
ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി ശേഷം രാഹുൽ. സ്വതന്ത്ര ഇന്ത്യയിൽ ഇത്രയധികംനാൾ കോൺഗ്രസ് പാർട്ടി അധികാര രാഷട്രീയത്തിൽനിന്നും പുറംതള്ളപ്പെട്ട കാലമുണ്ടായിട്ടില്ല. രാജ്യത്തിന്റെ ഇരുണ്ടകാലമായി കണക്കാക്കുന്ന അടിയന്തരാവസ്ഥയിൽ പോലും ആ പാർട്ടി കുലുങ്ങിയിരുന്നില്ല. പിറകെ നടന്ന തിരഞ്ഞെടുപ്പുകളിലും രാജ്യം കോൺഗ്രസിന്റെ കെെ പിടിച്ചു. എന്നാൽ, വർഷങ്ങൾക്കിപ്പുറം ആ പ്രതാപങ്ങളുടെയെല്ലാം നിഴൽ മാത്രമാണ് ഇന്ന് കോൺഗ്രസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കോൺഗ്രസിനെ നയിച്ച നെഹ്റുവിന്റെ പിന്മുറക്കാർക്കൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധമുള്ള രാഷട്രീയ പ്രതിസന്ധിയിലാണ് ഇന്ന് രാഹുൽ ഗാന്ധി.
നിരന്തരമായുള്ള തിരഞ്ഞെടുപ്പ് തോൽവികളിൽ പ്രവർത്തകർ മടുത്തിരിക്കുന്നു. വിഷയങ്ങളിൽ നിലപാട് കണ്ടെത്താൻ കോൺഗ്രസിന് ഏറെ സമയം ആലോചിക്കേണ്ടി വരുന്നു. എന്തിന്, ഭരണപക്ഷത്തിനെതിരായ വിമർശനങ്ങൾ പോലും ഇന്നവരെ തിരിച്ചടിക്കുന്നു. സാങ്കേതികവിദ്യയും പി.ആറിലും രാഷ്ട്രീയം വളരുമ്പോൾ ബിജെപിക്കൊപ്പം എത്താൻ ഇന്നത്തെ കോൺഗ്രസ് വാർ റൂമുകൾക്കാകുന്നില്ല. അത്രമേൽ കലങ്ങിമറിഞ്ഞൊരു രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ന് ആ പാർട്ടിയെ രാഹുൽ നയിക്കുന്നത്. നരേന്ദ്ര മോദിയോളം വ്യക്തിപ്രഭാവമുള്ള നേതാവല്ല രാഹുൽ. കോൺഗ്രസിലെ തന്നെ ഡി.കെ ശിവകുമാറിനോളമോ രേവന്ത് റെഡ്ഡിയെപ്പോലെയോ വൻ ജനാവലിയെ ആകർഷിക്കാനാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. എന്നിരുന്നാലും, ഇവരിലാരെക്കാളും തന്റെ പ്രസംഗങ്ങളിൽ ജനാധിപത്യ മതേതര മൂല്യങ്ങളെക്കുറിച്ച് രാഹുൽ ഉറച്ച് സംസാരിക്കുന്നുവെന്നതാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
അപ്രതീക്ഷിതമായി രാഷട്രീയത്തിലേക്ക്
ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും മരണങ്ങൾ വരുത്തിവച്ച സുരക്ഷാപ്രശ്നങ്ങൾക്കിടയിലായിരുന്നു രാഹുൽ ഗാന്ധിയുടേയും സഹോദരി പ്രിയങ്കയുടേയും വിദ്യാഭ്യാസം. മറ്റുള്ള കുട്ടികൾക്ക് അക്കാലത്ത് ലഭിച്ചിരുന്ന സ്വാതന്ത്ര്യവും സമൂഹവുമായുള്ള സമ്പർക്കവും പലപ്പോഴും ഇരുവർക്കും നിഷേധിക്കപ്പെട്ടു. ഡൽഹിയിൽ ജനിച്ച രാഹുൽ തലസ്ഥാനത്തും ദെഹ്റാദൂണിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടുന്നുണ്ടെങ്കിലും പിന്നീട് പഠനം വീട്ടിലേക്ക് മാറ്റുന്നു. സമാനമായിരുന്നു രാഹുലിന്റെ ഉന്നതവിദ്യാഭ്യാസ കാലഘട്ടവും. ഇന്ത്യയിൽനിന്നും വിദേശ സർവകലാശാലകളിൽ നിന്നുമായി പഠനം പൂർത്തിയാക്കിയ രാഹുൽ ലണ്ടനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നതായാണ് അദ്ദേഹത്തിന്റെ വെബ്സെെറ്റിൽ പറയുന്നത്. പിന്നീട്, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം മുംബെെയിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു. 2000-ത്തിന് മുമ്പുവരെ ഇന്ത്യൻ രാഷട്രീയ ചിത്രത്തിലെ പ്രധാനിയല്ലായിരുന്നു രാഹുൽ. ഉത്തരേന്ത്യൻ മണ്ണിൽ മുത്തശ്ശിയ്ക്കും അച്ഛനും പിന്നാലെ പ്രിയങ്ക ചുവടുറപ്പിച്ചേക്കുമെന്ന് കരുതിയിരുന്ന ജനങ്ങൾക്ക് മുന്നിലേക്കാണ് 2004-ൽ 34 കാരനായ രാഹുൽ രംഗപ്രവേശം ചെയ്യുന്നത്.
പിതാവ് രാജീവും റായ്ബറേലിയിലേക്ക് ചുവടുമാറ്റുന്നത് വരെ അമ്മ സോണിയ പ്രതിനിധാനം ചെയ്ത അമേഠിയിലായിരുന്നു രാഹുലിന്റെ കന്നിയങ്കം. 146 സീറ്റുകളിൽ വിജയം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയ തിരഞ്ഞെടുപ്പിൽ രാഹുൽ ഒരു ലക്ഷം വോട്ടിലധികം ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി. വാജ്പേയി സർക്കാർ തുടർന്നേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു 2004-ലെ തിരഞ്ഞെടുപ്പ്. ഇഞ്ചോടിഞ്ച് പോരാട്ടം അന്ന് ഇരുപാർട്ടികളുടെ ഭാഗത്ത് നിന്നുമുണ്ടായി. ഒടുക്കം, 146 സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദ്യ മൻമോഹൻ സിങ് സർക്കാർ രൂപംകൊണ്ടു. കേന്ദ്രത്തിൽ ഭരണം ഉറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചെങ്കിലും ഉത്തർ പ്രദേശിൽ നിന്നും 12 ശതമാനം വോട്ടുറപ്പിക്കാൻ മാത്രമേ അന്ന് സോണിയയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിന് സാധിച്ചുള്ളൂ. 80 ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനത്ത് വെറും പത്ത് സീറ്റുകളിലേക്ക് കോൺഗ്രസ് ചുരുങ്ങി. വൻഭൂരിപക്ഷത്തോടെ അന്ന് പാർലമെന്റിലേക്കെത്തിയെങ്കിലും ഔദ്യോഗിക അധികാരപദവികളിൽനിന്നും സോണിയയും രാഹുലും വിട്ടുനിന്നു.

2007-ൽ കോൺഗ്രസിന്റെ യുവജനസംഘടനകളുടെ നേതൃസ്ഥാനത്തേക്കെത്തിയ രാഹുൽ പാർട്ടിയുടെ യുവമുഖമായി മാറി. അതിന് മുമ്പ് നടന്ന പല നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ പ്രമുഖ മുഖമായി രാഹുൽ നിലനിന്നുരുന്നുവെങ്കിലും 2007-ഓടെ അദ്ദേഹത്തിന്റെ പ്രതിച്ഛായ തന്നെ മാറിയിരുന്നു. തന്റെ നേതൃപാടവം വ്യക്തമാക്കുന്ന പ്രവർത്തനമായിരുന്നു അക്കാലങ്ങളിൽ അദ്ദേഹത്തിന്റേത്. യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനാശേഷിയിൽ വലിയ വർധനവുണ്ടായി. യുവവോട്ടർമാരെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിലും രാഹുൽ വലിയ പങ്കുവഹിച്ചു.
2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലങ്ങളിൽ പാർട്ടിയുടെ മുഖമായി രാഹുൽ വളർന്നിരുന്നു. യു.പി.എ. സർക്കാറിന്റെ അധികാരത്തുടർച്ച ഉറപ്പാക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. വിവിധ സംസ്ഥാനങ്ങളിലെ റാലികളേയും പൊതുയോഗങ്ങളേയും രാഹുൽ അഭിസംബോധന ചെയ്തു. വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീശാക്തീകരണത്തെക്കുറിച്ചും അക്കാലങ്ങളിൽ രാഹുൽ പക്വതയോടെ സംസാരിച്ചു. 206 സീറ്റുകൾ സ്വന്തമാക്കിയ കോൺഗ്രസ് അധികാരത്തുടർച്ച ഉറപ്പുവരുത്തി. രണ്ടാം വരവിൽ തന്റെ ഭൂരിപക്ഷം ഇരട്ടിയിലധികം വർധിപ്പിച്ച രാഹുൽ 2004-ൽ കോൺഗ്രസ് കെെവിട്ട ഉത്തർപ്രദേശിൽ നിന്നും 21 സീറ്റുകൾ കൂടെ സ്വന്തമാക്കിയത് അദ്ദേഹത്തിന്റെ നേതൃസ്ഥാനം അരക്കിട്ടുറപ്പിച്ചു.
ഇടർച്ചയുടെ ദശാബ്ദം
അന്നോളം കോൺഗ്രസിന് ജനങ്ങൾക്കിടയിലുണ്ടായിരുന്ന എല്ലാ പ്രിവിലേജുകളേയും ചോദ്യം ചെയ്യുന്നതായിരുന്നു 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പ്. നിരവധി അഴിമതി ആരോപണങ്ങൾക്ക് മറുപടി പറയേണ്ട നിലയിലായിരുന്നു അക്കാലത്ത് യു.പി.എ. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടന്ന അഴിമതിവിരുദ്ധ മുദ്രാവാക്യങ്ങളും പൊതുതിരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചു. അരുൺ ജെയ്റ്റ്ലിയും സുഷമാ സ്വരാജും അടക്കമുള്ളവർ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചു. രാജ്യത്തെ മധ്യവർഗത്തിനിടയിൽ ലോക്പാലുണ്ടാക്കിയ ആഘാതം ചെറുതല്ലെന്ന് കോൺഗ്രസ് തിരിച്ചറിയുന്നത് 2014-ലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ്.
ലോക്പാലും സർക്കാർ നയങ്ങൾക്കുമുപരിയായി മറ്റൊരു പ്രധാന പ്രശ്നം കൂടെ കോൺഗ്രസ് അക്കാലത്ത് നേരിട്ടിരുന്നു. മൻമോഹന് ശേഷം ആര്?. മൊറാർജി ദേശായി മുതൽ വാജ്പേയി വരെയുള്ള കോൺഗ്രസ് ഇതര സർക്കാറുകളുടെ കാലങ്ങളിൽ പാർട്ടിക്ക് കൃത്യമായ നേതൃത്വമുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രിമാരേക്കാളും ഒട്ടും പുറകിലല്ലായിരുന്നു ജനപ്രീതിയുടെ കാര്യത്തിൽ കോൺഗ്രസ് മുഖമായിരുന്നവർക്കോ അല്ലെങ്കിൽ പാർട്ടി അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നവർക്കോ.
എന്നാൽ മോദിയുടെ വരവോടെ ചിത്രം മാറി. മോദിക്ക് തുല്യം ചാർത്താൻ പറ്റുന്നൊരു നേതാവിന്റെ അഭാവം അക്കാലങ്ങളിൽ കോൺഗ്രസിൽ നിഴലിച്ചു. അത്ര ജനസമ്മതനല്ലായിരുന്നു അക്കാലങ്ങളിൽ രാഹുൽ. പക്വതയില്ലാത്ത നേതാവെന്ന കുപ്രചരണവും അദ്ദേഹത്തിനെതിരെ വലിയ തോതിലുണ്ടായിരുന്നു. ഇക്കാലങ്ങളിൽ തന്നെയാണ് അബ് കി ബാർ മോദി സർക്കാർ എന്ന പരസ്യവാചകത്തോടെ അന്നോളം രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രചാരണങ്ങളുമായി ബി.ജെ.പി രംഗത്തെത്തുന്നത്. ഐ.പി.എൽ മത്സരങ്ങൾ മുതൽ സാമൂഹ്യമാധ്യമങ്ങളിൽ വരെ മോദിയുടെ മുഖം ഇടംപിടിച്ചു. മേൽ പറഞ്ഞ പരസ്യത്തിനുമേൽ മറ്റൊരു വാചകം കൂടെ അക്കാലങ്ങളിൽ ഏറെ പ്രസിദ്ധമായിരുന്നു, 'ഗുജറാത്ത് മോഡൽ'.
പിൽക്കാലങ്ങളിൽ അദ്വാനിയും വാജ്പേയിയുമായിരുന്നെങ്കിൽ 2014-ൽ ആ ചുമതല വഹിച്ചത് മോദിയായിരുന്നു. ആത്മാർഥതയും വിശ്വാസ്യതയുമുള്ള നേതാവാണ് മോദിയെന്നുള്ള പ്രതീതി വോട്ടർമാർക്കിടയിൽ സൃഷ്ടിക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. 15 കോടിയിലധികം കന്നി വോട്ടർമാരുണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം യുവവോട്ടർമാരുമായി കൃത്യമായ രീതിയിൽ സംവദിക്കാൻ ശ്രമിച്ചു. നഗരങ്ങളിലെ മധ്യവർഗ വോട്ടർമാരെ ബാധിക്കുന്ന വിഷയങ്ങളിലൂന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണങ്ങൾ കൂടുതലും. രാജ്യം നേരിടുന്ന ഓരോ വിഷയങ്ങളിലും മോദി യു.പി.എ സർക്കാറിനെ കുറ്റപ്പെടുത്തി.
കൃത്യമായ മാർക്കറ്റിങ്ങിന്റെ ഫലം കൂടിയായിരുന്നു ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയം. ടെക്സ്റ്റ് മെസേജുകൾ മുതൽ പത്രമാധ്യമങ്ങളിൽ വരെ നിറഞ്ഞു നിന്ന മോദിയുടെ ശബ്ദസന്ദേശങ്ങൾ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചപ്പോൾ കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. 2009-ലെ 206 സീറ്റുകളിൽ നിന്നും കോൺഗ്രസ് 44-ലേക്ക് കൂപ്പുകുത്തി. 262 സീറ്റുകളുമായി രാജ്യം ഭരിച്ചിരുന്ന സഖ്യം 59-ലേക്ക് തകർന്നടിഞ്ഞു. അതേസമയം, 116-ൽ നിന്നും ബി.ജെ.പി തങ്ങളുടെ സീറ്റുനില 282-ലേക്ക് വർധിപ്പിച്ചു. അമേഠിയിലെ രാഹുലിന്റെ ഭൂരിപക്ഷത്തിലും ഗണ്യമായ കുറവുണ്ടായി. ഇതോടെ, നേതൃസ്ഥാനങ്ങളിൽ നിന്ന് താൻ വിട്ടുനിൽക്കാൻ സന്നദ്ധനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പിയുടെ അധികാരത്തുടർച്ച
നോട്ടുനിരോധനമടക്കം സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിച്ച വിവിധ പ്രശ്നങ്ങൾക്കിടയിലായിരുന്നു 2019-ലെ പൊതുതിരഞ്ഞെടുപ്പ്. കൂടാതെ, ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ വിജയവും കോൺഗ്രസിന് അക്കാലങ്ങളിൽ ആശ്വാസമേകിയിരുന്നു. ഒരിക്കൽക്കൂടി മോദി സർക്കാർ എന്നതായിരുന്നു ബി.ജെ.പി 2019-ൽ ഉയർത്തിക്കാട്ടിയ മുദ്രാവാക്യം. അതേസമയം, ഇനി രാജ്യത്ത് നീതിയുണ്ടാകുമെന്നതായിരുന്നു തിരഞ്ഞെടുപ്പ് കാലത്തെ കോൺഗ്രസ് മുദ്രാവാക്യം. പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്ന രാഹുലിനെയും ആ തിരഞ്ഞെടുപ്പുകാലം കണ്ടു. റാഫേൽ കരാറുൾപ്പെടെയുള്ള വിഷയങ്ങളിൽ കോർപ്പറേറ്റുകൾക്ക് വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ മോദി തഴയുന്നെന്നും രാഹുല്‍ വിമര്‍ശിച്ചു.
എന്നാൽ, ചൂണ്ടിക്കാണിച്ച പല വിഷയങ്ങളും ജനങ്ങളിലേക്കെത്തിച്ച് വോട്ടാക്കി മാറ്റുന്നതിൽ കോൺഗ്രസ് പൂർണമായും പരാജയപ്പെട്ടു. ഭരണം നേടാൻ ആവശ്യമുള്ള സീറ്റ് നിലയിൽ നിന്ന് ഏറെ പിറകിലായിരുന്നു കോൺഗ്രസ്. ഒരു വിധത്തിലും കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വസിക്കാനുതകുന്നതൊന്നും 2019-ലെ തിരഞ്ഞെടുപ്പ് അവർക്ക് നൽകിയില്ല. 44 സീറ്റുകളായിരുന്നു കോൺഗ്രസിന് 2014-ലെങ്കിൽ 2019 എത്തിയതോടെ അത് 52 ആയി വർധിച്ചു. കേരളത്തിൽ നിന്ന് 20-ലെ 19 സീറ്റുകൾ നേടിതിന് ശേഷമാണ് ഇതെന്നും നാം നോക്കിക്കാണേണ്ടതാണ്. അതേസമയം, മറുഭാഗത്ത് നെഹ്റുവും ഇന്ദിരയും മാത്രം സ്വന്തമാക്കിയിട്ടുള്ള 300 എന്ന മാജിക് നമ്പറിലേക്ക് നരേന്ദ്രമോദിയുമെത്തി.


2019ൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലെത്താനാകുമെന്ന് ഒരുപക്ഷേ ബി.ജെ.പി പോലും കരുതിക്കാണില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലവും നോട്ടുനിരോധനം വരുത്തിവച്ച രോഷം നേരിയ തോതിലെങ്കിലും തിരിച്ചടിച്ചേക്കാമെന്ന ചിന്ത ബി.ജെ.പി കാമ്പുകൾക്കുണ്ടായിരുന്നു. എന്നാൽ, അവരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സ്വന്തമാക്കി. പ്രമുഖരുടെ കോട്ടകളെല്ലാം 2019-ലെ മോദി തരംഗത്തിൽ തകർന്നു. പതിറ്റാണ്ടുകളോളം കോണ്‍ഗ്രസിനൊപ്പംനിന്ന അമേഠി രാഹുലിനെ കെെവിട്ടു.
വയനാട്ടിൽ മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനം കേരള രാഷട്രീയത്തിൽ കോൺഗ്രസിന് വലിയ ഉണർവ് പകർന്നെങ്കിലും ദേശീയ തലത്തിൽ അത് തിരിച്ചടിച്ചു. അമേഠി തന്നെ കെെവിടുമെന്ന ഉറപ്പിന് പിന്നാലെയാണ് രാഹുലിന്റെ തീരുമാനമെന്ന് ബി.ജെ.പി ആരോപിച്ചു. എതിർ സ്ഥാനാർഥി സ്മൃതി ഇറാനി പറ്റുന്നിടത്തെല്ലാം രാഹുലിനെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. വെല്ലുവിളികളിൽ മാത്രമല്ല, ജനങ്ങളെ ബോധ്യപ്പെടുത്താനാകുന്ന ഒരു ഉത്തരവും അന്ന് രാഹുലിനോ കോൺഗ്രസിനോ ഉണ്ടായിരുന്നില്ല. 64 ശതമാനത്തിലധികം വോട്ട് നേടി നാലു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ രാഹുൽ അന്ന് വയനാട്ടിൽ നിന്നും വിജച്ചെങ്കിലും അമേഠിയിലെ തോൽവി പാർട്ടിക്കുണ്ടാക്കിയ ആഘാതം ചെറുതല്ല. പിന്നാലെ, അധ്യക്ഷസ്ഥാനത്ത് നിന്നുമിറങ്ങാൻ രാഹുൽ തീരുമാനിച്ചു. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ മുന്നിൽ നിന്നും നയിക്കണമെന്ന ആവശ്യം മുതിർന്ന നേതാക്കളിൽ നിന്നടക്കമുണ്ടായെങ്കിലും രാഹുൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി.

നേതൃസ്ഥാനം ഏറ്റെടുത്ത കാലം മുതൽ രാഹുലിനെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വിശ്വാസത്തിലെടുത്തിരുന്നെങ്കിൽ അന്ന് ഇതാകുമായിരുന്നില്ല ആ പാർട്ടിയുടെ വിധി. തുടക്കക്കാലം മുതലുണ്ടായിരുന്നു രാഹുലുമായുള്ള മുതിർന്ന നേതാക്കളുടെ അസ്വാരസ്യങ്ങൾ. അവർ രാഹുലിനെ തഴഞ്ഞ് സോണിയയുടെ അടുപ്പക്കാരായി തന്നെ തുടർന്നു. മുന്നോട്ടുള്ള യാത്രയിൽ വിഷയം രൂക്ഷമായി. മുതിർന്ന നേതാക്കളെ തഴഞ്ഞ് യുവാക്കളെ പാർട്ടിയിൽ വാഴിക്കാനുള്ള രാഹുലിന്റെ നീക്കവും പാളി.
സ്വന്തം സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് പരസ്യമായി കീറിക്കളഞ്ഞതുമുതൽ ഹിമന്ത ബിശ്വ ശർമയുടെ നായവിവാദം വരെ രാഹുലിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്യുന്നതായിരുന്നു. കേസുകളിൽ അകപ്പെടുന്ന ജനപ്രതിനിധികൾക്ക് കോടതിവിധിക്കെതിരെ അപ്പീൽ നൽകിയാൽ വോട്ടവകാശവും ശമ്പളവുമില്ലാതെ സഭാംഗമായി തുടരാൻ അനുവദിക്കുന്നതായിരുന്നു മൻമോഹൻ സിങ് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ്. ഓർഡിനൻസിനായുള്ള നീക്കത്തെ തികഞ്ഞ അസംബന്ധമെന്ന് വിശേഷിപ്പിക്കാൻ രാഹുൽ ഒരു മടിയും കാണിച്ചില്ല. പിൽക്കാലത്ത് അത് രാഹുലിനെ തന്നെ തിരിഞ്ഞുകൊത്തിയെന്നത് മറ്റൊരു വസ്തുത.
സമാനമായിരുന്നു ഇപ്പോഴത്തെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ രാഹുൽ അപമാനിച്ചുവെന്ന ആരോപണം. 2016-ലാണ് സംഭവം. സുപ്രധാനമായ പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്യാൻ രാഹുലിന്റെ വസതിയിലെത്തിയ ശർമയെ ശ്രദ്ധിക്കാതെ രാഹുൽ നായയ്ക്ക് ബിസ്‌ക്കറ്റ് കൊടുക്കുന്ന തിരക്കിലായിരുന്നുവെന്നാണ് പിന്നീട് ഹിമന്ത ബിശ്വ ശർമ പറഞ്ഞിട്ടുള്ളത്. ഇന്ന് ശർമ അസം മുഖ്യമന്ത്രിയാണ്. ഒരു പക്ഷേ, രണ്ടാമതൊരു ജോഡോ യാത്രയുമായി രാഹുൽ പുറപ്പെട്ടപ്പോൾ ഇത്രയേറെ അദ്ദേഹം ആക്രമിക്കപ്പെട്ട മറ്റൊരു സ്ഥലം ഉണ്ടായിട്ടില്ല.
ഇക്കാലങ്ങളിലെല്ലാം ഓരോരുത്തരായി കോൺഗ്രസിൽ നിന്നും മറ്റ് പല പാർട്ടികളിലേക്കും ചേക്കാറാൻ ആരംഭിച്ചിരുന്നു. എന്തിന്, സോണിയയുടെ വിശ്വസ്തരായ ഗുലാം നബി ആസാദും കപിൽ സിബലും വരെ പാർട്ടി വിട്ടുപോയി. യുവാക്കളിൽ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാൻ ശ്രമിച്ച രാഹുലിനെ പക്ഷേ സംസ്ഥാനങ്ങളിൽ ജനകീയരായുള്ള നേതാക്കളെ വളർത്തിയെടുക്കാൻ സാധിച്ചില്ല. വൈകാതെ, രാഹുൽ ബ്രിഗേഡിലുണ്ടായിരുന്ന പലരും പാർട്ടി വിട്ടു. സച്ചിൻ പൈലറ്റോ ഗൗരവ് ഗൊഗോയിയോ ഒഴികെയുള്ള പ്രമുഖരിൽ പലരും ഇന്ന് എതിർ ചേരിയിലാണ്.
ഒന്നാം ജോഡോ യാത്രയിൽ മാറിയ പ്രതിച്ഛായ, ന്യായ യാത്രയിലോ ?
അന്നോളം അവർ കണ്ട നേതാവല്ലായിരുന്നു കോൺഗ്രസ് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഒന്നാം ജോഡോ യാത്രയിലെ രാഹുൽ. 135 ദിവസം, കന്യാകുമാരി മുതൽ കശ്മീർ വരെ നാലായിരത്തിലധികം കിലോമീറ്റർ ദൂരം പിന്നിട്ട് രാഹുൽ സ്വതന്ത്ര ഇന്ത്യയിൽ പുതിയ അധ്യായത്തിന് ആരംഭം കുറിച്ചു. അദ്ദേഹം കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. രാഹുലിനെ കേൾക്കാൻ സ്ത്രീകളും യുവാക്കളുമടക്കം ആയിരക്കണക്കിനാളുകൾ കാത്തുനിന്നു. കനത്ത മഞ്ഞുവീഴ്ചയേയും അവഗണിച്ച് കശ്മീരിലെ മെെനസ് താപനിലയിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ സ്വതന്ത്രവും മതേതരവുമായ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്ന രാഹുലിന്റെ ചിത്രം പിറ്റേ ദിവസത്തെ പത്രങ്ങളിലെ ഒന്നാം പേജുകളിൽ ഇടംപിടിച്ചു.

കൃത്യമായ ആശയങ്ങളിലൂന്നിക്കൊണ്ടായിരുന്നു ഒന്നാം ഭാരത് ജോഡോ യാത്രയിലെ രാഹുലിന്റെ പ്രസംഗങ്ങൾ. അയാൾ രാജ്യത്തിന്റെ മതേതര-സ്വതന്ത്ര മൂല്യങ്ങളെക്കുറിച്ച് സംസാരിച്ചു. വെെവിധ്യങ്ങളിൽ നിലനിൽക്കുന്ന ഇന്ത്യയുടെ ആത്മാവിനെക്കുറിച്ച് വാചാലനായി. തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളിൽ തകർന്നിരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ജോഡോ യാത്ര നൽകിയ ഊർജം ചില്ലറയല്ല. പാർട്ടി ജനങ്ങളിൽ നിന്നും അകന്നുവെന്ന തോന്നൽ സ്വാഭാവികമായുമുണ്ടായിരുന്നു കോൺഗ്രസ് പ്രവർത്തകർക്ക്. 2014-ലും 2019-ലും ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ തകർന്നടിഞ്ഞതാണ്. പല തിരഞ്ഞെടുപ്പ് ഫലങ്ങളുടേയും ദിവസങ്ങളിൽ ആളൊഴിഞ്ഞ പാർട്ടി ആസ്ഥാനത്തിന്റെ ചിത്രങ്ങളും നാം കണ്ടതാണ്. എന്നാൽ, വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയായി പാർട്ടിയുടെ അടിത്തറ വീണ്ടെടുക്കുന്നതിനായി രാഹുൽ മുന്നിട്ടിറങ്ങിയത് പ്രവർത്തകരെ ആവേശംകൊള്ളിച്ചു. തൊട്ടുപിന്നാലെയായിരുന്നു കർണാടക തിരഞ്ഞെടുപ്പ് ഫലം. ജോഡോ യാത്രയ്ക്ക് പിന്നാലെ വന്ന ഫലം കോൺഗ്രസിന് വലിയ വിജയം സമ്മാനിച്ചിടത്ത് പാർട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്ന് അവർ പ്രതീക്ഷിച്ചു.
എന്നാൽ, അധികകാലം നീണ്ടുനിന്നില്ല ആഹ്ലാദങ്ങളൊന്നും. മാസങ്ങൾക്കപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫെെനലെന്ന് വിശേഷിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ദയനീയമായ പരാജയം ഏറ്റുവാങ്ങി. ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി തങ്ങളുടെ സർവാധിപത്യം സ്ഥാപിച്ചിടത്ത് കോൺഗ്രസിന് ആശ്വാസമേകിയത് തെലങ്കാന മാത്രമായിരുന്നു. ഒന്നിച്ച് നിന്നാലും ലക്ഷ്യം ഏറെ അകലെയെന്ന സാഹചര്യത്തിലും നിരവധി ഉൾപാർട്ടി കലഹങ്ങൾക്ക് പാർട്ടി സാക്ഷ്യം വഹിച്ചു. ഇതോടെ, രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഢും കോൺഗ്രസിനെ കെെവിട്ടു.
രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ രാഹുൽ മറ്റൊരു യാത്രയിലാണ്. ഭാരത് ജോഡോ ന്യായ് യാത്ര. എന്നാൽ ഒന്നാം ജോഡോയിൽ രാഹുൽ മുന്നിൽ നിന്ന് നയിച്ചോളുമെന്ന് വിശ്വസിച്ച പലരും ഇന്ന് കോൺഗ്രസിനൊപ്പമില്ല. ഇന്ത്യാ സഖ്യത്തിനുള്ളിൽ ഭിന്നത രൂക്ഷമാണ്. വോട്ടുറപ്പിക്കാവുന്ന തരത്തിലുള്ള പ്രസംഗങ്ങളോ നിലപാടുകളോ യാത്രയിൽ ഒരിടത്ത് പോലും രാഹുൽ പറഞ്ഞില്ല. അസമിൽ അദ്ദേഹത്തിന് നേരെ കടുത്ത ആക്രമണങ്ങളുണ്ടായി. ജനാധിപത്യ ഇന്ത്യയിലെ പ്രതിപക്ഷനിരയിലെ പ്രമുഖന് നേരെ ഈ വിധത്തിലുള്ള ആക്രമണങ്ങളുണ്ടായിട്ടുപോലും അത് ജനങ്ങളെ ബോധിപ്പിക്കാൻ ഇന്നീ പാർട്ടിക്ക് സാധിക്കുന്നില്ല. കൂടാതെ, മമതയുടെ ബംഗാളിൽ യാത്രയ്ക്കുനേരെയുണ്ടായ ആക്രമണങ്ങളും തിരസ്കരിക്കപ്പെട്ട സൗകര്യങ്ങളും ഏത് രാഷ്ട്രീയത്തിന്റെ വേലിയിൽ കെട്ടുമെന്ന മറുചോദ്യത്തിന് ഒരിക്കലും കോൺഗ്രസിന് ഉത്തരമുണ്ടാവുകയുമില്ല.
2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ശതമാനമായിരുന്നു കോൺഗ്രസിന്റെ വോട്ടുവിഹിതം. എന്നാൽ, പഴയതും പുതിയതുമായ കണക്കുകളേക്കാളേറെ കോൺഗ്രസിനെ ഭയപ്പെടുത്തുന്നത് പ്രതിപക്ഷ ഐക്യത്തിൽ നിർണായക പങ്ക് വഹിക്കാൻ അവർക്ക് സാധിക്കുന്നില്ല എന്നതാണ്. രാഷ്ട്രീയ നീക്കങ്ങൾ സൃഷ്ടിക്കുന്നതിലോ ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന തന്ത്രങ്ങൾ മെനയാനോ കഴിയുന്ന പ്രതിപക്ഷ നേതൃമുഖമായി രാഹുലിനെ ആരും ഗൗനിക്കുന്നിലെന്നതും ഗൗരവകരമാണ്.
നിതീഷ് ഇന്ന് മറുചേരിയിലാണ്. മമതയും കെജ്രിവാളും രണ്ട് വഴിയ്ക്കും. ഹിന്ദി ഹൃദയഭൂമിയിൽ നിന്നും പൂർണമായും തൂത്തെറിയപ്പെട്ട നിലയിലുള്ള കോൺഗ്രസിന് ഇത്തരമൊരു ചെറിയ കാലയളവിനുള്ളിലൊരു തിരിച്ചുവരവ് ഇനി ഏറെക്കുറെ അസാധ്യമാണ്. അയോധ്യയിൽ നിന്നും വില്ലുകുലച്ച് മോദി തന്റെ പ്രചാരണം ആരംഭിച്ചുവെന്നതും ഈ അവസരത്തിൽ നാം ഓർക്കണം.
പൊതുതിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂലും ആം ആദ്മിയും ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. തൃണമൂലിനൊപ്പം മത്സരിക്കാനില്ലെന്ന് സഖ്യത്തിലെ സി.പി.എമ്മും വ്യക്തമാക്കിയിരുന്നു. സീറ്റുകൾ പങ്കുവെക്കാനുള്ള തന്റെ നിർദേശം കോൺഗ്രസ് അംഗീകരിച്ചില്ലെന്നതാണ് മമതയുടെ പരാതി. സഖ്യം രൂപീകരിച്ച കാലം മുതലുള്ളതാണ് എഎപി-കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ. മമതയോട് സീറ്റിനായി യാചിക്കാനാവില്ലെന്ന വിഷയത്തിൽ അധീർ രഞ്ജൻ ചൗധരിയുടെ പ്രതികരണം കൂടെ എത്തിയതോടെ വിഷയം രൂക്ഷമായി. സീറ്റുകൾക്കായി യാചിച്ചില്ലെങ്കിലും അധികാരം കെെയേറാൻ നിർണായകമായ സഖ്യം അഭിപ്രായവ്യത്യാസങ്ങളില്ലാതെ മുന്നോട്ട് നയിക്കേണ്ടത് കോൺഗ്രസാണെന്ന ബോധ്യം നേതൃത്വത്തിനുണ്ടാവേണ്ടതുണ്ട്.
ആം ആദ്മിയും തൃണമൂലും മാത്രമല്ല സമാജ്‍വാദി പാർട്ടിയും ഇടഞ്ഞുതന്നെയാണ്. ഉത്തർപ്രദേശിൽ ബി.ജെ.പി.യെ വീഴ്ത്തണമെങ്കിൽ ബി.എസ്.പി.യെയും ഒപ്പം കൂട്ടണമെന്ന കോൺഗ്രസ് നിലപാടിനോട് നേരത്തെ എസ്.പിയ്ക്ക് താത്പര്യമില്ലായിരുന്നു. ഇപ്പോഴിതാ, ഏകപക്ഷീയമായി ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ട എസ്.പി നയമാണ് സഖ്യത്തിനുള്ളിൽ പുതിയ കല്ലുകടിയ്ക്ക് വഴിവച്ചിരിക്കുന്നത്. 20 സീറ്റുകൾ ആവശ്യപ്പെട്ട കോൺഗ്രസിന് 11 എണ്ണമാണ് എസ്.പി. വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അപകടകരമായ കാര്യമാണ് എസ്.പി. ചെയ്യുന്നതെന്നും ഇതിനോടകം കോൺഗ്രസ് പ്രതികരിച്ചു കഴിഞ്ഞു. എന്നാൽ, സഖ്യം പൊളിയുന്ന സാഹചര്യമുണ്ടായാൽ ആരാണ് അപകടകരമായ നിലയിലേക്ക് കൂപ്പുകുത്തുകയെന്നതും സംസ്ഥാനത്ത് 2.33 ശതമാനം മാത്രം വോട്ടുള്ള കോൺഗ്രസ് ഓർക്കണം.
കൃത്യമായ സീറ്റ് വിഭജനത്തിന് കോൺഗ്രസ് തയ്യാറാകെതെയിരുന്നതാണ് ഇനിയൊരു തിരിച്ചുവരവില്ലെന്ന മട്ടിലൊരു തോൽവിയിലേക്ക് കോൺഗ്രസിനെ നയിച്ചത്. പലയിടങ്ങളിലും തങ്ങൾക്കുള്ളിലെ സ്ഥാനാർഥികളെ തന്നെയാണ് കോൺഗ്രസ് നേരിട്ടത്. അതേ പാതയിൽ തന്നെയാണോ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് എന്നത് പ്രസക്തമായ ചോദ്യമാണ്.
കോൺഗ്രസ് മുക്ത ഭാരതമെന്നത് 2014-ന് മുമ്പേ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യങ്ങളിലൊന്നാണ്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളും പരിശോധിക്കുമ്പോൾ ബി.ജെ.പിയുടെ വോട്ടുവിഹിതത്തിലുണ്ടായിരിക്കുന്ന വളർച്ച പത്ത് ശതമാനത്തിലുമധികമാണ്. കോൺഗ്രസിന്റേതാകട്ടെ പത്ത് ശതമാനത്തോളം തന്നെ കുറവും. 2024-നെ അഭിമുഖീകരിക്കുമ്പോൾ രണ്ട് പ്രധാന പ്രശ്നങ്ങൾ രാഹുലിന്റെ മുന്നിലുണ്ട്. ഒന്ന്, കഴിഞ്ഞ കാലങ്ങളിൽ ടെന്റിലായിരുന്ന രാംലല്ലയെ തന്റെ സർക്കാർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചുവെന്ന അവകാശവാദം ഇതിനോടകം മോദി ഉന്നയിച്ചുകഴിഞ്ഞു. കോൺഗ്രസ് നേതാക്കളാകട്ടെ നീണ്ട ആലോചനകൾക്കും പുനർവിചിന്തനങ്ങൾക്കും ശേഷം ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തി. ഇത്തരമൊരു തീരുമാനത്തോട് ഉത്തരേന്ത്യ ഏത് രീതിയിൽ പ്രതികരിക്കുമെന്ന് കണ്ടറിയണം. രണ്ടാമതായി, ഇന്ത്യാ സഖ്യത്തിനുള്ളിലെ ആഭ്യന്തര കലഹമാണ്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. ലക്ഷ്യം ഒന്നാണെന്ന് പറയുമ്പോഴും പ്രതിപക്ഷത്തുള്ളവർ സങ്കുചിതകക്ഷിതാത്‌പര്യം മുറുകെപ്പിടിക്കുമ്പോൾ ജനങ്ങൾക്കിടയിലുയരുന്ന ചോദ്യങ്ങൾക്ക് ഇന്ന് കോൺഗ്രസിനും രാഹുലിനും ഉത്തരമില്ല.
Content Highlights: Congress Leader Rahul Gandhi and Elections
Published: 19 Feb 2024, 01:50 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented