
ന്യൂഡല്‍ഹി: നിര്‍ണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ഭദൗരിയ (ആര്‍.കെ.എസ്. ഭദൗരിയ) ബി.ജെ.പിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയിലെ ബി.ജെ.പി. ആസ്ഥാനത്തുവെച്ചാണ് അദ്ദേഹം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി. ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ദെ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്. ഭദൗരിയയ്‌ക്കൊപ്പം മുന്‍ തിരുപ്പതി എം.പിയും വൈ.എസ്.ആര്‍.സി.പി. നേതാവുമായ വരപ്രസാദ് റാവുവും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്.
രാജ്യത്തെ സേവിക്കാന്‍ ഒരു തവണകൂടി അവസരം നല്‍കിയതിന് ബി.ജെ.പി. നേതൃത്വത്തോട് നന്ദി പറയുന്നതായി ആര്‍.കെ.എസ്. ഭദൗരിയ പറഞ്ഞു. നാല് പതിറ്റാണ്ടോളം താന്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തന്റെ സര്‍വീസ് കാലത്തെ ഏറ്റവും മികച്ച സമയം ബി.ജെ.പി. ഭരണത്തിനുകീഴിലുള്ള എട്ട് വര്‍ഷങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാദമായ ഇന്ത്യ-ഫ്രാന്‍സ് റഫാല്‍ യുദ്ധവിമാന ഇടപാടില്‍ നിര്‍ണായകമായ പങ്കുവഹിച്ചയാളാണ് ഭദൗരിയ. 2019 സെപ്റ്റംബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയാണ് അദ്ദേഹം വ്യോമസേനയുടെ മേധാവിയായി സേവനമനുഷ്ഠിച്ചത്. അതിന് മുമ്പ് വിവിധ എയര്‍ കമാന്‍ഡുകളുടെ ചുമതല വഹിച്ചിരുന്നു.
ഉത്തര്‍പ്രദേശ് സ്വദേശിയാണ് ആര്‍.കെ.എസ്. ഭദൗരിയ. സംസ്ഥാനത്തെ പല സീറ്റുകളിലും ബി.ജെ.പി. ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഗാസിയാബാദില്‍ ഭദൗരിയ ബി.ജെ.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നാണ് ബി.ജെ.പി. കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറ്റിങ് എം.പി. ജനറല്‍ വി.കെ. സിങ്ങിനെ മാറ്റിക്കൊണ്ടാകും ബി.ജെ.പി. ഭദൗരിയയ്ക്ക് സീറ്റ് നല്‍കുക.
Content Highlights: Former IAF chief RKS Bhadauria who played important role in Rafale deal, joins BJP
Published: 24 Mar 2024, 02:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented