
അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയെ പ്രകീര്‍ത്തിക്കാന്‍ ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസുകാരുടെ മുഖത്ത് നോക്കി അറത്തുമുറിച്ചൊരു നോ പറയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിരുന്നില്ല, ബോളിവുഡിന്റെ ഗ്രിഗറി പെക്ക്, ദേവ് ആനന്ദിന്. ഈ 'ധിക്കാരത്തിന്', സ്വന്തം സിനിമകള്‍ക്കും പാട്ടുകള്‍ക്കും മാത്രമല്ല, പേര് പരാമര്‍ശിക്കുന്നതിന് പോലും ആകാശവാണിയില്‍ കത്രിക വീണെങ്കിലും ദേവ് തെല്ലും കുലുങ്ങിയില്ല. ജയപ്രകാശ് നാരായണനും മൊറാര്‍ജി ദേശായിക്കുമൊപ്പം അടിയന്തരാവസ്ഥയ്‌ക്കെതിരേ പരസ്യമായി തന്നെ അണിനിരന്നു. വേദികളില്‍ ഇന്ദിരാ ഗാന്ധിക്കും മകന്‍ സഞ്ജയ്ക്കുമെതിരേ ആഞ്ഞടിച്ചു. ഇതേ കാലത്തു തന്നെയാണ് ഇന്ദിരയെയും സഞ്ജയ് ഗാന്ധിയെയും പരിഹസിക്കുന്ന, പഴയ കോണ്‍ഗ്രസ് എം.പിയായ അമൃത് നഹാതയുടെ ആക്ഷേപഹാസ്യ ചിത്രം കിസ്സാ കുര്‍സി ക ഇറങ്ങിയതും അതിന്റെ നെഗറ്റീവ് സഞ്ജയ് പിടിച്ചെടുത്ത് കത്തിച്ചുകളഞ്ഞതും.
ഇക്കഥകളൊക്കെ കടങ്കഥയായി തോന്നിയേക്കാം പുതിയ കാലത്ത്. എണ്‍പതുകളോടെ സിനിമയുടെയും രാഷ്ട്രീയത്തിന്റെയും തിരക്കഥയാകെ മാറി. താരങ്ങള്‍ രാഷ്ട്രീയക്കുപ്പായമണിയുന്നത് പതിവായി. ക്രമേണ താരങ്ങള്‍ മാത്രമല്ല, സിനിമ തന്നെ രാഷ്ട്രീയായുധമാകുന്നതും പുതുമയില്ലാതായി. സിനിമയെന്ന ജനപ്രിയകല ഭരണകൂടങ്ങളെ വിമര്‍ശിക്കുകയല്ല, അവരുടെ ഇച്ഛകള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതായി പുതിയ കാലത്തെ ട്രെന്‍ഡ്. സ്വാതന്ത്ര്യസമ്പാദനത്തിനു തൊട്ടു പിറകേ നെഹ്‌റു നടത്തിയ പരീക്ഷണത്തിന്റെ മറ്റൊരു പതിപ്പ്. രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുമ്പോള്‍ ഒന്നോ രണ്ടോ അല്ല, ഭരണകക്ഷിയുടെ ഇംഗിതങ്ങളും ചായ്‌വും മറയില്ലാതെ വിളിച്ചുപറയുന്ന അര ഡസനിലേറെ ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു. അത്ര തന്നെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. പ്യാസയും ഫൂട്ട്പാത്തും ബൂട്ട് പോളിഷും ജിസ് ദേശ് മേന്‍ ഗംഗ ബെഹ്തിഹായും ആന്തിയും പോലെ ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയം പറഞ്ഞ ചിത്രങ്ങള്‍ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് തന്നെ ഏറെ പിറവികൊണ്ടിട്ടുണ്ടെങ്കിലും സിനിമ ഇതുപോലെ ഹോള്‍സെയിലായി പരസ്യ പ്രചരണായുധമായ ചരിത്രം മുന്‍പില്ല ഇന്ത്യയില്‍. സിനിമയുടെ കരുത്ത് ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഇടതുപക്ഷവും തമിഴക പാര്‍ട്ടികളും പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ തിരിച്ചറിഞ്ഞ് ഉപയോഗിച്ചുപോരുന്നുണ്ടെങ്കിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് പോരിലെ അതിന്റെ മാറ്ററിഞ്ഞ് ഇത്ര വിപുലമായി പ്രയോഗിക്കുന്നത് ഇതാദ്യമാണ്.

ഭരണത്തിലുള്ള പ്രധാനമന്ത്രിയുടെ ജീവിതകഥ വാഴ്ത്തിപ്പാടുകയും രണ്ട് മുന്‍പ്രധാനമന്ത്രിമാരെ ഇകഴ്ത്തുകയും ചെയ്യുന്ന ചിത്രങ്ങള്‍ വെള്ളിത്തിരയിലെത്തുന്നതിനും വിഗ്രഹഭഞ്ജനങ്ങള്‍ക്കും ഇളക്കിപ്രതിഷ്ഠകള്‍ക്കും ചരിത്രത്തിന്റെ പുനരാഖ്യാനങ്ങള്‍ക്കുമെല്ലാം ഇന്ത്യന്‍ സിനിമ, പ്രത്യേകിച്ച് ബോളിവുഡ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. വിവേക് ഒബ്‌റോയി പ്രധാനമന്ത്രി നരേന്ദ്രമോദിയായി വേഷമിട്ട പി.എം. നരേന്ദ്ര മോദി എന്ന ചിത്രം 2019ലെ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജനങ്ങളിലെത്തിക്കാന്‍ അണിയറക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷമായിരുന്നു അതിന്റെ റിലീസ്. ചിത്രം മോശമല്ലാതെ കാശ് വാരിയെങ്കിലും തീര്‍ത്തും ഏകപക്ഷീയമായ വാഴ്ത്തുപാട്ടിന് വലിയ പഴി തന്നെ കേള്‍ക്കേണ്ടിവന്നു.
മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തെ ഇഴകീറി വിശകലനം ചെയ്യുന്ന ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇറങ്ങിയത്. അനുപം ഖേര്‍ മന്‍മോഹന്‍ സിങ്ങായി മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം മന്‍മോഹനെ ദുര്‍ബലനായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന വിമര്‍ശനത്തിനും വഴിവച്ചു. കോണ്‍ഗ്രസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹത തേടിപ്പോകുന്ന ചിത്രമായ വിവേക് അഗ്‌നിഹോത്രിയുടെ ദി താഷ്‌ക്കന്റ് ഫയല്‍സിന്റെ ചെയ്തത്. തിരഞ്ഞെടുപ്പ് വര്‍ഷമായ 2019ലായിരുന്നു റിലീസ്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതിന് സമാനമായ കഥ പറഞ്ഞ മധുര്‍ ഭണ്ഡാര്‍ക്കറുടെ ഇന്ദു സര്‍ക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധത്തിനാണ് വഴിമരുന്നിട്ടത്. ആദ്യത്തെ ബി.ജെ.പി പ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്‌പെയിയുടെ ബയോപിക്കായ മെയ്ന്‍ അടല്‍ ഹൂ മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് തീയേറ്ററിലെത്തിയതെങ്കിലും വിചാരിച്ച ചലനം സൃഷ്ടിക്കാനായില്ല.
പ്രൊപ്പഗാന്‍ഡ ചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്നവയില്‍ വലിയ വിവാദത്തിന് വഴിവച്ചത് കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപ്പലായനത്തിന്റെ കഥ പറഞ്ഞ കശ്മീര്‍ ഫല്‍സും ലൗജിഹാദ് ഇതിവൃത്തമായ കേരള സ്‌റ്റോറീസുമാണ്. വിവേക് അഗ്‌നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് ബാക്‌സ്ഓഫീസില്‍ തകര്‍ത്തോടിയെങ്കിലും വസ്തുതകള്‍ വളച്ചൊടിച്ചുവെന്നും ഏകപക്ഷീയമായാണ് കഥ പറഞ്ഞതെന്നുമുള്ള രൂക്ഷമായ ആക്ഷേപങ്ങള്‍ക്കും പാത്രമായി. കേന്ദ്ര സര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബി.ജെ.പിയുടെയും പരസ്യമായ പിന്തുണയും ചിത്രത്തിന് ലഭിച്ചു. ബി.ജെ.പി. ഭരിക്കുന്ന ഭൂരിപക്ഷം സംസ്ഥാനങ്ങളും ചിത്രത്തിന് നികുതിയിളവ് അനുവദിക്കുന്ന പതിവില്ലാത്ത കാഴ്ചയും കണ്ടു. കശ്മീര്‍ ഫയല്‍സ് പലയിടത്തും വര്‍ഗീയ സംഘര്‍ഷത്തിന് വഴിവെക്കുന്നതിനും രാജ്യം സാക്ഷ്യംവഹിച്ചു. സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി ഒരു സിനിമയുടെ പിന്നില്‍ അണിനിരക്കുന്നതിനെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ വിമര്‍ശിച്ചെങ്കിലും എട്ട് ഓസ്‌ക്കര്‍ നേടിയ റിച്ചാര്‍ഡ് അറ്റണ്‍ബറോയുടെ ഗാന്ധിക്ക് ഇന്ദിരാസര്‍ക്കാര്‍ ധനസഹായം നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി പ്രതിരോധിച്ചത്.
രാജ്യത്ത് വലിയ ചര്‍ച്ചയായെങ്കിലും കേരളത്തെ കരിനിഴലിലാക്കിയെന്നും മതസ്പര്‍ധയ്ക്ക് കാരണമാകുമെന്നുമുള്ള വലിയ ആരോപണങ്ങള്‍ സുദീപ്‌തോ സെന്നിന്റെ കേരള സ്‌റ്റോറീസിനും നേരിടേണ്ടിവന്നു. അജ്‌മേര്‍ 92ഉം 72 ഹൂറെയ്ന്‍ തുടങ്ങിയവയും വലിയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും നേരിടേണ്ടിവന്ന വിമര്‍ശനങ്ങള്‍ ചെറുതായിരുന്നില്ല. സുദീപ്‌തോയുടെ തന്നെ ഏറ്റവും പുതിയ റിലീസായ ബസ്തര്‍: ദി നക്‌സല്‍ സ്‌റ്റോറിയും നല്ല പത്തരമാറ്റ് പ്രൊപ്പഗാന്‍ഡ ചിത്രമെന്ന ഖ്യാതിയിലാണ് തീയേറ്ററിലെത്തിയത്. ചത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ മാവോവാദി വിഷയം കൈകാര്യം ചെയ്ത ചിത്രത്തിനെതിരേ ജെ.എന്‍.യു വിദ്യാര്‍ഥികളില്‍ നിന്നടക്കം വലിയ വിമര്‍ശനമാണ് നേരിടുന്നത്. വലിയ നിരൂപകപ്രശംസ ഏറ്റുവാങ്ങാന്‍ കഴിയാതിരുന്ന ചിത്രം നിരോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അഭിമാനനേട്ടങ്ങളായും തിരഞ്ഞെടുപ്പ് വിഷയങ്ങളായും ഉയര്‍ത്തിക്കാട്ടിയ കോവിഡ് വാക്‌സിന്‍ വിതരണം (വിവേക് അഗ്‌നിഹോത്രിയുടെ വാക്‌സിന്‍ വാര്‍), ഉറി ആക്രമണം (ഉറി: ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌വിക്കി കൗശല്‍), ശൗചാലയ നിര്‍മാണം (ടോയ്‌ലെറ്റ് ഏക് പ്രേം കഥ), രാമസേതു (രാംസേതു) മംഗള്‍യാന്‍ (മിഷന്‍ മംഗള്‍) കശ്മീരിലെ 370 ാം വകുപ്പ് റദ്ദാക്കല്‍ (ആര്‍ട്ടിക്കിള്‍ 370) എന്നിവയുടെയെല്ലാം ചലച്ചിത്രങ്ങളായി പുനരവതരിച്ചു. ഇതില്‍ മൂന്ന് ചിത്രങ്ങളില്‍ നായകനായത് ബി.ജെ.പി സഹയാത്രികനായ നടന്‍ അക്ഷയ് കുമാര്‍ തന്നെ. ഷാരൂഖിന്റെ ജവാനും തമിഴകത്ത് മാമാന്നനും മെര്‍സല്‍ പോലുള്ള വിജയ് ചിത്രങ്ങളുമെല്ലാം ഇക്കാലത്ത് തന്നെ ഇറങ്ങുന്നു എന്നതും ശ്രദ്ധേയമാണ്.
2019ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വിഖ്യാതമായ പദയാത്രയുടെ കഥ പറഞ്ഞ മമ്മൂട്ടി ചിത്രം യാത്രയുടെ ലക്ഷ്യവും മറ്റൊന്നല്ല. മുഖ്യമന്ത്രിയും വൈ.എസ്.ആറിന്റെ മകനുമായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ ആശിര്‍വാദത്തോടെ യാത്രയുടെ രണ്ടാംഭാഗം ഇറക്കിയതും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ്. ഒരു സാധാരണ രാഷ്ട്രീയ പ്രചരണചിത്രം എന്ന ആരോപണം നേരിടുന്ന രണ്ടാം ഭാഗത്തിന്റെ സ്‌ക്രീനിങ്ങിനുവേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷം ഇപ്പോള്‍ തന്നെ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. വൈ.എസ്. ആറിന്റെയും ജഗന്റെയും കഥ തന്നെയാണ് രണ്ടു ഭാഗങ്ങളിലായി രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന വ്യൂഹവും പറയുന്നത്. ചിത്രത്തിനെതിരേ മുന്‍മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിന്റെ മകന്‍ എന്‍. ലോകേഷ് രംഗത്തുവന്നുകഴിഞ്ഞു.

തിരഞ്ഞെടുപ്പ്‌വര്‍ഷം സംഘപരിവാര്‍ സംഘടനകളുടെ അനുഗ്രഹാശിസ്സോടെ റിലീസിനൊരുങ്ങിയ വലിയൊരു നിരതന്നെയുണ്ട് അണിയറയില്‍. ഗുജറാത്ത് കലാപത്തിലേയ്ക്ക് നയിച്ച ഗോധ്ര തീവണ്ടി തീവെപ്പ് വിഷയമാക്കിയ ആക്‌സിഡന്റ് ഓര്‍ കോണ്‍സ്പിരസി: ഗോധ്രയും വര്‍ത്തമാനകാലത്ത് വിവാദ നായകനായി മാറിയ സ്വാതന്ത്ര്യസമര സേനാനി വി.ഡി. സവര്‍ക്കറുടെ കഥ പറയുന്ന സ്വതന്ത്ര വീര്‍ സവര്‍ക്കറും മാര്‍ച്ചില്‍ തന്നെ തീയേറ്ററിലെത്തും. ഇടതു പ്രസ്ഥാനങ്ങളുടെ താവളമെന്ന ആരോപണംമൂലം സംഘപരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടായിരുന്ന ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയെ പരോക്ഷമായി പരാമര്‍ശിക്കുന്ന വിനയ് ശര്‍മയുടെ ഉവശി റൗട്ടേല ചിത്രം ജെ.എന്‍.യു (ജഹാംഗിര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി) ആദ്യഘട്ട വോട്ടെടുപ്പിന് വെറും പത്ത് നാള്‍ മുന്‍പ്, അതായത് ഏപ്രില്‍ അഞ്ചിന് തീയേറ്ററുകളിലത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചുകഴിഞ്ഞു. ജൂണില്‍ റിലീസിന് ഒരുങ്ങുകയാണ് കങ്കണ മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുന്ന, അടിയന്തരാവസ്ഥയുടെ കഥ പറയുന്ന എമര്‍ജന്‍സി. കങ്കണ തന്നെയാണ് സംവിധാനം. 1948ലെ ഹൈദരാബാദ് വിമോചനത്തിന്റെയും തുടര്‍ന്ന് നടന്ന കലാപത്തിന്റെയും കഥ പറയുന്ന റസാക്കര്‍, സൈലന്റ് ജനോസൈഡ് ഓഫ് ഹൈദരാബാദും റിലീസ് കാത്തുകഴിയുകയാണ്. ചിത്രത്തിന്റെ റിലീസിനെതിരേ കൊടുത്ത ഹര്‍ജി തെലങ്കാന ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിട്ടുണ്ട്. ബി.ജെ.പി. നേതാവായ ഗുഡുര്‍ നാരായണ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് അഗ്‌നിഹോത്രിയുടെ മറ്റൊരു രാഷ്ട്രീയ ബോംബ് കൂടി ഈ വര്‍ഷം തീയേറ്ററിലെത്തുന്നുണ്ട്. ദി ഡെല്‍ഹി ഫയല്‍സ്. 1984ലെ സിഖ് കൂട്ടക്കൊലയും ഡെല്‍ഹി കലാപവുമാണ് ഇതിവൃത്തമെന്നാണ് ലഭിക്കുന്ന സൂചന.

ബോളിവുഡിന് ഈ പ്രത്യക്ഷ പ്രചരണം പുതുമയാണെങ്കിലും തമിഴകം അമ്പതുകളുടെ അവസാനം മുതല്‍ ഇന്നും പയറ്റുന്ന യുദ്ധതന്ത്രമാണിത്. 1958ല്‍ ഇറങ്ങിയ എം.ജി.ആറിന്റെ നാടോടി മന്നന് ഡി.എം.കെയുടെ മാനിഫെസ്‌റ്റോ എന്നാണ് വിശേഷണം തന്നെ. പാര്‍ട്ടിപതാകയും തിരഞ്ഞെടുപ്പ് ചിഹ്നമായ ഉദയസൂര്യനും ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുമുണ്ട്. അറുപത്തിയാറില്‍ പുറത്തിറങ്ങിയ എം.ജി. ആറിന്റെ അന്‍പേ വാ എന്ന ചിത്രത്തിലെ പുതിയ വാനം എന്ന ഗാനത്തിലൂടെയാണ് ഡി.എം.കെയുടെ ചിഹ്നമായ ഉദയസൂര്യനെ അവതരിപ്പിക്കുന്നതുതന്നെ. ചിത്രത്തില്‍ എം.ജി.ആര്‍ അവതരിപ്പിച്ച ജെ.ബി എന്ന ജെ. ബാലസുബ്രഹ്മണ്യം ധരിക്കുന്നത് തന്നെ ഡി.എം.കെയുടെ പതാകയായ കറുപ്പും ചുവപ്പും നിറത്തിലുളള വസ്ത്രങ്ങളാണ്. ദ്രാവിഡ പ്രസ്ഥാനത്തിന് വിത്തുപാകുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് ശിവാജിയുടെ പരാശക്തിയുടെ തിരക്കഥ രചിച്ചതെന്ന് എം.കരുണാനിധി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സ്ഥാപകന്‍ അണ്ണാദുരൈയെ പരോക്ഷമായി പ്രകീര്‍ത്തിക്കുന്ന ഡയലോഗുകള്‍ അക്കാലത്തെ സിനിമകളില്‍ പതിവായിരുന്നു. തമിഴക മുന്നേട്ര മുന്നണി എന്ന തന്റെ പാര്‍ട്ടിയുടെ പ്രചരണത്തിനുവേണ്ടിയാണ് ശിവാജി എണ്‍പതുകളുടെ അവസാനം എന്‍ തമിഴ് എന്‍ മക്കള്‍ എന്നൊരു ചിത്രം സന്താന ബാലാജിയെ കൊണ്ട് സംവിധാനം ചെയ്യിപ്പിച്ചതു തന്നെ.

അവശജനതയുടെ ഉദ്ധാരണമായിരുന്നു ഡി.എം.കെ.യുടെ സമരമാര്‍ഗമെങ്കില്‍ വെള്ളിത്തിരയില്‍ ഭക്തി ടിക്കറ്റാക്കി വിറ്റാണ് ആന്ധ്രയില്‍ എന്‍.ടി.രാമറാവു അരങ്ങേറ്റ തിരഞ്ഞെടുപ്പില്‍ തന്നെ സംസ്ഥാന ഭരണവും ചരിത്രം കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും കൈക്കലാക്കിയത്. ജനസമ്പര്‍ക്ക പരിപാടികളില്‍ സിനിമയിലെ ദൈവങ്ങളുടെ വേഷത്തില്‍ വരെ എത്താറുണ്ടായിരുന്നു എന്‍.ടി.ആര്‍. തൊണ്ണൂറുകളില്‍ രാമായണ, മഹാഭാരത പരമ്പരകളിലെ താരങ്ങളെ വച്ച് ബി.ജെ.പി പയറ്റിയ അതേ തന്ത്രം. മറ്റൊരു തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിത്തുടങ്ങുമ്പോൾ പഴയ പ്രൊജക്റ്റർ മുറികൾക്ക് ജീവൻവയ്ക്കുന്നത് സ്വാഭാവികം.
Content Highlights: loksabha election, bollywood, propaganda movies, bjp, nda, savarkar, jnu, bastar, kashmir files
Published: 20 Mar 2024, 04:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented