കല്പറ്റ: തിരഞ്ഞെടുപ്പിന്റെ ചൂടും ആരവവും അറിയണമെങ്കില്‍ ജില്ലയിലെ ഫ്ലെക്‌സ് പ്രിന്റിങ് ഷോപ്പുകളില്‍ ഒന്ന് കയറണം. 'തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ തിരക്കാണ്, ഇനി ഒന്നരയാഴ്ചകൂടി ഈ തിരക്കുണ്ടാകും. തിരഞ്ഞടുപ്പിന് അടുത്തതുകൊണ്ട് നിന്നുതിരിയാന്‍ സമയമില്ല. തിരഞ്ഞെടുപ്പ് കാലത്താണ് ഇത്രയുമധികം ഓര്‍ഡറുകള്‍ ഒരുമിച്ച് കിട്ടുന്നത്. അതിനാല്‍ത്തന്നെ സ്ഥിരം ഉപഭോക്താക്കളുടെ ഓര്‍ഡറുകള്‍പോലും സ്വീകരിക്കാന്‍ കഴിയുന്നില്ല. സാധാരണ രണ്ടുദിവസംകൊണ്ട് ചെയ്യുന്ന വര്‍ക്കുകള്‍ ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ ചെയ്തുകൊടുക്കും. ചെറുതും വലുതുമായ പ്രിന്റിങ് ഷോപ്പുകളുടെ പ്രതീക്ഷയുടെ കാലമാണിത്' -കല്പറ്റ മോട്ലി പ്രിന്റിങ് സ്ഥാപനയുടമ ജ്യോതിപ്രസാദിന്റെ വാക്കുകളാണിത്.

To advertise here,

ഓരോ പ്രിന്റിങ് സ്ഥാപനങ്ങളും ഇന്നൊരു തിരഞ്ഞെടുപ്പ് ക്യാമ്പായി മാറിയിരിക്കുകയാണ്. ഒരുപാര്‍ട്ടിയുടേതല്ല മറിച്ച്, പലപാര്‍ട്ടികളുടെ. സ്ഥാനാര്‍ഥികളുടെ ഫ്ലെക്‌സുകള്‍ ഒന്നിന്മേല്‍ ഒന്നായി രാഷ്ട്രീയഭേദമില്ലാതെ കെട്ടിവെച്ചിരിക്കുകയാണ്. എല്ലാവരുടെയും ചിത്രങ്ങള്‍ വരുന്നത് ഒരേ മെഷീനിലൂടെ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശം പുറത്തുമാത്രമല്ല, ഓരോ പ്രിന്റിങ് ഷോപ്പുകളിലും അതിന്റെ മറ്റൊലിയുണ്ട്. ജില്ലയുടെ വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ മുഖചിത്രങ്ങള്‍ പലവര്‍ണങ്ങളില്‍, പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മിന്നിമായുകയാണ്.

ചുമരെഴുത്തുകള്‍ക്ക് പകരം പലയിടത്തും ഇന്ന് സ്ഥാനാര്‍ഥിയുടെ പ്രചാരണമുഖമായി ഫ്ലെക്‌സുകള്‍ മാറിക്കഴിഞ്ഞു. പണ്ട് ഏജന്‍സികളുടെയും പ്രവര്‍ത്തകരുടെയും ഇഷ്ടപ്രകാരമായിരുന്നു ഫ്ലെക്‌സുകള്‍ ഡിസൈന്‍ ചെയ്തിരുന്നത്. എന്നാല്‍, സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ സ്ഥാനാര്‍ഥികള്‍ക്ക് ഇന്ന് അവരുടേതായ ഒരു വിഷ്വല്‍ ഐഡിന്റിറ്റി വേണമെന്ന് നിര്‍ബന്ധമാണ്. അതിനാല്‍ത്തന്നെ ഡിസൈനിങ്ങിന്റെ ആദ്യഘട്ടം മുതലേ സ്ഥാനാര്‍ഥികള്‍ ഫ്ലെക്‌സ് നിര്‍മാണത്തില്‍ സജീവപങ്കാളികളാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഹരിതചട്ടങ്ങള്‍ പാലിച്ചാണ് ഫ്ലെക്‌സുകള്‍ പ്രിന്റ് ചെയ്യുന്നത്.

പ്ലാസ്റ്റിക് ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ തുണിയിലാണ് ഫ്ലെക്‌സുകള്‍ കൂടുതലും പ്രിന്റ് ചെയ്യുന്നത്. അതിനാല്‍ത്തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിച്ചുകഴിഞ്ഞാല്‍ പലസ്ഥാപനങ്ങളും അവര്‍ നിര്‍മിച്ച ഫ്ലെക്‌സുകള്‍ തിരികെ സ്വീകരിച്ച് റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കും.