കല്പറ്റ: അച്ഛാ നോക്ക്... അച്ഛന്റെ ചിഹ്നവും ... കല്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. വിജേഷ് അരിവാള്‍ചുറ്റിക നക്ഷത്രം പതിഞ്ഞൊരു മുണ്ടെടുത്തപ്പോഴേ മകന് ആവേശമായി. 'കുടുംബത്തോടൊപ്പം വസ്ത്രം വാങ്ങാന്‍ വന്നാതാണ്, അപ്പോഴാണ് അപ്രതീക്ഷിതമായി ഇവിടെ അടുക്കി വെച്ചിരിക്കുന്ന പാര്‍ട്ടിയുടെ പേരും ചിഹ്നവും പ്രിന്റ് ചെയ്ത മുണ്ട് കണ്ടത്, പിന്നെ നോക്കാനില്ലല്ലോ. അതിലൊരണ്ണം വാങ്ങി. ഇനി പ്രചാരണങ്ങള്‍ക്ക് പോകുമ്പോള്‍ പാര്‍ട്ടിയുടെ മുഖമായി ഇത് ഉപയോഗിക്കാമല്ലേ' സ്ഥാനാര്‍ഥിയായ എം.വി. വിജേഷ് പറഞ്ഞു.

To advertise here,

നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചൂടേറുമ്പോള്‍ കൂടുതല്‍ കളറാകാന്‍ ഒരുങ്ങുകയാണ് വസ്ത്രവിപണിയും. യുവനേതാക്കളുടെ വൈബൊപ്പിച്ച് പ്രചാരണ ലുക്കിലും മാറ്റം വരുത്തുകയാണ് വിപണി. വ്യത്യസ്ത പാര്‍ട്ടികളുടെ പേരും ചിഹ്നങ്ങളും പ്രിന്റ് ചെയ്ത മുണ്ടുകള്‍ ധരിച്ചാണ് സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സാധാരണ പ്രചാരണ ടി-ഷര്‍ട്ടുകളേക്കാള്‍ കൂടുതല്‍ സൗകര്യപ്രദവും നാട്ടിന്‍പുറത്തോട് അടുപ്പമുള്ളതിനാല്‍ മുണ്ടിനോടാണ് ആളുകള്‍ക്ക് പ്രിയം. തിരഞ്ഞെടുപ്പ് റാലികള്‍ക്ക് ആവേശമാക്കാനും സോഷ്യല്‍മീഡിയ റീല്‍ കണ്ടന്റുകളില്‍ റീച്ച് കൂട്ടാനും ചിഹ്നമുള്ള മുണ്ടാണ് താരം.

വിപണിയില്‍ 179 മുതല്‍ 189 വരെ നിരക്കിലാണ് ഇപ്പോള്‍ ഇവ ലഭ്യമാകുന്നത്. വെള്ള നിറത്തില്‍ മാത്രമല്ല കളറിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച മുണ്ടുകള്‍ ലഭ്യമാണ്. വോട്ട് പ്രചാരണങ്ങള്‍ വ്യത്യസ്തമാക്കുകയാണ് പ്രവര്‍ത്തകര്‍. പല പ്രചാരണ പരിപാടികളിലും ചിഹ്നമുള്ള മുണ്ട് ധരിച്ചെത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ചിഹ്നമുള്ള മുണ്ട് മാത്രമല്ല പാര്‍ട്ടി ചിഹ്നങ്ങള്‍ പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകള്‍, തൊപ്പി എന്നിവയും വിപണിയിലുണ്ട്. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഈ വൈബിനെ വോട്ടര്‍മാരും ഏറെ കൗതുകത്തോടെയാണ് കാണുന്നത്. ചിഹ്നമുള്ള മുണ്ടുകള്‍ വിപണിയിലെത്തിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ. ഇപ്പോള്‍ അത്യാവശ്യം ഓര്‍ഡറുകള്‍ പോയിട്ടുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാകുന്നതോടെ ഇനിയും ആവശ്യക്കാര്‍ കൂടുമെന്നാണ് വസ്ത്രവ്യപാരികളുടെ പ്രതീക്ഷ.