രിങ്ങാലക്കുടക്കാരന്‍ ഇന്നസെന്റ് ചാലക്കുടിയില്‍ ബംബറടിച്ച്, ഹിന്ദിയുമായി ഡല്‍ഹിയിലേയ്ക്ക് വിമാനം കയറുമ്പോള്‍ ഹിന്ദി ഹൃദയഭൂമിയില്‍നിന്ന് മറ്റൊരാള്‍ കൂടി യാത്ര പുറപ്പെട്ടിരുന്നു ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്. ഇന്നസെന്റിന്റെ മാന്നാര്‍ മത്തായിയെ ബാബു ഭയ്യയാക്കി ബോളിവുഡിനെ ചിരിപ്പിച്ചുകൊന്നൊരു ഗുജറാത്തി. പരേഷ് റാവല്‍. നരേന്ദ്ര മോദി നേരിട്ട് ആവശ്യപ്പെട്ട് ലോക്‌സഭയിലേയ്ക്ക് മത്സരരംഗത്തിറങ്ങിയ റാവല്‍ അഹമ്മദാബാദ് ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് മൂന്നേകാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് താമര ചിഹ്‌നത്തില്‍ ജയിച്ചു ഡല്‍ഹിയിലെത്തിയത്. സിറ്റിങ് എം.പി.യും കേന്ദ്രമന്ത്രിയുമായിരുന്ന ഹരിണ്‍ പഥക്ക് കണ്ടുവച്ച സീറ്റില്‍ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത റാവലിന്റെ കന്നിപ്പോരാട്ടത്തിനുള്ള വരവ്.

To advertise here,

വെള്ളിത്തിരയില്‍ കൈയടി വേണ്ടുവോളം നേടിയവരെങ്കിലും പാര്‍ലമെന്റിന്റെ അകത്തും പുറത്തും കൈ കൊടുക്കേണ്ടതായിരുന്നില്ല ഇരുവരുടെയും പ്രകടനം. സിനിമയ്ക്കും പൊതുപ്രവര്‍ത്തനത്തിനുമിടയില്‍ വീര്‍പ്പുമുട്ടി രണ്ടാമൂഴത്തിന് താത്പര്യമില്ലെന്ന് രണ്ടുപേരും തുറന്നു പറയുകയും ചെയ്തു. അപകടം മണത്ത് ബി.ജെ.പി 2019-ല്‍ റാവലിനെ മാറ്റി. 4.34 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് സീറ്റ് നിലനിര്‍ത്തി. പക്ഷേ, ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം അരമനസായിട്ടും ഇന്നസെന്റിനെ നിര്‍ബന്ധിച്ച് ഒരു രണ്ടാമൂഴത്തിന് തട്ടില്‍ക്കയറ്റുകയായിരുന്നു സി.പി.എം. ചാക്കോയ്ക്ക് പകരം വന്ന ബെന്നി ബെഹന്നാനോട് ഒന്നകാല്‍ ലക്ഷത്തിലേറെ വോട്ടിന് തോറ്റ് പൊതുപ്രവര്‍ത്തനത്തിന് തിരശ്ശീല വീഴുകയും ചെയ്തു.

രണ്ടു ഭാഷകളിലായി അര ഡസനോളം സമാനവേഷങ്ങള്‍ ചെയ്ത റാവലിനും ഇന്നസെന്റിനും കൂട്ടായി ഒരു വമ്പന്‍താരനിര തന്നെയുണ്ടായിരുന്നു അന്ന് ലോക്‌സഭയില്‍. ആദ്യകാല സൂപ്പര്‍നായകരായ വിനോദ്‌ ഖന്ന, ശത്രുഘ്‌നന്‍ സിന്‍ഹ, ബോളിവുഡിന്റെ ഡ്രീം ഗേള്‍ ഹേമമാലിനി, സണ്ണി ഡിയോള്‍, കിരണ്‍ ഖേര്‍, പഴയകാല ഗ്ലാമര്‍ താരം മൂണ്‍മൂണ്‍ സെന്‍, ടോളിവുഡിന്റെ സൂപ്പര്‍താരങ്ങളായ ദേവ് എന്ന ദീപക് അധികാരി, ശതാബ്ദി റോയ്, തപസ് പോള്‍, മനോജ് തിവാരി... ദിവ്യ സ്പന്ദനയെന്ന രമ്യയും ജയപ്രദയും ഗുല്‍ പനങ്ങും പ്രകാശ് ഝായും വിജയശാന്തിയുമൊന്നും തോറ്റില്ലായിരുന്നെങ്കില്‍ ഡസന്‍ കടക്കുമായിരുന്നു ജനപ്രതിനിധിസഭയിലെ താരസാന്നിധ്യം. ഇത്രയും താരങ്ങള്‍ ഒന്നിച്ച് ഇതിന് മുന്‍പ് പാര്‍ലമെന്റിലെത്തിയിട്ടുണ്ടോ? സംശയമാണ്. സിനിമയും രാഷ്ട്രീയവും വേര്‍തിരിച്ചറിയാനാവാത്തവണ്ണം ഉള്‍ച്ചേര്‍ന്നുകഴിഞ്ഞതിന് മറ്റെന്ത് ദൃഷ്ടാന്തം വേണം.

placeholder
 എം.ജി.ആറും കരുണാനിധിയും

തമിഴകം പോലെ മറ്റൊരു നാടും മറ്റൊരു ഭാഷയും ഇത്ര വിദഗ്ദ്ധമായി സിനിമയെയും രാഷ്ട്രീയത്തെയും സമഞ്ജസമായി വിളക്കിച്ചേര്‍ത്തിട്ടില്ല. സിനിമയെ മാറ്റിനിര്‍ത്തി ഒരു ചരിത്രം തമിഴ് രാഷ്ട്രീയത്തിന് ഇല്ലതന്നെ. സി.എന്‍. അണ്ണാദുരൈ മുതല്‍ ഉദയനിധി സ്റ്റാലിന്‍ വരെ നീളുന്നു, പരസ്പരം ഇഴചേര്‍ന്ന ആ പരമ്പര. അറുപത്തിയൊന്‍പത് മുതല്‍ ഇന്നുവരെ സിനിമയുടെ മുന്നണിയിലോ പിന്നണിയിലോ ഇല്ലാത്ത നാലേ നാലു പേരെ മുഖ്യമന്ത്രിപദം അലങ്കരിച്ചിട്ടുള്ളൂ. വി.ആര്‍. നടുഞ്ചേഴിയനും ഒ. പനീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും ഇപ്പോൾ സ്റ്റാലിനും. ദീർഘനാൾ അധികാരം കൈയാളിയ മറ്റ് മുഖ്യമന്ത്രിമാരെല്ലാം വെള്ളിത്തിരയിൽ നിന്നുള്ളവർ. തമിഴ് വികാരത്തിന് തൂലികകൊണ്ട് തീപടര്‍ത്തിയവരായിരുന്നു അണ്ണാദുരൈയും കരുണാനിധിയും. തമിഴകം കണ്ട ഏറ്റവും വലിയ സ്ക്രീൻ ജോഡികളായിരുന്നു എം.ജി.ആറും ജയലളിതയും. ഭാര്യ ജാനകി രാമചന്ദ്രനും ഏതാനും ചിത്രങ്ങളിൽ എം.ജി.ആറിനൊപ്പം വേഷമിട്ട ചരിത്രമുണ്ട്.

ഏഴൈതോഴനും ഉലകം ചുറ്റും വാലിബനുമായി ജനഹൃദയങ്ങളില്‍ കുടിയേറിയ മരുതൂര്‍ ഗോപാലന്‍ രാമചന്ദ്രന്‍ എന്ന എം.ജി.ആര്‍ അമ്പതുകളുടെ അവസാന മുതല്‍ തന്നെ രാഷ്ട്രീയത്തിലുണ്ട്. തിരക്കഥാകൃത്ത് കൂടിയായ സി.എന്‍. അണ്ണാദുരൈ ദ്രാവിഡ് കഴകത്തിന്റെ തലപ്പത്തെത്തിയ കാലം മുതല്‍ എം.ജി.ആറും മുത്തുവേല്‍ കരുണാനിധിയും നടികര്‍ തിലകം ശിവാജി ശണേശനുമുണ്ടായിരുന്നു നിഴല്‍ പോലെ കൂടെ. എം.ജി.ആര്‍ കോണ്‍ഗ്രസിലൂടെയും കരുണാനിധി ജസ്റ്റിസ് പാര്‍ട്ടിയിലൂടെയുമാണ് ഡി.എം.കെയിലെത്തിയത്. നല്ലതമ്പി, വേലൈക്കാരി തുടങ്ങിയ ചിത്രങ്ങളിലൂടെ അണ്ണാദുരൈയും പരാശക്തിപോലുള്ള ചിത്രങ്ങളിലൂടെ കരുണാനിധിയും ഏഴൈകളുടെ കദനകഥ പറഞ്ഞ് സിനിമയെ സാമൂഹിക നവോത്ഥാനത്തിന്റെ തീപ്പന്തങ്ങളാക്കിയ കാലമായിരുന്നു അത്. ഇവരുടെ ആശയങ്ങള്‍ തിരശ്ശീലയില്‍ ആടി എം.ജി.ആര്‍. ഏഴൈതോഴനുമായി. സിനിമ ജീവവായുവായ ജനത അവയിലൊരു അതിമാനുഷ രക്ഷകനെ കണ്ടെത്തി. സിനിമ അങ്ങനെ മൂവര്‍ക്കും മൂർച്ചയുള്ള രാഷ്ട്രീയസമരായുധവുമായി.

എം.ജി.ആർ. പാവങ്ങളുടെ പടത്തലവനായി വിലസിയ ചിത്രങ്ങളുടെ വാക്കായിരുന്ന കരുണാനിധി അമ്പത്തിയേഴില്‍ തന്നെ നിയമസഭാംഗമായി. അണ്ണാദുരൈയുടെ മരണത്തിനുശേഷം അറുപത്തിയൊന്‍പതില്‍ മുഖ്യമന്ത്രിയുമായി. എം.ജി.ആര്‍ അറുപത്തിരണ്ടില്‍ തന്നെ നിയമസഭാ കൗണ്‍സിലിലും അഞ്ചു വര്‍ഷത്തിനുശേഷം നിയമസഭയിലുമെത്തി.  കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം രൂപവത്കരിച്ച് എഴുപത്തിയേഴില്‍ മുഖ്യമന്ത്രിയുമായി. എഴുപതുകളുടെ അവസാനം ഇറങ്ങിയ നേട്ര് ഇന്‍ട്ര് നാളായ്, ഇദയകനി, ഇന്‍ഡ്രു പോല്‍ എന്‍ട്രും വാഴ് തുടങ്ങിയവയെല്ലാം അക്കാലത്ത് എം.ജി.ആറിന്റെ രാഷ്ട്രീയം ഉറക്കെ പറഞ്ഞ ചിത്രങ്ങളായിരുന്നു. സിനിമാമയമായിരുന്നു എം.ജി.ആറിന്റെ രാഷ്ട്രീയപ്രവര്‍ത്തനം. രോഗശയ്യയിലായിരുന്ന കാലത്ത് ഉറ്റതോഴനുവേണ്ടി തെലുങ്കില്‍ നിന്ന് എന്‍.ടി. രാമറാവു വരെ എത്തിയിരുന്നു എം.ജി.ആറിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്. പിന്‍ഗാമിയായി എം.ജി.ആര്‍. വാഴിച്ചതും സ്‌ക്രീനിലും പുറത്തും തന്റെ ഉറ്റജോഡിയായ ജയലളിതയെ. പുരട്ച്ചി തലൈവിയായി, അഴിമതി ആരോപണത്തില്‍ പോലും അടിപതറാതെ, കരുണാനിധിക്ക് ഒപ്പത്തിനൊപ്പം നിന്നു പോരാടി ജയലളിത മരണം വരെ തമിഴകം അടക്കിവാഴുകയും ചെയ്തു.

അപാരമായ വാക്​ചാതുരിയുള്ള മാറ്റുകൂടിയ നടനായിട്ടും സമകാലികരും സഹപ്രവര്‍ത്തകരുമായ എം.ജി.ആറിനെയും കരുണാനിധിയെയും പോലെ വെള്ളിത്തിരയിലെ വിജയം രാഷ്ട്രീയത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശിവാജി ഗണേശന് കഴിഞ്ഞില്ല. തുടക്കം ഡി.എം.കെയിലായിരുന്നെങ്കിലും പില്‍ക്കാലത്ത് തിരുപ്പതി ക്ഷേത്രദര്‍ശനത്തെ ചൊല്ലി കരുണാനിധിയുമായി തെറ്റിപ്പിരിഞ്ഞ് മറ്റ് വിമതര്‍ക്കൊപ്പം തമിഴ് നാഷണല്‍ പാര്‍ട്ടിയിലേയ്ക്ക് ചേക്കേറുകയായിരുന്നു ശിവാജി. അതുകഴിഞ്ഞ് കാമരാജിന്റെ ക്ഷണപ്രകാരം പാര്‍ട്ടിയോടെ കോണ്‍ഗ്രസില്‍ ലയിച്ചു. എം.ജി.ആറിന്റെ മരണശേഷം കോണ്‍ഗ്രസ് ജയലളിതയുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങിയപ്പോള്‍ എതിര്‍ത്ത ശിവാജി പാര്‍ട്ടി വിട്ട് തമിഴക മുന്നേട്ര മുന്നണി രൂപവത്കരിച്ചു. ഇതിനുവേണ്ടി എന്‍ തമിഴ്, എന്‍ മക്കള്‍ എന്നൊരു ചിത്രം ഒരുക്കുകയും ചെയ്തു. തമിഴ് പുലികള്‍ക്ക് അനുകൂലമായ നിലപാടെടുത്ത പാര്‍ട്ടി, പക്ഷേ, 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ ജാനകി രാമചന്ദ്രന്‍ വിഭാഗത്തെ പിന്തുണച്ച് എട്ടുനിലയില്‍ പൊട്ടി. തിരുവായൂരില്‍ ശിവാജിയും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി. പിന്നീട് വി.പി. സിങ്ങിന്റെ ഭരണകാലത്ത് ജനതാദളില്‍ ചേര്‍ന്നെങ്കിലും അപ്പൊഴേയ്ക്കും രാഷ്ട്രീയം ഏതാണ്ട് അസ്തമയം കണ്ടുതുടങ്ങിയിരുന്നു. വൈകാതെ ഒട്ടും യോജിക്കാത്ത ഈ കുപ്പായം ഊരിവെക്കുകയും ചെയ്തു.

ഈ കാലമായപ്പൊഴേയ്ക്കും കോളിവുഡിന്റെ സ്വാഭാവിക പരിണാമമായി മാറിക്കഴിഞ്ഞിരുന്നു രാഷ്ട്രീയം. മറ്റൊരു അര്‍ഥത്തില്‍ അധികാരത്തിലേയ്ക്കുള്ള കുറുക്കുവഴി വെട്ടലായി മാറിക്കഴിഞ്ഞു, താരങ്ങള്‍ക്ക് സിനിമയെന്ന ഗ്ലാമറുള്ള കല. സ്‌റ്റൈല്‍ മന്നന്‍ രജനി മാത്രമേ അതിനൊരു അപവാദമായുള്ളൂ. ഇന്നോ നാളയോ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുമെന്ന ശ്രുതിയല്ലാതെ അത് ഇതുവരെ യാഥാര്‍ഥ്യമായില്ല. ബി.ജെ.പി. അടക്കമുള്ളവര്‍ വലവിരിച്ചു കാത്തിരുന്നെങ്കിലും ഒന്നിലും രജനി കൊത്തിയതുമില്ല.

എം.ജി.ആറിന്റെ ഏഴൈതോഴന്‍ മാതൃകയില്‍ കരിയര്‍ വാര്‍ത്തെടുത്ത വിജയകാന്തും തുടക്കകാലങ്ങളില്‍ വലിയ രാഷ്ട്രീയം പറയാതിരുന്ന കമല്‍ഹാസനും ശരത്കുമാറും ഇപ്പോള്‍ വിജയുമെല്ലാം സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചു. സാധാരണക്കാരുടെ രക്ഷകപരിവേഷമണിഞ്ഞ വിജയകാന്ത് എം.എല്‍.എ വരെയായി. കമല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ പാര്‍ട്ടി പിരിച്ചുവിട്ടു. ഇനി ഇക്കുറി ലോക്‌സഭയിലേയ്ക്ക് കൈപ്പത്തിയില്‍ അരക്കൈ നോക്കാനുള്ള പുറപ്പാടിലാണ്. നെപ്പോളിയന്‍ ഡി.എം.കെയില്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിവരെയായി. ഡി.എം.കെ ടിക്കറ്റില്‍ എം.പി.യും എം.എല്‍.എയുമായശേഷമാണ് ശരത്കുമാര്‍ സ്വന്തം പാര്‍ട്ടിമായി രംഗത്തുവന്നത്. ഖുശ്ബു ആദ്യം കോണ്‍ഗ്രസിലും ഇപ്പോള്‍ ബി.ജെ.പിയിലും സജീവമാണ്. ആദ്യം എ.ഐ.എ.ഡി.എം.കെയിലും പിന്നീട് സ്വന്തം ഭര്‍ത്താവിന്റെ പാര്‍ട്ടിയായ ഓള്‍ ഇന്ത്യ സമതുവ മക്കള്‍ കച്ചിയിലും സജീവമായിരുന്നു നടി രാധിക. ബി.ജെ.പിയില്‍ നിന്ന് രാജിവച്ച നടി ഗൗതമി ഇയ്യിടെയാണ് എ.ഐ.എ.ഡി.എം.കെയില്‍ ചേര്‍ന്നത്. ഡി.എം.കെ.യുടെ ഭാവി, നടനും നിര്‍മാതാവുമൊക്കെയായ ഉദയനിധിയുടെ കൈയിലാണ്.

placeholder
 എൻ.ടി. രാമറാവു

കൊടുങ്കാറ്റില്‍ പിറന്ന എന്‍.ടി.ആര്‍.

തമിഴകത്തിന്റെ പാതയില്‍ തന്നെയാണെങ്കിലും രാഷ്ട്രീയത്തിലേയ്ക്കുളള തെലുങ്ക് സിനിമയുടെ രംഗപ്രവേശത്തിന് മറ്റൊരു തലമുണ്ട്. 1977-ല്‍ ആന്ധ്രാ തീരത്തെ കശക്കിയെറിഞ്ഞ, പ്രത്യേകിച്ച് ദിവിസീമയെ തകര്‍ത്തുതരിപ്പണമാക്കിയ കൊടുങ്കാറ്റാണ് അതിന് നാന്ദിയായത്. പതിനായിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുകയും അരലക്ഷത്തിലേറെപ്പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയുമെല്ലാം ചെയ്ത കൊടുങ്കാറ്റില്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗരായി, കാഴ്ചക്കാരായി നിന്നപ്പോള്‍ വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തില്‍നിന്ന് നേരെ തെരുവിലേയ്ക്ക് സിനിമാസ്‌റ്റൈലില്‍ തന്നെ ഭിക്ഷാപാത്രവുമായി ഇറങ്ങിച്ചെല്ലുകയായിരുന്നു നന്ദമൂരി താരക രാമറാവു എന്ന എന്‍.ടി.ആര്‍. വീടുവീടാന്തരം കയറിയിറങ്ങി പിരിവെടുത്താണ് അന്ന് ദുരിതാശ്വാസപ്രവര്‍ത്തനത്തിനുള്ള പണം എന്‍.ടി.ആറും സംഘവും കണ്ടെത്തിയത്. ഈ ജനകീയ മുന്നേറ്റമാണ് വൈകാതെ തെലുങ്കുദേശം പാര്‍ട്ടിയുടെ പിറവിക്ക് വഴിവച്ചത്. തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുപ്പത്തിയാറ് വര്‍ഷം നീണ്ട ഭരണത്തിന് അറുതിവരുത്തി  അധികാരത്തിലേറുകയും ചെയ്തു.

കന്നി പോരാട്ടത്തില്‍ തന്നെ ഒരു സംസ്ഥാനത്ത് അധികാരം പിടിച്ചതിന്റെ റെക്കോഡും അങ്ങനെ രാമറാവുവും ടി.ഡി.പിയും സ്വന്തമാക്കി. നീണ്ട മുപ്പത്തിയേഴ് വര്‍ഷം കാത്തിരിക്കേണ്ടിവന്നു ഇതുപോലൊരു അത്ഭുതം വീണ്ടും കാണാന്‍. അരവിന്ദ്  കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും ഞെട്ടിച്ചുകൊണ്ട് ഡല്‍ഹിയില്‍ അധികാരം പിടിക്കുംവരെ. സഹതാപ തരംഗത്തില്‍ മറ്റ് പാര്‍ട്ടികളെല്ലാം നാമാവശേഷമായ 1984-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മുപ്പത് സീറ്റോടെ മുഖ്യപ്രതിപക്ഷ കക്ഷിയുമായത് എൻ.ടി. ആറിന്റെ പുതിയ പാർട്ടിയായ ടി.ഡി.പി.യായിരുന്നു. ഈ റെക്കോഡ് ഇന്നോളം മറ്റൊരു പാർട്ടിക്കും സ്വന്തമാക്കാനായിട്ടില്ല. ഇന്നത്തെ ഭരണകക്ഷിയായ ബി.ജെ.പി വെറും രണ്ട് സീറ്റിൽ ഒതുങ്ങിയപ്പോഴായിരുന്നു ഇത്. സഹതാപതരംഗത്തിൽ രാജ്യത്തെ മറ്റെല്ലാം സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി കോൺഗ്രസ് തൂത്തുവാരിയപ്പോൾ ആന്ധ്രയിലെ ആകെയുള്ള 42 സീറ്റുകളിൽ 31-ഉം സ്വന്തമാക്കിയാണ് തെലുങ്കുദേശം ചരിത്രം കുറിച്ചത്. ഇന്ദിരയുടെയും രാജീവിന്റെയും കോൺഗ്രസിനോട് ഒട്ടും സഹതാപം കാണിക്കാത്ത ഏക സംസ്ഥാനമായിരുന്നു ആന്ധ്ര.

സംഭവബഹുലമായിരുന്നു രാമറാവുവിന്റെ ഭരണകാലം. ഇന്ദിരയ്ക്കും രാജീവിന് പോലും ആന്ധ്ര ഒരു ബാലികേറാമലയായി. സിനിമയില്‍ ചെയ്ത പുരാണവേഷങ്ങളും നന്മനിറഞ്ഞ നായകരും രക്ഷകവേഷങ്ങളും തന്നെയായിരുന്നു രാഷ്ട്രീയത്തിലും എന്‍.ടി.ആറിന്റെ തുറുപ്പുചീട്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് വിമാനത്തില്‍ വരുമ്പോള്‍ ആകാശത്ത് നിന്ന് അനുഗ്രഹം ചൊരിയുന്ന ദൈവങ്ങളെ നോക്കി ചിരിക്കുന്ന രാജീവിനോട്, ഇത് നമ്മളെ അനുഗ്രഹിക്കാന്‍ വന്ന ദൈവങ്ങളല്ല, എന്‍.ടി.ആറിന്റെ കൂറ്റന്‍ കട്ടൗട്ടുകളാണ്, നമ്മള്‍ ആന്ധ്രയിലെത്തി എന്നു കോമണ്‍മാന്‍ പറയുന്ന ആര്‍.കെ. ലക്ഷ്മണിന്റെ വിഖ്യാതമായ ഒരു പോക്കറ്റ് കാര്‍ട്ടൂണുണ്ടായിരുന്നു അക്കാലത്ത്.

എന്‍.ടി.ആറിനുശേഷവും ടോളിവുഡ് രാഷ്ട്രീയത്തിലെ പിടി വിട്ടില്ല. എന്‍.ടി.ആറിന്റെ മകന്‍ നന്ദമൂരി ബാലകൃഷ്ണ എം.എല്‍.എയായിരുന്നു. മകള്‍ പുരുന്ദരേശ്വരി കേന്ദ്രമന്ത്രിയായി. ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തി. ഇതേ പാതയില്‍ ചിരഞ്ജീവി പ്രജാരാജ്യം പാര്‍ട്ടിയും പവന്‍ കല്ലാണ്‍ ജനസേനയും തുടങ്ങി. പില്‍ക്കാലത്ത് എസ്.പി.യിലും ഒടുവില്‍ ബി.ജെ.പിയിലും അഭയം പ്രാപിച്ച ജയപ്രദയയുടെയും ബി.ജെ.പിയുമായി പിരിഞ്ഞ വിജയശാന്തിയുടെയുമെല്ലാം തുടക്കം തെലുങ്കുദേശത്തിന്റെ തട്ടകത്തിലായിരുന്നു.

 സാന്‍ഡല്‍വുഡിന്റെ സമദൂരം

തമിഴിനെയും തെലുങ്കിനെയും അപേക്ഷിച്ച് രാഷ്ട്രീയത്തില്‍ താരതമ്യേന ചെറിയ റോളായിരുന്നു കന്നഡ സിനിമയ്ക്ക്. എം.ജി.ആറിനയും എന്‍.ടി.ആറിനെയും പോലുള്ള ജനപ്രിയ സൂപ്പര്‍താരങ്ങളായിരുന്നിട്ടും രാജ്കുമാറും വിഷ്ണുവര്‍ധനും നസീറിന്റെ നയതന്ത്രമാണ് സ്വീകരിച്ചത്. സ്‌ക്രീനിലെ ജനപ്രീതി ഇരുവരും തങ്ങളുടെ രാഷ്ട്രീയ ലാഭേച്ഛയ്ക്ക് വില്‍പനച്ചരക്കാക്കിയില്ല. സമര്‍ഥമായി എല്ലാ പാര്‍ട്ടികളില്‍ നിന്നും സമദൂരം പാലിച്ചു. കോണ്‍ഗ്രസിനും ജനതാദളിനുമിടയ്ക്ക് ചാഞ്ചാടിക്കളിച്ച അംബരീഷായിരുന്നു കന്നഡ രാഷ്ട്രീയത്തിലെ താരനേതാവ്. മാണ്ഡ്യയ്ക്കപ്പുറം തന്റെ രാഷ്ട്രീയ പ്രഭാമണ്ഡലം വികസിപ്പിക്കാന്‍, പക്ഷേ, അംബരീഷിന് കഴിഞ്ഞില്ല. മരണശേഷം ഭാര്യയും മലയാളത്തിന്റെ പ്രിയതാരവുമായ സുമലത ആ പാരാമ്പര്യം കാത്തുപോരുന്നുണ്ട്. ജെ.എച്ച് പാട്ടില്‍ മന്ത്രിസഭയില്‍ അംഗമായ വിഖ്യാത നടന്‍ അനന്ത്‌നാഗിന് അന്ന് മുഖ്യമന്ത്രിയായിരുന്നു എസ്.എം.കൃഷ്ണയ്‌ക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട ചരിത്രംകൂടിയുണ്ട്. നടി രമ്യയാണ് മത്സരരംഗത്തിറങ്ങിയ മറ്റൊരു താരം. പ്രകാശ്‌രാജിനുമുണ്ട് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റ് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ട ഒരു ചരിത്രം. കുമാര്‍ ബംഗാരപ്പ, ജഗ്ഗേഷ്, മുഖ്യമന്ത്രി ചന്ദ്രു, ഉപേന്ദ്ര തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തില്‍ അരക്കൈ പയറ്റിയവരാണ്. കന്നഡമണ്ണിലെ സിനിമാ-രാഷ്ട്രീയ ബാന്ധവത്തിന് കണ്ണീരിന്റെ നനവ് കൂടിയുണ്ട്. 2004 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചരണത്തിന് പോകുംവഴിയാണ് നടി സൗന്ദര്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടത്.

placeholder
രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും അലഹബാദിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ | Photo Courtesy: @IndiaHistorypic

തെന്നിന്ത്യന്‍ സിനിമാക്കാര്‍ രാഷ്ട്രീയം ഒരായുധമാണെങ്കില്‍ വടക്ക് ബോളിവുഡില്‍ നേരെ മറിച്ചാണ്. രാഷ്ട്രീയക്കാരുടെ ആവനാഴിയിലെ ആയുധങ്ങളാണ് വെള്ളിത്തിരയുടെ ഗ്ലാമര്‍. അതിന് മുകളിലേയ്ക്ക് വളരാന്‍ ഒരു സൂപ്പര്‍സ്റ്റാറിനും ഹിന്ദി ഹൃദയഭൂമി ഇടംകൊടുത്തിട്ടില്ല. ഇന്ദിരാഗാന്ധിയുടെ മരണത്തിന്റെ സഹതാപതരംഗം ആഞ്ഞടിച്ച എണ്‍പത്തിനാലിലാണ് ബോളിവുഡിനെ രാഷ്ട്രീയം സ്വന്തം മൂശയിലിട്ടു വാര്‍ത്തുതുടങ്ങിയത്. കോണ്‍ഗ്രസാണ് ആ ബോക്‌സ്ഓഫീസില്‍ ആദ്യം ടിക്കറ്റെടുത്തത്. എണ്‍പത്തിനാലിലെ തിരഞ്ഞെടുപ്പിൽ രണ്ട് ഇതിഹാസങ്ങളെയാണ് അവര്‍ ഒന്നിച്ച് പുതിയ കുപ്പായം തയ്പ്പിച്ച് രംഗത്തിറക്കിയത്. ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ വിഗ്രഹം ബിഗ് ബി അമിതാഭ് ബച്ചനെയും കുടുംബപ്രേക്ഷകരുടെ പ്രിയനായകന്‍ സുനില്‍ ദത്തിനെയും.

രാജീവ് കുടംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബച്ചനെ ഇന്നത്തെ പ്രയാഗ്‌രാജിലാണ്, അതായത് മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ മണ്ഡലമായ പഴയ അലഹബാദിലാണ് കോണ്‍ഗ്രസ് പയറ്റിനിറക്കിയത്. അതും രാഷ്ട്രീയ അതികായനും മുന്‍മുഖ്യമന്ത്രിയുമായ എച്ച്.എന്‍.ബഹുഗുണയ്‌ക്കെതിരേ. ഉറ്റമിത്രം അപ്രതീക്ഷിതമായി പ്രധാനമന്ത്രിയായത് മുതല്‍ അഭിനയത്തിന് അവധി നല്‍കി രാഷ്ട്രീയത്തില്‍ സജീവമായിത്തുടങ്ങിയിരുന്നു ബച്ചന്‍. വി.പി.സിങ് പോലും കൈപ്പത്തി ചിഹ്‌നത്തില്‍ സുല്ലിട്ട മണ്ഡലം ഒന്നേ മുക്കാല്‍ ലക്ഷത്തിലേറെ വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ബച്ചന്‍ തിരിച്ചുപിടിച്ചത്.

പിൽക്കാലത്ത് ബി.ജെ.പി അതികായൻ ഡോ. മുരളിമനോഹർ ജോഷി മത്സരിച്ചു ജയിച്ചിട്ടും ഇന്നോളം ഭേദിക്കപ്പെട്ടിട്ടില്ല 1,87,895 എന്ന ആ റെക്കോഡ്. പക്ഷേ, ബിഗ് ബിയുടെ പാര്‍ലമെന്ററി വേഷത്തിന് ആയുസ് ഏറെയുണ്ടായില്ല. രണ്ടാം കൊല്ലം തന്നെ മണ്ഡലം തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതി ഉയര്‍ന്നു. വെള്ളിത്തിരയില്‍ കണ്ട് കൈയടിച്ച, വ്യവസ്ഥിതികളോട് കലഹിക്കുന്ന ക്ഷുഭിത യൗവ്വനത്തില്‍ നിന്ന് ഇതായിരുന്നില്ല ജനങ്ങള്‍ പ്രതീക്ഷിച്ചത്. വൈകാതെ മറ്റൊരു കെണിയിലും പോയി ചാടി. സഹോദരന്‍ അജിതാഭ് ബച്ചന്‍ ബോഫോഴ്‌സ് കോഴക്കേസില്‍ പെട്ടതോടെ ചേട്ടൻ ബച്ചനും കുരുക്കിലായി. അങ്ങനെ ഒരു വര്‍ഷം കാലാവധി ശേഷിക്കേ എംപി സ്ഥാനം രാജിവെക്കേണ്ടിവന്നു. എന്നെന്നേക്കുമായി രാഷ്ട്രീയം വിടുകയും ചെയ്തു. ഈ തീരുമാനം പക്ഷേ, ഇന്ദിരാകുടുംബവുമായുള്ള ബന്ധത്തിലും വിള്ളല്‍വീഴ്ത്തി. ഒരു സുഹൃത്തിനു വേണ്ടിയുള്ള വൈകാരിക തീരുമാനമായിരുന്നു രാഷ്ട്രീയ പ്രവേശമെങ്കിലും രാഷ്ട്രീയത്തില്‍ വൈകാരികതയ്ക്ക് സ്ഥാനമില്ലെന്ന് തെളിഞ്ഞുവെന്നുമാണ് സ്ഥാനമൊഴിഞ്ഞശേഷമുള്ള ബച്ചന്റെ പ്രതികരണം.

തല്‍ക്കാലത്തേയ്ക്ക് കട്ട് പറഞ്ഞ രാഷ്ട്രീയ സീനിലേയ്ക്ക് പിന്നെ ബച്ചന്‍ കുടുംബം മടങ്ങിയെത്തുന്നത് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞാണ്. സാമ്പത്തികപ്രശ്‌നങ്ങള്‍ നേരിട്ട കാലത്ത് സഹായഹസ്തം നീട്ടി എത്തിയത് സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ്ങായിരുന്നു. അങ്ങനെ അമര്‍സിങ് വഴി ഭാര്യയും നടിയുമായ ജയ ബച്ചന്‍ യു.പിയില്‍ നിന്ന് അഞ്ചു തവണ രാജ്യസഭാംഗമായി.

placeholder
സുനിൽ ദത്ത് മാർച്ച് നടത്തുന്നു

ഭാഗധേയം തിരുത്തിയ പഞ്ചാബ് മാർച്ച്

ബച്ചനെപ്പോലെയായിരുന്നില്ല സുനില്‍ ദത്ത്. മത്സരരംഗത്തിറങ്ങുംമുന്‍പ് തന്നെ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. തീവ്രവാദം പിടിമുറുക്കിയ പഞ്ചാബിലേയ്ക്ക് മുംബൈയില്‍ നിന്ന് എഴുപത്തിയാറ് ദിവസം നീണ്ടുനിന്നൊരു മാര്‍ച്ച് നടത്തിയിരുന്നു മകള്‍ പ്രിയ ദത്തിനൊപ്പം. രണ്ടായിരം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ ഏതാണ്ട് അഞ്ഞൂറോളം യോഗങ്ങളിലും ദത്ത് സംസാരിച്ചു. ഒടുവില്‍ കടുത്ത മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലാവുകയും ചെയ്തു. ഈ പാരമ്പര്യം കൊണ്ടുതന്നെ കന്നിയങ്കത്തില്‍ രാംജെത് മലാനിയെയെന്ന കരുത്തനെ വീഴ്ത്തിയ തുടങ്ങിയ ദത്ത് അഞ്ചുവട്ടമാണ് മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയത്. കേന്ദ്രമന്ത്രയുമായി. മകന്‍ സഞ്ജയ് ദത്ത് തീവ്രവാദ കേസില്‍ അറസ്റ്റിലായതു മാത്രമാണ് ദീര്‍ഘമായ ആ രാഷ്ട്രീയ കരിയറിലേറ്റ ഒരു കളങ്കം. ദത്തിന്റെ മരണശേഷം മകള്‍ പ്രിയയാണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. പ്രിയ ഒഴിഞ്ഞതോടെ മണ്ഡലം പാര്‍ട്ടിയെ കൈവിടുകയും ചെയ്തു.

ഇതേ പാതയില്‍ രാഷ്ട്രീയം കുടുംബപുരാണമാക്കിയ ചരിത്രമാണ് ബച്ചന്റെ സമകാലികന്‍ ധര്‍മേന്ദ്രയുടേതും. 2004-ല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ബിക്കാനിര്‍ പിടിച്ചെടുത്തുകൊണ്ടായിരുന്നു ധര്‍മേന്ദ്രയുടെ വരവ്. പാര്‍ലമെന്റില്‍ സന്നിഹിതനാകാതെ ഷൂട്ടിങ്ങുമായി നടന്നതിനും വിവാദ പ്രസ്താവനകള്‍ക്കും വലിയ പഴി കേള്‍ക്കേണ്ടിവന്ന് മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങേണ്ടിവന്നെങ്കിലും മണ്ഡലം ബി.ജെ.പിയുടെ കുത്തകയാക്കുന്നതിന് ധര്‍മേന്ദ്രയുടെ സ്റ്റാര്‍ വിജയം വലിയ പങ്കുവഹിച്ചു. നിലവിലെ കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ തുടര്‍ച്ചയായ മൂന്ന് തവണയാണ് ഇവിടെ നിന്ന് ജയിച്ചത്.

placeholder
ഹേമാമാലിനി പാർലമെന്റിൽ | Photo: PTI

ജനപ്രതിനിധി എന്ന നിലയില്‍ ധര്‍മേന്ദ്ര ഒരു പരാജയമായിരുന്നെങ്കിലും അതല്ല ഭാര്യ ഹേമമാലിനിയുടെ കഥ. കഴിഞ്ഞ രണ്ടു തവണയായി 2014-ല്‍ 2.30 ലക്ഷമായിരുന്നു ഭൂരിപക്ഷമെങ്കില്‍ കഴിഞ്ഞ തവണ അത് 2.93 ലക്ഷമായി ഉയര്‍ന്നു. 2014-ല്‍ തോല്‍പിച്ചത് ചൗധരി ചരണ്‍സിങ്ങിന്റെ കൊച്ചുമകനും ആര്‍.എല്‍.ഡി നേതാവ് അജിത് സിങ്ങിന്റെ മകനുമായ ജയന്ത് സിങ്ങിനെ. ഈ ജയന്ത് ഇപ്പോള്‍ ഇന്‍ഡി സഖ്യം വിട്ട് എന്‍.ഡി. എയില്‍ ചേര്‍ന്നിരിക്കുകയാണ്. പ്രായം എഴുപത്തിയഞ്ചായിട്ടും ജനപ്രീതി പരിഗണിച്ച് ഒരു മൂന്നാമൂഴത്തിലും ബി.ജെ.പി. ഡ്രീംഗേളിന് അവസരം കൊടുത്തിരിക്കുകയാണ്.

ധര്‍മേന്ദ്രയുടെ മകന്‍ സണ്ണി ഡിയോള്‍ ഏതാണ്ട് അച്ഛന്റെ പാതയിലാണ്. 1998 മതല്‍ വിനോദ് ഖന്ന സുരക്ഷിതമായി കൈവശം വച്ചുപോന്ന മണ്ഡലമായിരുന്ന പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് കഴിഞ്ഞ തവണ വിജയിച്ച സണ്ണിയുടെ പ്രവര്‍ത്തനം അത്ര തൃപ്തികരമല്ല. കഴിഞ്ഞ തവണ പി.സി.സി അധ്യക്ഷനായ സുനില്‍ ജക്കറിനെയാണ് സണ്ണി ഡിയോള്‍ വീഴ്ത്തിയത്. ജക്കര്‍ അതുകഴിഞ്ഞ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേരുകയും പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാവുകയും ചെയ്തു. പഞ്ചാബിന്റെ തൊട്ടടുത്ത് ചണ്ഡീഗഢിലും താരസാന്നിധ്യമാണ്. കഴിഞ്ഞ രണ്ടു തവണയായി നടി കിരണ്‍ ഖേറാണ് ഇവിടെ എം.പി. കോണ്‍ഗ്രസ് നേതാവ് പി.കെ.ബന്‍സല്‍ തുടര്‍ച്ചയായ മൂന്ന് തവണ ജയിച്ച മണ്ഡലമായിരുന്നു ഇത്. രണ്ടുതവണയും ബി.ജെ.പി ടിക്കറ്റില്‍ ബന്‍സലിനെ തന്നെയാണ് കിരണ്‍ ഖേര്‍ തോല്‍പിച്ചത്. 2014-ല്‍ നടി ഗുല്‍ പനാങ്ങിനെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തളളുകയും ചെയ്തിരുന്നു ബി.ജെ.പി സഹയാത്രികനായ നടന്‍ അനുപം ഖേറിന്റെ പത്‌നി കൂടിയായ കിരണ്‍.

placeholder
അരുൺ ഗോവിലും ദീപികയും രാമായണം പരമ്പരയിൽ | Photo: Screengrab

രാവണനും സീതയും

ഇന്നത്തേതിലും ഉച്ചത്തില്‍ രാഷ്ട്രീയത്തില്‍ രാമനാമം മുഴങ്ങിയ തൊണ്ണൂറുകളുടെ തുടക്കത്തിലാണ് കോണ്‍ഗ്രസിനെ വെല്ലാന്‍ ബി.ജെ.പി. താരങ്ങളെ ഇറക്കി കളിച്ചു തുടങ്ങിയത്. അതിന് വിളനിലമൊരുക്കിയതാവട്ടെ രാമാനന്ദ സാഗറിന്റെ രാമായണവും. ബോളിവുഡില്‍ ക്ലച്ച് പിടിക്കാത്തതിനെ തുടര്‍ന്ന് പഴയ മദിരാശിയിലേയ്ക്ക് വണ്ടിയറിയ ലാഹോറുകാരനായ സാഗര്‍ എഴുപത്തിയെട്ടാഴ്ച നീണ്ട ഒരു മെഗാ പരമ്പരയിലൂടെ ഉഴുതുമറിച്ച മണ്ണിലാണ് ബി.ജെ.പി പുതിയ പരീക്ഷണത്തിന്റെ വിത്തിറക്കിയത്. രാമായണത്തിലെ രാമനും സീതയ്ക്കുമെല്ലാം വേണ്ടി അന്നത്തെ പ്രധാനകക്ഷികളായ ബി.ജെ.പി.യും കോണ്‍ഗ്രസും കൊമ്പുകോര്‍ത്തു. അങ്ങനെ സീതയും രാവണനും ബി.ജെ.പി പാളയത്തിലും രാമന്‍ കോണ്‍ഗ്രസ് ക്യാമ്പിലുമെത്തി.

ബി ഗ്രേഡ് സിനിമകളില്‍ തുടങ്ങി, സീതയുടെ ഒരൊറ്റ വേഷത്തോടെ ജീവിതം തന്നെ മാറിമറിഞ്ഞ ദീപിക ചിക്‌ലിയയെയും രാവണായി തകര്‍ത്താടിയ അരവിന്ദ് ത്രിവേദിയെയും 1991-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളാക്കി. രാഷ്ട്രീയത്തില്‍ കന്നിക്കാരിയായ മിനിസ്‌ക്രീനിലെ സീതയ്ക്ക് പാര്‍ട്ടി വച്ചുനീട്ടിയത്, വര്‍ഷങ്ങള്‍ക്കുശേഷം നരേന്ദ്ര മോദി കന്നി ലോക്‌സഭയിലേയ്ക്കുള്ള കന്നിപ്പോരാട്ടത്തിന് തിരഞ്ഞെടുത്ത ഗുജറാത്തിലെ വഡോദര മണ്ഡലമാണ്. ദീപിക എത്തുംവരെ കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായിരുന്നു വഡോദര. വലിയ ആള്‍ക്കൂട്ടമായിരുന്നു ഓരോ സ്വീകരണസ്ഥലത്തും സ്‌ക്രീനിലെ സീതാദേവിയെ കാണാന്‍ തടിച്ചുകൂടിയത്. രാത്രി വൈകി പതിനൊന്ന് മണിവരെ പ്രചരണപരിപാടികള്‍ ഉണ്ടായിരുന്നുവെന്നും ജനബാഹുല്യം കാരണം പൊതുയോഗങ്ങള്‍ തീര്‍ക്കാന്‍ പാടുപെട്ടുവെന്നും അക്കാലത്ത് ഒരു അഭിമുഖത്തില്‍ ദീപിക പറഞ്ഞിരുന്നു.

എന്തായാലും അന്ധമായ ഈ ആരാധന വോട്ടായി. രണ്ട് തവണ എം.പിയായ കരുത്തനായ രഞ്ജിത്‌സിങ് പ്രതാപ്‌സിങ് ഗെയ്കവാദിനെ മുപ്പത്തിനാലായിരത്തില്‍പ്പരം വോട്ടിന് അട്ടിമറിച്ചാണ് ദീപിക ലോക്‌സഭയിലെത്തിയത്. മണ്ഡലത്തില്‍ വിരിഞ്ഞ ആദ്യ താമര. മിനിസ്‌ക്രീനിലെ സീത, പക്ഷേ, ഒറ്റ ടേക്കോടെ രാഷ്ട്രീയം അവസാനിപ്പിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുവരികയും ചെയ്തു. അതായിരുന്നു അവസാനം. പിന്നീട് നടന്ന ഒരു തിരഞ്ഞെടുപ്പിലും, സീത അന്നിട്ട തറക്കല്ലിന്റെ ബലത്തില്‍ പിന്നീട് ഇന്നേവരെ ബി.ജെ.പിക്ക് സീറ്റ് വിട്ടുകൊടുക്കേണ്ടിവന്നിട്ടേയില്ല. ഇവിടെ നിന്നാണ് 2014-ല്‍ നരേന്ദ്രമോദി അഞ്ചേമുക്കാല്‍ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് ആദ്യമായി പ്രധാനമന്ത്രിപദമേറിയത്. കഴിഞ്ഞ തവണ വാരണാസിക്കുവേണ്ടി മോദി ഒഴിഞ്ഞിട്ടും ഇവിടെ ബി.ജെ.പിയുടെ ഭൂരിപക്ഷം കൂടുക മാത്രമാണ് ചെയ്തത്.

 ഞായറാഴ്ചകളില്‍ കാലത്ത് ദൂരദര്‍ശന് മുന്നില്‍ കുത്തിയിരുന്നവരുടെ കണ്ണിലെ കരടായിരുന്നെങ്കിലും രാവണനെയും സ്‌ക്രീനില്‍ നിന്ന് പൊക്കി സ്ഥാനാര്‍ഥിക്കുപ്പായമണിയിക്കാന്‍ ബി.ജെ.പിക്ക് മടിയൊന്നുമുണ്ടായില്ല. മുന്‍പ്രധാനമന്ത്രി ഗുല്‍സാരി ലാല്‍ നന്ദ വിജയിച്ച ഗുജറാത്തിലെ തന്നെ സബര്‍ക്കന്തയാണ് പാര്‍ട്ടി രാവണനായി അവിസ്മരണീയ പകര്‍ന്നാട്ടം നടത്തിയ അരവിന്ദ് ത്രിവേദിക്ക് വച്ചുനീട്ടിയത്. മുപ്പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ത്രിവേദിയുടെ ജയം. ഗുജറാത്തി സിനിമയിലും നാടകത്തിലും വലിയ പാരമ്പര്യമുള്ള അരവിന്ദ് ത്രിവേദിക്ക് പിന്നീട് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പദവിയും പാര്‍ട്ടി സമ്മാനിച്ചു.

സീതയും രാവണനും ഓരേ കൊടിക്കീഴില്‍, ഒരേ ചിഹ്‌നത്തില്‍ വോട്ടു തേടി നടക്കുമ്പോള്‍ സ്‌ക്രീനിലെ രാമന്‍ മറുപക്ഷത്തായിരുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ അഭ്യര്‍ഥനപ്രകാരം കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു അരുണ്‍ ഗോവില്‍. പാര്‍ട്ടി ചിഹ്‌നത്തില്‍ മത്സരിക്കാനും രാജീവ് ആവശ്യപ്പെട്ടിരുന്നെങ്കിലും അരുണ്‍ ഗോവില്‍ തന്ത്രപൂര്‍വം ഓഫര്‍ നിരസിക്കുകയായിരുന്നു. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പലയിടത്തും നടന്ന് വോട്ടുപിടിച്ചു. ആദ്യഘട്ട വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെങ്കിലും രാജീവ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൊല്ലപ്പെട്ടതോടെ ചിത്രം മാറി. അയോധ്യ ബി.ജെ.പിക്ക് വലിയതോതില്‍ സീറ്റ് നേടിക്കൊടുത്തെങ്കിലും ആര്‍ക്കും തനിച്ച് കേവല ഭൂരിപക്ഷം കിട്ടാത്ത സഭയില്‍ പി.വി.നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. അങ്ങനെ പ്രതിപക്ഷത്തിരിക്കാനായി ഗ്ലാമര്‍ വിജയം നേടിയ സീതയുടെയും രാവണന്റെയും യോഗം. മത്സരിക്കാതെ മാറിനിന്ന, രാമനായ, അരുണ്‍ ഗോവില്‍ വര്‍ഷങ്ങള്‍ക്കുശേഷം കോണ്‍ഗ്രസിനോട് വിടപറഞ്ഞ് ബി.ജെ.പിയില്‍ തന്നെയെത്തി. പ്രാണപ്രതിഷ്ഠാ വേളയില്‍ അയോധ്യയില്‍ ഹാജരുമായിരുന്നു.

അഞ്ചു വര്‍ഷത്തിനുശേഷം ബി.ആര്‍. ചോപ്രയുടെ മഹാഭാരതം രാമായണത്തേക്കാള്‍ വലിയ ഹിറ്റായപ്പോഴും ഇതേ ഫോര്‍മുല പയറ്റി ബി.ജെ.പി. ശ്രീകൃഷ്ണനായി പകരംവെക്കാനില്ലാത്ത പ്രകടനം കാഴ്ചവച്ച നിതീഷ് ഭരദ്വാജിനെ തന്നെ റാഞ്ചി യുദ്ധത്തിനിറക്കി. അറുപത്തിരണ്ടില്‍ സി.പി.ഐ ജയിച്ച ചരിത്രമുള്ള മണ്ഡലത്തില്‍ നിതീഷ് പരിചയസമ്പന്നനായ ഇന്ദര്‍ സിങ് നാംധാരിയെ മലര്‍ത്തിയടിച്ച് ആദ്യമായി താമര വിരിയിച്ചു. കഴിഞ്ഞ രണ്ടു തവണയായി ബി.ജെ.പിയുടെ കൈയില്‍ ഭദ്രമാണ് സീറ്റ്. മൂന്ന് ലക്ഷത്തിലേറെയാണ് കഴിഞ്ഞ തവണത്തെ മാര്‍ജിന്‍. നിതീഷ് പിന്നീട് മണ്ഡലം മാറി 1999-ല്‍ മധ്യപ്രദേശിലെ രാംഗഢില്‍ ഒരിക്കല്‍ക്കൂടി ഭാഗ്യം പരീക്ഷിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ സഹോദരന്‍ ലക്ഷ്മണ്‍ സിങ്ങിനോട് പരാജയപ്പെട്ടു. കുറച്ചുകാലം പാര്‍ട്ടിയുടെ വക്താവായിരുന്നു നിതീഷ് പിന്നീട് സിനിമയ്ക്കുവേണ്ടി രാഷ്ട്രീയാവതാരം എന്നെന്നേക്കുമായി ഉപേക്ഷിച്ചു.

മഹാഭാരതത്തിൽ ദ്രൗപതിയായ രൂപ ഗാംഗുലിയും സജീവമായിരുന്നു പിൽക്കാലത്ത് രാഷ്​ട്രീയത്തിൽ. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹൗറ നോർത്ത് മണ്ഡലത്തിൽ മത്സരിച്ച രൂപ പക്ഷേ, ക്രിക്കറ്റ് താരം ലക്ഷ്മി രത്തൻ ശുക്ലയോട് പരാജയപ്പെട്ടു. പിന്നീട് തൃണമൂൽ പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായി ഗുരുതരമായി പരിക്കേറ്റ രൂപയെ ബി.ജെ.പി രാജ്യസഭാംഗമാക്കി. അതും പാർട്ടി മാറിയ മറ്റൊരു ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ധുവിന് പകരം.

കൃഷ്ണനും ദ്രൗപതിക്കും പിറകേ ഭീമനും രാഷ്ട്രീയത്തിൽ കരുത്ത് തെളിയിക്കാനെത്തി. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കുവേണ്ടി ഡിസ്ക്കസ് ത്രോയിലും ഹാമർ ത്രോയിലുമായി രണ്ട് സ്വർണം അടക്കം നാല് മെഡൽ നേടിയ പ്രവീൺ കുമാർ ആം ആദ്​മി പാർട്ടിയുടെ ടിക്കറ്റിൽ ഡെൽഹി നിയമസഭയിലേയ്ക്കാണ് മത്സരിച്ചത്. പക്ഷേ, പരാജയമായിരുന്നു ഫലം. തൊട്ടടുത്ത വർഷം എ. എ.പി വിട്ട് ബി.ജെ.പിയിലേയ്ക്ക് ചേക്കേറുകയും ചെയ്തു.

അദ്വാനിയെ വിറപ്പിച്ച രാജേഷ് ഖന്ന

ബി.ജെ.പി രാമായണ താരങ്ങളെ ഇറക്കിക്കളിച്ച 1991-ല്‍ മറ്റൊരു തുറുപ്പുചീട്ടുണ്ടായിരുന്നു കോണ്‍ഗ്രസിന്റെ ആവനാഴിയില്‍. മറ്റൊരു സൂപ്പര്‍സ്റ്റാര്‍. ബോളിവുഡിന്റെ കണ്ണീര്‍ നായകന്‍ രാജേഷ് ഖന്ന. ബച്ചനെപ്പോലെ രാജേഷ് ഖന്നയെ രംഗത്തിറക്കിയതും രാജീവ് ഗാന്ധി തന്നെ. രാജീവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രാജേഷ് ഖന്ന മത്സരിച്ചത് ലാല്‍ കൃഷ്ണ അദ്വാനിക്കെതിരേയാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറിയുടെ ഭീഷണി ഉയർത്തി അദ്വാനിയെ വിറപ്പിച്ചാണ് ഖന്ന തോറ്റത്. അയോധ്യാ വിഷയം കത്തിനിന്ന കാലത്ത് അതിന്റെ അമരക്കാരനായ അദ്വാനിയോട് 1589 വോട്ടിനായിരുന്നു തോൽവി. അട്ടിമറി നടന്നുവെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാൻ കൂട്ടാക്കായിരുന്ന രാജേഷ് ഖന്ന വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വലിയ ബഹളം വച്ചു. അന്ന് ജയിച്ചാണ് അദ്വാനി പ്രതിപക്ഷ നേതാവായത്.

ശത്രുവിനോടുള്ള ശത്രുത

തോറ്റ ഖന്ന പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സഹപ്രവര്‍ത്തകനായ ശത്രുഘ്‌നന്‍ സിന്‍ഹയെ കാല്‍ലക്ഷം വോട്ടിന് കെട്ടുകെട്ടിച്ച് പാര്‍ലമെന്റിലെത്തുകയും ചെയ്തു. ഒരൊറ്റ ജയത്തോടെ രാജേഷ് ഖന്നയും മത്സരരംഗംവിട്ടു. പിന്നീട് പഞ്ചാബ് നിയമസഭാ തിരഞ്ഞെുപ്പില്‍ കൂടി പ്രചരണം നടത്തി രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തു. അന്നത്തെ ആ മത്സരത്തിനുശേഷം രാജേഷ് ഖന്നയും ശത്രുഘ്‌നന്‍ സിന്‍ഹയും മാനസികമായി അകന്നു. അടുക്കാന്‍ സിന്‍ഹ പല തവണ ശ്രമിച്ചെങ്കിലും മരണം വരെ രാജേഷ് ഖന്ന ശത്രുതയും അകല്‍ച്ചയും മനസില്‍ സൂക്ഷിച്ചു.

സിനിമാ സ്‌റ്റൈല്‍ തീപ്പൊരി ഡയലോഗുകള്‍കൊണ്ട് ജനങ്ങളെ കൈയിലെടുക്കുന്ന സിന്‍ഹ, പക്ഷേ, പിന്‍വാങ്ങിയില്ല. 2009-ല്‍ ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തില്‍ മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിന് ജയിച്ച് കേന്ദ്രമന്ത്രിയുമായി. അന്ന് സിന്‍ഹയുടെ കുതിപ്പില്‍ മൂന്നാം സ്ഥാനത്തായിപ്പോയ ഒരു സിനിമാതാരമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച നടനും സംവിധായകനും ഗായകനുമൊക്കൊയ ശേഖര്‍ സുമന്‍. 2014-ലും വമ്പന്‍ ജയം ആവര്‍ത്തിച്ച സിന്‍ഹ പിന്നീട് മന്ത്രിസ്ഥാനം ലഭിക്കാതെ ബി.ജെ.പിയോട് തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസിലെത്തി. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രവിശങ്കര്‍ പ്രസാദിനോട് രണ്ടേമുക്കാല്‍ ലക്ഷം വോട്ടിന് തോറ്റു. അടുത്ത ഊഴത്തില്‍ തൃണമൂലില്‍ ചേര്‍ന്ന സിന്‍ഹ, ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേക്കേറിയ നടന്‍ ബാബുല്‍ സുപ്രിയോയുടെ പഴയ മണ്ഡലമായ പശ്ചിമ ബംഗാളിലെ അസന്‍സോള്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും പാര്‍ലമെന്റിലെത്തി.

ഇങ്ങനെ കൂടുമാറി ചരിത്രം കുറിച്ച ഒരാള്‍ കൂടിയുണ്ട് ബോളിവുഡില്‍. രാജ് ബബ്ബര്‍. ജനതാദളില്‍ തുടങ്ങിയ കോണ്‍ഗ്രസില്‍ ചെന്നുനില്‍ക്കുന്ന രാജ് ബബ്ബര്‍ക്ക് രണ്ട് തവണ ആഗ്രയില്‍ നിന്ന് ലോക്‌സഭയിലേയ്ക്ക് ജയിച്ച ചരിത്രമുണ്ട്. രാജ്യസഭാംഗവും ലോക്‌സഭാംഗവുമാവുകയും അഖിലേഷ് യാദവിന്റെ പത്‌നി ഡിംപിളിനെ മുട്ടുകുത്തിച്ച ചരിത്രവും സ്വന്തമാണ്. ആഗ്രയില്‍ നിന്നും ഫിറോസാബാദില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് ജയിച്ച ചരിത്രമുണ്ട്. ഇതില്‍ 2009-ല്‍ അഖിലേഷ് യാദവ് ഒഴിഞ്ഞ സീറ്റില്‍ ഭാര്യ ഡിംപിള്‍ യാദവിനെയാണ് രാജ് ബബ്ബര്‍ വീഴ്ത്തി ഞെട്ടിച്ചത്. എന്നാല്‍, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ദയനീയമായിരുന്നു പ്രകടനം.

placeholder
ദേവ് ആനന്ദ് ഒരു പൊതുചടങ്ങിനിടെ

ഇന്ദിരയെ വെല്ലുവിളിച്ച ദേവ് ആനന്ദ്

എന്നാല്‍, ഇവരില്‍ നിന്നെല്ലാം വ്യത്യസ്തനായി മറ്റൊരു സൂപ്പര്‍നായകനുണ്ട് ബോളിവുഡില്‍. ബച്ചനും സുനില്‍ ദത്തിനും രാജേഷ് ഖന്നയ്ക്കുമെല്ലാം മുന്‍പ് രാഷ്ട്രീയത്തിന്റെ ചൂടിലേയ്ക്ക് ജീവന്‍ പണയം വെച്ച് എടുത്തുചാടിയ ആള്‍. അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് ഓടിയവനല്ല. ഉരുക്കുവനിത ഇന്ദിരയ്ക്കും സര്‍വശക്തന്‍ മകന്‍ സഞ്ജയ്ക്കുമെതിരേ നല്ല കാലത്ത് നട്ടെല്ല് നിവര്‍ത്തി നാലു പറഞ്ഞയാളാണ്. ബോളിവുഡിന്റെ സ്വന്തം ഗ്രിഗറി പെക്ക്, ദേവാനന്ദ്. റൊമാന്‍സിങ് വിത്ത് ലൈഫ് എന്ന തന്റെ ആത്മകഥയില്‍ രണ്ട് നഷ്ടങ്ങളെക്കുറിച്ച് പറയുന്നുണ്ട് ബോളിവുഡിന്റെ റൊമാന്റിക് ഹീറോ. ഒന്ന് സുരയ്യയുമായുള്ള നഷ്ടപ്രണയം. മറ്റൊന്ന് രാഷ്ട്രീയം. സഹപ്രവര്‍ത്തകര്‍ ഏറെയും ഭയന്ന് മാളത്തിലൊളിച്ച, കാറ്റ് എതിരേ വീശിയ അടിയന്തരാവസ്ഥക്കാലത്തായിരുന്നു ദേവ് ആനന്ദിന്റെ രാഷ്ട്രീയ പരീക്ഷണം. ഇന്ദിരയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും തേര്‍വാഴ്ച നടക്കുന്ന കാലം. പലരും നാവടക്കി, നട്ടെല്ല് വളച്ചു കഴിയുന്ന കാലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ദേവ് ആനന്ദിനോട് ഒരു ആവശ്യം ഉന്നയിച്ചു. സഞ്ജയ് ഗാന്ധിയെ പുകഴ്ത്തി നല്ല രണ്ടു വാക്ക് പറയണം. സൗകര്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു ദേവ്. തന്റെ മനസാക്ഷി അതിന് സമ്മതിക്കുന്നില്ലെന്നു കൂടി ചങ്കുറപ്പോടെ ചേര്‍ക്കുകയും ചെയ്തു. മനോജ് കുമാറിനെയും കിഷോര്‍ കുമാറിനെയും പോലെ സഞ്ജയ് സംഘത്തിന്റെ കണ്ണിലെ കരടാവാന്‍ ഏറെ വൈകിയില്ല.

വലിയ വിലാണ് ഈ നിലപാടിന് ദേവ് ആനന്ദിന് കൊടുക്കേണ്ടിവന്നത്. ദൂരദര്‍ശല്‍ ദേവിന്റെ ഗൈഡിനും ജ്വല്‍ തീഫിനും ജോണി മേരാ നാമിനും ബാസിക്കും ടാക്‌സി ഡ്രൈവര്‍ക്കും ജാലിനും കാലാപാനിക്കുമെല്ലാം  പൂട്ടു വീണു. ആകാശവാണിയില്‍ നിന്ന് ദേവ് ആനന്ദ് ചിത്രങ്ങളിലെ പാട്ടുകള്‍ പുറത്തായി. ആ പേര് പരാമര്‍ശിക്കുന്നതിന് പോലും വന്നു സെന്‍സര്‍. എന്നിട്ടും, മറ്റ് പലരെയും പോലെ പേടിച്ച് പിന്മാറാന്‍ ഒരുക്കമായിരുന്നില്ല ദേവ് ആനന്ദ്. പകരം 1977-ലെ തിരഞ്ഞെടുപ്പില്‍ ഇന്ദിരയ്ക്കും സഞ്ജയ്ക്കുമെതിരേ പ്രചരണം നടത്താന്‍ ചങ്കൂറ്റത്തോടെ ഇറങ്ങുകയാണ് ചെയ്തത്. ജനതാ പാര്‍ട്ടിയില്‍ ചേരാനുള്ള രാംജെത് മലാനിയുടെ ആവശ്യം നിരസിച്ചെങ്കിലും മുംബൈയില്‍ നടന്ന യോഗത്തില്‍ മൊറാര്‍ജി ദേശായിക്കും ജയ്പ്രകാശ് നാരായണനുമൊപ്പം വേദി പങ്കിട്ട് ഇന്ദിരയ്ക്കും സഞ്ജയ്ക്കുമെതിരേ ആഞ്ഞടിക്കാനും ദേവ് ആനന്ദ് ഭയന്നില്ല. ലോക് സംഘര്‍ഷ് സമിതിയുടെ പ്രവര്‍ത്തനത്തില്‍ വലിയ മതിപ്പായിരുന്നെങ്കിലും മൊറാര്‍ജിയുടെ നേതൃത്വത്തിലുള്ള ജനതാ പരീക്ഷണം പരാജയപ്പെട്ടത് കടുത്ത ആഘാതമായി. രാഷ്ട്രീയത്തോടു തന്നെ മടുപ്പ് വന്ന ദേവ് 1980-ലെ തിരഞ്ഞെടുപ്പായതോടെ രാഷ്ട്രീയക്കാരെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഫലമാണ് നാഷണല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന സ്വന്തം പ്രസ്ഥാനം. ദേവ് ആനന്ദ് തന്നെയായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍. അഴിമതിക്കും പട്ടണിക്കും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും നിരക്ഷരതയ്ക്കുമെതിരായ കുരിശുയുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുംബൈ താജ് ഹോട്ടലില്‍ പാര്‍ട്ടി രൂപീകരണം.

തമിഴ്‌നാട്ടില്‍ എം.ജി.ആറിന് ആകാമെങ്കില്‍ എന്തുകൊണ്ട് മഹാരാഷ്ട്രയില്‍ തനിക്കാവില്ല എന്ന ന്യായമായ ചോദ്യമായിരുന്നു സ്വന്തം പാര്‍ട്ടിയെന്ന കൈവിട്ട പരീക്ഷണത്തിന്റെ പ്രചോദനം. നാനി പാല്‍ഖിവാല, നെഹ്‌റുവിന്റെ സഹോദരി വിജയലക്ഷമി പണ്ഡിറ്റ് തുടങ്ങിയ പ്രമുഖരുടെ പിന്തുണയും അന്ന് പാര്‍ട്ടിക്കുണ്ടായിരുന്നു. ശിവാജി പാര്‍ക്കിലെ ആദ്യ റാലിയില്‍ പതിനായിരങ്ങള്‍ അണിനിരന്നതോടെ ദേവിന്റെ ആത്മവിശ്വാസം ഇരട്ടിയായി. ഇന്ദിരയ്‌ക്കെതിരേയായിരുന്നു റാലിയിലെ ആക്രമണം ഏറെയും.

ഇന്ദിര സന്ധിക്ക് സന്നദ്ധയാകുമെന്ന ശ്രുതിയെ, ഏകാധിപതിയുമായി കൈകോര്‍ക്കുന്ന പ്രശ്‌നമില്ലെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ച്, കടയ്ക്കല്‍ തന്നെ വെട്ടി ദേവ്. ഗ്രാമങ്ങളെ ആധുനികവത്കരിക്കുക, ഗ്രാമീണരെയും കൂലിത്തൊഴിലാളികളെയും ഇംഗ്ലീഷ് പഠിപ്പിച്ച് നാഗരികരാക്കുക, അവരെ കാറില്‍ ചുറ്റുന്ന ആഢ്യന്മാരാക്കുക തുടങ്ങിയ ഉട്ടോപ്യന്‍ ആശയങ്ങളായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍, പിറവിയില്‍ല്‍ തന്നെ അന്ത്യശ്വാസം വലിക്കാനായിരുന്നു പുതിയ പാര്‍ട്ടിയുടെ യോഗം. സ്ഥാനാര്‍ഥികളാക്കാന്‍ കണ്ടുവെച്ച, പാല്‍ഖിവാലയും വിജയലക്ഷ്മി പണ്ഡിറ്റും അടക്കമുള്ള പ്രമുഖര്‍ നയചാതുരിയോടെ ഒഴിഞ്ഞുമാറി. അഞ്ഞൂറ് സീറ്റുകളിലേയ്ക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്തുക ഒരു ഭഗീരഥ പ്രയത്‌നമായി. അതിനുള്ള ഫണ്ട് കണ്ടെത്തല്‍ അതിലും വലിയ കടമ്പയായി. ഇതോടെ ദേവ് ആനന്ദിന് തന്നെ മനസ് മടുത്തു. മഹത്തായൊരു ആശയം മുളയിലേ വാടിക്കരിഞ്ഞൂ എന്നാണ് ആത്മകഥയില്‍ ദേവ് ആനന്ദ് കുറിച്ചത്. എണ്ണമറ്റ ഓള്‍ടൈംഹിറ്റുകള്‍ സമ്മാനിച്ച നിത്യഹരിത നായകന്റെ ഈയൊരു പടം മാത്രം എട്ടുനിലയില്‍ പൊട്ടിപ്പാളീസായി. രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബാന്ധവത്തിന് ഒരു ദിശാസൂചിയുമായി. എങ്കിലും സിനിമയെയും രാഷ്ട്രീയത്തെയാം പരസ്പരം ഇഴപിരിക്കാന്‍ കഴിയാത്ത വര്‍ത്തമാനകാല സാഹചര്യത്തില്‍ ഈ ചീറ്റിപ്പോയ സംരംഭവും വലിയൊരു പാഠപുസ്തകമാണ്. തിരഞ്ഞെടുപ്പ് കാലത്ത് അവഗണിക്കാന്‍ കഴിയാത്ത ഒരു വലിയ ചൂണ്ടുപലകയാണ് ആ നിലപാട്.

തിരഞ്ഞെടുപ്പില്‍ ജയങ്ങള്‍ മാത്രമല്ല, തോല്‍വികളും നല്ല പാഠങ്ങളാണ്. വിലപ്പെട്ട പാഠങ്ങളാണ്, തിരഞ്ഞെടുപ്പ് കാലത്തെങ്കിലും.