സാധാരണമായ പ്രചാരണമാണ് തൃശ്ശൂരില്‍ ഇത്തവണ ബി.ജെ.പി. നടത്തുന്നത്. മൂന്നാംവട്ട സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 15-ന് എത്തുന്നുണ്ട്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും എടുത്ത് ഇരു മുന്നണികളെയും ആക്രമിക്കുകയാണ് ബി.ജെ.പി. തൃശ്ശൂരിലെ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പി. വിജയം സാധ്യമാകുമോ? ഇത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പു വാര്‍ത്തകളുടെ വിശദവായനയ്ക്ക് മാതൃഭൂമി ഇലക്ഷന്‍ സ്‌പെഷല്‍ ഇ പേപ്പര്‍ വായിക്കുക.

To advertise here,

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്കുവേണ്ടി മൂന്നുമാസത്തിനിടെ തുടർച്ചയായി മൂന്നുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു മണ്ഡലത്തിൽ പോയ ചരിത്രം വേറെ ഉണ്ടാവില്ല. വേറിട്ട ഈ സംഭവം നടക്കുന്നത് ബി.ജെ.പി. ഉറ്റുനോക്കുന്ന തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലാണ്. സുരേഷ് ഗോപിക്കുവേണ്ടി ഇതുവരെ കാണാത്തതരത്തിലുള്ള പ്രചാരണമാണ് ബി.ജെ.പി. തൃശ്ശൂർ മണ്ഡലത്തിൽ നടത്തുന്നത്. സുരേഷ് ഗോപിക്ക് തൃശ്ശൂർ ജില്ലയിൽ ഇത് പുത്തൻ മത്സരമല്ല. ഒരുതവണ നിയമസഭയിലേക്കും ഒരുതവണ ലോക്‌സഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇത്തവണ പരാജയം എന്നൊന്നില്ല എന്നമട്ടിലാണ് സുരേഷ് ഗോപിയും ബി.ജെ.പി. പ്രവർത്തകരും രംഗത്തിറങ്ങിയിരിക്കുന്നത്. അത് ഊട്ടിയുറപ്പിക്കുകയാണ് 15-ന് തൃശ്ശൂർ മണ്ഡലത്തിൽ വീണ്ടും എത്തുന്ന നരേന്ദ്രമോദി.

സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുമുന്നേ മണ്ഡലത്തിൽ ബി.ജെ.പി.യുടെ രാഷ്ട്രീയപ്രചാരണത്തിനെന്നപോലെ നരേന്ദ്രമോദി എത്തിയിരുന്നു. ജനുവരി മൂന്നിനായിരുന്നു അത്. തേക്കിൻകാട് മൈതാനത്തുനടന്ന സ്ത്രീകളുടെ സംഗമത്തെ അഭിസംബോധനചെയ്യാനാണ് മോദി എത്തിയത്. തേക്കിൻകാട് മൈതാനത്തിലെ സ്വരാജ് റൗണ്ടിൽ റോഡ്ഷോ നടത്തിയ നരേന്ദ്രമോദി സഞ്ചരിച്ചിരുന്ന വാഹനത്തിൽ സുരേഷ് ഗോപിയും ഉണ്ടായിരുന്നു. സുരേഷ് ഗോപിതന്നെ തൃശ്ശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയെന്ന് ഉറപ്പിക്കുന്നതായിരുന്നു ആ റോഡ്ഷോ. ഏറെ വൈകാതെ നരേന്ദ്രമോദി വീണ്ടും തൃശ്ശൂരിലെത്തി. ഇത്തവണ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ. ജനുവരി 17-നായിരുന്നു വിവാഹം. 

കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുപ്രകാരം കേരളത്തിൽ ബി.ജെ.പി.ക്ക് വിജയസാധ്യത ഏറെയുള്ള ഒരു മണ്ഡലം തൃശ്ശൂരാണ്. എൽ.ഡി.എഫ്.- യു.ഡി.എഫ്. മുന്നണികളും ആശങ്കപ്പെടുന്നത് ഈ മണ്ഡലം ബി.ജെ.പി. പിടിച്ചെടുക്കുമോ എന്നതാണ്.
ഇരു മുന്നണികളെയും  അലോസരപ്പെടുത്തുന്ന ഏറെ പ്രശ്നങ്ങൾ തൃശ്ശൂർ മണ്ഡലത്തിലുണ്ട്. എന്നാൽ ഇതൊന്നും തങ്ങൾക്കില്ലെന്നതും ബി.ജെ.പി.യുടെ ആത്മവിശ്വാസം ഉയർത്തുന്നു. ജയിച്ചാൽ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന ഉറപ്പും മോദിയുടെ തൃശ്ശൂർ വികസന ഗാരന്റിയുമാണ് എൻ.ഡി.എ. വിജയസാധ്യതയ്ക്കുള്ള ചൂണ്ടുപലകയായി കാണിക്കുന്നത്. എന്നാൽ, കഴിഞ്ഞതവണ സുരേഷ്‌ഗോപി പിടിച്ച വോട്ടുകൾ തൃശ്ശൂർ മണ്ഡലത്തിൽ ബി.ജെ.പി.ക്ക്‌ ലഭിക്കാവുന്ന പരമാവധിവോട്ടായതിനാൽ ഇത്തവണ അദ്‌ഭുതമൊന്നും സംഭവിക്കില്ലെന്ന്‌ കരുതുന്നവരുമുണ്ട്‌. 

സാമ്പത്തികമായും ബി.ജെ.പി. എതിരാളികളെ  അപേക്ഷിച്ച് ഏറെ മുന്നിലാണ്. മണ്ഡലത്തിലെ തിരഞ്ഞെടുപ്പുപ്രചാരണത്തിൽ അത് പ്രകടവുമാണ്. തുടക്കത്തിൽ ഏറെ മുന്നേറിനിന്നിരുന്ന കരുവന്നൂർ കള്ളപ്പണക്കേസും സി.പി.എമ്മിന്റെ കണക്കിൽക്കാണിക്കാത്ത സാമ്പത്തിക ഇടപാട് ആദായനികുതിവകുപ്പ് പിടികൂടിയതും ഇടതുമുന്നണി സ്ഥാനാർഥി സുനിൽകുമാറിന്റെ മുന്നേറ്റത്തിന് ചെറിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്. എന്നാൽ സുനിൽകുമാറിന് ഈ സംഭവങ്ങളിൽ നേരിട്ട് ബന്ധമില്ലാത്തതുകൊണ്ട് തങ്ങളുടെ സാധ്യതയെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി.

അപ്രതീക്ഷതമായി കെ. മുരളീധരൻ തൃശ്ശൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായിവന്നപ്പോൾ കണ്ട ആവേശം യു.ഡി.എഫ്. ക്യാമ്പിൽ ഇപ്പോൾ കുറഞ്ഞിട്ടുമുണ്ട്. സ്ഥാനാർഥിയെത്തുന്ന സ്ഥലങ്ങളിൽ ധാരാളം അണികൾ എത്തുന്നുണ്ടെങ്കിലും നേതാക്കളുടെ അഭാവം പ്രകടമാണ്. സി.പി.എം. ബാങ്കിൽനിന്ന് പിൻവലിച്ച ഒരു കോടി രൂപ എവിടെപ്പോയി എന്ന സാധാരണക്കാരുടെ ചോദ്യംവരുമ്പോൾ അതിനുത്തരം ആരുംപറയുന്നില്ല. എന്നാൽ ഇതിന് ചെറിയൊരു മറുചോദ്യം പലതലങ്ങളിൽനിന്നും ഉയരുന്നുണ്ട്. ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ പിന്നോട്ടടി എന്തുകൊണ്ടാണ് എന്നതാണ് ആ മറുചോദ്യം.

സാമ്പത്തികമായി യു.ഡി.എഫ്. ഒട്ടും ഭദ്രമല്ല എന്ന് സ്ഥാനാർഥിതന്നെ പ്രഖ്യാപിച്ചതാണ്. ഒരുപക്ഷേ, ഇതായിരിക്കും പ്രചാരണരംഗത്ത് അല്പം തണുപ്പുകാണാൻ കാരണം. എൽ.ഡി.എഫ്. സ്ഥാനാർഥി  മണ്ഡലത്തിൽ പലവട്ടം പ്രചാരണം പൂർത്തിയാക്കിയെങ്കിലും ഇപ്പോൾ അണികളിൽ ആശങ്കയുടെ നിഴൽ കാണുന്നുണ്ട്. സുരേഷ് ഗോപിക്കായി രംഗത്തിറങ്ങുന്ന നേതാക്കളിൽ ചിലരുടെ അഭാവം ആദ്യം നിഴലിച്ചിരുന്നെങ്കിലും ഇപ്പോൾ എല്ലാവരുംതന്നെ സക്രിയമായി രംഗത്തുണ്ട്. ദേശീയതലത്തിൽനിന്നുള്ള ഇടപെടലും വിജയസാധ്യതയുള്ള ഈ മണ്ഡലത്തിൽ എന്തെങ്കിലും കാരണത്താൽ സുരേഷ് ഗോപി പരാജയപ്പെട്ടാൽ അതിലുണ്ടാകുന്ന കടുത്ത നടപടിയും ഭയന്നാണ് എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് സൂചന.

ഇപ്പോൾ നരേന്ദ്രമോദി വീണ്ടും ഈ മണ്ഡലത്തിലേക്കെത്തുമ്പോൾ അണികളിൽ ആവേശം വല്ലാതെ അലയടിക്കുന്നുണ്ട്.
കരുവന്നൂർ കള്ളപ്പണക്കേസ് തന്നെയായിരിക്കും ഇനി ബി.ജെ.പി. തൃശ്ശൂർ മണ്ഡലത്തിൽ വജ്രായുധമായി ഉപയോഗിക്കുക. ഇതൊരു കൊടുങ്കാറ്റാക്കി മണ്ഡലത്തിൽ വീശാനുള്ള ഒരുക്കത്തിലാണ് അവർ. പ്രധാനമന്ത്രിതന്നെ മണ്ഡലത്തിലെത്തി സി.പി.എമ്മിനെതിരേ വിവാദം ആളിക്കത്തിക്കാൻ അവർ തയ്യാറെടുക്കുകയാണ്. ഈ കാലാവസ്ഥയെ സി.പി.എം.  എങ്ങനെ നേരിടുമെന്നാശ്രയിച്ചിരിക്കും തൃശ്ശൂരിലെ ഫലം. പദ്മജയുടെ ബി.ജെ.പി. പ്രവേശനം നിർവീര്യമാക്കാൻ കോൺഗ്രസിനും ഈ മണ്ഡലം വിട്ടുകൊടുക്കാനാവില്ല.