
എം.വി മണിയനും ശാരദാ മണിയനും, ലിജിയും ഭര്‍ത്താവ് മധുസൂദനനും, സീമാ വേണുവും സ്വപ്ന സുരേഷും
കല്പറ്റ: ചിലര്‍ക്ക് തിരഞ്ഞെടുപ്പ് ഇത്തവണ കുടുംബകാര്യമാണ്. ആര്‍ജെഡി കല്പറ്റ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായ കുറുമ്പാലക്കോട്ട മരവയല്‍ ഉന്നതിയില്‍ എം.വി. മണിയന്‍ കോട്ടത്തറ പഞ്ചായത്തിലെ മൈലാടി വാര്‍ഡിലും ആര്‍ജെഡി ജില്ലാ കമ്മിറ്റിയംഗമായ ഭാര്യ ശാരദാ മണിയന്‍ ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷനിലുമാണ് മത്സരിക്കുന്നത്. ക്ഷീരകര്‍ഷകരായ ഇരുവരും രാവിലെ പശുക്കളുടെ കാര്യവും വീട്ടിലെ കാര്യവും പൂര്‍ത്തിയാക്കിയശേഷമാണ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്.
സോഷ്യലിസ്റ്റ് നേതാവും കോട്ടത്തറ പഞ്ചായത്ത് മുന്‍ അംഗവുമായ എംസി വെള്ളന്റെയും ചെറിയമ്മയുടെയും മകനാണ് മണിയന്‍. അഞ്ചുകുന്ന് കല്ലിട്ടാന്‍കുഴിയില്‍ അപ്പുവിന്റെയും അമ്മുവിന്റെയും മകളാണ് ശാരദ. ഇരുവരും കോട്ടത്തറ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമാരാണ്. നിലവില്‍ മഹിളാ ജനതാദള്‍ ജില്ലാ സെക്രട്ടറിയും കിസാന്‍ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ശാരദ ആനേരി മുന്‍വാര്‍ഡംഗം കൂടിയാണ്. നിഖില, നിഖില്‍കുമാര്‍ എന്നിവരാണ് മക്കള്‍.
വെങ്ങപ്പള്ളിയിലും ഇത്തരത്തിലൊരു കുടുംബകഥയുണ്ട്. കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വെങ്ങപ്പള്ളി ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ലിജി അനന്തഭവന്‍ മത്സരിക്കുമ്പോള്‍ ഏഴാം വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തുന്നത് ഭര്‍ത്താവ് മധുസൂദനന്‍ അനന്തഭവനാണ്. സംഘടനാപ്രവര്‍ത്തനങ്ങളില്‍ മുന്‍പേയുണ്ടെങ്കിലും സജീവരാഷ്ട്രീയത്തിലേക്ക് ഇരുവരും ആദ്യമായാണ് കടക്കുന്നത്. അതുല്‍ ആനന്ദ്, ആദിത്ത് ആനന്ദ് എന്നിവരാണ് മക്കള്‍.
തരിയോടും ഒരു കുടുംബപ്പോര് മുറുകുന്നുണ്ട്, ചേച്ചിയും അനുജത്തിയുമാണ് മത്സരരംഗത്തുള്ളത്. കാവുമന്ദം കോട്ടക്കുന്ന് സീമാവില്ലാസില്‍ ശ്രീധരന്‍ നായരുടെയും തങ്കലക്ഷ്മിയുടെയും മക്കളായ സീമയും സ്വപ്നയുമാണ് പോരിലെ താരങ്ങള്‍. ഇനിയുമുണ്ട് പ്രത്യേകത. ഒരാള്‍ എന്‍ഡിഎക്ക് വേണ്ടിയും മറ്റൊരാള്‍ എല്‍ഡിഎഫിനുവേണ്ടിയുമാണ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. ചേച്ചി സീമാ വേണുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് ഡിവിഷനില്‍ മത്സരിക്കുന്നത്. അനുജത്തി പടിഞ്ഞാറത്തറ മണ്ഡലം മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറിയായ സ്വപ്നാ സുരേഷ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി തരിയോട് എട്ടാം വാര്‍ഡ് കോട്ടക്കുന്നിലുമാണ് മത്സരിക്കുന്നത്.
Content Highlights: Discover heartwarming stories of families contesting in the Kerala local body elections in Kalpetta. From spouses to siblings, election fever runs in the family.
Published: 27 Nov 2025, 09:49 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented