി കുടുംബത്തേയും നിരന്തരം പുകമറയില്‍നിര്‍ത്തുന്ന പ്രസംഗങ്ങള്‍ മോദിയുടെ വാക്ചാതുരിയുടെ പ്രകടനങ്ങളായി. ഒരുവര്‍ഷത്തിനപ്പുറം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വേണ്ടുവോളം മാധ്യമ പരിലാളന ലഭിച്ചു. ഇനി വേണ്ടിയിരുന്നത് പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കുക കൂടിയായിരുന്നു.
സാമ്പത്തിക തിരിമറിയാരോപണത്തെ തുടര്‍ന്ന് നിതിന്‍ ഗഡ്കരിയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയ 2013 മാര്‍ച്ചിലെ ദേശീയ കൗണ്‍സില്‍ നടന്ന് ആഴ്ചകള്‍ക്കുശേഷം മോദി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് അംഗമായി. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട നിതിന്‍ ഗഡ്കരിക്കു പകരം രാജ്നാഥ് സിങ് വീണ്ടും പാര്‍ട്ടി അധ്യക്ഷനായി. ലോക്സഭയില്‍ സുഷമ സ്വരാജും രാജ്യസഭയില്‍ അരുണ്‍ ജെയ്റ്റ്ലിയും പ്രതിപക്ഷനേതാക്കളായി തുടരുന്നകാലം. വാജ്പേയി- അദ്വാനി യുഗത്തിനുശേഷം വലിയ ജനക്കൂട്ടത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനുള്ള കഴിവുള്ള നേതാക്കള്‍ ആരെന്ന ചര്‍ച്ച നടക്കുന്ന കാലത്താണ്, വാഗ്വിലാസവും മാധ്യമ പരിലാളനയും സാമൂഹിക മാധ്യമങ്ങളിലെ നിര്‍മിത പ്രതിച്ഛായയുമായി മോദി കളംപിടിക്കുന്നത്.
ഈ അവസരത്തിലാണ്, 2002-ലെ കലാപത്തിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ മോദിയുടെ ഇരിപ്പുറപ്പിച്ച ദേശീയ എക്സിക്യൂട്ടീവിന് ശേഷം വീണ്ടും ഗോവ മോദിയുടെ രാഷ്ട്രീയജീവിതത്തിലെ പ്രധാനവേദിയായി മാറുന്നത്. 2014-ലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന്റെ ആദ്യപടിയായി നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി പ്രഖ്യാപിക്കുക എന്നതായിരുന്നു 2013-ലെ ഗോവ എക്സിക്യൂട്ടീവിലെ പ്രധാന അജന്‍ഡ. മുന്‍ എക്സിക്യൂട്ടീവില്‍ മോദിയുടെ രക്ഷകനായിരുന്ന അദ്വാനിക്ക് പക്ഷേ ഇത്തവണ വില്ലന്റെ റോളായിരുന്നു നിര്‍വഹിക്കാനുണ്ടായിരുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം വെറും 24 മണിക്കൂര്‍ മുമ്പ് മാത്രമാണ് അദ്വാനിയെ നേതൃത്വം അറിയിക്കുന്നത്. പ്രതിഷേധിച്ച് അദ്വാനി യോഗം ബഹിഷ്‌കരിച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്നുവെന്നായിരുന്നു അറിയിച്ചതെങ്കിലും അപ്രതീക്ഷിതമായി അദ്വാനി പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നുള്ള രാജി പ്രഖ്യാപിച്ചു.
പാര്‍ട്ടി ആശയങ്ങളില്‍നിന്ന് വ്യതിചലിക്കുന്നുവെന്നും വ്യക്തിപരമായ അജന്‍ഡകള്‍ക്ക് കീഴ്‌പ്പെടുന്നുവെന്നും ആരോപിച്ച് പാര്‍ട്ടി അധ്യക്ഷന് മൂന്ന് പാരഗ്രാഫുമുള്ള കത്തെഴുതി. അദ്വാനിയുടെ അപ്രതീക്ഷിത നീക്കത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ് പകച്ചുപോയെങ്കിലും മോദിക്കൊപ്പം അടിയുറച്ചുനില്‍ക്കാനായിരുന്നു ആര്‍.എസ്.എസിന്റെ നിര്‍ദേശം. നിതിന്‍ ഗഡ്കരി ഇടനില നിന്ന് രാജി പിന്‍വലിപ്പിച്ചെങ്കിലും 2014-ലെ യു.പി.എ. സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ പ്രധാനമന്ത്രിയാവാന്‍ കൊതിച്ച അദ്വാനിക്ക് അതൊരു മോഹഭംഗമായിരുന്നു. പിന്നീട് അങ്ങോട്ട് ഒറ്റക്കെട്ടായി അണിനിരന്ന പാര്‍ട്ടിയുടേയും തിരഞ്ഞെടുപ്പിലെ മൈക്രോ മാനേജ്മെന്റിന്റേയും അധികാരത്തിലുണ്ടായിരുന്നിട്ടും അനുദിനം പ്രതിസന്ധികളിലേക്ക് വീണ കോണ്‍ഗ്രസിന്റെയും ബലത്തില്‍ മോദി ആദ്യമായി 2014-ല്‍ പ്രധാനമന്ത്രിയായി.
നോട്ടുനിരോധനം മുതല്‍ റഫാല്‍ അഴിമതി ആരോപണം വരെ വരെ സംഭവബഹുലമായിരുന്നു പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിയുടെ ആദ്യ അഞ്ചുവര്‍ഷം. കള്ളപ്പണത്തെ നേരിടാനെന്ന് അവകാശപ്പെട്ട് 2016 നവംബര്‍ എട്ടിന് രാത്രി നടത്തിയ നോട്ട് നിരോധനപ്രഖ്യാപനം ആദ്യം ആശ്ചര്യവും പിന്നീട് അമ്പരപ്പുമാണ് ഇന്ത്യക്കാരിലുണ്ടാക്കിയത്. റഫാല്‍ അഴിമതി ആരോപണം മുന്‍നിര്‍ത്തി കാവല്‍ക്കാരന്‍ കള്ളനാണെന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍, താനും കാവല്‍ക്കാരനെന്ന പ്രതിരോധമുയര്‍ത്തി ആരോപണത്തെ നേരിട്ടു. വിദ്വേഷം വ്യാപകമാവുന്നുവെന്നും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നുവെന്നും ഒന്നാം മോദി സര്‍ക്കാരിനെതിരെ ആരോപണമുയര്‍ന്നു.

വീണ്ടും വരുമോ മോദി?
ദേശസുരക്ഷയില്‍ എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെതിരെ വലിയ ആരോപണങ്ങളുന്നയിച്ചുകൊണ്ടിരുന്ന മോദി, 2019-ല്‍ വീണ്ടും അധികാരത്തിലെത്തുന്നത് പുല്‍വാമ ആക്രമണത്തിന് തിരിച്ചടി നല്‍കിയ അന്തരീക്ഷത്തില്‍ കൂടിയാണ്. ദേശസുരക്ഷയെന്ന ഒറ്റ പ്രചാരണത്തില്‍ ഒന്നാം മോദി സര്‍ക്കാരിന്റെ എല്ലാ പോരായ്മകളും മറഞ്ഞുപോയി. റഫാല്‍ കരാറിലെ അഴിമതി ആരോപണം മുന്‍നിര്‍ത്തി രാഹുല്‍ ഗാന്ധി ഒറ്റയ്ക്കുപോരാടിയെങ്കിലും പരാജയപ്പെട്ടുപോയി. 2014-ല്‍ അച്ഛാ ദിനു വേണ്ടി വോട്ടുചോദിച്ച ബി.ജെ.പി. 2019-ല്‍ ഒരുതവണ കൂടെ അവസരം നല്‍കാനാണ് ആവശ്യപ്പെട്ടത്. മൂന്നാം വരവില്‍ വലിയ ഉറപ്പുകളാണ് മോദിയെ മുന്‍നിര്‍ത്തി ബി.ജെ.പിയുടെ 'ഗ്യാരന്റി'.
ബി.ജെ.പി. തനിച്ച് 370-ലധികം സീറ്റുകളും എന്‍.ഡി.എ. 400 സീറ്റുകളുമെന്ന മൃഗീയ ഭൂരിപക്ഷമാണ് ലക്ഷ്യം. അയോധ്യയിലെ രാമക്ഷേത്രവും പൗരത്വഭേദഗതി നിയമം വിജ്ഞാപനംചെയ്തതും ചൂണ്ടിക്കാട്ടി മാത്രം വോട്ടുതേടാന്‍ കഴിയില്ലെന്ന് ഉറപ്പുള്ള ബി.ജെ.പി, ഭാരത് റൈസും ദാലും ആട്ടയുമിറക്കി കളത്തിലിറങ്ങുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് പെട്രോള്‍ വിലയില്‍ വരുത്തിയ കുറവും ലക്ഷ്യംവെക്കുന്നത് മറ്റൊന്നല്ല. ജി.ഡി.പിയിലുണ്ടായ വളര്‍ച്ചയും മോദിക്കുകീഴില്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യം മികച്ച പ്രതിച്ഛായ നേടിയെന്ന അവകാശവാദവും വോട്ടു തേടാന്‍ ബി.ജെ.പി. മുന്നോട്ടുവെക്കും. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യു. മുതല്‍ ത്രിപുരയില്‍ പ്രദ്യോത് ദേബ് ബര്‍മ്മന്റെ തിപ്ര മോത്തവരെ ഓരോ ചെറിയപാര്‍ട്ടിയേയും സഖ്യത്തില്‍ ഒപ്പം നിര്‍ത്തി തിരഞ്ഞെടുപ്പ് 'മാനേജ്' ചെയ്യുന്നു. 2019- ല്‍ രാഹുലിന്റെ കാവല്‍ക്കാരന്‍ കള്ളനെന്ന ആരോപണം അടര്‍ത്തിയെടുത്ത് തിരിച്ചുപ്രയോഗിച്ചതുപോലെ, ഇത്തവണ ലാലുപ്രസാദ് യാദവിന്റെ കുടുംബമാണ് ആയുധം.

ഗുണഭോക്താക്കള്‍ക്ക് നേരിട്ട് സഹായം ലഭിക്കുന്ന കേന്ദ്രപദ്ധതികളുടെ പേരിന്റെ മുന്നില്‍ 'പ്രധാനമന്ത്രി' ചേര്‍ത്ത് ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന കീഴ്‌വഴക്കത്തിന്റെ തുടര്‍ച്ച തിരഞ്ഞെടുപ്പ് കാലത്ത് ഒരു പടികൂടെ കടന്ന് 'മോദിയുടെ ഗ്യാരന്റി'യിലേക്ക് എത്തി നില്‍ക്കുന്നു. കേരളത്തിലാണ് മോദിയുടെ ഗ്യാരന്റി മുദ്രാവാക്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടതെന്നും ശ്രദ്ധേയം. തിരഞ്ഞെടുപ്പ് ബോണ്ടിലടക്കം തിരിച്ചടി നേരിട്ടെങ്കിലും അതിനെ മറികടക്കുന്ന നരേറ്റീവുകള്‍ മുന്നോട്ടുവെക്കാന്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്. ഡല്‍ഹിയിലേക്കെത്തുന്ന കര്‍ഷകരോഷവും, എല്ലാ ഭിന്നതകള്‍ക്കിടയിലും ഒന്നിക്കുന്ന പ്രതിപക്ഷകക്ഷികളുടെ ഇന്ത്യ സഖ്യത്തിനും മോദിയുടെ മൂന്നാം പ്രധാനമന്ത്രി പദത്തിന് എത്രത്തോളം ഇളക്കമുണ്ടാക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. 2019- ല്‍ ഉണ്ടായിരുന്നത് പോലെ ഏതെങ്കിലും വ്യാപക ഭരണവിരുദ്ധവികാരം മോദിയെ സംബന്ധിച്ച് ഇല്ലെന്ന് മാത്രമല്ല, അനായാസ വിജയസാധ്യത പലരും കല്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.
Content Highlights: How Modi won 2014 and 2019 elections; The Political journey, will he win a third term
Published: 18 Mar 2024, 02:30 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented